ഏവര്‍ക്കും സ്വഹാബ ഫൗണ്ടേഷന്‍റെ
ഈദ് ദിന ആശംസകള്‍.!
അടിച്ചമര്‍ത്തപ്പെടുന്ന ഫലസ്തീന്‍ ജനതയ്ക്ക്
ഐക്യദാര്‍ഢ്യം.!
കോവിഡ് മഹാമാരി മുഖേനയും, ഫലസ്തീനിലും മരണപ്പെട്ട സഹോദരങ്ങള്‍ക്ക് പടച്ചവന്‍ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! അതിന്‍റെ പേരില്‍ ദുരിതമനുഭവിച്ചവര്‍, നഷ്ടം സഹിച്ചവര്‍ എല്ലാവര്‍ക്കും അല്ലാഹു നല്ല പകരം നല്‍കട്ടെ.! എല്ലാവിധ പരീക്ഷണങ്ങളും നാഥന്‍ മാറ്റിത്തരട്ടെ.!
കോവിഡ്-ഫലസ്തീന്‍ ദുഃഖ-ദുരിത ബാധിതര്‍ക്ക് ദുആ ഇരന്നുകൊണ്ട്,
സ്വഹാബ ഫൗണ്ടേഷന്‍
ഇസ്റയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്തുകൊണ്ട് നമുക്ക് പെരുന്നാള്‍ ആഘോഷിക്കാം.
-മൗലാനാ സുലൈമാന്‍ അല്‍ കൗസരി
അടിമകള്‍ക്ക് സന്തോഷവും ആനന്ദവും നല്‍കുന്നത് ഉടമസ്ഥനായ അല്ലാഹുവിന് ഏറെ സന്തോഷമുളള കാര്യമാണ്. അടിമകളുടെ ആനന്ദവും സന്തോഷപ്രകടനങ്ങളും അവനിഷ്ടവുമാണ്. അതിനാലാണ് സ്വര്‍ഗ്ഗത്തില്‍ സന്തോഷാനന്ദങ്ങളുടെ സര്‍വ്വ വഴികളും സമ്പൂര്‍ണ്ണമായി ഒരുക്കിയിരിക്കുന്നത്. ഇത് പാരത്രിക ലോകത്തിന്‍റെ മാത്രം പ്രത്യേകതയല്ല; മറിച്ച് ഭൗതിക ലോകത്തും ഇതിന്‍റെ ചില പ്രകടനങ്ങള്‍ അല്‍പ്പം നിശ്ചയിച്ചിട്ടുണ്ട്. പക്ഷെ നിയന്ത്രണ വിധേയമാണെന്ന് മാത്രം. ഈ ലക്ഷ്യ സാഫല്യത്തിനായി അല്ലാഹു വര്‍ഷത്തില്‍ രണ്ട് ആഘോഷ ദിവസങ്ങള്‍ അവന്‍റെ അടിമകള്‍ക്കായി നല്‍കിയിരിക്കുന്നു. അതാണ് രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍.!
പരിശുദ്ധ റമദാനിന്‍റെ വ്രതാനുഷ്ഠാനത്തിന്‍റെയും ഇതര ഇബാദത്തുകളുടേയും പരിസമാപ്തിയായി വന്നെത്തുന്ന ഈദുല്‍ ഫിത്ര്‍. ലോകമെമ്പാടും മുസ്ലിം ആബാലവൃദ്ധം ജനങ്ങള്‍ പരസ്പരം സന്തോഷം പങ്കിട്ട് സൗഹൃദം പുതുക്കി, ഒത്തൊരുമയോടെ, സന്തോഷാധിക്യത്താല്‍ സര്‍വ്വവും നല്‍കി സംരക്ഷിക്കുന്ന സൃഷ്ടാവിന്‍റെ മുമ്പില്‍ സാഷ്ടാംഗം ചെയ്തു സമര്‍പ്പിതരാകുന്നതില്‍ ആനന്ദ പുളകിതരാകുന്നു. ഇതാണ് സന്തോഷത്തിന്‍റെ പരമമായ ലക്ഷ്യവും. സംരക്ഷകനിലേക്ക് അഭയം പ്രാപിക്കുമ്പോഴാണ് സായൂജ്യമടയാന്‍ അവസരം ലഭിക്കുന്നത്. ഈ ലക്ഷ്യ പ്രാപ്തിക്കായിട്ടാണ് പെരുന്നാള്‍ സുദിനത്തില്‍ നാഥന്‍റെ നാമം ഉരുവിട്ട് അവന്‍റെ മുമ്പില്‍ തല കുനിക്കാനും മനസ്സ് തുറന്ന് ആവശ്യമുളളതെല്ലാം അവനോട് ചോദിച്ചു വാങ്ങാനുമായി സര്‍വ്വരും ഒത്തുചേര്‍ന്ന് ഈദ് ഗാഹുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അടിമകള്‍ കുളിച്ച് ശുദ്ധിയായി പുതുവസ്ത്രമണിഞ്ഞ് സുഗന്ധം പൂശി സന്തോഷവാന്‍മ്മാരായി ഈദ്ഗാഹുകള്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ വഴിനീളെ അവരെ സ്വീകരിക്കാനും സ്വാഗതമരുളാനും ആയിരക്കണക്കിന് മലക്കുകളെ അണിനിരത്തി എതിരേല്‍ക്കുന്നത്. സഞ്ചാര പാതയിലെല്ലാം മലക്കുകള്‍ അവരെ ഹസ്തദാനം ചെയ്ത് സന്തോഷവാര്‍ത്തകള്‍ അറിയിക്കുന്നു.
അടിമകളുടെ അല്‍പ്പമായ അമലുകള്‍ സ്വീകരിച്ച് അനന്തമായ അനുഗ്രഹങ്ങള്‍ കനിഞ്ഞരുളി ആഥിത്യമേകുന്ന അല്ലാഹുവിന്‍റെ സമക്ഷത്തിലേക്ക് ആനയിക്കാനാണ് ഞങ്ങളുടെ നിയോഗമെന്ന് വിളിച്ചോതുമ്പോള്‍ മനുഷ്യ സൃഷ്ടിപ്പിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ അവരും സ്വയം കുറ്റബോധത്താല്‍ ലജ്ജിതരായി അടിമകളുടെ സന്തോഷത്തില്‍ പങ്ക് ചേരുകയാണ്. ഇതോടൊപ്പം അവരെ സാക്ഷിയാക്കിത്തന്നെ അടിമകള്‍ക്കെല്ലാം മാപ്പ് നല്‍കിയതായി അല്ലാഹുവിന്‍റെ പ്രഖ്യാപനം കൂടിയാകുമ്പോള്‍ സര്‍വ്വ മനസ്സുകളും സന്തോഷ സാഗരത്തില്‍ ഊളിയിടുന്നതാണ്. അപ്പോഴാണ് അല്ലാഹുവിന്‍റെ അടിമകളോടുളള 'എന്‍റെ അധികാരത്തിലും പ്രതാപത്തിലും അന്തസ്സിലും ഔന്നത്യത്തിലും സത്യമായി നിങ്ങള്‍ പൂര്‍ണ്ണ പാപമോചിതരായി വീടുകളിലേക്ക് മടങ്ങുവിന്‍' എന്ന അറിയിപ്പുണ്ടാകുന്നത്. അപ്പോള്‍ അടിമകള്‍ സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും പാരമ്യതയിലെത്തുന്നു. ഇതാണ് പെരുന്നാള്‍ സുദിനം.
എന്നാല്‍ ഈ അളവറ്റ സന്തോഷത്തെ ചിലയാളുകള്‍ അതിര്‍ലംഘിക്കാനുപയോഗിക്കുന്നു. അങ്ങനെ പെരുന്നാള്‍ നമസ്കാരാനന്തരം അനുവദനീയമല്ലാത്ത തെറ്റുകളില്‍ മുഴുകി അവര്‍ക്ക് നല്‍കപ്പെട്ട സന്തോഷത്തെ അവര്‍ തീരാനഷ്ടത്തിനും നാശത്തിനും കാരണമാക്കുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നവര്‍ മഹാഭാഗ്യവാന്മാര്‍ തന്നെ. ഇതില്‍ കുടുങ്ങിപ്പോകുന്നവര്‍ നഷ്ടവാളികളും. മുസ്ലിം ഉമ്മത്തിന് ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ അല്ലാഹു ഭാഗ്യം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
വ്രതാനുഷ്ഠാനത്തിന്‍റെ പരിസമാപ്തിയുടെ തുടക്കം ഭക്ഷണം കഴിക്കല്‍ കൊണ്ടായിരിക്കണം. അതും മനസ്സിന് ആനന്ദം പകരുന്ന മധുര വസ്തുക്കളും, പഴവര്‍ഗ്ഗങ്ങളും അതില്‍ ഉത്തമമായ ഈത്തപ്പഴമുപയോഗിച്ചാകണമെന്ന് തിരുനബി (സ) പഠിപ്പിക്കുന്നു. കൂടാതെ പെരുന്നാള്‍ ദിനം ആരും ഭക്ഷണമില്ലാത്തവരായി, വസ്ത്രമില്ലാത്തവരായി കാണപ്പെടരുതെന്നുളളതും ഇസ്ലാമിന്‍റെ പ്രത്യേക താല്‍പര്യമാണ്. അതിനായി അല്ലാഹു നടപ്പിലാക്കിയ സംവിധാനമാണ് ഫിത്ര്‍ സകാത്ത്.
ഓരോ വീടുകളിലുമുളള ആളുകളുടെ എണ്ണം കണക്കാക്കി ഗൃഹനാഥന്‍ തന്‍റെ ചിലവില്‍ കഴിയുന്ന മുഴുവന്‍ ആളുകളുടെയും പേരില്‍ ഏകദേശം 1.650 കിലോഗ്രാം തൂക്കം നല്ലയിനം ഗോതമ്പിന്‍റെ വില കണക്കാക്കി അര്‍ഹരായ ആവശ്യക്കാര്‍ക്ക് പെരുന്നാള്‍ നമസ്കാരത്തിന് മുമ്പായി എത്തിച്ചുകൊടുക്കേണ്ടതാണ്. ഇത് ഫിത്ര്‍ സകാത്തിന്‍റെ ഏറ്റവും കുറഞ്ഞ അളവാണ്. ഇതിന്‍റെ ഇരട്ടി (3.300 കിലോഗ്രാം) കാരക്ക, ഉണക്ക മുന്തിരി മുതലായവയുടെ വില കണക്കാക്കി പണമായോ, ഈ വസ്തുക്കള്‍ തന്നെയോ കൊടുക്കാവുന്നതാണ്. സാധിക്കുന്നവര്‍ കൂടുതല്‍ അളവിലുളളത് കൊടുക്കുന്നത് ഉത്തമമാണ്. (ശാഫിഈ മദ്ഹബ് പ്രകാരം 2.400 കിലോഗ്രാം (2.250 എന്നും അഭിപ്രായമുണ്ട്) നാട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമാണ് കൊടുക്കേണ്ടത്).
ഒന്നിലധികം ആളുകളുടെ ഫിത്ര്‍ സകാത്തിന്‍റെ തുക ഒരാള്‍ക്കും കൊടുക്കാവുന്നതാണ്. എന്നാല്‍ ഒരാളുടെ ഫിത്ര്‍ സകാത്തിന്‍റെ തുക പലര്‍ക്കായി അല്‍പ്പമായി വീതിച്ച് നല്‍കുന്നത് ഉചിതമല്ല. എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറി എല്ലാവരും സന്തോഷത്തിലാകാനും നോമ്പുകാരുടെ നോമ്പ് പരിശുദ്ധമാകാനും എല്ലാത്തിലുമുപരി അല്ലാഹുവിന്‍റെ തൃപ്തിയും പ്രീതിയും ലക്ഷ്യമാക്കി ഈ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അളവറ്റ സന്തോഷത്തിന് വക നല്‍കുന്നതാണ്. പൂര്‍ണ്ണ പ്രതിഫലം നേടാന്‍ റബ്ബ് തുണക്കട്ടെ. ആമീന്‍
പെരുന്നാള്‍ സുദിനത്തില്‍.!
-മൗലാനാ മുഹമ്മദ് ഇല്‍സാസ് നദ് വി
(അല്ലാമാ അബുല്‍ ഹസന്‍ നദ് വി അക്കാദമി ബഡ്കല്‍)
ലോകത്തിന്‍റെ നായകന്‍ വിശ്വത്തിന്‍റെ വസന്തം സയ്യിദുല്‍ കൗനയ്ന്‍ ഖാതിമുന്നബിയ്യീന്‍ മുഹമ്മദുര്‍ റസുലൂല്ലാഹ് ﷺ സര്‍വ്വ കാര്യങ്ങളിലും സുന്ദരവും സമ്പൂര്‍ണ്ണവും സരളവുമായ മാതൃകയാണ്. ഇവിടെ ആദരവായ റസുലൂല്ലാഹി ﷺ യുടെ അനുഗ്രഹീത പെരുന്നാളിനെ കുറിച്ചുള്ള ചെറുചിത്രം നല്‍കുകയാണ്. ഇതില്‍ സാധിക്കുന്ന കാര്യങ്ങള്‍ നാം ഓരോരുത്തരും പകര്‍ത്തുക. വിശിഷ്യാ, കൊറോണ വൈറസിന്‍റെ ദുരന്തം കാരണം ദുഃഖിച്ച് കഴിയുന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും മുമ്പാകെ മഹത്തായ ഒരു സ്നേഹോപഹാരമായി ഇത് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
اللَّهُمَّ صَلِّ عَلَى رُوحِ مُحَمَّدٍ فِي الأَرْوَاحِ اللَّهُمَّ صَلِّ عَلَى جَسَدِ مُحَمَّدٍ فِي الأَجْسَادِ اللَّهُمَّ صَلِّ عَلَى قَبْرِ مُحَمَّدٍ فِي الْقُبُورِ
പെരുന്നാള്‍ രാവ്
ഇന്ന് ഈദുല്‍ഫിത്ര്‍ (ചെറിയപെരുന്നാള്‍) രാവാണ്. റസുലുല്ലാഹി ﷺ തന്നെയാണ് ചന്ദ്രപ്പിറ കണ്ടത്. തദവസരം ഇപ്രകാരം ദുആ ഇരന്നു. "അല്ലാഹുവേ, ക്ഷേമവും വിശ്വാസവും സുരക്ഷയും ഇസ്ലാമും കൊണ്ട് ഇതിനെ നീ ഞങ്ങളുടെ മേല്‍ ഉദിപ്പിക്കേണമേ. എന്‍റെയും നിന്‍റെയും പരിപാലകന്‍ അല്ലാഹുവാണ്. (തിര്‍മിദി 3451) തങ്ങള്‍ ഇതുവരെ ഇഅ്തികാഫിലായിരുന്നു. ഇഅ്തികാഫ് അവസാനിപ്പിച്ച് എല്ലാ ഭാര്യമാരെയും സന്ദര്‍ശിച്ചു. ഇശാ നമസ്കാരാനന്തരം ഫിത്ര്‍ സകാത്ത് നല്‍കി. കുട്ടികള്‍, സന്തോഷാഹ്ലാദത്താല്‍ തുള്ളിച്ചാടി. പക്ഷേ, യുവാക്കളിലും, വൃദ്ധരിലും റമദാനില്‍ മുബാറക്കിന്‍റെ വിടവാങ്ങല്‍ കാരണം ദുഃഖവും വ്യസനവും കൂടുതലായി കാണപ്പെട്ടു. റമദാന്‍ കഴിഞ്ഞ്, പെരുന്നാള്‍ ആയി എന്ന പ്രഖ്യാപനം ഉണ്ടായിട്ടും അവരില്‍ അധികപേരും മസ്ജിദില്‍ തന്നെ രാത്രി കഴിച്ചുകൂട്ടി.
സുബ്ഹി നമസ്കാരാനന്തരം
കൃത്യസമയത്ത് സുബ്ഹി നമസ്കാരം നടന്നു. നമസ്കാരാനന്തരം ഉള്ള മജ്ലിസ് ഇന്ന് പെട്ടന്നുതന്നെ അവസാനിച്ചു. തിരുനബി ﷺ വീട്ടില്‍ ചെന്നു. പെരുന്നാളിന്‍റെ കുളി തഹജ്ജുദ് നേരത്തു തന്നെ നടത്തിയിരുന്നു (ഇബിനുമാജ 13, 15). പുതുവസ്ത്രം ധരിച്ചുകൊണ്ട് ഈ ദുആ ചൊല്ലി. "അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. അവന്‍ ഇത് എന്നെ ധരിപ്പിച്ചു. എനിക്ക് യാതൊരു ശേഷിയും ഇല്ലാതിരുന്നിട്ടും ഇത് എനിക്ക് കനിഞ്ഞരുളി (അദ്കാര്‍). ഈദുല്‍ അദ്ഹാക്ക് (വലിയപെരുന്നാള്‍) വിരുദ്ധമായി ഒറ്റയായ ഏതാനും കാരക്കകള്‍ നമസ്കാരത്തിന് മുമ്പുതന്നെ ഭക്ഷിച്ചു. (ബുഖാരി 953 ) സുര്യോദയത്തിനു ശേഷം സഹാബത്തുല്‍ കിറാമിന്‍റെ ഒരു സംഘത്തോടൊപ്പം നടന്ന് തക്ബീര്‍ ഉരുവിട്ടുകൊണ്ട് ഈദ്ഗാഹിലേക്ക് നടന്നു നീങ്ങി (തിര്‍മിദി 530).
ഈദ്ഗാഹിലെ മനോഹരദൃശ്യം
മസ്ജിദുന്നബവിയുടെ അല്‍പം അകലെ ഒരു തുറസ്സായ സ്ഥലമാണ് ഈദ്ഗാഹ് (ഇബ്നുമാജ 1304) അവിടെ ഒരു കുന്തം നാട്ടപ്പെട്ടിരുന്നു(ബുഖാരി 972). അതിനു പിന്നില്‍ ജനങ്ങള്‍ അണിഅണിയായി ഇരിക്കുന്നു (ഇബ്നുമാജ1305) ഇതാണ്, ലോകനായകന്‍റെ പെരുന്നാള്‍ നമസ്കാര സ്ഥലം. വൃദ്ധരും, യുവാക്കളും, രോഗികളും, ആരോഗ്യവാന്മാരും, അന്ധരും, കുട്ടികളും, സ്ത്രീകളും എല്ലാവരും അവരിലുണ്ട്. പല നിറത്തിലുള്ള പുതു വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ ഇമാമുല്‍ അന്‍ബിയാഅ് ﷺ നെ കാത്തിരിക്കുകയാണ്.
നുബുവ്വത്തിന്‍റെ സൂര്യന്‍ ഈദ്ഗാഹില്‍
കുറച്ച് കഴിഞ്ഞ് പച്ച വസ്ത്രങ്ങള്‍ അണിഞ്ഞ് (നസാഈ 1573) കറുത്ത തലപ്പാവ് ധരിച്ച് പൂര്‍ണ്ണ ചന്ദ്രനെക്കാള്‍ കൂടുതല്‍ സൗന്ദര്യം വഹിച്ച് റഹ്മത്തുല്‍ലില്‍ ആലമീന്‍ ﷺ ഈദ്ഗാഹിലെത്തി, ബാങ്കും ഇഖാമത്തും സുന്നത്ത് നമസ്കാരങ്ങളും സംഘടിത ദിക്റും ഒന്നുമില്ലാതെ ( ഇബ്നുമാജ 1291) തങ്ങള്‍ മുസല്ലയിലേക്ക് കയറി നിന്നു. സ്വഫ്ഫുകള്‍ നേരെയാക്കാന്‍നിര്‍ദ്ദേശിച്ചു. രണ്ട് റക്അത്ത് ഈദ് നമസ്കാരം ആരംഭിച്ചു. പകലായിരുന്നിട്ടും പാരായണം ഉറക്കെയായിരുന്നു. രണ്ട് റക്അത്തിലും കുറച്ച് തക്ബീറുകള്‍ ഉറക്കെ ചൊല്ലി. (അബുദാവൂദ് 1151). ആദ്യത്തെ റക്അത്തില്‍ സൂറത്തുല്‍ ഖാഫും രണ്ടാമത്തേതില്‍ ഖദ്റും പാരായണം ചെയ്തു (മുസ്ലിം 2059).
സലാം വീട്ടിയശേഷം ഖുത്വുബ തുടങ്ങി. മിമ്പര്‍ ഇല്ലായിരുന്നതിനാല്‍ (ബുഖാരി 956) ബിലാല്‍ ഹബ്ഷി (റ)നെ ചാരി നിന്നു കൊണ്ടാണ് ഖുതുബ നടത്തിയത് ( നസാഈ 1576) ഹംദ്, സ്വാലാത്തുകള്‍ക്കുശേഷം നിരവധി നസീഹത്തുകള്‍ ചെയ്തു. അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കാന്‍ കല്‍പിച്ചു. അവനെ വഴിപ്പെടാന്‍ പ്രേരിപ്പിച്ചു. ഇടയ്ക്ക് തക്ബീറുകളും ചൊല്ലി. ഖുതുബക്ക് ശേഷം വന്നവഴി അല്ലാത്ത മറ്റൊരു വഴിയിലൂടെ തിരുഭവനത്തിലേക്ക് മടങ്ങി (ബുഖാരി 996).
ഈദ് നമസ്കാരാനന്തരം
ഈദാ്ഗാഹില്‍ ആള്‍കൂട്ടം വളരെ കൂടുതല്‍ ആയിരുന്നു. സ്ത്രീകള്‍ അവസാനഭാഗത്തായിരുന്നു. അതുകൊണ്ട് ഖുതുബ അവര്‍ കേട്ടില്ലായിരിക്കാം എന്ന് വിചാരിച്ച് അവരോട് പ്രത്യേകമായി ഒരു ഉപദേശം നടത്താന്‍ തങ്ങള്‍ ആഗ്രഹിച്ചു. തങ്ങള്‍ ﷺ അവരുടെ അരികിലേക്ക് നീങ്ങി. കൂട്ടത്തില്‍ ബിലാല്‍ മുഅദ്ദിനും ഉണ്ടായിരുന്നു. തങ്ങള്‍ അദ്ദേഹത്തിന്‍റെ കൈയ്യില്‍ പിടിച്ചാണ് നടന്നിരുന്നത്. സ്ത്രീകളുടെ അരികിലെത്തി തിരുനബി (സ) ഉപദേശം ആരംഭിച്ചു. ഇടയ്ക്ക് ഈ ആയത്ത് ഓതി "അല്ലയോ നബിയേ, അല്ലാഹുവിനോട് ഒന്നിനേയും പങ്കു ചേര്‍ക്കുകയില്ലെന്നും മോഷണം നടത്തുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും സ്വന്തം മക്കളെ കൊല്ലുകയില്ലെന്നും തങ്ങളുടെ കാലുകള്‍ക്കും കരങ്ങള്‍ക്കുമിടയില്‍ കെട്ടിചമയ്ക്കുന്ന കള്ളം കൊണ്ടുവരികയില്ലെന്നും തങ്ങളോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികളായ സ്ത്രീകള്‍ താങ്കളുടെ അടുക്കല്‍ വന്നാല്‍, താങ്കള്‍ അവരില്‍ നിന്നും പ്രതിജ്ഞ സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു പൊറുക്കുന്നവനും കരുണാവാരിധിയുമാണ് (മുംതഹിന 12). തങ്ങള്‍ ﷺ അരുളി "നരകത്തില്‍ അധികവും സ്ത്രീകളായിരിക്കും! ഒരു സ്ത്രീ കാരണം തിരക്കിയപ്പോള്‍ തങ്ങള്‍ അരുളി "നന്ദികേടും ഭര്‍ത്താവിനോടുള്ള അനുസരണക്കേടുമാണ് കാരണം! (മുസ്ലിം 2048).
ഈ പ്രഭാഷണം അവരില്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കി. സ്ത്രീകള്‍ എല്ലാവരും തന്നെ അവരുടെ ആഭരണങ്ങല്‍ അഴിച്ച് ബിലാല്‍ (റ) വിരിച്ചുപിടിച്ച തുണിയില്‍ സ്വദഖയായി ഇട്ടുകൊടുത്തു. തങ്ങള്‍ അത് ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്തു. (അബുദാവൂദ് 1141)
പെരുന്നാള്‍ ആഘോഷം
പെരുന്നാള്‍ ആയതിനാല്‍ തങ്ങള്‍ മുറിയുടെ പുറത്തേക്കിറങ്ങി. മസ്ജിദിന്‍റെ മുറ്റത്ത് ചില നീഗ്രോ വംശജര്‍ അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. ചുറ്റുഭാഗത്തും കുട്ടികളുടെ കൂട്ടം ചെറുപ്രായക്കാരിയായ ആഇശ സിദ്ദീഖ (റ)യ്ക്കും ഈ കളി കാണാന്‍ ആഗ്രഹമുണ്ടായി. മനസ്സുകളെ അളന്ന് അനുമാനിക്കുന്ന ഭര്‍ത്താവായ ലോകനായകന്‍ പടിയില്‍ കൈതാങ്ങി നിന്നുകൊണ്ട് അതിനിടയിലൂടെ സഹധര്‍മ്മിണിയെ കളി കാണിച്ചുകൊടുത്തു. കുറച്ച് കഴിഞ്ഞ് ചോദിച്ചു "ആഇശാ, മതിയായില്ലെ?" അവര്‍പറഞ്ഞു: "ഇല്ല." അവസാനം അവര്‍ സ്വയം പിന്‍മാറി. ഇതിനിടയില്‍ ഉമര്‍(റ) അവിടെയെത്തി. കളിക്കുന്നതു കണ്ടപ്പോള്‍ അവരെ എറിയാന്‍ ചരല്‍കല്ലുകള്‍ എടുത്തു. ഉടനെ കാരുണ്യനബി ﷺ മൊഴിഞ്ഞു "ഉമറേ, അവരെ വിട്ടേക്കുക. അവര്‍ കളിക്കട്ടെ ഇന്ന് പെരുന്നാള്‍ ദിവസമാണല്ലോ (മുസ്ലിം 2069).
കുറച്ച് കഴിഞ്ഞ് ഹസന്‍, ഹുസൈന്‍ (റ) എന്നിവരെപ്പോലെ തങ്ങള്‍ക്ക് പ്രിയങ്കരനായ ഉസാമ ഇബ്നു സൈദ് (റ) തങ്ങളുടെ അടുക്കല്‍ വന്ന് പറഞ്ഞു "തിരുമേനി, മഖ്സൂം ഗോത്രത്തിലെ ഒരു സ്ത്രീ മോഷണം നടത്തി ഞാന്‍ താങ്കളോട് പറഞ്ഞ് ശിക്ഷ ഇളവു ചെയ്യിക്കാന്‍ ഖുറൈശികള്‍ എന്നെ വിട്ടിരിക്കുകയാണ്. ഇത് കേട്ടമാത്രയില്‍ തങ്ങള്‍ കോപാകുലനായി എന്നിട്ടരുളി " അല്ലാഹുവിന്‍റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശ ചെയ്യുകയാണോ? ഉയര്‍ന്നവര്‍ മോഷ്ടിച്ചാല്‍ അവരെ വിട്ടയയ്ക്കുകയും സാധാരണക്കാര്‍ മോഷ്ടിച്ചാല്‍ അവരെ ശിക്ഷിക്കുകയും ചെയ്തതിനാലാണ് നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത്. കേള്‍ക്കുക, എന്‍റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും ഞാന്‍ അവളുടെ കരവും ഛേദിക്കുന്നതാണ്. (തിര്‍മിദി 1430)
പെരുന്നാള്‍ രാത്രി പതിവില്‍ കൂടുതല്‍ ഇബാദത്തില്‍ കഴിഞ്ഞതിനാല്‍ ഉറക്കം പൂര്‍ണ്ണമായിട്ടില്ലായിരുന്നു. അതുകൊണ്ട് കുറെകഴിഞ്ഞപ്പോള്‍ തങ്ങള്‍ മുറിയില്‍ കയറി കിടക്കയില്‍ കിടന്ന് പുതപ്പ് കൊണ്ട് മുഖംമൂടി ഉറങ്ങാന്‍ ആരംഭിച്ചു. ഇതിനിടയില്‍, മുറിയ്ക്കകത്ത് ആഇശ (റ)യുടെ സമകാലികരായ ചില അന്‍സാരീ കൂട്ടുകാരികള്‍ വന്നു. എല്ലാവരും കൂടി ഗാനം ആലപിക്കാന്‍ തുടങ്ങി അപ്പോള്‍ അവിടെ വന്ന സിദ്ദീഖുല്‍ അക്ബര്‍ (റ) അവരെ വിരട്ടി. ഉടനെ കാരുണ്യത്തിന്‍റെ തിരുദൂതന്‍ ﷺ മുഖത്ത് നിന്നും പുതപ്പ് മാറ്റിക്കൊണ്ട് അരുളി അവര്‍ പാടട്ടെ! ഇത് നമ്മുടെ പെരുന്നാള്‍ ദിവസമല്ലെ!
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
No comments:
Post a Comment