Monday, June 1, 2020

ഐശ്വര്യപൂര്‍ണ്ണമായ വിവാഹം. ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ ഖാസിം ഇമാം മസ്ജിദുന്നബീ ശരീഫ് വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഐശ്വര്യപൂര്‍ണ്ണമായ
വിവാഹം. 
ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ ഖാസിം
ഇമാം മസ്ജിദുന്നബീ ശരീഫ് 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_87.html?spref=bl 
കുടുംബം സമൂഹത്തിന്‍റെ അടിത്തറയാണ്. അതില്‍ നിന്നാണ് സമുദായങ്ങളും വിഭാഗങ്ങളും വിട്ടുപിരിയുന്നത്. കുടുംബത്തിന്‍റെ നാരായ വേര് ഇണകളാണ്. അല്ലയോ ജനങ്ങളേ, ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും നിങ്ങളെ നാം പടച്ചു. നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് നിങ്ങളെ ജനതകളും ഗോത്രങ്ങളുമായി നാം വീതിച്ചു. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും കൂടുതല്‍ ഭയഭക്തിയുള്ളവനാണ്. തീര്‍ച്ചയായിട്ടും അല്ലാഹു എല്ലാം അറിയുന്നവനും. സൂക്ഷ്മജ്ഞാനിയുമാകുന്നു.  (ഹുജറാത്ത് 13). അടിമകളുടെ ഇഹപര വിജയങ്ങളില്‍ അധിഷ്ടിതമായ ഇസ്ലാമിക ശരീഅത്ത് വിവാഹത്തിലൂടെ ജീവിതത്തെ പരിശുദ്ധമായി നിലനിര്‍ത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: യുവ സമൂഹമേ, നിങ്ങളില്‍ വൈവാഹിക ജീവിതത്തിന് കഴിവുള്ളവര്‍ വിവാഹം കഴിച്ചുകൊള്ളട്ടെ. അത് കണ്ണിനെ നിയന്ത്രിക്കുന്നതും ഗുഹ്യഭാഗത്തെ സംരക്ഷിക്കുന്നതുമാണ്. ഇതിന് കഴിവില്ലാത്തവന്‍ നോമ്പ് പതിവാക്കട്ടെ. നോമ്പ് ജീവിതത്തിന് പരിചയാണ് (ബുഖാരി, മുസ്ലിം).
സമുന്നത സ്വഭാവവും ശാന്തതയുമുള്ളവരും ശബ്ദകോലാഹലങ്ങള്‍ നടത്താത്തവരും ഉപദ്രവങ്ങള്‍ ചെയ്യാത്തവരുമായ സുകൃത വനിതകളെ ഇണയായി തെരഞ്ഞെടുക്കാന്‍ ദീന്‍ പ്രേരിപ്പിക്കുന്നു. വരന്‍റെ വിഷയത്തില്‍ മത ബോധവും സ്വഭാവ രീതികളും ശ്രദ്ധിക്കണമെന്നും ഉണര്‍ത്തുന്നു. വധൂവരന്മാരുടെ രഹസ്യങ്ങളെക്കുറിച്ച് ചോദിക്കാമെന്നും ചോദിക്കപ്പെടുന്നവര്‍ വിശ്വസ്തതയോടെ കാര്യങ്ങള്‍ പറയണമെന്നും ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. ന്യൂനതകല്‍ മറച്ചുവെക്കുന്നതും ഇല്ലാത്ത നന്മകള്‍ പറയുന്നതും ഒരുതരം വഞ്ചനയാണ്. 
ഒരു വിവാഹലോചന നടത്താന്‍ ഉറപ്പിച്ചാല്‍ ഈ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിന്‍റെ സമക്ഷത്തില്‍ അവരെ കാണുന്നത് അനുവദനീയമാണ്. തദവസരം അലങ്കാര പ്രകടനങ്ങള്‍ കാട്ടാനും പാടില്ല. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ഒരു സ്ത്രീയെ വിവാഹലോചന നടത്തുമ്പോള്‍ അവരുടെ വിവാഹത്തിലേക്ക് പ്രേരിപ്പിക്കുന്ന വല്ലതും കാണാന്‍ കഴിയുമെങ്കില്‍ കാണേണ്ടതാണ്. (അബൂദാവൂദ്). വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ തനിച്ചിരിക്കാനും ഫോണിലൂടെ ബന്ധപ്പെടാനും പരസ്പരം മോതിരം ധരിപ്പിക്കാനും സ്പര്‍ശിക്കാനും ഒരുമിച്ച് യാത്ര ചെയ്യാനും പാടില്ല. ഇവ പാപവും പിശാച് വഴിപിഴപ്പിക്കാന്‍ ഉപയോഗിക്കുന്ന കാര്യങ്ങളുമാണ്. ഇത്തരം തിന്മകള്‍ കാരണം ധാരാളം സുന്ദര സ്വപ്നങ്ങള്‍ തകര്‍ന്നുപോയിട്ടുണ്ട്. 
ഇസ്ലാം നീതിയുടെയും കാരുണ്യത്തിന്‍റെയും മതമാണ്. യുവാക്കളോട് വിവാഹം കഴിക്കാന്‍ കല്‍പ്പിക്കുകയും മാന്യമായ മഹ്ര്‍ നല്‍കാനും ചിലവുകള്‍ ചുരുക്കാനും പരിപാടികള്‍ ലളിതമാക്കാനും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. റസൂലുല്ലാഹി (സ) അരുളി: ചിലവ് ചുരുങ്ങിയ വിവാഹമാണ് ഏറ്റവും കൂടുതല്‍ ഐശ്വര്യമുള്ളത്. മറ്റൊരിക്കല്‍ അരുളി: ചിലവ് കുറഞ്ഞ സ്ത്രീകളാണ് ഐശ്വര്യം കൂടിയ സ്ത്രീകള്‍. (അഹ്മദ്). സഹാബികളിലെ സമ്പന്നര്‍ മഹ്റില്‍ പോലും വര്‍ദ്ധനവ് വരുത്തിയില്ല. അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ) ന്‍റെ ലളിതമായ വിവാഹത്തെക്കുറിച്ചറിഞ്ഞ റസൂലുല്ലാഹി (സ) ഇപ്രകാരം പ്രാര്‍ത്ഥിച്ചു: അല്ലാഹു താങ്കളുടെ കുടുംബത്തിലും സമ്പത്തിലും ഐശ്വര്യം ചൊരിയട്ടേ (ബുഖാരി). എന്നാല്‍ മഹ്ര്‍ സ്ത്രീയുടെ അവകാശമാണ്. അത് പൂര്‍ണ്ണമായി അവര്‍ക്ക് നല്‍കപ്പെടേണ്ടതും അവരുടെ മാതാപിതാക്കളോ ബന്ധുക്കളോ അതില്‍ കൈ കടത്താന്‍ പാടില്ലാത്തതുമാകുന്നു. (നിസാഅ് 4).
സ്ത്രീയുടെ അലങ്കാരം അവരുടെ മറയാണ്. അവരുടെ തിളക്കം ലജ്ജയിലാണ്. അവരുടെ മഹിമ പാതിവൃത്യത്തിലാണ്. അതുകൊണ്ടുതന്നെ സ്ത്രീ മറഞ്ഞിരിക്കണമെന്ന് ഇസ്ലാം കല്‍പ്പിക്കുന്നു. ചില സ്ത്രീകള്‍ സന്തോഷ വേളകളില്‍ നഗ്നത വെളിവാക്കുകയും മറ്റുചിലര്‍ ഇറുകിയ വസ്ത്രം ധരിക്കുകയും  വേറെ ചിലര്‍ നിറം വ്യക്തമാക്കുന്ന മയമായ വസ്ത്രം ധരിക്കുകയും ചെയ്യുന്നു. പലരും തല മറക്കാറില്ല. ഇത് പിശാച് അലങ്കരിച്ചുകൊടുക്കുന്ന പാപങ്ങളാണ്. ഭര്‍ത്താവ് അല്ലാത്ത അടുത്ത ബന്ധുക്കളുടെ മുന്നില്‍ പോലും വീട്ടില്‍ നിര്‍ബന്ധിതമായി തുറന്നുപോകുന്ന ഭാഗങ്ങള്‍ മാത്രമേ പ്രകടമാക്കാവൂ. വീടിന് പുറത്ത് സ്ത്രീകളുടെ മുന്നില്‍ പോലും ഇതിനേക്കാള്‍ കൂടുതല്‍ ഒന്നും പ്രകടമാക്കാന്‍ പാടില്ല. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ഭര്‍ത്താവിന്‍റെ വീട്ടില്‍ അല്ലാതെ വസ്ത്രം അഴിച്ചുവെച്ചാല്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ മറയെ അവര്‍ കീറിക്കളഞ്ഞിരിക്കുന്നു. (ഹാകിം). 
ഇസ്ലാമിക സംസ്കാരം ധൂര്‍ത്തിലും പിശുക്കിനും ഇടയില്‍ മധ്യമമാണ്. വിവാഹം പരസ്യപ്പെടുത്തണം  പക്ഷേ നിഷിദ്ധമായ കാര്യങ്ങളൊന്നും കാട്ടിക്കൂട്ടാന്‍ പാടില്ല. വസ്ത്രത്തിലും അലങ്കാരത്തിലും ആര്‍ഭാടത്തിലും ചിലര്‍ മത്സരിക്കാറുണ്ട്. ഒരു ഗുണവും ഇല്ലാത്ത പ്രശസ്തിക്കും മറ്റുള്ളവരെ കാണിക്കാനും വേണ്ടി സമ്പത്തും സമയങ്ങളും നശിപ്പിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: ഒരു വ്യക്തി വളരെ കൂടിയ വസ്ത്രത്തില്‍ നടക്കുകയായിരുന്നു. അയാളെക്കുറിച്ച് അയാള്‍ക്കുതന്നെ അത്ഭുതമുണ്ടായി. അയാള്‍ മുടിചീകിയിട്ട് അഹന്തയോടെ നടക്കുകയായിരുന്നു. അയാള്‍ അഹന്തയോടെ നടന്നപ്പോള്‍ അല്ലാഹു അയാളെ ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. ലോകാവസാനം വരെ അയാള്‍ ഭൂമിയില്‍ ആണ്ടുകൊണ്ടിരിക്കുന്നതാണ്. (ബുഖാരി, മുസ്ലിം). 
അലങ്കാരം, വസ്ത്രം, മുടി എന്നിവയില്‍ വിരക്തര പുലര്‍ത്തുന്നവരാണ് മുസ്ലിം സ്ത്രീകള്‍. പുരുഷന്മാരോടോ നിഷേധികളോടോ അവര്‍ സാദൃശ്യരാകുന്നതല്ല. പുരുഷന്മാരോട് സാദൃശ്യത കാട്ടുന്ന സ്ത്രീകളെ റസൂലുല്ലാഹി (സ) ശപിച്ചിരിക്കുന്നു. സ്ത്രീയുടെ മഹത്വവും അഭിമാനവും സ്ത്രീത്വമാണ്. ഇതിന് വിരുദ്ധമായവയെ അനുകരിക്കുന്നത് സത്രീത്വത്തെയും സ്ത്രീകളുടെ പ്രത്യേകതകളെയും സര്‍വ്വോപരി പടച്ചവന്‍റെ തത്വദീക്ഷയും അവഗണിക്കലാണ്. കണ്ണിന് മുകളിലുള്ള പുരികങ്ങള്‍ രക്ഷിതാവിന്‍റെ ഭാഗത്തുനിന്നുള്ള അലങ്കാരമാണ്. ചില സ്ത്രീകള്‍ അതിനെ പറിച്ചുമാറ്റുകയും മുഖപ്രസന്നതയും സൗന്ദര്യവും നശിപ്പിക്കുകയും ചെയ്യുന്നു. പുരിക രോമങ്ങളെ നീക്കം ചെയ്യുന്നവരെ റസൂലുല്ലാഹി (സ) ശപിച്ചിരിക്കുന്നു. (ബുഖാരി, മുസ്ലിം). 
ആഘോഷ വേളകളില്‍ പലരും പരിധി ലംഘിക്കുകയും അനിസ്ലാമിക രീതികള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വിവാഹ വേളകളിലും മറ്റും അന്യസ്ത്രീ-പുരുഷന്മാര്‍ പരസ്പരം കാണുന്നതും അന്യസ്ത്രീകള്‍ക്കിടയിലേക്ക് വരന്‍ കടന്നുവരുന്നതും വധൂവരന്മാര്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഇരുന്ന് അന്യസ്ത്രീ-പുരുഷന്മാരെ പരസ്പരം കണ്ടുകൊണ്ടിരിക്കുന്നതും നിന്ദ്യമായ പാപമാണ്. റസൂലുല്ലാഹി (സ) അരുളി: പുരുഷന്മാര്‍ അന്യസ്ത്രീകള്‍ക്ക് അരികിലേക്ക് പോകാന്‍ പാടില്ല. (ബുഖാരി, മുസ്ലിം). നവദമ്പതികള്‍ സ്ത്രീകള്‍ക്കിടയില്‍ ഇരിക്കുന്നത് നാശകരമായ അനുകരണമാണ്. ഇതിന്‍റെ പ്രേരകം മനോച്ഛയും ബാഹ്യപ്രകടനവും, ഫലം പരാജയവുമാണ്. സ്ത്രീകള്‍ക്ക് മുമ്പില്‍ ഇരിക്കുന്ന ദമ്പതികളെ നോക്കിക്കൊണ്ട് സ്ത്രീകളുടെ മനസ്സില്‍ ഉയരുന്ന വികാര വിചാരങ്ങള്‍ എന്തെല്ലാമായിരിക്കും?. അവരുടെ സൗന്ദര്യത്തില്‍ അസൂയപ്പെടുന്നവരും സൗന്ദര്യക്കുറവില്‍ സന്തോഷിക്കുന്നവരും ഉണ്ടായിരിക്കില്ലേ? ഫാത്തിമ (റ) പ്രസ്താവിക്കുന്നു: ഉത്തമ സ്ത്രീകള്‍ പുരുഷന്മാരെ കാണുകയോ പുരുഷന്മാര്‍ അവരെ കാണുകയോ ഇല്ല. 
വിവാഹ വേളയില്‍ വധുവിനെ നെറ്റ് ധരിപ്പിക്കുന്നത് അനിസ്ലാമികതയാണ്. ആട്ടും പാട്ടും പടച്ചവനില്‍ നിന്നും അകറ്റുന്നതും മനസ്സ് കഠിനമാക്കുന്നതുമാണ്. വിവാഹ രാവുകളില്‍ ഗാനമേളകള്‍ നടത്തുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹത്തോട് കാട്ടുന്ന നന്ദികേടും പാപവും ദൂര്‍ത്തുമാണ്. പ്രധാന രാവുകളില്‍ പടച്ചവന്‍റെ കാരുണ്യം പെയ്തിറങ്ങുന്ന നിമിഷങ്ങളില്‍ കുടുംബ മിത്രങ്ങള്‍ ഗാനമേളകളില്‍ മുഴുകുന്നത് എത്രമാത്രം നിന്ദ്യമാണ്. പാപകരമായ കാര്യങ്ങളില്‍ ഉള്ള പരിപാടികളില്‍ മുസ്ലിംകള്‍ പങ്കെടുക്കാന്‍ പാടില്ല. ഇമാം ഔസാഈ (റ) പ്രസ്താവിക്കുന്നു: തബലയും ഗാനോപകരണങ്ങളുമുള്ള വിവാഹ സല്‍ക്കാരങ്ങളില്‍ പോകാന്‍ പാടില്ല. എന്നാല്‍ അനുവദനീയമായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ദഫ് മുട്ടാവുന്നതാണ്. 
അന്യ സ്ത്രീ-പുരുഷന്മാരുടെ ഫോട്ടോകള്‍ എടുക്കുന്നതും കാണുന്നതും പടച്ചവന്‍റെ ശാപവും കോപവും ഉണ്ടാക്കുന്നതാണ്. വിശിഷ്യാ സ്ത്രീകളുടെ ചിത്രങ്ങള്‍ വലിയ നാശ-നഷ്ടങ്ങള്‍ ഉണ്ടാക്കുകയും കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നതാണ്. വിവേക ശാലികള്‍ ഇണകളെയും പെണ്‍മക്കളെയും ഫോട്ടോയുടെ സ്ഥാനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതാണ്. 
ആഹാരപാനിയങ്ങളില്‍ മധ്യനില പുലര്‍ത്തുന്നതും ആഹാരം പാഴാക്കാതിരിക്കുന്നതും ലോകാനുഗ്രഹി (സ) യുടെ മാതൃകയും മഹത്വത്തിന്‍റെ അടയാളവുമാണ്. ഉമ്മുല്‍ മുഅ്മിനീന്‍ സഫിയ്യാ (റ) സ്വന്തം വിവാഹത്തെക്കുറിച്ച് വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഒരു ഭാര്യയെ വിവാഹം കഴിച്ചപ്പോള്‍ രണ്ട് മുദ്ദ് ഗോതമ്പാണ് വലീമ (വിവാഹ സല്‍ക്കാരം) ക്ക് ചിലവഴിച്ചത്. വിവാഹ വേളകളില്‍ മനസ്സ് തുറന്ന് ചിലവഴിക്കുന്നതും നന്മയുടെ വഴികളില്‍ വലിയ പിശുക്ക് കാട്ടുന്നതും എന്തിന്‍റെ അടയാളമാണ്? നിശ്ചയം അച്ചാരം, വിവാഹം, കൂട്ടിക്കൊണ്ട് പോക്ക് എന്നിങ്ങനെ പല പരിപാടികള്‍ നടത്തി ഓരോന്നിലും ആഹാര പാനിയങ്ങള്‍ ധാരാളം ഉണ്ടാക്കുകയും പാഴാക്കുകയും ചെയ്യുന്നത് പാപമായതിനോട് കൂടി വരന്‍റെ സാമ്പത്തിക അവസ്ഥ തകര്‍ക്കുന്നതുമാണ്. ഉത്തമമായ ഒരു വൈവാഹിക ജീവിതവും കുടുംബ സങ്കല്‍പ്പവും മുന്നില്‍ കണ്ടുകൊണ്ട് ജീവിത യാത്ര ആരംഭിക്കുന്ന ഏതെങ്കിലും പുരുഷന്‍ അമൂല്യമായ സമ്പത്തിനെ വിവിധ പരിപാടികള്‍ പറഞ്ഞ് പാഴാക്കുമോ? വിവാഹത്തിന് ശേഷം ഓരേ ഒരു വലിമ സല്‍ക്കാരം നടത്തുന്നത് ഇണകള്‍ക്കും ബന്ധുമിത്രങ്ങള്‍ക്കും എല്ലാവര്‍ക്കും പ്രിയങ്കരവും എളുപ്പവും സുരക്ഷിതവുമാണ്. ഈ സല്‍ക്കാരം രാത്രിയാണ് ഉത്തമമെങ്കിലും രാത്രി നീളാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. റസൂലുല്ലാഹി (സ) ഇശാക്ക് ശേഷം സംസാരിക്കുന്നത് വെറുത്തിരുന്നു (ബുഖാരി). സന്തോഷത്തിനുവേണ്ടി ഉറക്കം കളയുന്നത് മോശമാണ്. 
സഹോദരങ്ങളേ, ഭയഭക്തിയുടെമേല്‍ കുടുംബമാകുന്ന കെട്ടിടത്തെ പണിതുയര്‍ത്തുക. അത് സുന്ദരവും ലാഭകരവുമാണ്. പാപങ്ങള്‍ കൊണ്ട് വിവാഹത്തെ മൂടുന്നവര്‍ പരാജയത്തെ വിളിച്ചുവരുത്തുകയാണെന്ന് അറിയുക. നാമും നമ്മുടെ കുടുംബ മിത്രങ്ങളും വിവാഹത്തിലേക്ക് കടക്കുമ്പോള്‍ പാപങ്ങളുടെ തീജ്വാലകളില്‍ ആണോ നന്മകളുടെ പുഷ്പങ്ങള്‍ക്കിടയിലാണോ നിലയുറപ്പിക്കേണ്ടത് എന്ന് ആലോചിക്കുക. വിശിഷ്യാ വിവാഹത്തിന്‍റെ ആദ്യരാവുകള്‍ നന്മകള്‍ കൊണ്ട് നിറക്കാനും പാപങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഫുളൈലുബ്നു ഇയാള് (റ) പ്രസ്താവിക്കുന്നു: ഞാന്‍ വല്ലപാപവും പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ പ്രതിഫലനം എന്‍റെ ഇണയിലും മൃഗത്തിലും ഞാന്‍ അനുഭവിക്കുന്നതാണ്. പാപങ്ങള്‍ കാര്യങ്ങളെ ഞെരുക്കമാക്കുകയും ഇണകളുടെ മനസ്സുകള്‍ അകറ്റുകയും ചെയ്യുന്നതാണ്. നന്മകള്‍ കൂടുന്നതിന് അനുസരിച്ച് സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. 
വിവാഹവേളകളിലുള്ള പാപങ്ങളുടെ അടിസ്ഥാന കാരണം അറിവും ബോധവും ഇല്ലായ്മയാണ്. പലര്‍ക്കും വിവാഹത്തിന്‍റെ യാഥാര്‍ത്ഥ്യം തന്നെ അറിയില്ല. കുറേ ആഹാരം കഴിക്കലും പൊതുവസ്ത്രങ്ങള്‍ ധരിക്കലും മാത്രമാണ് വിവാഹമെന്ന് പലരും കരുതുന്നു. എന്നാല്‍ കാര്യം അങ്ങനെയല്ല, വിവാഹം എന്നാല്‍ വളരെ ബലിഷ്ഠമായ ഒരു കരാറിലൂടെ നമ്മുടെ അടുത്ത രണ്ടുപേര്‍ ഒന്നായിച്ചേരുകയും പുതിയ ഒരു പരമ്പരക്കും ജീവിതത്തിനും തുടക്കം കുറിക്കലാണ്. ഇതില്‍ പാപങ്ങളുടെ യാതൊരു കലര്‍പ്പുമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയത്തില്‍ ഏറ്റവും വലിയ ഉത്തരവാദിത്വം മുതിര്‍ന്ന മാതാപിതാക്കള്‍ക്കാണ്. വിവാഹ വേളകളില്‍ പാപങ്ങളുടെ അഴിഞ്ഞാട്ടമുണ്ടാകാതിരിക്കാന്‍ മുതര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കീഴിലുള്ളവര്‍ മുതിര്‍ന്നവരെ അനുസരിക്കാനും പടച്ചവനിലേക്ക് അടുക്കാനും പരിശ്രമിക്കണം. വിശിഷ്യാ സ്ത്രീകളിലെ മുതിര്‍ന്നവര്‍ മറ്റുസ്ത്രീകളെ നന്മകളിലേക്ക് നയിക്കേണ്ടതാണ്. ഇന്ന് എന്തെങ്കിലും നന്മകള്‍ ചെയ്യാനുള്ള സമയമാണ്, വിചാരണയില്ല. നാളെ വിചാരണയുണ്ടാകും നന്മകള്‍ ഒന്നും ചെയ്യാന്‍ അവസരമുണ്ടാകില്ല. അല്ലാഹു അറിയിക്കുന്നു: നന്മകള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലം പ്രവര്‍ത്തിക്കുന്നവന് തന്നെയാണ്. തിന്മകളുടെ ഫലം തിന്മ പ്രവര്‍ത്തിക്കുന്നവന് തന്നെയാണ്. താങ്കളുടെ രക്ഷിതാവ് അടിമകളോട് ഒരു അക്രമവും ചെയ്യുന്നവനല്ല. (ഫുസ്സിലത്ത് 46).  
സഹോദരങ്ങളേ, ഇസ്ലാം സംസ്കാരത്തിന്‍റെ സമുന്നത സരണിയാണ്. ഇസ്ലാമിക സന്ദേശങ്ങളെ മുറുകെപിടിക്കുന്നത് പുരോഗതിയിലേക്ക് നയിക്കുന്നതാണ്. വിശിഷ്യാ ഐശ്വര്യപൂര്‍ണ്ണമായ വിവാഹവും സന്തോഷകരമായ വൈവാഹിക ജീവിതവും ഉണ്ടായിത്തീരുന്നതാണ്. വിവാഹ വിഷയത്തില്‍ വിവാഹത്തിന് മുമ്പുമുതല്‍ തന്നെ ശ്രദ്ധിക്കണമെന്ന് ഇസ്ലാം ഉണര്‍ത്തുന്നു. മതബോധം, സല്‍സ്വഭാവം, മാന്യത, മര്യാദകള്‍ എന്നിവയാണ് ഒരു വധുവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. സല്‍സ്വഭാവവും ദീനീ ജീവിതവുമാണ് വരന്‍റെ മഹല്‍ ഗുണങ്ങള്‍. ഇത്തരം ഒരു വരന്‍ വിവാഹലോചന നടത്തിയാല്‍ കുടുംബത്തിലെ കാരണവന്മാരുമായി കൂടിയാലോചന നടത്തുകയും സംതൃപ്തമായാല്‍ കുട്ടിയെ കാണുകയും ചെയ്യുക. മനസ്സിന് സംതൃപ്തിയുണ്ടായാല്‍ വിവാഹത്തിലേക്ക് കടക്കുക. വിവാഹ പരിപാടികള്‍ വളരെ മധ്യമമാകാന്‍ ശ്രദ്ധിക്കുക. പേരും പെരുമയും ലക്ഷ്യമിടാതിരിക്കുക. ദൂര്‍ത്ത് ഇല്ലാത്ത ഒരു സല്‍ക്കാരം നടത്തി വൈവാഹിക ജീവിതം ആരംഭിക്കുക. 
ഈ വിഷയങ്ങളില്‍ വധുവും വ്യക്തവും ശക്തവുമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതാണ്. എന്‍റെ കല്യാണത്തില്‍ നിഷിദ്ധമായ കാര്യങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വധു നിര്‍ബന്ധം പിടിക്കേണ്ടതാണ്. ഇസ്ലാമില്‍ വിവാഹം സൂക്ഷ്മവും സരളവും സുന്ദരവുമാണ്. റസൂലുല്ലാഹി (സ) സഫിയ്യാ (റ) യുമായി വിവാഹം നടത്തിയത് യാത്രയിലാണ്. അനസ് (റ) പറയുന്നു: വഴിയില്‍ വെച്ച് എന്‍റെ മാതാവ് ഉമ്മുസുലൈം അവരെ ഒരുക്കി തയ്യാറാക്കി. റസൂലുല്ലാഹി (സ) അവരുമായി വീടുകൂടി! 
അനുയോജ്യരും അര്‍ഹരുമായ ഇണകളെ ലഭിച്ചിട്ടും വിവാഹത്തെ പിന്തിക്കുന്നതും പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാതെ ബുദ്ധിമുട്ടിക്കുന്നതും വളരെ മോശമാണ്. ആദരണീയ മാതാപിതാക്കളേ, നിങ്ങളുടെ മകള്‍ നിങ്ങളുടെ വീട്ടില്‍ നിങ്ങളോടൊപ്പം കഴിയുമ്പോള്‍ അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിങ്ങള്‍ മനസ്സിലാക്കാതെ പോകരുത്. ലജ്ജ കാരണം അവര്‍ മനസ്സില്‍ പലതും മറച്ചുവെക്കുകയും പ്രഭാത പ്രദോഷങ്ങളില്‍ അവര്‍ ദു:ഖിതയായി കഴിയുകയും മറ്റുള്ളവരുടെ വിവാഹ പരിപാടികളിലേക്ക് നോക്കുകയും ചെയ്യുന്നത് നിങ്ങള്‍ മനസ്സിലാക്കുക. സ്ത്രീ പുഷ്പമാണ്. യുവത്വ സമയത്ത് അത് വിടര്‍ന്നിരിക്കും. പിന്നീട് വാടിപ്പോകും. യുവത്വത്തിന്‍റെ തുടക്കത്തില്‍ തന്നെ അവരെ വിവാഹം കഴിപ്പിക്കലാണ് ഏറ്റവും അനുയോജ്യമായത്. തന്‍റെ മകളെയും സഹോദരിയെയും വിവാഹം കഴിക്കാന്‍ നന്മ നിറഞ്ഞവരോട് അഭ്യര്‍ത്ഥിക്കുന്നതില്‍ ഒരു നാണവും മടിയും കാട്ടേണ്ടതില്ല. ഉമര്‍ (റ) ന്‍റെ മകള്‍ ഹഫ്സ (റ) വിധവയായപ്പോള്‍ മഹാനവര്‍കള്‍ ഉസ്മാന്‍ (റ) നോട് വിവാഹത്തിന് താല്‍പ്പര്യം ഉണ്ടോയെന്ന് ചോദിച്ചു. അദ്ദേഹം ആഗ്രഹം ഇല്ലായെന്ന് പറഞ്ഞപ്പോള്‍ അബൂബക്ര്‍ (റ) നോടും തുടര്‍ന്ന് റസൂലുല്ലാഹി (സ) യോടും അപേക്ഷിച്ചു. റസൂലുല്ലാഹി (സ) വിവാഹത്തിന് സന്നദ്ധനായി (ബുഖാരി). വിശിഷ്യാ ദീനീ ബോധവും സല്‍സ്വഭാവുമുള്ള ആളുകള്‍ വിവാഹലോചന നടത്തിയാല്‍ വിവാഹം കഴിച്ചുകൊടുക്കേണ്ടതാണ്. അല്ലാത്തപക്ഷം വലിയ പ്രശ്നങ്ങളും മഹാനാശങ്ങളും ഉണ്ടാകുന്നതാണ്. (തിര്‍മിദി). അതെ, വിജയം സന്മാര്‍ഗ്ഗത്തെ പിന്‍പറ്റുന്നതിലാണ്. ബുദ്ധി നന്മയുടെ കവാടങ്ങളില്‍ നിന്ന് വിജയത്തെ തേടുന്നതിലുമാണ്.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...