Thursday, August 6, 2020

സ്വാര്‍ത്ഥതയുടെ കൊടുങ്കാറ്റ് ചെറിയ തുണികൊണ്ട് മറച്ചാല്‍ നില്‍ക്കുന്നതല്ല.

സ്വാര്‍ത്ഥതയുടെ കൊടുങ്കാറ്റ് ചെറിയ തുണികൊണ്ട് മറച്ചാല്‍ നില്‍ക്കുന്നതല്ല. 
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

ആമുഖം
വിശ്വപണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 1954-ല്‍ ജനുവരി 15-ാം തീയതി ജോന്‍പൂരിലെ ഠൗണ്‍ ഹാളില്‍ വെച്ച് നടത്തിയ ഒരു പ്രഭാഷണമാണിത്. വ്യത്യസ്ത മത രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങളോട് എല്ലാവരും അനുകൂല അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞിട്ടും നാളുകളോളം ജനങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയുണ്ടായി. ഇന്നും ഇതിന്‍റെ ശക്തിയും പുതുമയും നഷ്ടപ്പെട്ടിട്ടില്ലായെന്ന് നമുക്കും ഇത് വായിച്ചാല്‍ അനുഭവപ്പെടുന്നതാണ്. 
ഈ പ്രഭാഷണത്തില്‍ വലിയ തത്വചിന്തകളൊന്നുമില്ല. മാനവികതയെക്കുറിച്ച് പൊതുവായി മനസ്സിലാകുന്ന ശൈലിയിലും ഭാഷയിലും മൗലാനാ ലളിതമായി വിവരിക്കുകയാണ്. എന്നാല്‍ ആത്മാര്‍ത്ഥയുടെ ശക്തിയായിരിക്കാം ഇതില്‍ വലിയ പ്രേരണ അടങ്ങിയിരിക്കുന്നു. ഇത് എല്ലാവരും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും  ചെയ്യേണ്ട ഒരു വിഷയമാണ്. കൂടാതെ, മുഴുവന്‍ ലോകത്തിന്‍റെയും വിശിഷ്യാ നമ്മുടെ രാജ്യത്തിന്‍റെയും വലിയൊരു ആവശ്യം കൂടിയാണ്. പടച്ചവനോട് ഭയഭക്തിയും പടപ്പുകളോട് സ്നേഹാദരങ്ങളും പുലര്‍ത്തണമെന്ന പ്രബോധനം കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യമാണ്. ഈ കാര്യം നിഷ്കളങ്കമായി പ്രബോധനം നടത്തിയാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളിലോ ഭൗതിക പ്രസ്ഥാനങ്ങളിലോ കാണപ്പെടാത്ത വലിയ പ്രയോജനം ഈ പ്രബോധനത്തില്‍ അടങ്ങിയിരിക്കുന്നു. ജനങ്ങളെല്ലാവരും ഭൗതിക പൂജയിലും നിലവിലുള്ള അവസ്ഥകളിലും യാതൊരുവിധ സമാധാനവും കണ്ടെത്താതെ അസമാധാനത്തോടെ കഴിയുകയാണ്. ഇത്തരുണത്തില്‍ അവരോട് പരിപൂര്‍ണ്ണ സഹാനുഭൂതിയോട് ശരിയായ മാനവികതയെക്കുറിച്ച് ഉണര്‍ത്തപ്പെട്ടാല്‍ തീര്‍ച്ചയായും അവരില്‍ അത് പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഈ പ്രഭാഷണം വലിയ താല്‍പ്പര്യത്തോടെയും ശ്രദ്ധയോടെയും ശ്രവിക്കപ്പെട്ടത് പോലെ തന്നെ മാന്യ അനുവാചകര്‍ വായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 
മുഹമ്മദ് റാബിഅ് ഹസനി നദ്വി
   (ഓള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം ലക്നൗ)  
മാനവരാശി ഇന്ന് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പ്രശ്നങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ തീരുകയില്ല. ഇത്തരുണത്തില്‍ ഏറ്റവും വലിയ ബുദ്ധി പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കണ്ടെത്തലും അത് പരിഹരിക്കലുമാണ്. 
മുന്‍സിപ്പാലിറ്റിയിലെ വാട്ടര്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. പൈപ്പുകളിലൂടെ മോശം വെള്ളം വന്നാല്‍ ആമാശയം നാശമാവുകയും പലതരം രോഗങ്ങള്‍ പരക്കുകയും ചെയ്യും. ഇത് തടയാനുള്ള ഒരുവഴി ഓരോരുത്തരും അവനവന്‍റെ വീട്ടിലെ പൈപ്പില്‍ തുണികെട്ടി വെള്ളം ശുദ്ധീകരിച്ച് എടുക്കുകയും തിളപ്പിച്ച് കുടിക്കുകയും ചെയ്യലാണ്. ഇതിനേക്കാള്‍ പ്രയോജനപ്രദവും മഹത്തരവുമായ മറ്റൊരു വഴി ഇതുമായി ബന്ധപ്പെട്ടവരെ കാര്യം ധരിപ്പിക്കുകയും അവര്‍ ഉണര്‍ന്ന് ജലത്തെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യലാണ്. നാം ഒരു വ്യക്തി ശുദ്ധീകരിച്ച ജലം കുടിച്ചാല്‍ നമുക്ക് രക്ഷ കിട്ടും. പക്ഷേ, അറിവില്ലാത്ത ധാരാളം ആളുകളും വഴിയാത്രക്കാരും ശുദ്ധീകരിക്കാതെ കുടിക്കുകയും രോഗങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നതാണ്. 
ഇന്ന് മാനവികതയുടെ കേന്ദ്രത്തിന് കുഴപ്പം ബാധിച്ചിരിക്കുകയാണ്. ജീവന്‍ പ്രവഹിച്ച് തുടങ്ങുന്ന സ്ഥാനങ്ങള്‍ നാശമായിരിക്കുന്നു. ജീവിതത്തിന്‍റെ വൈദ്യുതി കേന്ദ്രം തകര്‍ന്നിരിക്കുന്നു. തല്‍ഫലമായി മാനവികത മുഴുവനും തകര്‍ന്നു. കൈക്കൂലിയും ചതിയും അക്രമങ്ങളും വ്യാപകമായിരിക്കുന്നു. മനുഷ്യരില്‍ സര്‍വ്വവിധ തിന്മകളും പ്രചരിച്ചു. ഇതിനുള്ള പരിഹാര മാര്‍ഗ്ഗം എന്താണ്? നാം നമ്മുടെ കാര്യം മാത്രം നോക്കി നന്നായാല്‍ മതിയോ? പ്രശ്നങ്ങളുടെ അടിസ്ഥാനത്തെ തന്നെ നന്നാക്കാന്‍ പരിശ്രമിക്കണമോ? 
നാം മനുഷ്യരാണ്. സ്വന്തം ശത്രുക്കളെ മൃഗങ്ങള്‍ പോലും തിരിച്ചറിയാറുണ്ട്. കല്ലെറിയുന്ന ആളെക്കണ്ടാല്‍ നായ വിരണ്ടോടുന്നത് കാണാം. കഴുതയുടെ വിഡ്ഢിത്തരം പ്രസിദ്ധമാണ്. എന്നാല്‍ ആരെങ്കിലും മണ്‍കട്ട എടുത്താല്‍ അതും ബഹളമുണ്ടാക്കിത്തുടങ്ങും. മനുഷ്യരായ നാം മൃഗങ്ങളേക്കാളെല്ലാം ഉത്തമരാണ്. പക്ഷേ, പ്രശ്നങ്ങളുടെയും നാശനഷ്ടങ്ങളുടെയും അടിസ്ഥാനത്തെക്കുരിച്ച് ആലോചിക്കാത്തതും അതിനെ തിരുത്താന്‍ പരിശ്രമിക്കാത്തതും ഖേദകരമാണ്. നമ്മുടെ പളുങ്ക് കൊട്ടാരത്തിലേക്ക് നാല് ഭാഗത്ത് നിന്നും ചെളികള്‍ തെറിച്ച് വീഴുന്നു. നാം ചെളികളെ ചീത്ത വിളിക്കുകയും കണ്ണാടി കഴുകി വൃത്തിയാക്കുകയും ചെയ്യുന്നു. എന്നാല്‍ എറിയുന്ന കൈകളിലേക്ക് നോക്കുകകയോ അവരെ തിരുത്താന്‍ ശ്രമിക്കുകയോ ചെയ്യാറില്ല. ഇന്നത്തെ ചിന്തകരും സാംസ്കാരിക നായകരും ഇതുപോലെ ആയിപ്പോയോ എന്ന സംശയമുണ്ട്. വലിയ വലിയ ആളുകള്‍ പോലും കല്ലുകളോട് ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, കല്ലുകളുടെ എല്ലാം അടിസ്ഥാനമായ മനുഷ്യരെ കണ്ടെത്താനോ തിരുത്താനോ ആരും ശ്രദ്ധിക്കുന്നില്ല. 
മാനവരാശിയുടെ ഏറ്റവും വലിയ മാര്‍ഗ്ഗ ദര്‍ശകരാണ് മഹാന്മാരായ പ്രവാചകന്മാര്‍. തകര്‍ന്ന് കൊണ്ടിരുന്ന മാനവികതയെ ശരിയായ നിലയില്‍ ചികിത്സിച്ച് ഭേദപ്പെടുത്തി. അവര്‍ അടിസ്ഥാനത്തിലേക്ക് നോക്കി. മാനവ കുലത്തിന്‍റെ മനസ്സിനെ നന്നാക്കാന്‍ പരിശ്രമിച്ചു. തല്‍ഫലമായി അകത്തുള്ള മാലിന്യങ്ങളെല്ലാം പുറത്തേക്ക് പ്രവഹിക്കുകയും മനുഷ്യന്‍ ആരോഗ്യവാനാവുകയും ചെയ്തു. സര്‍വ്വസ്ഥലങ്ങളിലും സമാധാനവും സന്തോഷവും നിറഞ്ഞ സ്നേഹത്തിന്‍റെ സാഹചര്യം സംജാതമായി. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: എല്ലാ രാജ്യത്തും സര്‍വ്വ സമുദായങ്ങളിലും പടച്ചവന്‍റെ ഭാഗത്ത് നിന്നും മാര്‍ഗ്ഗ ദര്‍ശകര്‍ വന്നിട്ടുണ്ട്. (റഅ്ദ്) ഓരോ പ്രവാചകന്മാരും ഈ വഴിയിലൂടെ പരിശ്രമിക്കുകയും വമ്പിച്ച പരിവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുകയും ചെയ്തു. 
എന്നാല്‍ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളെ നാം പഴഞ്ചനായി കാണുന്നു. വിവര വൈജ്ഞാനിക സാങ്കേതിക അധികരിച്ച ഈ കാലഘട്ടത്തില്‍ സഹസ്രബ്ദങ്ങള്‍ക്ക് മുമ്പുള്ള പ്രവാചക മാര്‍ഗ്ഗം നമുക്ക് തരംതാഴ്ന്നതായി തോന്നുന്നു. എന്നാല്‍ പഴയെ മാര്‍ഗ്ഗം തന്നെയാണ് പ്രയോജനപ്രദമെന്ന് നാം തിരിച്ചറിയുക. സൂര്യന്‍ വളരെ പഴക്കമുള്ളതാണ്. അത്യാധുനികമായ  നിരവധി വിളക്കുകള്‍ നാം  കണ്ട് പിടിച്ചെങ്കിലും സൂര്യ പ്രകാശത്തെ നാം അവഗണിക്കുന്നു. ഇപ്രകാരം മഹാന്മാരായ പ്രവാചകന്മാര്‍ യാത്രയായി സഹസ്രബ്ദങ്ങള്‍ കഴിഞ്ഞെങ്കിലും അവരുടെ മാര്‍ഗ്ഗം ഒരിക്കലും ഒഴിച്ച് കൂടാന്‍ പറ്റാത്തതാണെന്ന് നാം മനസ്സിലാക്കുക. 
പ്രവാകന്മാര്‍ പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു അടിസ്ഥാനമുണ്ട്. ഏതെങ്കിലും കാര്യത്തെ നന്നാക്കാന്‍ അടിസ്ഥാനം നന്നാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം! ഇത് ലളിതമായി ഉദാഹരണത്തിലൂടെ നാം ഗ്രഹിക്കുക. വേനല്‍ക്കാലത്ത് സമുദ്രത്തില്‍ നീരാവി ഉണ്ടായിത്തീരും. നീരാവി ഉയരുകയും ചൂടിലൂടെ അലിയുകയും പര്‍വ്വതങ്ങളില്‍ പോയി പതിക്കുകയും ചെയ്യുമ്പോള്‍ ശക്തമായ മഴ പെയ്യുന്നു. മഴ കഠിനമായാല്‍ സാധാരണ തുണിപിടിച്ച് നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നതല്ല. ഇപ്രകാരം പാപങ്ങളുടെ ആധിക്യം മാനവരാശിയില്‍ നിന്നും ഉയര്‍ന്ന് വലിയ നാശനഷ്ടങ്ങളുടെ പേമാരിയായി പെയ്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെ സാധാരണ കാര്യങ്ങള്‍കൊണ്ട് തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുകയില്ലായെന്ന് മനസ്സിലാക്കുക. 
ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു പ്രധാനപ്പെട്ട വ്യക്തിത്വത്തെ ചെന്ന് കണ്ട് ഈ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം അവഗണിക്കുകയും വിഷയം മാറ്റി മറ്റ് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് കണ്ടപ്പോള്‍ എനിയ്ക്ക് വലിയ ദു:ഖമുണ്ടായി. ഇതിനിടയില്‍ എനിയ്ക്ക് പരിചയമില്ലാത്ത ഒരു വ്യക്തി അവിടേക്ക് കടന്നുവന്നു. ഉടനടി വീട്ടുകാരന്‍ എഴുന്നേറ്റ് നിന്ന് ആദരിക്കുകയും അദ്ദേഹം പോകുന്നതുവരെ കൈകെട്ടി നിന്ന് വിനയത്തോടെ സംസാരിക്കുകയും ചെയ്തു. അദ്ദേഹം പോയപ്പോള്‍ വീട്ടുകാരന്‍ പറഞ്ഞു: വലിയ ഫീസ് കൊടുക്കേണ്ട ഒരു ഡോക്ടറാണിത്! ഇതാണ് ഇന്നത്തെ പൊതു അവസ്ഥ. ഇന്ന് പണത്തിനും പണ്ഡത്തിനും സാധന സാമഗ്രികള്‍ക്കും നല്ലവിലയുണ്ട്. മാനവികതയ്ക്കും മാനുഷിക മൂല്യങ്ങള്‍ക്കും ഒരു വിലയുമില്ല. ശൈഖ് സഅ്ദീ ശീറാസി തന്‍റെ ഒരു സ്വന്തം സംഭവം വിവരിക്കുന്നു. അദ്ദേഹം ഒരു സാധാരണ വസ്ത്രം ധരിച്ചുകൊണ്ട് ഒരു സല്‍ക്കാരത്തിന് പങ്കെടുത്തു. ആരും അദ്ദേഹത്തിലേക്ക് തിരിഞ്ഞ് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അടുത്ത പ്രാവശ്യം കൂടിയ ഒരു വസ്ത്രവും ധരിച്ച് ഒരു സല്‍ക്കാരത്തിന് പോയി. എല്ലാവരും അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കുകയും ആദരവോടെ ആഹാരം കഴിക്കാന്‍ ഇരുത്തുകയും ചെയ്തു. അദ്ദേഹം പാത്രത്തില്‍ നിന്നും കറി എടുത്ത് വസ്ത്രത്തിലേക്ക് ഒഴിക്കാന്‍ തുടങ്ങി. ഇത് കണ്ട് ആളുകള്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആദരിച്ചത് ഈ വസ്ത്രത്തെ ആണ്. ഇതിനുവേണ്ടിയാണ് നിങ്ങള്‍ എനിയ്ക്ക് ഉന്നത സ്ഥാനത്ത് ഇരുത്തി ആഹാരം തരുന്നത്. അതുകൊണ്ട് ആഹാരമെല്ലാം ഇതിന് തന്നെ കൊടുക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. മുമ്പൊരിക്കല്‍ സാധാരണ വസ്ത്രം ധരിച്ച് വന്നപ്പോള്‍ ആരും തിരിഞ്ഞ് പോലും നോക്കിയില്ല! 
ഇതാണ് ഇന്നത്തെ ലോകത്തിന്‍റെ ചിത്രം. നാം മക്കള്‍ക്ക് മാനവികത, മാന്യത, സല്‍സ്വഭാവം, ഇവയുടെ മഹത്വങ്ങള്‍ പറഞ്ഞ് കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? നമ്മുടെ കുട്ടികള്‍ ബോധം വെച്ചത് മുതല്‍ കാണുന്നത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളും ദു:സ്വഭാവങ്ങളുമല്ലേ? നമ്മുടെ വീട്ടിലേക്ക് കാറില്‍ വരുന്നവരെ നാം എഴുന്നേറ്റ് നിന്ന് സ്വീകരിച്ച് ആദരിക്കുന്നു. നടന്ന് വരുന്നവരെ തിരിഞ്ഞ് പോലും നോക്കാറില്ല. അതെ, ആദരവിന്‍റെ അടിസ്ഥാനം മനുഷ്യനാകലല്ല, പണമാണ് എന്ന് ഇതിലൂടെ നാം മക്കളെ പഠിപ്പിക്കുകയാണ്. 
എന്നാല്‍ പ്രവാചകന്മാര്‍ മനുഷ്യത്വമാണ് വലുതെന്നും ഭയഭക്തിയാണ് ഉന്നത ഗുണമെന്നും സല്‍സ്വഭാവം സമുന്നത മഹത്വമാണെന്നും പഠിപ്പിച്ചു. ഖലീഫ ഉമറുല്‍ ഫാറൂഖ് (റ)നെ കാണാന്‍ ഒരു വലിയ അറബി നേതാവ് വന്നു. ഉമര്‍ (റ) അദ്ദേഹത്തോട് പറഞ്ഞു: അല്‍പ്പം പ്രതീക്ഷിക്കുക. ഇത് മറ്റുചിലര്‍ക്കുള്ള സമയമാണ്. തുടര്‍ന്ന് ബിലാല്‍ മുഅദ്ദിന്‍ (റ) വന്നു. ഉമര്‍ (റ) അദ്ദേഹത്തെ അടുത്തിരുത്തി സംസാരിച്ചു. ശേഷം മദീനയിലെ ഏതാനും സാധുക്കള്‍ വന്നു. ഉമര്‍ (റ) അവരെ അടുത്തിരുത്തി സംസാരിച്ചു. ഇത് കണ്ട നേതാവിന് അനിഷ്ടമായി. എന്നെ ഇവിടെ ഇരുത്തി സാധുക്കളുമായി സംസാരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നി. അപ്പോള്‍ അദ്ദേഹത്തിന്‍റെ അടുത്തിരുന്ന ഒരാള്‍ പറഞ്ഞുകൊടുത്തു: ഖലീഫ ത്രാസില്‍ തൂക്കിയാണ് ആളുകളോട് ഇടപെടുന്നത്. ഇത് ഖലീഫയുടെയോ സാധുക്കളുടെയോ കുഴപ്പമല്ല, ഖലീഫ പടച്ചവന്‍റെ നാമത്തില്‍ എല്ലാവരെയും വിളിച്ചു. ഇവര്‍ അതിനെ വിലമതിച്ച് നേരെത്തെ എത്തി. താങ്കള്‍ വില മനസ്സിലാക്കി നേരെത്തെ വന്നില്ല. താങ്കള്‍ പിന്നിലായപ്പോള്‍ അവര്‍ മുന്നിലേക്ക് നീങ്ങി! 
ഇന്ന് സമ്പത്തിലും ഭൗതിക വസ്തുക്കളിലും മനുഷ്യന്‍ വളരെ മുന്നേറിയിരിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ അതിനനുസരിച്ച് കുറയുകയും ചെയ്തിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സാഹിത്യ കലകളെല്ലാം പണത്തിനും ഭൗതികതയ്ക്കുമാണ് കൂടുതല്‍ സ്ഥാനം കൊടുത്ത് കൊണ്ടിരിക്കുന്നത്. പണത്തിന് അനുസരിച്ച് ആളുകള്‍ക്ക് മഹത്വം കൊടുക്കുന്ന ഒരു സാഹചര്യം സംജാതമായി. പണമാണ് മനുഷ്ന്‍. പണമില്ലാത്തവന്‍ മനുഷ്യനല്ല. യഥാര്‍ത്ഥത്തില്‍ ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ നാശനഷ്ടങ്ങളുടെയും അടിസ്ഥാനം ഈ ചിന്താഗതിയാണ്. തല്‍ഫലമായി വളഞ്ഞതോ തിരിഞ്ഞതോ ആയ ഏത് വഴിയിലൂടെയും എത്രയും പെട്ടെന്ന് പണക്കാരന്‍ ആകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പണത്തിനുവേണ്ടി ശരിയും തെറ്റുമായ സര്‍വ്വ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. കാരണം പണത്തിനാണ് സ്ഥാനമെന്ന് എല്ലാവരും ഉണര്‍ന്നിരിക്കുകയാണ്. 
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് ലോക മഹായുദ്ധങ്ങള്‍ നടന്നു. ഇത് ഏതെങ്കിലും ആദര്‍ശ വീക്ഷണങ്ങളുടെ പേരില്‍ ആയിരുന്നില്ല. പണത്തിന്‍റെയും അധികാരത്തിന്‍റെയും സ്ഥാനമാനങ്ങളുടെയും ആര്‍ത്തിയുടെ പേരില്‍ മാത്രമായിരുന്നു. അടുത്തിടെ ട്രെയിന്‍ യാത്രക്കിടയില്‍ എന്‍റെ അടുത്തിരുന്നത് ഒരു ഹൈന്ദവ സഹോദരനാണ്. ട്രെയിന്‍ വിട്ട ഉടനെ അദ്ദേഹം പറഞ്ഞു: ലോകത്തുള്ള മുഴുവന്‍ പ്രശ്നങ്ങളുടെയും അടിസ്ഥാനം മതങ്ങളും മത നേതാക്കളുമാണ്. മൗലാനമാരും സ്വാമിമാരുമാണ് എല്ലാ നാശങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്. നാശമുണ്ടാക്കുന്നത് ഒരു ജോലിയായി അവര്‍ സ്വീകരിച്ചിരിക്കുകയാണ്. വിനീതന്‍ പറഞ്ഞു: ശരിയാണ്. ഒന്ന്,  രണ്ട് ലോക മഹായുദ്ധങ്ങള്‍ മൗലാനാമാരും സ്വാമിമാരും ചേര്‍ന്നാണല്ലോ നടത്തിയത്. ഇത് കേട്ടപ്പോള്‍ അദ്ദേഹം നിശബ്ദനായി. വിനീതന്‍ അദ്ദേഹത്തോട് പറഞ്ഞു: മുഴുവന്‍ മനുഷ്യരുടെയും രക്തം ഊറ്റിക്കുടിക്കാന്‍ ആഗ്രഹിക്കുകയും മാനവ രക്തം കൊണ്ട് ഹോളി കളിക്കാന്‍ കൊതിക്കുകയും ചെയ്യുന്നവരാണ് പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനം. 1914-ല്‍ യഹൂദി സമ്പന്നര്‍ക്ക് അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനും വിറ്റഴിക്കാനും വലിയ കേന്ദ്രങ്ങള്‍ ആവശ്യമായി വന്നു. ഇതിന് വേണ്ടി അവര്‍ ഗൂഢാലോചനകള്‍ നടത്തി. അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യങ്ങളെ പരസ്പരം തല്ലിക്കുകയും ചെയ്തു. അതെ, അവരുടെ കച്ചവടത്തിന് വേണ്ടി മാത്രമാണ് ലക്ഷക്കണക്കിന് ജീവനുകള്‍ പാഴാക്കുകയും നിരവധി രാഷ്ട്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇന്നും ഇതുപോലുള്ള കച്ചവടങ്ങളെ ആഗ്രഹിക്കുന്നവരാണ് പ്രധാന പ്രശ്നക്കാര്‍. ഞങ്ങളുടെ പണം കൂടണം, ഞങ്ങളുടെ പേര് ഉയരണം, ഞങ്ങളുടെ ആളുകള്‍ വളരണം എന്ന സ്വാര്‍ത്ഥ ചിന്താഗതികളാണ് കുഴപ്പങ്ങളുടെ അടിസ്ഥാനം. മതം, സംസ്കാരം, ഭാഷ, ദേശം ഇതൊന്നും ഭിന്നതയുടെയും ശത്രുതയുടെയും അടിസ്ഥാനമല്ല. ഒരു സംസ്കാരവും മതവും രാജ്യവുമായി ബന്ധപ്പെട്ടവര്‍ തന്നെ പരസ്പരം കഠിന ശത്രുക്കളെ പോരാടുന്നത് കണ്ടിട്ടില്ലേ? നീണ്ട യുദ്ധങ്ങള്‍  നടത്തിയ കൗരവരും പാണ്ഡവരും ഒരു കുടുംബക്കാര്‍ അല്ലായിരുന്നോ? പരസ്പരം തല്ലുണ്ടാക്കുന്ന അറബികള്‍ ഒരു ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ടവരല്ലേ? അഫ്ഗാനിസ്ഥാനില്‍ പഠാണികളും പാക്കിസ്ഥാനില്‍ മുസ്ലിംകളും ഇന്ത്യയില്‍ ഹൈന്ദവരും പരസ്പരം പോരടിക്കുന്നത് മതത്തിന്‍റെ പേരിലല്ല. മനോച്ഛകളുടെയും സ്വാര്‍ത്ഥതയുടെയും പേരിലാണ്. അതെ, സ്വാര്‍ത്ഥത നമ്മുടെ മതമായി മാറിയിരിക്കുന്നു. നമ്മുടെ മനസ്സില്‍ അടിഞ്ഞ് കൂടയിരിക്കുന്ന മാലിന്യങ്ങള്‍ പുറത്തേക്ക് പ്രവഹിക്കുന്നതാണ് കുഴപ്പങ്ങളുടെ കാരണം. 
പ്രവാചകന്മാര്‍ മനസ്സ് നന്നാക്കാന്‍ പരിശ്രമിച്ചവരാണ്. കാരണം പുറത്തെ നാശം അകത്ത് നിന്നും പുറപ്പെടുന്നതാണെന്ന് അവര്‍ മനസ്സിലാക്കി. പുറത്തുള്ള നാശങ്ങള്‍ അകത്തേക്ക് കടന്നുവെന്ന് വിചാരിച്ചാണ് നാം പുറത്തെ നന്നാക്കാന്‍ ഇന്ന് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഹൃദയത്തിന്‍റെ രോഗം ശരീരം മുഴുവനും പ്രതിഫലിക്കുന്നതുപോലെ മനസ്സിലെയും മസ്തിഷ്കത്തിലെയും ഉദ്ദേശ ലക്ഷ്യങ്ങളുടെയും ചിന്താ വിചാരങ്ങളുടെയും നാശം സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുന്നത്. മുമ്പ് ഒരിക്കല്‍ ഒരു രാജാവ് കൂട്ടുകാരോടൊപ്പം വേട്ടയ്ക്ക് പോയി. കാട്ടില്‍ വെച്ച് കൂട്ടം തെറ്റിയ അദ്ദേഹം അലഞ്ഞ് നടന്നു. രാത്രി ഒരു വൃദ്ധയുടെ കൂരയില്‍ അദ്ദേഹം അഭയം തേടി. വൃദ്ധ ആടിനെ കറക്കാന്‍ പരിശ്രമിച്ചെങ്കിലും പാല് അല്‍പ്പം മാത്രമേ കിട്ടിയുള്ളൂ. വൃദ്ധ പാല് കറക്കുന്നത് കണ്ടപ്പോള്‍ ഇവരുടെയും കൂടി നികുതി നാളെ മുതല്‍ പിരിക്കണമെന്ന് രാജാവ് ചിന്തിക്കാന്‍ തുടങ്ങി. തദവസരം രാജാവിനെയും അയാളുടെയും ചിന്തയും തിരിച്ചറിയാത്ത വൃദ്ധ സങ്കടത്തോടെ പറഞ്ഞു: ഇന്ന് പാല് വളരെ കുറച്ച് മാത്രമേ കിട്ടിയുള്ളൂ. രാജാവിന്‍റെ ഉദ്ദേശ ലക്ഷ്യത്തില്‍ എന്തോ കുഴപ്പം ഉണ്ടായെന്ന് തോന്നുന്നു. 
മനുഷ്യന്‍ ഈ ലോകത്തെ രാജാവാണ്. മനുഷ്യന്‍റെ ഉദ്ദേശം മോശമാവുകയും മനസ്സ് നാശമാവുകയും ചെയ്തപ്പോള്‍ പരിസരം മുഴുവന്‍ നാശനഷ്ടങ്ങള്‍ പെരുകി. പ്രവാചകന്മാരുടെ വീക്ഷണം വളരെ ആഴം നിറഞ്ഞതാണ്. പ്രവാചകന്മാര്‍ പറയുന്നു: മനസ്സിലെ പാപക്കറകള്‍ കഴുകിക്കളയുക, ഹൃദയത്തെ നന്നാക്കുക! മനസ്സ് നാശമായതിന്‍റെ പേരിലാണ് ഇന്നത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും ഫലിക്കാത്തത്. ഭരണകൂടം ഫുഡ് കട്രോള്‍ പ്രഖ്യാപിച്ചപ്പോള്‍ കമ്പോളങ്ങളില്‍ മോഷണം ആരംഭിച്ചു. പ്രൈസ് കട്രോള്‍ നടത്തിയപ്പോള്‍ കമ്പോളങ്ങളില്‍ സാധനങ്ങള്‍ തന്നെ ഇല്ലാതായി. ജനങ്ങള്‍ അവശ്യ വസ്തുക്കള്‍ കിട്ടാതെ വലഞ്ഞു. അതെ, മനുഷ്യന്‍റെ പാപപങ്കിലമായ മനസ്സ് ശരിയാകുന്നതുവരെ ഒന്നും നന്നാകുന്നതല്ല. മനുഷ്യന്‍റെ അകത്ത് നിന്നുമാണ് നാശം തുടങ്ങുന്നത് എന്ന കാര്യം കമ്മ്യൂണിസം അവഗണിച്ചു. അവര്‍ മനസ്സ് നന്നാക്കാന്‍ അല്‍പ്പം പോലും ശ്രദ്ധിച്ചില്ല. തൊഴിലാളികള്‍ ദാരിദ്ര്യത്തില്‍ കിടന്ന് പിടയ്ക്കുന്നു. നേതാക്കള്‍ ജനങ്ങളുടെ രക്തത്തിലും വിയര്‍പ്പിലും ആറാടുന്നു. മനുഷ്യരുടെ മൃതദേഹങ്ങളില്‍ വലിയ മാളികകള്‍ പണിയുന്നു. ഇതിലൂടെ സര്‍വ്വ സ്ഥലങ്ങളിലും തോന്നിയവാസങ്ങള്‍ പ്രചരിച്ചു. 
മനസ്സ് നന്നാക്കാതെ നിയമങ്ങള്‍ നന്നാക്കിയത് കൊണ്ട് യാതൊരു ഫലവുമില്ല. അമേരിക്കയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ നിരോധിച്ചുകൊണ്ട് നിയമം പാസ്സാക്കപ്പെട്ടു. ലഹരിക്കെതിരില്‍ യുദ്ധ പ്രഖ്യാപനം നടത്തി. കോടിക്കണക്കിന് രൂപ ചിലവഴിച്ച് അതിഭയങ്കര പ്രചാരണങ്ങള്‍ നടത്തി. മദ്യശാലകള്‍ പൂട്ടാന്‍ വലിയ പരിശ്രമങ്ങള്‍ നടത്തപ്പെട്ടു. ലഹരിക്കെതിരില്‍ നിരവധി രചനകള്‍ തയ്യാറാക്കി. അവയുടെ പരസ്യങ്ങള്‍ മാത്രം ചേര്‍ത്ത് വെച്ചാല്‍ കിലോമീറ്ററുകള്‍ നീളമുണ്ടാകും. പക്ഷേ, പരിശ്രമത്തിന് അനുസരിച്ച് അമേരിക്കന്‍ ജനതയ്ക്ക് ലഹരിയില്‍ വാശി കൂടി. മദ്യപാനം പഴയതിനേക്കാളും കൂടുതലായി. അവസാനം ഭരണകൂടം പരാജയം സമ്മതിച്ച് നിയമം പിന്‍വലിച്ചു. ബഹ്യമായ പരിശ്രമങ്ങളും ബുദ്ധിയെ നേരെ ആക്കാനുള്ള അധ്വാനങ്ങളും പരാജയപ്പെടുമെന്നും മനസ്സ് നന്നാക്കുക മാത്രമാണ് വിജയത്തിന്‍റെ വഴിയെന്നും ഇത് വ്യക്തമാക്കുന്നു. മനസ്സ് നന്നാക്കാതെ വലിയ അധ്വാനങ്ങള്‍ നടത്തിയിട്ടും അമേരിക്കന്‍ ജനത തോന്നിയ വാസത്തില്‍ നിന്നും പിന്മാറാന്‍ അല്‍പ്പവും തയ്യാറായില്ല. 
അതിമഹത്തായ ഒരു പാരമ്പര്യം വഹിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം. എന്നാല്‍ ഇന്ന് ഇവിടെ വലിയ നാശങ്ങളും നഷ്ടങ്ങളും സംജാതമായിരിക്കുകയാണ്. രാജ്യത്തിന്‍റെ സ്വഭാവ മേഖല പരിപൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു. മനുഷ്യത്വ രഹിതമായ വാര്‍ത്തകള്‍ പെരുകുകയാണ്. എന്നാല്‍ മനുഷ്യ മനസ്സുകളെ നന്നാക്കി ഇതിനെ തിരുത്താനുള്ള ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ക്ക് പകരം മനസ്സുകളെയും മസ്തിഷ്കങ്ങളെയും കൂടുതല്‍ നാശമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ദു:ഖത്തോടെ ഉണര്‍ത്തുകയാണ്. പുത്തന്‍ തലമുറയില്‍ ലജ്ജയില്ലായ്മ വളര്‍ന്നുകൊണ്ടിരിക്കുന്നു. സിനിമയുടെ പേരില്‍ മഹാപാപങ്ങളും ക്രൂരമായ അക്രമങ്ങളും പരിശീലിക്കപ്പെടുന്നു. കണ്ണുകളിലൂടെയും കാതുകളിലൂടെയും പാപങ്ങള്‍ മനസ്സിലേക്ക് ഒഴിക്കപ്പെടുകയാണ്. വാര്‍ത്താ മാധ്യമങ്ങള്‍ പരസ്യമായി പാപങ്ങളെ പ്രബോധനം ചെയ്യുന്നു. വളരെ വ്യക്തമായി പറയട്ടെ പടച്ചവന്‍റെ വലിയ അനുഗ്രഹത്താല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ നമ്മുടെ മനസ്സും സ്വഭാവവും നന്നാക്കിയില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം കൊണ്ട് ഒരു ഗുണവുമില്ലെന്നും സ്വാതന്ത്ര്യം തന്നെ അപകടത്തിലാകുമെന്നും മനസ്സിലാക്കുക. 
യൂറോപ്പില്‍ ആയിരക്കണക്കിന് കുഴപ്പങ്ങളുണ്ട്. എന്നിട്ടും യൂറോപ്പ് നിലനിന്ന് പോകുന്നത് എന്തുകൊണ്ടാണെന്ന് നാം പഠിക്കേണ്ടതാണ്. അതെ, പാശ്ചാത്യ ജീവിതത്തില്‍ ധാരാളം അക്രമങ്ങളും സ്വഭാവ ദൂഷ്യങ്ങളും കാണപ്പെടുന്നെങ്കിലും അവര്‍ ചെറിയ കാര്യങ്ങളില്‍ പോലും നിയമങ്ങള്‍ പാലിക്കുന്നവരും സംസ്കാരം നിലനിര്‍ത്തുന്നവരുമാണ്. തരംതാണ വഞ്ചനകളൊന്നും അവരില്‍ ഇല്ല. എല്ലാവരും പൗരത്വബോധമുള്ളവരാണ്. പട്ടണത്തിലും ഗ്രാമത്തിലും അവരുടെ ജീവിതം നിയമ മര്യാദകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ളതാണ്. എന്‍റെ ഒരു സുഹൃത്ത് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ കുറച്ച് വൈജ്ഞാനിക ജോലികളില്‍ ബന്ധപ്പെട്ട് കഴിയുകയായിരുന്നു. ലൈബ്രറിയോട് ചേര്‍ന്ന് ഒരു റസ്റ്റോറന്‍റ് ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു:  ക്ഷീണം വരുമ്പോള്‍ അവിടെപ്പോയി മത്സ്യത്തിന്‍റെ കബാബ് കഴിക്കുമായിരുന്നു. ദിവസവും ഇപ്രകാരം ചെയ്തിരുന്നു. ഒരു ദിവസം ആഹാരം കഴിച്ച് പൈസ കൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ ക്യാഷറിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു: താങ്കള്‍ ദിവസവും രണ്ട് പൈസ ഇവിടെ അധികമായി നല്‍കിയിരുന്നു. ഞങ്ങളുടെ കണക്കില്‍ അത് കൂടുന്നത് കണ്ട് ഞങ്ങള്‍ ആളെ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളുടെ കുറേ പൈസ ഇപ്രകാരം ഞങ്ങളുടെ കൈയ്യില്‍ വന്നിട്ടുണ്ട്. അത് ഞങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ്! 
എന്നാല്‍ ഇവിടെ ഒരു കാര്യം മനസ്സിലാക്കുക: യൂറോപ്പ്യന്‍ ജനതയുടെ ഈ സല്‍സ്വഭാവം അവരുടെ സാമ്പത്തിക അവസ്ഥ നന്നാകണം എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. സാമ്പത്തിക അവസ്ഥ നന്നാകാന്‍ സാമ്പത്തിക വിശുദ്ധി അത്യാവശ്യമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇതിന്‍റെ പിന്നില്‍ മത ബോധമോ പടച്ചവനുമായിട്ടുള്ള ബന്ധമോ അല്‍പ്പം പോലും ഇല്ല. കാരണം അവിടെ ചര്‍ച്ച് പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസ മൂല്യങ്ങള്‍ അവര്‍ക്ക് നഷ്ടമായി. ഭൗതിക താല്‍പ്പര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട്  സാമ്പത്തിക കാര്യങ്ങള്‍ക്ക് ഇത്തരം സ്വഭാവം നിര്‍ബന്ധമാണെന്ന് അവര്‍ സ്വയം തീരുമാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 
അതുകൊണ്ട് തന്നെ യൂറോപ്പിന്‍റെ സ്വഭാവ മേഖലയില്‍ സന്തുലിതത്വമില്ല. മധുരമിടാതെ ചായ കുടിക്കുകയും ലഡുവും ജിലേബിയും വാരിവാരിക്കഴിക്കുകയും ചെയ്യുന്ന ഷുഗര്‍ രോഗികളുടേത് പോലെയാണ് അവരുടെ അവസ്ഥ. സാമ്പത്തിക മേന്മയ്ക്കുവേണ്ടി ചെറിയ കാര്യങ്ങളില്‍ പോലും വലിയ സത്യസന്ധത അവര്‍ പുലര്‍ത്തുന്നു. എന്നാല്‍ വര്‍ഗ്ഗീയതയും വംശീതയും അവരുടെ മുന്നില്‍ വരുമ്പോള്‍ ഈ വിശ്വസ്തതയും സത്യസന്ധതയും അവര്‍ അവഗണിക്കുന്നു. വ്യക്തി ജീവിതത്തില്‍ അവര്‍ വളരെ കൃത്യനിഷ്ടയുള്ളവരാണ്. 9 മണി 12 മിനിറ്റ് വരാന്‍ അവര്‍ വാഗ്ദാനം ചെയ്താല്‍ കൃത്യസമയത്ത് തന്നെ അവര്‍ വന്നിരിക്കും. എന്നാല്‍ സാമുദായിക വിഷയത്തില്‍ മറ്റുസമുദായങ്ങളെ വഞ്ചിക്കുകയും അവരെക്കുറിച്ച് അപരാധങ്ങള്‍ പറയുകയും ചെയ്യാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. അറബികളോട് അവര്‍ കാട്ടിക്കൊണ്ടിരിക്കാന്‍ അക്രമങ്ങള്‍ പരസ്യമായ രഹസ്യമാണ്. ഇന്ത്യയിലും അവരുടെ ഈ സ്വഭാവം നാം നന്നായി അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അതെ, അവരുടെ സല്‍സ്വഭാവങ്ങള്‍ പടച്ചവനോടുള്ള വിശ്വാസത്തിന്‍റെയോ പരലോക വിചാരണയെക്കുറിച്ചുള്ള ഭയത്തിന്‍റെ പേരിലല്ല. കച്ചവട കാര്യങ്ങള്‍ നന്നായി നീങ്ങുകയും ലാഭം കൂടുതല്‍ കരസ്ഥമാക്കുകയും ചെയ്യണം എന്ന ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് അവര്‍ ഉപഭോക്താക്കളോട് സല്‍സ്വഭാവം പുലര്‍ത്താനും വാഗ്ദാനങ്ങള്‍ പാലിക്കാനും ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. എന്നാല്‍ സാമുദായിക കാര്യങ്ങള്‍ വരുമ്പോള്‍ ഏത് ദുസ്വഭാവത്തിനും അക്രമത്തിനും അവര്‍ക്ക് യാതൊരു മടിയുമില്ല. 
എന്നാല്‍ പ്രവാചകന്മാര്‍ പഠിപ്പിച്ച സല്‍സ്വഭാവം സര്‍വ്വസന്ദര്‍ഭങ്ങളിലും മുഴുവന്‍ ആളുകളോടും നിരന്തരമായി നിലനില്‍ക്കുന്നതും സര്‍വ്വവിധ ഭൗതിക താല്‍പ്പര്യങ്ങളില്‍ നിന്നും പരിശുദ്ധവുമാണ്. ഉപകാരം, ഉപദ്രവം എന്തുണ്ടായാലും, ജീവന്‍ അപടകത്തില്‍ പെട്ടാലും സല്‍സ്വഭാവവും മനുഷ്യത്വവും ഉപേക്ഷിക്കരുതെന്ന് പ്രവാചകന്മാര്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഉമര്‍ രണ്ടാമന്‍ എന്ന പേരില്‍ അറിയപ്പെട്ട ഉമറുബ്നു അബ്ദില്‍ അസീസിന്‍റെ കാലത്ത് അദ്ദേഹം ലോകത്തെ ഏറ്റവും നാഗരികമായ പ്രദേശത്തിന്‍റെ ഭരണാധികാരി ആയിരുന്നു. ഒരു രാത്രി അദ്ദേഹം ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഗവര്‍മെന്‍റ് വക വിളക്ക് കത്തിച്ച് വെച്ചിരിക്കുകയായിരുന്നു. അതിനിടയില്‍ ഒരു കൂട്ടുകാരന്‍ വന്നു. സലാം പറഞ്ഞ് സംസാരിക്കാന്‍ ഇരുന്നു. ഉമറുബ്നു അബ്ദില്‍ അസീസ് സലാം മടക്കുന്നതിന് മുമ്പ് പ്രസ്തുത വിളക്ക് അണക്കുകയും നിസ്സാരമായ ഒരു മെഴുകുതിരി കത്തിച്ച് വെക്കുകയും ചെയ്തു. ആഗതന്‍ കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: വലിയ വിളക്ക് പൊതുജനങ്ങളുടെ സമ്പത്താണ്. ഞാന്‍ അവര്‍ക്കുവേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. താങ്കള്‍ വന്ന് നമ്മുടെ കാര്യം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അത് അണയ്ക്കുകയും ഇത് കത്തിക്കുകയും ചെയ്തു. കാരണം അത് കത്തിച്ച് കൊണ്ട് എന്‍റെ കാര്യങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നാളെ പടച്ചവനോട് എനിക്ക് മറുപടിയൊന്നും കാണില്ല! രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് (റ) അന്നത്തെ സൂപ്പര്‍ പൗവറുകളായ റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ പരാജയപ്പെടുത്തിയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്‍റെ കാലത്ത് ക്ഷാമം ഉണ്ടായി. തദവസരം വില കൂടിയ ആഹാരങ്ങളൊന്നും താന്‍ കഴിക്കുകയില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. കുറഞ്ഞ ആഹാരവും താഴ്ന്ന എണ്ണയും കഴിച്ച് അദ്ദേഹത്തിന്‍റെ ചുവന്ന് വെളുത്ത നിറം പോലും മാറിപ്പോയി. ഇത്തരം സൂക്ഷ്മതയും ത്യാഗവും ആധുനിക നാഗരികതകളില്‍ എവിടെയും കാണുകയില്ല. ഇത്തരം സ്വഭാവ മൂല്യങ്ങളും ആത്മീയ ഔന്നിത്യങ്ങളും അവരുടെ ചിന്തയില്‍ പോലും ഉദിച്ച് കാണില്ല. എല്ലാവരും വയറ് നിറച്ച് കഴിക്കണം, എല്ലാവര്‍ക്കും പാര്‍പ്പിട സൗകര്യം ഉണ്ടാകണം, എല്ലാവരുടെയും ആഗ്രഹങ്ങളെ പരിഗണിക്കണം എന്നത് മാത്രമാണ് ആധുനിക നാഗരിക മേഖലകളുടെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍.
ഞങ്ങള്‍ വളരെ ആത്മാര്‍ത്ഥതയോടെയും വ്യക്തമായും പറയട്ടെ: ഞങ്ങളുടെ ലക്ഷ്യം മുകളില്‍ വിവരിച്ച പടച്ചവന്‍റെ മാര്‍ഗ്ഗത്തിലേക്ക് നാം എല്ലാവരെയും പരസ്പരം പ്രേരിപ്പിക്കലാണ്. പടച്ചവനില്‍ വിശ്വസിച്ചുകൊണ്ട് മാനവിക ഗുണങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ് ഞങ്ങളുടെ സന്ദേശം. ഇത് രാജ്യത്തോടുള്ള ഏറ്റവും വലിയ  സ്നേഹവും നിഷ്കളങ്ക സ്നേഹവുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും രാജ്യത്തിന് പുരോഗമന പരമായ ധാരാളം പദ്ധതികളും സ്ഥാപനങ്ങളും ആവശ്യമാണ്. അതൊന്നിനെയും ഞങ്ങള്‍ നിന്ദിക്കുന്നില്ല. കുറഞ്ഞ ചിലവില്‍ ഉത്തമം വിദ്യാഭ്യാസവും ചികിത്സകളും നല്‍കുന്ന പാഠശാലകളും ശുശ്രുഷ കേന്ദ്രങ്ങളും രാജ്യത്തിന്‍റെ വലിയ ആവശ്യങ്ങളാണ്. സത്യസന്ധമായ നീതിപീഠങ്ങളും ഉത്തമ വാര്‍ത്താ മാധ്യമങ്ങളും ശക്തമായ പ്രതിരോധ സൈന്യവും ഇതുപോലുള്ള കാര്യങ്ങളും രാജ്യത്തിന് ഒരിക്കലും ഒഴിച്ച് കൂടാന്‍ പറ്റാത്ത കാര്യങ്ങളാണ്. പക്ഷേ, അക്രമവും അന്ധതയും മറ്റുള്ളവരുടെ വയറ് കീറി സ്വന്തം വയറ് നിറയ്ക്കാനുള്ള ആര്‍ത്തിയും ഈ രാജ്യത്ത് പകര്‍ച്ചവ്യാധി പോലെ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇത് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ രാജ്യത്തിന്‍റെ അന്തസ്സും അഭിമാനവും പോകട്ടെ സ്വാതന്ത്ര്യം പോലും അര്‍ത്ഥമില്ലാത്തതായി തീരുന്നതാണ്. മേല്‍പ്പറയപ്പെട്ട സ്ഥാപനങ്ങളും സജ്ജീകരണങ്ങളും എല്ലാം രാജ്യത്തിന് ആവശ്യമാണ്. ഞങ്ങളും അതുമായി ബന്ധപ്പെട്ട എളിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണ്. പക്ഷേ, അതിനേക്കാളെല്ലാം രാജ്യത്തിന് ഏറ്റവും കൂടുതല്‍ ആവശ്യവും പ്രയോജനപ്രദവും മാനവികതയാണ്. മനുഷ്യത്വം ഉണ്ടെങ്കില്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ കൊണ്ടും ഗുണമുണ്ടാവുകയുള്ളൂ. ഈ ഒരു യാഥാര്‍ത്ഥ്യം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ വീടുകളില്‍ നിന്നും നിങ്ങളുടെ അരികിലേക്ക് വന്നിരിക്കുന്നത്. 
ഞങ്ങള്‍ വളരെ സ്പഷ്ടമായി ഒരു കാര്യം ഉറക്കെ പ്രഖ്യാപിക്കട്ടെ; ഞങ്ങള്‍ മുസ്ലിംകള്‍ ഈ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ വന്നവരല്ല. സമ്പന്നത നിറഞ്ഞ് നിന്നിരുന്ന നാടുകള്‍ വിട്ട് ഞങ്ങളിവിടെ വന്നത് ഇവിടുത്തെ സമ്പത്തിന്‍റെ ഓഹരിക്കുവേണ്ടിയല്ല. ഒരു സമുന്നത സന്ദേശവും മഹത്തായ സേവനവുമായി  വന്നവരാണ് ഞങ്ങള്‍. പടച്ചവന്‍റെ അടിമകളെ പടച്ചവന്‍റെ യഥാര്‍ത്ഥ അടിമകളാക്കാനാണ് ഞങ്ങള്‍ വന്നത്. സത്യത്തിന്‍റെയും സത്സ്വഭാവത്തിന്‍റെയും സന്ദേശവും കൊണ്ടാണ് ഞങ്ങളുടെ മുന്‍ഗാമികള്‍ ഇവിടെ വന്നത്. അവര്‍ ഈ രാജ്യത്തിന് പലതും കൊടുത്തിട്ടേയുള്ളൂ. ഒന്നും എടുത്തിട്ടില്ല. ഇവിടെ താമസിക്കാന്‍ വന്നവരാണവര്‍. ഇവിടെനിന്നും പോകാന്‍ വന്നവരല്ല. മനുഷ്യരെ അല്ലാഹുവിന്‍റെ യഥാര്‍ത്ഥ അടിമകളാക്കാനും മനുഷ്യനെ ആത്മാര്‍ത്ഥമായി സ്നേഹിക്കാനും പ്രസ്തുത സ്നേഹം പരത്താനും പ്രപഞ്ചമഖിലത്തെയും സൃഷ്ടിച്ച് രക്ഷിച്ച് പരിപാലിച്ച് കൊണ്ടിരിക്കുന്ന ഏകനായ അല്ലാഹുവിലേക്ക് ക്ഷണിക്കാനുമാണ് അവരിവിടെ വന്നത്. ലോകത്തുനിന്നും ഒന്നും വാങ്ങാതെ മുഴുവന്‍ ലോകത്തിനും വേണ്ടി അവര്‍ സേവനം ചെയ്തു. സത്യത്തിന്‍റെ പവിഴമുത്തുകള്‍ കൊണ്ട് മാനവകുലത്തിന്‍റെ അക്ഷയപാത്രം നിറച്ച അവര്‍ സ്വന്തം കൈകള്‍ കാലിയാക്കി. സ്വന്തം മക്കളെക്കുറിച്ച് ചിന്തിക്കാതെ കുടുംബ ഭാഗത്തുനിന്നും കണ്ണുകള്‍ അടര്‍ത്തി ഉദരങ്ങളില്‍ കല്ലുകള്‍ വെച്ചുകെട്ടി മാനവരെ സേവിച്ചു. സുഖ-സുഷുപ്തികള്‍ കൊടുത്ത് ദുഃഖ-ദുരിതങ്ങള്‍ ഏറ്റുവാങ്ങി. കിട്ടിയതെല്ലാം പട്ടിണിപ്പാവങ്ങള്‍ക്ക് വീതിച്ചു. സേവകര്‍ക്കും ജോലിക്കാര്‍ക്കും കൈനിറയെകൊടുത്ത അവര്‍ സ്വന്തം മക്കളെ ത്യാഗം പരിശീലിപ്പിച്ചു. ഒരിക്കല്‍ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം പായയില്‍ കിടക്കുകയായിരുന്നു. ശരീരത്തില്‍ പാടുകള്‍ പതിഞ്ഞിരുന്നു. ഉമര്‍ (റ) ഇതുകണ്ടപ്പോള്‍ പറഞ്ഞു; ഹാ കഷ്ടം അല്ലാഹുവിന്‍റെ ദൂതരായ അങ്ങ് ഈ ദുരിതത്തിലും മാനവരക്തം ഊറ്റിക്കുടിക്കുന്ന അക്രമികള്‍ മാര്‍ദ്ദവമായ വിരിപ്പുകളിലുമാണോ കിടക്കുന്നത് ! തിരുമേനി (സ്വ) അരുളി; "ഉമര്‍, യഥാര്‍ത്ഥ ജീവിതം പരലോകത്തിലെ ജീവിതമാണ്! 
മുസ്ലിംകളോട് അല്പം കടുത്ത വാക്ക് പറയുകയാണ്. ഉപരിസൂചിത കാര്യങ്ങളെല്ലാം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നാം നമ്മുടെ യഥാര്‍ത്ഥ വഴിയായ മാനവിക സല്‍സ്വഭാവങ്ങളെ ഉപേക്ഷിച്ച്  മൃഗങ്ങളുടെ മേഖലകളിലേക്ക് താഴ്ന്നിരിക്കുന്നു. നമ്മുടെ കര്‍മ്മരീതികളും സ്വഭാവ സമ്പര്‍ക്കങ്ങളും ഇസ്ലാമിന്‍റെ പേര് ദുഷി പ്പിക്കുന്നു. നാം ലോകത്തിന് ജീവിച്ച് കാണിച്ചുകൊടുക്കുന്ന ഇസ്ലാമിന്‍റെ ചിത്രം അങ്ങേയറ്റം വികലമാണ്. നമ്മുടെ ജീവിത രീതിയില്‍ എന്ത് ആകര്‍ഷണീയതയാണ് ഇന്നുളളത്. ഒരിക്കല്‍ നാം ഒരു വഴിയിലൂടെ കടന്നുപോയാല്‍ വസന്തം പരിമളം പരത്തുന്നതുപോലെ വഴിയാകെ സുഗന്ധം വിതറിയിരുന്നു. ഞങ്ങളുടെ നാട്ടില്‍ എല്ലാമുണ്ടെങ്കിലും ജനജീവിതം ശരിയാക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും മുസ്ലിംകളില്ല എന്ന് പരിഭവം ഉയര്‍ന്നിരുന്നു. വിദഗ്ധരായ വൈദ്യന്‍മാരെയും നിര്‍മ്മാതാക്കളെയും ഏതെങ്കിലും നാട്ടില്‍നിന്നും പുറത്താക്കിയതായി ഇന്നുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. പശ്ചിപഞ്ചാബില്‍ കൊല്ലന്‍മാരെ ആവശ്യമായി വന്നപ്പോള്‍ തെരഞ്ഞുപിടിച്ച് അവരെ അവിടെ താമസിപ്പിച്ചു. നാം നമ്മുടെ സ്വഭാവ രീതികളുടെ ഗൗരവം ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ നമ്മെ ഈ രാജ്യത്തിന്‍റെ നിധികളായി സൂക്ഷിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ നിര്‍ബന്ധിതരാകും. പാലില്‍ വെള്ളമൊഴിക്കാത്ത പാല്‍ക്കാരനെയും തുന്നാനുള്ള തുണി മോഷ്ടിക്കാത്ത തയ്യല്‍ക്കാരനെയും ദിവസം മുഴുവന്‍ കൃത്യമായി തൊഴിലെടുക്കുന്ന തൊഴിലാളിയെയും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെയും വിട്ടുപിരിയാന്‍ ഈ രാജ്യം ആഗ്രഹിക്കുമോ. 
പ്രിയപ്പെട്ട രാജ്യ നിവാസികളെ നാമെല്ലാവരും ഒരു നാട്ടുകാരും ഒരു കപ്പലിലെ യാത്രക്കാരുമാണ്. ഞങ്ങള്‍ക്ക് നിങ്ങളോട് ഹൃദയംഗമായ സ്നേഹമുണ്ട്. നാം മുഴുവന്‍ പേരുടെയും ഭാവി പരസ്പരം ബന്ധപ്പെട്ടതാണ്. നിങ്ങളുടെ സുഖം ഞങ്ങളുടെ സുഖവും ദു:ഖം ഞങ്ങളുടെ ദു:ഖവുമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ഏതെങ്കിലും പ്രത്യേക രാജ്യത്തെ മാത്രം അനുഗ്രഹിക്കാന്‍ വന്നവരല്ല. സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യമായി നിയോഗിക്കപ്പെട്ട അന്ത്യപ്രവാചകന്‍ പ്രസ്താവിച്ചു: പടച്ചവന്‍ നിങ്ങള്‍ക്കിടയിലുള്ള വംശീയ അഹങ്കാരങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. ഞാനും അതിനെ എന്‍റെ കാലുകള്‍ കൊണ്ട് ചവിട്ടി മെതിക്കുകയാണ്. ഒരു അറബിയ്ക്കും അനറബിയേക്കാളോ അനറബിയ്ക്ക് അറബിയെക്കാളോ ഒരു മഹത്വവുമില്ല. ഭയഭക്തി മാത്രമാണ് മഹത്വങ്ങളുടെ അടിസ്ഥാനം. എല്ലാവരും ആദം സന്തതികളാണ്. ആദം മണ്ണില്‍ നിന്നാണ് പടയ്ക്കപ്പെട്ടത്!
നാമെല്ലാവരും ഈ മഹാരാജ്യമാകുന്ന കപ്പലിലെ യാത്രികരാണ്. കുറച്ച് ആളുകള്‍ മുകളിലെ തട്ടിലും മറ്റുള്ളവര്‍ താഴ്ത്തട്ടിലുമായി എന്ന് മാത്രം. ഇവിടെ താഴ്ത്തട്ടിലുള്ള ആരെങ്കിലും കപ്പലില്‍ ത്വാരം ഉണ്ടാക്കിയാല്‍ അവരും എല്ലാവരും മുങ്ങിമരിക്കുന്നതാണ്. എന്നാല്‍ ആരെങ്കിലും കൈ പിടിച്ച് തടഞ്ഞാല്‍ അവരും മറ്റുള്ളവരും രക്ഷപ്പെടും! ഇന്ന് നമ്മുടെ രാജ്യത്ത് നമ്മുടെ തന്നെ ചില സഹോദരങ്ങള്‍ ഈ കപ്പലില്‍ ത്വാരം ഇട്ട് കൊണ്ടിരിക്കുകയാണ്. ഇതിനെ തിരുത്താനും തടയാനും നാം ചിന്തിക്കുകയും മുന്നിട്ട് ഇറങ്ങുകയും ചെയ്തില്ലെങ്കില്‍ എല്ലാവരും സമുദ്രത്തില്‍ മുങ്ങിമരിക്കുന്നതാണ്. സമുദ്രം ഏതെങ്കിലും സംസ്കാരത്തിനും സമുദായത്തിനും പ്രത്യേക പരിഗണനയൊന്നും നല്‍കുന്നതല്ല. 
പടച്ചവന്‍ നമുക്ക് വിവരവും വിവേകവും നല്‍കട്ടെ. നമ്മുടെ മനസ്സുകളെ പ്രകാശിപ്പിക്കട്ടെ. മാനവ ദു:ഖം നമുക്ക് നല്‍കട്ടെ. നമ്മുടെ പ്രിയങ്കരമായ ഈ രാജ്യത്തോട് നമുക്ക് വലിയൊരു കടമയുണ്ട്. ഈ രാജ്യം നമ്മുടെ മുന്‍ഗാമികള്‍ ചോരയും നീരും ഒഴിക്കി നിര്‍മ്മിച്ചതാണ്. നാം പ്രവാചകന്മാരുടെ പാത സ്വീകരിക്കുക. ഈ രാജ്യത്തെ മാതൃകാപരമായ രാജ്യമായി ഉയര്‍ത്താന്‍ പരിശ്രമിക്കുക. അടിയുറച്ച വിശ്വാസം, സമുന്നത സ്വഭാവം, മാനവ ഗുണകാംഷ എന്നീ ഗുണങ്ങള്‍ ഇവിടെ പരക്കട്ടെ. ഇതിന് ശക്തമായ ഒരു  ചുവട് വെയ്പ്പ് അത്യാവശ്യമാണ്. ആരെയും കാത്ത് നില്‍ക്കാതെ നാം മന:ക്കരുത്തോടെ കാലെടുത്ത് വെക്കുക. എന്‍റെ വേദനകള്‍ നിങ്ങളോട് വിളിച്ച് പറഞ്ഞപ്പോള്‍ എന്‍റെ മനസ്സിന് അല്‍പ്പം ആശ്വാസം ലഭിച്ചതായി എനിയ്ക്ക് മനസ്സിലാകുന്നു. നിങ്ങളും ഈ വികാരങ്ങള്‍ അല്‍പ്പമെങ്കിലും ഏറ്റടുക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. കാരണം ഇത് ഒരാളെക്കൊണ്ടോ ചെറിയ ഒരു വിഭാഗത്തെക്കൊണ്ടോ നടക്കുന്ന കാര്യമല്ല. ആകയാല്‍ നാമെല്ലാവരും ഈ വിഷയത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും പ്രചരിപ്പിക്കാനും തീരുമാനം എടുക്കുക. 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...