Sunday, August 23, 2020

വീടിന്‍റെ വിളക്കിലൂടെ തന്നെ ഈ വീടിന് തീ പിടിച്ചല്ലോ.!

വീടിന്‍റെ വിളക്കിലൂടെ തന്നെ 

ഈ വീടിന് തീ പിടിച്ചല്ലോ.! 

-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

അവതാരിക 

പൗരാണിക കാലത്ത് ജനങ്ങൾ കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചുകൂടി കഴിഞ്ഞിരുന്നത്. ഓരേ കുടുംബക്കാർ ആയിരുന്നതുകൊണ്ട് അവർക്കിടയിൽ പ്രശ്‌നങ്ങളും വളരെ കുറവായിരുന്നു. പിൽക്കാലത്ത് നാഗരികതയും സംസ്‌കാരങ്ങളും വളർന്നു. കുടുംബ ബന്ധങ്ങളെ കൂടാതെയുള്ള ബന്ധങ്ങളും നിലവിൽ വന്നു. ഇത്തരുണത്തിൽ സംജാതമായ ഒരു ബന്ധമാണ് ഒരു നാട്ടുകാരെന്ന ബന്ധം. വിവിധ മതസ്ഥരും വിഭാഗക്കാരുമായ ആളുകൾ ഇതിലൂടെ ഒരു പ്രദേശത്ത് ഒരുമിച്ചുകൂടി താമസിക്കുന്നതാണ്. ഇത് സാമൂഹ്യമായും നാഗരികമായും ധാരാളം പ്രയോജനങ്ങൾ നൽകുന്നെങ്കിലും വിത്യസ്ത മത വിഭാഗങ്ങളായ കാരണത്താൽ വിവിധ പ്രശ്‌നങ്ങൾക്ക് സാധ്യതയുമുണ്ട്. ഈ പ്രശ്‌നങ്ങൾ കുറയ്ക്കാനും ഇല്ലാതാക്കാനുമുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണ് മാനുഷിക മൂല്യങ്ങളിൽ ഉറച്ച് നിന്നുകൊണ്ടുള്ള പരസ്പര ബന്ധങ്ങൾ. നാമെല്ലാവരും ഒരു പിതാവിന്റെ മക്കളായ കാരണത്താൽ പരസ്പര സഹോദരങ്ങളും ഒരുമിച്ച് ഒരു രാജ്യത്ത് താമസിക്കുന്നതിനാൽ പരസ്പരം അയൽവാസികളുമാണ്. സഹോദരങ്ങളും അയൽവാസികളും വിത്യസ്ത മതസ്ഥരും കുടുംബക്കാരുമാണെങ്കിലും വലിയ ബന്ധമുള്ളവരും കടമകൾ പാലിക്കേണ്ടവരുമാണ്. 

ഇന്ത്യാ മഹാരാജ്യം പ്രവിശ്യാലമായ ഒരു പ്രദേശമാണ്. ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യഥാർത്ഥ പുരോഗതികൾക്കും സന്തോഷസമാധാനങ്ങൾക്കും മാനവികതയിൽ ഊന്നിക്കൊണ്ടുള്ള ഉപര്യുക്ത രണ്ട് ബന്ധങ്ങൽ വളർത്താൻ നാം പരിശ്രമിക്കേണ്ടതാണ്. ഈ രാജ്യം വളർന്നുവലുതായി ഇവിടെവരെയും എത്തിയത് ഇതേ അടിസ്ഥാനത്തിൽ തന്നെയാണ്. ഹൈന്ദവരും മുസ്‌ലിംകളും സിക്കുകാരും ക്രൈസ്തവരും ഈ ബന്ധത്തെ മാനിക്കുകയും പാലിക്കുകയും ചെയ്തുകൊണ്ട് പരിശ്രമിച്ചതിലൂടെയാണ് ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത്. എന്നാൽ ഖേദകരമെന്ന് പറയട്ടെ സ്വാതന്ത്ര്യത്തിന് ശേഷം ഇവിടെ കുടുംബ മത വിഭാഗ ബന്ധങ്ങൾക്ക് തെറ്റായ നിലയിൽ വളരെയധികം സ്ഥാനം നൽകപ്പെട്ടു. ഇത് രാജ്യ നന്മയ്ക്ക് വളരെ ദോഷം ചെയ്തു. വിവിധ മതസ്ഥർക്കിടയിൽ സാഹോദര്യത്തിന് പകരം അനാരോഗ്യകരമായ മത്സരങ്ങൾക്കും അപകടകരമായ പിടിവലികൾക്കും കാരണമായി. മനുഷിക അയൽവാസ ബന്ധങ്ങൾ അവഗണിക്കപ്പെട്ടു. ഇതിലൂടെ ധാരാളം പ്രശ്‌നങ്ങൾ സംജാതമായി. ഓരോരുത്തരും അവരവരുടെ വിഭാഗങ്ങളുമായി ഒതുങ്ങുകയും മറ്റുള്ളവരെ തകർക്കാൻ പരിശ്രമിക്കുകയും ചെയ്തു. ഈ അവസ്ഥ രാജ്യത്തിന് അത്യന്തം അപകടകരമാണ്. 

വിശ്വപണ്ഡിതനായ അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ ലോകത്ത് നിന്നും വിടപറഞ്ഞ വ്യക്തിയാണ്. അദ്ദേഹം ഈ മഹാരാജ്യത്ത് നടന്നിട്ടുള്ള അവസ്ഥകളെ കാണുക മാത്രമല്ല പലതിലും നേർക്കുനേരെ ബന്ധപ്പെടുക കൂടി ചെയ്ത വ്യക്തിത്വമാണ്. ആദ്യം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് സ്വാതന്ത്ര്യം വിഭവജനവും ഒരുമിച്ച് നടന്നപ്പോൾ നടമാടിയ സംഭവങ്ങൾക്കും അദ്ദേഹം സാക്ഷിയായി. തുടർന്ന് ഈ രാജ്യം ബാഹ്യമായി പുരോഗതിയിലേക്ക് നീങ്ങുന്നതും ആന്തരികമായി അധ:പതിക്കുന്നതും അദ്ദേഹം നേരിൽ കണ്ടു. ഒരു നാട്ടുകാരെന്ന നിലയിൽ പരസ്പരം ആദരിച്ചും സഹകരിച്ചും നീങ്ങുന്നതിന് പകരം അക്രമങ്ങളും അരാജകത്വങ്ങളും കത്തിക്കയറുന്നത് കണ്ട് അദ്ദേഹവും കൂട്ടുകാരും അത്യധികം ദു;ഖിച്ചു. ആദ്യം രാജ്യത്തെ നേതാക്കന്മാരും ബുദ്ധിജീവികളും പണ്ഡിതരുമായി ബന്ധപ്പെട്ട് ഈ കാര്യങ്ങൾ ഉണർത്തി. എന്നാൽ അവർ ഉത്തരവാദിത്വം പൂർണ്ണമായ നിലയിൽ ഉണരാത്തത് കണ്ടപ്പോൾ പയാമെ ഇൻസാനിയ്യത്ത് (മെസ്സേജ് ഓഫ് ഹ്യുമാനിറ്റി, മാനവതാ സന്ദേശ്) എന്ന പേരിൽ ഒരു പ്രവർത്തനം ആരംഭിച്ചു. മൗലാനാ തന്നെ പറയുന്നത് കേൾക്കുക:

'കോടിക്കണക്കിന് ജനങ്ങളും അവർക്കിടയിൽ നിരവധി വലിയ വ്യക്തിത്വങ്ങളും ജീവിക്കുന്ന പ്രവിശ്യാലമായ ഈ മഹാരാജ്യത്ത് സ്വഭാവ പരമായ ദൂഷ്യങ്ങളെ ദൂരീകരിക്കാനും മാനവികത പ്രചരിപ്പിക്കാനും അക്രമങ്ങൾ തടയാനും വേണ്ട നിലയിൽ ആരും മുമ്പോട്ട് വരാത്തത് വളരെ ഖേദകരം തന്നെ. ഞങ്ങൾ ധാരാളം ആളുകളെ വളരെ നേരം പ്രതീക്ഷിച്ചുകഴിഞ്ഞു. അവസാനം ഞങ്ങളെക്കൊണ്ട് കഴിയുന്നത് എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ച് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സുമനസ്സുകളായ ആളുകൾ ഇത് സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത് ചെറുതും വലുതുമായ സദസ്സുകൾ സംഘടിപ്പിച്ചു. മൗലാനാ തന്റെ ചിന്തയും വേദനയും ആഗ്രഹവും പങ്കുവെച്ചു. ഈ വിഷയത്തിൽ 1975 ൽ മെയ് 22 ലഖ്‌നൗവിലെ പ്രസിദ്ധ സ്ഥലമായ അമീനുദ്ദൗല പാർക്കിൽ ഒരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ മൗലാനാ നടത്തിയ അത്യന്തം ചിന്തനീയമായ പ്രഭാഷണമാണ് ഈ രചനയുടെ ഇതിവൃത്തം. 

മൗലാനായുടെ വിയോഗാനന്തരം ഈ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. പടച്ചവന്റെ അനുഗ്രഹത്താൽ വലിയ ഫലങ്ങൾ അനുഭവപ്പെടുന്നുമുണ്ട്. ഈ പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം മൗലാനായുടെ ഇത്തരം പ്രഭാഷണങ്ങൾ കഴിവിന്റെ പരമാവധി ജനങ്ങൾക്ക് എത്തിച്ചുകൊടുക്കലാണ്. എല്ലാ കാലങ്ങളിലും സ്ഥലങ്ങളിലും പ്രയോജനപ്രദമായ കാര്യം എന്നതാണ് മൗലാനായുടെ പയാമെ ഇൻസാനിയ്യത്ത് പ്രഭാഷണങ്ങളുടെ പ്രത്യേകത. രാജ്യത്തിന്റെ ദു:ഖകരമായ അവസ്ഥകളും പരിഹാര മാർഗ്ഗങ്ങളും അത്യന്തം ഹൃദയ വേദനകളോടെ ഇതിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ഈ മഹത്തായ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും സഹകരണം ഈ വിഷയത്തിൽ ആവശ്യമുണ്ട്. പടച്ചവൻ വളരെ അത്യാവശ്യമായ ഈ പ്രവർത്തനം എളുപ്പമാക്കുകയും സ്വീകരിക്കുകയും ഇതിൽ പങ്കാളികളാകാൻ എല്ലാവർക്കും ഉതവി നൽകുകയും ചെയ്യട്ടെ!

  • മുഹമ്മദ് റാബിഅ് ഹസനി നദ്‌വി
  • നദ്‌വത്തുൽ ഉലമാ, ലക്‌നൗ
  • (ചെയർമാൻ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് 
  • &
  • ഓൾ ഇന്ത്യാ പയാമെ ഇൻസാനിയത്ത് ഫോറം)
  • ........................................................................................................................

വീടിന്‍റെ വിളക്കിലൂടെ തന്നെ 

ഈ വീടിന് തീ പിടിച്ചല്ലോ.! 

നമ്മുടെ ഈ നാട്ടിൽ നടന്ന ഒരു കവി അരങ്ങിനെ അനുസ്മരിച്ചുകൊണ്ട് എന്റെ പ്രഭാഷണം ആരംഭിക്കുകയാണ്. ഇവിടെ ലഖ്‌നൗവിൽ പ്രഗത്ഭ കവികൾ ഒത്തുകൂടി ഒരു കവിയരങ്ങ് പണ്ട് സംഘടിപ്പിക്കുകയുണ്ടായി. അതിൽ ചെറുപ്പക്കാരനായ ഒരു കവിയുടെ പ്രഥമ വരികൾ കേട്ട പാടെ സദസ്സ് മുഴുവൻ നിശബ്ദമായി നിശ്വാസം ഉയർത്തി. അതിന്റെ ആശയം ഇതാണ്: 

'നെഞ്ചിലേറ്റ മുറിവിലൂടെ ഹൃദയം മുഴുവൻ കഠിന വേദന പടർന്നു പന്തലിച്ചു. ഹാ കഷ്ടം ഈ വീടിന്റെ വിളക്കിലൂടെ തന്നെ ഈ വീടിന് തീ പിടിച്ചല്ലോ?' 

ഈ കവിതയുടെ ഈ വരികൾ നാടുമുഴുവൻ അതിവേഗത്തിൽ പ്രചരിച്ചു. ഇന്നും ആവശ്യസന്ദർഭങ്ങളിൽ ഈ വരികൾ ജനങ്ങൽ ഉദ്ധരിക്കാറുണ്ട്. ഒരു വീട്ടിൽ സൗഭാഗ്യവാനായ ഒരു കുഞ്ഞ് പിറക്കുന്നു. സമർത്ഥനായി ആ കുട്ടി വളരുന്നു. കുട്ടിയുടെ മുഖലക്ഷണം തന്നെ ഉന്നത ഭാവി വിളിച്ചറിയിക്കുന്നു. ഇതിനിടയിൽ കുടുംബത്തിന് മുഴുവൻ നാണക്കേട് ഉണ്ടാക്കുന്ന വല്ല കാര്യവും ആ കുട്ടിയിൽ നിന്നും ഉണ്ടാകുമ്പോൾ ഇന്നും കാരണവൻമാർ ഈ വരി ഉദ്ധരിക്കുന്നതാണ്: ഹാ കഷ്ടം ഈ വീടിന്റെ വിളക്കിലൂടെ തന്നെ വീടിന് തീ പിടിച്ചല്ലോ? 

ലോകം മുഴുവനും പൊതുവിലും ഇന്ത്യാ രാജ്യത്ത് പ്രത്യേകിച്ചും ദൃഷ്ടി പതിപ്പിച്ചാൽ ഇതേ വചനമാണ് നമുക്ക് ഓർമ്മ വരുന്നത്. അതെ, നമ്മുടെ വിളക്കുകളിൽ നിന്നുതന്നെ നമ്മുടെ വീടുകൾക്ക് തീ പിടിച്ചുകൊണ്ടിരിക്കുന്നു. ഈ തീ പുറത്ത് നിന്നും വന്നതല്ല. നമ്മിൽ തന്നെയുണ്ടായതാണ്. 

മാനവ ചരിത്രത്തിലേക്ക് നാം ഒന്ന് കണ്ണോടിക്കുക. വന്യമൃഗങ്ങളും വിഷജന്തുക്കളും ഒരിക്കലും മനുഷ്യരുടെ മേൽ സംഘടിതമായി അക്രമങ്ങൾ അഴിച്ചുവിട്ടിട്ടില്ല. പാമ്പ്, തേള്, സിംഹം, പുലി എന്നിവയുടെ സംഘടിത അക്രമത്തിലൂടെ ഒരു രാജ്യമല്ല നാട് പോലും തകർന്ന സംഭവം ഒരിക്കലും ഉണ്ടായിട്ടില്ല. അതെ, മാനവ ചരിത്രത്തിൽ അരങ്ങേറിയ മുഴുവൻ നാശനഷ്ടങ്ങളും മനുഷ്യരിലൂടെ തന്നെയാണ് ഉണ്ടായിട്ടുള്ളത്. നിങ്ങൾ എന്നോട് പൊറുക്കണം. തുറന്നുപറയട്ടെ വലിയ വിദ്യാ സമ്പന്നരിൽ നിന്നുമാണ് ഏറ്റവും വലിയ നാശങ്ങളും സംഭവിച്ചിട്ടുള്ളത്. വിവരം കെട്ട സാധാരണക്കാർ ഏതെങ്കിലും രാജ്യം തകർത്തതായി ചരിത്രത്തിൽ വന്നിട്ടില്ല. അതിന് അവർക്ക് വിവരവും ഇല്ല, സമയവും ഇല്ല. ആഹാരം വല്ലതും കഴിക്കണം, ജീവിതം മുന്നോട്ട് നീക്കണം എന്ന് മാത്രമേ അവർക്ക് ചിന്തയുള്ളൂ. 

ജനതയിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ വെറും കളിയും തമാശയുമല്ല. ആരുടെയും തെറ്റിന്റെ പേരിൽ ഇത് സംഭവിക്കുന്നതുമല്ല. മറിച്ച് നിഗൂഢമായ ദുരുദ്ദേശങ്ങളിൽ നിന്നും നാശം ഉരുത്തിരിയുന്നതും അത് പടർന്ന് പന്തലിച്ച് അന്തരീക്ഷം മുഴുവനും മലിനമാക്കുകയും എല്ലാം തകർക്കുകയും അവസാനം സ്വയം തകരുകയും  ചെയ്യുന്നതാണ്. 

അടിമത്വത്തിന്റെ കാരണങ്ങൾ  

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും ഭരണം നടത്തി വന്നവരെ ഒറ്റയടിക്ക് വിദേശികൾക്ക് അടിമയാക്കാൻ കഴിയുന്നതല്ല. അങ്ങനെ എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഭരണാധികാരികളുടെ അക്രമങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടായിരിക്കും. ഉദാഹരണത്തിന് നമ്മുടെ ഈ രാജ്യത്തിന്റെ കാര്യം തന്നെ എടുക്കുക. ഇവിടെയുള്ള ഭരണകൂടം മോശമായി ജനങ്ങളുടെ അന്തസ്സും അഭിമാനവും അപകടത്തിൽ പെട്ടു. ജീവിതം ശാപമായി മാറി. ശാന്തിയും സമാധാനവും നഷ്ടപ്പെട്ടു. ഞങ്ങളെ രക്ഷിക്കണേ എന്ന് മർദ്ദിത ജനത ഒന്നടങ്കം കണ്ണുനീർ വാർത്തുകൊണ്ട് പരാതിപ്പെട്ടു. ഇത്തരുണത്തിൽ ഇവിടെ വിദേശികൾ കടന്നുവന്ന് ഈ രാജ്യത്തെ അടിമകളാക്കി. മുഴുവൻ രാജ്യങ്ങളുടെയും അവസ്ഥയും ഇത് തന്നെ. 

മർദ്ദിതരുടെ അപേക്ഷകൾ രണ്ട് തരത്തിലുണ്ടെന്ന് മനസ്സിലാക്കുക. ഒന്ന് നിയമപരവും രേഖാമൂലവും സമർപ്പിക്കപ്പെടുന്ന അപേക്ഷ. മറ്റൊന്ന് മനസ്സിന്റെയും  മസ്തിഷ്‌കത്തിന്റെയും ആത്മാവിന്റെയും നാവിലൂടെ നിർവ്വഹിക്കപ്പെടുന്നതാണ്. അതെ, അക്രമങ്ങൾക്ക് ഇരയാകുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും ദുരിതവും കുഞ്ഞുങ്ങളുടെ നിലവിളിയും സ്ത്രീകളുടെ കണ്ണീരും ആയിരക്കണക്കായ മറകളെ കീറിമുറിച്ച് പടച്ചവന്റെ സന്നിധിയിൽ എത്തിച്ചേരുന്നതാണ്. സമുദ്രവും പർവ്വതങ്ങളും ഒന്നും ഇതിനിടയിൽ തടസ്സം നിൽക്കുന്നതല്ല. അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) പ്രസ്താവിച്ചു: 'മർദ്ദിതന്റെ പ്രാർത്ഥന സൂക്ഷിക്കുക. അതിന്റെയും പടച്ചവന്റെയും ഇടയിൽ ഒരു മറയും ഉണ്ടായിരിക്കുന്നതല്ല.' 

അതെ, പടപ്പുകളോട് നമുക്ക് സ്‌നേഹമില്ലെങ്കിലും പടച്ചവന് വളരെ പ്രിയമാണ്. എല്ലാ നിർമ്മാതാവിനും തന്റെ നിർമ്മിതി ഇഷ്ടമാണല്ലോ? ഒരു ചട്ടി കച്ചവടക്കാരന് നിസ്സാരമായ ചട്ടിയോട് പോലും ഇഷ്ടമാണ്. പടച്ചവന്റെ സൃഷ്ടി ആരായിരുന്നാലും അവരുടെ മനസ്സ് വേദനിക്കുമ്പോഴല്ലാം പടച്ചവനും വേദനയുണ്ടാകുന്നതാണ്. മനുഷ്യത്വത്തെ ചവിട്ടി മെതിക്കപ്പെടുകയും മണ്ണിൽ വലിച്ചിഴക്കപ്പെടുകയും രക്തം ഒഴുക്കപ്പെടുകയും യാഥാർത്ഥ്യങ്ങൾ നിഷേധിക്കപ്പെടുകയും രാത്രിയെ പകലെന്നും പകലിനെ രാത്രിയെന്നും വ്യാഖ്യാനിക്കപ്പെടുകയും കുഞ്ഞുങ്ങളുടെ വായിൽ നിന്നും ഉരുള തട്ടിപ്പറിക്കപ്പെടുകയും വിധവകളെ വസ്ത്രാക്ഷേപം ചെയ്യപ്പെടുകയും സാധുവിന്റെ അടുപ്പിൽ നിന്നും പാത്രം തട്ടിമാറ്റപ്പെടുകയും ചെയ്യുമ്പോൾ ഞങ്ങളെ സഹായിക്കണേ, ഞങ്ങളെ സഹായിക്കണേ എന്ന ശബ്ദം അന്തരീക്ഷത്തിൽ ഉയരുന്നതാണ്. തദവസരം പടച്ചവൻ അവരെ സഹായിക്കുന്നതും എവിടെയെങ്കിലും നിന്നും ഒരു സഹായി വന്നത്തുന്നതുമാണ്. ഇത് മാനവ ചരിത്രത്തിൽ പല പ്രാവശ്യം അനുഭവപ്പെട്ടിട്ടുള്ള യാഥാർത്ഥ്യമാണ്. 

ഒരു രാജ്യത്ത് അക്രമം വ്യാപകമാവുകയും ജനജീവിതം ദുഷ്‌കരമാവുകയും ചെയ്യുമ്പോൾ മണ്ണും വിണ്ണും ഒരുപോലെ കണ്ണുനീർ വാർക്കുന്നതാണ്. ഞങ്ങളുടെ ആളുകൾ ഞങ്ങളെ ദ്രോഹിക്കുന്നുവെങ്കിൽ അന്യരായ ആരെയെങ്കിലും കൊണ്ടുവരണേ എന്ന അപേക്ഷ അന്തരീക്ഷത്തിൽ ഉയരുന്നതാണ്. ഈ സമയത്ത് പടച്ചവൻ അക്രമികളെ ശിക്ഷിക്കും സാധുക്കളെ സഹായിക്കും. മിക്കവാറും ഈ സമയത്താണ് വിദേശികൾ അധിനിവേശം നടത്തുന്നത്. അവർ രാജ്യം കൈയ്യടക്കുകയും ജനങ്ങൾക്ക് പ്രയോജനം നൽകുകയും സ്വയം പ്രയോജനപ്പെടുത്തുകയും ചെയ്യും. അധിനിവേശങ്ങളെക്കുറിച്ച് നാം എത്ര അത്ഭുതപ്പെട്ടാലും ചരിത്ര പഠനങ്ങളുടെ വെളിച്ചത്തിൽ എനിക്ക് അത്ഭുതമൊന്നും ഇല്ല. പടച്ചവൻ പടപ്പുകളെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിന് നാട്ടുകാർ തയ്യാറല്ലെങ്കിൽ വിദേശികളെ പടച്ചവൻ ഇളക്കിവിടുന്നതാണ്. ഏതാണ്ട് എല്ലാ അധിനിവേശങ്ങളുടെയും അടിസ്ഥാനം സ്വന്തം നാട്ടുകാർ നാട്ടുകാരോട് നടത്തുന്ന അക്രമങ്ങളാണ്. 

സ്വദേശ വിദേശ ഭരണകൂടങ്ങളുടെ വിത്യാസം     

ബ്രിട്ടീഷുകാർ ഈ രാജ്യത്ത് നൂറ് വർഷം ഭരണം നടത്തി. അവർക്ക് ഈ രാജ്യവുമായി പ്രത്യേക ബന്ധമൊന്നും ഇല്ലായിരിന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ രാജ്യം വെറും ഒരു കറവപ്പശു മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അവർ പോയപ്പോൾ ധാരാളം സമ്പത്തുകളും കൊണ്ടുപോയി. അവർ റയിൽവേ പാളങ്ങളും വീട്ടുപകരണങ്ങളും കൊണ്ടുപോയാലും നാം അത്ഭുതപ്പെടേണ്ടതില്ല. കാരണം അവർ ഇവിടെ താമസിക്കാൻ വന്നവരല്ല. ഇടവിടെ താമസിച്ചുകൊണ്ട് സ്വന്തം രാജ്യത്തെക്കുറിച്ച് ചിന്തിച്ചവരാണവർ. 

പക്ഷേ അത്ഭുതം ഈ വീട്ടിലെ വിളക്കിലൂടെ തന്നെ വീടിന് തീ പിടിച്ചതിലാണ്. ബ്രിട്ടീഷുകാർ ഈ വീടിന്റെ വിളക്കുകൾ ആയിരുന്നില്ല. മറിച്ച് ഈ വീട്ടിലെ അഗ്നി നാളങ്ങളായിരുന്നു. അവർ ഇവിടെ അഥിതികളെപ്പോലെ വന്നു അഥിതികളായി താമസിച്ചു. അഥിതികളായി മടങ്ങി. എന്നാൽ അവർ പോയതിന് ശേഷം ഈ നാട്ടുകാർ സ്വന്തം നാടിനോടും നാട്ടുകാരോടും പുലർത്തിയ സമീപനം അത്യന്തം അത്ഭുതകരമാണ്. നിങ്ങൾ എന്നോട് മാപ്പാക്കുക. ഞാൻ ഈ നാട്ടിളെ ഒരംഗം എന്ന നിലയിലാണ് പറയുന്നത്. ഞാൻ പരാതിപ്പെടുന്നതും വിമർശിക്കുന്നതും എന്നെക്കൂടിയാണ്. ആകയാൽ ഈ വീടിന്റെ വിളക്കിലൂടെ തന്നെ ഈ വീടിന് തീ പിടിച്ചതിനെക്കുറിച്ച് നാം എല്ലാവരും ആലോചിക്കുക.

സ്വതന്ത്ര ഇന്ത്യയിൽ അധികാര കേന്ദ്രങ്ങളിലേക്ക് കടന്നുവന്നത് ഈ രാജ്യത്തിന്റെ യഥാർത്ഥ സന്താനങ്ങൾ തന്നെയാണ്. ഈ രാജ്യത്ത് തന്നെ ജനിക്കുകയും ഇവിടെ ജീവിക്കാനും മരിക്കാനും തീരുമാനിക്കുകയും ചെയ്തവരാണ്. അവരെല്ലാവരും സമാധാനപൂർണ്ണമായ ഒരു ഇന്ത്യയ്ക്കുവേണ്ടിയാണ് സ്വാതന്ത്ര്യ സമരത്തിൽ ആവേശത്തോടെ പങ്കെടുത്തത്. ഇവിടെ അടുത്ത് തന്നെയുള്ള അമീനബാദ് ജംഗ്ഷനിൽ ഗാന്ധിജി, മോത്തിലാൽ നെഹ്‌റു, പണ്ഡിറ്റ് നെഹ്‌റു, മൗലാനാ മുഹമ്മദ് അലി ജൗഹർ, മൗലാനാ അബുൽ കലാം ആസാദ് എന്നിവരുടെ പ്രസംഗങ്ങൾ ഇന്നും അന്തരീക്ഷത്തിൽ സംഗീതമായി കറങ്ങിനടക്കുന്നുണ്ട്. ഇത് അവരുടെ പ്രധാന വേദിയായിരുന്നു. ഞാനും അവരുടെ സദസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല ഈ പട്ടണത്തിന് ഇതര പട്ടണങ്ങളെ അപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിൽ വലിയ സ്ഥാനമുണ്ട്. സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അതിനെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് മൗലാനാ ജൗഹറും പണ്ഡിറ്റ് നെഹ്‌റുവും ഇവിടെവെച്ചാണ് പ്രഥമമായി പ്രസംഗിച്ചത്. പ്രസ്തുത പ്രസംഗങ്ങളിലൂടെ സ്വാതന്ത്ര്യ സമരം അതിശക്തി പ്രാപിക്കുകയും വിദേശ വസ്ത്രങ്ങൾ കത്തിക്കപ്പെടുകയും ചെയ്തത് ഇന്നും എന്റെ കൺമുന്നിൽ ഉണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഇത്തരം രംഗങ്ങൾ കാണുന്ന എല്ലാവരുടെയും മനസ്സ് ന്യായമായും ഇപ്രകാരം മന്ത്രിച്ചിരുന്നു: ഈ നേതാക്കൻമാർ വളരെ സമർത്ഥരാണ്. ഇവർ സ്വാതന്ത്ര്യസമരത്തിന്റെ കപ്പൽ മറുകര എത്തിക്കുന്നതാണ്. ഇവർ ഈ രാജ്യത്തെ പൂങ്കാവനമാക്കുന്നതാണ്. ഇവർ രാജ്യനിവാസികളുടെ എല്ലാത്തരം വേദനകൾക്കും ആശ്വാസം നൽകുകയും മാനവികതയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ്. ഇവരിലൂടെ അസമാധാനത്തിന്റെയും അനീതിയുടെയും അവസ്ഥകൾ ഇല്ലാതാകും. നീതിപീഠങ്ങൾ നീതികേന്ദ്രങ്ങളാകും. ഉദ്യോഗസ്ഥർ വിശ്വസ്തതയുടെ പര്യായങ്ങളാകും. പോലീസിന്റെയും നിയമപാലകരുടെയും ആവശ്യംപോലും ഉണ്ടാകുന്നതല്ല. ഹിന്ദുവും മുസ്‌ലിമും ഏകോതര സഹോദങ്ങളെപ്പോലെ കഴിയുന്നതാണ്.... ഇതൊന്നും അടിസ്ഥാനമില്ലാത്ത സങ്കൽപ്പങ്ങൾ അല്ലായിരുന്നു. അന്നത്തെ നേതാക്കളുടെയും ജനങ്ങളുടെയും സ്‌നേഹാദരവുകളും സഹകരണ സഹാനുഭൂതികളും അത്രമാത്രം ശക്തമായിരുന്നു. എന്നാൽ, ഹാ കഷ്ടം ഈ വീടിന്റെ വിളക്കിലൂടെ തന്നെ വീടിന് തീ പിടിച്ചു. അന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ബ്രിട്ടീഷുകാർ പോയതിന് ശേഷം ഇവിടെ അരങ്ങേറിയത്. ഈ രാജ്യത്തെ ഇവിടെയുള്ളവർ തന്നെ നാശമാക്കാൻ ആരംഭിച്ചു. തുടർന്ന് അരങ്ങേറിയ നാശനഷ്ടങ്ങൾ വളരെ ദീർഘമേറിയതാണ്. 

നാം നമ്മെക്കുറിച്ച് പറയുകയും തിരുത്തുകയും ചെയ്യുക.  

ഈ പറയുന്നത് എന്നെയും ആരെയെങ്കിലും മാറ്റിനിർത്തിക്കൊണ്ടല്ല. നാം നമ്മെത്തന്നെ വിചാരണ ചെയ്യണമെന്ന് ഉണർത്തലാണ് ഇത് പറയുന്നതുകൊണ്ടുള്ള ഉദ്ദേശം. നാം ഈ രാജ്യത്തെ എന്ത് അവസ്ഥയിൽ ആക്കിയിരിക്കുന്നു എന്ന് ചിന്തിക്കുക. ശത്രുക്കളുടെ കൈയ്യിൽ കിട്ടിയ ഒരു രാജ്യത്തെപ്പോലെയല്ലേ നാം ഈ പ്രിയ രാജ്യത്തോടും രാജ്യനിവാസികളോടും വർത്തിക്കുന്നത്. നമ്മിൽ ശത്രുതയും പ്രതികാര ദാഹവും നിറഞ്ഞ് നിൽക്കുന്നില്ലേ? ട്രൈയിനിലും ബസിലും യാത്ര ചെയ്തു നോക്കൂ. വിവിധ ഓഫീസുകളിലും കേന്ദ്രങ്ങളിലും കയറി ഇറങ്ങൂ. സ്വന്തം നാടിനോട് നാം പുലർത്തുന്ന സമീപനം കാണാൻ കഴിയും. ട്രെയിനിന്റെ വിളക്കുകളും ഫാനുകളും മാത്രമല്ല സീറ്റുകളിലെ ഷീറ്റുകൾ പോലും എടുത്തുകൊണ്ടുപോകുന്നു. മാൻഹോളിന്റെ മൂടിയും അപഹരിക്കപ്പെടുന്നു. സാധുക്കളായ കുഞ്ഞുങ്ങൾ അവിടെ വീണ് മരിക്കുമെന്ന വിചാരം പോലും ഇല്ല. നമ്മുടെ പരസ്പരമുള്ള ബന്ധത്തിന്റെ അവസ്ഥ എന്താണ്? നമ്മുടെ അയൽവാസിയെ പടച്ചവന്റെ അടിമയും സ്വന്തം സഹോദരനുമായിട്ടാണോ നാം കാണുന്നത് അതോ ഒരു ഇര എന്ന നിലയിലാണോ? വിലപിടിച്ച മനുഷ്യരോട് വന്യ വിഷജന്തുക്കളെപ്പോലെയല്ലേ നാം വർത്തിക്കുന്നത്?  സ്വന്തം നാട്ടുകാരുടെ മനുഷ്യമനസ്സിലേക്കും തിളങ്ങുന്ന കണ്ണുകളിലേക്കും പിടയ്ക്കുന്ന ഹൃദയത്തിലേക്കും കത്തുന്ന ആത്മാവുകളിലേക്കും വിലപിക്കുന്ന കുഞ്ഞുങ്ങളിലേക്കും വൃദ്ധ മാതാവിലേക്കും സാധു കുടുംബത്തിലേക്കും ആണോ നാം നോക്കുന്നത് അതോ അവരുടെ പോക്കറ്റിലേക്കും നാല് പൈസയിലേക്കുമാണോ? ആർക്കും ആരോടും ഒരു സഹാനുഭൂതി ഇല്ലാത്ത അവസ്ഥ സംജാതമായില്ലേ? ഒരാളുടെ ജയവും ആയിരങ്ങളുടെ പരാജയവും അരങ്ങേറുന്ന ഒരു ചൂതാട്ട കേന്ദ്രമായി നമ്മുടെ നാട് മാറുന്നില്ലേ? ഉന്നത ചിന്തയും മഹത്തരമായ വിചാരവും മാനവ സ്‌നേഹവും സർവ്വോപരി പടച്ചവനോടുള്ള ഭയവും നമ്മിൽ എത്ര പേർക്കുണ്ട്. അതെ, നമ്മുടെ മസ്തിഷ്‌കത്തിനും മനസ്സിനും  മനസ്സാക്ഷിക്കും തളർവാദം പിടികൂടിയതുപോലെയുണ്ട്. നമ്മെ ആക്ഷേപിക്കാൻ പോലും നമ്മുടെ മനസ്സിന് സാധിക്കുന്നില്ല. എല്ലാ മൂല്യവും തകർന്നടിഞ്ഞു. പണത്തോടുള്ള സ്‌നേഹത്തിന്റെ മൂല്യം മാത്രം അവശേഷിക്കുന്നുണ്ട്. 

ഈ അവസ്ഥ നന്നാക്കാൻ ആരും രംഗത്ത് ഇറങ്ങുന്നില്ലാ എന്നുള്ളതാണ് ഇതിനേക്കാൾ അപകടകരമായ അവസ്ഥ. മുഴുവൻ ജനതയും നന്മയിൽ നിന്നും തീർത്തും നിരാശപ്പെട്ടതുപോലെയുണ്ട്. ഇത് വലിയ നാശത്തിന്റെ അടയാളം കൂടിയാണ്. ഈ ഒരു അവസ്ഥ സംജാതമാകുന്ന ഒരു നാടും രക്ഷപ്പെടുന്നതല്ല. രാജ്യത്ത് അരങ്ങേറുന്ന മനുഷ്യത്വ രഹിതമായ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന മാനവ സ്‌നേഹികൾ ഒന്നടങ്കം ഉണർന്ന് എഴുന്നേൽക്കേണ്ടിയിരുന്നു. അക്രമത്തിനെതിരിൽ അതിശക്തമായ നീക്കങ്ങൾ നടത്തേണ്ടിയിരുന്നു. പക്ഷേ ദു:ഖകരമെന്ന് പറയട്ടെ: മനുഷ്യസ്‌നേഹികൾ എന്ന ആശ്വസിക്കുന്ന ആളുകൾ അവസ്ഥകൾ നന്നാക്കുന്നതിൽ തീർത്തും നിരാശപ്പെട്ട് അനങ്ങാപ്പാറ നയം സ്വീകരിച്ച് കഴിയുകയാണ്. തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ തെറ്റുകൾ തിരുത്തേണ്ടവർ അനങ്ങാതിരിക്കുന്നത് അത്യന്തം നാശകരമാണ്.      

വിദേശ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളേക്കാൾ ഭയാനകമായ അപകടങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഓരോ ഓഫീസിലും കമ്പോളത്തിലും ജീവിതത്തിന്റെ സർവ്വ മേഖലകളിലും കൊള്ളയടിയും മാനവ നിന്ദയും വ്യാപകമായിരിക്കുന്നു. മോഷണം, കൈക്കൂലി, സ്വജന പക്ഷപാതിത്വം എന്നിവ പൊതു രീതിയായിരിക്കുന്നു. സമൂഹം തകരുകയും വ്യക്തികൾ വളരുകയും ചെയ്യുന്ന അവസ്ഥ വ്യാപകമാകുന്നു. സ്വസ്ഥതയും സമാധാനവും കുറഞ്ഞു. സ്വന്തം നാട്ടിലും വീട്ടിലും കഴിയുന്നവർക്കുപോലും സമാധാനമില്ല. 

തെറ്റായ രാജ്യസ്‌നേഹം

1947 ൽ ബ്രിട്ടീഷുകാർ പോയതിന് ശേഷം പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും സഹകരണത്തിന്റെയും ഒരു മാതൃകാ രാജ്യമായി ഇന്ത്യയെ നാം ഉയർത്തേണ്ടിയിരുന്നു. അതിന് സാധ്യതയുണ്ടായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ രാജ്യത്ത് നിന്നും ഈ മഹൽഗുണങ്ങൾ പഠിക്കാൻ വിദേശികൾ ഇവിടേക്ക് ഒഴുകി എത്തുമായിരുന്നു. പക്ഷേ വേദനയോടെ പറയട്ടെ ഈ രാജ്യത്തെ ശരിയായ നിലയിൽ നയിക്കാനും വളർത്താനും ഉയർത്താനും നമുക്ക് സാധിച്ചില്ല. കാരണം നമ്മുടെ രാജ്യ സ്‌നേഹം വെറും നിഷേധാത്മകം മാത്രമായിരുന്നു. നിർമ്മാണാത്മകം ആയിരുന്നില്ല. അതായത് നമ്മുടെ ഓരേ ഒരു ചിന്തയും ലക്ഷ്യവും പരിശ്രവും ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കുക മാത്രമായിരുന്നു. നാടിനെയും നാട്ടുകാരെയും നന്നാക്കുക എന്നത് നാം ലക്ഷ്യമാക്കിയതേ ഇല്ല. ഇതിന്റെ ദുരന്തഫലങ്ങളാണിത്. ധാരാളം ആളുകൾ യുദ്ധത്തിൽ ജയിക്കും, പക്ഷേ സന്ധിയിൽ  തോറ്റുപോകും. നിരവധി സമൂഹങ്ങൾ അസാധാരണ അവസ്ഥകളിൽ അത്ഭുതങ്ങൾ കാണിക്കും. സാധാരണമായ ശാന്ത അവസ്ഥകളിൽ ചെയ്യേണ്ടതൊന്നും ചെയ്യുകയുമില്ല. നാം ഭാരതീയർക്ക് ഇത്തരം കുറേ ന്യൂനതകൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ മൂടുപടം അവയെല്ലാം മൂടിക്കെട്ടി. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുകയും യഥാർത്ഥ പരീക്ഷയുടെ സമയം സമാഗതമാവുകയും ചെയ്തപ്പോൾ നാം തോറ്റുപോയി. 

സമ്പത്ത് ഇല്ലാത്ത കാലത്ത് ധാരാളം ആളുകൾ ഭയഭക്തിയിലും സർവ്വസംഗ പരിത്യാഗത്തിലും മുഴുകുന്നതാണ്. എന്നാൽ സമ്പത്ത് കിട്ടുമ്പോൾ അവരുടെ അവസ്ഥകൾ മുഴുവനും മാറി മറിയും. സ്വാതന്ത്ര്യ സമരത്തിനിടയിൽ നമ്മുടെ നാശത്തിന്റെ പുകകൾ അടിയിൽ ഒതുങ്ങിക്കിടക്കുകയായിരുന്നു. ഇന്ത്യാ സ്വതന്ത്രമായതോടെ പുകയും തീ ജ്വാലയും പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ അകത്ത് മനുഷ്യന്റെ മനസ്സ് നഷ്ടപ്പെടുകയും വന്യമൃഗങ്ങളുടെ മനസ്സ് ഉണ്ടാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. 

സ്വാതന്ത്ര്യ സമരകാലത്ത് നാം സാധുക്കളെ സഹായിച്ചിരുന്നു. ജയിൽ വാസികളായ സഹോദരങ്ങളുടെ വീടുകൾ സേവിച്ചിരുന്നു. വെറുപ്പുകളും അകൽച്ചകളും അൽപ്പം പോലും ഇല്ലായിരുന്നു. ഹിന്ദു മുസ്‌ലിം സാഹോദര്യം പൂത്തുലഞ്ഞിരുന്നു. പക്ഷേ സ്വാതന്ത്ര്യം കഴിഞ്ഞപ്പോൾ കാര്യങ്ങൾ തിരിഞ്ഞ് നടക്കാൻ തുടങ്ങുകയും ദിനം പ്രതി അവസ്ഥകൾ മോശമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 

നമുക്കിടയിൽ ധാരാളം സംഘടനകളും സ്ഥാപനങ്ങളും രചയിതാക്കളും പ്രഭാഷകരുമുണ്ട്. എന്നാൽ ശരിയായ പൗരബോധവും മാനവ ആദരവും രാജ്യസ്‌നേഹവും ഉണ്ടാക്കിയെടുക്കാൻ എത്ര പരിശ്രമങ്ങൾ നടത്തപ്പെടുന്നുണ്ട്. ഇന്നത്തെ അവസ്ഥയിൽ എല്ലാവരും അസ്വസ്ഥരാണ്. നിരാശയും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ആഹാരത്തിനും പാനിയത്തിലും ഒന്നിലും ഒരു രുചിയും ഇല്ലെന്നും നാട്ടിലും വീട്ടിലും യാതൊരു സമാധാനവും ഇല്ലെന്നും പറഞ്ഞ് എല്ലാവരും വിലപിക്കുന്നു. പക്ഷേ ഉത്തരവാദിത്വം ഉണർന്ന് പ്രവർത്തിക്കാൻ ആരും തയ്യാറാകുന്നില്ല. ഇന്നത്തെ ഈ അവസ്ഥയ്ക്ക് നാം എല്ലാവരും ഉത്തരവാദികളാണെന്ന് ഓർക്കുക. മലിനമായി വെള്ളത്തിൽ നാം എല്ലാവരും മുങ്ങിക്കിടക്കുകയാണ്. ഈ മലിന വെള്ളത്തിൽ നിന്നും സ്വർത്ഥതയുടെ മുത്തുകൾ പെറുക്കിയെടുക്കാൻ ഓരോരുത്തരും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും മലിന ജലത്തെ വിമർശിക്കുന്നുണ്ട്. പക്ഷേ ഇതിൽ മുങ്ങിയാലും കുഴപ്പമില്ല, മുത്ത് വല്ലതും കിട്ടിയാൽ മതി എന്ന ചിന്ത പുലർത്തുകയും ചെയ്യുന്നു.

നിരാശ പാടില്ല. പരിശ്രമിക്കുക, ഫലമുണ്ടാകും.  

പലരും നിരാശപ്പെടുകയും മറ്റുള്ളവരെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. നാശം ഈ നാടിന്റെ തലവിധിയായി കഴിഞ്ഞെന്നും ഇനി നന്നാക്കാൻ ഒരു വഴിയും ഇല്ലെന്നും അവർ പ്രചരിപ്പിക്കുന്നു. ഇത് നിരാശയാണ്. ഒരു നാടിനെയും നാട്ടുകാരെയും സംബന്ധിച്ചിടത്തോലം നന്നാകില്ലാ എന്നുള്ള നിരാശ അത്യന്തം അപകടകരമാണ്. 

നാം എണ്ണത്തിലും വണ്ണത്തിലും വളരെ കുറഞ്ഞവരും ശക്തിയും ശബ്ദവും തീർത്തും താഴ്ന്നവരുമാണെങ്കിലും നിരാശപ്പെടാതെ പ്രവർത്തിക്കാൻ ഇറങ്ങുക. കോടിക്കണക്കായ ജനങ്ങൾക്കിടയിൽ നമ്മുടെ ചെറിയ ശബ്ദത്തിന് എന്ത് വില എന്ന് വിചാരിക്കരുത്. നന്മയ്ക്കുവേണ്ടിയുള്ള ശബ്ദത്തെ പടച്ചവൻ ഉയർത്തുകയും വളർത്തുകയും അങ്ങനെ വിളക്കുകളിൽ നിന്നും വിളക്കുകൾ പ്രകാശിച്ച് നാടും നഗരവും പ്രഭാപൂരിതമാകുന്നതുമാണ്. 

നാം എല്ലാവർക്കും രണ്ട് വീടുകളുണ്ട്: നാം താമസിക്കുന്ന വീടും, പ്രിയപ്പെട്ട നാടും. അതെ, നാടും നമ്മുടെ വലിയ ഒരു വീടുതന്നെയാണ്. വീട്ടിലെ കാര്യും നോക്കുന്നതുപോലെ നാട്ടിലെ കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നാട് വളരെയധികം അപകടകരമായ ഒരു അവസ്ഥയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് നാം തിരിച്ചറിയുക. ഈ രാജ്യത്തിന്റെ അപകടം രാജ്യത്തിന്റെ അകത്തുതന്നെയാണ്. ജനങ്ങളെല്ലാവരും വലിയ അസ്വസ്തതയിൽ ആണ്. എല്ലാവരും ഒരു ഉത്തമ വിമോചകനെ പ്രതീക്ഷിച്ച് കഴിയുകയാണ്. ഇത്തരുണത്തിൽ അവസ്ഥ നന്നാക്കാനുള്ള ചെറിയ പരിശ്രമങ്ങൾക്കും വലിയ വില ലഭിക്കുന്നതാണ്. 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം അതിമനോഹരമായ ഒരു അധ്യായമാണ്. എന്നാൽ അന്ന് നടന്ന ത്യാഗങ്ങളെയല്ലാം വിസ്മരിക്കുകയും നിന്ദ്യക്കുകയും ചെയ്യുന്ന പല കാര്യങ്ങളുമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് ദു:ഖത്തോടെ നാം ഓർക്കുക. അധികാര കേന്ദ്രങ്ങളിൽ നിന്നും ഇതര കേന്ദ്രസ്ഥാനങ്ങളിൽ നിന്നും പൊതുജനങ്ങൾ പലപ്പോഴും നിരാശപ്പെടുന്നു. വിനീതൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ പാർട്ടിയോ അല്ല. മാറിമാറി വരുന്ന ഓരോ ഭരണകൂടങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരാശജനകമായ അവസ്ഥകളാണ് ഉണ്ടാകുന്നത്. എല്ലാവരിൽ നിന്നും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത് മനസ്സിലാക്കാൻ ശാസ്ത്രക്രിയ ആവശ്യം ഒന്നും ഇല്ല. പൊതുജനങ്ങൾ അവസ്ഥയുടെയും യാതാർത്ഥ്യത്തിന്റെയും നാവ് കൊണ്ട് പല പ്രാവശ്യം ഇക്കാര്യം പറഞ്ഞുകഴിഞ്ഞു. 

സ്റ്റേജുകളിലെ പ്രസംഗങ്ങളും പത്രങ്ങളിലെ ലേഖനങ്ങളും മാത്രമല്ല ശ്രദ്ധിക്കേണ്ടത്. ജനങ്ങളുമായി ഇടപഴകുകയും കൂടിയിരിന്ന് സംസാരിച്ചും നോക്കുക. ഇക്കാര്യം വ്യക്തമാകുന്നതാണ്. ഇവിടെ മറ്റൊരു കാര്യം കൂടി നാം ഉണരുക: ഈ കുഴപ്പങ്ങളുടെയും എല്ലാം കാരണക്കാരായി ഓരോരുത്തരും മറ്റുചിലരെ പഴിചാരുന്നുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഇന്നത്തെ പ്രശ്‌നങ്ങൾക്ക് നാം എല്ലാവരും ഉത്തരവാദികളാണ്. ഏതാനും ആളുകൾക്ക് മാത്രമായി ഒരിക്കലും ഒരു സമൂഹത്തെ മോശമാക്കാൻ കഴിയുന്നതല്ല. ചില ആളുകൾ സമൂഹത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുകയും പൊതുസമൂഹം അതിന് പിന്തുണ നൽകുകയും ചെയ്യുമ്പോൾ മാത്രമാണ് ഒരു സമൂഹം അധ:പതിക്കുന്നത്. 

എല്ലാ കാലഘട്ടത്തിലും നന്മ നിറഞ്ഞവരും തിന്മയുടെ വാക്താക്കളും ഉണ്ടാകാറുണ്ട്. ഇത്തരുണത്തിൽ എന്തെങ്കിലും തിന്മകളും കുഴപ്പങ്ങളും ഉണ്ടായാൽ ഉടൻ മുഴുവൻ സമൂഹവും നശിച്ച് പോയന്ന് വിധി എഴുതുന്നത് ശരിയല്ല. തിന്മകൾ വർദ്ധിക്കുകയും സമൂഹത്തിൽ അക്രമ വാസന പടരുകയും സ്വാർത്ഥത വർദ്ധിക്കുകയും ചെയ്തതിനാൽ അവസ്ഥ മോശമാവുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിനെ നന്നാക്കാൻ ആർത്ഥമായ പരിശ്രമം നടത്തപ്പെട്ടാൽ നന്മ നിറഞ്ഞവർ മുന്നോട്ട് വരുന്നതും തിന്മയുടെ മേൽ നന്മയ്ക്ക് ആധിപത്യം ലഭിക്കുന്നതുമാണ്. 

പടച്ചവനെ ഭയക്കുക, രാജ്യത്തെ സ്‌നേഹിക്കുക.

ഒരു സമൂഹത്തെയും നാടിനെയും സ്വർത്ഥത, അക്രമം, അവിശ്വാസം, വഞ്ചന മുതലായ നാശങ്ങളിൽ നിന്നും രക്ഷിക്കാനുള്ള അടിസ്ഥാന ശക്തി പടച്ചവനിലുള്ള വിശ്വാസവും ഭയഭക്തിയുമാണ്. ഒരു മഹാശക്തി ഇരുളിലും വെളിച്ചത്തിലും നമ്മെ നിയന്ത്രിക്കുന്നുണ്ടെന്നും ഓരോ കാര്യങ്ങൾക്കും നമുക്ക് മറുപടി പറയേണ്ടിവരും എന്നുമുള്ള വിശ്വാസവും ബോധവും നമ്മിൽ ഉണ്ടായാൽ നമ്മിൽ നിന്നും അക്രമങ്ങൾ ഒന്നും ഉണ്ടാകുന്നതല്ല. അവിചാരിതമായി ഉണ്ടായിപ്പോയാൽ തിരുത്തുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നതാണ്. അതെ, മോഷ്ടാക്കളെ വിശ്വസ്ത സേവകനാക്കി മാറ്റിയ മഹാ ശക്തി തന്നെയാണ് ഈ വിശ്വാസം. 

രണ്ടാമത്തെ വൻശക്തി സത്യസന്ധമായ രാജ്യസ്‌നേഹമാണ്. ഇത് എന്റെ നാടും പട്ടണവുമാണ് എന്ന ബോധം നാം ഓരോരുത്തരും ഉണ്ടാക്കിയെടുക്കുക. എന്റെ നന്മ നാടിന്റെ നന്മയും നാടിന്റെ നന്മ എന്റെ നന്മയുമാണ് എന്ന വീക്ഷണം വ്യാപകമാക്കുക. അതെ, പടച്ചവനോടുള്ള ഭയഭക്തിയും രാജ്യത്തോടുള്ള സ്‌നേഹാദരവും നമുക്ക് നഷ്ടപ്പെട്ടാൽ നാമും ഈ രാജ്യവും തകർന്ന് പോകുന്നതാണ്. ഒരു തത്വ ശാസ്ത്രവും വിദ്യാഭ്യാസവും വിജ്ഞാന കേന്ദ്രങ്ങളും നമ്മെ രക്ഷിക്കുന്നതല്ല. 

ആകയാൽ പൊതുവായി പടർന്നുകൊണ്ടിരിക്കുന്ന നാശത്തിന്റെ തീയിൽ നിന്നും പണപൂജയുടെ മലിന ജലത്തിൽ നിന്നും നാം സ്വയം രക്ഷപ്പെടുന്നതിനോടൊപ്പം ജനങ്ങളെ രക്ഷിക്കാൻ പരിശ്രമിക്കുകയും ചെയ്യുക. നാം എല്ലാവരും ഒരു കപ്പലിൽ യാത്ര ചെയ്യുന്നവരാണ്. ആരുടെയെങ്കിലും അക്രമം കാരണം കപ്പൽ മുങ്ങിയാൽ അവർ മാത്രമല്ല എല്ലാവരും നശിക്കുന്നതാണ്. എന്നാൽ അവരെ ആരെങ്കിലും തടഞ്ഞാലും തടയുന്നവരും അവരും രക്ഷപ്പെടുന്നതാണ്. 

മാനവരെ ആദരിക്കാനും നീതിയും ന്യായവും മുറുകെ പിടിക്കാനും നാം പരസ്പരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുക. ഇതിലൂടെ നാമും നാട്ടുകാരും നാടും നന്നായിത്തീരുന്നതാണ്. മുൻഗാമികളായ മഹത്തുക്കൾ ഇതിനുവേണ്ടി പരിശ്രമിച്ചു. നാം ഇന്ന് കാണുന്ന എല്ലാ നന്മകളും അതിന്റെ ഫലമാണ്. നമ്മുടെ നല്ല പരിശ്രമങ്ങളുടെ ഫലം നമുക്കും അടുത്ത തലമുറയ്ക്കും ഗുണകരമാകുന്നതാണ്. പടച്ചവൻ അനുഗ്രഹിക്കട്ടെ!

പയാമെ ഇൻസാനിയ്യത്ത്, മാനവതാ സന്ദേശം. ഉദ്ദേശ ലക്ഷ്യങ്ങൾ 

1. നാം എല്ലാവരും മനുഷ്യരും ഒരു നാട്ടുകാരുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ പരസ്പരം വിശ്വാസവും സ്‌നേഹാദരവുകളും വളർത്താനും അകൽച്ചകളും ശത്രുതകളും ഇല്ലാതാക്കാനും പരിശ്രമിക്കുക. ഇതിനുവേണ്ടി സന്ദർശനങ്ങൾ നടത്തുകയും സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ഉത്തമ രചനകൾ പ്രചരിപ്പിക്കുകയും ചെയ്യുക. 

2. സേവന പ്രവർത്തനങ്ങളിലൂടെ പരസ്പരം അടുക്കുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്റെ യഥാർത്ഥ സുഖസന്തോഷങ്ങൾ അനുഭവിക്കുക.

3. വർഗ്ഗീയത, സാമ്പത്തിക അസമത്വം, കൈക്കൂലി, നഗ്നത പ്രകടനം മുതലായ തിന്മകൾക്കും അക്രമങ്ങൾക്കും എതിരിൽ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് പരിശ്രമിക്കുക.

4. അക്രമപരമായ പരിപാടികളും പ്രവർത്തനങ്ങളും തടയുക. 

5. മർദ്ദിതരും സാധുക്കളുമായ സഹോദരങ്ങളെ ജാതിമത വിത്യാസമില്ലാതെ സഹായിക്കുക. 

6. വിദ്യാർത്ഥി ജനതയെ പ്രത്യേകിച്ചും സൽഗുണസമ്പന്നരായി വാർത്തെടുക്കാൻ വിവിധ രീതികളിൽ പരിശ്രമിക്കുക. 

7. നാം ഓരോരുത്തരും ബന്ധപ്പെട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സൗഹാർദ്ധ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും വളർത്താനും പരിശ്രമിക്കുക. 

ഇക്കാര്യങ്ങൾക്ക് തയ്യാറുള്ള സഹോദരങ്ങൾ ഇടയ്ക്കിടയ്ക്ക് കൂടി ഇരിക്കുകയും ചെയ്യാനുള്ള കാര്യങ്ങളെ ആലോചിക്കുകയും ചെയ്തത് വിലയിരുത്തുകയും ചെയ്യുക. 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...