-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
മനുഷ്യന്‍ ഈ ലോകത്ത് പടച്ചവന്‍റെ പ്രതിനിധിയും ഈ ലോകത്തിന്‍റെ നിര്‍വാഹക സമിതി അംഗവും ആണ്. ഈ ലോകം പടച്ചവന്‍റെ അതിമഹത്തായ ഒരു വഖ്ഫ്, അഥവാ പുണ്യഭൂമിയാണ്. ഈ ലോക കാര്യങ്ങള്‍ നല്ലനിലയില്‍ നോക്കാനും നയിക്കാനും മനുഷ്യന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. ഈ ലോകം ആരുടെയും ഉടമസ്ഥാവകാശത്തില്‍ ഉള്ളതല്ല. ആരുടെയെങ്കിലും മാതാപിതാക്കളുടെ സ്വത്തോ അല്ല. ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാനും അനുഭവിക്കാനും ഇവിടെ ആര്‍ക്കും അനുവാദമില്ല അല്ല. അതെ, ഇത് പടച്ചവന്‍റെ ഭാഗത്തുനിന്നുമുള്ള പരിശുദ്ധമായ ഒരു വഖ്ഫ് ആണ്. ഇവിടെയുള്ള ജീവികളും പറവകളും മൃഗങ്ങളും പര്‍വ്വതങ്ങളും സ്വര്‍ണ്ണവും വെള്ളിയും സര്‍വ്വവിധ സാധനസാമഗ്രികളും പടച്ചവന്‍ അപാരമായ അനുഗ്രഹങ്ങളാണ്. ഇവ പടച്ചവന്‍ മനുഷ്യര്‍ക്ക് ഏല്‍പ്പിച്ചു തന്നിരിക്കുന്നു. കാരണം മനുഷ്യന്‍ ഇവയുടെ പ്രകൃതിയെ കുറിച്ച് അറിവുള്ളവനും ഇവയോട് സഹാനുഭൂതി ഉള്ളവനുമാണ്. കാരണം മനുഷ്യന്‍ ഈ മണ്ണില്‍ നിന്നു തന്നെയാണ് പടയ്ക്കപ്പെട്ടത്. ഒരു കാര്യം നോക്കുന്നവര്‍ക്ക് ആ കാര്യത്തെ കുറിച്ച് അറിവും അതിനോട് സഹാനുഭൂതിയും അത്യാവശ്യമാണ്. മനുഷ്യന്‍ ഈ ലോകത്തെ ഉപകാര-ഉപദ്രവങ്ങളെ കുറിച്ച് അറിവുകള്‍ ഉള്ളവനാണ്. കൂടാതെ വലിയ സ്നേഹവും അനുകമ്പയുമുണ്ട്. അതിനാല്‍ മനുഷ്യന് ഒരു ഉന്നത ട്രസ്റ്റി (നിര്‍വ്വാഹക സമിതി അംഗം) ആകാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. ഒരു ഗ്രന്ഥാലയത്തിന്‍റെ മേല്‍നോട്ടം, വിജ്ഞാനത്തോട് സ്നേഹവും ഗ്രന്ഥങ്ങളോട് അടുപ്പവുമുള്ള ആളുകളെ മാത്രമേ ഏല്‍പ്പിക്കാറുള്ളൂ. വിവരമില്ലാത്തവനെ ഏല്‍പ്പിച്ചാല്‍ അദ്ദേഹം എത്ര മാന്യനാണെങ്കിലും ഒരു നല്ല ലൈബ്രറിയന്‍ ആകുക സാധ്യമല്ല.
വിജ്ഞാന ത്തോട് സ്നേഹവും ഗ്രന്ഥങ്ങളോട് യോജിപ്പുമുള്ളവന്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കുന്നതും അതിനെ നന്നായി പ്രയോജനപ്പെടുത്തുന്നതും അതില്‍ വലിയ പുരോഗതി ഉണ്ടാക്കുന്നതുമാണ്. ഇപ്രകാരം മനുഷ്യന്‍ ഈ മണ്ണില്‍ നിന്നും പടക്കപ്പെട്ടവനും ഈ മണ്ണില്‍ ജീവിക്കുന്നവനും ഈ മണ്ണിലേക്ക് ആവശ്യക്കാരനുമാണ്. അവന് ഈ മണ്ണിനെ കുറിച്ച് നന്നായി അറിയാം. ഇതിനോട് വലിയ അനുകമ്പയും അവനുണ്ട്. അവന്‍ ജീവിക്കുന്നതും മരിക്കുന്നതും ഇവിടെ തന്നെയാണ്. അതുകൊണ്ട് മനുഷ്യന് ഈ അനുഗ്രഹങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ എല്ലാവിധ യോഗ്യതയും ഉണ്ട്. വേറെയാര്‍ക്കും ഇത് ചെയ്യാനുള്ള ശേഷിയില്ല. ആകയാല്‍ മനുഷ്യനെ പടച്ചവന്‍ ലോകത്തിന്‍റെ പ്രതിനിധിയാക്കിയിരിക്കുന്നു.
ആദിപിതാവായ ആദം നബിയെ പടച്ചവന്‍ സൃഷ്ടിക്കുകയും ഭൂമി ലോകത്തേക്കുള്ള പ്രതിനിധിയാക്കുകയും ചെയ്തപ്പോള്‍ പരിശുദ്ധരും പ്രകാശ സൃഷ്ടികളും പാപ രഹിതരുമായ മലക്കുകള്‍ പറഞ്ഞു: പടച്ചവനെ, ഇപ്പോള്‍ ഈ പ്രതിനിധിയാക്കുന്ന മനുഷ്യന്‍ ലോകത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്നവരാണ്. ഞങ്ങള്‍ കല്പനകള്‍ മാനിക്കുകയും പരിപൂര്‍ണ്ണമായി പാലിക്കുകയും ചെയ്യുന്നു. പടച്ചവന്‍ പറഞ്ഞു: ഞാന്‍ അറിയുന്ന കാര്യം നിങ്ങള്‍ക്കറിയില്ല. തുടര്‍ന്ന് പടച്ചവന്‍ സാധന-സാമഗ്രികളുടെ വിഷയത്തില്‍ പരീക്ഷിച്ചു. മണ്ണ് കൊണ്ട് പടയ്ക്കപ്പെട്ടവന്‍ ആയിരുന്നതുകൊണ്ട് ഈ ലോകത്തുള്ള വസ്തുക്കളെ പെട്ടെന്ന് മനസ്സിലാക്കുകയും നാമങ്ങള്‍ പറയുകയും ചെയ്തു. മലക്കുകള്‍ക്ക് മറുപടി പറയാന്‍ സാധിച്ചില്ല. പടച്ചവന്‍ വഖഫ് പുണ്യഭൂമിയായ ലോകത്തിന്‍റെ കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ മനുഷ്യരാണെന്നും അവന് എന്തെല്ലാം ബലഹീനതകള്‍ ഉണ്ടെങ്കിലും അവന് മാത്രമേ ഈ ലോകത്തിന്‍റെ കാര്യങ്ങള്‍ മുന്നോട്ടു നയിക്കാന്‍ സാധിക്കുകയുള്ളൂ എന്നും പടച്ചവന്‍ വ്യക്തമാക്കി.
വിജയപ്രദമായ പ്രാതിനിധ്യം
എന്നാല്‍ ഒരു കാര്യം നാം മനസ്സിലാക്കുക: പ്രതിനിധിയായി വരുന്ന വ്യക്തി ഏല്‍പ്പിച്ചവരുടെ കല്‍പ്പനകള്‍ പരിപൂര്‍ണമായി പാലിക്കാനും അവരുടെ ഇഷ്ടത്തിനനുസരിച്ച് നീങ്ങാന്‍ ശ്രദ്ധിക്കേണ്ടതുമാണ്. വിശിഷ്യാ, ചുമതലപ്പെടുത്തിയവരുടെ ഉന്നത ഗുണങ്ങള്‍ നാമും ഉണ്ടാക്കിയെടുക്കാനും കഴിവിന്‍റെ പരമാവധി നില നിര്‍ത്താനും പരിശ്രമിക്കണം. കാണുന്നവര്‍ക്കെല്ലാം ഇദ്ദേഹം അവരുടെ പ്രതിനിധിയാണെന്ന് മനസ്സിലാകണം. പടച്ചവന്‍റെ പ്രതിനിധി ആകുക എന്നതിന്‍റെ ആശയം, പടച്ചവന്‍റെ സ്വഭാവങ്ങള്‍ നാമും ഉണ്ടാക്കിയെടുക്കലാണ്. നമ്മെ കാണുന്നവരെല്ലാം നാം പടച്ചവന്‍റെ അടിമകളാണെന്ന് വ്യക്തമാകണം. വിജ്ഞാനം, നന്ദി, പരോപകാരം, ശരിയായ സജ്ജീകരണം, വിശുദ്ധി, വിനയം, വിട്ടുവീഴ്ച, ദാനം, നീതി, ന്യായം, സൂക്ഷ്മത, സൗന്ദര്യം തുടങ്ങി പടച്ചവന്‍റെ ഗുണങ്ങള്‍ നാമും ഉണ്ടാക്കിയെടുക്കേണ്ടതാണ്.
സ്വഭാവ സംസ്കരണം കൂടാതെ ഒരു പദ്ധതിയും വിജയിക്കുന്നതല്ല. ഇന്ന് ഓരോ രാജ്യങ്ങളും പുരോഗതി പ്രാപിക്കാനും ഉന്നതങ്ങളിലേക്ക് ഉയരാനും പുതുപുത്തന്‍ പദ്ധതികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തും നിരവധി പദ്ധതികള്‍ രൂപീകരിക്കപ്പെടുന്നുണ്ട്. പടച്ചവന്‍ രാജ്യ നന്മയ്ക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികളെയും വിജയിപ്പിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്. പക്ഷെ, ഈ പദ്ധതികളില്‍ മാനവ നിര്‍മ്മാണവും സ്വഭാവ ശുദ്ധീകരണവും ജീവിത സംസ്കരണവും കൂട്ടിയിണക്കപ്പെട്ടില്ലെങ്കില്‍ ഈ പദ്ധതികളെല്ലാം അപൂര്‍ണ്ണമായിരിക്കുമെന്ന് വളരെ ആത്മാര്‍ത്ഥതയോടെ അറിയിക്കുകയാണ്. രാജ്യ നിവാസികളില്‍ ആര്‍ത്തിയുടെയും ദുരാഗ്രഹത്തിന്‍റെയും തീക്കനലുകള്‍ പുകഞ്ഞുകൊണ്ടിരിക്കുകയും സമ്പത്തിനോടുള്ള സ്നേഹം ലഹരിയായി മാറുകയും മനുഷ്യന്‍ പണമുണ്ടാക്കുന്നതും സുഖിക്കലും മാത്രമായി ജീവിത ലക്ഷ്യത്തെ മാറ്റുകയും ചെയ്താല്‍ അതിന് മുന്നില്‍ ഒരു പദ്ധതിയും ശരിയായ വിജയം കണ്ടെത്തുന്നതല്ല. പുരോഗതിയുടെ പദ്ധതികള്‍ രൂപീകരിച്ച് ഭൗതിക പുരോഗതികള്‍ പ്രാപിച്ച രാജ്യങ്ങളിലേക്ക് നോക്കുക: അവിടെ യഥാര്‍ത്ഥ ശാന്തിയും സമാധാനവും ലഭ്യമായോ.? അവിടെ അക്രമങ്ങളും കുറ്റ കൃത്യങ്ങളും ഇല്ലാതായോ.? കുറ്റ കൃത്യങ്ങളില്‍ അവര്‍ വളരെ മുന്നിട്ട് നില്‍ക്കുകയാണ്. എല്ലാ സമയങ്ങളിലും കൊള്ളകളും കൊലകളും അരങ്ങേറിക്കൊണ്ടിരിക്കുന്നു. വലിയ സമ്പന്നരായ ആളുകള്‍ യാത്രയ്ക്കിടയില്‍ തന്നെ കൊല്ലപ്പെടുന്നു. വലിയ സമ്പന്നരായ ആളുകളെ യാത്രയ്ക്കിടയില്‍ ബന്ധികളാക്കപ്പെടുകയും അവരുടെ കുടുംബക്കാരില്‍ നിന്നും വലിയ തുക മോചന ദ്രവ്യമായി വാങ്ങുകയും ചെയ്യുന്നു. കൂടാതെ ആ നാടുകളിലെല്ലാം വ്യാജമായ ദേശീയ വാദം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ, എന്തെല്ലാം വാദങ്ങളും പദ്ധതികളും ഉയര്‍ത്തിയാലും അവരുടെ അധഃപതനം വളരെ വിദൂരമല്ല എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കുക. ഡോ. ഇഖ്ബാല്‍ പാശ്ചാത്യ ലോകത്തെ കുറിച്ച് പറയുന്നു: അവരുടെ ഉദാഹരണം പാകമായ പഴങ്ങളെ പോലെയാണ്. അത് സ്വയം അടിയിലേക്ക് വീഴുന്നതാണ്.
No comments:
Post a Comment