നാം എന്ത് ചെയ്യണം?
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
1992 ഡിസംബര്‍ ആറിന് അതിഭയങ്കരമായ ഗൂഢാലോചനകളുടെയും അക്രമ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ ബോംബെയില്‍ ഭയാനകമായ വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നു. ഇതിനോട് അനുബന്ധിച്ച് മൗലാന നദ് വി ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ ആദരണീയ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ നടത്തിയ അങ്ങേയറ്റം പഠനാര്‍ഹവും ചിന്തനീയവുമായ പ്രഭാഷണത്തിന്‍റെ സംഗ്രഹ വിവര്‍ത്തനമാണിത്. എല്ലാ സഹോദരങ്ങളും ഇതിനെ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
ബഹുമാന്യരെ, നമ്മുടെ രാജ്യത്ത് നടക്കുന്ന മൃഗീയവും പൈശാചികവുമായ വര്‍ഗ്ഗീയ കലാപങ്ങളുടെ ഈ സാഹചര്യത്തില്‍ എനിയ്ക്ക് നിങ്ങള്‍ക്ക് മുമ്പാകെ എന്തെങ്കിലും പ്രഭാഷണം നടത്താന്‍ വലിയ പ്രയാസമുണ്ട്. എന്നാല്‍ സമയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് നിങ്ങളോട് എന്തെങ്കിലും സംസാരിക്കണമെന്ന് ആദരണീയ ഗുരുനാഥന്മാര്‍ എന്നെ പ്രേരിപ്പിച്ചതിനാല്‍ ചില കാര്യങ്ങള്‍ വളരെ ദു:ഖത്തോടെ വിവരിക്കുകയാണ്. ഒരു പക്ഷേ, ഇത് നിങ്ങളുടെ ഭാവികാല പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും പ്രേരകവും ആകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
വളരെയധികം ദു:ഖകരമായ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയുടെ വിവിധ പട്ടണങ്ങളില്‍ നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ വളരെയധികം വേദനാജനകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഉറക്കം വരാതെ ഇതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു. പ്രിയപ്പെട്ട മൗലാന മുഹമ്മദ് റാബിഅ് നദ്വി ബോംബയിലും മറ്റും നിരന്തരം ബന്ധപ്പെടുകയും അവിടുത്തെ വാര്‍ത്തകള്‍ അറിയിച്ച് തരികയും ചെയ്തിരുന്നു. പകലില്‍ ഞങ്ങളെക്കൊണ്ട് കഴിയുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പ്രത്യേകിച്ചും പ്രധാനമന്ത്രിയെ കണ്ട് ഈ വിഷയത്തില്‍ വിശദമായി സംസാരിക്കുകയുണ്ടായി. പക്ഷേ, ഇത് എത്ര ഫലപ്പെടുമെന്ന് അറിയില്ല. കോണ്‍ഗ്രസ്സിന് രണ്ട് ചരിത്രമാണുള്ളത്. അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളെയും ഐക്യപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നു. എന്നാല്‍ അധികാരം ലഭിച്ചതിന് ശേഷം അവര്‍ക്ക് അതിന് സാധിച്ചില്ല. അതിന്‍റെ നഷ്ടം അവരും രാജ്യവും ഇപ്പോള്‍ അനുഭവിക്കുകയാണ്.
എന്താണെങ്കിലും വളരെയധികം അപകടകരവും നാശകരവുമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഇത് മുസ്ലിം സമുദായത്തെ അക്രമിക്കാനും ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള ഒരു നീക്കമാണെന്ന് അവര്‍ വിചാരിക്കുന്നു. ഇത് മറ്റ് പലര്‍ക്കും അവര്‍ പകര്‍ന്ന് കൊടുക്കുകയും ചെയ്തിരിക്കുന്നു. ഇതിന്‍റെ ഫലമായി മുസ്ലിംകളും അന്യതാ ബോധം അനുഭവിക്കുകയും പലപ്പോഴും നിരാശപ്പെടുകയും ചിലരൊക്കെ തെറ്റായ ശൈലികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ആദ്യമായി മനസ്സിലാക്കേണ്ട കാര്യം അക്രമങ്ങള്‍ ഒരിക്കലും വിജയിക്കുകയില്ലാ എന്നുള്ളതാണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ അക്രമങ്ങള്‍ മലവെള്ളപ്പാച്ചിലിലെ ചണ്ടികളിലൂടെ ഉത്ഭവിക്കുന്ന പതയും നുരയും മാത്രമാണ്. അതിന് സ്ഥിരത ഉണ്ടാകുന്നതല്ല. അല്‍പ്പം സമയം കഴിയുമ്പോള്‍ അത് ഇല്ലാതായിപ്പോകുന്നതാണ്. പ്രയോജനപ്രദമായ കാര്യം മാത്രം നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ നമ്മള്‍ പ്രയോജനമുള്ളവരാകാന്‍ പ്രത്യേകം പരിശ്രമിക്കേണ്ടതാണ്. ഈ പരിശ്രമം രണ്ട് രീതിയിലാണ്. 1. ബാഹ്യവും ഭൗതികവുമായ പരിശ്രമങ്ങള്‍. തീര്‍ച്ചയായും അതിനെ നാം വിലമതിക്കേണ്ടതാണ്. വിനീതന് ഈ വിഷയത്തില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യുകയും ഇത് ചെയ്യുന്നവരെ വില മതിക്കുകയും അവരോട് ഗുണകാംഷ പുലര്‍ത്തുകയും അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളും ഇപ്രകാരം പ്രവര്‍ത്തിക്കണമെന്നും ഇനി ഈ മാര്‍ഗ്ഗം സ്വീകരിക്കുകയാണെങ്കില്‍ സൂക്ഷ്മതയോടെ ഇതില്‍ മുന്നോട്ട് നീങ്ങണമെന്നും പ്രത്യേകം ഉപദേശിക്കുകയാണ്. 2. പ്രബോധനപരവും സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. നമ്മുടെ ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം ഇതായതിനാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങളെ ഉണര്‍ത്തുകയാണ്.
ഒന്നാമതായി നാം ചെയ്യേണ്ട കാര്യം, ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ പരിശ്രമിക്കലാണ്. അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് പോലെ നമുക്ക് പരിചയപ്പെടുത്താന്‍ സാധിച്ചിട്ടില്ലാ എന്നുള്ളത് വലിയൊരു യാഥാര്‍ത്ഥ്യമാണ്. തല്‍ഫലമായി ഇസ്ലാമിനെക്കുറിച്ച് ശത്രുക്കളോ വിവരമില്ലാത്തവരോ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് പലരുടെയും മനസ്സില്‍ ശക്തി പ്രാപിച്ചിരിക്കുന്നത്. ജീവിതത്തിന്‍റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ വിഷയത്തില്‍ ധാരാളം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. വിനീതന്‍ ഒരിക്കല്‍ തബ്ലീഗ് പ്രവര്‍ത്തകരോടൊപ്പം യാത്രയിലായിരുന്നു. അസ്റിന്‍റെ സമയം ആയപ്പോള്‍ ഞങ്ങള്‍ ട്രൈയിനില്‍ ചെറുതായി ബാങ്ക് കൊടുത്ത് രണ്ട് റക്അത്ത് നമസ്ക്കരിച്ചു. നമസ്ക്കാരം കഴിഞ്ഞപ്പോള്‍ എന്‍റെ അരികില്‍ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു: മൗലാനാ നമസ്ക്കാരത്തിന് മുന്നുള്ള ബാങ്കിലും നമസ്ക്കാരത്തിന്‍റെ മുഴുവന്‍ ഘട്ടങ്ങളിലും അക്ബര്‍ ചക്രവര്‍ത്തിയാണ് അല്ലാഹു എന്ന് നിങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നത് എന്തിനാണ്? ഇത് നാം ചിന്തിക്കേണ്ട വലിയൊരു വിഷയമാണ്. യഥാര്‍ത്ഥത്തില്‍ ഈ തെറ്റിദ്ധാരണയുടെ പിന്നില്‍ നമ്മുടെ നിഷ്ക്രിയത്വം ഉണ്ടോയെന്ന് നാം ശാന്തമായി ചിന്തിക്കുക. തീര്‍ച്ചയായും ഇസ്ലാമിനെക്കുറിച്ച് ധാരാളം പ്രഭാഷണങ്ങളും രചനകളും നടക്കുന്നുണ്ട്. പക്ഷേ, അമുസ്ലിം സഹോദരങ്ങളുടെ മാനസികാവസ്ഥയും ഭാഷയും നാം പൊതുവില്‍ സ്വീകരിക്കുന്നില്ലാ എന്നുള്ളത് ഒരു വസ്തുതയാണ്. ആകയാല്‍ പ്രാദേശിക ഭാഷയില്‍ നാം കഴിവുണ്ടാക്കിയെടുക്കുകയും അവരുടെ മാനസികാവസ്ഥകള്‍ കൂടി പരിഗണിച്ച് പ്രഭാഷണങ്ങള്‍ നടത്താനും രചനകള്‍ തയ്യാറാക്കാനും പരിശീലിക്കേണ്ടതാണ്. ഈ വിഷയത്തില്‍ നമ്മുടെ ഈ സ്ഥാപനത്തില്‍ ധാരാളം രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടല്ലോ എന്ന് നിങ്ങള്‍ പറഞ്ഞേക്കാം. പക്ഷേ, അത് എത്രമാത്രം നാം അമുസ്ലിംകള്‍ക്ക് എത്തിച്ച് കൊടുത്തിട്ടുണ്ട്. പല രചനകളും പ്രസിദ്ധീകരിക്കപ്പെട്ട അതേ നിലയില്‍ തന്നെ ഇവിടെ കെട്ടുകളായി കിടക്കുകയാണ്. മറുഭാഗത്ത് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രഭാഷണങ്ങളും രചനകളും അവര്‍ക്ക് ധാരാളമായി ലഭിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ആകയാല്‍ നാം പ്രഭാഷണം നടത്തുകയും രചനകള്‍ തയ്യാറാക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം മതിയാക്കരുത്. നമ്മുടെ പ്രഭാഷണ സദസ്സുകളിലേക്ക് അവരെ ക്ഷണിക്കുകയും പ്രയോജനപ്രദമായ രചനകള്‍ അവര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യേണ്ടതാണ്. കൂടാതെ, അവര്‍ തെറ്റിദ്ധാരണയുടേ പേരില്‍ വല്ലതും പറഞ്ഞാല്‍ നല്ലനിലയില്‍ അത് മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്.
രണ്ടാമതായി നാം ചെയ്യേണ്ട പ്രവര്‍ത്തനം, ജനങ്ങളുടെ മനസ്സുകള്‍ പരസ്പരം ഇണക്കാനും സ്നേഹാദരവുകള്‍ ഉണ്ടാക്കിയെടുക്കാനും വേണ്ടിയുള്ള പരിശ്രമമാണ്. നമ്മുടെ മുന്‍ഗാമികള്‍ ഈ പരിശ്രമത്തിലൂടെയാണ് ജനങ്ങളുടെ മനസ്സുകള്‍ കീഴടക്കിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഹൈന്ദവ കേന്ദ്രമായിരുന്ന അജ്മീറിലേക്കാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റഹ്) യാത്ര ചെയ്തുവന്ന് താമസമാക്കിയത്. ആത്മാര്‍ത്ഥമായ സ്നേഹത്തോടെ ജനങ്ങളുടെ മനസ്സുകള്‍ ഇണക്കാനും അവര്‍ക്ക് കഴിയുന്ന നിലയില്‍ ആഹാര പാനിയങ്ങള്‍ കൊടുക്കാനും പരിശ്രമിച്ചപ്പോള്‍ അല്ലാഹു മഹാനര്‍ക്ക് വലിയ സ്ഥാനവും സ്ഥിരതയും നല്‍കി. ഈ വിഷയത്തില്‍ പ്രേരണ നല്‍കാന്‍ വേണ്ടി ആരംഭിച്ച പ്രവര്‍ത്തനമാണ് പയാമെ ഇന്‍സാനിയത്ത് (മാനവികതയുടെ സന്ദേശം, മെസ്സേജ് ഓഫ് ഹ്യുമാനിറ്റി). ഇതിന്‍റെ പേരില്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ യാത്ര ചെയ്യുകയും വിവിധ പ്രഭാഷണങ്ങള്‍ നടത്തുകയും രചനകള്‍ തയ്യാറാക്കുകയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്തു. എന്നാല്‍ ഈ വഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന ധാരാളം സഹോദരങ്ങള്‍ നമ്മില്‍ വിടപറഞ്ഞു. ഇപ്പോള്‍ ഉള്ളവരാകട്ടെ ഇതര തിരക്കുകളില്‍ കഴിയുകയാണെങ്കിലും ചെറിയ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ഈ പ്രവര്‍ത്തനം നാം ഓരോരുത്തരും ഏറ്റെടുക്കുകയും ഇതൊരു ലക്ഷ്യമായി മാറ്റേണ്ടതുമാണ്. ഈ പ്രവര്‍ത്തനം വളരെ എളുപ്പവുമാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട പ്രഭാഷണങ്ങളും രചനകളും നിങ്ങള്‍ സ്വയം വായിക്കുകയും പഠിക്കുകയും മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുക. അവയുടെ വെളിച്ചത്തില്‍ നിങ്ങളും പ്രഭാഷണ രചനകള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. കൂട്ടത്തില്‍ പരസ്പരം ഉപഹാരങ്ങള്‍ കൈമാറുകയും ചെറുതും വലുതുമായ സേവന സഹായങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുക. ഇതിലൂടെ തെറ്റിദ്ധാരണകള്‍ മാറുന്നതും അന്തരീക്ഷം ശാന്തമാവുകയും ചെയ്യുന്നതാണ്.
മൂന്നാമതായി നാം ഓരോരുത്തരും ആത്മ സംസ്കരണം നടത്തുകയും ആത്മീയ ശക്തി കരസ്ഥമാക്കുകയും ചെയ്യുക. ഈ വിഷയം പറയുന്നതും കേള്‍ക്കുന്നതും പലര്‍ക്കും ലജ്ജയാണെങ്കിലും ഈ വിഷയം വളരെ ഗൗരവത്തില്‍ തന്നെ നിങ്ങളെ ഉണര്‍ത്തുകയാണ്: തീര്‍ച്ചയായും നന്മയുടെ വഴിയില്‍ പരിശ്രമിക്കുന്ന എല്ലാ വ്യക്തിത്വങ്ങളെയും സംഘടനകളെയും ഞങ്ങള്‍ ആദരിക്കുന്നുണ്ട്. എന്നാല്‍ ആത്മീയതയുടെ ശക്തി സംഭരിച്ച മഹാന്മാരിലൂടെ നടന്ന മാറ്റങ്ങളും പരിവര്‍ത്തനങ്ങളും വേറെ ഒരു പ്രവര്‍ത്തനത്തിലും ഉണ്ടായിട്ടില്ലാ എന്നുള്ളത് വലിയൊരു യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ചും ഇസ്ലാമിന്‍റെ ചിഹ്നങ്ങള്‍ മുഴുവന്‍ തുടച്ച് നീക്കാന്‍ പരിശ്രമിക്കുകയും മുസ്ലിംകളെ പരിപൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്ത ധാരാളം പ്രദേശങ്ങളില്‍ ഇത്തരം മഹാന്മാരിലൂടെയാണ് ഇസ്ലാമും മുസ്ലിംകളും തിരിച്ച് വന്നത്. താര്‍ത്താരികളിലൂടെ മുസ്ലിം ലോകം മുഴുവന്‍ തകര്‍ന്ന് തരിപ്പണമായപ്പോള്‍ ഇപ്രകാരമുള്ള മഹത്തുക്കളിലൂടെയാണ് ഇസ്ലാം തിരിച്ച് വന്നത്. മാത്രമല്ല, കടുത്ത വിരോധികളായ ആളുകള്‍ പോലും കൂട്ടം കൂട്ടമായി ഇസ്ലാമില്‍ പ്രവേശിച്ചു. ആകയാല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുകയും നിശിദ്ധമായ പാപങ്ങളെ വര്‍ജ്ജിക്കുകയും ചെയ്യുന്നതിനോടൊപ്പം സുന്നത്തുകള്‍ ജീവിതത്തില്‍ പാലിക്കാനും ദുക്ര്‍-ദുആക്കള്‍ വര്‍ദ്ധിപ്പിക്കാനും നാം പ്രത്യേകം പരിശ്രമിക്കേണ്ടതാണ്. ഇതിലൂടെ നമ്മുടെ മനസ്സ് പടച്ചവനിലേക്ക് അടുക്കുന്നതും നമ്മുടെ വാക്കുകള്‍ക്ക് വലിയ ശക്തി വരുന്നതുമാണ്. അതെ, കല്ല് പോലെയുള്ള മനസ്സുകളില്‍ ദ്വാരമുണ്ടാക്കി അത് അകത്ത് കടക്കുന്നതാണ്.
ചുരുക്കത്തില്‍ അവസ്ഥ വളരെ ദു:ഖകരവും സങ്കീര്‍ണ്ണവുമാണ്. പക്ഷേ, പരിഹാരം വളരെ എളുപ്പവുമാണ്. ആകയാല്‍ ഒന്നാമതായി, ബാഹ്യമായ പരിശ്രമങ്ങള്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുക. ഇതിന് കഴിവുള്ളവര്‍ ഈ മേഖലയില്‍ സൂക്ഷ്മതയോടെ മുന്നോട്ട് നീങ്ങുക. അല്ലാത്തവര്‍ കഴിയുന്നത് ചെയ്യുകയും പ്രവര്‍ത്തിക്കുന്നവരോട് ഗുണകാംഷ പുലര്‍ത്തുകയും ചെയ്യുക. രണ്ടാമത്തേത് ഇസ്ലാമിക സന്ദേശങ്ങള്‍ പരിചയപ്പെടുത്താനും മാനവികതയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കാനും ആത്മ സംസ്കരണം ഉണ്ടാക്കിയെടുക്കാനും നാം പരിശ്രമിക്കുക. തീര്‍ച്ചയായും നമ്മുടെയും ഈ രാജ്യത്തിന്‍റെയും അവസ്ഥ സുന്ദരമാകുന്നതാണ്. മാത്രമല്ല, ലോകത്ത് മുഴുവന്‍ ഉത്തമ മാതൃകയാകുന്നതുമാണ്. നാം ഒരിക്കലും നിരാശപ്പെടരുത്. ഇന്നത്തെ അവസ്ഥകള്‍ മുഴുവന്‍ ഖുര്‍ആനിന്‍റെ ഭാഷയില്‍ സബദ് (നുരയും പതയും) മാത്രമാണ്. നുരയും പതയും പൊട്ടിപ്പോകുന്നതും ജനങ്ങള്‍ക്ക് പ്രരയോജനമുള്ളത് മാത്രം ഇവിടെ നിലനില്‍ക്കുന്നതുമാണ്.
അവസാനമായി ഒരു കാര്യം കൂടി പറയട്ടെ: നമ്മുടെ ഈ രാജ്യം നിസ്സാരമായ ഒരു മണ്ണല്ല. ഒരു ഭാഗത്ത് ലോകത്തുള്ള മുഴുവന്‍ മഹാത്മാക്കളും ഈ രാജ്യത്തെ സ്നേഹിച്ചിട്ടുണ്ട്. അവരില്‍ വലിയൊരു വിഭാഗം ഇവിടേക്ക് വരുകയും വലിയ സേവനങ്ങള്‍ അനുഷ്ടിക്കുകയും ഇവിടെ തന്നെ അന്ത്യവിശ്രമം നടത്തുകയും ചെയ്യുകയാണ്. മറുഭാഗത്ത് ഈ മണ്ണില്‍ തന്നെ ധാരാളം മഹത്തുക്കള്‍ ഉദയം ചെയ്തു. അവര്‍ വലിയ ത്യാഗ പരിശ്രമങ്ങള്‍ ചെയ്യുകയും ചോരയും നീരും ഒഴുക്കുകയും ചെയ്തു. പടച്ചവന്‍ ഇവരുടെ പ്രാര്‍ത്ഥനകളും പരിശ്രമങ്ങളും ഫലശൂന്യമാക്കുകയില്ല എന്ന് തന്നെയാണ് നമ്മുടെ ഉറച്ച വിശ്വാസം. ഈ വിഷയത്തില്‍ അത്ഭുതകരമായ ഒരു പ്രവചനവും കൂടി ഉദ്ധരിച്ചുകൊണ്ട് ഈ വാക്കുകള്‍ അവസാനിപ്പിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ആധികാരിക വ്യക്തിത്വമായ ഹസ്രത്ത് ശാഹ് വലിയുല്ലാഹിദ്ദഹ്ലവി (റഹ്) പ്രസ്താവിക്കുന്നു: ഇന്ത്യയില്‍ ഹൈന്ദവര്‍ പരിപൂര്‍ണ്ണമായും പിടിമുറുക്കുകയും അധികാരം നടത്തുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടായാല്‍ അവരില്‍ വലിയ ഒരു വിഭാഗത്തിന് പടച്ചവന്‍ സന്മാര്‍ഗ്ഗം നല്‍കുകയും അവരിലൂടെ നന്മയുടെ സംസ്ഥാപനം നടത്തുകയും ചെയ്യുമെന്നാണ് പടച്ചവന്‍റെ നടപടി ക്രമങ്ങളില്‍ നിന്നും എനിയ്ക്ക് മനസ്സിലാകുന്നത്!
ആകയാല്‍ ഇത് നാം നിരാശപ്പെടുകയോ നിഷ്ക്രിയരാവുകയോ ചെയ്യേണ്ട സമയമല്ല. മറിച്ച് പടച്ചവനില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തന നിരതരാകേണ്ട സന്ദര്‍ഭമാണ്. വര്‍ഗ്ഗീയതയുടെ ഈ മുന്നേറ്റം പടച്ചവന്‍റെ അനുഗ്രഹത്താല്‍ അവര്‍ക്ക് തിരിച്ചടിയായി മാറുന്നതാണ്. ഇത്രയെല്ലാം അക്രമങ്ങള്‍ കാട്ടിക്കൂട്ടിയിട്ടും ഗുണമൊന്നും ഇല്ലല്ലോ എന്ന് ചിന്തിക്കാനും അവര്‍ ശരിയായ മാര്‍ഗ്ഗത്തിലേക്ക് കടന്ന് വരാനും സാധ്യതയുണ്ട്. രക്ഷിതാവേ, നിന്‍റെ ഭാഗത്ത് നിന്നും പ്രത്യേക കാരുണ്യം ഞങ്ങള്‍ക്ക് നല്‍കേണമേ. ഞങ്ങളുടെ കാര്യങ്ങള്‍ സന്മാര്‍ഗ്ഗത്തില്‍ ആക്കേണമേ. അല്ലാഹുവേ, ഞങ്ങളുടേ കാര്യങ്ങളില്‍ ശരിയായ മാര്‍ഗ്ഗം മനസ്സിലാക്കിത്തരണേ, ഞങ്ങളുടെ മനസ്സിന്‍റെ ശല്യങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കേണേ, അല്ലാഹുവേ, സത്യം മനസ്സിലാക്കിത്തരുകയും അതിനെ പിന്‍പറ്റാന്‍ ഉതവി നല്‍കുകയും ചെയ്യണമേ. അസത്യത്തെ മനസ്സിലാക്കിത്തരുകയും അതിനെ വര്‍ജ്ജിക്കാന്‍ സൗഭാഗ്യം കനിയുകയും ചെയ്യണേ, രക്ഷിതാവേ, ഞങ്ങളുടെ മറവിയിലും തെറ്റുകുറ്റങ്ങളിലും ഞങ്ങളെ നീ പിടികൂടല്ലേ. ഞങ്ങളോട് വിട്ടുവീഴ്ച്ച പുലര്‍ത്തണേ. ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ. ഞങ്ങളോട് കരുണ കാട്ടണേ. നീ ഞങ്ങളുടെ രക്ഷാധികാരിയാണ്. നിഷേധികളായ ജനതകള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കണമേ. വസല്ലല്ലാഹു നബിയ്യുല്‍ കരീം.
No comments:
Post a Comment