-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം:
وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ (6)
വിവരമൊന്നുമില്ലാതെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിപ്പിക്കാനും അതിനെ പരിഹസിക്കാനും വേണ്ടി വിനോദവസ്തുക്കള്‍ വാങ്ങുന്ന ചിലരുണ്ട്. അവര്‍ക്ക് നിന്ദ്യമാക്കുന്ന ശിക്ഷയുണ്ട്. (6)
ഈ ആയത്തിലെ വാങ്ങുക എന്നതിന്‍റെ ആശയം ഒന്ന് കൊടുത്ത് മറ്റൊന്നിനെ തെരഞ്ഞടുക്കുക എന്നതാണ്. സന്‍മാര്‍ഗ്ഗത്തിനു പകരമായി വഴികേടിനെ തിരഞ്ഞെടുത്തവരാണ് ഇക്കൂട്ടര്‍. എന്നാല്‍, ഈ കച്ചവടം അവര്‍ക്ക് ലാഭകരമായില്ല. അവര്‍ ശരിയായ വഴിയില്‍ സഞ്ചരിച്ചതുമില്ല. സൂറ: ബഖറ 16-ലെ ഈ ആയത്തിലും വാങ്ങുക എന്നതിന്‍റെ ആശയം ഇത് തന്നെയാണ്.
ഉപര്യുക്ത ആയത്തില്‍ ഒരു പ്രത്യേക അവതരണ പശ്ചാത്തലമുണ്ട്. നസ്റുബ്നു ഹാരിസ് മക്കാ നിഷേധികളിലെ ഒരു വലിയ കച്ചവടക്കാരനായിരുന്നു. കച്ചവടാര്‍ത്ഥം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇദ്ദേഹം പേര്‍ഷ്യയില്‍ പോയി വരുമ്പോള്‍ കിസ്റയുടെയും മറ്റും കഥ പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ട് വരുമായിരുന്നു. എന്നിട്ട് അദ്ദേഹം മക്കയില്‍ നിഷേധികളോട് പറയുമായിരുന്നു: മുഹമ്മദ് ആദ്-സമൂദുകളുടെ സംഭവങ്ങള്‍ നിങ്ങളെ കേള്‍പ്പിക്കുന്നു. ഞാന്‍ അതിനേക്കാള്‍ മെച്ചമായ പേര്‍ഷ്യന്‍ കഥകള്‍ നിങ്ങളെ കേള്‍പ്പിക്കുന്നു. ഇത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഖുര്‍ആന്‍ വിട്ട് ഇതിലേക്ക് തിരിയുമായിരുന്നു. ഇതില്‍ രസകരമായ കുറച്ച് കഥകളുണ്ട് എന്നതൊഴിച്ച് മറ്റൊരു അദ്ധ്യാപനവും ഇല്ലായിരുന്നു. ഖുര്‍ആനിക സംഭവങ്ങളിലാകട്ടെ ധാരാളം സന്ദേശ-അദ്ധ്യാപനങ്ങളുണ്ട്. ഇയാളുടെ പ്രചാരണം കാരണം ഖുര്‍ആനിന്‍റെ അമാനുഷികതയില്‍ ആകൃഷ്ടരായി രഹസ്യമായി ഖുര്‍ആന്‍ കേട്ടിരുന്ന നിഷേധികളും ഈ കാരണം പറഞ്ഞ് ഖുര്‍ആനില്‍ നിന്നും തിരിയുകയുണ്ടായി. (റൂഹുല്‍ മആനി). ഇബ്നു അബ്ബാസ് (റ) പറയുന്നു: ഉപര്യുക്ത വ്യാപാരി വിദേശത്ത് നിന്നും ഗായികയായ ഒരു അടിമപ്പെണ്ണിനെ കൊണ്ടുവന്നു. ജനങ്ങള്‍ ഖുര്‍ആന്‍ കേള്‍ക്കാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം ഇദ്ദേഹം ഈ സ്ത്രീയുടെ പാട്ടുകള്‍ ജനങ്ങളെ കേള്‍പ്പിച്ചുകൊണ്ട് ഇപ്രകാരം പറയുമായിരുന്നു: മുഹമ്മദ് നിങ്ങള്‍ക്ക് ഖുര്‍ആന്‍ കേള്‍പ്പിച്ചുകൊണ്ട് ഭാരമേറിയ നമസ്കാരത്തിലേക്കും സകാത്തിലേക്കും മറ്റും നിങ്ങളെ ക്ഷണിക്കുന്നു. അത് വിട്ട് നിങ്ങള്‍ ഇവിടെ വന്ന് ഈ ഗാനങ്ങള്‍ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുക. (ദുര്‍റുല്‍ മന്‍സൂര്‍).
ചുരുക്കത്തില്‍ നസ്റുബ്നു ഹാരിസിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഈ ആയത്ത് ഇറങ്ങിയത്. ഇതിലെ വിനോദ കഥ എന്നതുകൊണ്ടുള്ള ഉദ്ദേശം, കഥകളും ഗായികയായ അടിമപ്പെണ്ണുമാണ്. അവതരണ പശ്ചാത്തലം വെച്ച് നോക്കുമ്പോള്‍ ഈ ആയത്തിലെ വാങ്ങുക എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം വാങ്ങുക എന്ന് തന്നെയാണ്. എന്നാല്‍ വിനോദ കഥയെന്നതിന് പൊതുവായ അര്‍ത്ഥം വെക്കുമ്പോള്‍ വാങ്ങുക എന്നതിന് ഒന്ന് കൊടുത്ത് മറ്റൊന്ന് തെരഞ്ഞെടുക്കുക എന്ന ആശയം ഉണ്ടായിത്തീരുന്നതാണ്.
ലഹ് വുല്‍ ഹദീസിലെ ഹദീസ് എന്നതിന്‍റെ അര്‍ത്ഥം കഥയെന്നും ലഹ് വ് എന്നതിന്‍റെ അര്‍ത്ഥം വിസ്മൃതി എന്നുമാണ്. മനുഷ്യനെ അത്യാവശ്യ കാര്യങ്ങളില്‍ നിന്നും അശ്രദ്ധമാക്കുന്ന കാര്യങ്ങള്‍ക്ക് ലഹ് വ് എന്ന് പറയപ്പെടുന്നു. ന്യായമായ പ്രയോജനമൊന്നുമില്ലാതെ സമയം കളയുകയും മനസ്സിനെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്കും ചിലപ്പോള്‍ ലഹ് വ് എന്ന് പറയപ്പെടാറുണ്ട്.
ഈ ആയത്തിലെ ലഹ് വുല്‍ ഹദീസ് എന്നതിന്‍റെ ആശയത്തില്‍ പല അഭിപ്രായങ്ങളുമുണ്ട്. ഇബ്നു മസ്ഊദ് (റ) പ്രസ്താവിക്കുന്നു: ഇത് കൊണ്ടുള്ള ഉദ്ദേശം ഗാനമേളകളാണ്. (ഹാകിം). പൊതുവില്‍ സ്വഹാബാ-താബിഈങ്ങളും പൊതു മുഫസ്സിറുകളും പറയുന്നു: അല്ലാഹുവിന്‍റെ ഇബാദത്തിനും ധ്യാനത്തിനും തടസ്സം നില്‍ക്കുന്ന എല്ലാ കാര്യങ്ങളും ലഹ് വുല്‍ ഹദീസാണ്. അതില്‍ ഗാനവും ഗാന ഉപകരണങ്ങളും പെടുന്നു. ഇമാം ബുഖാരി (റഹ്) അദബുല്‍ മുഫ്റദിലും ഇമാം ബൈഹഖി സുനനിലും ഈ അഭിപ്രായമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇമാം ബൈഹഖി പറയുന്നു: ലഹ് വുല്‍ ഹദീസെന്നാല്‍ ഗാനവും അതുപൊലുള്ള അല്ലാഹുവിന്‍റെ ധ്യാനം മറപ്പിക്കുന്ന കാര്യങ്ങളുമാണ്. സുനനുല്‍ ബൈഹഖിയില്‍ വന്നിരിക്കുന്നു: ലഹ് വുല്‍ ഹദീസെന്നാല്‍ ഗാനം ആലപിക്കുന്ന പുരുഷനെയോ സ്ത്രീയെയോ, അല്ലാഹുവിന്‍റെ ധ്യാനത്തിന് തടസ്സം നില്‍ക്കുന്ന എന്തെങ്കിലും വസ്തുവിനെയോ വാങ്ങലാണ്. ത്വബ്രിയും ഈ പൊതുവായ ആശയത്തെ തെരഞ്ഞെടുത്തിരിക്കുന്നു. (റൂഹുല്‍ മആനി). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഗാനം ആലപ്പിക്കുന്ന അടിമ സ്ത്രീകളെ കച്ചവടം നടത്തരുത്. ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം തിര്‍മിദി പറയുന്നു: ഇതുപോലുള്ള കാര്യങ്ങളിലാണ് ഈ ആയത്ത് അവതരിച്ചത്. (തിര്‍മിദി).
കളികളുടെയും കളി വസ്തുക്കളുടെയും നിയമങ്ങള്‍:
ഇതിന്‍റെ നിയമങ്ങള്‍ ഖുര്‍ആന്‍-ഹദീസുകളുടെയും ഫുഖഹാഅ്-സൂഫിയാഅ് മുതലായവരുടെ വചനങ്ങളുടെയും വെളിച്ചത്തില്‍ വിശദമായ നിലയില്‍ വിനീതന്‍ അല്‍ ഗിനാഉ ഫില്‍ ഇസ്ലാം എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. അറബി ഭാഷയിലുള്ള അഹ്കാമുല്‍ ഖുര്‍ആനിന്‍റെ അഞ്ചാം ഭാഗത്തില്‍ അത് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. പണ്ഡിത സഹോദരങ്ങള്‍ അത് വായിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. പൊതുജനങ്ങള്‍ക്കുവേണ്ടി അതിന്‍റെ രത്നച്ചുരുക്കം ഇവിടെ കൊടുക്കുകയാണ്.
ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം, ഖുര്‍ആനില്‍ കളി-തമാശ എന്ന വാക്കുകള്‍ അനുസ്മരിച്ച സ്ഥലങ്ങളിലെല്ലാം അവയെ വിമര്‍ശിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്‍റെ ഏറ്റവും ചെറിയ ആശയം കറാഹത്താണ്. ഈ ആയത്തില്‍ ലഹ്വ് എന്ന് പറഞ്ഞിരിക്കുന്നത് വിമര്‍ശിക്കാന്‍ തന്നെയാണ് എന്ന കാര്യം വളരെ വ്യക്തമാണ്. അബൂഹുറയ്റ (റ) നിവേദനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇഹലോകത്തുള്ള എല്ലാ കളിവസ്തുക്കളും അന്യായമാണ്. എന്നാല്‍ മൂന്ന് കാര്യങ്ങള്‍ അന്യായമല്ല. 1. അമ്പെയ്ത്ത് പരിശീലനം. 2. കുതിര പരിശീലനം. 3. ഭാര്യമായിട്ടുള്ള കളി-തമാശകള്‍. (മുസ്തദറക്, ഹാകിം). ഈ ഹദീസില്‍ പറയപ്പെട്ട മൂന്ന് കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കളിയില്‍ പെട്ടതല്ല. കാരണം കളിയെന്നാല്‍ മതപരവും ഭൗതികവുമായ ഒരു ഗുണവുമില്ലാത്ത കാര്യമാണ്. ഇവിടുത്തെ മൂന്ന് കാര്യങ്ങള്‍ക്ക് മതപരവും ഭൗതികവുമായി ധാരാളം ഗുണങ്ങളുണ്ട്. അമ്പിന്‍റെയും കുതിര സവാരിയുടെയും പരിശീലനങ്ങള്‍ ജിഹാദിന്‍റെ തയ്യാറെടുപ്പാണ്. ഭാര്യയോടുള്ള കളി-തമാശകള്‍, വൈവാഹിക ജീവിതത്തിന്‍റെ ഭാഗമാണ്. ആകയാല്‍ ഇവിടെ ബാഹ്യമായ രൂപത്തെ നോക്കിക്കൊണ്ടാണ് ഇവയെ കളിയെന്ന് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇവകള്‍ കളിയല്ല. ഇതുപോലെ ഈ മൂന്ന് കാര്യങ്ങളെക്കൂടാതെ മതപരമോ ഭൗതികമോ ആയ ഗുണങ്ങളുള്ള ധാരാളം കളികളുണ്ട്. അവകളും അനുവദനീയം മാത്രമല്ല, ഒരുനിലയ്ക്ക് ഉത്തമ കാര്യം കൂടിയാണ്.
ചുരുക്കത്തില്‍, മതപരമോ ഭൗതികമോ ആയ ഒരു ഗുണവുമില്ലാത്ത കാര്യങ്ങളെല്ലാം നിന്ദ്യവും വെറുക്കപ്പെട്ടതുമാണ്. മാത്രമല്ല, അവയില്‍ ചിലത് നിഷേധവും മറ്റുചിലത് നിഷിദ്ധവും കുറഞ്ഞ പക്ഷം വെറുക്കപ്പെട്ടതുമായിരിക്കും. ഗുണമില്ലാത്ത മുഴുവന്‍ കളികളും ഇതില്‍ പെട്ടതാണ്. ഹദീസില്‍ ഒഴിവാക്കിപ്പറഞ്ഞിരിക്കുന്ന കളികള്‍ യഥാര്‍ത്ഥത്തില്‍ കളികളല്ല. ഈ കാര്യം വേറെ ഹദീസുകളില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഉഖ്ബത്തുബ്നു ആമിര്‍ (റ) നിവേദനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: കുതിരയെ പരിശീലിപ്പിക്കലും കുടുംബവുമായി സല്ലപിക്കലും അമ്പെയ്ത്ത് പരിശീലിക്കലും കളിയില്‍ പെട്ടതല്ല. (അബൂദാവൂദ്, തിര്‍മിദി). ചുരുക്കത്തില്‍ ഇത്തരം കാര്യങ്ങള്‍ കളിയല്ല. യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങള്‍ കളിയാണ്. അവയ്ക്ക് പല സ്ഥാനങ്ങളുണ്ട്.
1. ദീനില്‍ നിന്നും നമ്മെയോ മറ്റുള്ളവരെയോ വഴി തെറ്റിക്കുന്ന കളികള്‍ നിഷേധമാണ്. ഉദാഹരണത്തിന് ഈ ആയത്തില്‍ പറയപ്പെട്ട കളിയെക്കുറിച്ച് വഴികേടെന്നും അതിന് ശിക്ഷയുണ്ടെന്നും അറിയിച്ചിരിക്കുന്നു. നസ്റുബ്നു ഹാരിസിന്‍റെ ഈ കളി ജനങ്ങളെ ഇസ്ലാമില്‍ നിന്നും തെറ്റിക്കാന്‍ കൂടിയുള്ളതായിരുന്നു. ആകയാല്‍ ഇത്തരം കളികള്‍ ഹറാമും നിഷേധത്തില്‍ കൊണ്ടെത്തിക്കുന്നതുമാണ്.
2. ഏതെങ്കിലും കളികള്‍ ഇസ്ലാമിക വിശ്വാസത്തില്‍ നിന്നും ജനങ്ങളെ വഴികെടുത്തുകയില്ലെങ്കിലും പാപങ്ങളില്‍ കുടുക്കുമെങ്കില്‍ അത് നിഷേധമല്ല. പക്ഷേ, ഹറാമും കടുത്ത പാപവുമാണ്. ചൂതാട്ടം പോലെ വിജയ-പരാജയങ്ങളുടെ മേല്‍ പൈസ കൈമാറുന്ന കളികളും നമസ്കാരം മുതലായ ഫര്‍ളുകള്‍ക്ക് തടസ്സം നില്‍ക്കുന്ന കളികളും ഇതില്‍ പെടുന്നതാണ്.
മ്ലേച്ഛവും അനാവശ്യവുമായ നോവലുകളും കവിതകളും അസത്യവാദികളുടെ രചനകളും വായിക്കരുത്. ഈ കാലഘട്ടത്തിലെ ധാരാളം യുവതീ-യുവാക്കള്‍ മ്ലേച്ഛമായ നോവലുകളും കവിതകളും കുറ്റവാളികളുടെ കഥകളും വായിക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഇതെല്ലാം നിഷിദ്ധമായ കളികളില്‍ പെടുന്നതാണ്. ഇതുപോലെ വഴികെട്ട അസത്യവാദികളുടെ രചനകളും പൊതുജനങ്ങള്‍ വായിക്കുന്നത് വഴികേടിന് കാരണമാകുന്നതിനാല്‍ അനുവദനീയമല്ല. (ഈ രചനകള്‍ക്ക് യുക്തമായ മറുപടി നല്‍കുന്നതിന് വേണ്ടി അടിയുറച്ച പണ്ഡിതര്‍ വായിക്കുന്നത് കൊണ്ട് കുഴപ്പമില്ല).
3. നിഷേധവും പരസ്യമായ പാപങ്ങളുമില്ലാത്ത കളികള്‍ വെറുക്കപ്പെട്ടതാണ്. കാരണം അതില്‍ പ്രയോജനമൊന്നുമില്ല. ആരോഗ്യവും സമയവും പാഴാക്കലുമാണ്.
കളിവസ്തുക്കളുടെ കച്ചവടം:
മേല്‍പ്പറയപ്പെട്ട വിവരണത്തില്‍ നിന്നും കളി വസ്തുക്കളുടെ കച്ചവടത്തിന്‍റെ നിയമവും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. നിഷേധവും വഴികേടും നിഷിദ്ധവും പാപകരവുമായ കളികള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്ന വസ്തുക്കള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിഷിദ്ധമാണ്. വെറുക്കപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന വസ്തുക്കളുടെ കച്ചവടം വെറുക്കപ്പെട്ടതാണ്. അനുവദനീയമായ കളികള്‍ക്ക് ഉപയോഗിക്കപ്പെടുന്ന വസ്തുക്കളുടെ കച്ചവടം അനുവദനീയവുമാണ്.
അനുവദനീയമായ കളികള്‍:
തടയപ്പെട്ട കളികള്‍ കൊണ്ടുള്ള ഉദ്ദേശം മതപരമോ ഭൗതികമോ ആയ ഒരു ഗുണവുമില്ലാത്ത കളികളാണെന്ന് മേല്‍ വിവരണത്തിലൂടെ മനസ്സിലായിക്കാണും. എന്നാല്‍ ആരോഗ്യം നിലനിര്‍ത്താനുള്ള വ്യായാമ കളികളും മത-ഭൗതിക ആവശ്യത്തിനുവേണ്ടിയുള്ള അഭ്യാസങ്ങളും അനുവദനീയമാണ്. കുറഞ്ഞ പക്ഷം ശരീരത്തിന്‍റെ ക്ഷീണം ദൂരീകരിക്കാനും ഉന്മേഷമുണ്ടാക്കാനും വേണ്ടിയായിരുന്നാലും അനുവദനീയം തന്നെ. അവയെ ജോലിയാക്കി സ്വീകരിക്കുകയും ഇതര അത്യാവശ്യ കാര്യങ്ങള്‍ക്ക് കുഴപ്പങ്ങള്‍ സംഭവിക്കാതിരിക്കുകയും ചെയ്താല്‍ ഇത്തരം കളികള്‍ അനുവദനീയവും മതപരമായ ആവശ്യം വെച്ചുകൊണ്ടാണെങ്കില്‍ പ്രതിഫലാര്‍ഹവുമാണ്. മേല്‍ പറയപ്പെട്ട ഹദീസില്‍ തടയപ്പെട്ട കളികള്‍ക്കിടയില്‍ നിന്നും അമ്പെയ്ത്തും കുതിര പരിശീലനവും ഭാര്യമായിട്ടുള്ള കളികളും ഒഴിവാക്കിയത് ശ്രദ്ധിച്ച് കാണുമല്ലോ. ഈ വിഷയത്തിലുള്ള മറ്റുചില ഹദീസുകള്‍ താഴെ കൊടുക്കുന്നു.
ഇബ്നു അബ്ബാസ് (റ) നിവേദനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സത്യവിശ്വാസിയുടെ ഏറ്റവും നല്ല കളി നീന്തലാണ്. സത്യവിശ്വാസിയുടെ ഏറ്റവും നല്ല കളി ചര്‍ക്കയില്‍ നൂല്‍ കോര്‍ക്കലാണ്. (ജാമിഉസ്സഗീര്‍). സല്‍മത്തുബ്നു അഖ്വഅ് (റ) വിവരിക്കുന്നു: ഒരു അന്‍സാരി വലിയ ഓട്ടക്കാരനായിരുന്നു. ആരും അദ്ദേഹത്തെ തോല്‍പ്പിച്ചിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം ഓട്ട മത്സരത്തിന് മറ്റുള്ളവരെ വെല്ലുവിളിച്ചു. ഞാന്‍ അനുവാദം ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അനുവദിച്ചു. ഞാന്‍ ഓട്ട മത്സരം നടത്തുകയും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. (മുസ്ലിം). ഓട്ടത്തിന്‍റെയും നടത്തത്തിന്‍റെയും പരിശീലനവും മത്സരവും അനുവദനീയമാണെന്ന് ഇതിലൂടെ മനസ്സിലാകുന്നു. റുകാന എന്ന പേരുള്ള ഒരു പ്രസിദ്ധ മല്ലന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ഗുസ്തിയ്ക്ക് വിളിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അത് സ്വീകരിച്ച് ഗുസ്തി നടത്തുകയും അദ്ദേഹത്തെ മലര്‍ത്തി അടിയ്ക്കുകയും ചെയ്തു. (അബൂദാവൂദ്). എത്യോപ്യയിലെ കുറച്ച് യുവാക്കള്‍ മദീനയില്‍ വെച്ച് ആയുധ പരിശീലനത്തിന് വേണ്ടി കുന്തവും മറ്റും കൊണ്ട് കളിക്കുമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആഇശ (റ) യെ പുറകില്‍ നിര്‍ത്തി പ്രസ്തുത കളി കാണിച്ച് കൊടുത്തു. (മുസ്ലിം). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരോട് പറഞ്ഞു: നന്നായി ചാടുകയും കളിക്കുകയും ചെയ്യുക. (ബൈഹഖി). മറ്റൊരിക്കല്‍ അരുളി: നിങ്ങളുടെ മതത്തില്‍ പരുക്കന്‍ രീതി ഉണ്ടാകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. (ബൈഹഖി). പരിശുദ്ധ ഖുര്‍ആന്‍-ഹദീസുകള്‍ പഠിപ്പിച്ച് ശീലിക്കുന്ന സമയത്ത് ചില സ്വഹാബികള്‍ കവിതാ ശകലങ്ങളും ചരിത്ര കഥകളും അനുസ്മരിച്ച് ഉല്ലസിക്കുമായിരുന്നു. (കഫ്ഫുര്‍രിആഅ്). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങളുടെ മനസ്സുകള്‍ക്ക് ഇടയ്ക്കിടെ വിശ്രമം നല്‍കുക. (അബൂദാവൂദ്). മനസ്സിനും മസ്തിഷ്കത്തിനും ഉന്മേശം നല്‍കുന്നതിന് കുറച്ച് സമയം ചിലവഴിക്കാമെന്ന് ഇതിലൂടെ മനസ്സിലാകുന്നു. ചുരുക്കത്തില്‍, മേല്‍പ്പറയപ്പെട്ട കാര്യങ്ങള്‍ അനുവദനീയമാണ്. എന്നാല്‍ ഇവയുടെയെല്ലാം ലക്ഷ്യം നന്നായിരിക്കണം. കളിക്കാന്‍ വേണ്ടി കളിക്കുന്ന അവസ്ഥയുണ്ടാകരുത്. അതുപോലെ ഇവ ആവശ്യത്തിന് മാത്രമായിരിക്കണം. പരിധി ലംഘനവും അമിതത്വവും പാടില്ല.
വ്യക്തമായി തടയപ്പെട്ടിരിക്കുന്ന ചില കളികള്‍:
എന്നാല്‍ ബാഹ്യമായ ചില ഗുണങ്ങളുണ്ടായിട്ടും ഏതാനും കളികളെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിരോധിച്ചിട്ടുണ്ട് എന്ന കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. വിജയ-പരാജയങ്ങളില്‍ പണം കൊടുത്തുകൊണ്ടുള്ള ചതുരംഗം പോലുള്ളത് ഖണ്ഡിതമായും നിഷിദ്ധമാണ്. വെറും മനസ്സ് സന്തുഷ്ടമാക്കാന്‍ വേണ്ടി മാത്രമാണെങ്കിലും ഇത് തടയപ്പെട്ടിരിക്കുന്നു. ബുറൈദ (റ) നിവേദനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ചതുരംഗം കളിക്കുന്നവര്‍ പന്നിയുടെ ചോരയില്‍ കൈ മുക്കിയവനെപ്പോലെയാണ്. (മുസ്ലിം). ഒരു നിവേദനത്തില്‍ ശപിക്കപ്പെട്ടതായും വന്നിരിക്കുന്നു. (നസ്ബുര്‍റായ). ഇതുപോലെ പ്രാവിനെ പിടിച്ചുകൊണ്ടുള്ള കളിയും തടയപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്). ഇത്തരം കളികളിലൂടെ നമസ്കാരം പോലുള്ള അവശ്യ കാര്യങ്ങളില്‍ നിന്നും അശ്രദ്ധ സംഭവിക്കുന്നതിനാലാണ് ഇവ നിരോധിക്കപ്പെട്ടിരിക്കുന്നത്.
ഗാനത്തിന്‍റെയും ഗാനോപകരണങ്ങളുടെയും നിയമങ്ങള്‍:
മേല്‍ പറയപ്പെട്ട ആയത്തിലെ ലഹ് വുല്‍ ഹദീസ് എന്നതിന് ഏതാനും സ്വഹാബികള്‍ ഗാനമെന്നാണ് ആശയം പറഞ്ഞിട്ടുള്ളത്. ഇതര മഹത്തുക്കള്‍ ഇതിന് അല്ലാഹുവില്‍ നിന്നും മറപ്പിക്കുന്ന കാര്യങ്ങളെന്ന് പൊതുവായ അര്‍ത്ഥമാണ് നല്‍കിയതെങ്കിലും ഗാനം അതില്‍ പെടും എന്നതില്‍ സംശയമില്ല. സൂറത്തുല്‍ ഫുര്‍ഖാനിലെ 72-ാം ആയത്തിലെ അവര്‍ കളവുകള്‍ക്ക് ഹാജരാകുന്നതല്ല എന്ന വാക്യത്തിന് ഇമാം അബൂഹനീഫ, മുജാഹിദ്, മുഹമ്മദുബ്നുല്‍ ഹനഫിയ്യ എന്നീ മഹാന്മാര്‍ ഗാനമെന്നാണ് ആശയം പറഞ്ഞിരിക്കുന്നത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്‍റെ സമുദായത്തിലെ ഒരു കൂട്ടം മദ്യപാനം നടത്തുന്നതാണ്. അവര്‍ അതിന് വേറെ പേര് വെക്കും. അവരുടെ മുന്നില്‍ ഗാനോപകരണങ്ങള്‍ വെച്ചുകൊണ്ട് സ്ത്രീകള്‍ ഗാനമാലപിക്കും. അല്ലാഹു ഇവരെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതാണ്. ചിലരുടെ രൂപം മറിച്ച് കുരങ്ങന്മാരും പന്നികളുമാക്കുന്നതാണ്. (ഇബ്നുഹിബ്ബാന്‍). ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹു മദ്യവും ചൂതാട്ടവും തബലയും നിഷിദ്ധമാക്കി. ലഹരിയുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും നിഷിദ്ധമാണ്. (അഹ്മദ്, തിര്‍മിദി. കൂടുതല്‍ വിവരണത്തിന് വിശ്വസ്തയും വഞ്ചനയും എന്ന രചന വായിക്കുക).
ഒരു പ്രധാന കുറിപ്പ്: ഈ ഹദീസിന്‍റെ വചനങ്ങള്‍ പല പ്രാവശ്യം വായിക്കുക. അതിലൂടെ ഇന്നത്തെ ലോകത്തിന്‍റെ പൂര്‍ണ്ണ ചിത്രം കാണാന്‍ സാധിക്കുന്നതാണ്. മുസ്ലിംകള്‍ ഈ പാപങ്ങളില്‍ കുടുങ്ങുക മാത്രമല്ല, മുന്നേറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഈ പാപങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാനും അകറ്റി നിര്‍ത്താനും പരിശ്രമിക്കണമെന്ന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതെ, ഈ പാപങ്ങള്‍ വ്യാപകമാകാതിരിക്കാന്‍ വേണ്ടിയാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നേരത്തെതന്നെ ഇത് അറിയിച്ചത്. വ്യാപകമായാല്‍ ഇതില്‍ പറയപ്പെട്ട ശിക്ഷ എല്ലാവര്‍ക്കും വന്നിറങ്ങുന്നതാണ്. തുടര്‍ന്ന് ലോകാവസാനത്തിന്‍റെ അന്തിമ അടയാളങ്ങള്‍ മുന്നില്‍ വരുന്നതും ലോകം തകരുന്നതുമാണ്. ഈ പാപങ്ങളില്‍ സ്ത്രീകളുടെ ഗാനമേളകളെയും ഗാനോപകരണങ്ങളെയും പ്രത്യേകം അനുസ്മരിച്ചിരിക്കുന്നതിനാലാണ് ഈ ഹദീസ് ഇവിടെ ഉദ്ധരിച്ചത്. ഇത് കൂടാതെ ഗാനമേളകളെ നിഷിദ്ധമായി പ്രഖ്യാപിക്കുകയും അതിന്‍റെ പേരില്‍ കടുത്ത മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്ത വേറെയും ധാരാളം ഹദീസുകളുണ്ട്. അവയെല്ലാം വിനീതന്‍ അഹ്കാമുല്‍ ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഗാനോപകരണമില്ലാതെ സുന്ദര ശബ്ദത്തില്‍ അനുവദനീയ കവിതകള്‍ പാടാവുന്നതാണ്. എന്നാല്‍ മേല്‍ പറഞ്ഞതിന് വിരുദ്ധമായി ചില നിവേദനങ്ങളില്‍ ഗാനാലാപനം അനുവദനീയമാണെന്നും വന്നിട്ടുണ്ട്. പ്രസ്തുത രിവായത്തുകളും വിനീതന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇത് രണ്ടിന്‍റെയും സംയോജനം ഇപ്രകാരമാണ്: അന്യ സ്ത്രീകള്‍ പാടുകയോ ഗാനോപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണ്. ഇതിനെയാണ് ഖുര്‍ആന്‍-ഹദീസുകള്‍ തടഞ്ഞിട്ടുള്ളത്. എന്നാല്‍ സുന്ദര ശബ്ദത്തില്‍ പാടുകയും പാടുന്നവര്‍ സ്ത്രീകളോ സുന്ദര ബാലന്മാരോ അല്ലാതിരിക്കുകയും ഗാനത്തിന്‍റെ ഉള്ളടക്കം മ്ലേച്ഛമോ പാപകരമോ ആകാതിരിക്കുകയും ചെയ്താല്‍ അത് അനുവദനീയമാണ്. ഗാനം ശ്രവിച്ചതായി ചില സൂഫിയാക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇത്തരം ഗാനങ്ങളെക്കുറിച്ചാണ്. കാരണം അവര്‍ ശരീഅത്തിനെ പിന്‍പറ്റുന്നതിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അനുകരിക്കുന്നതിലും വളരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ്. അവരില്‍ നിന്നും ഇത്തരം പാപങ്ങള്‍ ഉണ്ടാകുമെന്ന് സങ്കല്‍പ്പിക്കുക പോലും സാധ്യമല്ല. അഗാധ ജ്ഞാനികളായ സൂഫിവര്യന്മാര്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഈ വിഷയത്തിലുള്ള നാല് മദ്ഹബുകളുടെ ഇമാമുകളുടെയും സൂഫിവര്യന്മാരുടെയും വചനങ്ങള്‍ ഉപര്യുക്ത കൃതിയില്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഈ ചുരുങ്ങിയ വിവരണം കൊണ്ട് മതിയാക്കുന്നു. അല്ലാഹു സഹായിക്കട്ടെ.!
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക:
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക:
No comments:
Post a Comment