അല്‍ ഹസനാത്ത്
വെള്ളിയാഴ്ച പതിപ്പ്
ബിസ്മില്ലാഹ്...
പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും സ്ഥാപിതമായ ഒരു എളിയ സംരംഭമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ധാരാളം രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കൂടാതെ, ഇതിന്‍റെ കീഴില്‍ അല്‍ ഹസനാത്ത് എന്ന പേരില്‍ ഒരു ത്രൈമാസികയും ആരംഭിച്ചിരുന്നു. എന്നാല്‍ അതിന്‍റെ പ്രചാരണം ശരിയായ നടക്കാത്തതിനാല്‍ നിലച്ചിരിക്കുകയാണ്. പക്ഷേ, ഇന്ത്യയില്‍ ഇസ് ലാമിക ശരീഅത്തിന്‍റെ പ്രചാരണത്തിനും സംരക്ഷണത്തിനും നിലവില്‍ വന്ന കൂട്ടായ്മയായ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഇസ് ലാഹെ മുആശിറ (സാമൂഹ്യ സംസ്കരണം) വിഭാഗം നടത്തുന്ന സോഷ്യല്‍ മീഡിയ ഡെസ്ക്, ജുമുഅ പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിക്കുകയും അത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തണമെന്ന് ഞങ്ങളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇത്തരുണത്തില്‍ അതിന്‍റെ പ്രചാരണത്തിനുവേണ്ടി അക്കാദമിയുടെ സഹോദര പ്രവര്‍ത്തനമായ സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷനുമായി സഹകരിച്ച് അല്‍ ഹസനാത്ത് വെള്ളിയാഴ്ച്ച പതിപ്പ് എന്ന പേരില്‍ പുതിയൊരു സംരംഭം ആരംഭിക്കുകയാണ്. ഇതില്‍ പ്രധാനമായും കൊടുക്കുന്നത് പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സോഷ്യല്‍ മീഡിയ ഡെസ്ക് പ്രസിദ്ധീകരിക്കുന്ന ജുമുഅ പ്രഭാഷണങ്ങളും ഇതര സന്ദേശങ്ങളുമായിരിക്കും. കൂട്ടത്തില്‍ അത്യാവശ്യ കുറിപ്പുകളും അനുസ്മരണങ്ങളും നല്‍കാനും ആഗ്രഹിക്കുന്നു. മാന്യ അനുവാചകരുടെ ആത്മാര്‍ത്ഥമായ സഹകരണം ആഗ്രഹിക്കുന്നു. അല്ലാഹു കാര്യങ്ങള്‍ എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ.!
DARUL ULOOM
Oachira, Kollam, Kerala. India
ജുമുഅ പ്രഭാഷണങ്ങള്‍:01
സോഷ്യല്‍ മീഡിയ ഡെസ്ക്.
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്.
വിഷയം:
വിവാഹം മഹത്തായ ഒരു നന്മയാണ്,
നന്മയെ ശരിയായ നിലയില്‍ നിര്‍വ്വഹിക്കുക.!
(ബഹുമാന്യരെ, അളവറ്റ ദയാലുവായ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ ഒരു മഹത്തായ ഉപഹാരമാണ് ജുമുഅ ദിനം. കഴിഞ്ഞ ദിവസങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കലും വരാനുള്ള ഒരാഴ്ചയിലേക്ക് ഒരുക്കങ്ങള്‍ നടത്തലുമാണ് ജുമുഅ ദിനത്തിന്‍റെ വലിയൊരു ലക്ഷ്യം. ഇതിനുവേണ്ടി ജുമുഅ രാവിനെ നന്മകള്‍ കൊണ്ട് അലങ്കരിക്കുന്നതിനോടൊപ്പം ജുമുഅ ദിനത്തില്‍ രാവിലെ കുളിക്കുക, ഉള്ളതില്‍ ഉത്തമ വസ്ത്രം ധരിക്കുക, സുഗന്ധം പുരട്ടുക, അല്‍ കഹ്ഫ് പാരായണം ചെയ്യുക, സ്വലാത്ത്-സലാമുകള്‍ വര്‍ദ്ധിപ്പിക്കുക, ജുമുഅയ്ക്ക് മസ്ജിദുകളിലേക്ക് നേരത്തെ പോവുക, ജുമുഅ ദിനം മഗ് രിബിന് മുമ്പ് ഒരു മണിക്കൂര്‍ നേരം ദിക്ര്‍-ദുആകളില്‍ മുഴുകുക എന്നീ നന്മകളോടൊപ്പം ഉത്തമ കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശം കൈമാറുന്നതും വളരെ മഹത്തരമാണ്. ഇതിനുവേണ്ടി ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സോഷ്യല്‍ മീഡിയ ഡെസ്ക്, ജുമുഅ സന്ദേശം തയ്യാറാക്കുന്ന വളരെ പ്രയോജനപ്രദമായ ഒരു പരിപാടി ആരംഭിച്ചിരിക്കുന്നു. പടച്ചവന്‍റെ തിരുനാമത്തില്‍ ഇത് മലയാളത്തിലും ആരംഭിക്കുകയാണ്. -ഇന്‍ഷാ അല്ലാഹ്- ആദരണീയ പണ്ഡിതരുടെ സഹകരണത്തോടെ ഓരോ ആഴ്ചയും ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും അയച്ചുതരുന്ന ജുമുഅ സന്ദേശങ്ങള്‍ താങ്കള്‍ക്കും എത്തിച്ച് തരുന്നതാണ്. ആദരണീയ ഖത്തീബുമാര്‍ സ്വയം പ്രഭാഷണം നടത്തുന്നവരാണെങ്കില്‍ ഇതിലെ വിഷയങ്ങളും ഉള്ളടക്കങ്ങളും കൂടി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതര സഹോദരങ്ങള്‍ മസ്ജിദുകളിലും ഇതര സദസ്സുകളിലും വീടുകളിലും ഇത് പാരായണം ചെയ്ത് കേള്‍പ്പിക്കുമെന്ന് താല്‍പ്പര്യപ്പെടുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.)
الحمد لله وكفى والصلاة والسلام على الرسول المصطفى وعلى آله وصحبه أمّا بعد :
വിവാഹത്തിന്‍റെ പ്രധാന്യം:
ബഹുമാന്യ സഹോദരങ്ങളേ, സമൂഹത്തിന്‍റെ നന്മയില്‍ വിവാഹം വഹിക്കുന്ന സ്ഥാനം എല്ലാവര്‍ക്കും വ്യക്തമാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന്‍റെ മഹത്വം എല്ലാവരും സമ്മതിച്ച് പറയുന്നു. എന്നാല്‍ വിവാഹത്തോടൊപ്പം പാലിക്കേണ്ട നിയമങ്ങളും മര്യാദകളും ശരിയായ നിലയില്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുമ്പോഴാണ് വിവാഹത്തിന്‍റെ ലക്ഷ്യം പൂര്‍ണ്ണമാകുന്നത്. പക്ഷേ, ഇന്ന് പൊതുവില്‍ ഈ കാര്യം ശ്രദ്ധിക്കപ്പെടാത്ത കാരണത്താല്‍ വലിയ പ്രശ്നങ്ങളും കുഴപ്പങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തല്‍ഫലമായി വിവാഹം വലിയൊരു ഭാരമാണ് എന്ന ചിന്തപോലും ലോകത്ത് പ്രചരിക്കുന്നുണ്ട്. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് മുമ്പും ഇത്തരമൊരു അവസ്ഥയാണ് ലോകത്തുണ്ടായിരുന്നത്. ക്രൈസ്തവരിലെ പൗരോഹത്യവും ഹൈന്ദവരിലെ ദേവദാസി സമ്പ്രദായവും ഇതിന് ശക്തി പകരുകയും ചെയ്തു. നഗ്നതയും മ്ലേച്ഛതയും ലോകം മുഴുവന്‍ പരന്നു. ആരാധനാലയങ്ങളുടെ വിശുദ്ധി പോലും നിന്ദിക്കപ്പെട്ടു. ലേഖി തയ്യാറാക്കിയ യൂറോപ്പ് ചരിത്രത്തില്‍ ഈ കാര്യം വിവരിക്കപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ അന്ത്യപ്രവാചകന്‍ സയ്യിദുല്‍ മുര്‍സലീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കടന്നുവന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആദ്യമായി വിവാഹത്തെ പ്രേരിപ്പിച്ചു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
1. വിവാഹം എന്‍റെ ചര്യയാണ്. എന്‍റെ ചര്യ അനുസരിച്ച് ജീവിക്കാത്തവന്‍ എന്നില്‍ പെട്ടവനല്ല. (ഇബ്നുമാജ).
2. യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് ശേഷിയുള്ളവര്‍ തീര്‍ച്ചയായും വിവാഹം കഴിക്കുക. സാധിക്കാത്തവര്‍ അധികമായി നോമ്പ് അനുഷ്ടിക്കുക. ജീവിത വിശുദ്ധിയെ അതിലൂടെ സംരക്ഷിക്കപ്പെടുന്നതാണ്. (ബുഖാരി, മുസ്ലിം)
3. വിവാഹം കഴിക്കാന്‍ ശേഷിയുണ്ടായിട്ടും വിവാഹം കഴിക്കാത്തവന്‍ എന്നില്‍ പെട്ടവനല്ല. (ത്വബ്റാനി).
4. ഇസ് ലാമില്‍ സന്യാസമില്ല. (ശറഹുസ്സുന്ന).
5. ഇഹലോകം ഒരു കമ്പോളമാണ്. ഇതിലെ ഏറ്റവും ഉത്തമമായ വിഭവം നന്മ നിറഞ്ഞ സ്ത്രീയാണ്. (നസാഈ).
6. മൂന്ന് കാര്യങ്ങള്‍ പിന്തിക്കരുത്: നമസ്കാരത്തിന് സമയമായാല്‍, ജനാസ തയ്യാറാക്കപ്പെട്ടാല്‍, വിവാഹത്തിന് അനുയോജ്യ ഇണയെ ലഭിച്ചാല്‍. (തിര്‍മിദി).
ജോലിയുടെ പേരില്‍ വിവാഹം പിന്തിക്കരുത്:
വിവാഹം ഒരു പുണ്യ കര്‍മ്മവും ആരാധനയുമാണെന്നും ഇതിന് അവസരം ലഭിച്ചാല്‍ വിവാഹം കഴിക്കണമെന്നും വിവാഹത്തിന്‍റെ തടസ്സങ്ങള്‍ ദൂരീകരിക്കാന്‍ പരിശ്രമിക്കണമെന്നും ഈ ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നു. ഉന്നതമായ ജീവിതാവസ്ഥയോടുള്ള ആഗ്രഹവും സമ്പത്തിനോടുള്ള ആര്‍ത്തിയും കാരണം വിവാഹത്തെ പിന്തിക്കരുത്. വലിയ ഉദ്യോഗവും ജോലിയും കിട്ടുകയോ വരുമാനം കൂടുകയോ ചെയ്താല്‍ വിവാഹം കഴിക്കാം എന്ന ന്യായം പറഞ്ഞ് പലരും വിവാഹത്തെ പിന്തിക്കാറുണ്ട്. തല്‍ഫലമായി സ്ത്രീ-പുരുഷന്മാരില്‍ വലിയൊരു വിഭാഗം അവിവാഹിതരായി കഴിയുന്നു. മധ്യവയസ്കത പിന്നിടാന്‍ അടുത്തിട്ടും വിവാഹം കഴിക്കാത്ത ധാരാളം ആളുകളുണ്ട്. ഇതിലൂടെ സമൂഹത്തില്‍ തിന്മ പരക്കുകയാണ്. മക്കയിലെ നിഷേധികള്‍ ദാരിദ്ര്യത്തെ ഭയന്നുകൊണ്ട് മക്കളെ കൊല്ലുമായിരുന്നു. അവരോട് അല്ലാഹു പറഞ്ഞു: ദാരിദ്ര്യത്തെ ഭയന്ന് നിങ്ങള്‍ മക്കളെ കൊല്ലരുത്. നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്. (അന്‍ആം 151). ജോലിയുടെ പേര് പറഞ്ഞ് വിവാഹത്തെ പിന്തിക്കുന്നവര്‍ പടച്ചവനാണ് ആഹാരം തരുന്നത് എന്ന ഖുര്‍ആനിക വീക്ഷണത്തെ ശരിയായി മനസ്സിലാക്കാത്തവരാണ്.
വിവാഹം ഐശ്വര്യത്തിന്‍റെ മാര്‍ഗ്ഗമാണ്:
പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: വിവാഹത്തിലൂടെ പടച്ചവന്‍ സമ്പത്ത് നല്‍കുന്നതും ഐശ്വര്യം ചൊരിക്കുന്നതുമാണ്. അല്ലാഹു അറിയിക്കുന്നു: വിവാഹം കഴിക്കുന്നവര്‍ ദരിദ്രര്‍ ആണെങ്കില്‍ അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്നും അല്ലാഹു അവരെ സമ്പന്നരാക്കുന്നതാണ്. (നൂര്‍).
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ വിവാഹം കഴിക്കുക. വിവാഹം ഐശ്വര്യത്തിന്‍റെ മാര്‍ഗ്ഗമാണ്.
ജാബിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹു മൂന്നുപേരെ സഹായിക്കുന്നതാണ്: അടിമയെ സ്വതന്ത്ര്യമാക്കുന്നവനെ, ശൂന്യമായ ഭൂമിയെ സജീവമാക്കുന്നവനെ, അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് വിവാഹം കഴിക്കുന്നവനെ.!
ഇമാം ശാഫിഈ (റഹ്) പ്രസ്താവിക്കുന്നു: വിവാഹത്തിലൂടെ അല്ലാഹു സമ്പന്നനാക്കും എന്ന വചനം ലഭിച്ചിട്ടും വിവാഹം കഴിക്കാത്തവന്‍ വിഡ്ഢിയും വിവരം കെട്ടവനുമാണ്.
ഇസ്ലാമില്‍ ജാതീയത ഇല്ല:
വിവാഹത്തില്‍ നിന്നും ജനങ്ങളെ തടയുന്ന മറ്റൊരു കാരണം, ഉന്നത കുടുംബങ്ങളെ അന്വേഷിക്കലാണ്. ഇത് പരിധി ലംഘിക്കുകയും പലപ്പോഴും ജാതീയതയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. ഇസ്ലാം ശക്തിയുക്തം എതിര്‍ത്ത ഒരു കാര്യമാണത്. ജാതീയതയെ മറ്റു പല പരിഷ്കര്‍ത്താക്കളും എതിര്‍ത്തിട്ടുണ്ടെങ്കിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഈ വിഷയത്തില്‍ പുലര്‍ത്തിയ ഗൗരവം മറ്റെവിടെയും കാണാന്‍ സാധിക്കുന്നതല്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജാതീയതയുടെ സര്‍വ്വ അംശങ്ങളെയും തുടച്ച് നീക്കി. മനുഷ്യര്‍ എല്ലാവരും സമന്മാരാണ് എന്ന് ശക്തിയുക്തം പ്രഖ്യാപിച്ചു. അടിമത്വ മോചനം ചെയ്യപ്പെട്ട സൈദുബ്നു ഹാരിസയെ ഖുറൈശി വംശജയായ സൈനബുമായി വിവാഹം കഴിപ്പിച്ചു. തല്‍ഫലമായി അടിമയായിരുന്ന ബിലാല്‍ (റ) വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ സമുന്നതരായ സഹാബികള്‍ വിവാഹലോചന നടത്തുകയുണ്ടായി.
വിവാഹത്തിന്‍റെ അടിസ്ഥാനം എന്തായിരിക്കണം.?
മതബോധവും ഭയഭക്തിയും സൂക്ഷ്മതയുമാണ് വിവാഹത്തിന്‍റെ അടിസ്ഥാനമായി ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിന് മുന്നില്‍ കുലമഹിമയ്ക്ക് യാതൊരു പ്രസക്തിയുമില്ല.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സമ്പത്ത്, കുടുംബം, സൗന്ദര്യം, മതബോധം എന്നിവയ്ക്കുവേണ്ടി സ്ത്രീയെ വിവാഹം കഴിക്കപ്പെടാറുണ്ട്. ദീനീ ബോധമുള്ള സ്ത്രീയ്ക്ക് നീ മുന്‍ഗണന കൊടുക്കുക. നീ വിജയിക്കുന്നതാണ്. (ബുഖാരി).
മറ്റൊരിക്കല്‍ അരുളി: സൗന്ദര്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം വിവാഹം കഴിക്കരുത്. സൗന്ദര്യം തകര്‍ച്ചയിലേക്ക് നയിച്ചേക്കാം. പണത്തിന്‍റെ പേരില്‍ മാത്രം വിവാഹം കഴിക്കരുത്. പണം അക്രമത്തിലേക്ക് നയിച്ചേക്കാം. കറുകറുത്തവളാണെങ്കിലും ദീനീ ബോധമുള്ള സാധുപെണ്‍കുട്ടി വലിയ ശ്രേഷ്ടതയുള്ള വ്യക്തിത്വമാണ്. (ഇബ്നുമാജ).
മറ്റൊരിക്കല്‍ അരുളി: ആരെങ്കിലും സമ്പത്തിനെ നോക്കിക്കൊണ്ട് വിവാഹം കഴിച്ചാല്‍ അല്ലാഹു ദാരിദ്രത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. പ്രസിദ്ധിയ്ക്കുവേണ്ടി വിവാഹം കഴിച്ചാല്‍ അല്ലാഹു നിന്ദ്യനാക്കുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍).
അതെ, സൗന്ദര്യം എന്നും അവശേഷിക്കില്ല. ഇന്നത്തെ സൗന്ദര്യം നാളെ കാണുകയില്ല. ഒരു രോഗത്തിലൂടെ സൗന്ദര്യം നീങ്ങിപ്പോയേക്കാം, ഒരു അപകടത്തിലൂടെ രൂപം മാറിപ്പോയേക്കാം. യഥാര്‍ത്ഥ സൗന്ദര്യം സല്‍ക്കര്‍മ്മങ്ങളും സല്‍സ്വഭാവങ്ങളുമാണ്. സമുന്നത സൗരഭ്യം കുടുംബത്തില്‍ സന്തുഷ്ടി പരത്തുന്ന ശൈലികളും രീതികളുമാണ്.
സ്ത്രീധനം: ഒരു സാമൂഹ്യ ശാപം.!
ഈ കാലഘട്ടത്തില്‍ വിവാഹത്തിന് ഏറ്റവും കൂടുതല്‍ തടസ്സം നില്‍ക്കുന്ന കാര്യം സ്ത്രീധനമാണ് എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അറിവും സമ്പത്തും കൂടുതല്‍ ഉള്ളവര്‍ക്കാണ് ഇത് കൂടുതല്‍ തടസ്സമാകുന്നതെന്നത് ആശ്ചര്യകരം തന്നെ.! പടച്ചവന്‍ ധാരാളം സമ്പത്ത് കൊടുത്തവര്‍ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ നീണ്ട നിബന്ധനകളുമായി കറങ്ങി നടക്കുകയാണ്. ചിലര്‍ വിദേശത്ത് താമസിക്കാനുള്ള ചിലവ് പെണ്‍വീട്ടുകാരോട് ആവശ്യപ്പെടുന്നു. മറ്റുചിലര്‍ ഫ്ളാറ്റും വീട്ടിലെ വലിയ ഉപകരണങ്ങളും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. വേറെ ചിലര്‍ ജോലിയുടെ ടൊണേഷന്‍ പെണ്‍വീട്ടുകാരില്‍ നിന്നും പിടിച്ചുവാങ്ങുന്നു. ഇവ കിട്ടിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ മേല്‍ വിവിധ തരത്തിലുള്ള ഉപദ്രവങ്ങള്‍ ആരംഭിക്കും. ചിലവേള പെണ്‍കുട്ടി ജീവിതം തന്നെ വേണ്ടെന്ന് വെക്കുന്നു. ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലാത്ത ഇത്തരം കാര്യങ്ങളെ കൊണ്ടുനടക്കുന്ന ചില ആളുകള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്ത്രീ സമത്വത്തിനും വേണ്ടി ശക്തമായ വാദം നടത്തുകയും പലപ്പോഴും അതിന്‍റെ പേരില്‍ ഇസ്ലാമിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് തികഞ്ഞ വൈരുദ്ധ്യമല്ലാതെ മറ്റെന്താണ്.? സ്ത്രീധനം കാരണം ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നാശ-നഷ്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ഈ വിഷയത്തില്‍ വളരെയധികം വേദനാജനകമായ റിപ്പോര്‍ട്ടുകളാണ് ഓരോ പ്രദേശങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. മുസ്ലിം കേന്ദ്രമായ ഹൈദരാബാദില്‍ മാത്രം സ്ത്രീധനം ഇല്ലാത്തതിനാല്‍ വിവാഹം കഴിക്കാത്ത നാല്‍പ്പത് വയസ്സുകാരികളുടെ എണ്ണം മുപ്പത്തി അയ്യായിരത്തിലേറെയാണെന്ന് തഅ്മീറെ മില്ലത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജംഇയ്യത്ത് ഉലമ എ ഹിന്ദിന്‍റെ മുഖപത്രമായ അല്‍ ജംഇയ്യത്തിന്‍റെ എഡിറ്റര്‍ മൗലാനാ ഉസ്മാന്‍ സ്വന്തം സംഭവം ഇപ്രകാരം വിവരിക്കുന്നു: എന്‍റെ ഒരു പരിചയക്കാരനെ ദുരൂഹമായ സാഹചര്യത്തില്‍ ഒരു സ്ഥലത്ത് വെച്ച് ഞാന്‍ കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം പര്‍ദ്ദയണിഞ്ഞ രണ്ട് മൂന്ന് സ്ത്രീകളും ഏതാനും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം വാവിട്ട് നിലവിളിക്കാന്‍ ആരംഭിച്ചു. അദ്ദേഹത്തിന്‍റെ അടുത്തവര്‍ ആരെങ്കിലും മരണപ്പെടുകയോ രോഗിയാവുകയോ ചെയ്തിരിക്കും എന്ന് വിചാരിച്ച് ഞാന്‍ ആശ്വസിപ്പിച്ചപ്പോള്‍ കുറേ നേരം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു: എന്‍റെ കൂട്ടത്തിലുള്ള മൂന്നുപേര്‍ എന്‍റെ മക്കളാണ്. ഞാന്‍ ഇവരെ വിവാഹം കഴിപ്പിക്കാന്‍ വളരെ പരിശ്രമിച്ചെങ്കിലും വമ്പിച്ച സ്ത്രീധനം ആവശ്യപ്പെടുന്ന കാരണത്താല്‍ ഒരു നിലയ്ക്കും കഴിയാതെ വന്നു. ഇപ്പോള്‍ ഞാന്‍ ഇവരെയും കൊണ്ട് ഒരു ക്രൈസ്തവ കേന്ദ്രത്തിലേക്ക് പോവുകയാണ്. മതം മാറേണ്ടിവന്നാലും അവരുടെ സഹായം മേടിച്ച് ഇവരെ വിവാഹം കഴിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.! സഹോദരങ്ങളേ, നാമെല്ലാവരും വളരെയധികം ചിന്തിക്കുകയും ഭയക്കുകയും ചെയ്യേണ്ട കാര്യമാണിത്. സ്ത്രീധനത്തിന്‍റെ ശാപം കാരണം ആളുകള്‍ ദീനിനെ ഉപേക്ഷിക്കാന്‍ പോലും സന്നദ്ധരാകുന്നു. ഇത് വളരെ വലിയ ദുരന്തം തന്നെയാണ്.
മീര്‍തഖി എന്ന പേരില്‍ ഒരു കവി കഴിഞ്ഞ് പോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകളെ വിവാഹം കഴിച്ച് യാത്രയാക്കിയപ്പോള്‍ ധാരാളം സ്ത്രീധന വസ്തുക്കള്‍ നല്‍കുകയുണ്ടായി. ഇതിലൂടെ അദ്ദേഹം വലിയ കടക്കാരനായി. വിവരമറിഞ്ഞ മകള്‍ വളരെയധികം വേദനിക്കുകയും അതിന്‍റെ പേരില്‍ തന്നെ ഉടനെ മരിക്കുകയും ചെയ്തു. മകളുടെ മരണ വാര്‍ത്ത അറിഞ്ഞ മീര്‍തഖി ഓടിവന്നു. തന്‍റെ കണ്‍മണിയായ മകളുടെ മൃതദേഹം കണ്ടപ്പോള്‍ അദ്ദേഹം വിലപിച്ചുകൊണ്ട് ഇപ്രകാരം പാടി: മകളെ നിനക്ക് ഒരു സാധനം തരാന്‍ മറന്ന് പോയത് നീ മാപ്പാക്കണം. സ്ത്രീധന വസ്തുക്കളുടെ കൂട്ടത്തില്‍ ഒരു കഫന്‍ പുടവകൂടി എനിയ്ക്ക് വെക്കാന്‍ കഴിഞ്ഞില്ലല്ലോ.! ചരിത്രകാരന്‍ പറയുന്നു: ഈ സംഭവത്തിന് ശേഷം മീര്‍തഖി മാനസികമായി തകരുകയും നാളുകള്‍ക്കകം മരണപ്പെടുകയും ചെയ്തു. അങ്ങനെ, ഈ ഒരു നാശം കാരണം ലോകത്തിന് ഒരു പെണ്‍കുട്ടിയെയും സമര്‍ത്ഥനായ ഒരു കവിയെയും നഷ്ടപ്പെട്ടു. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇത്തരം ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും.
സ്ത്രീധനം ജാഹിലിയ്യത്തിന്‍റെ കൂട്:
ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സ്ഥാപകനും പ്രഥമ ജന:സെക്രട്ടറിയുമായ മൗലാനാ സയ്യിദ് മിന്നത്തുല്ലാഹ് റഹ് മാനി ഞങ്ങളുടെ സ്ഥാപനത്തിലെ സനദ്ദാന സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ഇപ്രകാരം പ്രസ്താവിച്ചു: പെണ്‍കുട്ടിയ്ക്ക് മഹ്ര്‍ കൊടുക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ പുതിയാപ്ലക്ക് അച്ചാരം കൊടുക്കാന്‍ അല്‍പം പോലും പിന്തിക്കാന്‍ പാടില്ലെന്ന് അവര്‍ തന്നെ വാശിപിടിക്കുന്നു. അതെ, ഇസ്ലാമിനെ ശരിയായ നിലയില്‍ പഠിക്കാതെ വന്നപ്പോള്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞ് പോയി.!
ഞങ്ങളുടെ പ്രദേശത്ത് തബ്ലീഗ് പ്രവര്‍ത്തനവും ഇതര സാമൂഹിക സേവനങ്ങളും നടത്തിയ മൗലാനാ മുഹമ്മദ് യൂനുസ് ഒരിക്കല്‍ പ്രസ്ഥാവിച്ചു: ജീവിതം മുഴുവന്‍ നാം പെണ്‍കുട്ടികളെ കരളിന്‍റെ കഷ്ണം പോലെ വളര്‍ത്തുന്നു. എന്നാല്‍ അവളെ കല്ല്യണം കഴിച്ച് അയക്കാന്‍ മറ്റുള്ളവരോട് യാചിക്കേണ്ടി വരുന്നു.!
ലോക പ്രശസ്ത പണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി പ്രസ്താവിച്ചു. ജാഹിലീയ്യത്ത് എല്ലാ കാലഘട്ടത്തിലും ചില കൂടുകള്‍ കെട്ടാറുണ്ട്. ഇക്കാലഘട്ടത്തിലെ ജാഹിലിയ്യത്ത് സ്ത്രീ ധനമാണ്.!
തെറ്റിദ്ധാരണ മാറ്റുക:
ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരിക്കലും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല. മകള്‍ ഫാത്തിമ ബീവി (റ) യ്ക്ക് കുറച്ച് സാധനങ്ങള്‍ കൊടുത്തത് മരുമകന്‍ ഹസ്രത്ത് അലിയ്യ് (റ) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കീഴിലായിരുന്നത് കൊണ്ടാണ്. അലിയ്യ് (റ) നെ വളര്‍ത്തിയത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യാണ്. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പ്രവാചക ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് വേറെയും പെണ്‍മക്കളുണ്ടായിരുന്നു. അവരെക്കുറിച്ചൊന്നും ഇപ്രകാരം വല്ലതും നല്‍കിയതായി വന്നിട്ടില്ല. സ്ത്രീധനം അത്യാവശ്യമായിരുന്നെങ്കില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവര്‍ക്ക് നല്‍കുമായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് അനന്തരാവകാശത്തില്‍ ഓഹരി നല്‍കുക:
ഒരു കാലഘട്ടത്തില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അയക്കുമ്പോള്‍ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ വരനില്‍ നിന്നും ധാരാളം സമ്പത്ത് പിടിച്ച് വാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുര്‍ആനിലും പുണ്യഹദീസുകളിലും ആഴത്തില്‍ പഠനം നടത്തിയ ഫുഖഹാഅ് മഹത്തുക്കള്‍ അതിനെ നിഷിദ്ധമായി പ്രഖ്യാപിച്ചതായി ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയുന്നു. എന്നാല്‍ ഇന്ന് കാലം മാറിയപ്പോള്‍ കോലവും മാറി. ഇന്ന് വരന്‍റെ ആളുകള്‍ വധുവിനോട് അന്യായ സമ്പത്ത് ആവശ്യപ്പെടുന്നു. ഇത് നിഷിദ്ധമാണെന്നതില്‍ യാതൊരു സംശയവുമില്ല. സ്ത്രീധനത്തെ ഇസ്ലാമികമെന്ന് വ്യാഖ്യാനിക്കുന്നത് ഇസ്ലാമിന്‍റെ മേലുള്ള അപരാധമാണ്. യഥാര്‍ത്ഥത്തില്‍ ഇത് അമുസ്ലിംകളില്‍ നിന്നും പകര്‍ത്തപ്പെട്ടതാണ്. ഹൈന്ദവര്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് അനന്തരവകാശത്തില്‍ ഓഹരിയൊന്നുമില്ല. അതുകൊണ്ട് തന്നെ അവര്‍ വിവാഹ സമയത്ത് വലിയൊരു തുക നല്‍കുന്നു. എന്നാല്‍ ഇസ്ലാമില്‍ വിവാഹം കൊണ്ട് മാതാപിതാക്കളുമായിട്ടുള്ള ബന്ധം മുറിയുന്നില്ല. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് അനന്തരാവകാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അത് കൊടുക്കല്‍ നിര്‍ബന്ധവുമാണ്.
നിഷേധികള്‍ക്ക് ചിരിക്കാന്‍ അവസരം നല്‍കരുത്:
സഹോദരങ്ങളെ, സ്ത്രീധനവുമായി ബന്ധപ്പെട്ട നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിന്‍റെ സുന്ദര വദനത്തിന് കളങ്കമാണ്. ഇത് കണ്ട് നിഷേധികള്‍ ചിരിക്കുകയാണ്. ഇത് ഇസ്ലാമിനെ തന്നെ നിന്ദിക്കലാണ്. ആകയാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും വളരെയധികം സൂക്ഷ്മത പാലിക്കുക. വിവാഹവും വൈവാഹിക ജീവിതവും മഹത്തായ നന്മയാണ്. ഈ നന്മയെ തിന്മകൊണ്ട് മലിനമാക്കരുത്. നന്മയെന്നാല്‍ പടച്ചവന് ഇഷ്ടപ്പെടുന്ന കാര്യമാണ്. പാപങ്ങള്‍ കാരണം അല്ലാഹു ഒരിക്കലും സന്തോഷിക്കുന്നതല്ല. ഇസ്ലാമിക അദ്ധ്യാപനം വളരെ ലളിതവും സംശുദ്ധവുമാണ്. ഇസ്ലാം മനുഷ്യനെ മഹല്‍ ഗുണങ്ങളിലൂടെ ഇരുലോകത്തും ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. സ്ത്രീധനം പോലുള്ള പാഴ്പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല. ആകയാല്‍ വൈവാഹിക ജീവിതത്തിലേക്ക് സസന്തോഷം പ്രവേശിക്കുകയും സൂക്ഷ്മതയോടെ സഞ്ചരിക്കുകയും ചെയ്യുക. അല്ലാഹു നാമെല്ലാവര്‍ക്കും സല്‍ബുദ്ധി കനിഞ്ഞരുളട്ടെ. ഇഹലോകത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പിന്‍പറ്റാനും സന്ദര്‍ശിക്കാനും പരലോകത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശഫാഅത്ത് കരസ്ഥമാക്കാനും സൗഭാഗ്യം നല്‍കട്ടെ.! അല്ലാഹുവിനോടും ദൂതനോടുമുള്ള സ്നേഹം അല്ലാഹു നമുക്ക് കനിഞ്ഞരുളട്ടെ.! അവസാന നിമിഷം വരെ ഇസ്ലാമിലും ഈമാനിലും ഉറച്ച് നില്‍ക്കാന്‍ തൗഫീഖ് നല്‍കട്ടെ.!
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം:
وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ (6)
വിവരമൊന്നുമില്ലാതെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിപ്പിക്കാനും അതിനെ പരിഹസിക്കാനും വേണ്ടി വിനോദവസ്തുക്കള്‍ വാങ്ങുന്ന ചിലരുണ്ട്. അവര്‍ക്ക് നിന്ദ്യമാക്കുന്ന ശിക്ഷയുണ്ട്. (6)
ഈ ആയത്തിലെ വാങ്ങുക എന്നതിന്‍റെ ആശയം ഒന്ന് കൊടുത്ത് മറ്റൊന്നിനെ തെരഞ്ഞടുക്കുക എന്നതാണ്. സന്‍മാര്‍ഗ്ഗത്തിനു പകരമായി വഴികേടിനെ തിരഞ്ഞെടുത്തവരാണ് ഇക്കൂട്ടര്‍. എന്നാല്‍, ഈ കച്ചവടം അവര്‍ക്ക് ലാഭകരമായില്ല. അവര്‍ ശരിയായ വഴിയില്‍ സഞ്ചരിച്ചതുമില്ല. സൂറ: ബഖറ 16-ലെ ഈ ആയത്തിലും വാങ്ങുക എന്നതിന്‍റെ ആശയം ഇത് തന്നെയാണ്.
ഉപര്യുക്ത ആയത്തില്‍ ഒരു പ്രത്യേക അവതരണ പശ്ചാത്തലമുണ്ട്. നസ്റുബ്നു ഹാരിസ് മക്കാ നിഷേധികളിലെ ഒരു വലിയ കച്ചവടക്കാരനായിരുന്നു. കച്ചവടാര്‍ത്ഥം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇദ്ദേഹം പേര്‍ഷ്യയില്‍ പോയി വരുമ്പോള്‍ കിസ്റയുടെയും മറ്റും കഥ പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ട് വരുമായിരുന്നു. എന്നിട്ട് അദ്ദേഹം മക്കയില്‍ നിഷേധികളോട് പറയുമായിരുന്നു: മുഹമ്മദ് ആദ്-സമൂദുകളുടെ സംഭവങ്ങള്‍ നിങ്ങളെ കേള്‍പ്പിക്കുന്നു. ഞാന്‍ അതിനേക്കാള്‍ മെച്ചമായ പേര്‍ഷ്യന്‍ കഥകള്‍ നിങ്ങളെ കേള്‍പ്പിക്കുന്നു. ഇത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഖുര്‍ആന്‍ വിട്ട് ഇതിലേക്ക് തിരിയുമായിരുന്നു. ഇതില്‍ രസകരമായ കുറച്ച് കഥകളുണ്ട് എന്നതൊഴിച്ച് മറ്റൊരു അദ്ധ്യാപനവും ഇല്ലായിരുന്നു. ഖുര്‍ആനിക സംഭവങ്ങളിലാകട്ടെ ധാരാളം സന്ദേശ-അദ്ധ്യാപനങ്ങളുണ്ട്. ഇയാളുടെ പ്രചാരണം കാരണം ഖുര്‍ആനിന്‍റെ അമാനുഷികതയില്‍ ആകൃഷ്ടരായി രഹസ്യമായി ഖുര്‍ആന്‍ കേട്ടിരുന്ന നിഷേധികളും ഈ കാരണം പറഞ്ഞ് ഖുര്‍ആനില്‍ നിന്നും തിരിയുകയുണ്ടായി. (റൂഹുല്‍ മആനി). ഇബ്നു അബ്ബാസ് (റ) പറയുന്നു: ഉപര്യുക്ത വ്യാപാരി വിദേശത്ത് നിന്നും ഗായികയായ ഒരു അടിമപ്പെണ്ണിനെ കൊണ്ടുവന്നു. ജനങ്ങള്‍ ഖുര്‍ആന്‍ കേള്‍ക്കാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം ഇദ്ദേഹം ഈ സ്ത്രീയുടെ പാട്ടുകള്‍ ജനങ്ങളെ കേള്‍പ്പിച്ചുകൊണ്ട് ഇപ്രകാരം പറയുമായിരുന്നു: മുഹമ്മദ് നിങ്ങള്‍ക്ക് ഖുര്‍ആന്‍ കേള്‍പ്പിച്ചുകൊണ്ട് ഭാരമേറിയ നമസ്കാരത്തിലേക്കും സകാത്തിലേക്കും മറ്റും നിങ്ങളെ ക്ഷണിക്കുന്നു. അത് വിട്ട് നിങ്ങള്‍ ഇവിടെ വന്ന് ഈ ഗാനങ്ങള്‍ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുക. (ദുര്‍റുല്‍ മന്‍സൂര്‍).
ചുരുക്കത്തില്‍ നസ്റുബ്നു ഹാരിസിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഈ ആയത്ത് ഇറങ്ങിയത്. ഇതിലെ വിനോദ കഥ എന്നതുകൊണ്ടുള്ള ഉദ്ദേശം, കഥകളും ഗായികയായ അടിമപ്പെണ്ണുമാണ്. അവതരണ പശ്ചാത്തലം വെച്ച് നോക്കുമ്പോള്‍ ഈ ആയത്തിലെ വാങ്ങുക എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം വാങ്ങുക എന്ന് തന്നെയാണ്. എന്നാല്‍ വിനോദ കഥയെന്നതിന് പൊതുവായ അര്‍ത്ഥം വെക്കുമ്പോള്‍ വാങ്ങുക എന്നതിന് ഒന്ന് കൊടുത്ത് മറ്റൊന്ന് തെരഞ്ഞെടുക്കുക എന്ന ആശയം ഉണ്ടായിത്തീരുന്നതാണ്.
ലഹ് വുല്‍ ഹദീസിലെ ഹദീസ് എന്നതിന്‍റെ അര്‍ത്ഥം കഥയെന്നും ലഹ് വ് എന്നതിന്‍റെ അര്‍ത്ഥം വിസ്മൃതി എന്നുമാണ്. മനുഷ്യനെ അത്യാവശ്യ കാര്യങ്ങളില്‍ നിന്നും അശ്രദ്ധമാക്കുന്ന കാര്യങ്ങള്‍ക്ക് ലഹ് വ് എന്ന് പറയപ്പെടുന്നു. ന്യായമായ പ്രയോജനമൊന്നുമില്ലാതെ സമയം കളയുകയും മനസ്സിനെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്കും ചിലപ്പോള്‍ ലഹ് വ് എന്ന് പറയപ്പെടാറുണ്ട്.
ഈ ആയത്തിലെ ലഹ് വുല്‍ ഹദീസ് എന്നതിന്‍റെ ആശയത്തില്‍ പല അഭിപ്രായങ്ങളുമുണ്ട്. ഇബ്നു മസ്ഊദ് (റ) പ്രസ്താവിക്കുന്നു: ഇത് കൊണ്ടുള്ള ഉദ്ദേശം ഗാനമേളകളാണ്. (ഹാകിം). പൊതുവില്‍ സ്വഹാബാ-താബിഈങ്ങളും പൊതു മുഫസ്സിറുകളും പറയുന്നു: അല്ലാഹുവിന്‍റെ ഇബാദത്തിനും ധ്യാനത്തിനും തടസ്സം നില്‍ക്കുന്ന എല്ലാ കാര്യങ്ങളും ലഹ് വുല്‍ ഹദീസാണ്. അതില്‍ ഗാനവും ഗാന ഉപകരണങ്ങളും പെടുന്നു. ഇമാം ബുഖാരി (റഹ്) അദബുല്‍ മുഫ്റദിലും ഇമാം ബൈഹഖി സുനനിലും ഈ അഭിപ്രായമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇമാം ബൈഹഖി പറയുന്നു: ലഹ് വുല്‍ ഹദീസെന്നാല്‍ ഗാനവും അതുപൊലുള്ള അല്ലാഹുവിന്‍റെ ധ്യാനം മറപ്പിക്കുന്ന കാര്യങ്ങളുമാണ്. സുനനുല്‍ ബൈഹഖിയില്‍ വന്നിരിക്കുന്നു: ലഹ് വുല്‍ ഹദീസെന്നാല്‍ ഗാനം ആലപിക്കുന്ന പുരുഷനെയോ സ്ത്രീയെയോ, അല്ലാഹുവിന്‍റെ ധ്യാനത്തിന് തടസ്സം നില്‍ക്കുന്ന എന്തെങ്കിലും വസ്തുവിനെയോ വാങ്ങലാണ്. ത്വബ്രിയും ഈ പൊതുവായ ആശയത്തെ തെരഞ്ഞെടുത്തിരിക്കുന്നു. (റൂഹുല്‍ മആനി). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഗാനം ആലപ്പിക്കുന്ന അടിമ സ്ത്രീകളെ കച്ചവടം നടത്തരുത്. ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം തിര്‍മിദി പറയുന്നു: ഇതുപോലുള്ള കാര്യങ്ങളിലാണ് ഈ ആയത്ത് അവതരിച്ചത്. (തിര്‍മിദി).
കളികളുടെയും കളി വസ്തുക്കളുടെയും നിയമങ്ങള്‍:
ഇതിന്‍റെ നിയമങ്ങള്‍ ഖുര്‍ആന്‍-ഹദീസുകളുടെയും ഫുഖഹാഅ്-സൂഫിയാഅ് മുതലായവരുടെ വചനങ്ങളുടെയും വെളിച്ചത്തില്‍ വിശദമായ നിലയില്‍ വിനീതന്‍ അല്‍ ഗിനാഉ ഫില്‍ ഇസ്ലാം എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. അറബി ഭാഷയിലുള്ള അഹ്കാമുല്‍ ഖുര്‍ആനിന്‍റെ അഞ്ചാം ഭാഗത്തില്‍ അത് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. പണ്ഡിത സഹോദരങ്ങള്‍ അത് വായിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. പൊതുജനങ്ങള്‍ക്കുവേണ്ടി അതിന്‍റെ രത്നച്ചുരുക്കം ഇവിടെ കൊടുക്കുകയാണ്.
ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം, ഖുര്‍ആനില്‍ കളി-തമാശ എന്ന വാക്കുകള്‍ അനുസ്മരിച്ച സ്ഥലങ്ങളിലെല്ലാം അവയെ വിമര്‍ശിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്‍റെ ഏറ്റവും ചെറിയ ആശയം കറാഹത്താണ്. ഈ ആയത്തില്‍ ലഹ്വ് എന്ന് പറഞ്ഞിരിക്കുന്നത് വിമര്‍ശിക്കാന്‍ തന്നെയാണ് എന്ന കാര്യം വളരെ വ്യക്തമാണ്. അബൂഹുറയ്റ (റ) നിവേദനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇഹലോകത്തുള്ള എല്ലാ കളിവസ്തുക്കളും അന്യായമാണ്. എന്നാല്‍ മൂന്ന് കാര്യങ്ങള്‍ അന്യായമല്ല. 1. അമ്പെയ്ത്ത് പരിശീലനം. 2. കുതിര പരിശീലനം. 3. ഭാര്യമായിട്ടുള്ള കളി-തമാശകള്‍. (മുസ്തദറക്, ഹാകിം). ഈ ഹദീസില്‍ പറയപ്പെട്ട മൂന്ന് കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കളിയില്‍ പെട്ടതല്ല. കാരണം കളിയെന്നാല്‍ മതപരവും ഭൗതികവുമായ ഒരു ഗുണവുമില്ലാത്ത കാര്യമാണ്. ഇവിടുത്തെ മൂന്ന് കാര്യങ്ങള്‍ക്ക് മതപരവും ഭൗതികവുമായി ധാരാളം ഗുണങ്ങളുണ്ട്. അമ്പിന്‍റെയും കുതിര സവാരിയുടെയും പരിശീലനങ്ങള്‍ ജിഹാദിന്‍റെ തയ്യാറെടുപ്പാണ്. ഭാര്യയോടുള്ള കളി-തമാശകള്‍, വൈവാഹിക ജീവിതത്തിന്‍റെ ഭാഗമാണ്. ആകയാല്‍ ഇവിടെ ബാഹ്യമായ രൂപത്തെ നോക്കിക്കൊണ്ടാണ് ഇവയെ കളിയെന്ന് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇവകള്‍ കളിയല്ല. ഇതുപോലെ ഈ മൂന്ന് കാര്യങ്ങളെക്കൂടാതെ മതപരമോ ഭൗതികമോ ആയ ഗുണങ്ങളുള്ള ധാരാളം കളികളുണ്ട്. അവകളും അനുവദനീയം മാത്രമല്ല, ഒരുനിലയ്ക്ക് ഉത്തമ കാര്യം കൂടിയാണ്.
ചുരുക്കത്തില്‍, മതപരമോ ഭൗതികമോ ആയ ഒരു ഗുണവുമില്ലാത്ത കാര്യങ്ങളെല്ലാം നിന്ദ്യവും വെറുക്കപ്പെട്ടതുമാണ്. മാത്രമല്ല, അവയില്‍ ചിലത് നിഷേധവും മറ്റുചിലത് നിഷിദ്ധവും കുറഞ്ഞ പക്ഷം വെറുക്കപ്പെട്ടതുമായിരിക്കും. ഗുണമില്ലാത്ത മുഴുവന്‍ കളികളും ഇതില്‍ പെട്ടതാണ്. ഹദീസില്‍ ഒഴിവാക്കിപ്പറഞ്ഞിരിക്കുന്ന കളികള്‍ യഥാര്‍ത്ഥത്തില്‍ കളികളല്ല. ഈ കാര്യം വേറെ ഹദീസുകളില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഉഖ്ബത്തുബ്നു ആമിര്‍ (റ) നിവേദനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: കുതിരയെ പരിശീലിപ്പിക്കലും കുടുംബവുമായി സല്ലപിക്കലും അമ്പെയ്ത്ത് പരിശീലിക്കലും കളിയില്‍ പെട്ടതല്ല. (അബൂദാവൂദ്, തിര്‍മിദി). ചുരുക്കത്തില്‍ ഇത്തരം കാര്യങ്ങള്‍ കളിയല്ല. യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങള്‍ കളിയാണ്. അവയ്ക്ക് പല സ്ഥാനങ്ങളുണ്ട്.
1. ദീനില്‍ നിന്നും നമ്മെയോ മറ്റുള്ളവരെയോ വഴി തെറ്റിക്കുന്ന കളികള്‍ നിഷേധമാണ്. ഉദാഹരണത്തിന് ഈ ആയത്തില്‍ പറയപ്പെട്ട കളിയെക്കുറിച്ച് വഴികേടെന്നും അതിന് ശിക്ഷയുണ്ടെന്നും അറിയിച്ചിരിക്കുന്നു. നസ്റുബ്നു ഹാരിസിന്‍റെ ഈ കളി ജനങ്ങളെ ഇസ്ലാമില്‍ നിന്നും തെറ്റിക്കാന്‍ കൂടിയുള്ളതായിരുന്നു. ആകയാല്‍ ഇത്തരം കളികള്‍ ഹറാമും നിഷേധത്തില്‍ കൊണ്ടെത്തിക്കുന്നതുമാണ്.
2. ഏതെങ്കിലും കളികള്‍ ഇസ്ലാമിക വിശ്വാസത്തില്‍ നിന്നും ജനങ്ങളെ വഴികെടുത്തുകയില്ലെങ്കിലും പാപങ്ങളില്‍ കുടുക്കുമെങ്കില്‍ അത് നിഷേധമല്ല. പക്ഷേ, ഹറാമും കടുത്ത പാപവുമാണ്. ചൂതാട്ടം പോലെ വിജയ-പരാജയങ്ങളുടെ മേല്‍ പൈസ കൈമാറുന്ന കളികളും നമസ്കാരം മുതലായ ഫര്‍ളുകള്‍ക്ക് തടസ്സം നില്‍ക്കുന്ന കളികളും ഇതില്‍ പെടുന്നതാണ്.
മ്ലേച്ഛവും അനാവശ്യവുമായ നോവലുകളും കവിതകളും അസത്യവാദികളുടെ രചനകളും വായിക്കരുത്. ഈ കാലഘട്ടത്തിലെ ധാരാളം യുവതീ-യുവാക്കള്‍ മ്ലേച്ഛമായ നോവലുകളും കവിതകളും കുറ്റവാളികളുടെ കഥകളും വായിക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഇതെല്ലാം നിഷിദ്ധമായ കളികളില്‍ പെടുന്നതാണ്. ഇതുപോലെ വഴികെട്ട അസത്യവാദികളുടെ രചനകളും പൊതുജനങ്ങള്‍ വായിക്കുന്നത് വഴികേടിന് കാരണമാകുന്നതിനാല്‍ അനുവദനീയമല്ല. (ഈ രചനകള്‍ക്ക് യുക്തമായ മറുപടി നല്‍കുന്നതിന് വേണ്ടി അടിയുറച്ച പണ്ഡിതര്‍ വായിക്കുന്നത് കൊണ്ട് കുഴപ്പമില്ല).
3. നിഷേധവും പരസ്യമായ പാപങ്ങളുമില്ലാത്ത കളികള്‍ വെറുക്കപ്പെട്ടതാണ്. കാരണം അതില്‍ പ്രയോജനമൊന്നുമില്ല. ആരോഗ്യവും സമയവും പാഴാക്കലുമാണ്.
കളിവസ്തുക്കളുടെ കച്ചവടം:
മേല്‍പ്പറയപ്പെട്ട വിവരണത്തില്‍ നിന്നും കളി വസ്തുക്കളുടെ കച്ചവടത്തിന്‍റെ നിയമവും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. നിഷേധവും വഴികേടും നിഷിദ്ധവും പാപകരവുമായ കളികള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്ന വസ്തുക്കള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിഷിദ്ധമാണ്. വെറുക്കപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന വസ്തുക്കളുടെ കച്ചവടം വെറുക്കപ്പെട്ടതാണ്. അനുവദനീയമായ കളികള്‍ക്ക് ഉപയോഗിക്കപ്പെടുന്ന വസ്തുക്കളുടെ കച്ചവടം അനുവദനീയവുമാണ്.
അനുവദനീയമായ കളികള്‍:
തടയപ്പെട്ട കളികള്‍ കൊണ്ടുള്ള ഉദ്ദേശം മതപരമോ ഭൗതികമോ ആയ ഒരു ഗുണവുമില്ലാത്ത കളികളാണെന്ന് മേല്‍ വിവരണത്തിലൂടെ മനസ്സിലായിക്കാണും. എന്നാല്‍ ആരോഗ്യം നിലനിര്‍ത്താനുള്ള വ്യായാമ കളികളും മത-ഭൗതിക ആവശ്യത്തിനുവേണ്ടിയുള്ള അഭ്യാസങ്ങളും അനുവദനീയമാണ്. കുറഞ്ഞ പക്ഷം ശരീരത്തിന്‍റെ ക്ഷീണം ദൂരീകരിക്കാനും ഉന്മേഷമുണ്ടാക്കാനും വേണ്ടിയായിരുന്നാലും അനുവദനീയം തന്നെ. അവയെ ജോലിയാക്കി സ്വീകരിക്കുകയും ഇതര അത്യാവശ്യ കാര്യങ്ങള്‍ക്ക് കുഴപ്പങ്ങള്‍ സംഭവിക്കാതിരിക്കുകയും ചെയ്താല്‍ ഇത്തരം കളികള്‍ അനുവദനീയവും മതപരമായ ആവശ്യം വെച്ചുകൊണ്ടാണെങ്കില്‍ പ്രതിഫലാര്‍ഹവുമാണ്. മേല്‍ പറയപ്പെട്ട ഹദീസില്‍ തടയപ്പെട്ട കളികള്‍ക്കിടയില്‍ നിന്നും അമ്പെയ്ത്തും കുതിര പരിശീലനവും ഭാര്യമായിട്ടുള്ള കളികളും ഒഴിവാക്കിയത് ശ്രദ്ധിച്ച് കാണുമല്ലോ. ഈ വിഷയത്തിലുള്ള മറ്റുചില ഹദീസുകള്‍ താഴെ കൊടുക്കുന്നു.
ഇബ്നു അബ്ബാസ് (റ) നിവേദനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സത്യവിശ്വാസിയുടെ ഏറ്റവും നല്ല കളി നീന്തലാണ്. സത്യവിശ്വാസിയുടെ ഏറ്റവും നല്ല കളി ചര്‍ക്കയില്‍ നൂല്‍ കോര്‍ക്കലാണ്. (ജാമിഉസ്സഗീര്‍). സല്‍മത്തുബ്നു അഖ്വഅ് (റ) വിവരിക്കുന്നു: ഒരു അന്‍സാരി വലിയ ഓട്ടക്കാരനായിരുന്നു. ആരും അദ്ദേഹത്തെ തോല്‍പ്പിച്ചിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം ഓട്ട മത്സരത്തിന് മറ്റുള്ളവരെ വെല്ലുവിളിച്ചു. ഞാന്‍ അനുവാദം ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അനുവദിച്ചു. ഞാന്‍ ഓട്ട മത്സരം നടത്തുകയും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. (മുസ്ലിം). ഓട്ടത്തിന്‍റെയും നടത്തത്തിന്‍റെയും പരിശീലനവും മത്സരവും അനുവദനീയമാണെന്ന് ഇതിലൂടെ മനസ്സിലാകുന്നു. റുകാന എന്ന പേരുള്ള ഒരു പ്രസിദ്ധ മല്ലന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ഗുസ്തിയ്ക്ക് വിളിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അത് സ്വീകരിച്ച് ഗുസ്തി നടത്തുകയും അദ്ദേഹത്തെ മലര്‍ത്തി അടിയ്ക്കുകയും ചെയ്തു. (അബൂദാവൂദ്). എത്യോപ്യയിലെ കുറച്ച് യുവാക്കള്‍ മദീനയില്‍ വെച്ച് ആയുധ പരിശീലനത്തിന് വേണ്ടി കുന്തവും മറ്റും കൊണ്ട് കളിക്കുമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആഇശ (റ) യെ പുറകില്‍ നിര്‍ത്തി പ്രസ്തുത കളി കാണിച്ച് കൊടുത്തു. (മുസ്ലിം). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരോട് പറഞ്ഞു: നന്നായി ചാടുകയും കളിക്കുകയും ചെയ്യുക. (ബൈഹഖി). മറ്റൊരിക്കല്‍ അരുളി: നിങ്ങളുടെ മതത്തില്‍ പരുക്കന്‍ രീതി ഉണ്ടാകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. (ബൈഹഖി). പരിശുദ്ധ ഖുര്‍ആന്‍-ഹദീസുകള്‍ പഠിപ്പിച്ച് ശീലിക്കുന്ന സമയത്ത് ചില സ്വഹാബികള്‍ കവിതാ ശകലങ്ങളും ചരിത്ര കഥകളും അനുസ്മരിച്ച് ഉല്ലസിക്കുമായിരുന്നു. (കഫ്ഫുര്‍രിആഅ്). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങളുടെ മനസ്സുകള്‍ക്ക് ഇടയ്ക്കിടെ വിശ്രമം നല്‍കുക. (അബൂദാവൂദ്). മനസ്സിനും മസ്തിഷ്കത്തിനും ഉന്മേശം നല്‍കുന്നതിന് കുറച്ച് സമയം ചിലവഴിക്കാമെന്ന് ഇതിലൂടെ മനസ്സിലാകുന്നു. ചുരുക്കത്തില്‍, മേല്‍പ്പറയപ്പെട്ട കാര്യങ്ങള്‍ അനുവദനീയമാണ്. എന്നാല്‍ ഇവയുടെയെല്ലാം ലക്ഷ്യം നന്നായിരിക്കണം. കളിക്കാന്‍ വേണ്ടി കളിക്കുന്ന അവസ്ഥയുണ്ടാകരുത്. അതുപോലെ ഇവ ആവശ്യത്തിന് മാത്രമായിരിക്കണം. പരിധി ലംഘനവും അമിതത്വവും പാടില്ല.
വ്യക്തമായി തടയപ്പെട്ടിരിക്കുന്ന ചില കളികള്‍:
എന്നാല്‍ ബാഹ്യമായ ചില ഗുണങ്ങളുണ്ടായിട്ടും ഏതാനും കളികളെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിരോധിച്ചിട്ടുണ്ട് എന്ന കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. വിജയ-പരാജയങ്ങളില്‍ പണം കൊടുത്തുകൊണ്ടുള്ള ചതുരംഗം പോലുള്ളത് ഖണ്ഡിതമായും നിഷിദ്ധമാണ്. വെറും മനസ്സ് സന്തുഷ്ടമാക്കാന്‍ വേണ്ടി മാത്രമാണെങ്കിലും ഇത് തടയപ്പെട്ടിരിക്കുന്നു. ബുറൈദ (റ) നിവേദനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ചതുരംഗം കളിക്കുന്നവര്‍ പന്നിയുടെ ചോരയില്‍ കൈ മുക്കിയവനെപ്പോലെയാണ്. (മുസ്ലിം). ഒരു നിവേദനത്തില്‍ ശപിക്കപ്പെട്ടതായും വന്നിരിക്കുന്നു. (നസ്ബുര്‍റായ). ഇതുപോലെ പ്രാവിനെ പിടിച്ചുകൊണ്ടുള്ള കളിയും തടയപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്). ഇത്തരം കളികളിലൂടെ നമസ്കാരം പോലുള്ള അവശ്യ കാര്യങ്ങളില്‍ നിന്നും അശ്രദ്ധ സംഭവിക്കുന്നതിനാലാണ് ഇവ നിരോധിക്കപ്പെട്ടിരിക്കുന്നത്.
ഗാനത്തിന്‍റെയും ഗാനോപകരണങ്ങളുടെയും നിയമങ്ങള്‍:
മേല്‍ പറയപ്പെട്ട ആയത്തിലെ ലഹ് വുല്‍ ഹദീസ് എന്നതിന് ഏതാനും സ്വഹാബികള്‍ ഗാനമെന്നാണ് ആശയം പറഞ്ഞിട്ടുള്ളത്. ഇതര മഹത്തുക്കള്‍ ഇതിന് അല്ലാഹുവില്‍ നിന്നും മറപ്പിക്കുന്ന കാര്യങ്ങളെന്ന് പൊതുവായ അര്‍ത്ഥമാണ് നല്‍കിയതെങ്കിലും ഗാനം അതില്‍ പെടും എന്നതില്‍ സംശയമില്ല. സൂറത്തുല്‍ ഫുര്‍ഖാനിലെ 72-ാം ആയത്തിലെ അവര്‍ കളവുകള്‍ക്ക് ഹാജരാകുന്നതല്ല എന്ന വാക്യത്തിന് ഇമാം അബൂഹനീഫ, മുജാഹിദ്, മുഹമ്മദുബ്നുല്‍ ഹനഫിയ്യ എന്നീ മഹാന്മാര്‍ ഗാനമെന്നാണ് ആശയം പറഞ്ഞിരിക്കുന്നത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്‍റെ സമുദായത്തിലെ ഒരു കൂട്ടം മദ്യപാനം നടത്തുന്നതാണ്. അവര്‍ അതിന് വേറെ പേര് വെക്കും. അവരുടെ മുന്നില്‍ ഗാനോപകരണങ്ങള്‍ വെച്ചുകൊണ്ട് സ്ത്രീകള്‍ ഗാനമാലപിക്കും. അല്ലാഹു ഇവരെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതാണ്. ചിലരുടെ രൂപം മറിച്ച് കുരങ്ങന്മാരും പന്നികളുമാക്കുന്നതാണ്. (ഇബ്നുഹിബ്ബാന്‍). ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹു മദ്യവും ചൂതാട്ടവും തബലയും നിഷിദ്ധമാക്കി. ലഹരിയുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും നിഷിദ്ധമാണ്. (അഹ്മദ്). അബുഹുറയ്റ (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സത്യനിഷേധികളില്‍ നിന്നും നിയമാനുസൃതം വാങ്ങിയതായ ധനത്തെ സ്വന്തം ധനമായി കാണുകയും, വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട ധനം ഗനീമത്ത് (പ്രഥനം) ആയി മനസ്സിലാക്കുകയും, സകാത്തിനെ പിഴയായി ഗണിക്കുകയും, ദീനില്ലാത്തതിന് വേണ്ടി ദീനീവിജ്ഞാനം കരസ്ഥമാക്കുകയും, പുരുഷന്‍ ഭാര്യയെ അനുസരിക്കുകയും, സ്വന്തം മാതാവിന്‍റെ മനസ്സ് നോവിക്കുകയും, സുഹൃത്തിനെ അടുപ്പിക്കുകയും, പിതാവിനെ അകറ്റുകയും, പള്ളികളില്‍ ശബ്ദങ്ങള്‍ ഉയരുകയും, ദുഷ്ക്കര്‍മ്മികള്‍ ഗോത്രതലവന്മാരാകുകയും, സമൂഹത്തിന്‍റെ താഴേക്കിടയിലുള്ളവന്‍ സമൂഹനായകനാകുകയും, നാശമുണ്ടാക്കാതിരിക്കാന്‍വേണ്ടി ഒരാള്‍ ആദരിക്കപ്പെടുകയും, ഗായികകളും, ഗാനമാധ്യമങ്ങളും പ്രത്യക്ഷപ്പെടുകയും, മദ്യപാനം പരസ്യമാകുകയും, ഈ സമുദായത്തിലെ പിന്‍ഗാമികള്‍ മുന്‍ഗാമികളെ ശപിക്കുകയും ചെയ്താല്‍ ചുവന്ന കൊടുങ്കാറ്റും ഭൂകമ്പവും ഭൂമിയില്‍ ആഴ്ന്നുപോകലും, രൂപം മാറി മറിയലും ആകാശത്തുനിന്നും കല്‍മഴ പെയ്യലും അന്ത്യനാളിന്‍റെ ഇതര അടയാളങ്ങളും പ്രതീക്ഷിച്ചുകൊള്ളുക. മാല പൊട്ടി മുത്തുകള്‍ തുടരെത്തുടരെ വീഴുന്നതുപോലെ അത് തുടര്‍ച്ചയായി സംഭവിക്കുന്നതാണ്. (തിര്‍മിദി)
ഒരു പ്രധാന കുറിപ്പ്: ഈ ഹദീസിന്‍റെ വചനങ്ങള്‍ പല പ്രാവശ്യം വായിക്കുക. അതിലൂടെ ഇന്നത്തെ ലോകത്തിന്‍റെ പൂര്‍ണ്ണ ചിത്രം കാണാന്‍ സാധിക്കുന്നതാണ്. മുസ്ലിംകള്‍ ഈ പാപങ്ങളില്‍ കുടുങ്ങുക മാത്രമല്ല, മുന്നേറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഈ പാപങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാനും അകറ്റി നിര്‍ത്താനും പരിശ്രമിക്കണമെന്ന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതെ, ഈ പാപങ്ങള്‍ വ്യാപകമാകാതിരിക്കാന്‍ വേണ്ടിയാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നേരത്തെതന്നെ ഇത് അറിയിച്ചത്. വ്യാപകമായാല്‍ ഇതില്‍ പറയപ്പെട്ട ശിക്ഷ എല്ലാവര്‍ക്കും വന്നിറങ്ങുന്നതാണ്. തുടര്‍ന്ന് ലോകാവസാനത്തിന്‍റെ അന്തിമ അടയാളങ്ങള്‍ മുന്നില്‍ വരുന്നതും ലോകം തകരുന്നതുമാണ്. ഈ പാപങ്ങളില്‍ സ്ത്രീകളുടെ ഗാനമേളകളെയും ഗാനോപകരണങ്ങളെയും പ്രത്യേകം അനുസ്മരിച്ചിരിക്കുന്നതിനാലാണ് ഈ ഹദീസ് ഇവിടെ ഉദ്ധരിച്ചത്. ഇത് കൂടാതെ ഗാനമേളകളെ നിഷിദ്ധമായി പ്രഖ്യാപിക്കുകയും അതിന്‍റെ പേരില്‍ കടുത്ത മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്ത വേറെയും ധാരാളം ഹദീസുകളുണ്ട്. അവയെല്ലാം വിനീതന്‍ അഹ്കാമുല്‍ ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഗാനോപകരണമില്ലാതെ സുന്ദര ശബ്ദത്തില്‍ അനുവദനീയ കവിതകള്‍ പാടാവുന്നതാണ്. എന്നാല്‍ മേല്‍ പറഞ്ഞതിന് വിരുദ്ധമായി ചില നിവേദനങ്ങളില്‍ ഗാനാലാപനം അനുവദനീയമാണെന്നും വന്നിട്ടുണ്ട്. പ്രസ്തുത രിവായത്തുകളും വിനീതന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇത് രണ്ടിന്‍റെയും സംയോജനം ഇപ്രകാരമാണ്: അന്യ സ്ത്രീകള്‍ പാടുകയോ ഗാനോപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണ്. ഇതിനെയാണ് ഖുര്‍ആന്‍-ഹദീസുകള്‍ തടഞ്ഞിട്ടുള്ളത്. എന്നാല്‍ സുന്ദര ശബ്ദത്തില്‍ പാടുകയും പാടുന്നവര്‍ സ്ത്രീകളോ സുന്ദര ബാലന്മാരോ അല്ലാതിരിക്കുകയും ഗാനത്തിന്‍റെ ഉള്ളടക്കം മ്ലേച്ഛമോ പാപകരമോ ആകാതിരിക്കുകയും ചെയ്താല്‍ അത് അനുവദനീയമാണ്. ഗാനം ശ്രവിച്ചതായി ചില സൂഫിയാക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇത്തരം ഗാനങ്ങളെക്കുറിച്ചാണ്. കാരണം അവര്‍ ശരീഅത്തിനെ പിന്‍പറ്റുന്നതിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അനുകരിക്കുന്നതിലും വളരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ്. അവരില്‍ നിന്നും ഇത്തരം പാപങ്ങള്‍ ഉണ്ടാകുമെന്ന് സങ്കല്‍പ്പിക്കുക പോലും സാധ്യമല്ല. അഗാധ ജ്ഞാനികളായ സൂഫിവര്യന്മാര്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഈ വിഷയത്തിലുള്ള നാല് മദ്ഹബുകളുടെ ഇമാമുകളുടെയും സൂഫിവര്യന്മാരുടെയും വചനങ്ങള്‍ ഉപര്യുക്ത കൃതിയില്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഈ ചുരുങ്ങിയ വിവരണം കൊണ്ട് മതിയാക്കുന്നു. അല്ലാഹു സഹായിക്കട്ടെ.!
ലൗ ജിഹാദ്:
സത്യമോ മിഥ്യയോ.?
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
സര്‍വ്വലോക പരിപാലകനായ പടച്ചവന്‍ മനുഷ്യപ്രകൃതിയെ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന നിലയിലാണ് പടച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അവന്‍റെ സുഖ-സന്തോഷങ്ങളുടെ സന്ദര്‍ഭങ്ങളില്‍ അവന്‍റെ സന്തോഷത്തില്‍ പങ്കാളികളാകാന്‍ സാധ്യതയുള്ളവരെ അവന്‍ അന്വേഷിക്കുന്നതാണ്. ഈ പങ്കാളിത്വത്തിലൂടെ അവന്‍റെ സന്തോഷം ഇരട്ടിയാകുന്നതാണ്. ഇപ്രകാരം ദു:ഖവേളകളില്‍ അവന്‍റെ ദു:ഖത്തില്‍ സഹതപിക്കാന്‍ കഴിയുന്നവരെയും അവന്‍ തേടും. അവരിലൂടെ അവന്‍റെ ദു:ഖത്തിന് സമാശ്വാസം ലഭിക്കുകയും ചെയ്യും. ഈ സ്നേഹ ബന്ധങ്ങള്‍ കൂടുതലും പ്രകൃതിപരമായ ബന്ധങ്ങള്‍ തന്നെയായിരിക്കും. അതായത് മാതാപിതാക്കളെപ്പോലെ അവരെ തെരഞ്ഞെടുക്കുന്നതില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ മനുഷ്യ ജീവിതത്തില്‍ ഇതുമായി ബന്ധപ്പെട്ട അത്ഭുതകരമായ മറ്റൊരു ബന്ധമുണ്ട്. പ്രസ്തുത ബന്ധം മനുഷ്യന്‍റെ ഇഷ്ടമനുസരിച്ച് തെരഞ്ഞെടുക്കുന്നതാണ്. അതാണ് വിവാഹം. വൈവാഹിക ബന്ധത്തില്‍ കണ്ണികളാകുന്ന പുരുഷനും സ്ത്രീയും ഒരു കുടുംബക്കാരനും ഒരു നാട്ടുകാരനും ഒരു ഭാഷക്കാരനും ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പലപ്പോഴും തീര്‍ത്തും അന്യരായ ആളുകള്‍ക്കിടയിലാണ് ഈ ബന്ധം മൊട്ടിട്ട് വളര്‍ന്ന് പന്തലിക്കുന്നത്. പക്ഷേ, ഈ ബന്ധം വളരെയധികം സ്നേഹവും ഇണക്കവും കാരുണ്യവും അടുപ്പവും സമ്മാനിക്കുന്നു. ഇതിന്‍റെ ആഴവും പരപ്പും നിരവധി സന്ദര്‍ഭങ്ങളില്‍ മറ്റെല്ലാ ബന്ധങ്ങളെക്കാളും ശക്തമാകുന്നതും ഇതര ബന്ധങ്ങള്‍ ഇതിന് മുന്നില്‍ അപ്രസക്തമാകുന്നതുമാണ്. ഈ ബന്ധത്തിന്‍റെ വലിയൊരു പ്രത്യേകത ഇത് ഒരു താല്‍ക്കാലിക ബന്ധമല്ലാ എന്നുള്ളതാണ്. ഇരുവരുടെയും മരണം വരെയുള്ള ഭാവി ഇതില്‍ ബന്ധിതമായിരിക്കുന്നു. ഇരുവരും ഒത്തൊരുമിച്ച് മാതാപിതാക്കളാവുകയും ഇരുവരുടെയും കരളിന്‍റെ കഷ്ണങ്ങളായ സന്താനങ്ങളെ വളര്‍ത്തുകയും ചെയ്യുന്നു. മുമ്പൊരിക്കല്‍ സുന്ദര സ്വപ്നങ്ങളില്‍ മാത്രം കഴിഞ്ഞിരുന്ന ഇരുവരും വിവാഹത്തിന് ശേഷം അടുത്ത ഒരു തലമുറയുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുന്നു.
ഈ കാരണങ്ങളാല്‍ തന്നെ വൈവാഹിക ബന്ധത്തില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ കൂടുതലായി യോജിപ്പും ഇണക്കവും ഉണ്ടായിരിക്കേണ്ടതാണ്. ഈ യോജിപ്പുകള്‍ ബന്ധത്തെ ശക്തമാക്കുന്നതാണ്. ഈ കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്താതെ ധൃതിപിടിച്ച് വൈവാഹിക ബന്ധം സ്ഥാപിക്കാന്‍ പാടില്ല. അതെ, വൈവാഹിക ബന്ധം മനസ്സുകളുടെ കൈമാറ്റമാണ്. ഇതൊന്നും നോക്കാതെ കരളുകള്‍ എറിഞ്ഞ് കൊടുക്കുകയും വിവാഹം നടത്തുകയും ചെയ്യുന്നവരുടെ വൈവാഹിക ബന്ധം പലപ്പോഴും ഉറപ്പില്ലാത്തതായി തീരുന്നു. ഈ യോജിപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വിശ്വാസ-വീക്ഷണങ്ങളിലുള്ള യോജിപ്പാണ്. നാമൊന്ന് ചിന്തിക്കുക: ഒരു വ്യക്തി ഏകനായ പടച്ചവനെ അംഗീകരിക്കുന്നവനാണ്. അല്ലാഹുവല്ലാത്ത ആരുടെയെങ്കിലും മുന്നില്‍ സാഷ്ടാഗം ചെയ്യുന്നതിനെ വലിയ പാപമായി കാണുന്നു. ഇദ്ദേഹത്തോടൊപ്പം നൂറ് കണക്കിന് ദൈവങ്ങളെ ആരാധിക്കുന്നവര്‍ ഇരുപത്തിനാല് മണിക്കൂര്‍ നേരം എങ്ങനെ കഴിച്ച് കൂട്ടാനാണ്. ഇരുവരുടെയും മതപരമായ ചടങ്ങുകളും പെരുന്നാളുകളും വരുമ്പോള്‍ അവര്‍ ഓരോരുത്തരും അവരുടെ വിശ്വാസത്തിന്‍റെ വിഷയത്തില്‍ ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍ അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടാകാതിരിക്കുമോ.? മക്കളുടെ വിദ്യാഭ്യാസത്തിന്‍റെയും മതബോധത്തിന്‍റെയും സമയമാകുമ്പോള്‍ പരസ്പരം പിടിവലി നടക്കുകയില്ലേ.? ഈ കാരണത്താല്‍ തന്നെയാണ് ഇസ്ലാമിക വീക്ഷണത്തില്‍ മതങ്ങള്‍ എതിരായ ആളുകള്‍ പരസ്പരം വിവാഹം കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞിരിക്കുന്നത്. ഇത്തരം വിവാഹങ്ങളെ മൂന്ന് ഭാഗമായി തിരിക്കാം.
ഒന്ന്, ഒരു മുസ്ലിം പെണ്‍കുട്ടി അമുസ്ലിമായ ആണ്‍കുട്ടിയുമായി വിവാഹം കഴിക്കാന്‍ പാടില്ല. ഈ അമുസ്ലിം യഹൂദിയോ ക്രൈസ്തവനോ നിഷേധിയോ ബഹുദൈവാരാധകനോ ഹൈന്ദവനോ ബുദ്ധിസ്റ്റോ ആരുമായിക്കൊള്ളട്ടെ. ഇതിന്‍റെ കാരണം വ്യക്തമാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രതികൂല സാഹചര്യത്തില്‍ വിശ്വാസം സംരക്ഷിക്കുക പ്രയാസകരമാണ്. രണ്ട്, ഒരു മുസ്ലിം പുരുഷന്‍ യഹൂദ നസ്രാണികളല്ലാത്ത അമുസ്ലിം സ്ത്രീകളെ ആരെയും വിവാഹം കഴിക്കാന്‍ പാടില്ല. ഇതില്‍ ഹൈന്ദവ-സഹോദരിമാരും പെടുന്നുവെന്ന കാര്യം വ്യക്തമാണ്. മൂന്ന്, മുസ്ലിം പുരുഷന്‍ യഹൂദ-നസ്രാണി സ്ത്രീയുമായി വിവാഹം കഴിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം: ഒന്നാമതായി, ഇവര്‍ യഹൂദിയോ ക്രിസ്ത്യാനിയോ ആണെന്ന കാര്യം വെറും ഗവര്‍മെന്‍റ് ലിസ്റ്റില്‍ മാത്രം ഒതുങ്ങിയാല്‍ മതിയാകുന്നതല്ല. ഇന്നത്തെ പാശ്ചാത്യ ലോകത്തിന്‍റെ അവസ്ഥ പോലെ വെറും രേഖകളില്‍ യഹൂദി അല്ലെങ്കില്‍ ക്രിസ്ത്യാനി എന്ന് എഴുതിയാല്‍ ശരിയാവുകയില്ല. മറിച്ച് അവര്‍ യഥാര്‍ത്ഥ യഹൂദിയോ നസ്രാണിയോ ആയിരിക്കണം. അതായത് പടച്ചവനിലും പ്രവാചകനിലും വേദത്തിലും പരലോകത്തിലും വിശ്വസിക്കുന്നവനായിരിക്കണം. രണ്ടാമതായി ഇവരെ വിവാഹം കഴിക്കാന്‍ അനുവാദമുണ്ടെങ്കിലും കറാഹത്ത് ആണ്. ഉമറുല്‍ ഫാറൂഖ് (റ) സിറിയയില്‍ മുസ്ലിംകള്‍ യഹൂദ-നസ്രാണി സ്ത്രീകളെ വിവാഹം കഴിക്കുന്നതായി അറിഞ്ഞപ്പോള്‍ ശക്തിയുക്തം വിലക്കുകയുണ്ടായി. കാരണം ഇതിലൂടെ മുസ്ലിം കുടുംബങ്ങളില്‍ അനിസ്ലാമിക വിശ്വാസങ്ങളും സംസ്കാരങ്ങളും നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ട്. കൂടാതെ, രാഷ്ട്രീയ-പ്രതിരോധ മേഖലകളില്‍ ഈ സ്ത്രീകള്‍ കാരണം വലിയ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തേക്കാം. ജനറല്‍ അക്ബര്‍ ഖാന്‍ ഹദീസെ ദിഫാഅ് എന്ന പ്രവാചക ചരിത്ര ഗ്രന്ഥത്തില്‍ നാമെല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ട വിഷയങ്ങള്‍ എഴുതിയിരിക്കുന്നു. അതില്‍ അദ്ദേഹം കുറിക്കുന്നു: 1967-ലെ അറബ്-ഇസ്റാഈല്‍ പോരാട്ടത്തില്‍ ഈജിപ്തിന്‍റെയും സിറിയയുടെയും പരാജയത്തിന്‍റെ അടിസ്ഥാന കാരണം അവരുടെ വലിയ കമാണ്ടര്‍മാരുടെ ഭാര്യമാര്‍ യഹൂദികളോ നസ്രാണികളോ ആയിരുന്നതാണ്. യുദ്ധത്തിന്‍റെ മുഴുവന്‍ രഹസ്യങ്ങളും അവര്‍ വഴി ഓരോ നിമിഷങ്ങളിലും ഇസ്റാഈലിന് ലഭിക്കുകയുണ്ടായി.! ഖേദകരമെന്ന് പറയട്ടെ, അറബികളുടെ കണ്ണുകള്‍ ഇതുവരെയും തുറന്നിട്ടില്ല. ഈജിപ്തിലെ ഇന്നത്തെ ഏകാധിപതി സീസിയുടെ മാതാവ് യഹൂദിയായിരുന്നു. അദ്ദേഹത്തിന്‍റെ മാതൃസഹോദരന്‍ ദീര്‍ഘനാള്‍ ഇസ്റാഈലിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ജോര്‍ദാന്‍ രാജാവിന്‍റെ ഭാര്യ നസ്രാണിയാണ്. യാസര്‍ അറഫാത്തിന്‍റെ ഭാര്യയും നസ്രാണിയാണ്.! മുസ്ലിം രാഷ്ട്ര നേതാക്കന്മാരുടെ ഈ അവസ്ഥ മുസ്ലിം രാഷ്ട്രങ്ങളെയെല്ലാം വളരെ ബലഹീനമാക്കിയിട്ടുണ്ട്. നിഷേധികളായ ശക്തികളിലേക്ക് കണ്ണുരുട്ടി നോക്കാനോ അവര്‍ക്കെതിരില്‍ പ്രതിഷേധ ശബ്ദം ഉയര്‍ത്താനോ ആര്‍ക്കും ധൈര്യമില്ല.! ഈ കാരണങ്ങളാല്‍ ഉമറുല്‍ ഫാറൂഖ് (റ) മുസ്ലിംകള്‍ക്ക് നല്‍കിയ ഈ നിര്‍ദ്ദേശം മഹാനരുടെ വിശ്വാസപരവും ഉള്‍ക്കാഴ്ച്ച നിറഞ്ഞതുമായ വീക്ഷണം തന്നെയാണ്.
ചുരുക്കത്തില്‍ ബഹുദൈവാരാധകരായ പുരുഷന്മാരുമായി മുസ്ലിം സ്ത്രീയോ, ഹൈന്ദവ സ്ത്രീയുമായി മുസ്ലിം പുരുഷനോ വിവാഹം കഴിക്കാന്‍ ഇസ്ലാമികമായി ഒരു വഴിയുമില്ല. യഥാര്‍ത്ഥ്യം ഇത്ര വ്യക്തമായിട്ടും വര്‍ഗ്ഗീയ വാദികളായ ചില ശക്തികള്‍ ലൗ ജിഹാദ് എന്ന പേരില്‍ ഒരു കെട്ടുകഥ പടച്ചുണ്ടാക്കിയിരിക്കുകയാണ്. ഇസ്ലാമില്‍ ഇതിന് വല്ല പഴുതുമുണ്ടായിരിക്കുകയും ഇസ്ലാമിക പ്രചാരണത്തിന് വഴിയാക്കാന്‍ സാധിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇസ്ലാം ഒരിക്കലും ഇതിനെ തടയുകയില്ലായിരുന്നു. മറിച്ച് ഇന്നത്തെ പാശ്ചാത്യ ലോകത്തെപ്പോലെ ഇതിനെ പ്രേരിപ്പിക്കുമായിരുന്നു. എന്നാല്‍ ഇസ്ലാം ഏതെങ്കിലും പുരുഷനോ സ്ത്രീയോ വിവാഹം ആഗ്രഹിച്ചുകൊണ്ട് ഇസ്ലാം സ്വീകരിക്കുന്നതിന് പോലും ഇഷ്ടപ്പെടുന്നില്ല. പടച്ചവന്‍റെ പൊരുത്തവും സന്മാര്‍ഗ്ഗ പ്രാപ്തിയും ലക്ഷ്യമിട്ട് മാത്രമേ ഇസ്ലാം സ്വീകരിക്കാന്‍ പാടുള്ളൂ.
പ്രവാചക യുഗത്തില്‍ മക്കാ വിജയത്തിന് മുമ്പുവരെ മദീനയിലേക്ക് ഹിജ്റ ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഒരു വ്യക്തി ഇസ്ലാം സ്വീകരിച്ചു. പക്ഷേ, ജന്മ നാടിനോടുള്ള പ്രകൃതിപരമായ സ്നേഹത്തിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ മനസ്സ് ഹിജ്റ ചെയ്യാന്‍ സമ്മതിച്ചില്ല. എന്നാല്‍ അദ്ദേഹം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച സ്ത്രീ അദ്ദേഹം പാലായനം ചെയ്താല്‍ മാത്രമേ, വിവാഹത്തിന് സന്നദ്ധമാവുകയുള്ളൂ എന്ന് നിര്‍ബന്ധം പിടിച്ചു. അവസാനം അദ്ദേഹം ഹിജ്റ ചെയ്തു. പക്ഷേ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. ഇത്തരുണത്തില്‍ സുപ്രസിദ്ധമായ വചനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുള്‍ ചെയ്തു: തീര്‍ച്ചയായും കര്‍മ്മങ്ങളുടെ സ്വീകാര്യതയുടെയും പ്രതിഫലത്തിന്‍റെയും അടിസ്ഥാനം ഉദ്ദേശ ലക്ഷ്യങ്ങളുടെ മേലാകുന്നു. അല്ലാഹുവിന്‍റെയും ദൂതന്‍റെയും തൃപ്തി ലക്ഷ്യമിട്ടുകൊണ്ട് ഹിജ്റ ചെയ്തവന്‍ അല്ലാഹുവിലേക്കും റസൂലിലേക്കും ഹിജ്റ ചെയ്തവനാണ്.! അതായത് അല്ലാഹു അവന് ഹിജ്റയുടെ സമുന്നത പ്രതിഫലം നല്‍കുന്നതാണ്. ആരെങ്കിലും വിവാഹത്തിനുവേണ്ടിയോ ഏതെങ്കിലും ഭൗതിക താല്‍പ്പര്യത്തിനുവേണ്ടിയോ ഹിജ്റ ചെയ്താല്‍ അവന് ഹിജ്റയുടെ പ്രതിഫലം ലഭിക്കുന്നതല്ല. (ബുഖാരി).
അതെ, ആരെങ്കിലും മനസ്സിന്‍റെ തൃപ്തിയോടെ ഇസ്ലാം സ്വീകരിക്കാതിരിക്കുകയും ഇന്ന വ്യക്തിയുമായി വിവാഹം നടക്കണം എന്ന പേരില്‍ മാത്രം മുസ്ലിമാവുകയും ചെയ്തവരുടെ അവസ്ഥ സംശയാസ്പദമാണ്. അവര്‍ ഈ അവസ്ഥയില്‍ തന്നെ നിലയുറപ്പിക്കുന്നത് ഒരുതരം കാപട്യമാണ്. പരലോകത്തിലും അവര്‍ നഷ്ടവാളികളാകാന്‍ സാധ്യതയുണ്ട്.
ഇന്ത്യാ രാജ്യത്തുള്ള മുസ്ലിംകള്‍ ഹലാല്‍-ഹറാമുകളുടെ പരിധി അതിര്‍ത്തികളെ ശ്രദ്ധിക്കുന്നവരാണ്. പരിഗണനീയരും ദീനീ ബോധവുമുള്ളവരായ മുസ്ലിംകളാരും അമുസ്ലിം പെണ്‍കുട്ടികളെ വിവാഹത്തിലൂടെ സ്വന്തമാക്കാന്‍ ഇന്നുവരെയും പരിശ്രമിച്ചിട്ടില്ല. ചിലര്‍ അക്ബര്‍ ചക്രവര്‍ത്തി ജൂദാബായിയുമായി നടത്തിയ വിവാഹത്തെ ഉയര്‍ത്തിക്കാട്ടാറുണ്ട്. എന്നാല്‍ ഈ വിവാഹം രജപുത്രന്മാരുടെ താല്‍പ്പര്യ പ്രകാരം നടന്നതാണ്. കൂടാതെ, അക്ബറിന്‍റെ പ്രവര്‍ത്തനത്തെ മുസ്ലിംകളുടെ തലയില്‍ വെച്ചുകെട്ടാന്‍ അദ്ദേഹം ദീനീ ബോധമുള്ള മുസ്ലിമോ പണ്ഡിതനോ ആയിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ആരെങ്കിലും സ്വന്തം മനസ്സാക്ഷിയുടെ പ്രേരണ പ്രകാരം ഏതെങ്കിലും മതം സ്വീകരിക്കാനും പ്രസ്തുത മതസ്ഥരുമായി വിവാഹം കഴിക്കാനും നമ്മുടെ രാജ്യത്തിന്‍റെ നിയമം അനുവദിക്കുന്നുണ്ട്. മതം മാറാന്‍ വേണ്ടിയുള്ള വിവാഹമെന്ന് ഇതിന് പറയപ്പെടുന്നതല്ല. ഇന്നത്തെ ഇടകലര്‍ന്ന സാഹചര്യത്തില്‍ ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു മതത്തിലെ വ്യക്തിയുമായി വിവാഹ ബന്ധം സ്ഥാപിച്ചാല്‍ അതിന് മതവുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യാ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വളരെ മുമ്പ് മുതല്‍ നടന്നിരുന്നു. ഇന്നും നടക്കുന്നുണ്ട്. മഹാത്മാ ഗാന്ധിജിയുടെ കുടുംബത്തില്‍ പോലും ഇതിന് ഉദാഹരണങ്ങളുണ്ട്.
വ്യാജ നിര്‍മ്മിത കഥകളെ പര്‍വ്വതീകരിച്ച് പ്രശ്നങ്ങളുണ്ടാക്കുന്ന വര്‍ഗ്ഗീയ വാദികളുടെ വീടുകളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി അരങ്ങേറുന്നതെന്ന കാര്യം ആശ്ചര്യകരമാണ്. ബി.ജെ.പിയുടെ നിരവധി ഉന്നത നേതാക്കളുടെ പെണ്‍മക്കളും സഹോദരിമാരും അവരുടെ സ്വന്തം ഇഷ്ട പ്രകാരം മാത്രമല്ല, നിര്‍ബന്ധ പ്രകാരം മുസ്ലിംകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇപ്രകാരം ചില അമുസ്ലിം പുരുഷന്മാര്‍ മുസ്ലിം സ്ത്രീകളുമായി വിവാഹ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ചിലവേള പ്രേമം മൂത്ത മുസ്ലിം പ്രേമി ഹൈന്ദവ സ്ത്രീയെ വിവാഹം കഴിക്കുന്നതിന് ഇസ്ലാമിനെ ഉപേക്ഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമാ ലോകത്ത് ഇതിനുള്ള ഉദാഹരണങ്ങള്‍ ധാരാളമാണ്. ചുരുക്കത്തില്‍ ഇത്തരം വിവാഹങ്ങള്‍ക്ക് പിന്നില്‍ മത പ്രചാരണത്തിന്‍റെ യാതൊരുവിധ താല്‍പ്പര്യങ്ങളുമില്ല. കൂടാതെ, ഇതില്‍ മതങ്ങള്‍ക്കിടയില്‍ യാതൊരു വ്യത്യാസവുമില്ല. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ക്ക് ലൗ ജിഹാദ് എന്ന പേര് നല്‍കുന്നത് പച്ചക്കള്ളവും വഞ്ചനയിലൂടെ രാഷ്ട്രീയ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള നിന്ദ്യമായ പരിശ്രമവും മാത്രമാണ്.
ഇവിടെ പണ്ഡിതര്‍ക്കും പ്രഭാഷകര്‍ക്കും വലിയൊരു ഉത്തരവാദിത്വം കൂടിയുണ്ടെന്ന് ഉണര്‍ത്തുകയാണ്: മുസ്ലിംകളുടെ പുത്തന്‍ തലമുറയ്ക്ക് വിവാഹത്തെക്കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം നിരന്തരം മനസ്സിലാക്കിക്കൊടുക്കുക. മുസ്ലിം പുരുഷന്മാര്‍ അമുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കുന്നതിന്‍റെയും, മുസ്ലിം സ്ത്രീകള്‍ അമുസ്ലിം പുരുഷന്മാരുമായി വിവാഹ ബന്ധം സ്ഥാപിക്കുന്നതിന്‍റെയും സാമൂഹിക നാശ-നഷ്ടങ്ങളെക്കുറിച്ച് ഉദ്ബുദ്ധരാക്കുക. ഇത്തരം ജീവിതം പാപകരമാണെന്നും ഇസ്ലാമിക വീക്ഷണത്തില്‍ ഇത് വിവാഹം പോലുമല്ലെന്നും ഇതിലൂടെ സമൂഹത്തിന്‍റെ സമാധാനം തന്നെ തകരുന്നതാണെന്നും വ്യക്തമാക്കുക. എന്നാല്‍ ഏതെങ്കിലും സഹോദരനോ സഹോദരിയോ സത്യസന്ധമായ മനസ്സോടെ ഇസ്ലാം സ്വീകരിച്ചാല്‍ നിയമപരമായ നിലയില്‍ തന്നെ അവരുടെ വൈവാഹിക ജീവിതത്തിനുവേണ്ടി പരിശ്രമിക്കുകയും അവരെ കുടുംബത്തിന്‍റെ അംഗമാക്കുകയും ചെയ്യേണ്ടതാണ്. ഇതാണ് ഇസ്ലാമിക നിയമം. രാഷ്ട്ര നിയമവും വ്യക്തമായ നിലയില്‍ തന്നെ ഇതിന് സമ്മതം നല്‍കുന്നുമുണ്ട്.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
കുറിപ്പുകള്‍:
1. ഒരിക്കല്‍ കൂടി നമ്മുടെ നാട്ടില്‍ ഒരു തെരഞ്ഞെടുപ്പ് കടന്നുപോയി. ധാരാളം സമ്പത്തും സമയവും ആരോഗ്യവും പുഴ പോലെ ഒഴുക്കപ്പെട്ടു. വാദ പ്രതിവാദങ്ങളും അവകാശ വാദങ്ങളും അന്തരീക്ഷത്തില്‍ അലയടിച്ചു. അവസാനം ചിലര്‍ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. എല്ലാവരും ഈ സമ്പത്തും സമയവും ആരോഗ്യവും നന്മയുടെ സംസ്ഥാപനത്തിന് ചിലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.! രാഷ്ട്ര നിര്‍മ്മാണമാണ് രാഷ്ട്രീയത്തിന്‍റെ ലക്ഷ്യം. പക്ഷെ, രാഷ്ട്ര നിര്‍മ്മാണമെന്നത് വഴികള്‍ നിര്‍മ്മിക്കലും ബാഹ്യ വികസനങ്ങള്‍ നടത്തലും മാത്രമല്ല. ഈ സൗകര്യങ്ങള്‍ നടത്തുന്നതിനോടൊപ്പം രാജ്യ നിവാസികളുടെ മനസ്സുകളുടെ നിര്‍മ്മാണവും അത്യാവശ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇത് വേണ്ടത് പോലെ നടക്കുന്നില്ല എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ദുരന്തമാണ്. മനസ്സിന്‍റെ വികസനവും മാനവ നിര്‍മ്മിതിയുമില്ലാതെ രാജ്യ വികസനവും രാഷ്ട്ര നിര്‍മ്മാണവും കൊണ്ട് എന്ത് ഗുണമാണുള്ളത്.? പല ദിവസങ്ങളും അദ്ധ്വാനങ്ങളും നടത്തിക്കൊണ്ട് ചെയ്തിരുന്ന അക്രമങ്ങളും അനീതികളും അന്യായങ്ങളും വളരെ എളുപ്പത്തില്‍ അതി വേഗതയില്‍ നടത്താന്‍ കഴിയും എന്നത് മാത്രമാണ് ഇതിന്‍റെ ഗുണം. ദൗര്‍ഭാഗ്യവശാല്‍ അതാണ് ഇന്ന് കൂടുതലും നടന്നുകൊണ്ടിരിക്കുന്നത്. ആകയാല്‍ രാഷ്ട്ര നിര്‍മ്മാണ വികസനങ്ങളോടൊപ്പം മനുഷ്യരുടെയും മനസ്സുകളുടെയും നിര്‍മ്മാണ വികസനങ്ങളും ലക്ഷ്യമിട്ട് മുമ്പോട്ട് നീങ്ങാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വിജയിച്ചവരും പരാജയപ്പെട്ടവരും എല്ലാ രാഷ്ട്രീയക്കാരും മുമ്പോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
2. ഒരു തെരഞ്ഞെടുപ്പിന് ശേഷം നടന്ന മസ്ജിദ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത തെരഞ്ഞെടുപ്പിലെ വിജയി, വളരെ ഉജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി. മസ്ജിദ് ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്‍റെയോ സംഘടനയുടെയോ സ്ഥാപനമായി ചുരുങ്ങരുത് എന്നതായിരുന്നു അതിന്‍റെ കാതലായ വിഷയം. തീര്‍ത്തും ന്യായവും ആവശ്യവുമായ ഒരു സന്ദേശം തന്നെയാണിത്. എന്നാല്‍ അദ്ദേഹത്തിന് ശേഷം സംസാരിച്ച വ്യക്തി കാലികമായ മറ്റൊരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു. വളരെ പ്രസക്തമായതിനാല്‍ ഇവിടെ അത് ഉദ്ധരിക്കുകയാണ്: പ്രവര്‍ത്തനത്തിന്‍റെയും തെരഞ്ഞെടുപ്പിന്‍റെയും മറ്റും സൗകര്യങ്ങള്‍ക്കായി പല രാഷ്ട്രീയ കക്ഷികളായി നാം പ്രവര്‍ത്തിക്കാറുണ്ട്. പക്ഷെ, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു കുടുംബത്തിന്‍റെയോ പ്രസ്ഥാനത്തിന്‍റെയോ ജാതിയുടെയോ മതത്തിന്‍റെയോ മാത്രം എം.പി.യോ, എം.എല്‍.എ.യോ മെമ്പറോ ആകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. മറിച്ച് പ്രദേശത്തുള്ള മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്വ ബോധമുള്ള പ്രതിനിധിയാണെന്ന് നിരന്തരം ഉണരുകയും ആ നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.
3. എളിയ സ്ഥാപനം ദാറുല്‍ ഉലൂമിന്‍റെ കീഴില്‍ തുടക്കം മുതല്‍ക്കേ സയ്യിദ് ഹസനി അക്കാദമി എന്ന പേരില്‍ ഒരു പ്രസിദ്ധീകരണ സ്ഥാപനം നടന്നുകൊണ്ടിരിക്കുന്നു. അല്‍ ഹസനാത്തും അതിന്‍റെ പ്രസിദ്ധീകരണം തന്നെയാണ്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ധാരാളം പ്രയോജന പ്രദമായ രചനകള്‍ തയ്യാറാക്കപ്പെട്ടുകഴിഞ്ഞു. പക്ഷെ അത് ആവശ്യക്കാരുടെ കരങ്ങളില്‍ എത്തിയിട്ടില്ലായെന്നത് ഒരു ദുഃഖ സത്യമാണ്. ഈ വിഷയത്തില്‍ കഴിവിന്‍റെ പരമാവധി പരിശ്രമങ്ങള്‍ നടത്താന്‍ ആദരണീയ ഉസ്താദുമാരും മദ്റസാ ബന്ധുക്കളും തീരുമാനിച്ചിരിക്കുന്നു. അല്ലാഹു അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കട്ടെ. മാന്യ അനുവാചകര്‍ അവരുമായി സഹകരിക്കണമെന്നും വിജ്ഞാന പ്രചാരണത്തിന്‍റെ ഈ പാതയുമായി ബന്ധപ്പെടണമെന്നും താല്‍പര്യപ്പെടുന്നു. അല്ലാഹു സമുന്നത പ്രതിഫലം നല്‍കട്ടെ.!
4. ലോകം മുഴുവന്‍ പടര്‍ന്ന പകര്‍ച്ച വ്യാധിയുടെ പേരില്‍ മദ്റസകള്‍ പൊതുവില്‍ അടയ്ക്കപ്പെട്ടെങ്കിലും ഇവിടെ ഏതാനും വിദ്യാര്‍ത്ഥി സഹോദരങ്ങള്‍ പഠനം നടത്തുന്നുണ്ട്. ബഹുമാന്യ ഉസ്താദുമാരും കര്‍മ്മ നിരതരാണ്. എന്നല്ല, ഓണ്‍ലൈന്‍ വഴിയായിട്ടുള്ള അദ്ധ്യാപനവുമായി ബന്ധപ്പെട്ടപ്പോള്‍ അത് കൂടുതല്‍ ത്യാഗവും സൂക്ഷ്മതയും ആവശ്യമുള്ളതാണെന്ന് വ്യക്തമായി. എത്രയും പെട്ടെന്ന് തന്നെ മുഴുവന്‍ വിദ്യാര്‍ത്ഥികളും മദ്റസയിലെത്തി പഠനം തുടരുമെന്ന് റഹ്മാനായ റബ്ബിന്‍റെ റഹ്മത്ത് കൊണ്ട് പ്രതീക്ഷിക്കുന്നു.
ഈ രോഗം സാമ്പത്തികമായും വലിയ തകര്‍ച്ചകള്‍ക്ക് കാരണമാക്കിയെങ്കിലും സഹായികളായ സഹോദരങ്ങള്‍ പുലര്‍ത്തിയ സഹകരണത്തിന് വലിയ നന്ദിയും കടപ്പാടും അറിയിക്കുകയാണ്. അല്ലാഹു എല്ലാവര്‍ക്കും മഹത്തായ പ്രതിഫലം നല്‍കട്ടെ. എല്ലാവരുടെയും സമ്പത്തിലും സന്താനങ്ങളിലും ആരോഗ്യത്തിലും എല്ലാ ഖൈറായ കാര്യങ്ങളിലും ഐശ്വര്യം നല്‍കട്ടെ.!
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
ഇലാ റഹ് മത്തില്ലാഹ്
അല്ലാഹുവിന്‍റെ അലംഘനീയമായ തീരുമാന പ്രകാരം നിരവധി സഹോദരങ്ങള്‍ അല്ലാഹുവിലേക്ക് യാത്രയായിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് വേണ്ടി ദുആ ഇരക്കലും അവരുടെ നല്ല കാര്യങ്ങള്‍ അനുസ്മരിക്കലും നമ്മുടെ കടമയാണ്. ഇതിന് വേണ്ടി അല്‍ ഹസനാത്ത് പ്രസിദ്ധീകരിക്കുന്ന ഒരു പംക്തിയാണ് ഇലാ റഹ് മത്തില്ലാഹ്... (പടച്ചവന്‍റെ കാരുണ്യത്തിലേക്ക് യാത്രയായവര്‍). ഇതില്‍ നമുക്ക് പരിചയമുള്ള എല്ലാ മര്‍ഹൂമുകളുടെയും മാതൃകാപരമായ അവസ്ഥകള്‍ അയച്ച് തന്ന് പങ്കാളികളാകാന്‍ അനുവാചകരോട് അഭ്യര്‍ത്ഥിക്കുന്നു. ഇവിടെ ഇപ്പോള്‍ ഒരു പ്രധാനപ്പെട്ട പണ്ഡിതനെ അനുസ്മരിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിനും എല്ലാ മര്‍ഹൂമുകള്‍ക്കും മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ കനിഞ്ഞരുളട്ടെ.!
ഇത് കൂടാതെ വേറെയും ധാരാളം മഹത്തുക്കള്‍ പടച്ചവനിലേക്ക് യാത്രയായി. വടകര ഉസ്മാന്‍ മൗലവിയുടെ പിതാവ്, തിരുവനന്തപുരം ചാല മിഹ്റാജ് ഷാഹുല്‍ ഹമീദ് ഹാജി, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ ഹനീഫ സാഹിബ് എന്നിവര്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രത്യേകം ദുആ ചെയ്യുന്നു. ഇവരും കുടുംബങ്ങളും ചെയ്ത എല്ലാ സ്വദഖകളെയും അല്ലാഹു സ്വീകരിച്ച് സമുന്നത സവാബ് നല്‍കട്ടെ.! അല്ലാഹു എല്ലാ മര്‍ഹൂമുകള്‍ക്കും പൊറുത്ത് കൊടുക്കട്ടെ. കരുണ ചൊരിയട്ടെ. ഔദാര്യം നല്‍കട്ടെ.!
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
അല്‍ ഹസനാത്ത്വെള്ളിയാഴ്ച പതിപ്പ്
SWAHABA ISLAMIC FOUNDATION
DARUL ULOOM
Oachira, Kollam, Kerala. India
No comments:
Post a Comment