Thursday, August 6, 2020

പയാമെ ഇന്‍സാനിയത്ത് പ്രഭാഷണം 001

-പയാമെ ഇന്‍സാനിയത്ത് പ്രഭാഷണം- 
സാമൂഹിക ജീവിതത്തില്‍ വ്യക്തിയുടെ പ്രാധാന്യം

ആമുഖം
പ്രശ്നങ്ങളും കോളിളക്കങ്ങളും നിറഞ്ഞ ഒരു മഹാസമുദ്രമാണ് ഇഹലോക ജീവിതം. ഇതിലെ കപ്പലുകളാണ് രാജ്യങ്ങള്‍. രാജ്യനിവാസികള്‍ കപ്പലിലെ യാത്രക്കാരും, ഭരണകൂട നേതൃത്വങ്ങള്‍ കപ്പിത്താന്മാരുമാണ്. കടല്‍ എത്ര പ്രക്ഷുബ്ദമാണെങ്കിലും കപ്പലും യാത്രികരും കപ്പിത്താന്മാരും ശരിയായി നിന്നാല്‍ യാത്ര സുഗമമാകുന്നതാണ്. എന്നാല്‍ ഇവ ശരിയല്ലെങ്കില്‍ കടല്‍ ശാന്തമായിരുന്നാലും എല്ലാവരും അപകടത്തില്‍ പെടുന്നതാണ്. 
മുന്‍ഗാമികളുടെ വലിയ ത്യാഗങ്ങള്‍ കാരണം നമ്മുടെ രാജ്യം സ്വതന്ത്രമായി. അവരുടെ തന്നെ പരിശ്രമഫലമായി വിവിധ വഴികള്‍ തുറക്കപ്പെടുകയും എളുപ്പമാവുകയും ചെയ്തിരിക്കുന്നു. അതെ, കപ്പല്‍ ഇപ്പോള്‍ വളരെ ഉന്നതമാണ്. എന്നാല്‍ യാത്രികരുടെയും കപ്പിത്താന്മാരുടെയും അവസ്ഥ എന്താണ്? ആരെയും അന്ധമായി കുറ്റപ്പെടുത്താതെ സ്വന്തം കാര്യം പറയട്ടെ: നമ്മില്‍ പരസ്പര വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും അംശങ്ങള്‍ കുറഞ്ഞ് പോയിരിക്കുന്നു. എല്ലാവരും മറ്റുള്ളവരുടെ സമ്പത്തും അഭിമാനവും ജീവിനും ആര്‍ത്തിയോടെ നോക്കുന്ന ഒരു അവസ്ഥാ വിശേഷം സംജാതമായിരിക്കുന്നു. ഇത് നമ്മുടെ കപ്പലായ രാജ്യത്തിന് തന്നെ വലിയ ഭീഷണിയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മുന്‍ഗാമികളായ മഹത്തുക്കളുടെ കാലത്ത് കടല്‍ കൂടുതല്‍ പ്രക്ഷുബ്ദവും കപ്പലിന്‍റെ അവസ്ഥ വളരെ ബലഹീനവുമായിരുന്നു. പക്ഷേ, അവരുടെ പരസ്പര വിശ്വാസവും സഹകരണവും സ്നേഹാദരങ്ങളും കപ്പലിനെ രക്ഷിക്കുക മാത്രമല്ല, സുന്ദരവും സുദൃഢവും ആക്കുകയും ചെയ്തു. എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണ്? 
ഇത്തരം ഒരു അവസ്ഥാ വിശേഷത്തെ സ്നേഹപൂര്‍വ്വം ഉണര്‍ത്താനും തിരുത്താനും അലീമിയാന്‍ എന്ന പേരില്‍ അറിയപ്പെട്ട വിശ്വപണ്ഡിതന്‍ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി ആരംഭിച്ച വളരെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമാണ് പയാമെ ഇന്‍സാനിയത്ത്, മാനവികതയുടെ സന്ദേശം. മെസ്സേജ് ഓഫ് ഹ്യൂമാനിറ്റി. ഇതിന്‍റെ പ്രവര്‍ത്തനം വളരെ ലളിതമാണ്. 1. മൗലാനാ അലീമിയാന്‍ ഈ വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങള്‍ പഠിക്കുകയും ജനങ്ങള്‍ക്ക് വിശിഷ്യാ വിദ്യാസമ്പന്നരും ചിന്തകരും നേതൃനിരയിലുള്ളവരുമായ വ്യക്തിത്വങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുകയും അവരെ ഇതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുക. 2. പരസ്പരം ഉപഹാരങ്ങള്‍ കൈമാറുകയും സ്നേഹ വിശ്വാസങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന തിരുവചനത്തെ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ജാതി മത വ്യത്യാസമില്ലാതെ പര്സപരം ചെറുതും വലുതുമായ ഉപഹാരങ്ങള്‍ കൈമാറുകയും സേവന സഹായങ്ങള്‍ നടത്തുകയും ചെയ്യുക. 
ഈ വിഷയത്തില്‍ 1955 ഫെബ്രുവരി 21-ന് ജോന്‍പൂരിലെ ഠൗണ്‍ ഹാളില്‍ നിറഞ്ഞ് കവിഞ്ഞ വിവിധ വിഭാഗം ജനങ്ങള്‍ക്ക് മുന്നില്‍ മൗലാന നടത്തിയ ഒരു ഉജ്ജ്വല പ്രഭാഷണമാണിത്. ജീവിതത്തില്‍ വ്യക്തികള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും വ്യക്തികളെ നന്നാക്കാനും വിശിഷ്യാ മനുഷ്യരാക്കാനും പരിശ്രമിക്കാത്തത് ഇന്നത്തെ സാമൂഹിക സാംസ്കാരിക സംഘനട പ്രവര്‍ത്തനങ്ങളിലെ വലിയൊരു വീഴ്ച്ചയുമാണെന്നും മൗലാന ഇതില്‍ ഉണര്‍ത്തുന്നു. പടച്ചവന്‍ ഇത് പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉതവി നല്‍കട്ടെ.
അബൂഉമാമ ഹസനി
പയാമെ ഇന്‍സാനിയത്ത് ഫോറം 
ദാറുല്‍ ഉലൂം, ഓച്ചിറ
     06/08/2020 

   
സാമൂഹിക ജീവിതത്തില്‍ വ്യക്തിയുടെ പ്രാധാന്യം
നമ്മുടെ നിലവിലുള്ള ജീവിത വ്യവസ്ഥിതിയില്‍ ധാരാളം കുഴപ്പങ്ങളുണ്ട്. എന്നാല്‍ സര്‍വ്വ കുഴപ്പങ്ങളുടെയും അടിസ്ഥാനം മാനവികതയുടെ പ്രശ്നമാണ്. തീര്‍ച്ചയായും നമുക്ക് ചുറ്റും ഇതല്ലാത്ത വേറെയും ധാരാളം പ്രശ്നങ്ങളുണ്ട്. അതില്‍ പലതും അടിയന്തരമായി പരിഹരിക്കേണ്ടതാണ് എന്ന കാര്യം ഞങ്ങള്‍ നിഷേധിക്കുന്നുമില്ല. പക്ഷേ, പ്രഥമവും പ്രധാനവുമായി പരിഹരിക്കേണ്ട പ്രശ്നം മാനവികതയുടെ പ്രശ്നം തന്നെയാണ്. കാരണം നമ്മുടെ ആദ്യത്തെ അടിസ്ഥാനം മനുഷ്യനാണ്. പക്ഷേ, ഇന്ന് മനുഷ്യര്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ട് മാനവികതയുടെ വാഹനത്തെ അതിവേഗതയില്‍ ഓടിക്കുന്നവര്‍ പോലും ഈ പ്രശ്നം പരിഹരിക്കാന്‍ തയ്യാറല്ല. നമ്മുടെ വാഹനം ശരിയായ പാതകളിലൂടെയാണോ സഞ്ചരിക്കുന്നത്? ഈ സഞ്ചാരം കാരണം നമുക്കും അടുത്ത തലമുറയ്ക്കും വല്ല കുഴപ്പങ്ങളുമുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. എല്ലാവരുടെയും പ്രധാന ചിന്ത വാഹനം ഓടിക്കുന്ന ആള്‍ ഞാന്‍ തന്നെ ആയിരിക്കണം എന്നതാണ്. വാഹനത്തിന്‍റെ വളയം ഞാന്‍ പിടിച്ചാല്‍ കൂടുതല്‍ വേഗതയില്‍ ഓടിക്കുന്നതാണെന്ന് വാദിച്ചുകൊണ്ട് കളവുകള്‍ പറഞ്ഞും കള്ളത്തരം കാട്ടിയും വളയം പിടിയ്ക്കാന്‍ എല്ലാവരും തിരിക്ക് കൂട്ടുകയാണ്. അമേരിക്കയുടെയും ലോകത്തെ വന്‍കിട രാജ്യങ്ങളിലെയും പ്രധാന മുദ്രാവാക്യം ഞങ്ങള്‍ വാഹനത്തെ അതിവേഗത്തില്‍ ഓടിക്കും എന്നതാണ്. ഏത് വഴിയിലൂടെ എന്ത് രീതിയില്‍ ഏത് ലക്ഷ്യത്തിലേക്കാണ് ഓടിക്കുന്നത് എന്ന് ആര്‍ക്കും ചോദ്യമോ ഉത്തരമോ ഇല്ല. ആകയാല്‍ ആദ്യമായി പറയട്ടെ: നമ്മുടെ ഇന്നത്തെ പ്രധാനപ്പെട്ട പ്രശ്നം മാനവികതയാണ്.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ, വ്യക്തി സംസ്കരണത്തില്‍ അശ്രദ്ധ! 
ഇന്ന് ലോകത്ത് ധാരാളം സംഘടനകളുണ്ട്. എല്ലാവര്‍ക്കും സംഘടനകള്‍ രൂപീകരിക്കാന്‍ ആഗ്രഹമുണ്ടായിരിക്കുന്നു. ഒരുമിച്ച് കൂടി കാര്യങ്ങള്‍ ചെയ്യണമെന്ന ചിന്ത വളരെ നല്ലത് തന്നെയാണ്. എന്നാല്‍ വ്യക്തികളുടെ നന്മ കാരണമായിട്ടാണ് എല്ലാ സംഘടനകളും നന്നായിത്തീരുന്നത്. അതുകൊണ്ട് സംഘടന നന്നാക്കാനുള്ള ചിന്തയ്ക്കിടയില്‍ വ്യക്തിത്വം നന്നാക്കാനുള്ള വിചാരം മറന്ന് പോകാന്‍ പാടില്ല. വ്യക്തികളുടെ പ്രാധാന്യവും വ്യക്തികളില്‍ അടങ്ങിയിരിക്കുന്ന നന്മകളും വളരെയധികം ഗൗരവമുള്ളതാണ്. ഒരു കെട്ടിടം കെട്ടുമ്പോള്‍ അതിലെ ഇഷ്ടികകള്‍ ഓരോന്നും നന്നായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഇഷ്ടിക ബലഹീനമായതോ, എങ്ങനെയുള്ളതോ ആകട്ടെ കെട്ടിടം നന്നായിരുന്നാല്‍ മതിയെന്ന് ആരും പറയുകയില്ല. ഇത്തരുണത്തില്‍ ചിന്തിക്കുക: മോശമായ വ്യക്തികള്‍ ഒരുമിച്ച് കൂടിയാല്‍ നല്ല കൂട്ടമുണ്ടാകുന്നത് എങ്ങനെയാണ്? നൂറ് അക്രമികള്‍ ഒരുമിച്ച് കൂടിയാല്‍ നീതി നിഷ്ടമായ ഒരു സംഘടന ഉണ്ടാകുമോ? ഒരിക്കലുമില്ല. സംഘത്തിന്‍റെ അടിസ്ഥാനം വ്യക്തികളാണ്. വ്യക്തികളുടെ ഗുണങ്ങളാണ് സംഘടനയില്‍ പ്രതിഫലിക്കുന്നത്. ആകയാല്‍ വ്യക്തികളെ നന്നാക്കാനുള്ള പരിശ്രമം വളരെ പ്രാധാന്യത്തോടെ നിര്‍വ്വഹിക്കേണ്ടതാണ്.
ധാരാളം സ്ഥാപനങ്ങളുണ്ട്, പക്ഷേ, മാനവികതയ്ക്ക് പരിശ്രമില്ല. 
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിങ്ങനെ മനുഷ്യജീവിതത്തിലെ യാഥാര്‍ത്ഥ്യവും സാങ്കല്‍പ്പികവുമായ സര്‍വ്വ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ ഇന്ന് മനുഷ്യര്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. പക്ഷേ, ഏറ്റവും വലിയ പരിശ്രമമായ മാനവ നിര്‍മ്മാണത്തിന് ഒരു കേന്ദ്രമോ പരിശ്രമമോ നടക്കുന്നില്ല. തല്‍ഫലമായി ഈ കേന്ദ്രങ്ങളില്‍ നിന്നും മനുഷ്യന് പകരം മൃഗീയ സ്വഭാവങ്ങള്‍ ഉള്ളവരും പൈശാചിക അവസ്ഥകള്‍ ഉള്ളവരും പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. ആധുനിക ലോകത്തിന്‍റെ ഏറ്റവും വലിയ അപകടം അക്രമങ്ങളും പാപങ്ങളും സംഘടിതമായും വ്യവസ്ഥാപിതവുമായി നടത്തുന്നു എന്നുള്ളതാണ്. ഈ വിഷയത്തില്‍ മനുഷ്യന്‍ പലപ്പോഴും മൃഗങ്ങളെപ്പോലും തോല്‍പ്പിക്കുന്നു. പാമ്പുകള്‍, തേളുകള്‍, പുലികള്‍, സിംഹങ്ങള്‍ എന്നിവ മനുഷ്യന്‍റെ മേല്‍ സംഘടിതമായും ആസൂത്രിതമായും അക്രമിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നാല്‍ മനുഷ്യന്‍ സ്വന്തം സഹോദരങ്ങളെയും അയല്‍വാസികളെയും നശിപ്പിക്കാന്‍ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും  സ്ഥാപിക്കുന്നു. ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഇതെല്ലാം വ്യക്തികളെ നന്നാക്കുന്നതിലും മാനവികതയെ നിര്‍മ്മിക്കുന്നതിലും മനുഷ്യത്വപരമായ സ്വഭാവങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ഗുരുതരമായ വീഴ്ച്ച വരുത്തിയതിന്‍റെ പരിണിത ഫലമാണ്. മെഷീനുകള്‍ ഉണ്ടാക്കാനും പേപ്പര്‍ നിര്‍മ്മിക്കാനും വസ്ത്രം ഉണ്ടാക്കാനും ധാരാളം കേന്ദ്രങ്ങളുണ്ട്. പക്ഷേ, മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കാന്‍ കേന്ദ്രങ്ങള്‍ വല്ലതുമുണ്ടോ? സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റകളും ഇല്ലേയെന്ന് നാം ചോദിച്ചേക്കാം. എല്ലാവരും ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തിരിച്ച് ചോദിക്കട്ടെ: ഈ പാഠശാലകളില്‍ മാനവ നിര്‍മ്മാണത്തിനും വ്യക്തിത്വത്തിന്‍റെ പൂര്‍ത്തീകരണത്തിനും എത്ര സ്ഥാനം നല്‍കുന്നുണ്ട്? യൂറോപ്പും അമേരിക്കയും ധാരാളം ആയുധങ്ങളും തോക്കുകളും ബോംബുകളും ഉണ്ടാക്കി. അവസാനം ആറ്റംബോംബ് നിര്‍മ്മാണത്തിന് അവര്‍ തുടക്കം കുറിച്ചു. തല്‍ഫലമായി ലോകം മുഴുവന്‍ വഴക്കുകളുടെയും പ്രശ്നങ്ങളുടെയും കമ്പോളമായി മാറിയിരിക്കുന്നു. ഇതിന് പകരം മാനവ നിര്‍മ്മാണത്തില്‍ അവര്‍ ശ്രദ്ധിക്കുകയും വഴികാട്ടുകയും ചെയ്തിരുന്നുവെങ്കില്‍ മാനവരാശിയ്ക്ക് എത്ര വലിയ ഗുണമാകുമായിരുന്നു. പക്ഷേ, ഈ ഭാഗത്തേക്ക് ആരും ശ്രദ്ധിക്കുന്നില്ല.
അടിമത്വം മനുഷ്യത്വ രാഹിത്യത്തിന്‍റെ പരിണിത ഫലം. 
നമ്മുടെ നാടായ ഇന്ത്യ മഹാരാജ്യത്തെക്കുറിച്ച് ചിന്തിക്കുക: ഇത് വളരെ അനുഗ്രഹീത മണ്ണാണ്. ഇത് ധാരാളം മഹനീയ വ്യക്തിത്വങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ രാജ്യം മുഴുവനും ഈ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടിക്കൊണ്ടിരിക്കുന്നത്. ഞാന്‍ തുറന്ന് പറയുകയാണ്: മുസ്ലിം സമുദായവും കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ വലിയ വീഴ്ച്ച വരുത്തിയിട്ടുണ്ട്. നിരവധി മുസ്ലിം ഭരണാധികാരികള്‍ അന്നും ഇന്നും ഈ രാജ്യത്ത് ഭരണം നടത്തിയിട്ടുണ്ടെങ്കിലും അവസരം ഉപയോഗപ്പെടുത്തി മാനവ നിര്‍മ്മാണം നടത്താന്‍ ഭൂരിഭാഗവും പരിശ്രമിച്ചില്ല. ഭരണാധികാരികള്‍ അതിന് പരിശ്രമിച്ചിരുന്നുവെങ്കില്‍ സച്ഛരിത ഖലീഫമാരുടെ ചിത്രങ്ങള്‍ രാജ്യവും ലോകവും കാണുമായിരുന്നു. ഞങ്ങള്‍ രാജ്യത്തിന്‍റെ അദ്ധ്യാപകരും സ്വഭാവത്തിന്‍റെ ഗുരുനാഥന്മാരുമാണ് എന്ന ഓര്‍മ്മയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ രാജ്യനിവാസികളുടെ സ്വഭാവപരമായ അവസ്ഥ ഇങ്ങനെ ആവുകയില്ലായിരുന്നു. മാത്രമല്ല, ഈ രാജ്യത്തിന്‍റെ അധികാരം അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്യുകയില്ലായിരുന്നു. അതിന് ശേഷം ബ്രിട്ടീഷുകാര്‍ വന്നു. അവരുടെ ഭരണം സ്പോഞ്ച് പോലെ ആയിരുന്നു. ഗംഗയുടെയും യമുനയുടെയും തീരത്ത് നിന്നും സമ്പത്തിനെ വലിച്ചെടുത്ത് ബ്രിട്ടനില്‍ കൊണ്ടുപോയി പിഴിയുക എന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം. അവര്‍ കാരണമായി ഈ രാജ്യത്ത് മാനവികതയുടെ അവസ്ഥ കൂടുതല്‍ വഷളായി. ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന വികൃത നയം കാരണം ജനങ്ങള്‍ക്കിടയില്‍ സംശയങ്ങളും ശത്രുതകളും വര്‍ദ്ധിച്ചു. എന്നാലും സ്വാതന്ത്ര്യ സമരസേനാനികള്‍ പരസ്പരം ഐക്യത്തോടെ സമരം നയിച്ചു. അവസാനം രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ഇത്തരുണത്തില്‍ നാം ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിയിരുന്ന ഭാഗം മനുഷ്യത്വമായിരുന്നു. ഈ രാജ്യം തകര്‍ന്നതും അടിമത്വത്തിലേക്ക് വീണതും സ്വഭാവത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും തകര്‍ച്ച കാരണമായിട്ടാണ് എന്ന ലളിത സത്യം ഉണര്‍ന്ന് അത് നന്നാക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതായിരുന്നു. പക്ഷേ, ഖേദകരമെന്ന് പറയട്ടെ: റോഡുകള്‍ ഉണ്ടാക്കാനും വിളക്കുകള്‍ കത്തിക്കാനും വേണ്ടി നടത്തിയ ചിന്താപരിശ്രമങ്ങളുടെ ചെറിയ ഒരു അംശം പോലും ഈ അടിസ്ഥാന വിഷയത്തെക്കുറിച്ച് നടത്തപ്പെട്ടില്ല!
മാനവികത എല്ലാ നവോത്ഥാന പരിശ്രമങ്ങളുടെയും അടിസ്ഥാനം.
ആദരണീയ സ്വാമിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമദാന-ഭൂദാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിനീതന്‍ വളരെയധികം ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പക്ഷേ, അവരുടെ മുന്നിലും ഒരു വീക്ഷണം തുറന്ന് പറയുകയാണ്. ഈ പ്രവര്‍ത്തനങ്ങളേക്കാള്‍ പ്രാധാന്യത്തോടെ ചെയ്യേണ്ട പ്രവര്‍ത്തനം സ്വഭാവത്തെ നന്നാക്കാനും സ്വഭാവം നന്നാകണമെന്ന ചിന്ത പരത്താനുമുള്ള പ്രവര്‍ത്തനമാണ്. പഴയെ കാലത്ത് ഭൂസ്വത്തുക്കള്‍ നിര്‍ബന്ധമായ നിലയില്‍ വീതിക്കപ്പെട്ടിരുന്നു. ഒരു കാലത്ത് വായുവും ജലവും പോലെ ഭൂമിയും ഒരു  അവശ്യ വസ്തുവായും മനുഷ്യരുടെ പൊതുസ്വത്തായും ഗണിക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നീട് മനുഷ്യനില്‍ ആര്‍ത്തി വളര്‍ന്നപ്പോള്‍ അനാവശ്യമായി ഭൂമി വാരിക്കൂട്ടുകയും ആവശ്യക്കാരെ തള്ളിമാറ്റുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. സ്വഭാവ സംസ്കരണവും മനുഷ്യരോടുള്ള ആദരവും ഇപ്പോള്‍ പഠിപ്പിക്കപ്പെട്ടില്ലെങ്കില്‍ ഭൂദാന പ്രസ്ഥാനത്തിലൂടെ കരസ്ഥമാക്കിയ വിശാല ഭൂപ്രദേശങ്ങള്‍ വ്യക്തികളുടെ പിടിയിലാകുമെന്നും ആവശ്യക്കാരെ അതില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുമെന്നും ന്യായമായും ഭയപ്പെടുന്നു. അതെ, മനുഷ്യത്വം ശരിയാകുന്നതുവരെയും ഈ പരിശ്രമങ്ങള്‍ ശരിയായ ഫലം കാണുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇന്നത്തെ നമ്മുടെ ചുറ്റുപാടിലേക്ക് നോക്കുക: സ്വഭാവം വളരെയധികം തകര്‍ന്നിരിക്കുന്നു. കൈക്കൂലി, വഞ്ചന, ചതി, കളവ് ഇതിലൊന്നും കുറവുണ്ടായിട്ടില്ല. മാത്രമല്ല, കൂടിക്കൊണ്ടിരിക്കുകയാണ്. പണക്കാരന്‍ ആകാനുള്ള ആഗ്രഹം ഭ്രാന്തിന്‍റെ നിലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഒരാള്‍ക്ക് ചെയ്യുന്ന ഉപകാരത്തിന്‍റെ മറവില്‍ അയാളോട് ധാരാളം അക്രമങ്ങള്‍ കാണിക്കുന്നു. ഉപകാരങ്ങള്‍ ചെയ്യുന്നവര്‍ തന്നെ രഹസ്യമായി പല ഉപദ്രവങ്ങളും ചെയ്യാന്‍ മനുഷ്യന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. എന്‍റെ ഈജിപ്തിലുള്ള ഒരു സുഹൃത്ത് അടുത്ത് നടത്തിയ പ്രഭാഷണത്തില്‍ ഇതിന് ഒരു നല്ല ഉദാഹരണം വിവരിച്ചു: ഒരു തടാകം മുഴുവന്‍ പാല് കൊണ്ട് നിറയ്ക്കണമെന്നും അതിന് ഓരോരുത്തരും ഓരോ കുടം പാല്‍ രാത്രിയില്‍ തന്നെ തടാകത്തില്‍ ഒഴിക്കണമെന്നും രാവിലെ അതിന്‍റെ വില എന്‍റെ അടുക്കല്‍ നിന്നും വാങ്ങണമെന്നും ഒരു രാത്രിയില്‍ രാജാവ് കല്‍പ്പിച്ചു. നല്ല ഇരുട്ടുള്ള രാത്രിയായിരുന്നു. എല്ലാവരും പാല് ഒഴിക്കുമ്പോള്‍ ഞാന്‍ ഒരാള്‍ ഒരു കുടം വെള്ളം ഒഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് ഒരോരുത്തരും വിചാരിച്ചു. അതെ, മറ്റുള്ളവര്‍ നന്മ ചെയ്യുമെന്ന വിശ്വാസത്തില്‍ സ്വയം തിന്മ ചെയ്യാന്‍ ഓരോരുത്തരും മുന്നോട്ട് വന്നു. രാവിലെ രാജാവ് വന്ന് നോക്കിയപ്പോള്‍ തടാകം മുഴുവന്‍ വെള്ളം നിറഞ്ഞ് കിടക്കുന്നു. പാലിന്‍റെ ഒരു അംശം പോലും അവിടെ കാണാനില്ല.! ഒരു രാജ്യത്തിന്‍റെ അവസ്ഥ ഇപ്രകാരമായാല്‍ രാജ്യം ഒരിക്കലും രക്ഷപ്പെടുകയില്ലായെന്ന് നാം മനസ്സിലാക്കുക. 
യഥാര്‍ത്ഥ അപകടം
നാം നന്നായി മനസ്സിലാക്കുക: ഈ രാജ്യത്തിന്‍റെ ഏറ്റവും വലിയ അപകടം പുറത്ത് നിന്നല്ല, അകത്ത് നിന്ന് തന്നെയാണ്. സ്വഭാവ തകര്‍ച്ച, അക്രമപരമായ ചിന്താരീതി, സ്വഭാവ ഹത്യ, പണ പൂജ എന്നീ കാര്യങ്ങള്‍ ഈ രാജ്യത്തെ തന്നെ നശിപ്പിക്കുന്നതാണ്. റോമയെയും ഗ്രീക്കിനെയും ഏതെങ്കിലും ശത്രുക്കളല്ല പരാജയപ്പെടുത്തിയത്. ചിതല് പോലെ അവരെ പിടികൂടിയ സ്വഭാവ ദൂശ്യങ്ങളാണ് അവരെ പരാജയപ്പെടുത്തിയത്. ഇന്ന് ലോകം മുഴുവന്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ്. ഒരു രാജ്യത്തെ സ്വഭാവ തകര്‍ച്ച മുഴുവന്‍ ലോകത്തിനും പ്രശ്നമാണ്. ഓരോ രാജ്യത്തും മാനവികത ഉയര്‍ന്ന് നിന്നാല്‍ മാത്രമേ, ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ. 
പ്രവാചകന്മാരുടെ മഹനീയ സേവനം
പ്രവാചകന്മാര്‍ നന്മ നിറഞ്ഞ വ്യക്തികളെ ഉണ്ടാക്കി. ശരിയായ മാനവ നിര്‍മ്മാണം നടത്തി. പടച്ചവനെ ഭയപ്പെടുകയും മനുഷ്യനെ സ്നേഹിക്കുകയും മറ്റുള്ളവര്‍ക്കുവേണ്ടി പ്രയാസം സഹിക്കുകയും എല്ലാവരോടും നീതി കാട്ടുകയും സത്യം പറയുകയും അവകാശത്തെ പിന്തുണയ്ക്കുകയും മര്‍ദ്ദിതനെ സഹായിക്കുകയും ചെയ്യുന്ന  വ്യക്തിത്വങ്ങളൈ വാര്‍ത്തെടുത്തു. ലോകത്ത് മറ്റൊരു വ്യക്തിയും ഒരു സ്ഥാപനവും പ്രസ്ഥനാവും അതുപൊലുള്ളവരെ തയ്യാറാക്കിയിട്ടില്ല. ലോകം വിവിധ കണ്ടുപിടുത്തങ്ങളില്‍ അഭിമാനിക്കുന്നു. ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്ര ഗവേഷണങ്ങളെ എടുത്ത് കാട്ടുന്നു. പക്ഷേ, പ്രവാചകന്മാരേക്കാളും മാനവികതയെ സ്നേഹിച്ച ആരുമില്ല. അവര്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന നിധി നല്‍കിയവരാണ്. അതിലെ വ്യക്തിത്വങ്ങള്‍ ലോകത്തെ പൂവനമാക്കി. അവര്‍ കാരണം ലോകത്തെ സര്‍വ്വ വസ്തുക്കളും പ്രയോജനകരമായി. ഇന്നും ലോകത്ത് അവശേഷിക്കുന്ന നന്മയുടെയും സത്യസന്ധതയുടെയും നീതിയുടെയും മാനവ സ്നേഹത്തിന്‍റെയും അടിസ്ഥാന കാരണക്കാര്‍ പ്രവാചകന്മാര്‍ തന്നെയാണ്. ഇന്ന് ലോകം മുമ്പോട്ട് നീങ്ങുന്നതും അവരുടെ ഈ സേവനം കാരണമായി മാത്രമാണ്. വെറും ഭൗതിക പുരോഗതിയും കണ്ടുപിടുത്തങ്ങളും കൊണ്ട് ലോകത്തിന് മുന്നോട്ട് നീങ്ങാന്‍ സാധ്യമല്ല. സത്യസന്ധതയും ഭയഭക്തിയും നീതിയും ന്യായവും പരസ്പര സ്നേഹാദരങ്ങളും കൊണ്ട് മാത്രമാണ് ലോകം നിലനില്‍ക്കുന്നത്. ഈ കാര്യങ്ങള്‍ പ്രവാചകന്മാരുടെ മാത്രം ദാനമാണ്. 

പ്രവാചകന്മാരുടെ പ്രവര്‍ത്തന ശൈലി
പ്രവാചകന്മാര്‍ വ്യക്തികളെ സംസ്കരിക്കുകയും അവരില്‍ നന്മകള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഈ വഴിയില്‍ അവര്‍ ഏറ്റവും പ്രാധാന്യത്തോടെ പരിശ്രമിച്ചത് ജനമനസ്സുകളില്‍ അടിയുറച്ച വിശ്വാസം ഉണ്ടാക്കിയെടുക്കാനാണ്. ഏകനും സര്‍വ്വലോക പരിപാലകനും അളവറ്റ ദയാലും തികഞ്ഞ നീതിമാനുമായ പടച്ചവനെക്കുറിച്ച് അവര്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. മരണത്തിന് ശേഷം  ഒരു ജീവിതം ഉണ്ടെന്നും അവിടെ കടുത്ത വിചാരണ നേരിടേണ്ടിവരുമെന്നും അവര്‍ ഉണര്‍ത്തി. പടച്ചവന് പൊരുത്തമായ ജീവിതം കാണിച്ച് തരുന്ന വിശ്വസ്ത ദൂതന്മാരും മാതൃകാ യോഗ്യന്മാരുമാണ് പ്രവാചകന്മാര്‍ എന്നും അവര്‍ ഉദ്ബോധിപ്പിച്ചു. ഈ വിശ്വാസം അന്ന് ലോകത്തിന് നഷ്ടമായിപ്പോയിരുന്നു. ഇതിന്‍റെ അഭാവം ലോകത്തെ മുഴുവന്‍ തകിടം മറിക്കുകയും ചെയ്തിരുന്നു. മനുഷ്യന്‍ മനുഷ്യത്വത്തെ വിസ്മരിക്കുകയും രക്ത ദാഹിയായ ഒരു മൃഗമായി അധ:പതിക്കുകയുമുണ്ടായി. എന്നാല്‍ പ്രവാചകന്മാരിലൂടെ ലഭിച്ച അമൂല്യമായ വിശ്വാസവും അടിയുറച്ച ബോധവും മനുഷ്യരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. നിയന്ത്രണമില്ലാത്ത മൃഗീയ ജീവിതത്തില്‍ നിന്നും ഉത്തരവാദിത്വബോധമുള്ള മാനവ ജീവിതത്തിലേക്ക് മനുഷ്യര്‍ പ്രവേശിച്ച് സഞ്ചാരം ആരംഭിച്ചു. 
ചരിത്രത്തിന്‍റെ പാഠം
വ്യക്തികളെ നന്നാക്കുന്നതിനേക്കാള്‍ വലിയ ശക്തിയൊന്നുമില്ല എന്ന് ആയിരക്കണക്കിന് വര്‍ഷത്തെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ഇതിന്‍റെ അഭാവമാണ് ഇന്നത്തെ ഏറ്റവും വലിയ നഷ്ടം! ഇന്ന് സംഘടനങ്ങളും പ്രസ്ഥാനങ്ങളും സമൂഹങ്ങളും എല്ലാമുണ്ട്. പക്ഷേ, നന്മ നിറഞ്ഞ വ്യക്തിത്വങ്ങളെ കാണാനില്ല. സര്‍വ്വ വസ്തുക്കളെക്കൊണ്ടും സമൃദ്ധമായ ആധുനിക ലോകത്തിന്‍റെ കമ്പോളത്തില്‍ ഉത്തമ വ്യക്തിത്വങ്ങള്‍ മാത്രമില്ല. ഈ കുറവിനെ കണ്ടെത്താനും പരിഹരിക്കാനും പരിശ്രമിക്കാത്തത് അതിനേക്കാള്‍ വലിയ അപകടകരമായ പ്രവണതയാണ്. ഇത് കേള്‍ക്കുമ്പോള്‍ ജനങ്ങളെ നന്നാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു എന്ന് പലരും മറുപടി പറയാറുണ്ട്. പക്ഷേ, പരിശ്രമങ്ങള്‍  ശരിയായ മാര്‍ഗ്ഗത്തില്‍ വേണ്ട വിധത്തില്‍ ആകുമ്പോള്‍ മാത്രമാണ് അതിന് പരിശ്രമം എന്ന് പറയാന്‍ സാധിക്കുന്നത്. ഇതിനുള്ള ശരിയായ മാര്‍ഗ്ഗം ഏറ്റവും ആദ്യമായി നാം ഓരോരുത്തരും യഥാര്‍ത്ഥ മനുഷ്യരാകണം എന്ന തീരുമാനം എടുക്കലാണ്. അതെ, ഈ തീരുമാനം എടുക്കാതെ കുറ്റകൃത്യങ്ങള്‍ അവസാനിക്കുകയോ നാശനഷ്ടങ്ങള്‍ കുറയുകയോ ചെയ്യുന്നതല്ല. ഒരു ഭാഗത്ത് കൂടി കള്ളന്‍ കടക്കുന്ന വഴിയെ അടക്കുമ്പോള്‍ വേറെ പത്ത് വഴികള്‍ തുറക്കപ്പെടുന്നതാണ്. ആകയാല്‍ മാനവികത ഉണ്ടാക്കിയെടുക്കലാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. 
പക്ഷേ, ഖേദകരമെന്ന് പറയട്ടെ: വേണ്ടതും വേണ്ടാത്തതുമായ പലതരം കാര്യങ്ങളില്‍ മുഴുകിക്കഴിയുന്ന നമുക്ക് പ്രഥമവും പ്രധാനവുമായ ഈ പരിശ്രമത്തിന് മാത്രം സമയവും സൗകര്യവുമില്ല. ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരുത്തിയേ മതിയാവുകയുള്ളൂ. ന്യായമായ സര്‍വ്വ വഴികളിലും നാം മുന്നേറുക. പക്ഷേ, ആദ്യമായ നമ്മെയും നമ്മുടെ കുടുംബത്തെയും നാട്ടുകാരെയും മനുഷ്യരാക്കാന്‍ പരിശ്രമിക്കുക. ഈ പരിശ്രമം നടത്തിയാല്‍ നമ്മുടെ ജീവിതം മുഴുവന്‍ ഇതിന്‍റെ ഗുണഫലങ്ങള്‍ പ്രതിഫലിക്കുന്നതും എത്ര പരിശ്രമിച്ചിട്ടും പരിഹരിക്കാന്‍ സാധിക്കാത്ത നൂറ് കണക്കിന് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുമാണ്. 

പയാമെ ഇന്‍സാനിയത്ത്, മാനവികതയുടെ സന്ദേശം
ഈയൊരു ഭാഗത്തേക്ക് സ്നേഹത്തോടെ നിങ്ങള്‍ എല്ലാവരെയും സ്വാഗതം ചെയ്യാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് ഈ വഴിയില്‍ വലിയ പരിചയമോ ശേഷിയോ ഇല്ലായെന്ന് ഞങ്ങള്‍ തുറന്ന് സമ്മതിക്കുന്നു. പക്ഷേ, പ്രവിശ്യാലമായി പരന്ന് കിടക്കുന്ന ഈ മഹാരാജ്യത്ത് ഇതിനുവേണ്ടി ശബ്ദം ഉയര്‍ത്തുന്ന ആരെയും ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഈ ഒരു വിഷയത്തെ ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവും ഞങ്ങളുടെ മുമ്പില്‍ ഇല്ല. ഇത്തരുണത്തില്‍ ഞങ്ങള്‍ ഒന്നുമല്ലെങ്കിലും ഞങ്ങളുടെ പക്കല്‍ ഒന്നുമില്ലെങ്കിലും ഈ ഒരു സന്ദേശം രാജ്യത്തിന്‍റെ, രാജ്യത്തിന്‍റെ മാത്രമല്ല മുഴുവന്‍ ലോകത്തിന്‍റെയും സുപ്രധാന ആവശ്യമാണെന്ന് കണ്ട് ഞങ്ങള്‍ വീടുകളില്‍ നിന്നും ഇറങ്ങിത്തിരിച്ചു. അങ്ങനെ നിങ്ങളുടെ അരികില്‍ എത്തുകയും നിങ്ങള്‍ക്ക് മുമ്പാകെ മനസ്സ് തുറന്ന് വെച്ച് സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ ഞങ്ങളെ സ്വീകരിച്ചതിലും സമാധാനത്തോടെ കാര്യങ്ങള്‍ കേട്ടതിലും ഞങ്ങള്‍ക്ക് വലിയ നന്ദിയുണ്ട്. ഇതിലൂടെ ഞങ്ങളുടെ മനസ്സിന് കൂടുതല്‍ കരുത്ത് വന്നിരിക്കുന്നു. 
നിങ്ങള്‍ ഓരോരുത്തരും ഈ മഹത്തായ സന്ദേശത്തെ കൂടുതല്‍ പഠിക്കുകയും സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും വലിയൊരു സന്ദേശമായി ഏറ്റെടുക്കുകയും ധാരാളം ജനങ്ങള്‍ തിങ്ങിനിറഞ്ഞ ഈ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും ഈ സന്ദേശത്തെ എത്തിച്ച് കൊടുക്കുമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിലൂടെ വിളക്കുകളില്‍ നിന്നും വിളക്കുകള്‍ കത്തുന്നതാണ്. നമ്മേക്കാള്‍ ഉത്തമരായ വ്യക്തിത്വങ്ങള്‍ ചിലപ്പോള്‍ ഈ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി നടത്തുകയും ചെയ്യുന്നതാണ്. ഇപ്രകാരം അടിയുറച്ച വിശ്വാസവും ഉണര്‍ന്ന മനസ്സുകളുമുള്ള വ്യക്തിത്വങ്ങളിലൂടെയാണ് ലോകത്തെ സര്‍വ്വ കാര്യങ്ങളും നടക്കുന്നത്. ഇത്രവലിയ് സദസ്സിലെ ഓരോ സഹോദരങ്ങളും ഇത് സ്വീകരിക്കുകയും സ്വന്തം നന്നാകാനും ഓരോ വ്യക്തികളെയും നന്നാക്കാനും പരിശ്രമിക്കണമെന്നും അപേക്ഷിക്കുന്നു. ഇത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇതില്ലാതെ മാനവ ജീവിതം ഒരിക്കലും നന്നാകുന്നതല്ല തന്നെ!  

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...