Sunday, December 27, 2020

ലൗ ജിഹാദ് എന്ന പേരില്‍ ലൗ കലാപം.!


ലൗ ജിഹാദ് എന്ന പേരില്‍ 

ലൗ കലാപം.! 

-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 

വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 

ലൗ ജിഹാദ് എന്ന പേരില്‍ തല്‍പ്പരകക്ഷികള്‍ പുതിയൊരു കഥാകഥനം ആരംഭിച്ചിരിക്കുകയാണ്. മുസ്ലിം-അമുസ്ലിം മതസ്ഥര്‍ക്കിടയിലുള്ള പ്രേമവും പ്രേമ വിവാഹവും പ്രേമത്തിന്‍റെ പൊതുവിഷയമല്ലെന്നും ഇത് ഹൈന്ദവ പെണ്‍കുട്ടികളെ സ്നേഹത്തിന്‍റെ വലയില്‍ കുടുക്കാനും അവരെ വിവാഹം കഴിക്കാനും അതിലൂടെ ഇസ്ലാമിലേക്ക് മതം മാറ്റാനുമുള്ള ആസൂത്രിതമായ ഒരു പദ്ധതിയാണെന്നും ഈ പ്രചാരകര്‍ പ്രചരിപ്പിക്കുന്നു. ഇതിനുവേണ്ടി ലൗ ജിഹാദ് എന്ന ഒരു നാമവും അവര്‍ പടച്ചുണ്ടാക്കി. മുസ്ലിംകളുടെ കയ്യില്‍ ആയുധം ഉണ്ടെങ്കിലും അവര്‍ നാവ് കൊണ്ട് സ്നേഹം മൊഴിയുന്നവരാണെങ്കിലും എല്ലാ മുസ്ലിംകളും ജിഹാദികള്‍ തന്നെയാണെന്ന് തെറ്റിദ്ധരിപ്പിക്കലാണ് ഇതിന്‍റെ അടിസ്ഥാന ലക്ഷ്യം. തീര്‍ച്ചയായും ഇത് മുസ്ലിംകളെ നിന്ദിക്കാനുള്ള കടുത്ത ഗൂഢാലോചനയും ഭരണഘടന അനുവദിച്ചിരിക്കുന്ന മത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള നിന്ദ്യമായ ഒരു പരിശ്രമവുമാണ്. 

വെറുപ്പിന്‍റെ കച്ചവടക്കാരായ ചില രാഷ്ട്രീയ നേതാക്കളാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള പ്രചാരണം ആദ്യം ആരംഭിച്ചത്. ഭരണകൂടത്തിന്‍റെ കീഴിലുള്ള ചില ഏജന്‍സികള്‍ അന്വേഷണം നടത്തിയ ശേഷം ഇത് വ്യാജമാണെന്ന് പ്രസ്താവിച്ചെങ്കിലും മീഡിയകള്‍ ഇതിനെ ഏറ്റെടുക്കുകയും നിരന്തരം പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതാ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനെതിരില്‍ നിയമം വരാന്‍ പോകുന്നു. യഥാര്‍ത്ഥത്തില്‍ ഈ നിയമം രാജ്യത്തിന്‍റെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഒന്ന് തന്നെയാണ്.  ഇതിനേക്കാളും ഗുരുതരമായ ഒരു പ്രവണത സംഘ്പരിവാറിന്‍റെ കീഴിലുള്ള ചില സംഘടനകള്‍ ഹൈന്ദവ യുവാക്കളെ കാമ ഭ്രാന്തന്മാരാക്കി ഇളക്കി വിടുന്നു എന്നുള്ളതാണ്. മുസ്ലിം പെണ്‍കുട്ടികളെ എങ്ങനെയെങ്കിലും  വശീകരിച്ച് വിവാഹം കഴിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു. ഹിന്ദു യുവാക്കള്‍ ഏതെങ്കിലും മുസ്ലിം പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്നാല്‍ അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്നും അവര്‍ ഉപദേശിക്കുന്നു.! മുസ്ലിംകള്‍ക്ക് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ നാശം മാത്രം വരുത്തിവെക്കുന്ന ഒരു കാര്യമാണിത്. ലൗ ജിഹാദ് എന്ന പേരില്‍ വ്യാജ കഥകള്‍ കെട്ടിയുണ്ടാക്കി ലൗ ഫസാദ് (പ്രണയത്തിന്‍റെ പേരിലുള്ള കലാപം) അഴിച്ചുവിടുക എന്നത് മാത്രമാണ് ഇതിന്‍റെ ലക്ഷ്യം. 

യഥാര്‍ത്ഥത്തില്‍ മുസ്ലിം യുവാക്കള്‍ ഹൈന്ദവ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നെങ്കില്‍ തന്നെ, അത് അവര്‍ മുസ്ലിമായതിന് ശേഷം മാത്രമായിരിക്കും. എന്നാല്‍ മാത്രമേ ഇസ്ലാമികമായി അവരുടെ വിവാഹം ശരിയാവുകയുള്ളൂ. ഇത്തരുണത്തില്‍ അവരുടെ ഈ വിവാഹം ഹൈന്ദവ പെണ്‍കുട്ടികളുമായിട്ടല്ല, മറിച്ച് നവ മുസ്ലിംകളായ പെണ്‍കുട്ടികളുമായിട്ടാണ്. ഇത്തരം വിവാഹങ്ങളെയും ഇതിന് മുമ്പുള്ള പ്രേമ ബന്ധങ്ങളെയും മുസ്ലിം പണ്ഡിതന്മാരോ മത നേതാക്കളോ ഒരിക്കലും പ്രേരിപ്പിക്കാറുമില്ല. ദാരിദ്ര്യവും സ്ത്രീധന ശാപവും കാരണമായി ആയിരക്കണക്കിന് മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാതെ യുവത്വം പിന്നിട്ട് കൊണ്ടിരിക്കുമ്പോള്‍ മറ്റു മതസ്ഥരില്‍ പെട്ട യുവതികളെ ഇണകളാക്കി കൂട്ടിക്കൊണ്ട് വരാന്‍ മുസ്ലിംകളായ ആരെങ്കിലും പ്രേരിപ്പിക്കുമോ.? 

വ്യത്യസ്ഥ മതസ്ഥര്‍ക്കിടയിലുള്ള വിവാഹ ബന്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബുദ്ധിയ്ക്ക് വിരുദ്ധമായ ഒരു കാര്യവും, ഇണക്കമുണ്ടാകാന്‍ സാധ്യതയില്ലാത്ത ഒരു ബന്ധവുമാണ്. നാം സംസ്കാര സമ്പന്നരായ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഇരിക്കുന്നതായി സങ്കല്‍പ്പിക്കുക. അതിനിടയിലേക്ക് ഒരു വ്യക്തി കടന്നുവരുന്നു. അദ്ദേഹം കടുത്ത ചുമപ്പുള്ള ഒരു ഗാന്ധി തൊപ്പിയും കടുത്ത പച്ച നിറത്തിലുള്ള ഒരു കുപ്പായവും കടുത്ത മഞ്ഞ നിറത്തിലുള്ള ഒരു മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. സദസ്സിലുള്ളവരില്‍ എല്ലാം ഈ വൃദ്ധനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന കാര്യം വ്യക്തമാണ്. മാത്രമല്ല, പലരും ഇദ്ദേഹത്തിന്‍റെ മാനസിക അവസ്ഥയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ്. ഇതിന്‍റെ കാരണം ഇത്തരം വസ്ത്രം ധരിക്കുന്നതിനെ നിയമമോ മതമോ വിലക്കിയത് കൊണ്ടല്ല, മറിച്ച് ഈ വസ്ത്രങ്ങളുടെ മൂന്ന് നിറങ്ങള്‍ക്കിടയില്‍ യാതൊരുവിധ യോജിപ്പുമില്ല. അതുകൊണ്ട് തന്നെ ഈ വസ്ത്രം ധരിച്ച വ്യക്തി സംസ്കാരം എന്തെന്ന് അറിയാത്ത ഗ്രാമീണനോ ബുദ്ധയ്ക്ക് കുഴപ്പം സംഭവിച്ച വൃദ്ധനോ ആണെന്ന് എല്ലാവരും വിധി എഴുതുന്നതാണ്. ചുരുക്കത്തില്‍ വസ്ത്രങ്ങളില്‍ പോലും യോജിപ്പും ഇണക്കവും ഉണ്ടാകണമെന്ന് സംശുദ്ധ അഭിരുചി ആവശ്യപ്പെടുന്നു. 

എന്നാല്‍ നാം മനസ്സിലാക്കുക: സാധാരണ വസ്ത്രം പോലെ മനുഷ്യന് മറ്റൊരു വസ്ത്രം കൂടിയുണ്ട്. സാധാരണ വസ്ത്രം അല്‍പ്പ നേരത്തേക്കാണെങ്കില്‍ ഈ വസ്ത്രം, മുഴുവന്‍ ജീവിതത്തിലേക്കുമുള്ളതാണ്. ഈ വസ്ത്രമാണ് വിവാഹത്തിലൂടെ സ്ഥാപിക്കപ്പെടുന്ന സമുന്നതമായ ബന്ധം. പരിശുദ്ധ ഖുര്‍ആന്‍ ഇണകള്‍ക്കിടയിലുള്ള ഈ ബന്ധത്തെ വസ്ത്രമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ചിന്തനീയമാണ്. (അല്‍ ബഖറ 187). വസ്ത്രം മനുഷ്യന്‍റെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു. ന്യൂനതകള്‍ മറച്ചുവെക്കുന്നു. തണുപ്പും ചൂടും സംരക്ഷിക്കുന്നു. മഴയും വെയിലും തടയുന്നു. സര്‍വ്വോപരി വസ്ത്രം മനുഷ്യന് അലങ്കാരവുമാണ്. ഭാര്യ-ഭര്‍ത്താക്കന്മാര്‍ പരസ്പരം ഇതേ നിലയിലാണ് വര്‍ത്തിക്കേണ്ടത്. ഇരുവരും ന്യൂനതകള്‍ മറച്ചുവെക്കുക. സുഖ-ദു:ഖങ്ങളില്‍ സഹകരിക്കുക. സ്വഭാവ-കര്‍മ്മങ്ങളിലൂടെ സ്നേഹാദരവുകള്‍ പങ്ക് വെക്കുകയും അലങ്കാരമാവുകയും ചെയ്യുക. ഈ കാരണത്താല്‍ തന്നെ പൊതു വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ യോജിപ്പ് പരിഗണിക്കേണ്ടത് നിര്‍ബന്ധമായത് പോലെ ഭാവികാല ജീവിതത്തിലേക്കുള്ള ഈ മഹത്തായ വസ്ത്രത്തെയും തെരഞ്ഞെടുക്കുമ്പോള്‍ പരസ്പരമുള്ള യോജിപ്പുകളെ നന്നായി പരിഗണിക്കേണ്ടതാണ്. 

ഈ ഒരു യോജിപ്പിനെ സൂചിപ്പിച്ചുകൊണ്ട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മനുഷ്യന്‍ ചിലപ്പോള്‍ കുടുംബ മഹിമയെ പരിഗണിച്ചുകൊണ്ടും മറ്റുചിലപ്പോള്‍ പണവും പണ്ടവും നോക്കിക്കൊണ്ടും വേറെ ചിലപ്പോള്‍ സൗന്ദര്യ രൂപങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ടും വിവാഹം കഴിക്കുന്നതാണ്. എന്നാല്‍ ഈ മാനദണ്ഡങ്ങളൊന്നും വിജയത്തിന്‍റെ അടിസ്ഥാനമല്ല. വിജയത്തിന്‍റെ അടിസ്ഥാനം മതബോധം മാത്രമാണ്.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങളുടെ വിവാഹത്തിന്‍റെ അടിസ്ഥാനം മതബോധത്തെ ആക്കുകയാണെങ്കില്‍ നിങ്ങള്‍ വിജയം വരിക്കുന്നതാണ്. (ബുഖാരി 4700). ഇനി ഏതെങ്കിലും വിവാഹത്തില്‍ മതത്തിന് മുന്‍ഗണന കൊടുക്കാതെ രണ്ട് പേര്‍ രണ്ട് മതത്തിലുള്ളവരായിരുന്നാല്‍ ഒന്നുകില്‍ രണ്ടുപേര്‍ക്കും അവരവരുടെ മതവുമായി യാതൊരു ബന്ധവും കാണുകയില്ല. ഇവര്‍ മതം തന്നെ ഇല്ലാത്തവരാണ്. ഇനി ഇരുവര്‍ക്കും രണ്ട് മതങ്ങളുമായി ബന്ധമുണ്ടെങ്കില്‍ കുറച്ച് കഴിയുമ്പോള്‍ അവസ്ഥ മോശമാകുന്നതാണ്. എങ്ങനെ മോശമാകാതിരിക്കും.? ഒരാള്‍ ആരാധനയ്ക്കര്‍ഹന്‍ ഏകനായ പടച്ചവനാണെന്ന് വിശ്വസിക്കുന്നു, മറ്റെയാള്‍ ഇപ്രകാരം വിശ്വസിക്കുന്നില്ല. ഒരാള്‍ പടച്ചവന് മുന്നില്‍ മാത്രം ശിരസ്സ് കുനിക്കുന്നു, മറ്റെയാള്‍ എല്ലാവരുടെ മുന്നിലും ശിരസ്സ് കുനിക്കുന്നു. ഇവര്‍ ഇരുവരുടെയും ചിന്തകള്‍ തമ്മില്‍ ഏകോപിപ്പിക്കാന്‍ സാധിക്കുമോ.? ഒരിക്കലുമില്ല. വികാരത്തിന്‍റെയും ആവേശത്തിന്‍റെയും ഒഴുക്കിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ ഇരുവരും വിവാഹം നടത്തിയേക്കാം. എന്നാല്‍ സമയം മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് ഇവരുടെ സ്നേഹാനുരാഗങ്ങള്‍ അസ്തമിക്കുകയും അകല്‍ച്ച വര്‍ദ്ധിക്കുകയും ഇരുവരും യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങുകയും മറ്റെയാളെ മടക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതാണ്. കുഞ്ഞുങ്ങളുടെ വിഷയത്തിലും പിടിവലികള്‍ ശക്തമാകും. ഇരുവിഭാഗവും അവരിലേക്ക് മക്കളെ ചേര്‍ക്കണമെന്ന് ആഗ്രഹിക്കും. പില്‍ക്കാലത്ത് ഈ കുഞ്ഞുങ്ങളുടെ വിവാഹവും വലിയ പ്രശ്നമായിത്തീരും. കാരണം ഇരുവരെയും ഇരുസമുദായങ്ങളും മനസ്സ് തുറന്ന് സ്വീകരിക്കുന്നതല്ല. ഇരുഭാഗത്തും അന്യതയുടെ മതിലുകള്‍ ഉയരുന്നതാണ്. ഇതുകൊണ്ട് തന്നെയാണ് ഇസ്ലാം മുസ്ലിം-അമുസ്ലിംകള്‍ക്കിടയിലുള്ള വിവാഹത്തെ അനുകൂലിക്കാത്തത്. 

ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിശ്വാസ കര്‍മ്മങ്ങളിലും ചിന്താവീക്ഷണങ്ങളിലും ഐക്യമുണ്ടാകേണ്ടത് ദമ്പതികള്‍ക്കിടയില്‍ സുന്ദരമായ ബന്ധത്തിനും ബന്ധത്തിന്‍റെ അടിയുറപ്പിനും അത്യാവശ്യമാണ്. ഈ ഐക്യം ഇല്ലാതായാല്‍ വെറുപ്പിന്‍റെ തീജ്വാലകള്‍ ഉയരുന്നതും വിവാഹത്തിന്‍റെ ലക്ഷ്യങ്ങള്‍ അപൂര്‍ണ്ണമാകുന്നതുമാണ്. ഇതുകൊണ്ട് തന്നെ മുസ്ലിംകള്‍ എല്ലാ കാലത്തും അമുസ്ലിംകളോട് സാഹോദര്യവും സഹാനുഭൂതിയും സ്നേഹ ബഹുമാനങ്ങളും പുലര്‍ത്തുകയും സാമ്പത്തിക-വ്യാപാര-രാഷ്ട്രീയ മേഖലകളില്‍ സഹകരിച്ച് മുന്നേറുകയും ചെയ്തെങ്കിലും വിവാഹത്തിന്‍റെ വിഷയത്തില്‍ വ്യക്തിത്വം കാത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുകയുണ്ടായി. കുടുംബത്തിന്‍റെ അകത്തളങ്ങളെ അന്യരില്‍ നിന്നും സംരക്ഷിക്കാന്‍ സൂക്ഷ്മത പുലര്‍ത്തി. നാം ഒന്ന് സങ്കല്‍പ്പിക്കുക: നമ്മളുടെ വീട്ടുകാര്‍ എല്ലാവരും റമദാന്‍ മാസത്തിന്‍റെ അനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഖുര്‍ആന്‍ പാരായണത്തിന്‍റെയും ഇലാഹീ ധ്യാനത്തിന്‍റെയും സുഗന്ധം നിറഞ്ഞ് നില്‍ക്കുന്നു. രാത്രികള്‍ തറാവീഹ്, തഹജ്ജുദുകളാല്‍ സജീവമാണ്. പുലര്‍ക്കാലത്ത് അത്താഴം കഴിക്കുകയും പടച്ചവനോട് പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ ഇതിനിടയില്‍ നമ്മുടെ ഒരു മരുമകനോ മരുമകളോ ഇതൊന്നുമറിയാതെ പരിപൂര്‍ണ്ണ അശ്രദ്ധയിലും അവഗണനയിലും കഴിയുന്നു. അദ്ദേഹത്തിന് നോമ്പോ നമസ്കാരമോ ഒന്നുമില്ല. പകലില്‍ ആഹാര-പാനീയങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടുമിരിക്കുന്നു. രാത്രി മുഴുവന്‍ ഗാനമേളകളിലാണ് മുഴുകിക്കഴിയുന്നത്. അദ്ദേഹം ഈ കുടുംബത്തില്‍ ശാന്തമായി ജീവിക്കുമെന്ന് വിചാരിക്കാന്‍ കഴിയുമോ.? 

എന്നാല്‍ ഇന്ന് ഇത്തരം വിചാരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. അന്യ മതസ്ഥരുമായുള്ള മുസ്ലിം യുവതീ-യുവാക്കളുടെ വിവാഹത്തിന്‍റെ സംഭവങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളില്‍ മുസ്ലിംകളായ യുവാക്കള്‍ അമുസ്ലിം പെണ്‍കുട്ടികളുമായി വിവാഹം കഴിക്കുന്നതിനെ അന്നത്തെ പണ്ഡിതര്‍ ശക്തമായി വിലക്കിയിരുന്നു.  എന്നാല്‍ ഇന്ന് മുസ്ലിം പെണ്‍കുട്ടികള്‍ അമുസ്ലിം യുവാക്കളോടൊപ്പം ഒളിച്ചോടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പണ്ട് ഇത്തരം സംഭവങ്ങള്‍ വല്ലതുമുണ്ടായാല്‍ ജനങ്ങള്‍ മുഴുവനും ഉണരുകയും പരസ്പരം ഉണര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു നാട്ടുകാര്‍ ഭൂകമ്പത്തെ പതിവായി അനുഭവിക്കുന്നവരായാല്‍ ഭൂകമ്പങ്ങള്‍ കൊണ്ട് അവരുടെ മനസ്സില്‍ ഭയമൊന്നും ഉണ്ടാകുന്നതല്ല. ഏതാണ്ട് ഇത്തരമൊരു അവസ്ഥയാണ് ഇന്ന് സമുദായത്തില്‍ സംജാതമായിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ കേട്ടാല്‍ ആര്‍ക്കും അത്ഭുതം ഉണ്ടാകാത്ത നിലയില്‍ ഇത് പതിവായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് അതീവ ഗുരുതരമായ ഒരു സാമൂഹിക പ്രശ്നമാണ്. ഇതിനെക്കുറിച്ച് നിഷ്കളങ്കമായി കൂടിയാലോചിക്കുകയും തന്ത്രജ്ഞതയോടെ പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടത് വലിയൊരു ആവശ്യമാണ്. അല്ലാത്ത പക്ഷം വരുംതലമുറകളില്‍ മതത്തിന്‍റെ യാതൊരു തിരിച്ചറിവും അവശേഷിക്കുന്നതല്ല. 1967-ന് ശേഷം നിരവധി ഫലസ്ഥീനികള്‍ അമേരിക്കയിലും ബ്രിട്ടനിലും കുടിയേറി. നിരവധി തുര്‍ക്കികള്‍ ജര്‍മ്മനിയിലും താമസം തെരഞ്ഞെടുത്തു. എന്നാല്‍ ഇവരുടെ മനസ്സുകളില്‍ നിന്നും ആസൂത്രിതമായ പരിശ്രമങ്ങളിലൂടെ സത്യവിശ്വാസത്തിന്‍റെ അംശങ്ങള്‍ ദൂരീകരിക്കപ്പെട്ടു. വ്യത്യസ്ത മതസ്ഥര്‍ക്കിടയില്‍ വിവാഹം അനുവദനീയമാണെന്ന് ഇവര്‍ വാദിക്കാന്‍ തുടങ്ങി. ഇന്ന് ഇവരെ കണ്ടാല്‍ ഇവരുടെ പൂര്‍വ്വ പിതാക്കന്മാര്‍ അറബികളും തുര്‍ക്കികളുമാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവിധത്തില്‍ മാറ്റം സംഭവിച്ചിരിക്കുന്നു. നമ്മുടെ വീടുകളിലും നാടുകളിലും ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. 

മുസ്ലിം പെണ്‍കുട്ടികളുടെ ചാരിത്ര്യം നശിപ്പിക്കാനും അവരെ മതഭ്രഷ്ടരാക്കാനുമുള്ള വര്‍ഗ്ഗീയ വാദികളുടെ ഗൂഢാലോചനയെ നമുക്ക് എങ്ങനെ പരാജയപ്പെടുത്താം എന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി അവസാനമായി കുറിക്കട്ടെ: ഒന്നാമതായി, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ മാനസിക-ചിന്താ-ശിക്ഷണങ്ങള്‍ അത്യാവശ്യമായി നല്‍കേണ്ടതാണ്. പ്രകൃതിപരമായ ലജ്ജയുടെ കാരണത്താല്‍ സാധാരണയായി അവരോട് വൈവാഹിക കാര്യങ്ങളെക്കുറിച്ച് ആരും സംസാരിക്കാറില്ല. എന്നാല്‍ ഈ ശൈലി ശരിയല്ല. ഗുണപാഠത്തിനും സദുപദേശത്തിനും വേണ്ടി അവര്‍ക്ക് മുമ്പാകെ ഉദാഹരണങ്ങള്‍ സഹിതം കാര്യങ്ങള്‍ വ്യക്തമാക്കിക്കൊടുക്കേണ്ടതാണ്. വഞ്ചകന്മാരുടെ കുതന്ത്രങ്ങളില്‍ കുടുങ്ങിയ പെണ്‍കുട്ടികളുടെ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടതും അവസാനം സ്വന്തം മാംസം കച്ചവടം ചെയ്യുന്നതിലേക്ക് അവര്‍ എത്തപ്പെട്ടതും അവര്‍ക്ക് വിവരിച്ച് കൊടുക്കേണ്ടതാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിനീതന് അറിവുള്ള റുഖിയ്യ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ അമുസ്ലിം സുഹൃത്ത് പ്രണയം അഭിനയിച്ച് വിവാഹം കഴിച്ചു. ആദ്യം അവളുടെ പേരും ശേഷം മതവും മാറ്റി. എന്നാല്‍ അവര്‍ ചെന്ന് കയറിയ വീട് ഈ പെണ്‍കുട്ടിയെ തൊട്ട് കൂടാത്തവളാക്കി. ആഹാരം കഴിക്കുന്ന പാത്രങ്ങളില്‍ തൊടാന്‍ പോലും അനുവാദമില്ലായിരുന്നു. അവര്‍ അവരുടെ മുറിയില്‍ മാത്രം കഴിഞ്ഞ് കൂടണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. വീട്ടുകാരോടൊപ്പം ആരാധനകളില്‍ പങ്കെടുക്കാന്‍ പോലും സമ്മതിച്ചില്ല. അവസാനം അവള്‍ സ്വന്തം വീട്ടിലേക്ക് ഒളിച്ചോടിവന്നു. എന്നാല്‍ കടുത്ത പാപങ്ങള്‍ ചെയ്ത അവളെ സ്വീകരിക്കാന്‍ അവരും തയ്യാറായില്ല. സാധുവായ മാതാവ് വീടിന്‍റെ തിണ്ണയില്‍ കഴിയാന്‍ അനുവാദം കൊടുത്തത് കൊണ്ട് അവള്‍ രക്ഷപ്പെട്ടു. ഇത്തരം സംഭവങ്ങളുടെയെല്ലാം അന്ത്യം മിക്കവാറും കൊലയിലാണ് അവശേഷിക്കുന്നത് എന്ന കാര്യം വ്യക്തമാണല്ലോ. 

മോശമായ ബന്ധത്തിന്‍റെ ഗുരുതരമായ അന്ത്യത്തെക്കുറിച്ച് ഉണര്‍ത്തുന്നതിനോടൊപ്പം സ്വന്തം സമൂഹത്തില്‍ തന്നെ വിവാഹം കഴിക്കുന്നതിന്‍റെ പ്രയോജനങ്ങളും മനസ്സിലാക്കിക്കൊടുക്കുക. ഇതിലൂടെ രണ്ട് കുടുംബങ്ങള്‍ അവരെ പിന്തുണയ്ക്കുന്നതും ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് കൊടുക്കുന്നതും ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കുന്നതുമാണ്. മതം വിട്ടുകൊണ്ടുള്ള വിവാഹങ്ങളില്‍ ഭാര്യ-ഭര്‍ത്താക്കന്മാരല്ലാത്ത ആരുടെയും സ്നേഹം അവര്‍ക്ക് ലഭിക്കുന്നതല്ല. ഇനി ഇപ്രകാരം ഏതെങ്കിലും സംഭവത്തില്‍ കുടുങ്ങിയ പെണ്‍കുട്ടികള്‍ മടങ്ങിവന്നാല്‍ കൂടുതല്‍ പാപത്തിലേക്കും നാശത്തിലേക്കും പോകാതിരിക്കുന്നതിന് അവരെ സ്വീകരിക്കാനും മാതാപിതാക്കളും കുടുംബവും മുന്നോട്ട് വരേണ്ടതാണ്. 

ഇത്തരം വിവാഹങ്ങള്‍ക്ക് പിന്നില്‍ പ്രധാനപ്പെട്ട മൂന്ന് കാരണങ്ങള്‍ കൂടിയുണ്ട്. 1. വിവാഹത്തിന്‍റെ ഭാരിച്ച ചിലവുകള്‍. 2. മുസ്ലിം പുരുഷന്മാടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ. 3. ഇടകലര്‍ന്ന വിദ്യാഭ്യാസം. വിവാഹത്തിന്‍റെ ഭാരിച്ച ചിലവുകള്‍ ഇന്നത്തെ ഗുരുതരമായ ഒരു സാമൂഹിക പാപമാണ്. സാധാരണക്കാര്‍ പോലും പഴയ രാജാക്കന്മാരെ കടത്തിവെട്ടുന്ന നിലയില്‍ ആര്‍ഭാട-അലങ്കാരങ്ങള്‍ കാട്ടിക്കൂട്ടുന്നു. സമ്പന്ന വിഭാഗം പണക്കൊഴുപ്പ് പ്രകടിപ്പിക്കുന്നു. മധ്യനിലക്കാര്‍ വീടും പറമ്പും വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ദീനില്ലാത്ത സാധുക്കള്‍ പെണ്‍മക്കള്‍ ആരുടെ ഭാര്യമാരായാലും കുഴപ്പമില്ല എന്ന് പറഞ്ഞ് മക്കള്‍ക്ക് പാപത്തിന്‍റെ വഴികള്‍ തുറന്ന് കൊടുക്കുന്നു. ഇതെല്ലാം വിവാഹ ധൂര്‍ത്തിന്‍റെ പേരില്‍ ഉണ്ടായ കുഴപ്പങ്ങളാണ്. സമൂഹത്തിലെ സമ്പന്ന വിഭാഗം വിവാഹത്തിന്‍റെ ലളിതമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നതുവരെ ഈ കുഴപ്പങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കുന്നതല്ല. ആകയാല്‍ സമുദായത്തിലെ ഓരോ സംഘടനകളും പ്രവര്‍ത്തകരും പണ്ഡിതരും ഓരോ വീടുകളും കയറിയിറങ്ങി വിവാഹം ലളിതമാക്കാന്‍ പ്രേരിപ്പിച്ച് കൊണ്ടിരിക്കുക. 

പെണ്‍കുട്ടികളുടെ പഠന നിലവാരം ഉയര്‍ന്നതും ആണ്‍കുട്ടികള്‍ പിന്നിലായിപ്പോയതും വലിയൊരു പ്രശ്നമാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യതയുള്ള ആണ്‍കുട്ടികളെ കിട്ടാതാകുന്നു. ഇവിടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാറ്റിവെക്കണമെന്ന് പറയാന്‍ നിര്‍വ്വാഹവുമില്ല. പ്രത്യേകിച്ചും ജീവിതത്തിന്‍റെ മിക്ക മേഖലകളിലും അമ്പത് ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുക എന്ന് പറഞ്ഞാല്‍ അവരുടെ സീറ്റുകളെല്ലാം ഒരു പരിശ്രമവുമില്ലാതെ മറ്റുള്ളവരുടെ കയ്യില്‍ എത്തുന്നതാണ്. കൂടാതെ, ഇന്ന് വിദ്യാഭ്യാസത്തിന് പെണ്‍കുട്ടികള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന വിശാലമായ സൗകര്യങ്ങള്‍ക്ക് മുന്നില്‍ അവരോട് പിന്മാറാന്‍ പറഞ്ഞാല്‍ അവര്‍ പിന്മാറുന്നതുമല്ല. ആകയാല്‍ വിദ്യാഭ്യാസ പരിശ്രമത്തില്‍ ആണ്‍കുട്ടികളെയും പ്രേരിപ്പിച്ച് ഇറക്കുക എന്നതാണ് ഇതിന്‍റെയും പരിഹാരം. എന്നാല്‍ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആണ്‍-പെണ്‍ കുട്ടികള്‍ക്ക് അടിസ്ഥാനപരമായ ദീനീ വിദ്യാഭ്യാസവും പകര്‍ന്ന് കൊടുക്കാന്‍ ഓരോ കുടുംബവും ശ്രദ്ധിക്കേണ്ടതാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നിധി സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും സല്‍ഗുണങ്ങളുമാണ്, ഉന്നത വിദ്യാഭ്യാസവും സമ്പത്തിന്‍റെ ആധിക്യവും അല്ലായെന്ന് അവരുടെ നെഞ്ചുകളില്‍ കൊത്തിവെക്കാന്‍ പരിശ്രമിക്കേണ്ടതാണ്. 

മൂന്നാമത്തെ കാരണമായ ആണ്‍-പെണ്‍ സംഘടിത വിദ്യാഭ്യാസം നന്മകള്‍ക്ക് മാത്രമല്ല, വിദ്യാഭ്യാസത്തിന് പോലും തടസ്സമാണ് എന്ന കാര്യം ഇന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞു. പക്ഷേ, മുസ്ലിംകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഇരുവിഭാഗത്തിനും പ്രത്യേക വിദ്യാഭ്യാസത്തിന് സൗകര്യമില്ലായെന്നത് ദു:ഖരമായ കാര്യമാണ്. ആണ്‍-പെണ്‍ കുട്ടികള്‍ ഇടകലര്‍ന്ന് പഠിക്കുന്നതിനെ ചിലര്‍ അഭിമാനപൂര്‍വ്വം അനുസ്മരിക്കുകയും ചെയ്യുന്നു. അറിയുക: ഇടകലര്‍ന്ന വിദ്യാഭ്യാസം മുസ്ലിംകള്‍ക്ക് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ ഹാനികരമാണ്. ആകയാല്‍ ആണ്‍-പെണ്‍ കുട്ടികളെ വേറെവേറെ ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. കുറഞ്ഞ പക്ഷം, ക്ലാസ്സ് മുറിയിലെങ്കിലും താല്‍ക്കാലിക മറ സ്ഥാപിക്കേണ്ടതാണ്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും മുസ്ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. അവിടെയെല്ലാം ഈ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു. എന്നാല്‍ കൂടിക്കലര്‍ന്ന നിലയില്‍ വിദ്യാഭ്യാസം നടന്ന് കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ ഒറ്റയടിക്ക് മാറ്റം വരുത്തുക സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. വേറെവേറെ ആക്കാനുള്ള പരിശ്രമം നടത്തുന്നതിനോടൊപ്പം പ്രത്യേക പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് ഈ വിഷയത്തിലുള്ള ഉപദേശങ്ങളും ഉണര്‍ത്തലുകളും നടത്താന്‍ ശ്രദ്ധിക്കുക. ഈ പരിപാടികളില്‍ വ്യത്യസ്ത മതസ്ഥര്‍ക്കിടയിലുള്ള വിവാഹത്തിന്‍റെ കുഴപ്പങ്ങളും വിവരിച്ച് കൊടുക്കുക. സ്വയം ഇതില്‍ നിന്നും അകന്ന് നില്‍ക്കാനും കൂട്ടുകാരെ അകറ്റിനിര്‍ത്താനും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിക്കുക. തെറ്റായ ബന്ധങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാലുടന്‍ മാതാ-പിതാക്കളെയും പ്രദേശത്തുള്ള മത നേതാക്കളെയും അറിയിക്കണമെന്നും അവരോട് പറയുക. ചുരുക്കത്തില്‍, നാമെല്ലാവരും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട ഒരു വിഷയമാണിത്. സമുദായ നേതൃത്വവും സംഘടനകളും ഇതിനെ ഗൗരവമായി കാണേണ്ടതാണ്. ഇന്നത്തെ അശ്രദ്ധ നാളത്തെ പ്രളയത്തിന്‍റെ ആമുഖമാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ നീങ്ങുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 

അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനിയുടെ ഈ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 

https://swahabainfo.blogspot.com/2020/12/blog-post_16.html?spref=tw

ലൗ ജിഹാദ്: 
സത്യമോ മിഥ്യയോ.? 
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...