Saturday, August 15, 2020

ഇന്ത്യന്‍ സ്വതന്ത്ര്യ സമര ചരിത്രത്തിലെ പ്രഥമ ചുവടുവെപ്പും കേരളീയ പണ്ഡിതരും -ഫൈസല്‍ അഹ് മദ് നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

ഏവര്‍ക്കും സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍റെ 

സ്വാതന്ത്ര്യ ദിനാശംസകള്‍.! 

ഇന്ത്യന്‍ സ്വതന്ത്ര്യ സമര ചരിത്രത്തിലെ പ്രഥമ ചുവടുവെപ്പും കേരളീയ പണ്ഡിതരും 

-ഫൈസല്‍ അഹ് മദ് നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 


ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രം കുറിച്ച പലരും കേരളീയ പണ്ഡിതര്‍ പോര്‍ച്ചുഗീസിനെതിരില്‍ നടത്തിയ പോരാട്ടത്തെ അവഗണിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ പോരാട്ടം ഇന്ത്യന്‍ സ്വതന്ത്ര്യ സമര ചരിത്രത്തിലെ പ്രഥമ ചുവടാണ്. ഇത് മുന്നോട്ട് നീങ്ങിയാണ് 1947 വരെ 450 വര്‍ഷം വിവിധ സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ നടന്നത്. ഇതിന് തുടക്കം കുറിച്ചതിന്‍റെ മഹത്വം കേരളീയ പണ്ഡിതര്‍ക്കാണ്. പോര്‍ച്ചുഗല്‍ അധിനിവേശത്തിനെതിരില്‍ ജിഹാദ് വ്യക്തിപരമായ ബാധ്യതയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ ഈ പോരാട്ടം നടത്തിയത്. ഇതിനെ ശരിയായി ഗ്രഹിക്കുന്നതിന് ഇതിന്‍റെ പശ്ചാത്തലം നാം മനസ്സിലാക്കേണ്ടതാണ്. 

ഇന്ത്യാ രാജ്യത്തേക്ക് കടന്നുവന്ന പോര്‍ച്ചുഗീസുകാരുടെ അടിസ്ഥാന ലക്ഷ്യം ക്രിസ്തുമത പ്രബോധനവും പ്രചാരണവുമായിരുന്നു. അന്നത്തെ പോര്‍ച്ചുഗീസ് രാജാവ് ഇമ്മാനുവല്‍ (1495-1521) ആദ്യത്തെ അക്രമത്തിന്‍റെ ലക്ഷ്യം വിവരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു. സമുദ്രത്തിലൂടെ വഴി കണ്ടെത്തി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നതിന്‍റെ ലക്ഷ്യം ക്രിസ്തുമതത്തെ പ്രചരിപ്പിക്കലും പൗരസ്ത്യ ദേശത്തുള്ള സമ്പത്ത് കയ്യടക്കലുമാണ്. (തുഹ്ഫത്തുല്‍ മുജാഹിദീന്‍, അടിക്കുറിപ്പ് പേജ് 246 ബൈറൂത്ത്). ക്രിസ്തുമത പ്രചാരണത്തിന് മാന്യമായ മാര്‍ഗ്ഗങ്ങള്‍ക്ക് പകരം അക്രമ-അനീതികളുടെ വഴികളാണ് അവര്‍ സ്വീകരിച്ചത്. അന്നത്തെ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷി കൂടിയായ ഭക്തനായ മഹാ പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഇതിനെ ചിത്രീകരിക്കുന്നത് കാണുക: അധിനിവേശ ശക്തികള്‍ അതുല്യമായ നാശങ്ങളുണ്ടാക്കുകയും മുസ്ലിംകളുടെ മേല്‍ അക്രമങ്ങള്‍ കാട്ടുകയും ചെയ്തിരിക്കുന്നു. നിരന്തരം മര്‍ദ്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. മുസ്ലിംകള്‍ അരികിലൂടെ പോയാല്‍ കളിയാക്കി ചിരിക്കുകയും കുത്തുവാക്കുകള്‍ പറയുകയും ചെയ്യുന്നു. കപ്പലുകള്‍ വെള്ളമില്ലാത്ത ചെളിയുടെ ഭാഗത്തേക്ക് കൊണ്ടുവന്ന് അവരുടെ മേല്‍ ചെളികള്‍ തെറിപ്പിക്കുന്നു. ശരീരത്തും മുഖത്തും തുപ്പുന്നു. യാത്രകളില്‍ വിശിഷ്യാ, ഹജ്ജ് യാത്രയില്‍ തടസ്സം സൃഷ്ടിക്കുന്നു. സമ്പത്ത് കൊള്ളയടിക്കുന്നു. വീടുകളും മസ്ജിദുകളും കത്തിക്കുന്നു. കപ്പലുകള്‍ പിടിച്ചെടുക്കുന്നു. മുസ്ഹഫുകളും ഗ്രന്ഥങ്ങളും ചവിട്ടുകയും കത്തിക്കുകയും മസ്ജിദുകളെയും ദീനീ സ്ഥാപനങ്ങളെയും നിന്ദിക്കുകയും ക്രിസ്തുമതം സ്വീകരിക്കാനും കുരിശിനെ ആദരിക്കാനും നിര്‍ബന്ധിക്കുകയും അതിന് പണം കൊടുത്ത് പ്രീണിപ്പിക്കുകയും മുസ്ലിം സ്ത്രീകളെ ഇളക്കുന്നതിന് സ്വന്തം സ്ത്രീകളെ അണിയിച്ചൊരുക്കി നടത്തുകയും ഹാജിമാരടക്കമുള്ള ജനങ്ങളെ വധിക്കുകയും റസൂലുല്ലാഹി (സ്വ) യെ പരസ്യമായി അസഭ്യം പറയുകയും മുസ്ലിംകളെ തടവില്‍ പിടിക്കുകയും അടിമകളെ പോലെ കൂലിക്കാരാക്കുകയും ചെയ്യുന്നു. അവരെ നാശങ്ങളും നാറ്റങ്ങളും നിറഞ്ഞ ഇരുളടഞ്ഞ മുറിയില്‍ കൂട്ടിയിട്ട് പൂട്ടുന്നു. വെള്ളം കൊണ്ട് ശുദ്ധീകരിക്കുമ്പോള്‍ ബൂട്ടിട്ട് ചവിട്ടുന്നു. തീ കത്തിച്ച് ഉപദ്രവിക്കുന്നു. ചിലരെ അടിമയാക്കുകയും ചിലരെ വില്‍ക്കുകയും ചെയ്യുന്നു. ധാരാളം ഉത്തമ സ്ത്രീകളെ അവര്‍ അടിമകളാക്കുകയും അവരിലൂടെ ക്രിസ്ത്യന്‍ മക്കളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. സയ്യിദുമാര്‍, പണ്ഡിതര്‍, നേതാക്കള്‍ ഇവരില്‍ ധാരാളം പേരെ തടവിലാക്കി ഉപദ്രവിക്കുന്നു. പലരെയും കൊന്ന് കഴിഞ്ഞു. ധാരാളം മുസ്ലിം പുരുഷന്മാരെയും സ്ത്രീകളെയും ക്രിസ്ത്യാനികളാക്കി. മുസ്ലിംകളോട് അവര്‍ കാട്ടിയ അക്രമങ്ങള്‍ പൂര്‍ണ്ണമായും വിവരിക്കാന്‍ ശേഷിയില്ല. ചിലത് പറയാന്‍ സാധിക്കാത്ത നിലയില്‍ ലജ്ജാവഹവുമാണ്. അല്ലാഹുവിന്‍റെ അപാരമായ ശക്തിയും ശേഷിയും കൊണ്ട് അവരെ ശിക്ഷിക്കട്ടെ.! കാരണം, അവരുടെ ആദ്യാവസാനങ്ങളിലെ ലക്ഷ്യം മുസ്ലിംകളെ ക്രിസ്ത്യാനിയാക്കലാണ്. പോര്‍ച്ചുഗീസില്‍ നിന്നും കൊച്ചിയിലെത്തിയ അവര്‍ മുസ്ലിംകളെ കണ്ടപ്പോള്‍ ആദ്യമായി ചോദിച്ചത്, ഇവരുടെ കോലം ഇതുവരെയും മാറ്റിയില്ലേ എന്നാണ്. ഇതുവരെയും മുസ്ലിംകളെ ഇസ്ലാമില്‍ നിന്നും മാറ്റാന്‍ കഴിയാത്തതിന്‍റെ പേരില്‍ അവരുടെ നേതാവിനെ അവര്‍ ധാരാളം ശകാരിക്കുകയും ചെയ്തു. ഇവര്‍ക്ക് മുസ്ലിംകളോടും ഇസ്ലാമിനോടും മാത്രമാണ് ശത്രുതയുള്ളത്. (തുഹ്ഫത്തുല്‍ മുജാഹിദീന്‍). മുന്‍ശി ദകാഉല്ലാഹ് കുറിക്കുന്നു: പോര്‍ച്ചുഗീസുകാരുടെ ചരിത്രം മുഴുവനും യുദ്ധങ്ങളുടെയും വഴക്കുകളുടേതുമാണ്. അവര്‍ ധാരാളം നാടുകളെയും നാട്ടുകാരെയും തകര്‍ത്തു. മുസ്ലിംകളെ നിന്ദിക്കുന്നതിലും പ്രയാസപ്പെടുത്തുന്നതിലും അവര്‍ അല്‍പ്പവും വീഴ്ച വരുത്തിയില്ല. മുസ്ലിംകളെ തടവില്‍ പിടിച്ച് നിന്ദ്യമായ ജോലികള്‍ ചെയ്യിക്കുമായിരുന്നു. യാത്രാ തടസ്സം സൃഷ്ടിക്കുകയും പ്രത്യേകിച്ച് ഹജ്ജിന് വിടില്ലെന്ന് ആണയിടുകയും ചെയ്തിരുന്നു. മുസ്ലിംകളുടെ സമ്പത്ത് കൊള്ളയടിക്കുകയും വീടുകള്‍ കത്തിക്കുകയും മസ്ജിദുകളുടെ മിഹ്റാബ് സഹിതം തകര്‍ക്കുകയും ചിലപ്പോള്‍ അത് മൃഗങ്ങളെ കെട്ടാന്‍ ഉപയോഗിക്കുകയും മറ്റ് ചിലപ്പോള്‍ അവിടെ ചര്‍ച്ച് പണിയുകയും ചെയ്തിരുന്നു. ഞെരുങ്ങിയതും ഇരുളടഞ്ഞതുമായ തടവറയില്‍ കിടന്ന് ശ്വാസം മുട്ടുന്ന പലരും മരണപ്പെടുമായിരുന്നു. മറുഭാഗത്ത് ഇസ്ലാമിനെ ഉപേക്ഷിക്കാനും ക്രിസ്തു മതത്തെ സ്വീകരിക്കാനും പ്രീണന-പീഢനങ്ങള്‍ നടത്തിയിരുന്നു. പണ്ഡിതരെയും ഭക്തരെയും ചിലപ്പോള്‍ വിരട്ടിയും മറ്റ് ചിലപ്പോള്‍ പണം കൊടുത്തും കീഴ്പ്പെടുത്താന്‍ പരിശ്രമിച്ചിരുന്നു. പലപ്പോഴും സ്ത്രീകളിലൂടെ വശീകരിക്കാന്‍ നോക്കിയിരുന്നു. പാതിരിമാര്‍ നാവ് കൊണ്ടും പട്ടാളക്കാര്‍ ആയുധം കൊണ്ടും അക്രമിച്ചിരുന്നു. (താരീഖെ ഹിന്ദ്). ഇവര്‍ കേരളക്കരയില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ പരസ്യമാണ്. അവരുടെ ആദ്യത്തെ ലക്ഷ്യം മസ്ജിദുകള്‍ തകര്‍ക്കലാണ്. 1510-ല്‍ കോഴിക്കോട്ടെ പ്രസിദ്ധമായ മിസ്ക്കാല്‍ പള്ളി അവര്‍ തകര്‍ത്തു. 1531-ല്‍ ചാലിയം എന്ന സ്ഥലത്ത് മൂന്ന് മസ്ജിദുകള്‍ പൊളിച്ചു. അതിലൊന്ന് പ്രസിദ്ധ താബിഈ മാലിക് ദീനാര്‍ നിര്‍മ്മിച്ചതായിരുന്നു. 1550-ല്‍ തര്‍ക്കൂടി മസ്ജിദ് തകര്‍ത്തു. ഇതേ വര്‍ഷം ഫന്തിരീന യിലെ ജുമുഅ മസ്ജിദ് അടക്കം നാല് മസ്ജിദുകള്‍ പൊളിച്ചു. 

ഇത്തരമൊരു സാഹചര്യത്തിലാണ് പണ്ഡിത മഹത്തുക്കള്‍ നിശബ്ദത ഭേദിച്ച് രംഗത്തിറങ്ങുകയും അധിനിവേശ ശക്തികള്‍ക്കെതിരില്‍ പോരാടേണ്ടത് വ്യക്തിപരമായ ബാധ്യതയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. മറുഭാഗത്ത് ഇന്ത്യയില്‍ വന്നിരുന്ന പണ്ഡിത മഹത്തുക്കളില്‍ വലിയൊരു വിഭാഗം പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങള്‍ സഹിക്കവയ്യാതെ യമനില്‍ നിന്നും പലായനം ചെയ്തുവന്നവരായിരുന്നു. അവരുടെ ശത്രുതയും അക്രമവും ഇവര്‍ക്ക് നേരിട്ട് അറിയാമായിരുന്നു. പലായനം ചെയ്തുവന്നവരില്‍ അധികവും യമനിലെ ഉന്നത കുടുംബാംഗങ്ങളും സാദാത്ത്-ഉലമാക്കളുമായിരുന്നു. നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാതിരുന്ന അക്രമികള്‍ പലായനം ചെയ്തപ്പോഴും ധാരാളം തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇവര്‍ തടവില്‍ പിടിച്ച് വധിച്ച പണ്ഡിതന്മാരുടെ ധാരാളം കത്തുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. (ഹാളിറുല്‍ ആലമില്‍ ഇസ്ലാമി. ഈ ഗ്രന്ഥത്തില്‍ മഹാ പണ്ഡിതനായ അല്ലാമാ സയ്യിദ് മുഹമ്മദ് ബിന്‍ ശിഹാബ് അലവി ഹള്റമിയുടെ വിശദമായൊരു കുറിപ്പ് ഈ വിഷയത്തില്‍ ഉരിച്ചിട്ടുമുണ്ട്.) ചുരുക്കത്തില്‍, ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ പോരാട്ടത്തിന് പ്രേരിപ്പിക്കുകയും അതില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. 

കോഴിക്കോട് പോലുള്ള തുറമുഖ പ്രദേശങ്ങളില്‍ മുസ്ലിംകള്‍ വലിയ വ്യാപാരികളായിരുന്നു. അവര്‍ കച്ചവടാവശ്യാര്‍ത്ഥം അറേബ്യന്‍ നാടുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അധിനിവേശ ശക്തികള്‍ ഇതില്ലാതാക്കാന്‍ പല നിലയിലും പരിശ്രമിച്ചു. കോഴിക്കോട്ടെ സാമൂതിരി രാജാവിനെ ഇതിന് വേണ്ടി വശീകരിക്കാന്‍ അവര്‍ പരിശ്രമിച്ചു. എന്നാല്‍ മുസ്ലിംകളെ നന്നായിട്ടറിയാവുന്ന സാമൂതിരി രാജാവ് അവരെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അവര്‍ക്കെതിരില്‍ യുദ്ധ പ്രഖ്യാപനം നടത്തി. സ്വാഭാവികമായി മുസ്ലിംകളും സാമൂതിരിയോടൊപ്പം നിലയുറപ്പിച്ചു. കൂടാതെ തീരപ്രദേശങ്ങളില്‍ കൂടുതല്‍ മുസ്ലിംകളാണ് താമസിച്ചിരുന്നത്. കടല്‍ മാര്‍ഗ്ഗം വന്നിരുന്ന ശത്രുക്കളുമായി അവര്‍ക്കാണ് പ്രധാനമായും പോരാടേണ്ടി വന്നത്. അതുകൊണ്ടും പണ്ഡിതര്‍ ജനങ്ങളെ പോരാട്ടത്തിന് പ്രേരിപ്പിച്ചു. 

എന്നാല്‍ സാമൂതിരിക്ക് ശേഷം ഭരണാധികാരിയായ അദ്ദേഹത്തിന്‍റെ സഹോദരന്‍ പോര്‍ച്ചുഗീസുകാരുമായി സന്ധി നടത്തുന്നത് നന്നായി കാണുകയും കോഴിക്കോട് കോട്ട പണിയാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയും എന്നാല്‍ ജിദ്ദയിലേക്കും ഏദനിലേക്കും കച്ചവട യാത്രകള്‍ നടത്തുന്നതിന് ഓരോ വര്‍ഷവും നാല് കപ്പലുകള്‍ ഏര്‍പ്പാടാക്കി തരണമെന്ന് നിബന്ധന വെയ്ക്കുകയും ചെയ്തു. 1514-ലാണ് ഈ സംഭവം. പോര്‍ച്ചുഗീസുകാരുടെ ശല്യം ഒഴിവാക്കാനാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. അദ്ദേഹത്തിന് മുസ്ലിംകളുമായി ഉത്തമ ബന്ധമായിരുന്നു. മറുഭാഗത്ത് മുസ്ലിംകളും പോര്‍ച്ചുഗീസുകാരുമായിട്ടുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. 1524-ല്‍ ഫന്തരീനയില്‍ വലിയൊരു യുദ്ധം നടക്കുകയും തദവസരം ഈ സന്ധി പൊളിയുകയും ചെയ്തു. ഇതിനിടയില്‍ കൊടുങ്ങല്ലൂരിലെ യഹൂദികള്‍ ഒരു മുസ്ലിമിനെ വധിക്കുകയും മുസ്ലിംകളെല്ലാവരും ചാലിയം മസ്ജിദില്‍ ഒത്തുകൂടി യഹൂദികളോട് പ്രതികാരം ചെയ്യുമെന്നും പോര്‍ച്ചുഗീസുകാരോട് പോരാടുമെന്നും പ്രതിജ്ഞ എടുക്കുകയും വലിയ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തു. ധര്‍മ്മടം, ഇടയ്ക്കാട്, കണ്ണൂര്‍, തിരൂരങ്ങാടി.. മുതലായ സ്ഥലങ്ങളിലും സമാനമായ നീക്കങ്ങള്‍ നടന്നു. ഇതേ വര്‍ഷം കൊച്ചിയിലുള്ള പ്രധാന വ്യക്തിത്വങ്ങളായ അഹ്മദ് മരയ്ക്കാര്‍, കുഞ്ഞിലി മരയ്ക്കാര്‍, മുഹമ്മദ് അലി മരയ്ക്കാര്‍ മുതലായവര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ ശക്തമായി രംഗത്തിറങ്ങുകയും ഇതിന് വേണ്ടി അവര്‍ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് താമസം മാറ്റുകയും ചെയ്തു. അതി ധീരന്മാരും കടല്‍ പോരാട്ടത്തില്‍ വിദഗ്ധരുമായിരുന്ന ഇവരുടെ രംഗപ്രവേശനം വലിയൊരു വഴിത്തിരിവായി. സാമൂതിരി ഇവരെ സമുദ്ര യുദ്ധത്തിലെ സേനാ നായകന്മാരാക്കി നിശ്ചയിച്ചു. ഇവര്‍ പോര്‍ച്ചുഗീസുകാരെ ശക്തമായി നേരിട്ടു. ഇതിനിടയില്‍ പോര്‍ച്ചുഗീസുകാര്‍ പൊന്നാനി തീരം വഴി പ്രവേശിക്കാന്‍ പരിശ്രമിക്കുകയും വലിയ അക്രമങ്ങള്‍ നടത്തുകയും ചെയ്തു. മുസ്ലിംകള്‍ ഇവിടെയും അതിശക്തമായി നേരിട്ടു. ധാരാളം മുസ്ലിംകള്‍ രക്തസാക്ഷികളായി. ചുരുക്കത്തില്‍ അധിനിവേശ ശക്തികളോട് കേരള മുസ്ലിംകള്‍ നടത്തിയ പോരാട്ടങ്ങള്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രഥമ അദ്ധ്യായമാണ്. അടുത്തതായി ഈ സമരങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ച ഏതാനും പണ്ഡിത മഹത്തുക്കളെ പ്രത്യേകം പരിചയപ്പെടുത്തുകയാണ്. 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍: 

കേരളക്കരയിലെ സമുന്നത പണ്ഡിതനും ഫഖീഹും മുഹദ്ദിസും പരിഷ്കര്‍ത്താവും രാഷ്ട്രീയ നായകനും സമരസേനാനിയുമായ ശൈഖ്, ബാഹ്യ അന്തരിക വിജ്ഞാനങ്ങളില്‍ ഒരു പോലെ ഔന്നിത്യം പ്രാപിച്ചിരുന്നു. ഹിജ്രി 10-)ം നൂറ്റാണ്ടിലെ പ്രസിദ്ധ ശാഫിഈ പണ്ഡിതനും മസ്ജിദുല്‍ ഹറാമിലെ മുദര്‍രിസുമായിരുന്ന ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി (ഹി: 925) യുടെ പ്രധാന ശിഷ്യനാണ്. മക്കാ മുകര്‍റമയില്‍ പഠനം നടത്തിയ ശേഷം ഈജിപ്റ്റിലെ ജാമിഉല്‍ അസ്ഹറില്‍ ധാരാളം പണ്ഡിത പടുക്കളുടെ ശിഷ്യത്വം സ്വീകരിച്ചു. തഫ്സീര്‍-ഹദീസ്-ഫിഖ്ഹ് ഇവ മൂന്നിലും റസൂലുല്ലാഹി (സ്വ) വരെ ചെന്നെത്തുന്ന സനദ് കരസ്ഥമാക്കി. ശൈഖ് ഖുതുബുദ്ദീന്‍ അജോധനി ചിശ്തിയില്‍ നിന്നും തസ്വവ്വുഫിന്‍റെ പരിശീലനങ്ങള്‍ നടത്തി. അറബിയിലും ഫാരിസിയിലും പാണ്ഡിത്യമായിരുന്നു. നിപുണനായ വൈദ്യനുമായിരുന്നു. ഇതോടൊപ്പം മഹാനര്‍ വലിയൊരു ദാഈ (പ്രബോധകന്‍) കൂടിയായിരുന്നു. മഹാനരുടെ പ്രബോധനത്തിലൂടെ ആയിരക്കണക്കിന് ആളുകള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. 

ശൈഖ് മഖ്ദൂം ഒന്നാമന്‍ കേരളത്തിലെ പ്രസിദ്ധ പട്ടണം പൊന്നാനിക്കാരനാണ്. മഹാനര്‍ കാരണം പൊന്നാനി വൈജ്ഞാനിക ആത്മീയ കേന്ദ്രമായി മാറുകയും വളരെ പ്രസിദ്ധി പ്രാപിക്കുകയും ചെയ്തു. പൊന്നാനിയുടെ പെരുമ ഇന്നും നില നില്‍ക്കുന്നു. ശൈഖ് ധാരാളം മഹത്തായ രചനകളുടെ കര്‍ത്താവാണ്. വളരെ ചെറുതെങ്കിലും ആഴമേറിയ ആത്മീയ കവിതകളുടെ സമാഹാരമായ ഹിദായത്തുല്‍ അദ്കിയ ഇലാ ത്വരീഖില്‍ ഔലിയ വളരെ പ്രസിദ്ധവും വിദ്യാര്‍ത്ഥികള്‍ മനനം ചെയ്യുന്നതുമായ രചനയാണ്. മുര്‍ശിദുത്തുല്ലാബ് ഇലാ കലീമില്‍ വഹ്ഹാബ് വളരെ പ്രസിദ്ധമായ ഗ്രന്ഥമാണ്. 

ശൈഖ് മഖ്ദൂം ഹിജ്രി 871 (1467) ല്‍ ജനിച്ചു. പോര്‍ച്ചുഗീസുകാരുടെ ആഗമന സമയത്ത് മുപ്പത് വയസ്സുള്ള ആവേശം നിറഞ്ഞൊരു ചെറുപ്പക്കാരനായിരുന്നു. ദീനീ വിജ്ഞാനത്തില്‍ സമ്പൂര്‍ണ്ണനായതിനോടൊപ്പം വലിയ ഉള്‍ക്കാഴ്ചയും നിറഞ്ഞിരുന്നു. പോര്‍ച്ചുഗീസുകാരുടെ വരവിന്‍റെ യഥാര്‍ത്ഥ ഉദ്ദേശ-ലക്ഷ്യം അദ്ദേഹം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ട് ആദ്യ ഘട്ടത്തില്‍ തന്നെ രംഗത്തിറങ്ങി സാമ്രാജ്യത്വത്തിനെതിരില്‍ പോരാട്ടം ആരംഭിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ നേതൃത്വം വഹിക്കുകയും ജനങ്ങളില്‍ പോരാട്ടവീര്യം നിറയ്ക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുകയും ചെയ്തു. സമുദായവുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ആധികാരിക പണ്ഡിതനായിരുന്നതിനാല്‍ ശൈഖിന്‍റെ പ്രേരണ ജനങ്ങളില്‍ വലിയ ചലനമുണ്ടാക്കി. കൂടാതെ ശൈഖ് രാജ്യത്തിനകത്തും പുറത്തുമുള്ള ഭരണാധികാരികള്‍ക്ക് കത്തുകള്‍ എഴുതുകയും സാമ്പത്തിക സൈനിക പിന്തുണ തേടുകയും ചെയ്തിരുന്നു. ജനങ്ങളെ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രേരിപ്പിച്ച് കൊണ്ട് 135 ഈരടികള്‍ അടങ്ങിയ ഒരു കവിതാ സമാഹാരം ശൈഖ് തയ്യാറാക്കി. തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍ എന്ന കാവ്യ സമാഹാരത്തില്‍ പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങള്‍ വിവരിക്കുകയും അവര്‍ക്കെതിരില്‍ പോരാട്ടം നിര്‍ബന്ധമാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ഈ കവിത കേരളത്തിനകത്തും പുറത്തും പ്രകമ്പനം സൃഷ്ടിക്കുകയും മുസ്ലിംകളെ കൂടാതെ ഹൈന്ദവരും പോരാട്ടത്തിന് ഇറങ്ങുകയും ചെയ്തു. ഈ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ പ്രസ്തുത കവിത ഉദ്ധരിക്കുന്നുണ്ട്. (ഈ വിവരങ്ങളുടെ പ്രധാന അവലംബം എ.പി. മുഹമ്മദലി മുസ്ല്യാരുടെ കൈയ്യെഴുത്ത് പ്രതിയായ തുഹ്ഫത്തുല്‍ അഖ്ബാര്‍ ഫീ താരീഖി ഉലമാഇ മലൈബാര്‍ എന്ന ഗ്രന്ഥമാണ്. കേരളത്തില്‍ മലപ്പുറം ജില്ലയിലെ പ്രസിദ്ധ പട്ടണമായ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്ത് എന്നൊരു ഗ്രാമമുണ്ട്. അവിടുത്തെ ഒരു അഗാധ ചരിത്ര പണ്ഡിതനാണ് ഉസ്താദ് മുഹമ്മദലി മുസ്ല്യാര്‍) ഇദ്ദേഹത്തിന്‍റെ ഉജ്ജ്വലമായ ഈ ഗ്രന്ഥത്തില്‍ കേരളത്തിലെ 1500 ഓളം പണ്ഡിത മഹത്തുക്കളെ കുറിച്ചുള്ള അനുസ്മരണമുണ്ട്. വിനീതന്‍ അദ്ദേഹത്തെ ചെന്ന് കണ്ട് ഈ പോരാട്ടത്തിന്‍റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വളരെ താല്‍പര്യത്തോടെ സ്വീകരിക്കുകയും കാര്യങ്ങള്‍ വിവരിച്ച് തരികയും ചെയ്തു. ഇത് കൂടാതെ വേറെയും പണ്ഡിതന്മാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കടലാസുകളിലായി ക്രമം തെറ്റിയ നിലയില്‍ കിടക്കുന്ന ഈ മഹത്തായ രചന കണ്ട് സങ്കടമുണ്ടായി. വീട്ടില്‍ പോലും വടിയൂന്നി നടക്കുന്ന എഴുപത് വയസ്സുകാരനായ ഈ മഹാ പണ്ഡിതന്‍ തളര്‍ന്ന് കിടക്കുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഈ ഗ്രന്ഥത്തിന്‍റെ പ്രസിദ്ധീകരണം ഏറ്റിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹു ഉസ്താദിന് ഉന്നത പ്രതിഫലം നല്‍കട്ടെ.! ഈ ഗ്രന്ഥം സൂക്ഷിക്കപ്പെട്ടില്ലെങ്കില്‍ അമൂല്യമായ ഒരു ചരിത്ര രേഖ പാഴായിപ്പോകുമോ എന്ന് ഭയമുണ്ട്. ഗ്രന്ഥകാരന്‍ ഉസ്താദ് മുഹമ്മദലി 1921-ലെ ഖിലാഫത്ത് പ്രക്ഷോഭത്തിലെ നായകന്‍ ശൈഖ് ആലിക്കുട്ടി മുസ്ല്യാരുടെ ചെറുമകന്‍ കൂടിയാണ്. മുഹമ്മദലി എന്ന പേരിട്ടതും അതിന്‍റെ പേരില്‍ തന്നെ.) 

ഫഖീഹ് അഹ്മദ് മരയ്ക്കാര്‍: 

കേരളത്തിലെ സുപ്രസിദ്ധ പോരാളിയായ പണ്ഡിതനായ ഫഖീഹ് അധിനിവേശ ശക്തികളെ ശ്വാസം മുട്ടിച്ചു. 1524-ല്‍ സ്വന്തം സഹോദരന്‍ കുഞ്ഞാലി മരയ്ക്കാര്‍, മാതൃസഹോദരന്‍ മുഹമ്മദലി മരയ്ക്കാര്‍ മുതലായവരോടൊപ്പം പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചു. തീരപ്രദേശം മുഴുവനും പോര്‍ച്ചുഗീസുകാര്‍ അധികാരം സ്ഥാപിക്കുകയും അവരുടെ അനുവാദമില്ലാതെ ഇന്ത്യക്കാരായ വ്യാപാരികള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകുകയും ചെയ്തു. ഇതുകണ്ട മരയ്ക്കാര്‍ കുടുംബത്തിലെ നേതാക്കളായ ഇബ്റാഹീം മരയ്ക്കാരും മറ്റും 1537-ല്‍ അവരുടെ അനുവാദം വാങ്ങിക്കാതെ കുരുമുളകും ഇഞ്ചിയും വഹിച്ചുകൊണ്ട് ജിദ്ദയിലേക്ക് യാത്ര ചെയ്തു. ഇതിന്‍റെ പേരില്‍ പോര്‍ച്ചുഗീസുകാര്‍ അവരെ കൊന്നുകളഞ്ഞു. തുടര്‍ന്ന് ഇബ്റാഹീം മരയ്ക്കാറിന്‍റെ മാതൃസഹോദരനായ അലി ഇബ്റാഹീം മരയ്ക്കാര്‍, ഫഖീഹ് അഹ്മദ് മരയ്ക്കാര്‍, സഹോദരന്‍ കുഞ്ഞാലി മരയ്ക്കാര്‍ മുതലായവര്‍ നാല്പത് കപ്പലുകളുമായി തമിഴ്നാടിന്‍റെ തീരദേശമായ കായല്‍പട്ടണത്തിലേക്ക് തിരിച്ചു. പുറ്റാലം എന്ന സ്ഥലത്ത് കപ്പലുകള്‍ നങ്കൂരമിടുകയും ഏതാനും ദിവസം താമസിക്കുകയും ചെയ്തു. ഇതറിഞ്ഞ പോര്‍ച്ചുഗീസുകാര്‍ അവിടെയെത്തിച്ചേര്‍ന്നു. അവരെ അക്രമിച്ച് ധാരാളം പേരെ വധിക്കുകയും കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 1538-ലാണ് ഈ സംഭവം. ശേഷിച്ചവര്‍ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു. അലി ഇബ്റാഹീം മരയ്ക്കാറിന് കനത്ത പരിക്കേറ്റിരുന്നു. കൊച്ചിയിലെത്തിയപ്പോള്‍ ഒരു മസ്ജിദില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും ഫഖീഹ് അഹ്മദ് മരയ്ക്കാറിന്‍റെ മനക്കരുത്ത് ചോര്‍ന്നില്ല. അടുത്ത വര്‍ഷം തന്നെ അദ്ദേഹവും സഹോദരനും കുഞ്ഞാലി മരയ്ക്കാരും 11 കപ്പലുകളുമായി സിലോണിലേക്ക് യാത്രയായി. പോര്‍ച്ചുഗീസുകാര്‍ ഇവിടെയും വന്ന് അക്രമം അഴിച്ചുവിടുകയും കപ്പലുകള്‍ പിടിച്ചെടുക്കുകയും നിരവധി മുസ്ലിംകളെ വധിക്കുകയും ചെയ്തു. മരയ്ക്കാര്‍ സഹോദരങ്ങളും അവശേഷിച്ചവരും സിലോണിലെത്തി അവിടെയുള്ള ഭരണാധികാരിയോട് അഭയം തേടിയെങ്കിലും പോര്‍ച്ചുഗീസുകാരുടെ ഗൂഢാലോചന കാരണം അവരെ ചതിയിലൂടെ കൊലപ്പെടുത്തി. 

ശൈഖ് ഷംസുദ്ദീന്‍ മുഹമ്മദ് : 

ആരിഫ് ബില്ലാഹ് ശൈഖ് അബുല്‍ വഫാ ഷംസുദ്ദീന്‍ മുഹമ്മദ് ബിന്‍ അലാഉദ്ദീന്‍ ഹിംസി കേരളത്തിലെത്തിയ പ്രസിദ്ധ ഔലിയാക്കളില്‍ പെട്ട വ്യക്തിത്വമാണ്. പിതാവ് അലാഉദ്ദീന്‍ സിറിയയിലെ വലിയ മഹാനായിരുന്നു. അദ്ദേഹം കേരളത്തിലേക്ക് കച്ചവടാര്‍ത്ഥം വരുകയും കോഴിക്കോട് താമസമാക്കുകയും ചെയ്തു. കോഴിക്കോട്ടെ ഒരു പ്രധാന കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ച് ഇവടെ തന്നെ താമസമാക്കി. ഈ ദമ്പതികളുടെ മകനായി ഹിജ്രി 930-ല്‍ ശൈഖ് മുഹമ്മദ് കോഴിക്കോട് ജനിച്ചു. കോഴിക്കോട്ടെ പ്രധാന പണ്ഡിതനായ ഖാദി അഹ്മദില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. തുടര്‍ന്ന് വിവിധങ്ങളായ സംസ്കരണ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഷംസുദ്ദീന്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്തു. ചെറുപ്പം മുതലേ കളി തമാശകളില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്നു. അധികം സമയങ്ങളും അമ്പൈയ്ത്തിലും വാള്‍പ്പയറ്റിലും കഴിച്ച് കൂട്ടിയിരുന്നു. അന്ന് പോര്‍ച്ചുഗീസുകാരുമായി യുദ്ധം നടന്നിരുന്നു. ഈ യുദ്ധങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും സാമൂതിരിയെ സഹായിക്കുകയും ചെയ്തിരുന്നു. ഹിജ്രി 980 (1572) ഇഹലോകവാസം വെടിഞ്ഞു. ധാരാളം പണ്ഡിതര്‍ ഇദ്ദേഹത്തിന്‍റെ അപദാനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (തുഹ്ഫത്തുല്‍ അഖ്യാര്‍). 

ലക്ഷദ്വീപ് ഖാദി : 

1555-ല്‍ പോര്‍ച്ചുഗീസുകാര്‍ ലക്ഷദ്വീപിനെ ലക്ഷ്യമിട്ടു. അന്ന് ലക്ഷദ്വീപ് കണ്ണൂര്‍ ഭരണാധികാരിയുടെ കീഴിലായിരുന്നു. കണ്ണൂര്‍ ഭരണാധികാരിയുടെ ശക്തി ക്ഷയിപ്പിക്കലായിരുന്നു അവരുടെ ഉദ്ദേശം. അവര്‍ ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ അമീനി ദ്വീപില്‍ ഇറങ്ങുകയും ധാരാളം ജനങ്ങളെ വധിക്കുകയും നിരവധി ആളുകളെ തടവില്‍ പിടിക്കുകയും കൊള്ളയടിക്കുകയും വീടുകളും മസ്ജിദുകളും കത്തിക്കുകയും ചെയ്തു. ഈ സമയത്ത് ചെത്തിലാറ്റ് പ്രദേശത്തെ ജനങ്ങള്‍ അവിടുത്തെ ഖാദിയുടെ നേതൃത്വത്തില്‍ ശക്തമായി ചെറുത്ത് നിന്നു. കളിമണ്ണും കമ്പുകളും കൊണ്ട് അവര്‍ ശത്രുക്കളെ നേരിട്ടു. ഈ മാര്‍ഗ്ഗത്തില്‍ ഖാദിയും കൊല്ലപ്പെട്ടു. മഹാപണ്ഡിതനും ഭയഭക്തനുമായ ഇദ്ദേഹത്തിന്‍റെ ഭാര്യയും വലിയ മഹതിയായിരുന്നു. (തുഹ്ഫത്തുല്‍ മുജാഹിദീന്‍). 

ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം: 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ മകനായ ഇദ്ദേഹം സര്‍വ്വ വിജ്ഞാന ശാഖകളിലും സാമര്‍ത്ഥ്യം കരസ്ഥമാക്കി. പിതാവിനോടൊപ്പം പ്രബോധന വിഷയത്തിലും വലിയ തല്പരനായിരുന്നു. ഇദ്ദേഹം കാരണം ധാരാളം ജനങ്ങള്‍ ഇസ്ലാം സ്വീകരിച്ചു. പിതാവിനെ കൂടാതെ ഖാദി അഹ്മദിന്‍റെയും ശിഷ്യത്വം സ്വീകരിച്ചിരുന്നു. ശൈഖ് വലിയ പോരാളിയായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ പിതാവ് കത്തിച്ച പോരാട്ടത്തിന്‍റെ തീനാളം ഏറ്റെടുക്കുക മാത്രമല്ല, പല യുദ്ധങ്ങള്‍ക്കും നേതൃത്വം വഹിക്കുകയും ചെയ്തു. സാമൂതിരി രാജാവുമായി വലിയ ബന്ധമായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പലതും സുരക്ഷിതമല്ല. പിതാവിന്‍റെ ഗ്രന്ഥമായ അദ്കിയാഇന് മസ്ലക്കുല്‍ അത്ഖിയാഅ് എന്ന പേരില്‍ എഴുതിയ വ്യാഖ്യാനം ഈജിപ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 85-)ം വയസ്സില്‍ ഹിജ്രി 995 (1586) ല്‍ ഇഹലോകവാസം വെടിഞ്ഞു. (തുഹ്ഫത്തുല്‍ അഖ്യാര്‍ കൈയ്യെഴുത്ത് പ്രതി). 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍: 

ഇന്ത്യയിലെ സമുന്നത പണ്ഡിതരില്‍ പ്രധാനിയായ ശൈഖ് തഹ്രീളു അഹ്ലില്‍ ഈമാനിന്‍റെ രചയിതാവ് ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ പൗത്രനാണ്. ആഴമേറിയ ഫഖീഹും മുഹദ്ദിസും ചരിത്രകാരനും സൂഫിവര്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ശാഫിഈ പണ്ഡിതനായിരുന്നുവെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിരിക്കുന്നു. പത്ത് വര്‍ഷം ഹറമില്‍ കഴിച്ചുകൂട്ടി വിവിധ പണ്ഡിതരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. അല്ലാമാ ഇബ്നു ഹജര്‍ ഹൈതമിയില്‍ നിന്നും ഫിഖ്ഹും ശൈഖ് മുഹമ്മദ് സിദ്ദീഖ് മക്കിയില്‍ നിന്നും ആത്മസംസ്കരണവും അഭ്യസിച്ചു. നിരവധി രചനകളുണ്ട്. അതില്‍ ഫത്ഹുല്‍ മുഈനും തുഹ്ഫത്തുല്‍ മുജാഹിദീനും അന്താരാഷ്ട്രാ പ്രസിദ്ധമാണ്. ഫത്ഹുല്‍ മുഈന്‍ ശാഫിഈ മദ്ഹബിലെ സാരസമ്പൂര്‍ണ്ണമായ ഗ്രന്ഥവും ഇന്ത്യയില്‍ മാത്രമല്ല, ഈജിപ്റ്റ്, സിറിയ, യമന്‍ മുതലായ രാജ്യങ്ങളിലെ പാഠ്യ പദ്ധതിയില്‍ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. യമനിലെയും മിസ്റിലെയും പണ്ഡിതന്മാര്‍ ഇതിന് പഠന കുറിപ്പുകള്‍ രചിച്ചിട്ടുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ നമ്മുടെ വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്. ഇതില്‍ നാല് അദ്ധ്യായങ്ങളാണ് ഉള്ളത്. 1. ജിഹാദിന്‍റെ മഹത്വ-നിയമങ്ങള്‍. 2. മലബാറിലെ ഇസ്ലാമിക പ്രചാരണം. 3. മലബാറിലെ അമുസ്ലിംകളുടെ ആചാര രീതികള്‍. 4. പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങളും തുടര്‍ സംഭവങ്ങളും. പോര്‍ച്ചുഗീസുകാരുടെ സംഭവങ്ങളെ കുറിച്ച് വിവരിക്കപ്പെട്ടിരിക്കുന്ന പ്രഥമ ഗ്രന്ധമാണിത്. ഇതില്‍ കൊടുത്തിരിക്കുന്ന അധിക സംഭവങ്ങളും ഗ്രന്ഥകര്‍ത്താവിന്‍റെ ദൃക്സാക്ഷി വിവരണങ്ങളാണ്. അതുകൊണ്ട് തന്നെ ചരിത്രപരമായി ഈ ഗ്രന്ഥത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ഗ്രന്ഥം ലോകം മുഴുവന്‍ പ്രസിദ്ധമാകുകയും പണ്ഡിതന്മാര്‍ ആധികാരിക രേഖയായി കണക്കാക്കുകയും ചെയ്തിരിക്കുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗല്‍, ജര്‍മ്മന്‍, സ്പാനിഷ്, ഫാരിസി മുതലായ അന്താരാഷ്ട്രാ ഭാഷകളിലും ഉറുദു, കന്നട, മലയാളം, ഗുജറാത്തി, തമിഴ് എന്നീ ഇന്ത്യന്‍ ഭാഷകളിലും ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ 1532-ല്‍ ജനിച്ചു. തദവസരം പോര്‍ച്ചുഗീസ് ഔന്നിത്യത്തിന്‍റെ പാരമ്യം പ്രാപിച്ചിരുന്നു. കേരളം മുഴുവന്‍ അവര്‍ അധികാരം നടത്തുകയും അക്രമങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്തിരുന്നു. ശൈഖ് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളോടൊപ്പം രാഷ്ട്രീയത്തിന്‍റെ മുള്ളുകള്‍ നിറഞ്ഞ പ്രദേശവുമായി ബന്ധപ്പെട്ടിരുന്നു. ശൈഖ് എങ്ങനെ ബന്ധപ്പെടാതിരിക്കും.? ശൈഖിന്‍റെ പിതാവാണ് സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചത്. പോര്‍ച്ചുഗീസിനോടുള്ള കടുത്ത വിരോധത്തിന്‍റെ അന്തരീക്ഷത്തിലാണ് ശൈഖ് വളര്‍ന്ന് വന്നത്. ശൈഖ് പല രാഷ്ട്രീയ നീക്കങ്ങള്‍ക്കും നേതൃത്വം നല്‍കുകയുണ്ടായി. ബീജാപൂര്‍ ഭരണാധികാരി ആദില്‍ ശാഹ് കോഴിക്കോട് രാജാവ് സാമൂതിരി ഇരുവരുമായും വലിയ ബന്ധമായിരുന്നു. സാമൂതിരി ശൈഖ് വഴിയായിട്ടാണ് അറബ് ഭരണാധികാരികള്‍ക്ക് കത്തുകള്‍ എഴുതിയിരുന്നത്. ശൈഖിന്‍റെ ഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഒരു ചരിത്ര രേഖ മാത്രമല്ല, പോര്‍ച്ചുഗീസുകാരെ നേരിടാനും സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാനുമുള്ള ഒരു പ്രധാന ക്ഷണം കൂടിയാണ്. 

ചുരുക്കത്തില്‍, ശൈഖ് മഖ്ദൂം രണ്ടാമന്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ ശക്തമായ നീക്കങ്ങള്‍ നടത്തിയ വ്യക്തിത്വമാണ്. 91-)ം വയസ്സ് വരെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞുകൂടിയ ശൈഖ് അവര്‍കള്‍ ഹിജ്രി 1028-ല്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. 

ഖാദി അബ്ദുല്‍ അസീസ്: 

ഖാദി അഹ്മദിന്‍റെ മകനായ ഖാദി അബ്ദുല്‍ അസീസ് സുപ്രസിദ്ധ പണ്ഡിതനും ചിഫ് ജസ്റ്റിസുമായിരുന്നു. പിതാവില്‍ നിന്നും പൊന്നാനിയിലെ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമില്‍ നിന്നും പഠനം നടത്തി. ഉജ്ജ്വല  പ്രഭാഷകനായിരുന്നു. പ്രഭാഷണങ്ങളിലൂടെ ജനങ്ങളില്‍ വമ്പിച്ച മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ഇതോടൊപ്പം വലിയ വീരനുമായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരിലുള്ള യുദ്ധങ്ങളില്‍ സജീവമായി പങ്കെടുക്കുക മാത്രമല്ല, നേതൃത്വം വഹിക്കുകയും ചെയ്തു. 1601-ല്‍ വിയോഗം സംഭവിച്ചു. (തുഹ്ഫത്തുല്‍ അഖ്യാര്‍). 

ഖാദി മുഹമ്മദ് : 

ഖാദി മുഹമ്മദ് ഖാദി അബ്ദുല്‍ അസീസിന്‍റെ മകനും കേരളത്തിലെ പ്രഗത്ഭ പണ്ഡിതനുമാണ്. ഹിജ്രി 980-ല്‍ കോഴിക്കോട് ജനിച്ചു. പിതാവില്‍ നിന്നും ഭൂരിഭാഗം ഗ്രന്ഥങ്ങള്‍ പഠിക്കുകയും ഉപരി പഠനത്തിന് കാലഘട്ടത്തിലെ പ്രഗത്ഭ പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍റെ അരികിലേക്ക് പോകുകയും ചെയ്തു. ഹി: 1010-ല്‍ ഹജ്ജിന് പോയി കുറേ നാളുകള്‍ ഹറമുകളില്‍ കഴിച്ചുകൂട്ടി. ഖാദിരിയ്യ, ചിശ്തിയ്യാ ത്വരീഖത്തുകളില്‍ ഇജാസത്ത് നേടി. പരമ്പരാഗതമായി ഖാദിയായിരുന്നു. അറബി സാഹിത്യം, കാവ്യം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ചരിത്രം, ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം മുതലായവയില്‍ വലിയ കഴിവായിരുന്നു. പോര്‍ച്ചുഗീസുകാരോട് കടുത്ത ശത്രുതയായിരുന്നു. കോഴിക്കോട് ഭരണാധികാരി സാമൂതിരിക്ക് പിന്തുണ നല്‍കുകയും പോരാളികളോട് സഹകരിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ 500 ഈരടികള്‍ അടങ്ങിയ ഒരു കവിത അല്‍ ഫത്ഹുല്‍ മുബീന്‍ ഫീ അഹ്വാലി ബുര്‍തുഗാലിയ്യീന്‍ എന്ന പേരില്‍ രചിച്ചിട്ടുണ്ട്. വേറെയും ധാരാളം രചനകളുണ്ട്. 45-)ം വയസ്സില്‍ ഹിജ്രി 1025-ല്‍ റബീഉല്‍ അവ്വല്‍ 05 (1616 ഏപ്രില്‍ 03) ന് ഇഹലോകവാസം വെടിഞ്ഞു. (അല്‍ മുസ്ലിമൂന ഫീ കേരള അബ്ദുല്‍ ഗഫൂര്‍ ഖാസിമി). 

ഇത് കൂടാതെ വേറെയും ധാരാളം പോരാളികള്‍ കേരളക്കരയില്‍ ഉദിച്ചുയര്‍ന്നിട്ടുണ്ട്. സമുദ്ര യുദ്ധത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിപ്പോക്കര്‍, കണ്ണൂര്‍ ഭരണാധികാരി അലി രാജയുടെ പിതാവ് കുഞ്ഞിസൂഫി, അദ്ദേഹത്തിന്‍റെ മാതൃസഹോദരന്‍ അബൂബക്ര്‍ അലി മുതലായവര്‍ ഇവരില്‍ പെടും. ഇതുകൂടാതെ നൂറ് കണക്കിന് കേരളീയ മുസ്ലിംകള്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്തുകയും ശഹാദത്ത് വരിക്കുകയും ചെയ്തു.

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...