Sunday, August 23, 2020

സ്വാർത്ഥതയുടെ കൊടുങ്കാറ്റ്, ചെറിയ തുണികൊണ്ട് മറച്ചാൽ നിൽക്കുന്നതല്ല.!

 

സ്വാർത്ഥതയുടെ കൊടുങ്കാറ്റ്, 

ചെറിയ തുണികൊണ്ട് മറച്ചാൽ നിൽക്കുന്നതല്ല.! 

-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 


ആമുഖം

വിശ്വപണ്ഡിതനായ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി 1954-ൽ ജനുവരി 15-ാം തീയതി ജോൻപൂരിലെ ഠൗൺ ഹാളിൽ വെച്ച് നടത്തിയ ഒരു പ്രഭാഷണമാണിത്. വ്യത്യസ്ത മത രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും ഇതിൽ പങ്കെടുത്തിരുന്നു. ഇതിൽ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങളോട് എല്ലാവരും അനുകൂല അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞിട്ടും നാളുകളോളം ജനങ്ങൾ ഇതിനെക്കുറിച്ച് ചർച്ച നടത്തുകയുണ്ടായി. ഇന്നും ഇതിന്റെ ശക്തിയും പുതുമയും നഷ്ടപ്പെട്ടിട്ടില്ലായെന്ന് നമുക്കും ഇത് വായിച്ചാൽ അനുഭവപ്പെടുന്നതാണ്. 

ഈ പ്രഭാഷണത്തിൽ വലിയ തത്വചിന്തകളൊന്നുമില്ല. മാനവികതയെക്കുറിച്ച് പൊതുവായി മനസ്സിലാകുന്ന ശൈലിയിലും ഭാഷയിലും മൗലാനാ ലളിതമായി വിവരിക്കുകയാണ്. എന്നാൽ ആത്മാർത്ഥയുടെ ശക്തിയായിരിക്കാം ഇതിൽ വലിയ പ്രേരണ അടങ്ങിയിരിക്കുന്നു. ഇത് എല്ലാവരും പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും  ചെയ്യേണ്ട ഒരു വിഷയമാണ്. കൂടാതെ, മുഴുവൻ ലോകത്തിന്റെയും വിശിഷ്യാ നമ്മുടെ രാജ്യത്തിന്റെയും വലിയൊരു ആവശ്യം കൂടിയാണ്. പടച്ചവനോട് ഭയഭക്തിയും പടപ്പുകളോട് സ്‌നേഹാദരങ്ങളും പുലർത്തണമെന്ന പ്രബോധനം കാലഘട്ടത്തിന്റെ വലിയൊരു ആവശ്യമാണ്. ഈ കാര്യം നിഷ്‌കളങ്കമായി പ്രബോധനം നടത്തിയാൽ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികളിലോ ഭൗതിക പ്രസ്ഥാനങ്ങളിലോ കാണപ്പെടാത്ത വലിയ പ്രയോജനം ഈ പ്രബോധനത്തിൽ അടങ്ങിയിരിക്കുന്നു. ജനങ്ങളെല്ലാവരും ഭൗതിക പൂജയിലും നിലവിലുള്ള അവസ്ഥകളിലും യാതൊരുവിധ സമാധാനവും കണ്ടെത്താതെ അസമാധാനത്തോടെ കഴിയുകയാണ്. ഇത്തരുണത്തിൽ അവരോട് പരിപൂർണ്ണ സഹാനുഭൂതിയോട് ശരിയായ മാനവികതയെക്കുറിച്ച് ഉണർത്തപ്പെട്ടാൽ തീർച്ചയായും അവരിൽ അത് പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നതാണ്. ഈ പ്രഭാഷണം വലിയ താൽപ്പര്യത്തോടെയും ശ്രദ്ധയോടെയും ശ്രവിക്കപ്പെട്ടത് പോലെ തന്നെ മാന്യ അനുവാചകർ വായിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 

-മുഹമ്മദ് റാബിഅ് ഹസനി നദ്‌വി

(ഓൾ ഇന്ത്യാ പയാമെ ഇൻസാനിയത്ത് ഫോറം ലക്‌നൗ)

....................................................................................................................

സ്വാർത്ഥതയുടെ കൊടുങ്കാറ്റ് ചെറിയ തുണികൊണ്ട് 

മറച്ചാൽ നിൽക്കുന്നതല്ല.! 

മാനവരാശി ഇന്ന് ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പ്രശ്‌നങ്ങളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ തീരുകയില്ല. ഇത്തരുണത്തിൽ ഏറ്റവും വലിയ ബുദ്ധി പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം കണ്ടെത്തലും അത് പരിഹരിക്കലുമാണ്. 

മുൻസിപ്പാലിറ്റിയിലെ വാട്ടർ വർക്കുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. പൈപ്പുകളിലൂടെ മോശം വെള്ളം വന്നാൽ ആമാശയം നാശമാവുകയും പലതരം രോഗങ്ങൾ പരക്കുകയും ചെയ്യും. ഇത് തടയാനുള്ള ഒരുവഴി ഓരോരുത്തരും അവനവന്റെ വീട്ടിലെ പൈപ്പിൽ തുണികെട്ടി വെള്ളം ശുദ്ധീകരിച്ച് എടുക്കുകയും തിളപ്പിച്ച് കുടിക്കുകയും ചെയ്യലാണ്. ഇതിനേക്കാൾ പ്രയോജനപ്രദവും മഹത്തരവുമായ മറ്റൊരു വഴി ഇതുമായി ബന്ധപ്പെട്ടവരെ കാര്യം ധരിപ്പിക്കുകയും അവർ ഉണർന്ന് ജലത്തെ ശുദ്ധീകരിക്കാൻ ശ്രമിക്കുകയും ചെയ്യലാണ്. നാം ഒരു വ്യക്തി ശുദ്ധീകരിച്ച ജലം കുടിച്ചാൽ നമുക്ക് രക്ഷ കിട്ടും. പക്ഷേ, അറിവില്ലാത്ത ധാരാളം ആളുകളും വഴിയാത്രക്കാരും ശുദ്ധീകരിക്കാതെ കുടിക്കുകയും രോഗങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നതാണ്. 

ഇന്ന് മാനവികതയുടെ കേന്ദ്രത്തിന് കുഴപ്പം ബാധിച്ചിരിക്കുകയാണ്. ജീവൻ പ്രവഹിച്ച് തുടങ്ങുന്ന സ്ഥാനങ്ങൾ നാശമായിരിക്കുന്നു. ജീവിതത്തിന്റെ വൈദ്യുതി കേന്ദ്രം തകർന്നിരിക്കുന്നു. തൽഫലമായി മാനവികത മുഴുവനും തകർന്നു. കൈക്കൂലിയും ചതിയും അക്രമങ്ങളും വ്യാപകമായിരിക്കുന്നു. മനുഷ്യരിൽ സർവ്വവിധ തിന്മകളും പ്രചരിച്ചു. ഇതിനുള്ള പരിഹാര മാർഗ്ഗം എന്താണ്? നാം നമ്മുടെ കാര്യം മാത്രം നോക്കി നന്നായാൽ മതിയോ? പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തെ തന്നെ നന്നാക്കാൻ പരിശ്രമിക്കണമോ? 

നാം മനുഷ്യരാണ്. സ്വന്തം ശത്രുക്കളെ മൃഗങ്ങൾ പോലും തിരിച്ചറിയാറുണ്ട്. കല്ലെറിയുന്ന ആളെക്കണ്ടാൽ നായ വിരണ്ടോടുന്നത് കാണാം. കഴുതയുടെ വിഡ്ഢിത്തരം പ്രസിദ്ധമാണ്. എന്നാൽ ആരെങ്കിലും മൺകട്ട എടുത്താൽ അതും ബഹളമുണ്ടാക്കിത്തുടങ്ങും. മനുഷ്യരായ നാം മൃഗങ്ങളേക്കാളെല്ലാം ഉത്തമരാണ്. പക്ഷേ, പ്രശ്‌നങ്ങളുടെയും നാശനഷ്ടങ്ങളുടെയും അടിസ്ഥാനത്തെക്കുരിച്ച് ആലോചിക്കാത്തതും അതിനെ തിരുത്താൻ പരിശ്രമിക്കാത്തതും ഖേദകരമാണ്. നമ്മുടെ പളുങ്ക് കൊട്ടാരത്തിലേക്ക് നാല് ഭാഗത്ത് നിന്നും ചെളികൾ തെറിച്ച് വീഴുന്നു. നാം ചെളികളെ ചീത്ത വിളിക്കുകയും കണ്ണാടി കഴുകി വൃത്തിയാക്കുകയും ചെയ്യുന്നു. എന്നാൽ എറിയുന്ന കൈകളിലേക്ക് നോക്കുകകയോ അവരെ തിരുത്താൻ ശ്രമിക്കുകയോ ചെയ്യാറില്ല. ഇന്നത്തെ ചിന്തകരും സാംസ്‌കാരിക നായകരും ഇതുപോലെ ആയിപ്പോയോ എന്ന സംശയമുണ്ട്. വലിയ വലിയ ആളുകൾ പോലും കല്ലുകളോട് ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, കല്ലുകളുടെ എല്ലാം അടിസ്ഥാനമായ മനുഷ്യരെ കണ്ടെത്താനോ തിരുത്താനോ ആരും ശ്രദ്ധിക്കുന്നില്ല. 

മാനവരാശിയുടെ ഏറ്റവും വലിയ മാർഗ്ഗ ദർശകരാണ് മഹാന്മാരായ പ്രവാചകന്മാർ. തകർന്ന് കൊണ്ടിരുന്ന മാനവികതയെ ശരിയായ നിലയിൽ ചികിത്സിച്ച് ഭേദപ്പെടുത്തി. അവർ അടിസ്ഥാനത്തിലേക്ക് നോക്കി. മാനവ കുലത്തിന്റെ മനസ്സിനെ നന്നാക്കാൻ പരിശ്രമിച്ചു. തൽഫലമായി അകത്തുള്ള മാലിന്യങ്ങളെല്ലാം പുറത്തേക്ക് പ്രവഹിക്കുകയും മനുഷ്യൻ ആരോഗ്യവാനാവുകയും ചെയ്തു. സർവ്വസ്ഥലങ്ങളിലും സമാധാനവും സന്തോഷവും നിറഞ്ഞ സ്‌നേഹത്തിന്റെ സാഹചര്യം സംജാതമായി. പരിശുദ്ധ ഖുർആൻ പറയുന്നു: എല്ലാ രാജ്യത്തും സർവ്വ സമുദായങ്ങളിലും പടച്ചവന്റെ ഭാഗത്ത് നിന്നും മാർഗ്ഗ ദർശകർ വന്നിട്ടുണ്ട്. (റഅ്ദ്) ഓരോ പ്രവാചകന്മാരും ഈ വഴിയിലൂടെ പരിശ്രമിക്കുകയും വമ്പിച്ച പരിവർത്തനങ്ങൾ കാഴ്ച്ചവെക്കുകയും ചെയ്തു. 

എന്നാൽ പ്രവാചകന്മാരുടെ പ്രവർത്തനങ്ങളെ നാം പഴഞ്ചനായി കാണുന്നു. വിവര വൈജ്ഞാനിക സാങ്കേതിക അധികരിച്ച ഈ കാലഘട്ടത്തിൽ സഹസ്രബ്ദങ്ങൾക്ക് മുമ്പുള്ള പ്രവാചക മാർഗ്ഗം നമുക്ക് തരംതാഴ്ന്നതായി തോന്നുന്നു. എന്നാൽ പഴയെ മാർഗ്ഗം തന്നെയാണ് പ്രയോജനപ്രദമെന്ന് നാം തിരിച്ചറിയുക. സൂര്യൻ വളരെ പഴക്കമുള്ളതാണ്. അത്യാധുനികമായ  നിരവധി വിളക്കുകൾ നാം  കണ്ട് പിടിച്ചെങ്കിലും സൂര്യ പ്രകാശത്തെ നാം അവഗണിക്കുന്നു. ഇപ്രകാരം മഹാന്മാരായ പ്രവാചകന്മാർ യാത്രയായി സഹസ്രബ്ദങ്ങൾ കഴിഞ്ഞെങ്കിലും അവരുടെ മാർഗ്ഗം ഒരിക്കലും ഒഴിച്ച് കൂടാൻ പറ്റാത്തതാണെന്ന് നാം മനസ്സിലാക്കുക. 

പ്രവാകന്മാർ പറഞ്ഞു: എല്ലാ വസ്തുക്കൾക്കും ഒരു അടിസ്ഥാനമുണ്ട്. ഏതെങ്കിലും കാര്യത്തെ നന്നാക്കാൻ അടിസ്ഥാനം നന്നാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം! ഇത് ലളിതമായി ഉദാഹരണത്തിലൂടെ നാം ഗ്രഹിക്കുക. വേനൽക്കാലത്ത് സമുദ്രത്തിൽ നീരാവി ഉണ്ടായിത്തീരും. നീരാവി ഉയരുകയും ചൂടിലൂടെ അലിയുകയും പർവ്വതങ്ങളിൽ പോയി പതിക്കുകയും ചെയ്യുമ്പോൾ ശക്തമായ മഴ പെയ്യുന്നു. മഴ കഠിനമായാൽ സാധാരണ തുണിപിടിച്ച് നമുക്ക് രക്ഷപ്പെടാൻ സാധിക്കുന്നതല്ല. ഇപ്രകാരം പാപങ്ങളുടെ ആധിക്യം മാനവരാശിയിൽ നിന്നും ഉയർന്ന് വലിയ നാശനഷ്ടങ്ങളുടെ പേമാരിയായി പെയ്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെ സാധാരണ കാര്യങ്ങൾകൊണ്ട് തടഞ്ഞ് നിർത്താൻ സാധിക്കുകയില്ലായെന്ന് മനസ്സിലാക്കുക. 

ഏതാനും നാളുകൾക്ക് മുമ്പ് ഒരു പ്രധാനപ്പെട്ട വ്യക്തിത്വത്തെ ചെന്ന് കണ്ട് ഈ കാര്യങ്ങൾ സംസാരിച്ചപ്പോൾ അദ്ദേഹം അവഗണിക്കുകയും വിഷയം മാറ്റി മറ്റ് കാര്യങ്ങൾ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് കണ്ടപ്പോൾ എനിയ്ക്ക് വലിയ ദു:ഖമുണ്ടായി. ഇതിനിടയിൽ എനിയ്ക്ക് പരിചയമില്ലാത്ത ഒരു വ്യക്തി അവിടേക്ക് കടന്നുവന്നു. ഉടനടി വീട്ടുകാരൻ എഴുന്നേറ്റ് നിന്ന് ആദരിക്കുകയും അദ്ദേഹം പോകുന്നതുവരെ കൈകെട്ടി നിന്ന് വിനയത്തോടെ സംസാരിക്കുകയും ചെയ്തു. അദ്ദേഹം പോയപ്പോൾ വീട്ടുകാരൻ പറഞ്ഞു: വലിയ ഫീസ് കൊടുക്കേണ്ട ഒരു ഡോക്ടറാണിത്! ഇതാണ് ഇന്നത്തെ പൊതു അവസ്ഥ. ഇന്ന് പണത്തിനും പണ്ഡത്തിനും സാധന സാമഗ്രികൾക്കും നല്ലവിലയുണ്ട്. മാനവികതയ്ക്കും മാനുഷിക മൂല്യങ്ങൾക്കും ഒരു വിലയുമില്ല. ശൈഖ് സഅ്ദീ ശീറാസി തന്റെ ഒരു സ്വന്തം സംഭവം വിവരിക്കുന്നു. അദ്ദേഹം ഒരു സാധാരണ വസ്ത്രം ധരിച്ചുകൊണ്ട് ഒരു സൽക്കാരത്തിന് പങ്കെടുത്തു. ആരും അദ്ദേഹത്തിലേക്ക് തിരിഞ്ഞ് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അടുത്ത പ്രാവശ്യം കൂടിയ ഒരു വസ്ത്രവും ധരിച്ച് ഒരു സൽക്കാരത്തിന് പോയി. എല്ലാവരും അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കുകയും ആദരവോടെ ആഹാരം കഴിക്കാൻ ഇരുത്തുകയും ചെയ്തു. അദ്ദേഹം പാത്രത്തിൽ നിന്നും കറി എടുത്ത് വസ്ത്രത്തിലേക്ക് ഒഴിക്കാൻ തുടങ്ങി. ഇത് കണ്ട് ആളുകൾ ബഹളം ഉണ്ടാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ യഥാർത്ഥത്തിൽ ആദരിച്ചത് ഈ വസ്ത്രത്തെ ആണ്. ഇതിനുവേണ്ടിയാണ് നിങ്ങൾ എനിയ്ക്ക് ഉന്നത സ്ഥാനത്ത് ഇരുത്തി ആഹാരം തരുന്നത്. അതുകൊണ്ട് ആഹാരമെല്ലാം ഇതിന് തന്നെ കൊടുക്കാമെന്ന് ഞാൻ തീരുമാനിച്ചു. മുമ്പൊരിക്കൽ സാധാരണ വസ്ത്രം ധരിച്ച് വന്നപ്പോൾ ആരും തിരിഞ്ഞ് പോലും നോക്കിയില്ല! 

ഇതാണ് ഇന്നത്തെ ലോകത്തിന്റെ ചിത്രം. നാം മക്കൾക്ക് മാനവികത, മാന്യത, സൽസ്വഭാവം, ഇവയുടെ മഹത്വങ്ങൾ പറഞ്ഞ് കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? നമ്മുടെ കുട്ടികൾ ബോധം വെച്ചത് മുതൽ കാണുന്നത് മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളും ദു:സ്വഭാവങ്ങളുമല്ലേ? നമ്മുടെ വീട്ടിലേക്ക് കാറിൽ വരുന്നവരെ നാം എഴുന്നേറ്റ് നിന്ന് സ്വീകരിച്ച് ആദരിക്കുന്നു. നടന്ന് വരുന്നവരെ തിരിഞ്ഞ് പോലും നോക്കാറില്ല. അതെ, ആദരവിന്റെ അടിസ്ഥാനം മനുഷ്യനാകലല്ല, പണമാണ് എന്ന് ഇതിലൂടെ നാം മക്കളെ പഠിപ്പിക്കുകയാണ്. 

എന്നാൽ പ്രവാചകന്മാർ മനുഷ്യത്വമാണ് വലുതെന്നും ഭയഭക്തിയാണ് ഉന്നത ഗുണമെന്നും സൽസ്വഭാവം സമുന്നത മഹത്വമാണെന്നും പഠിപ്പിച്ചു. ഖലീഫ ഉമറുൽ ഫാറൂഖ് (റ)നെ കാണാൻ ഒരു വലിയ അറബി നേതാവ് വന്നു. ഉമർ (റ) അദ്ദേഹത്തോട് പറഞ്ഞു: അൽപ്പം പ്രതീക്ഷിക്കുക. ഇത് മറ്റുചിലർക്കുള്ള സമയമാണ്. തുടർന്ന് ബിലാൽ മുഅദ്ദിൻ (റ) വന്നു. ഉമർ (റ) അദ്ദേഹത്തെ അടുത്തിരുത്തി സംസാരിച്ചു. ശേഷം മദീനയിലെ ഏതാനും സാധുക്കൾ വന്നു. ഉമർ (റ) അവരെ അടുത്തിരുത്തി സംസാരിച്ചു. ഇത് കണ്ട നേതാവിന് അനിഷ്ടമായി. എന്നെ ഇവിടെ ഇരുത്തി സാധുക്കളുമായി സംസാരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നി. അപ്പോൾ അദ്ദേഹത്തിന്റെ അടുത്തിരുന്ന ഒരാൾ പറഞ്ഞുകൊടുത്തു: ഖലീഫ ത്രാസിൽ തൂക്കിയാണ് ആളുകളോട് ഇടപെടുന്നത്. ഇത് ഖലീഫയുടെയോ സാധുക്കളുടെയോ കുഴപ്പമല്ല, ഖലീഫ പടച്ചവന്റെ നാമത്തിൽ എല്ലാവരെയും വിളിച്ചു. ഇവർ അതിനെ വിലമതിച്ച് നേരെത്തെ എത്തി. താങ്കൾ വില മനസ്സിലാക്കി നേരെത്തെ വന്നില്ല. താങ്കൾ പിന്നിലായപ്പോൾ അവർ മുന്നിലേക്ക് നീങ്ങി! 

ഇന്ന് സമ്പത്തിലും ഭൗതിക വസ്തുക്കളിലും മനുഷ്യൻ വളരെ മുന്നേറിയിരിക്കുന്നു. മാനുഷിക മൂല്യങ്ങൾ അതിനനുസരിച്ച് കുറയുകയും ചെയ്തിരിക്കുന്നു. ദൗർഭാഗ്യവശാൽ നമ്മുടെ സാഹിത്യ കലകളെല്ലാം പണത്തിനും ഭൗതികതയ്ക്കുമാണ് കൂടുതൽ സ്ഥാനം കൊടുത്ത് കൊണ്ടിരിക്കുന്നത്. പണത്തിന് അനുസരിച്ച് ആളുകൾക്ക് മഹത്വം കൊടുക്കുന്ന ഒരു സാഹചര്യം സംജാതമായി. പണമാണ് മനുഷ്ൻ. പണമില്ലാത്തവൻ മനുഷ്യനല്ല. യഥാർത്ഥത്തിൽ ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ നാശനഷ്ടങ്ങളുടെയും അടിസ്ഥാനം ഈ ചിന്താഗതിയാണ്. തൽഫലമായി വളഞ്ഞതോ തിരിഞ്ഞതോ ആയ ഏത് വഴിയിലൂടെയും എത്രയും പെട്ടെന്ന് പണക്കാരൻ ആകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പണത്തിനുവേണ്ടി ശരിയും തെറ്റുമായ സർവ്വ മാർഗ്ഗങ്ങളും സ്വീകരിക്കുന്നു. കാരണം പണത്തിനാണ് സ്ഥാനമെന്ന് എല്ലാവരും ഉണർന്നിരിക്കുകയാണ്. 

ഏതാനും വർഷങ്ങൾക്ക് മുമ്പ് രണ്ട് ലോക മഹായുദ്ധങ്ങൾ നടന്നു. ഇത് ഏതെങ്കിലും ആദർശ വീക്ഷണങ്ങളുടെ പേരിൽ ആയിരുന്നില്ല. പണത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും ആർത്തിയുടെ പേരിൽ മാത്രമായിരുന്നു. അടുത്തിടെ ട്രെയിൻ യാത്രക്കിടയിൽ എന്റെ അടുത്തിരുന്നത് ഒരു ഹൈന്ദവ സഹോദരനാണ്. ട്രെയിൻ വിട്ട ഉടനെ അദ്ദേഹം പറഞ്ഞു: ലോകത്തുള്ള മുഴുവൻ പ്രശ്‌നങ്ങളുടെയും അടിസ്ഥാനം മതങ്ങളും മത നേതാക്കളുമാണ്. മൗലാനമാരും സ്വാമിമാരുമാണ് എല്ലാ നാശങ്ങൾക്കും തുടക്കം കുറിക്കുന്നത്. നാശമുണ്ടാക്കുന്നത് ഒരു ജോലിയായി അവർ സ്വീകരിച്ചിരിക്കുകയാണ്. വിനീതൻ പറഞ്ഞു: ശരിയാണ്. ഒന്ന്,  രണ്ട് ലോക മഹായുദ്ധങ്ങൾ മൗലാനാമാരും സ്വാമിമാരും ചേർന്നാണല്ലോ നടത്തിയത്. ഇത് കേട്ടപ്പോൾ അദ്ദേഹം നിശബ്ദനായി. വിനീതൻ അദ്ദേഹത്തോട് പറഞ്ഞു: മുഴുവൻ മനുഷ്യരുടെയും രക്തം ഊറ്റിക്കുടിക്കാൻ ആഗ്രഹിക്കുകയും മാനവ രക്തം കൊണ്ട് ഹോളി കളിക്കാൻ കൊതിക്കുകയും ചെയ്യുന്നവരാണ് പ്രശ്‌നങ്ങളുടെ എല്ലാം അടിസ്ഥാനം. 1914-ൽ യഹൂദി സമ്പന്നർക്ക് അവരുടെ സാധനങ്ങൾ സൂക്ഷിക്കാനും വിറ്റഴിക്കാനും വലിയ കേന്ദ്രങ്ങൾ ആവശ്യമായി വന്നു. ഇതിന് വേണ്ടി അവർ ഗൂഢാലോചനകൾ നടത്തി. അവർ ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യങ്ങളെ പരസ്പരം തല്ലിക്കുകയും ചെയ്തു. അതെ, അവരുടെ കച്ചവടത്തിന് വേണ്ടി മാത്രമാണ് ലക്ഷക്കണക്കിന് ജീവനുകൾ പാഴാക്കുകയും നിരവധി രാഷ്ട്രങ്ങൾ തകർക്കുകയും ചെയ്തു. ഇന്നും ഇതുപോലുള്ള കച്ചവടങ്ങളെ ആഗ്രഹിക്കുന്നവരാണ് പ്രധാന പ്രശ്‌നക്കാർ. ഞങ്ങളുടെ പണം കൂടണം, ഞങ്ങളുടെ പേര് ഉയരണം, ഞങ്ങളുടെ ആളുകൾ വളരണം എന്ന സ്വാർത്ഥ ചിന്താഗതികളാണ് കുഴപ്പങ്ങളുടെ അടിസ്ഥാനം. മതം, സംസ്‌കാരം, ഭാഷ, ദേശം ഇതൊന്നും ഭിന്നതയുടെയും ശത്രുതയുടെയും അടിസ്ഥാനമല്ല. ഒരു സംസ്‌കാരവും മതവും രാജ്യവുമായി ബന്ധപ്പെട്ടവർ തന്നെ പരസ്പരം കഠിന ശത്രുക്കളെ പോരാടുന്നത് കണ്ടിട്ടില്ലേ? നീണ്ട യുദ്ധങ്ങൾ  നടത്തിയ കൗരവരും പാണ്ഡവരും ഒരു കുടുംബക്കാർ അല്ലായിരുന്നോ? പരസ്പരം തല്ലുണ്ടാക്കുന്ന അറബികൾ ഒരു ഭാഷയും സംസ്‌കാരവുമായി ബന്ധപ്പെട്ടവരല്ലേ? അഫ്ഗാനിസ്ഥാനിൽ പഠാണികളും പാക്കിസ്ഥാനിൽ മുസ്‌ലിംകളും ഇന്ത്യയിൽ ഹൈന്ദവരും പരസ്പരം പോരടിക്കുന്നത് മതത്തിന്റെ പേരിലല്ല. മനോച്ഛകളുടെയും സ്വാർത്ഥതയുടെയും പേരിലാണ്. അതെ, സ്വാർത്ഥത നമ്മുടെ മതമായി മാറിയിരിക്കുന്നു. നമ്മുടെ മനസ്സിൽ അടിഞ്ഞ് കൂടയിരിക്കുന്ന മാലിന്യങ്ങൾ പുറത്തേക്ക് പ്രവഹിക്കുന്നതാണ് കുഴപ്പങ്ങളുടെ കാരണം. 

പ്രവാചകന്മാർ മനസ്സ് നന്നാക്കാൻ പരിശ്രമിച്ചവരാണ്. കാരണം പുറത്തെ നാശം അകത്ത് നിന്നും പുറപ്പെടുന്നതാണെന്ന് അവർ മനസ്സിലാക്കി. പുറത്തുള്ള നാശങ്ങൾ അകത്തേക്ക് കടന്നുവെന്ന് വിചാരിച്ചാണ് നാം പുറത്തെ നന്നാക്കാൻ ഇന്ന് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഹൃദയത്തിന്റെ രോഗം ശരീരം മുഴുവനും പ്രതിഫലിക്കുന്നതുപോലെ മനസ്സിലെയും മസ്തിഷ്‌കത്തിലെയും ഉദ്ദേശ ലക്ഷ്യങ്ങളുടെയും ചിന്താ വിചാരങ്ങളുടെയും നാശം സമൂഹത്തെ മുഴുവൻ നശിപ്പിക്കുന്നത്. മുമ്പ് ഒരിക്കൽ ഒരു രാജാവ് കൂട്ടുകാരോടൊപ്പം വേട്ടയ്ക്ക് പോയി. കാട്ടിൽ വെച്ച് കൂട്ടം തെറ്റിയ അദ്ദേഹം അലഞ്ഞ് നടന്നു. രാത്രി ഒരു വൃദ്ധയുടെ കൂരയിൽ അദ്ദേഹം അഭയം തേടി. വൃദ്ധ ആടിനെ കറക്കാൻ പരിശ്രമിച്ചെങ്കിലും പാല് അൽപ്പം മാത്രമേ കിട്ടിയുള്ളൂ. വൃദ്ധ പാല് കറക്കുന്നത് കണ്ടപ്പോൾ ഇവരുടെയും കൂടി നികുതി നാളെ മുതൽ പിരിക്കണമെന്ന് രാജാവ് ചിന്തിക്കാൻ തുടങ്ങി. തദവസരം രാജാവിനെയും അയാളുടെയും ചിന്തയും തിരിച്ചറിയാത്ത വൃദ്ധ സങ്കടത്തോടെ പറഞ്ഞു: ഇന്ന് പാല് വളരെ കുറച്ച് മാത്രമേ കിട്ടിയുള്ളൂ. രാജാവിന്റെ ഉദ്ദേശ ലക്ഷ്യത്തിൽ എന്തോ കുഴപ്പം ഉണ്ടായെന്ന് തോന്നുന്നു. 

മനുഷ്യൻ ഈ ലോകത്തെ രാജാവാണ്. മനുഷ്യന്റെ ഉദ്ദേശം മോശമാവുകയും മനസ്സ് നാശമാവുകയും ചെയ്തപ്പോൾ പരിസരം മുഴുവൻ നാശനഷ്ടങ്ങൾ പെരുകി. പ്രവാചകന്മാരുടെ വീക്ഷണം വളരെ ആഴം നിറഞ്ഞതാണ്. പ്രവാചകന്മാർ പറയുന്നു: മനസ്സിലെ പാപക്കറകൾ കഴുകിക്കളയുക, ഹൃദയത്തെ നന്നാക്കുക! മനസ്സ് നാശമായതിന്റെ പേരിലാണ് ഇന്നത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും ഫലിക്കാത്തത്. ഭരണകൂടം ഫുഡ് കട്രോൾ പ്രഖ്യാപിച്ചപ്പോൾ കമ്പോളങ്ങളിൽ മോഷണം ആരംഭിച്ചു. പ്രൈസ് കട്രോൾ നടത്തിയപ്പോൾ കമ്പോളങ്ങളിൽ സാധനങ്ങൾ തന്നെ ഇല്ലാതായി. ജനങ്ങൾ അവശ്യ വസ്തുക്കൾ കിട്ടാതെ വലഞ്ഞു. അതെ, മനുഷ്യന്റെ പാപപങ്കിലമായ മനസ്സ് ശരിയാകുന്നതുവരെ ഒന്നും നന്നാകുന്നതല്ല. മനുഷ്യന്റെ അകത്ത് നിന്നുമാണ് നാശം തുടങ്ങുന്നത് എന്ന കാര്യം കമ്മ്യൂണിസം അവഗണിച്ചു. അവർ മനസ്സ് നന്നാക്കാൻ അൽപ്പം പോലും ശ്രദ്ധിച്ചില്ല. തൊഴിലാളികൾ ദാരിദ്ര്യത്തിൽ കിടന്ന് പിടയ്ക്കുന്നു. നേതാക്കൾ ജനങ്ങളുടെ രക്തത്തിലും വിയർപ്പിലും ആറാടുന്നു. മനുഷ്യരുടെ മൃതദേഹങ്ങളിൽ വലിയ മാളികകൾ പണിയുന്നു. ഇതിലൂടെ സർവ്വ സ്ഥലങ്ങളിലും തോന്നിയവാസങ്ങൾ പ്രചരിച്ചു. 

മനസ്സ് നന്നാക്കാതെ നിയമങ്ങൾ നന്നാക്കിയത് കൊണ്ട് യാതൊരു ഫലവുമില്ല. അമേരിക്കയിൽ ലഹരി പദാർത്ഥങ്ങൾ നിരോധിച്ചുകൊണ്ട് നിയമം പാസ്സാക്കപ്പെട്ടു. ലഹരിക്കെതിരിൽ യുദ്ധ പ്രഖ്യാപനം നടത്തി. കോടിക്കണക്കിന് രൂപ ചിലവഴിച്ച് അതിഭയങ്കര പ്രചാരണങ്ങൾ നടത്തി. മദ്യശാലകൾ പൂട്ടാൻ വലിയ പരിശ്രമങ്ങൾ നടത്തപ്പെട്ടു. ലഹരിക്കെതിരിൽ നിരവധി രചനകൾ തയ്യാറാക്കി. അവയുടെ പരസ്യങ്ങൾ മാത്രം ചേർത്ത് വെച്ചാൽ കിലോമീറ്ററുകൾ നീളമുണ്ടാകും. പക്ഷേ, പരിശ്രമത്തിന് അനുസരിച്ച് അമേരിക്കൻ ജനതയ്ക്ക് ലഹരിയിൽ വാശി കൂടി. മദ്യപാനം പഴയതിനേക്കാളും കൂടുതലായി. അവസാനം ഭരണകൂടം പരാജയം സമ്മതിച്ച് നിയമം പിൻവലിച്ചു. ബഹ്യമായ പരിശ്രമങ്ങളും ബുദ്ധിയെ നേരെ ആക്കാനുള്ള അധ്വാനങ്ങളും പരാജയപ്പെടുമെന്നും മനസ്സ് നന്നാക്കുക മാത്രമാണ് വിജയത്തിന്റെ വഴിയെന്നും ഇത് വ്യക്തമാക്കുന്നു. മനസ്സ് നന്നാക്കാതെ വലിയ അധ്വാനങ്ങൾ നടത്തിയിട്ടും അമേരിക്കൻ ജനത തോന്നിയ വാസത്തിൽ നിന്നും പിന്മാറാൻ അൽപ്പവും തയ്യാറായില്ല. 

അതിമഹത്തായ ഒരു പാരമ്പര്യം വഹിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം. എന്നാൽ ഇന്ന് ഇവിടെ വലിയ നാശങ്ങളും നഷ്ടങ്ങളും സംജാതമായിരിക്കുകയാണ്. രാജ്യത്തിന്റെ സ്വഭാവ മേഖല പരിപൂർണ്ണമായി തകർന്നിരിക്കുന്നു. മനുഷ്യത്വ രഹിതമായ വാർത്തകൾ പെരുകുകയാണ്. എന്നാൽ മനുഷ്യ മനസ്സുകളെ നന്നാക്കി ഇതിനെ തിരുത്താനുള്ള ആത്മാർത്ഥ പരിശ്രമങ്ങൾക്ക് പകരം മനസ്സുകളെയും മസ്തിഷ്‌കങ്ങളെയും കൂടുതൽ നാശമാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ദു:ഖത്തോടെ ഉണർത്തുകയാണ്. പുത്തൻ തലമുറയിൽ ലജ്ജയില്ലായ്മ വളർന്നുകൊണ്ടിരിക്കുന്നു. സിനിമയുടെ പേരിൽ മഹാപാപങ്ങളും ക്രൂരമായ അക്രമങ്ങളും പരിശീലിക്കപ്പെടുന്നു. കണ്ണുകളിലൂടെയും കാതുകളിലൂടെയും പാപങ്ങൾ മനസ്സിലേക്ക് ഒഴിക്കപ്പെടുകയാണ്. വാർത്താ മാധ്യമങ്ങൾ പരസ്യമായി പാപങ്ങളെ പ്രബോധനം ചെയ്യുന്നു. വളരെ വ്യക്തമായി പറയട്ടെ പടച്ചവന്റെ വലിയ അനുഗ്രഹത്താൽ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ നമ്മുടെ മനസ്സും സ്വഭാവവും നന്നാക്കിയില്ലെങ്കിൽ ഈ സ്വാതന്ത്ര്യം കൊണ്ട് ഒരു ഗുണവുമില്ലെന്നും സ്വാതന്ത്ര്യം തന്നെ അപകടത്തിലാകുമെന്നും മനസ്സിലാക്കുക. 

യൂറോപ്പിൽ ആയിരക്കണക്കിന് കുഴപ്പങ്ങളുണ്ട്. എന്നിട്ടും യൂറോപ്പ് നിലനിന്ന് പോകുന്നത് എന്തുകൊണ്ടാണെന്ന് നാം പഠിക്കേണ്ടതാണ്. അതെ, പാശ്ചാത്യ ജീവിതത്തിൽ ധാരാളം അക്രമങ്ങളും സ്വഭാവ ദൂഷ്യങ്ങളും കാണപ്പെടുന്നെങ്കിലും അവർ ചെറിയ കാര്യങ്ങളിൽ പോലും നിയമങ്ങൾ പാലിക്കുന്നവരും സംസ്‌കാരം നിലനിർത്തുന്നവരുമാണ്. തരംതാണ വഞ്ചനകളൊന്നും അവരിൽ ഇല്ല. എല്ലാവരും പൗരത്വബോധമുള്ളവരാണ്. പട്ടണത്തിലും ഗ്രാമത്തിലും അവരുടെ ജീവിതം നിയമ മര്യാദകൾക്ക് ഉള്ളിൽ ഒതുങ്ങി നിന്നുകൊണ്ടുള്ളതാണ്. എന്റെ ഒരു സുഹൃത്ത് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ കുറച്ച് വൈജ്ഞാനിക ജോലികളിൽ ബന്ധപ്പെട്ട് കഴിയുകയായിരുന്നു. ലൈബ്രറിയോട് ചേർന്ന് ഒരു റസ്റ്റോറന്റ് ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു:  ക്ഷീണം വരുമ്പോൾ അവിടെപ്പോയി മത്സ്യത്തിന്റെ കബാബ് കഴിക്കുമായിരുന്നു. ദിവസവും ഇപ്രകാരം ചെയ്തിരുന്നു. ഒരു ദിവസം ആഹാരം കഴിച്ച് പൈസ കൊടുക്കാൻ ഒരുങ്ങിയപ്പോൾ അവിടെ ക്യാഷറിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു: താങ്കൾ ദിവസവും രണ്ട് പൈസ ഇവിടെ അധികമായി നൽകിയിരുന്നു. ഞങ്ങളുടെ കണക്കിൽ അത് കൂടുന്നത് കണ്ട് ഞങ്ങൾ ആളെ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളുടെ കുറേ പൈസ ഇപ്രകാരം ഞങ്ങളുടെ കൈയ്യിൽ വന്നിട്ടുണ്ട്. അത് ഞങ്ങൾ മാറ്റിവെച്ചിരിക്കുകയാണ്! 

എന്നാൽ ഇവിടെ ഒരു കാര്യം മനസ്സിലാക്കുക: യൂറോപ്പ്യൻ ജനതയുടെ ഈ സൽസ്വഭാവം അവരുടെ സാമ്പത്തിക അവസ്ഥ നന്നാകണം എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. സാമ്പത്തിക അവസ്ഥ നന്നാകാൻ സാമ്പത്തിക വിശുദ്ധി അത്യാവശ്യമാണെന്ന് അവർ മനസ്സിലാക്കുന്നു. ഇതിന്റെ പിന്നിൽ മത ബോധമോ പടച്ചവനുമായിട്ടുള്ള ബന്ധമോ അൽപ്പം പോലും ഇല്ല. കാരണം അവിടെ ചർച്ച് പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസ മൂല്യങ്ങൾ അവർക്ക് നഷ്ടമായി. ഭൗതിക താൽപ്പര്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട്  സാമ്പത്തിക കാര്യങ്ങൾക്ക് ഇത്തരം സ്വഭാവം നിർബന്ധമാണെന്ന് അവർ സ്വയം തീരുമാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 

അതുകൊണ്ട് തന്നെ യൂറോപ്പിന്റെ സ്വഭാവ മേഖലയിൽ സന്തുലിതത്വമില്ല. മധുരമിടാതെ ചായ കുടിക്കുകയും ലഡുവും ജിലേബിയും വാരിവാരിക്കഴിക്കുകയും ചെയ്യുന്ന ഷുഗർ രോഗികളുടേത് പോലെയാണ് അവരുടെ അവസ്ഥ. സാമ്പത്തിക മേന്മയ്ക്കുവേണ്ടി ചെറിയ കാര്യങ്ങളിൽ പോലും വലിയ സത്യസന്ധത അവർ പുലർത്തുന്നു. എന്നാൽ വർഗ്ഗീയതയും വംശീതയും അവരുടെ മുന്നിൽ വരുമ്പോൾ ഈ വിശ്വസ്തതയും സത്യസന്ധതയും അവർ അവഗണിക്കുന്നു. വ്യക്തി ജീവിതത്തിൽ അവർ വളരെ കൃത്യനിഷ്ടയുള്ളവരാണ്. 9 മണി 12 മിനിറ്റ് വരാൻ അവർ വാഗ്ദാനം ചെയ്താൽ കൃത്യസമയത്ത് തന്നെ അവർ വന്നിരിക്കും. എന്നാൽ സാമുദായിക വിഷയത്തിൽ മറ്റുസമുദായങ്ങളെ വഞ്ചിക്കുകയും അവരെക്കുറിച്ച് അപരാധങ്ങൾ പറയുകയും ചെയ്യാൻ അവർക്ക് യാതൊരു മടിയുമില്ല. അറബികളോട് അവർ കാട്ടിക്കൊണ്ടിരിക്കാൻ അക്രമങ്ങൾ പരസ്യമായ രഹസ്യമാണ്. ഇന്ത്യയിലും അവരുടെ ഈ സ്വഭാവം നാം നന്നായി അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അതെ, അവരുടെ സൽസ്വഭാവങ്ങൾ പടച്ചവനോടുള്ള വിശ്വാസത്തിന്റെയോ പരലോക വിചാരണയെക്കുറിച്ചുള്ള ഭയത്തിന്റെ പേരിലല്ല. കച്ചവട കാര്യങ്ങൾ നന്നായി നീങ്ങുകയും ലാഭം കൂടുതൽ കരസ്ഥമാക്കുകയും ചെയ്യണം എന്ന ലക്ഷ്യം മുന്നിൽ വെച്ചുകൊണ്ട് അവർ ഉപഭോക്താക്കളോട് സൽസ്വഭാവം പുലർത്താനും വാഗ്ദാനങ്ങൾ പാലിക്കാനും ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. എന്നാൽ സാമുദായിക കാര്യങ്ങൾ വരുമ്പോൾ ഏത് ദുസ്വഭാവത്തിനും അക്രമത്തിനും അവർക്ക് യാതൊരു മടിയുമില്ല. 

എന്നാൽ പ്രവാചകന്മാർ പഠിപ്പിച്ച സൽസ്വഭാവം സർവ്വസന്ദർഭങ്ങളിലും മുഴുവൻ ആളുകളോടും നിരന്തരമായി നിലനിൽക്കുന്നതും സർവ്വവിധ ഭൗതിക താൽപ്പര്യങ്ങളിൽ നിന്നും പരിശുദ്ധവുമാണ്. ഉപകാരം, ഉപദ്രവം എന്തുണ്ടായാലും, ജീവൻ അപടകത്തിൽ പെട്ടാലും സൽസ്വഭാവവും മനുഷ്യത്വവും ഉപേക്ഷിക്കരുതെന്ന് പ്രവാചകന്മാർ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഉമർ രണ്ടാമൻ എന്ന പേരിൽ അറിയപ്പെട്ട ഉമറുബ്‌നു അബ്ദിൽ അസീസിന്റെ കാലത്ത് അദ്ദേഹം ലോകത്തെ ഏറ്റവും നാഗരികമായ പ്രദേശത്തിന്റെ ഭരണാധികാരി ആയിരുന്നു. ഒരു രാത്രി അദ്ദേഹം ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാൻ ഗവർമെന്റ് വക വിളക്ക് കത്തിച്ച് വെച്ചിരിക്കുകയായിരുന്നു. അതിനിടയിൽ ഒരു കൂട്ടുകാരൻ വന്നു. സലാം പറഞ്ഞ് സംസാരിക്കാൻ ഇരുന്നു. ഉമറുബ്‌നു അബ്ദിൽ അസീസ് സലാം മടക്കുന്നതിന് മുമ്പ് പ്രസ്തുത വിളക്ക് അണക്കുകയും നിസ്സാരമായ ഒരു മെഴുകുതിരി കത്തിച്ച് വെക്കുകയും ചെയ്തു. ആഗതൻ കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: വലിയ വിളക്ക് പൊതുജനങ്ങളുടെ സമ്പത്താണ്. ഞാൻ അവർക്കുവേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. താങ്കൾ വന്ന് നമ്മുടെ കാര്യം പറയാൻ തുടങ്ങിയപ്പോൾ ഞാൻ അത് അണയ്ക്കുകയും ഇത് കത്തിക്കുകയും ചെയ്തു. കാരണം അത് കത്തിച്ച് കൊണ്ട് എന്റെ കാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ നാളെ പടച്ചവനോട് എനിക്ക് മറുപടിയൊന്നും കാണില്ല! രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ) അന്നത്തെ സൂപ്പർ പൗവറുകളായ റോമൻ, പേർഷ്യൻ സാമ്രാജ്യങ്ങളെ പരാജയപ്പെടുത്തിയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ കാലത്ത് ക്ഷാമം ഉണ്ടായി. തദവസരം വില കൂടിയ ആഹാരങ്ങളൊന്നും താൻ കഴിക്കുകയില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. കുറഞ്ഞ ആഹാരവും താഴ്ന്ന എണ്ണയും കഴിച്ച് അദ്ദേഹത്തിന്റെ ചുവന്ന് വെളുത്ത നിറം പോലും മാറിപ്പോയി. ഇത്തരം സൂക്ഷ്മതയും ത്യാഗവും ആധുനിക നാഗരികതകളിൽ എവിടെയും കാണുകയില്ല. ഇത്തരം സ്വഭാവ മൂല്യങ്ങളും ആത്മീയ ഔന്നിത്യങ്ങളും അവരുടെ ചിന്തയിൽ പോലും ഉദിച്ച് കാണില്ല. എല്ലാവരും വയറ് നിറച്ച് കഴിക്കണം, എല്ലാവർക്കും പാർപ്പിട സൗകര്യം ഉണ്ടാകണം, എല്ലാവരുടെയും ആഗ്രഹങ്ങളെ പരിഗണിക്കണം എന്നത് മാത്രമാണ് ആധുനിക നാഗരിക മേഖലകളുടെ ഏറ്റവും വലിയ ആഗ്രഹങ്ങൾ.

ഞങ്ങൾ വളരെ ആത്മാർത്ഥതയോടെയും വ്യക്തമായും പറയട്ടെ: ഞങ്ങളുടെ ലക്ഷ്യം മുകളിൽ വിവരിച്ച പടച്ചവന്റെ മാർഗ്ഗത്തിലേക്ക് നാം എല്ലാവരെയും പരസ്പരം പ്രേരിപ്പിക്കലാണ്. പടച്ചവനിൽ വിശ്വസിച്ചുകൊണ്ട് മാനവിക ഗുണങ്ങൾ ഉൾക്കൊള്ളുക എന്നതാണ് ഞങ്ങളുടെ സന്ദേശം. ഇത് രാജ്യത്തോടുള്ള ഏറ്റവും വലിയ  സ്‌നേഹവും നിഷ്‌കളങ്ക സ്‌നേഹവുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തീർച്ചയായും രാജ്യത്തിന് പുരോഗമന പരമായ ധാരാളം പദ്ധതികളും സ്ഥാപനങ്ങളും ആവശ്യമാണ്. അതൊന്നിനെയും ഞങ്ങൾ നിന്ദിക്കുന്നില്ല. കുറഞ്ഞ ചിലവിൽ ഉത്തമം വിദ്യാഭ്യാസവും ചികിത്സകളും നൽകുന്ന പാഠശാലകളും ശുശ്രുഷ കേന്ദ്രങ്ങളും രാജ്യത്തിന്റെ വലിയ ആവശ്യങ്ങളാണ്. സത്യസന്ധമായ നീതിപീഠങ്ങളും ഉത്തമ വാർത്താ മാധ്യമങ്ങളും ശക്തമായ പ്രതിരോധ സൈന്യവും ഇതുപോലുള്ള കാര്യങ്ങളും രാജ്യത്തിന് ഒരിക്കലും ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യങ്ങളാണ്. പക്ഷേ, അക്രമവും അന്ധതയും മറ്റുള്ളവരുടെ വയറ് കീറി സ്വന്തം വയറ് നിറയ്ക്കാനുള്ള ആർത്തിയും ഈ രാജ്യത്ത് പകർച്ചവ്യാധി പോലെ പടർന്ന് കൊണ്ടിരിക്കുകയാണ്. ഇത് നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും പോകട്ടെ സ്വാതന്ത്ര്യം പോലും അർത്ഥമില്ലാത്തതായി തീരുന്നതാണ്. മേൽപ്പറയപ്പെട്ട സ്ഥാപനങ്ങളും സജ്ജീകരണങ്ങളും എല്ലാം രാജ്യത്തിന് ആവശ്യമാണ്. ഞങ്ങളും അതുമായി ബന്ധപ്പെട്ട എളിയ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ്. പക്ഷേ, അതിനേക്കാളെല്ലാം രാജ്യത്തിന് ഏറ്റവും കൂടുതൽ ആവശ്യവും പ്രയോജനപ്രദവും മാനവികതയാണ്. മനുഷ്യത്വം ഉണ്ടെങ്കിൽ മാത്രമേ മറ്റ് കാര്യങ്ങൾ കൊണ്ടും ഗുണമുണ്ടാവുകയുള്ളൂ. ഈ ഒരു യാഥാർത്ഥ്യം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ വീടുകളിൽ നിന്നും നിങ്ങളുടെ അരികിലേക്ക് വന്നിരിക്കുന്നത്. 

ഞങ്ങൾ വളരെ സ്പഷ്ടമായി ഒരു കാര്യം ഉറക്കെ പ്രഖ്യാപിക്കട്ടെ; ഞങ്ങൾ മുസ്‌ലിംകൾ ഈ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാൻ വന്നവരല്ല. സമ്പന്നത നിറഞ്ഞ് നിന്നിരുന്ന നാടുകൾ വിട്ട് ഞങ്ങളിവിടെ വന്നത് ഇവിടുത്തെ സമ്പത്തിന്റെ ഓഹരിക്കുവേണ്ടിയല്ല. ഒരു സമുന്നത സന്ദേശവും മഹത്തായ സേവനവുമായി  വന്നവരാണ് ഞങ്ങൾ. പടച്ചവന്റെ അടിമകളെ പടച്ചവന്റെ യഥാർത്ഥ അടിമകളാക്കാനാണ് ഞങ്ങൾ വന്നത്. സത്യത്തിന്റെയും സത്‌സ്വഭാവത്തിന്റെയും സന്ദേശവും കൊണ്ടാണ് ഞങ്ങളുടെ മുൻഗാമികൾ ഇവിടെ വന്നത്. അവർ ഈ രാജ്യത്തിന് പലതും കൊടുത്തിട്ടേയുള്ളൂ. ഒന്നും എടുത്തിട്ടില്ല. ഇവിടെ താമസിക്കാൻ വന്നവരാണവർ. ഇവിടെനിന്നും പോകാൻ വന്നവരല്ല. മനുഷ്യരെ അല്ലാഹുവിന്റെ യഥാർത്ഥ അടിമകളാക്കാനും മനുഷ്യനെ ആത്മാർത്ഥമായി സ്‌നേഹിക്കാനും പ്രസ്തുത സ്‌നേഹം പരത്താനും പ്രപഞ്ചമഖിലത്തെയും സൃഷ്ടിച്ച് രക്ഷിച്ച് പരിപാലിച്ച് കൊണ്ടിരിക്കുന്ന ഏകനായ അല്ലാഹുവിലേക്ക് ക്ഷണിക്കാനുമാണ് അവരിവിടെ വന്നത്. ലോകത്തുനിന്നും ഒന്നും വാങ്ങാതെ മുഴുവൻ ലോകത്തിനും വേണ്ടി അവർ സേവനം ചെയ്തു. സത്യത്തിന്റെ പവിഴമുത്തുകൾ കൊണ്ട് മാനവകുലത്തിന്റെ അക്ഷയപാത്രം നിറച്ച അവർ സ്വന്തം കൈകൾ കാലിയാക്കി. സ്വന്തം മക്കളെക്കുറിച്ച് ചിന്തിക്കാതെ കുടുംബ ഭാഗത്തുനിന്നും കണ്ണുകൾ അടർത്തി ഉദരങ്ങളിൽ കല്ലുകൾ വെച്ചുകെട്ടി മാനവരെ സേവിച്ചു. സുഖ-സുഷുപ്തികൾ കൊടുത്ത് ദുഃഖ-ദുരിതങ്ങൾ ഏറ്റുവാങ്ങി. കിട്ടിയതെല്ലാം പട്ടിണിപ്പാവങ്ങൾക്ക് വീതിച്ചു. സേവകർക്കും ജോലിക്കാർക്കും കൈനിറയെകൊടുത്ത അവർ സ്വന്തം മക്കളെ ത്യാഗം പരിശീലിപ്പിച്ചു. ഒരിക്കൽ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം പായയിൽ കിടക്കുകയായിരുന്നു. ശരീരത്തിൽ പാടുകൾ പതിഞ്ഞിരുന്നു. ഉമർ (റ) ഇതുകണ്ടപ്പോൾ പറഞ്ഞു; ഹാ കഷ്ടം അല്ലാഹുവിന്റെ ദൂതരായ അങ്ങ് ഈ ദുരിതത്തിലും മാനവരക്തം ഊറ്റിക്കുടിക്കുന്ന അക്രമികൾ മാർദ്ദവമായ വിരിപ്പുകളിലുമാണോ കിടക്കുന്നത് ! തിരുമേനി (സ്വ) അരുളി; ''ഉമർ, യഥാർത്ഥ ജീവിതം പരലോകത്തിലെ ജീവിതമാണ്! 

മുസ്‌ലിംകളോട് അല്പം കടുത്ത വാക്ക് പറയുകയാണ്. ഉപരിസൂചിത കാര്യങ്ങളെല്ലാം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നാം നമ്മുടെ യഥാർത്ഥ വഴിയായ മാനവിക സൽസ്വഭാവങ്ങളെ ഉപേക്ഷിച്ച്  മൃഗങ്ങളുടെ മേഖലകളിലേക്ക് താഴ്ന്നിരിക്കുന്നു. നമ്മുടെ കർമ്മരീതികളും സ്വഭാവ സമ്പർക്കങ്ങളും ഇസ്‌ലാമിന്റെ പേര് ദുഷി പ്പിക്കുന്നു. നാം ലോകത്തിന് ജീവിച്ച് കാണിച്ചുകൊടുക്കുന്ന ഇസ്‌ലാമിന്റെ ചിത്രം അങ്ങേയറ്റം വികലമാണ്. നമ്മുടെ ജീവിത രീതിയിൽ എന്ത് ആകർഷണീയതയാണ് ഇന്നുളളത്. ഒരിക്കൽ നാം ഒരു വഴിയിലൂടെ കടന്നുപോയാൽ വസന്തം പരിമളം പരത്തുന്നതുപോലെ വഴിയാകെ സുഗന്ധം വിതറിയിരുന്നു. ഞങ്ങളുടെ നാട്ടിൽ എല്ലാമുണ്ടെങ്കിലും ജനജീവിതം ശരിയാക്കാനും പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും മുസ്‌ലിംകളില്ല എന്ന് പരിഭവം ഉയർന്നിരുന്നു. വിദഗ്ധരായ വൈദ്യൻമാരെയും നിർമ്മാതാക്കളെയും ഏതെങ്കിലും നാട്ടിൽനിന്നും പുറത്താക്കിയതായി ഇന്നുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. പശ്ചിപഞ്ചാബിൽ കൊല്ലൻമാരെ ആവശ്യമായി വന്നപ്പോൾ തെരഞ്ഞുപിടിച്ച് അവരെ അവിടെ താമസിപ്പിച്ചു. നാം നമ്മുടെ സ്വഭാവ രീതികളുടെ ഗൗരവം ഉണർന്നുപ്രവർത്തിച്ചാൽ നമ്മെ ഈ രാജ്യത്തിന്റെ നിധികളായി സൂക്ഷിക്കാൻ ഇവിടുത്തെ ജനങ്ങൾ നിർബന്ധിതരാകും. പാലിൽ വെള്ളമൊഴിക്കാത്ത പാൽക്കാരനെയും തുന്നാനുള്ള തുണി മോഷ്ടിക്കാത്ത തയ്യൽക്കാരനെയും ദിവസം മുഴുവൻ കൃത്യമായി തൊഴിലെടുക്കുന്ന തൊഴിലാളിയെയും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെയും വിട്ടുപിരിയാൻ ഈ രാജ്യം ആഗ്രഹിക്കുമോ. 

പ്രിയപ്പെട്ട രാജ്യ നിവാസികളെ നാമെല്ലാവരും ഒരു നാട്ടുകാരും ഒരു കപ്പലിലെ യാത്രക്കാരുമാണ്. ഞങ്ങൾക്ക് നിങ്ങളോട് ഹൃദയംഗമായ സ്‌നേഹമുണ്ട്. നാം മുഴുവൻ പേരുടെയും ഭാവി പരസ്പരം ബന്ധപ്പെട്ടതാണ്. നിങ്ങളുടെ സുഖം ഞങ്ങളുടെ സുഖവും ദു:ഖം ഞങ്ങളുടെ ദു:ഖവുമാണ്. അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) ഏതെങ്കിലും പ്രത്യേക രാജ്യത്തെ മാത്രം അനുഗ്രഹിക്കാൻ വന്നവരല്ല. സർവ്വലോകങ്ങൾക്കും കാരുണ്യമായി നിയോഗിക്കപ്പെട്ട അന്ത്യപ്രവാചകൻ പ്രസ്താവിച്ചു: പടച്ചവൻ നിങ്ങൾക്കിടയിലുള്ള വംശീയ അഹങ്കാരങ്ങളെ തകർത്തെറിഞ്ഞിരിക്കുന്നു. ഞാനും അതിനെ എന്റെ കാലുകൾ കൊണ്ട് ചവിട്ടി മെതിക്കുകയാണ്. ഒരു അറബിയ്ക്കും അനറബിയേക്കാളോ അനറബിയ്ക്ക് അറബിയിക്കാളോ ഒരു മഹത്വവുമില്ല. ഭയഭക്തി മാത്രമാണ് മഹത്വങ്ങളുടെ അടിസ്ഥാനം. എല്ലാവരും ആദം സന്തതികളാണ്. ആദം മണ്ണിൽ നിന്നാണ് പടയ്ക്കപ്പെട്ടത്!

നാമെല്ലാവരും ഈ മഹാരാജ്യമാകുന്ന കപ്പലിലെ യാത്രികരാണ്. കുറച്ച് ആളുകൾ മുകളിലെ തട്ടിലും മറ്റുള്ളവർ താഴ്ത്തട്ടിലുമായി എന്ന് മാത്രം. ഇവിടെ താഴ്ത്തട്ടിലുള്ള ആരെങ്കിലും കപ്പലിൽ ത്വാരം ഉണ്ടാക്കിയാൽ അവരും എല്ലാവരും മുങ്ങിമരിക്കുന്നതാണ്. എന്നാൽ ആരെങ്കിലും കൈ പിടിച്ച് തടഞ്ഞാൽ അവരും മറ്റുള്ളവരും രക്ഷപ്പെടും! ഇന്ന് നമ്മുടെ രാജ്യത്ത് നമ്മുടെ തന്നെ ചില സഹോദരങ്ങൾ ഈ കപ്പലിൽ ത്വാരം ഇട്ട് കൊണ്ടിരിക്കുകയാണ്. ഇതിനെ തിരുത്താനും തടയാനും നാം ചിന്തിക്കുകയും മുന്നിട്ട് ഇറങ്ങുകയും ചെയ്തില്ലെങ്കിൽ എല്ലാവരും സമുദ്രത്തിൽ മുങ്ങിമരിക്കുന്നതാണ്. സമുദ്രം ഏതെങ്കിലും സംസ്‌കാരത്തിനും സമുദായത്തിനും പ്രത്യേക പരിഗണനയൊന്നും നൽകുന്നതല്ല. 

പടച്ചവൻ നമുക്ക് വിവരവും വിവേകവും നൽകട്ടെ. നമ്മുടെ മനസ്സുകളെ പ്രകാശിപ്പിക്കട്ടെ. മാനവ ദു:ഖം നമുക്ക് നൽകട്ടെ. നമ്മുടെ പ്രിയങ്കരമായ ഈ രാജ്യത്തോട് നമുക്ക് വലിയൊരു കടമയുണ്ട്. ഈ രാജ്യം നമ്മുടെ മുൻഗാമികൾ ചോരയും നീരും ഒഴിക്കി നിർമ്മിച്ചതാണ്. നാം പ്രവാചകന്മാരുടെ പാത സ്വീകരിക്കുക. ഈ രാജ്യത്തെ മാതൃകാപരമായ രാജ്യമായി ഉയർത്താൻ പരിശ്രമിക്കുക. അടിയുറച്ച വിശ്വാസം, സമുന്നത സ്വഭാവം, മാനവ ഗുണകാംഷ എന്നീ ഗുണങ്ങൾ ഇവിടെ പരക്കട്ടെ. ഇതിന് ശക്തമായ ഒരു  ചുവട് വെയ്പ്പ് അത്യാവശ്യമാണ്. ആരെയും കാത്ത് നിൽക്കാതെ നാം മന:ക്കരുത്തോടെ കാലെടുത്ത് വെക്കുക. എന്റെ വേദനകൾ നിങ്ങളോട് വിളിച്ച് പറഞ്ഞപ്പോൾ എന്റെ മനസ്സിന് അൽപ്പം ആശ്വാസം ലഭിച്ചതായി എനിയ്ക്ക് മനസ്സിലാകുന്നു. നിങ്ങളും ഈ വികാരങ്ങൾ അൽപ്പമെങ്കിലും ഏറ്റടുക്കണമെന്ന് താൽപ്പര്യപ്പെടുന്നു. കാരണം ഇത് ഒരാളെക്കൊണ്ടോ ചെറിയ ഒരു വിഭാഗത്തെക്കൊണ്ടോ നടക്കുന്ന കാര്യമല്ല. ആകയാൽ നാമെല്ലാവരും ഈ വിഷയത്തെക്കുറിച്ച് ആത്മാർത്ഥമായി പഠിക്കാനും ജീവിതത്തിൽ പകർത്താനും പ്രചരിപ്പിക്കാനും തീരുമാനം എടുക്കുക.

പയാമെ ഇൻസാനിയ്യത്ത്, മാനവതാ സന്ദേശം. ഉദ്ദേശ ലക്ഷ്യങ്ങൾ 

1. നാം എല്ലാവരും മനുഷ്യരും ഒരു നാട്ടുകാരുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ പരസ്പരം വിശ്വാസവും സ്‌നേഹാദരവുകളും വളർത്താനും അകൽച്ചകളും ശത്രുതകളും ഇല്ലാതാക്കാനും പരിശ്രമിക്കുക. ഇതിനുവേണ്ടി സന്ദർശനങ്ങൾ നടത്തുകയും സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ഉത്തമ രചനകൾ പ്രചരിപ്പിക്കുകയും ചെയ്യുക. 

2. സേവന പ്രവർത്തനങ്ങളിലൂടെ പരസ്പരം അടുക്കുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്റെ യഥാർത്ഥ സുഖസന്തോഷങ്ങൾ അനുഭവിക്കുക.

3. വർഗ്ഗീയത, സാമ്പത്തിക അസമത്വം, കൈക്കൂലി, നഗ്നത പ്രകടനം മുതലായ തിന്മകൾക്കും അക്രമങ്ങൾക്കും എതിരിൽ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് പരിശ്രമിക്കുക.

4. അക്രമപരമായ പരിപാടികളും പ്രവർത്തനങ്ങളും തടയുക. 

5. മർദ്ദിതരും സാധുക്കളുമായ സഹോദരങ്ങളെ ജാതിമത വിത്യാസമില്ലാതെ സഹായിക്കുക. 

6. വിദ്യാർത്ഥി ജനതയെ പ്രത്യേകിച്ചും സൽഗുണസമ്പന്നരായി വാർത്തെടുക്കാൻ വിവിധ രീതികളിൽ പരിശ്രമിക്കുക. 

7. നാം ഓരോരുത്തരും ബന്ധപ്പെട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സൗഹാർദ്ധ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും വളർത്താനും പരിശ്രമിക്കുക. 

ഇക്കാര്യങ്ങൾക്ക് തയ്യാറുള്ള സഹോദരങ്ങൾ ഇടയ്ക്കിടയ്ക്ക് കൂടി ഇരിക്കുകയും ചെയ്യാനുള്ള കാര്യങ്ങളെ ആലോചിക്കുകയും ചെയ്തത് വിലയിരുത്തുകയും ചെയ്യുക. 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...