ലോകം ഉറ്റുനോക്കുന്നു,
മസ്ജിദുകളിലേക്ക്.!
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
https://swahabainfo.blogspot.com/2020/05/blog-post_77.html?spref=bl
സര്‍വ്വ ലോക പരിപാലകനായ അല്ലാഹുവിന്‍റെ പ്രത്യേക തീരുമാന പ്രകാരം നാം സാധുക്കളെ സംബന്ധിച്ചിടത്തോളം വളരെയധികം ചിന്തനീയമായ ഒരു റമദാന്‍ മാസമാണ് കഴിഞ്ഞുപോയത്. ഇതില്‍ വളരെയധികം ദുഃഖമുളവാക്കിയ ഒന്നാണ് നമ്മുടെ മുഴുവന്‍ നന്മകളുടെയും അടിസ്ഥാനവും ചാലക ശക്തിയുമായ മസ്ജിദുകള്‍ അടയ്ക്കപ്പെട്ട് നമ്മെ വീടുകളില്‍ ഒതുക്കപ്പെട്ടത്. തദ്ഫലമായി സൗഭാഗ്യവാന്മാരായ സഹോദരീ-സഹോദരന്മാര്‍ വീടുകളെ മസ്ജിദുകളാക്കി കൊണ്ട് പ്രകാശിപ്പിച്ചു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. എങ്കിലും മസ്ജിദുകള്‍ അടയ്ക്കപ്പെട്ടതും പല മസ്ജിദുകളിലും അനുഗ്രഹീതമായ ജുമുഅ-ജമാഅത്തുകള്‍ നടക്കാതിരുന്നതും വളരെയധികം ദുഃഖകരമായ ഒരു കാര്യമാണ്. നാം മസ്ജിദുകളോടുള്ള കടമകളിലും കര്‍ത്തവ്യങ്ങളിലും പരത്തിയ വീഴ്ചകളുടെ തിരിച്ചടി കൂടിയാണോ ഈ ദുരന്തമെന്ന് നാം ആത്മ വിമര്‍ശനം നടത്തുന്നത് നന്നായിരിക്കും. അല്ലാഹുവിന്‍റെ കൃപ കൊണ്ട് മസ്ജിദുകള്‍ തുറക്കപ്പെടാനുള്ള സാധ്യതകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും നാമെല്ലാവരും ഇതിനെ കുറിച്ച് ചിന്താവിചിന്തനങ്ങള്‍ നടത്തുന്നത് നന്നായിരിക്കും.
മസ്ജിദുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഉയരുന്ന ചിത്രം മൈക്കുകളുടെ ദുരുപയോഗങ്ങളും പരിപാടിയുടെ ബഹളങ്ങളും ആഹാരം പാചകം ചെയ്യലും വിളമ്പലും മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കുന്ന നിലയില്‍ വാഹനങ്ങള്‍ പരിസരങ്ങളില്‍ നിറയ്ക്കലും പല മസ്ജിദ് ഭാരവാഹികളും കാര്യത്തിന്‍റെ എളുപ്പത്തിന് വേണ്ടി തീര്‍ത്തും തെറ്റായ നിലയില്‍ സ്ഥാപിച്ച ചുറ്റുഭാഗത്തുള്ള കടകളും അതിലെ പലവിധ പരിപാടികളും മസ്ജിദിനുള്ളിലും പുറത്തും വഴിയിലും രൂപപ്പെടുന്ന ചെറുതും വലുതുമായ കൂട്ടങ്ങളും ഇടയ്ക്ക് കമ്മിറ്റി രൂപീകരണത്തിന്‍റെയും മറ്റും പേരിലുണ്ടാകുന്ന പോരാട്ടങ്ങളും പോര്‍വിളികളും പോലുള്ള കാര്യങ്ങളുമാണ്. പടച്ചവന്‍റെ വലിയ ഔദാര്യവും മുന്‍ഗാമികളുടെ ത്യാഗ പരിശ്രമങ്ങളും കാരണം പല മസ്ജിദുകള്‍ക്കും വിശാലമായ സ്ഥല സൗകര്യങ്ങളും കെട്ടിട സമുച്ഛയങ്ങളുമുണ്ട്. പക്ഷെ, മസ്ജിദിന്‍റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യങ്ങള്‍ പോലും ശരിയായ നിലയില്‍ നടക്കുന്നത് പോകട്ടെ, നടക്കണമെന്ന ചിന്ത പോലും പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഈയൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടായേ പറ്റൂ. യഥാര്‍ത്ഥത്തില്‍ മസ്ജിദ് നിര്‍മ്മാണത്തിലൂടെയാണ് അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) മഹത്തായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്വഹാബത്തും പിന്‍ഗാമികളും അത് പിന്‍പറ്റുകയും ചെയ്തു. അവരുടെ മസ്ജിദുകള്‍ വളരെ ലളിതമായിരുന്നു. എന്നാല്‍ അവിടെ നടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത നിലയില്‍ ബ്രഹത്തായതും വിശാലവുമായിരുന്നു. എന്നാല്‍ കാലക്രമേണ മസ്ജിദുകള്‍ വിശാലമായി. പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിപ്പോയി. യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസിന്‍റെ കടന്നുവരവ് പുതിയൊരു സംസ്കാരത്തെ കൂടി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചിരിക്കുന്നു. അതെ, പൗരാണികവും സമുന്നതവുമായ മുഹമ്മദീ സംസ്കാരം. അതിന്‍റെ ചാലക ശക്തി മസ്ജിദുകള്‍ തന്നെയാണ്. മസ്ജിദുകള്‍ സത്യവിശ്വാസത്തിന്‍റെയും സമുന്നത ആരാധനകളുടെയും മഹത്തായ ബന്ധങ്ങളുടെയും മാന്യമായ ഇടപാടുകളുടെയും മഹോന്നതമായ സ്വഭാവങ്ങളുടെയും കേന്ദ്രമാണ്. ഇതിലേക്ക് നാം മടങ്ങേണ്ടത് നമ്മുടെയും കാലഘട്ടത്തിന്‍റെയും വലിയൊരാവശ്യമാണ്. അതിന് മസ്ജിദിന്‍റെ മഹത്വവും ലക്ഷ്യവും മാര്‍ഗ്ഗവും നന്നായി മനസ്സിലാക്കലും ഇന്നത്തെ അവസ്ഥകളെയും ആവശ്യങ്ങളെയും മുന്നില്‍ വെച്ച് അവ നിര്‍വ്വഹിക്കാന്‍ കൂട്ടായി പരിശ്രമിക്കലും വളരെ അത്യാവശ്യമാണ്.
പരിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ച് പറയപ്പെട്ട രണ്ട് ഉപദേശങ്ങളാണ് അഖീമുസ്സ്വലാത്ത വ ആത്തുസ്സകാഹ് (നമസ്കാരം നിലനിര്‍ത്തുകയും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക) എന്നുള്ളത്. എന്നാല്‍ ഇവരണ്ടും പ്രവിശാലമായ ഇസ്ലാമിക സന്ദേശങ്ങളുടെ ശീര്‍ഷകങ്ങളാണ്. നമസ്കാരം നില നിര്‍ത്തുക എന്നാല്‍ സര്‍വ്വ ലോക പരിപാലകനും കരുണാമയനുമായ അല്ലാഹുവിലേക്ക് അടുക്കുക എന്നാണ് ഉദ്ദേശം. അല്ലാഹുവിന്‍റെ മഹോന്നതി അറിയാനും അല്ലാഹുവിനെ ആരാധിക്കാനും റസൂലുല്ലാഹി (സ്വ) യെ പിന്‍പറ്റാനും തയ്യാറാകാനും പ്രേരിപ്പിച്ചുകൊണ്ട് ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിനുള്ള ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ് ശാരീരിക ആരാധനയില്‍ സമുന്നതമായ നമസ്കാരം. നമസ്കാരത്തിലൂടെ പടച്ചവന് പൊരുത്തമായ ജീവിതം പരിശീലിക്കാനും ഇരുലോക വിജയം കരസ്ഥമാക്കാനും സാധിക്കുന്നു. ഇതിലേക്കുള്ള ആത്മാര്‍ത്ഥവും സ്നേഹനിര്‍ഭരവുമായ ക്ഷണമാണ് ബാങ്ക്. ബാങ്ക് കേട്ടാല്‍ വുളൂഅ് (അംഗ ശുദ്ധി) നല്ല നിലയില്‍ വരുത്തി നമസ്കാരത്തിന് സന്നദ്ധരാകുക. സ്ത്രീകള്‍ മുസ്വല്ലയിലേക്കും പുരുഷന്മാര്‍ മസ്ജിദിലേക്കും നീങ്ങുക. മസ്ജിദുകളിലേക്ക് നടക്കുന്നതാണ് ഉത്തമം. ഈ നടത്തം ശാന്തവും മാന്യവുമായിരിക്കണമെന്ന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ അല്ലാഹുവിന്‍റെ അടിമകളെ കാണാനും അവര്‍ക്ക് സലാം (രക്ഷ) ആശംസിക്കാനും ആവശ്യക്കാരെ അറിയാനും സാധിക്കുന്നു. മസ്ജിദിലെത്തുന്ന ദാസന്‍ ഇത് അല്ലാഹുവിന്‍റെ ഭവനമാണെന്ന് മനസ്സിലാക്കി ആദരവോടെ പ്രവേശിക്കുക. ദിക്ര്‍ - ദുആകള്‍ ചെയ്ത് ജമാഅത്തിനെ പ്രതീക്ഷിക്കുക. ജമാഅത്ത് നമസ്കാരം കഴിവിന്‍റെ പരമാവധി ലളിതവും സമ്പൂര്‍ണ്ണവും സുന്ദരവുമാക്കാന്‍ ഇമാം-മുഅദ്ദിന്‍മാരും മസ്ജിദ് സേവകരും മഅ്മൂമുകളും പരിശ്രമിക്കേണ്ടതാണ്. നമസ്കാരാനന്തരം പൊതുവായുള്ള വൈജ്ഞാനിക സംസ്കരണ പ്രബോധന പ്രവര്‍ത്തനങ്ങളും ഇതിനുള്ള കൂടിയാലോചനകളും ആവശ്യമായ പദ്ധതി രൂപീകരണങ്ങളും നടത്തുക. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദാന ധര്‍മ്മങ്ങള്‍ക്കുള്ള പ്രേരണകളും സ്വരൂപണ വിതരണങ്ങളും. ദാനധരമ്മം എന്നാല്‍ സമ്പത്ത് കൊണ്ട് മറ്റുള്ളവരെ സഹായിക്കുക മാത്രമല്ല, എല്ലാവരും പടച്ചവനെ അറിയാനും അനുസരിക്കാനും പ്രവാചകനുമായി അടുക്കാനും പിന്‍പറ്റാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ നന്നാക്കാനുള്ള പരിശ്രമങ്ങള്‍, കാലികമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള കൂടിയാലോചനാ ശ്രമങ്ങള്‍, ചെറുതും വലുതുമായ സഹായ സേവനങ്ങള്‍, നന്മ ഉപദേശിക്കാനും തിന്മ തടയാനുമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം ദാന-ധര്‍മ്മമാണ്. ഇവ മുഴുവനെയും ഉള്‍ക്കൊള്ളുന്ന വിശാലമായ ആശയമാണ് ഇസ്ലാമിലെ ദാന-ധര്‍മ്മത്തിനുള്ളത്.
പ്രത്യേകിച്ചും നിലവിലുള്ള സാഹചര്യങ്ങള്‍ രണ്ട് ആവശ്യങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു. ഒന്ന്, ജനങ്ങള്‍ തിന്മകളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും അകന്ന് നന്മകളില്‍ സഹകരിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകണം. അതിന് മസ്ജിദിന്‍റെ പ്രവര്‍ത്തനങ്ങളായ പ്രബോധന-സംസ്കരണ-വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. രണ്ട്, ഇവകള്‍ ശരിയായി നടക്കുന്നതിനും ജനങ്ങള്‍ ഭീതിയോടെ കാണുന്ന രോഗത്തിന്‍റെ വെല്ലുവിളിയും സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കണം. ഇവ രണ്ടിന്‍റെയും കേന്ദ്രം മസ്ജിദ് തന്നെ. ഇക്കാര്യങ്ങള്‍ നിര്‍വ്വിക്കുന്നതിന് ഒന്നുകില്‍ ഭാരവാഹികള്‍ തന്നെ മുന്നോട്ട് വരിക. അല്ലെങ്കില്‍ ഒന്നാമത്തെ പ്രവര്‍ത്തനങ്ങള്‍ പണ്ഡിത സഹോദരങ്ങളെ ഏല്‍പ്പിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക. സമുദായത്തില്‍ നിന്നും പ്രകടമായിക്കൊണ്ടിരിക്കുന്ന മ്ലേച്ഛതകളും അക്രമങ്ങളും അത്യന്തം വേദനാജനകമാണ്. നമുക്കിടയില്‍ കൊല വെറും ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. വിശ്വാസപരമായ കുഴപ്പങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു. പരസ്പര ബന്ധങ്ങളുടെ കാര്യം ദയനീയമാണ്. മാതാപിതാക്കളും മക്കളും ഭാര്യ-ഭര്‍ത്താക്കന്മാരും അയല്‍വാസികളും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളും വലിയ പ്രശ്നങ്ങളായി മാറുന്നു. ഓരോ മസ്ജിദിലും പണ്ഡിതരുടെ നേതൃത്വത്തില്‍ മസ്ലഹത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്. ഇതിന് അവരെയും അര്‍ഹരായ സഹായികളെയും പ്രത്യേകം പ്രേരിപ്പിക്കേണ്ടതാണ്. രണ്ടാമത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹരായ വിദ്യാസമ്പന്നരെയും ത്യാഗ ശീലരെയും കണ്ടെത്തുകയും അവരെയും പൊതുജനങ്ങളെയും ന്യായമായ ചികിത്സകള്‍ക്കും അനുവദനീയമായ സമ്പാദ്യങ്ങള്‍ക്കും പ്രേരിപ്പിക്കുകയും ചെയ്യുക. ഉദാഹരണത്തിന് പല മസ്ജിദുകളുടെയും ചുറ്റുഭാഗത്തും മുകളിലുമായി വിശാലമായ സൗകര്യങ്ങളുണ്ട്. ഓരോ മസ്ജിദുകളിലും ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിക്കുകയും ഡോക്ടര്‍മാരെ ക്ഷണിച്ചുകൊണ്ട് വരികയും ജാതി-മത വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് ചികിത്സ നല്‍കുകയും ആരോഗ്യത്തിന് ആവശ്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക. ഫോണ്‍ എടുക്കുന്ന മുഴുവന്‍ ആളുകളുടെയും ചെവികളില്‍ രോഗിയോടല്ല, രോഗത്തോടാണ് നമ്മുടെ പോരാട്ടമെന്ന് മുഴങ്ങിക്കേട്ട് നാം മടുത്തുവെങ്കിലും കൊറോണ ബാധിച്ചവരെ കുറിച്ചുള്ള ഭീതിദമായ സങ്കല്‍പ്പത്തിന് യാതൊരു കുറവും ഉണ്ടായിട്ടില്ല. പടച്ചവന്‍ കാക്കട്ടെ, മരണം വല്ലതും സംഭവിച്ചാല്‍ ജനങ്ങള്‍ ആദരണീയ വ്യക്തിത്വങ്ങളെ പോലും നിന്ദിക്കുന്ന അവസ്ഥകള്‍ സംജാതമായിക്കൊണ്ടിരിക്കുന്നു. സത്യം പറയട്ടെ, ഇതിന്‍റെ യഥാര്‍ത്ഥ പരിഹാരം ആരാധനാലയങ്ങളില്‍ നിന്ന് തന്നെയാണ്. അതെങ്ങനെ നടത്താമെന്ന് ബന്ധപ്പെട്ടവര്‍ കൂടിയാലോചിച്ചാല്‍ പടച്ചവന്‍ മനസ്സിലാക്കിത്തരും. ഇതുപോലെ എല്ലാവരും സാമ്പത്തിക ഭാവിയെ കുറിച്ച് വലിയ ഭീതിയില്‍ കഴിയുകയാണ്. പക്ഷെ, മസ്ജിദ് പറയുന്നു: എല്ലാവരുടെ ആഹാരവും പടച്ചവന്‍ ഏറ്റിരിക്കുന്നു. (ഹൂദ്). നിങ്ങള്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുക. (മുല്‍ക്ക്). ഈ വിഷയത്തിലും ബന്ധപ്പെട്ടവര്‍ കൂടിയാലോചിച്ചാല്‍ ലളിതവും പ്രയോജനപ്രദവുമായ കൃഷികള്‍ പോലുള്ള കാര്യങ്ങള്‍ സജീവമായി എല്ലാവരുടെയും സഹകരണത്തോടെയും അവര്‍ക്ക് ന്യായമായ കൂലി നല്‍കിക്കൊണ്ടും നടത്താന്‍ കഴിയും.
ലോക നേതൃത്വത്തില്‍ തന്നെ നില്‍ക്കുന്ന ഇന്ത്യാ മഹാരാജ്യത്തിലെ വലിയൊരു വിഭാഗം ഇത്ര സുവര്‍ണ്ണമായ സാഹചര്യത്തിലും അവര്‍ക്ക് ലോകനേതൃത്വത്തിന് യാതൊരു അര്‍ഹതയുമില്ലെന്ന് വിളിച്ചറിയിച്ചിരിക്കുകയാണ്. പടച്ചവന്‍ അവര്‍ക്ക് അധികാരവും സമ്പത്തും നല്‍കി. അതില്‍ പല കുഴപ്പങ്ങളും അവര്‍ കാട്ടിക്കൂട്ടി. എന്നാല്‍ അതെല്ലാം തിരുത്തി കുറിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമായിരുന്നു കൊറോണ വൈറസിന്‍റെ ആഗമനം. എന്നാല്‍ ഈ സുവര്‍ണ്ണാവസരത്തെ കൊള്ളയടിക്കാനുള്ള ദുരുദ്ദേശം വന്നപ്പോള്‍ നിരപരാധികളെ വേട്ടയാടാനും അപവാദങ്ങള്‍ പ്രചരിപ്പിക്കാനും പരിശ്രമിച്ചു. എന്നാല്‍ അക്രമിക്കപ്പെട്ട സാധുക്കളില്‍ ഒരു വിഭാഗം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാനും സേവന സഹായങ്ങള്‍ ചെയ്യാനും മുന്നിട്ടിറങ്ങിയപ്പോള്‍ ചരിത്രം അത്ഭുതപ്പെട്ടു. റമദാന്‍ മാസത്തിലെ കഠിനമായ ചൂടും വിശപ്പും ദാഹവും സ്വന്തം ദാരിദ്ര്യവും പരിഗണിക്കാതെ അവര്‍ ജാതി-മത വ്യത്യാസമില്ലാതെ ജനങ്ങളെ സഹായിക്കാന്‍ തയ്യാറായി. റെയില്‍വെ ലൈനിന്‍റെ ഓരം പറ്റി വീടിന്‍റെ മേല്‍ക്കൂര മറയ്ക്കാന്‍ തുണി പോലുമില്ലാതെ കഴിഞ്ഞ സാധുക്കള്‍ക്ക് പെരുന്നാള്‍ പലഹാരം വിതരണം ചെയ്യാന്‍ പോയ സഹോദരങ്ങള്‍ കണ്ടത്, ആ സാധുക്കള്‍ ബിരിയാണിയും തണുത്ത ജലവും യാത്രികര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ്. അതെ, ഇത് മസ്ജിദിന്‍റെ പ്രേരണയുടെ ഫലം മാത്രമാണ്. ഒന്നുമില്ലാത്തവരെ കൊണ്ട് പാവപ്പെട്ട മസ്ജിദുകള്‍ ഇത്രയും ചെയ്യിച്ചെങ്കില്‍, നമ്മുടെ സമ്പല്‍ സമൃദ്ധമായ മസ്ജിദുകളിലൂടെ നമുക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കും.? ആകയാല്‍ നാം പടച്ചവന്‍റെ വീടുകളിലേക്ക് മടങ്ങുക, അതിന്‍റെ തണലില്‍ ഇരുന്ന് ആത്മാര്‍ത്ഥമായി കൂടിയാലോചനകള്‍ നടത്തുക. കഴിവിന്‍റെ പരമാവധി പരിശ്രമങ്ങള്‍ ചെയ്യുക. പടച്ചവന്‍ നമ്മെ ഇരുലോകത്തും ഉയര്‍ത്തുന്നതാണ്.
പരിശുദ്ധ ഖുര്‍ആന്‍ സൂറത്ത് യൂസുഫില്‍ യൂസുഫ് നബി (അ) യുടെ വിശദമായ സംഭവം വിവരിക്കുന്നുണ്ട്. ഇതിന്‍റെ പ്രാരംഭ ഭാഗം ഇഖാമത്തുസ്വലാത്തും തുടര്‍ന്നുള്ള ഭാഗങ്ങള്‍ മുഴുവന്‍ ഇഖാമത്തുസ്വലാത്തോട് കൂടിയുള്ള ഈതാഉസ്സകാത്തുമാണ്. അന്നത്തെ ലോക ശക്തിയായിരുന്ന ഈജിപ്റ്റിലും പരിസരത്തും കനത്ത ക്ഷാമം വരുമെന്ന് തിരിച്ചറിഞ്ഞ യൂസുഫ് നബി (അ) അക്രമികളെയും സ്നേഹിതരെയും വേര്‍തിരിക്കാതെ സഹായിക്കാന്‍ സന്നദ്ധനായി. പടച്ചവന്‍ നല്‍കിയ കഴിവും അറിവും വെച്ച് ഏഴ് വര്‍ഷം യുദ്ധകാലാടിസ്ഥാനത്തില്‍ പരിശ്രമങ്ങള്‍ ചെയ്തു. ഇതിലൂടെ ജാതി മത വ്യത്യാസമില്ലാതെ ജനങ്ങളെ മുഴുവന്‍ സഹായിക്കുകയും അവരെ നന്മകളിലേക്ക് ക്ഷണിക്കുകയും നയിക്കുകയും ചെയ്തു. കൂടാതെ ഒരു ഭാഗത്ത് സ്വയം ഉന്നതങ്ങളിലേക്ക് ഉയര്‍ന്നു. മറുഭാഗത്ത് സ്വന്തം കുടുംബത്തെയും ഉയര്‍ത്തുകയുണ്ടായി. സംഭവത്തിന്‍റെ പാരമ്യത്തില്‍ യൂസുഫ് നബി (അ) പറഞ്ഞ വാക്കുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: തീര്‍ച്ചയായും ഭയഭക്തിയും സഹനതയും ആരെങ്കിലും മുറുകെ പിടിച്ചാല്‍ അല്ലാഹു നന്മ നിറഞ്ഞവരുടെ പ്രതിഫലം പാഴാക്കുന്നതല്ല.!
ചുരുക്കത്തില്‍ ചരിത്ര പ്രാധാന്യമുള്ള ഒരു മുഹൂര്‍ത്തത്തിലെത്തിയിരിക്കുന്ന മാനവചരിത്രം മസ്ജിദുകളെ പ്രതീക്ഷയോടെ നോക്കുകയാണ്. പ്രവാചകന്മാരുടെ മഹനീയ മാതൃക സ്വീകരിച്ച് മസ്ജിദ് നായകരായ പണ്ഡിതരും ഭാരവാഹികളും വക്താക്കളും ചരിത്രത്തിന്‍റെ ദുഃഖ-ദുരിതങ്ങള്‍ക്ക് പരിഹാരമാകുമോ, അനാവശ്യവും അപ്രധാനവുമായ കാര്യങ്ങളില്‍ കുടുങ്ങി ഒന്നാം തരം അവസരം കളഞ്ഞുകുളിക്കുമോയെന്ന ആകാംക്ഷയിലുമാണ്. നാം ഓരോരുത്തരുടെയും ഉദ്ദേശ-ലക്ഷ്യങ്ങളും കര്‍മ്മ സ്വഭാവങ്ങളുമായിരിക്കും ഇതിന് ശരിയായ ഉത്തരം നല്‍കുക.!
----------------------------
മസ്ജിദുകള്‍ മാനവികതയ്ക്ക് ഐശ്വര്യവും മാര്‍ഗ്ഗ ദര്‍ശനവും.
- മുഫ്തി മുഹമ്മദ് അഷ്റഫ് ഖാസിമി
https://swahabainfo.blogspot.com/2020/05/blog-post_54.html?spref=tw
മസ്ജിദുകള്‍ നമസ്കാര-സകാത്തുകളുടെ കേന്ദ്രം.
-മൗലാനാ സജ്ജാദ് നുഅ്മാനി.
https://swahabainfo.blogspot.com/2020/05/blog-post_94.html?spref=tw
മസ്ജിദുകളുടെ പ്രാധാന്യം.!
-മുഫ്തി സഫീറുദ്ദീന്‍ മിഫ്താഹി
(സ്വദര്‍ മുഫ്തി, ദാറുല്‍ ഉലൂം ദേവ്ബന്ദ്/മുന്‍ ചെയര്‍മാന്‍, ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി)
https://swahabainfo.blogspot.com/2020/05/blog-post_31.html?spref=bl
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment