മൗലാനാ അബ്ദുര്‍റഹീം ഹസ്രത്ത് പള്ളപ്പട്ടി, തമിഴ്നാട്.
അനുസ്മരണം :
മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
(ദാറുല്‍ ഉലൂം ഓച്ചിറ)
മര്‍ഹൂം മഹ് മൂദുല്‍ ഹസന് ഹസ്രത്ത് റഷാദിയുടെ വിയോഗത്തില്‍ വേദനിച്ചിരിക്കുമ്പോഴാണ് ദക്ഷിണേന്ത്യയിലെ സമുന്നത പണ്ഡിതനും ചിന്തകനും പ്രബോധകനും ആത്മീയ നായകനുമായ മൗലാനാ അബ്ദുര്‍റഹീം ഹസ്രത്ത് (റഹ് മത്തുല്ലാഹി അലൈഹി) അല്ലാഹുവിന്റെ റഹ് മത്തിലേക്ക് യാത്രയാകുന്നത്. (ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊന്‍).
ദാറുല്‍ ഉലൂം സബീലുര്‍റഷാദില്‍ നിന്നും ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ചെന്ന് വിജ്ഞാനം നേടി. ശേഷം പ്രധാനമായും സേവനത്തിന് വന്നത് കേരളത്തിലെ അല്‍ ജാമിഅത്തുല്‍ കൗസരിയ്യയിലായിരുന്നു. വളരെ ഭംഗിയായ നിലയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. സുബ്ഹി നമസ്കാരത്തില്‍ സൂറത്തുല്‍ ഫജ്ര്‍ മധുരമായി പാരായണം ചെയ്തിരുന്നത് ഇന്നും ഓര്‍മ്മയില്‍ തിളങ്ങി നില്ക്കുന്നു. കൗസരിയ്യയിലെ നിരവധി വര്‍ഷത്തെ സേവനത്തിന് ശേഷം മൗലാനാ, സ്വന്തം നാട് കൂടിയായ തമിഴ്നാട്ടിലെ പള്ളപ്പട്ടിയില് അല്‍ ജാമിഅ ഉസ്വത്തുന്‍ ഹസന എന്ന ഒരു സ്ഥാപനം സ്ഥാപിച്ചു. വിദ്യാഭ്യാസ വിഷയത്തില്‍ ഗവേഷണാത്മകമായ സമീപനം സ്വീകരിച്ചിരുന്ന മൗലാനാ അവര്‍കള്‍, ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെയും ദാറുല്‍ ഉലൂം നദ്വത്തുല് ഉലമയുടെയും സിലബസുകള്‍ സമന്വയിപ്പിച്ച് കുറഞ്ഞ വര്‍ഷം കൊണ്ട് കുട്ടികളെ പഠിപ്പിക്കുന്ന ഒരു പാഠ്യ പദ്ധതി തയ്യാറാക്കി. പത്താം ക്ലാസ്സ് പാസായ വിദ്യാര്‍ത്ഥികളെയാണ് അതിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ഈ പാഠ്യപദ്ധതി വളരെയധികം വിജയപ്രദമാകുകയും എളിയ സ്ഥാപനമായ ഓച്ചിറ ദാറുല്‍ ഉലൂം അടക്കം വിവിധ സ്ഥാപനങ്ങളില്‍ ഇത് സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. മഹാനവര്‍കളുടെ മദ്റസയില്‍ സ്വദേശികളും വിദേശികളുമായ ധാരാളം ആളുകള്‍ പഠിച്ചിരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ നിന്നും നിരവധി സഹോദരങ്ങള്‍ അവിടെ പഠിച്ച് വിജ്ഞാനം കരസ്ഥമാക്കി. അവിടെ പഠനം പൂര്‍ത്തിയാക്കിയവരെ സാധാരണയായി ജാമിഅ മളാഹിറുല്‍ ഉലൂം സഹാറന്പൂരിലേക്കാണ് അയച്ചിരുന്നത്. വൈജ്ഞാനി ക പ്രവര്‍ത്തനങ്ങളോടൊപ്പം പ്രബോധന പ്രവര്‍ത്തനങ്ങളും സജീവമായി നടത്തിയിരുന്നു. തബ്ലീഗിന്റെ പരിശ്രമം തുടക്കം മുതലേ ചെയ്തിരുന്നു. കൂടാതെ മൗലാനാ കലീം സിദ്ദീഖി, ജനാബ് രിയാള് സാഹിബ് മുതലായവരുമായി ബന്ധപ്പെട്ട് അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പരിശ്രമവും വളരെ നല്ല നിലയില്‍ നടത്തിയിരുന്നു. ഇതോടൊപ്പം ആത്മ സംസ്കരണ മേഖലയിലും വളരെ ശ്രദ്ധയോടെ പങ്കെടുത്തിരുന്നു. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ പ്രധാന ഖലീഫയും ഫതാവാ മഹ് മൂദിയയുടെ ഗ്രന്ഥ കര്‍ത്താവുമായ മൗലാനാ മുഫ്തി മഹ് മൂദുല്‍ ഹസന് ഗന്‍ഗോഹിയുടെ പ്രധാന ഖലീഫയായിരുന്നു. മേല്വിശാരത്തെ ഖാന്ഖാഹില് ഏതാണ്ട് റമദാന് മുഴുവനും ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പുഞ്ചിരിക്കുന്ന മുഖവും വിനയ സ്വഭാവവും മൗലാനായുടെ വലിയൊരു പ്രത്യേകതയായിരുന്നു. ഇങ്ങോട്ട് പറയുന്നതിന് പകരം അങ്ങോട്ട് ഓരോ കാര്യങ്ങളും കേള്‍ക്കുകയും അതിനെ കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ശൈലിയായിരുന്നു മഹാനവര്‍കളുടേത്. ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ അവര്‍കളുമായി വലിയ ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നു. പല ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന മൗലാനാ അവര്‍കള്‍ ഖുര്‍ആന്‍-ഹദീസ്-ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ അഗാഥ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. നിലവില്‍ തമിഴ്നാട്ടിലെ കരൂര്‍ ജില്ലാ ഖാദിയായിരുന്നു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള മുഫ്തി മൗലാനാ സുലൈമാന്‍ കൗസരി, പ്രശസ്ത പ്രഭാഷകന്‍ മൗലവി അഫ്സല് ഖാസിമി കൊല്ലം, പന്തളം ഠൗണ്‍ ജുമുഅ മസ്ജിദ് ഖത്തീബ് ഹാഷിം മൗലവി ഹസനി, കായംകുളം ഫിത്റ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ മൗലവി തമീം ത്വഹ ഹസനി തുടങ്ങിയവര്‍ മൗലാനാ അവര്‍കളുടെ ശിഷ്യഗണങ്ങളില്‍ ചിലര്‍ മാത്രമാണ്. അല്ലാഹു മഹാനവര്‍കള്‍ക്ക് പരിപൂര്‍ണ്ണ മഗ്ഫിറത്ത് മര്‍ഹമത്തുകള്‍ നല്കട്ടെ.! ഉയര്‍ന്ന ദറജകള്‍ കൊടുത്ത് അനുഗ്രഹിക്കട്ടെ.! മഹത്തായ സേവനങ്ങളെ ജാരിയായി നിലനിര്‍ത്തുകയും വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യട്ടെ.! പ്രത്യേകിച്ചും മാതൃകാ സ്ഥാപനമായ അല്‍ ജാമിഅ ഉസ് വത്തുന്‍ ഹസനയെ പടച്ചവന് പരിപൂര്‍ണ്ണമായി സംരക്ഷിക്കുകയും അതിന്റെ ഫലങ്ങള്‍ നിരന്തരം നിലനിര്‍ത്തുകയും കൂടുതല്‍ വ്യാപകമാക്കുകയും ചെയ്യട്ടെ.!
🔹🔹🔹Ⓜ🔹🔹🔹
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്, സ്വഹാബ ഫൗണ്ടേഷന്
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
No comments:
Post a Comment