Saturday, August 15, 2020

സ്വതന്ത്ര്യദിന സന്ദേശം -ഹാഫിസ് പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി


 

സ്വതന്ത്ര്യദിന സന്ദേശം

-ഹാഫിസ് പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

(സംസ്ഥാന പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 

അവിഭക്ത ഭാരതത്തിലേക്ക് ഇംഗ്ലീഷുകാര്‍ ഇദംപ്രഥമമായി കടന്ന്  വന്നത്  ക്രിസ്താബ്ദം 1498-ലായിരുന്നു. കച്ചവടാവശ്യര്‍ത്ഥം എന്ന ഓമനപ്പേരിലായിരുന്നു  കോഴിക്കോട് കടപ്പുറത്ത് അവര്‍ കപ്പലിറങ്ങിയത്. കച്ചവടത്തിന്‍റെ പേരില്‍ ഓരോ പ്രദേശത്തും അവര്‍ പാദമുറപ്പിക്കുകയും അവരുടെ കൈപ്പിടിയില്‍ അമരുന്ന പ്രദേശങ്ങളിലെ ജനതയെ മതപരിവര്‍ത്തനത്തിലൂടെ ക്രിസ്തുമതത്തിന്‍റെ അനുയായികളാക്കിത്തീര്‍ക്കുകയും ചെയ്തു. 1601-ല്‍ ബ്രിട്ടണില്‍ നിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരില്‍ 101 പേരടങ്ങുന്ന ഒരു കച്ചവടസംഘം ഇന്ത്യയിലെത്തി ഇന്ത്യ-ബ്രിട്ടീഷ് വ്യാപാരബന്ധത്തിന്‍റെ മറപിടിച്ച് കേവലം ഒരു നൂറ്റാണ്ട് കൊണ്ട് ഇന്ത്യയിലെ ചെറുപ്രദേശങ്ങളെല്ലാം  അവര്‍ കൈയടക്കുകയും ഇന്ത്യന്‍ ജനതയെ അടിമത്വത്തിന്‍റെ ചങ്ങലയില്‍ ബന്ധിച്ചിടുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇന്ത്യയുടെ സമ്പത്ത് കൊളളയടിക്കുന്നതിലും ഇന്ത്യന്‍ ജനതയുടെ നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിലും ഇന്ത്യയില്‍ നിലനിന്നിരുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തെറിഞ്ഞ് ക്രൈസ്തവ  മതത്തിന് മേല്‍ക്കോയ്മ നേടിയെടുക്കുന്നതിലുമായിരുന്നു ബ്രിട്ടീഷുകാരുടെ ശ്രദ്ധ. വെളളം തലക്കു മുകളില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ ജനതയ്ക്ക് ബ്രിട്ടീഷുകാരന്‍റെ കരുനീക്കങ്ങള്‍ ബോദ്ധ്യപ്പെട്ടത്. 

മുഗള്‍ചക്രവര്‍ത്തിമാരില്‍ തങ്കലിപികളാല്‍ ചരിത്രം രേഖപ്പെടുത്തിയ മാതൃകാ ഭരണാധികാരി മഹാനായ  ഔറംഗസീബ് ആലംഗീര്‍ (റഹ്) 1707-ല്‍ വഫാത്താകുകയുണ്ടായി. ശേഷം ഒന്നര നൂറ്റാണ്ട്  കാലം മുഗള്‍ രാജാക്കന്മാര്‍ ഭരണത്തിന്‍റെ തലപ്പത്ത് നിലിന്നിരുന്നു എന്നത് വസ്തുതയാണെങ്കിലുംബ്രിട്ടീഷ് മേല്‍ക്കോയ്മയെ പ്രതിരോധിക്കാന്‍ അവരാല്‍ സാദ്ധ്യമായില്ല എന്നതാണ് വസ്തുത. 1702-ല്‍ ജനിച്ച് 1762-ല്‍ വഫാത്തായ മഹാനായ മുഹദ്ദിസ് ശാഹ് വലിയുല്ലാഹ്  ദഹ് ലവി (റഹ്)യും തന്‍റെ പ്രിയപ്പെട്ട മകന്‍ ശാഹ് അബ്ദുല്‍ അസീസ് ദഹ് ലവി (റഹ്) യും ബ്രിട്ടീഷുകാരന്‍റെ കുത്സിത ശ്രമങ്ങള്‍ മണത്തറിയുകയും അതിനെതിരില്‍ മുസ്ലിം സമുദായത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തു. 1764 -ല്‍ അബ്ദുല്‍ അസീസ് ദഹ് ലവി (റഹ്) നടത്തിയ ധീരമായ പ്രഖ്യാപനം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: വിദേശികളായ ക്രൈസ്തവരുടെ അധികാരം ഇവിടെ നിര്‍വിഘ്നം  നടക്കുകയാണ്. ഭരണകൂടത്തിന്‍റെ മിക്ക മേഖലകളും അവര്‍ കൈയടക്കിയിരിക്കുന്നു. ഇന്ത്യക്കാര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. എല്ലാത്തിന്‍റെയും ആധാരമായ സ്വാതന്ത്ര്യം ചതച്ചരയ്ക്കപ്പെട്ടു. കളവും കൊളളയും നിര്‍ബാധം നടക്കുന്നു. ഓരോ മുസ്ലിമും ഓരോ ഭാരതീയനും സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ബ്രിട്ടീഷുകാരന് എല്ലാ അര്‍ത്ഥത്തിലും പേടി സ്വപ്നമായിരുന്ന ഹസ്രത് ടിപ്പു സുല്‍ത്താന്‍ ശഹീദ് (റ), ബ്രിട്ടീഷ് അധികാരികളുടെ മുമ്പില്‍ ഒരിക്കലും മുട്ടുമടക്കിയിട്ടില്ലാത്ത മലബാറിന്‍റെ വീരപുത്രന്‍ ഉമര്‍ഖാസി തങ്ങള്‍ (റ) തുടങ്ങിയ ഇന്ത്യയുടെ നാനാഭാഗത്തും ജീവിച്ചിരുന്ന ഉലമാക്കളുടെയും ഭരണകര്‍ത്താക്കളുടെയും സൂഫിവര്യന്മാരുടെയും ത്യാഗത്തിന്‍റെ ഇതിഹാസങ്ങള്‍ രചിച്ച പോരാട്ടങ്ങളാണ്  അന്തിമമായി ഇന്ത്യയ്ക്ക് സ്വതന്ത്ര്യം നേടിത്തന്നത്. ഉലമാ മഹത്തുക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യം തന്നെ സ്വപ്നം കാണുക ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. 

1857-ല്‍ അരങ്ങേറിയ ഒന്നാം സ്വാതന്ത്ര്യ സമരം പരാജയത്തിലാണ് കലാശിച്ചത്. മുസ്ലിം സമുദായവും ഉലമാമഹത്തുക്കളും അതിന് വലിയ വിലയാണ് നല്‍കേണ്ടി വന്നത്. രണ്ട് ലക്ഷത്തില്‍പ്പരം മുസ്ലിംകള്‍ ഈ സന്ദര്‍ഭത്തില്‍ രക്തസാക്ഷികളായിത്തീര്‍ന്നു. അവരില്‍ അന്‍പതിനായിരത്തില്‍പ്പരം പേര്‍ ഉലമാ മഹത്തുക്കളായിരുന്നു. മൂന്ന് ലക്ഷം ഖുര്‍ആന്‍ ശരീഫിന്‍റെ പ്രതികള്‍ അവര്‍ ഈ സന്ദര്‍ഭത്തില്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇംഗ്ലീഷ് ചരിത്രകാരന്‍ ഡോക്ടര്‍ തോംസണ്‍ എഴുതുന്നു: 1864  മുതല്‍ 1867 വരെയുളള മൂന്ന് വര്‍ഷക്കാലം ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഭീതി നിറഞ്ഞ വര്‍ഷങ്ങളായിരുന്നു. ഡല്‍ഹിയിലെ  ചാന്ദ്നിചൗക്ക് മുതല്‍ വഴിയോരങ്ങളിലെ ഓരോ വൃക്ഷങ്ങളിലും ഉലമാക്കളുടെ ജനാസ കെട്ടിത്തൂക്കിയിടപ്പെട്ടിരുന്നു. തോംസണ്‍ തുടര്‍ന്നെഴുതുന്നു: ഒരു ദിവസം ഡല്‍ഹിയിലെ എന്‍റെ ക്യാമ്പില്‍ ഞാന്‍ എത്തിയപ്പോള്‍ മനുഷ്യശരീരം കത്തിക്കരിയുന്ന ദുര്‍ഗന്ധം അനുഭവപ്പെട്ടു. ക്യാമ്പിന്‍റെ പിന്‍ഭാഗത്ത് തീ ആളിക്കത്തുന്ന കാഴ്ചയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. മുസ്ലിം പണ്ഡിതരില്‍ നാല്‍പ്പത് പേരെ വിവസ്ത്രരാക്കി അതിലേക്ക്  എടുത്തെറിയപ്പെട്ടിരിക്കുന്നു. അവര്‍ അതില്‍ക്കിടന്ന് വെന്തുമരിക്കുന്ന കാഴ്ച തികച്ചും ഹൃദയഭേദകമായിരുന്നു. കരളലയിപ്പിക്കുന്ന ഈ കാഴ്ച കണ്ട് കൊണ്ടിരിക്കുന്നതിനിടയില്‍ -ഒരു മനുഷ്യന്‍  എന്ന നിലയില്‍ എന്നെ നടുക്കുന്ന അതിഭീകരമായ  ഒരു കാഴ്ചയാണ് എനിക്ക്  കാണേണ്ടി വന്നത്.- ആളി കത്തുന്ന ആ തീയ്ക്ക് സമീപം വീണ്ടും  നാല്‍പ്പത് മുസ്ലിം പണ്ഡിതരെ ഹാജരാക്കപ്പെട്ടിരിക്കുന്നു. വിവസ്ത്രരാക്കപ്പെട്ടതിന് ശേഷം അവരോട്  പറയപ്പെടുന്നു: മൗലവിമാരേ, നിങ്ങള്‍ക്കു മുമ്പ് ഇവിടെ ഹാജരാക്കപ്പെട്ട നാല്‍പ്പത് പേരും ജീവനോടെ അഗ്നിച്ചിറകുകള്‍ ഏറ്റ് വാങ്ങിയ അതേ ദുരന്തമാണ് നിങ്ങളെയും കാത്തിരിക്കുന്നത്. 1857-ലെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല എന്ന്  കേവലം നിങ്ങളുടെ നാവ് കൊണ്ട് നിങ്ങള്‍ പറയാന്‍ മാത്രം സന്നദ്ധരായാല്‍ പാരിതോഷികങ്ങള്‍ നല്‍കി നിങ്ങളെ മോചിപ്പിക്കപ്പെടുന്നതാണ്. തോംസണ്‍ എഴുതുന്നു: ദൈവത്തില്‍ സത്യം, അവരില്‍ ഒരു പണ്ഡിതന്‍ പോലും അതിന് സന്നദ്ധത പ്രകടിപ്പിച്ചില്ല. എല്ലാവരും അഗ്നിക്കിരയായി മരണത്തെ ഏറ്റ് വാങ്ങുകയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരത്തിന്‍റെ ബലിപീഠത്തില്‍ ത്യാഗത്തിന്‍റെ  ഇതിഹാസങ്ങള്‍ രചിച്ച ആ പണ്ഡിത പരമ്പരയിലെ തിളങ്ങുന്ന താരങ്ങളാണ് ദാറുല്‍ ഉലും ദയൂബന്ദ്, മുസ്ലിം ഉമ്മത്തിന് സംഭാവന ചെയ്ത ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ സ്ഥാപകരും സാരഥികളുമായ ശൈഖുല്‍ ഹിന്ദ് മൗലാനാ  മഹ് മൂദുല്‍ ഹസന്‍ ദേവ്ബന്ദി (റ), ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി (റ), മൗലാനാ അബ്ദുല്‍ കലാം ആസാദ് (റ) തുടങ്ങിയ വിലായത്തിന്‍റെ മഖാമിലെത്തിയ സൂഫിവര്യന്മാരായ ഉലമാ മഹത്തുക്കള്‍.! 

അവരുടെ ത്യാഗവും സമരവും പോരാട്ടവും സഹനവും എല്ലാമെല്ലാം ഉടമസ്ഥനായ അല്ലാഹുവിന്‍റെ സഹായത്തില്‍ വിശ്വാസവും പ്രതീക്ഷയുമര്‍പ്പിച്ചും മാത്രമായിരുന്നു എന്ന് അവരുടെ ജീവിതയാത്രയിലെ ത്യാഗനിരതമായ നിമിഷങ്ങള്‍ മാത്രമല്ല, തടവറകളില്‍ നിന്ന് അവര്‍ എഴുതിയ കത്തുകള്‍ പോലും നമുക്ക് മനസ്സിലാക്കിത്തരുന്നു.

1921-ല്‍ തടവറയില്‍ നിന്ന് ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി (റ) എഴുതിയ ഒരു കത്ത് മാതൃകയ്ക്കായി ഇവിടെ പകര്‍ത്താം: ശൈഖുല്‍ ഇസ്ലാം എഴുതി:

പ്രിയ സ്നേഹിതരേ, നാം കേവലം ഉറുമ്പുകളാണ്, ആനകളെയാണ് നാം നേരിടുന്നത്. നാം അബാബീലുകളാണ്, നമുക്ക് മുന്നില്‍ അബ്റഹത്തിന്‍റെ  സൈന്യമാണ്. നമുക്ക് ഒരു നിലയിലുളള  ശക്തിയുമില്ല. പക്ഷേ, നമ്മുടെ ഉടമസ്ഥനും സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന് സര്‍വ്വശക്തികളുമുണ്ട്. അവരെ സൃഷ്ടിച്ച അല്ലാഹു അവരെക്കാള്‍ അതിശക്തനാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ലേ.? (ഹാമിം സജദ-15).  ശ്വാസവും കണ്ണുനീരും പുലര്‍ക്കാല പ്രാര്‍ത്ഥനകളും വളരെ വിലപ്പെട്ടതാണ്. അല്ലാഹുവില്‍ സത്യം.! അവ ഓരോന്നും മെഷീന്‍ ഗണ്ണുകള്‍, പീരങ്കികള്‍, വിമാനങ്ങള്‍, വന്‍ സൈന്യങ്ങള്‍ ഇവകളെക്കാളെല്ലാം വളരെ ശക്തി നിറഞ്ഞതാണ്. പ്രിയ സുഹൃത്തുക്കളേ, അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് മുന്നേറുക. അക്രമികളുടെ അക്രമം ഇല്ലാതാക്കാന്‍ പരിശ്രമിക്കുക. ഐക്യവും യോജിപ്പും സഹകരണവും മുറുകെ പിടിച്ച് മുന്നേറുക. അല്ലാഹു സഹായിക്കും. 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്ര ശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ആചാര്യവിനോഭാവ ഗുരുശങ്കരാചാര്യ, ഡോക്ടര്‍ അംബേദ്കര്‍ തുടങ്ങിയ ലോകപ്രശസ്തരായ നേതാക്കളെയും അസംഖ്യം സ്വാതന്ത്ര്യ സമരസേനാനികളെയും സ്വാതന്ത്ര്യത്തിന്‍റെ പൊന്‍ പുലരിയില്‍ നാം കൃതജ്ഞതാപുരസ്സരം അനുസ്മരിക്കേണ്ടതാണ്. 

കോവിഡ്-19 മഹാമാരിയുടെയും, കരിപ്പൂര്‍ വിമാനദുരന്തത്തിന്‍റെയും, ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തിന്‍റയും പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് പകരം സ്വതന്ത്ര്യദിന അനുസ്മരണമാക്കിത്തീര്‍ക്കാന്‍ സ്വാതന്ത്ര്യസമരത്തില്‍ ത്യാഗത്തിന്‍റെ ഇതിഹാസങ്ങള്‍ രചിച്ച ദേശീയ സംഘടന, ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അതിന്‍റെ കേരള സംസ്ഥാന സമിതി തീരുമാനമെടുത്തിരിക്കുന്നു. 

ഇത്തരുണത്തില്‍ നാം ഏവര്‍ക്കും പടച്ച തമ്പുരാനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം: പടച്ചവനേ, ഈ മഹാമാരിയില്‍ നിന്നും ഞങ്ങളെ നീ കാത്തു രക്ഷിക്കണമേ.! ഇതില്‍ അകപ്പെട്ടവര്‍ക്ക് ശമനം നല്‍കേണമേ.! ഇതിനുവേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന എല്ലാവര്‍ക്കും വിശിഷ്യാ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ നന്മകളും കനിയേണമേ.! ഞങ്ങളുടെ രാജ്യത്തും രാജ്യ നിവാസികള്‍ക്കും ശാന്തിയും സമാധാനവും ഐക്യവും നല്‍കേണമേ.! ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് സേവന സഹായങ്ങള്‍ ചെയ്ത എല്ലാവരെയും അനുഗ്രഹിക്കേണമേ.! വിശിഷ്യാ, ജംഇയ്യത്ത്  ഉലമാ ഏ ഹിന്ദിന് വര്‍ഷങ്ങളോളം നേതൃത്വം നല്‍കിയ മൗലാനാ ഹുസൈന്‍ മസാഹിരി കാഞ്ഞാര്‍ മര്‍ഹൂമിനും, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഉപാധ്യക്ഷനായി പ്രവര്‍ത്തിക്കുകയും ദാറുല്‍ ഉലൂം എന്ന ഈ സ്ഥാപനത്തിന്  തുടക്കം കുറിക്കുകയും ചെയ്ത ഡോക്ടര്‍ അഹ് മദ് കുഞ്ഞ് സാഹിബ് മര്‍ഹൂമിനും സമുന്നതമായ മര്‍ഹമത്ത്-മഗ്ഫിറത്ത് പ്രദാനം ചെയ്യേണമേ.! 

സ്വതന്ത്ര്യം എല്ലാ അര്‍ത്ഥത്തിലും അനുഗ്രഹമാണ്. വര്‍ഗ്ഗീയത, അഴിമതി, അനീതി, അസമത്വം, സ്വജന പക്ഷപാതം, ദാരിദ്ര്യം എന്നിവയില്‍ നിന്നെല്ലാമുള്ള മോചനമാണ് അതിന്‍റെ പ്രഖ്യാപിത ലക്ഷ്യം. സ്വാതന്ത്ര്യം നേടിത്തന്ന സ്വതന്ത്ര്യ സമരസേനാനികളെല്ലാവരോടും ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നു. എല്ലവരെയും നമുക്ക് കൃതജ്ഞതയോടെ അനുസ്മരിക്കാം. എല്ലാവരുടേയും സമക്ഷത്തില്‍ സ്വതന്ത്ര്യത്തിന്‍റെ ഒരായിരം മുല്ലമൊട്ടുകള്‍ സമര്‍പ്പിക്കുന്നു.

130 കോടിയില്‍പ്പരം വരുന്ന ഓരോ ഭാരതീയനും മുന്‍പില്‍ നിന്ന് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ ദേശീയ സംഘടന ജംഇയ്യത്ത് ഉലമാ-എ-ഹിന്ദിന്‍റെ സ്വാതന്ത്ര്യദിന ആശംസകള്‍.! ജയ്ഹിന്ദ്.!


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...