തേവലക്കര, പുത്തന്‍സങ്കേതം നവാസ് മൗലവി (38) ക്ക് വേണ്ടി ജനാസ നമസ്കരിക്കുകയും മഗ്ഫിറത്ത്-മര്‍ഹമത്തിനായി ദുആ ചെയ്യുകയും ചെയ്യുക.
-ജഅ്ഫര്‍ സ്വാദിഖ് അല്‍ ഖാസിമി കോട്ടയം
(ചീഫ് ഇമാം, ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത്)
സ്നേഹവും സേവനവും മനോഹരമായി കോര്‍ത്തിണക്കി കേവലം ഒന്നര വര്‍ഷം കൊണ്ട് ചുനക്കരയുടെ ഹൃദയം കവര്‍ന്നെടുത്ത നവാസ് മൗലവി ഇന്ന് നാഥനിലേക്ക് വിലയം പ്രാപിക്കുമ്പോള്‍ ഒരു നാടും സമൂഹവും അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പുകയാണ്. മനസ്സിന്‍റെ വേദന ആര്‍ക്കും നിയന്ത്രിക്കാനാകുന്നില്ല. നിനച്ചിരുന്നില്ല ആരും ഈ അലംഘനീയ വിധിയെ. മധുരവും നിസ്വാര്‍ത്ഥവുമായ പെരുമാറ്റ രീതികള്‍ കൊണ്ട് മര്‍ഹൂം എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ചു പോയിരുന്നു. ആരെക്കണ്ടാലും സംസാരിക്കുകയും സ്നേഹവര്‍ത്തമാനങ്ങള്‍ കൈമാറുകയും ചെയ്യുന്ന നവാസ് മുസ്ലിയാരെ എങ്ങനെ മറക്കാനാകും. കൊച്ചു കുഞ്ഞുങ്ങളോട് പോലും കാണിക്കുന്ന കരുണയും വാത്സല്യങ്ങളും നമ്മെ പലപ്പോഴും അത്ഭുതപ്പെടുത്തി ക്കളഞ്ഞിട്ടുണ്ട്.
ഒരു ഇമാമെന്ന നിലയില്‍ എനിക്ക് ഇത്രയും ആത്മാര്‍ത്ഥതയും സഹകരണവും മനുഷ്യത്വവും നിറഞ്ഞ ഒരു സഹപ്രവര്‍ത്തകനെ ജീവിതത്തിലിന്നേ വരെ ലഭിച്ചിട്ടില്ല. മരണ ശേഷം ഒരു ഭംഗിവാക്കായി കുറിക്കുകയല്ല, ഹൃദയത്തില്‍ ചാലിച്ച് തന്നെ എഴുതട്ടെ: നവാസ് മൗലവി ഒരു അസാധാരണ മനുഷ്യനായിരുന്നു. മസ്ജിദ് സേവകരായ ആലിമീങ്ങളില്‍ നാം പരമ്പരാഗതമായി കണ്ട് വരുന്ന ശൈലികളില്‍ നിന്നും സ്വഭാവഗുണങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തന്‍. സല്‍സ്വഭാവങ്ങളുടെ ഒരു അഴകാര്‍ന്ന പൂര്‍ത്തീകരണം എനിക്ക് ആ സാധുവിന്‍െറ ജീവിതത്തില്‍ മറയില്ലാതെ ആസ്വദിക്കാന്‍ കഴിഞ്ഞു. ആരില്‍ നിന്നും പകരം ആഗ്രഹിക്കാതെ സ്വന്തം മറന്ന് മറ്റുള്ളവരെ സേവിക്കാനുള്ള അര്‍പ്പണ മനസ്സിനെ ഏത് വാക്ക് കൊണ്ട് വിശേഷിപ്പിക്കണം എന്നെനിക്കറിയില്ല. പലപ്പോഴും ഞാന്‍ മനസ്സില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നവാസ് മൗലവി കണ്‍മുന്നിലെത്തിച്ചത് കണ്ട് അവിശ്വസനീയതയോടെ നിന്നിട്ടുണ്ട്.
തേവലക്കര പുത്തന്‍സങ്കേതം കുറ്റിപ്പുറത്ത് വീട്ടില്‍ നവാസ് മൗലവി (38) തിരുവല്ല മുത്തൂറ്റ് പളളിയില്‍ ദീര്‍ഘകാലം സേവനം ചെയ്ത ശേഷം തുകലശ്ശേരി, കോട്ടയം താജ് മസ്ജിദുകളില്‍ അല്‍പകാലം സേവനം ചെയ്തു. തുടര്‍ന്ന് ചാരുംമൂട് മസ്ജിദിലെത്തിയിട്ട് അധികനാളായില്ലെങ്കിലും അനേകവര്‍ഷങ്ങള്‍ നിന്ന പ്രതീതിയാണ് നാട്ടുകാര്‍ക്ക് മുഴുവനും. അത്രയേറെ കര്‍മ്മോത്സുകനും സ്ഥിരോത്സാഹിയും പരോപകാരിയുമായി നിറഞ്ഞ് നില്‍ക്കുകയായിരുന്നു. മഹല്ലിലെ ഓരോരുത്തര്‍ക്കും അവരുടെ കുടുംബാംഗങ്ങളില്‍ ഒരാളുടെ വിയോഗമായിട്ടാണ് ഈ മരണം വേദനിപ്പിക്കുന്നത്. ഭാര്യ ബീവി സബൂറക്ക് നാഥന്‍ അഴകാര്‍ന്ന ക്ഷമനല്‍കി അനുഗ്രഹിക്കട്ടെ. മസ്ജിദിലെ മാടപ്രാവുകളായ വയോധികര്‍ മരണവാര്‍ത്ത കേട്ട് കുഞ്ഞുങ്ങളെപ്പോലെ തേങ്ങിക്കരയുകയായിരുന്നു. ആലിമീങ്ങളുമായി, വിശിഷ്യാ പ്രഗത്ഭ പണ്ഡിതന്മാരുമായി ആത്മബന്ധം സ്ഥാപിച്ചു. ലക്ഷദ്വീപ് സിബ്ഗത്തുല്ലാ തങ്ങള്‍, ഇ.പി അബൂബക്കര്‍ മൗലവി തുടങ്ങിയവരെല്ലാം ഉറ്റമിത്രങ്ങളില്‍പെട്ടവരാണ്. അവര്‍ക്ക് സര്‍വ്വം മറന്ന് സേവനം ചെയ്യുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നില്ല. പലപ്പോഴും മസ്ജിദിലിരുന്ന് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചിരിക്കുമായിരുന്നു. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങള്‍ അയവിറക്കുന്നതിനിടയില്‍ അവിചാരിതമായി വിനീതന്‍ പറഞ്ഞുപോയ പല ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരു വാക്ക് പോലും പറയാതെ എന്‍െറ മുന്നിലെത്തിച്ച് തന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍. പലപ്പോഴും അതിന്‍െറ തുകപോലും സ്വീകരിച്ചിരുന്നില്ല. കണ്ണ് നിറയുകയാണ്, അസാധാരണമായ ആ മനുഷ്യസ്നേഹിയുടെ സ്നേഹം ചൊരിഞ്ഞ നിമിഷങ്ങളോര്‍ക്കുമ്പോള്‍.
ഇബാദത്തിലും അനുകരണീയ മാതൃകതന്നെയെന്ന് പറയാം. ബാങ്ക് വിളി കഴിഞ്ഞാല്‍ സുന്നത്തുകളിലുളള ശ്രദ്ധ, ഇഖാമത്ത് വരെ അവിരാമം തുടരുന്ന ഖുര്‍ആന്‍ പാരായണം, എല്ലാം മധുരമുളള നിനവുകളാണ്. മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹവത്സലനായ അധ്യാപകനായിരുന്നു. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ക്ഷമയോടെ നോട്ട് ബുക്കില്‍ എഴുതി നല്‍കുന്നത് പതിവ് കാഴ്ചകളില്‍ ഒന്നാണ്. അര്‍പ്പണത്തിന്‍െറ ഒരു പ്രകാശം ആ ചലനങ്ങളില്‍ സദാ ദൃശ്യമായിരുന്നു. സ്നേഹിതന്‍െറ ജനാസ മുന്നില്‍ വെച്ച് പുത്തന്‍സങ്കേതം ഇമാം മുഹമ്മദ് സ്വാദിഖ് മൗലവി അല്‍ ഖാസിമി അനുസ്മരിച്ചതിനിടയില്‍ ഒരു നബിവചനം ഉദ്ദരിച്ചു:'ആരെങ്കിലും 12 വര്‍ഷം തുടര്‍ച്ചയായി ബാങ്ക് വിളിച്ചാല്‍ അവന് സ്വര്‍ഗം നിര്‍ബന്ധമാകുന്നതാണ്...'നാഥന്‍ അവന്‍െറ വാഗ്ദാനങ്ങളില്‍ ലംഘനം വരുത്തുകയില്ല. അവന്‍െറ സ്വീകരണം എല്ലാ അര്‍ത്ഥത്തിലും സമുചിതമാകട്ടെ എന്നാര്‍മാര്‍ത്ഥമായി നമുക്ക് നാഥനോട് തേടാം.
മരണത്തിലും പുഞ്ചിരി മായാതെ നവാസ് മുസ്ലിയാര്‍ അനശ്വരനായി കിടക്കുന്നത് കണ്ട എല്ലാവരും കണ്ണീര് തുടക്കാന്‍ നന്നേ പാട് പെട്ടു. വിനീതന് നഷ്ടപ്പെട്ടത് ഹൃദയം പകുത്ത് നല്‍കിയ ആത്മമിത്രമാണ്. കൂടപ്പിറപ്പിനേക്കാള്‍ സ്നേഹം നല്‍കിയ സ്നേഹത്തിന്‍െറ മാലാഘയാണ്. .എനിക്ക് വേണ്ടി ഓടിനടന്ന കഠിനാധ്വാനിയായ ചങ്ങാതിയെയാണ്. ഇമാം-മുഅദ്ദിന്‍ വേര്‍തിരിവ് ചിന്തിക്കാനാവാത്ത വിധം പാരസ്പര്യത്തിന്‍െറ പാശത്തില്‍ ഒന്നാക്കി നിര്‍ത്തിയ നിസ്വാര്‍ത്ഥ സ്നേഹിതനാണ്. എന്‍െറ തൂലിക ബലഹീനമാണ്. എന്‍െറ വിരഹനൊമ്പരങ്ങള്‍ എല്ലാ ഭാഷകള്‍ക്കും മേലെയാണ്. ഈ വരികള്‍ വായിക്കുന്ന സുമനസ്സുകളോട് ഞാന്‍ വിനീതമായി ഒന്നുണര്‍ത്തട്ടെ. നവാസ് മുസ് ലിയാരുടെ കുടുംബം നമുക്ക് മുന്നില്‍ ഒരു ദൃഷ്ടാന്തമാണ്. ഒരു മനുഷ്യസ്നേഹിയുടെ അനാഥകുടുംബത്തെ നാം കൈവിടരുത്. 13 വയസ്സുളള മുഹ്സിന എന്ന മോളും 7 വയസ്സുളള അമീര്‍ എന്ന മോനും ചുനക്കര എന്ന നാടിന്‍െറ പൊന്നോമനകളാണ്. മക്കളെയും വിധവയായ ഭാര്യയെയും ചുനക്കരയുടെ കരുണ നിറഞ്ഞ കരങ്ങളില്‍ നാം ചേര്‍ത്ത് പിടിക്കണം. മാതൃകാവ്യക്തിത്വവും സഹാനുഭൂതിയും നിറഞ്ഞ നവാസ് മൗലവിയെ അദ്ദേഹത്തിന്‍െറ നന്മയുടെ പേരില്‍ നാഥന്‍ അവനിലേക്ക് അണച്ച് പിടിച്ചതാകാം.
പ്രിയരേ, എഴുതുമ്പോള്‍ കൈകള്‍ വിറക്കുന്നുണ്ട്. അദ്ദേഹത്തിന്‍െറ മനഃസാക്ഷിയുടെ ഒരു താക്കോല്‍ ഇമാമായ എന്‍െറ കൈവശവുമുണ്ടായിരുന്നു. ആ ബന്ധം മുന്‍നിര്‍ത്തി പറയുന്നു. നമ്മുടെ പ്രിയങ്കരനായ നവാസ് മൗലവിക്ക് ഭാരിച്ച കടബാധ്യതയും ഉണ്ടായിരുന്നു. പാതിവൃത്യത്തിന്‍െറ അലങ്കാരത്തില്‍ അദ്ദേഹം അത് മറച്ചുപിടിച്ചിരിക്കുകയായിരുന്നു പലപ്പോഴും. നമ്മുടെ നാടിനെ നിസ്വാര്‍ത്ഥമായി സേവിച്ച ആ പണ്ഡിതന് വേണ്ടി നമുക്ക് കലവറയില്ലാതെ കൈകോര്‍ക്കാം. കരുണയുടെ നീരുറവ ചുനക്കരയുടെ മണ്ണില്‍ തടയണയില്ലാതെ പ്രവഹിക്കട്ടെ. ഭൗതിക ലോകത്ത് മനുഷ്യസ്നേഹം കാണിച്ചവരും ഉപകാരികളും മണ്‍മറഞ്ഞ് പോയാല്‍ അവരുടെ കുടുംബത്തെ തത്തുല്യമായ സ്നേഹത്തില്‍ പിറകിലുളളവര്‍ വാരിപ്പുണരുന്നത് കണ്ട് വാനിലെ മാലാഘമാര്‍ രോമാഞ്ചമണിയട്ടെ. അനാഥമക്കളെ പരിപാലിക്കുന്നവനും ഞാനും അന്ത്യനാളില്‍ ഇരുവിരലുകള്‍ പോലെ ചേര്‍ന്നിരിക്കുമെന്നും വിധവകളുടെ ക്ഷേമത്തിന് പരിശ്രമിക്കുന്നവന്‍ ധര്‍മ്മപോരാളിക്ക് തുല്യമാണെന്നും തിരുനബി വചനങ്ങളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അല്ലാഹു ആത്മാര്‍ത്ഥമായി ഇതില്‍ സഹായങ്ങള്‍ ചെയ്യുവാനും അതെല്ലാം പരലോകത്ത് ഉപകരിക്കുന്ന അമലുകളായി മാറുവാനും തൗഫീഖ് ചെയ്യട്ടെ. മര്‍ഹൂം നവാസ് മൗലവിയുടെ പരലോക ജീവിതം നാഥന്‍ സ്വര്‍ഗീയ സുഖങ്ങള്‍ കൊണ്ട് നിറച്ച് കൊടുക്കട്ടെ...ആമീന്‍.
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.!
🔹🔹🔹Ⓜ🔹🔹🔹
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
No comments:
Post a Comment