തിരുനബിയുടെ സുപ്രഭാതം
പാതിരാവിലെ ഗദ്ഗദങ്ങള്‍
ഇരുട്ട് നിറഞ്ഞ രാത്രി, അര്‍ദ്ധഭാഗം പിന്നിട്ടു. പ്രഭാതോദയത്തിന് ഇനിയും സമയമുണ്ട്. തൈബയുടെ അന്തരീക്ഷത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന തണുത്ത കാറ്റിന്‍റെ തലോടല്‍ മുറിയിലേക്കും വന്നുകൊണ്ടിരിക്കുന്നു. പട്ടണത്തിലും പരിസരത്തുമുള്ള ജനങ്ങളിലധികവും ഗാഢനിദ്രയിലാണ്. പുതപ്പുകള്‍ പുതച്ച് സ്വപ്നലോകത്ത് കഴിയുകയാണ്. പതിവനുസരിച്ച് റഹ്മാനായ നാഥന്‍ ഇന്നും ഭൂമിയോടടുത്ത ആകാശത്ത് നിന്നും ദാസന്‍മാരോട് വിളിച്ചുചോദിച്ചു: "പ്രാര്‍ത്ഥിക്കാനാരെങ്കിലുമുണ്ടോ? ഞാനത് സ്വീകരിക്കാം! ചോദിക്കാനാരെങ്കിലുമുണ്ടോ? ഞാന്‍ കനിഞ്ഞ് നല്‍കാം!! പാപമോചനമിരക്കാനാരെങ്കിലുമുണ്ടോ? ഞാന്‍ മാപ്പരുളാം!!!" (തിര്‍മ്മിദി) ഫര്‍ള് നമസ്ക്കാരങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ദുആ സ്വീകരിക്കപ്പെടുന്ന സമയം പാതിരാവിലെ പ്രാര്‍ത്ഥനകളാണ്. (അദ്ക്കാര്‍)
* * * * * * * * * * * * * * * * * * * * * * * * * * * * * *
സര്‍വ്വലോക സ്രഷ്ടാവിന്‍റെ ഏറ്റവും പ്രിയങ്കരനും മുന്‍പിന്‍ പാപങ്ങളഖിലം മാപ്പ് നല്‍കപ്പെട്ടവരുമായ സമ്പൂര്‍ണ്ണ ദാസന്‍ കൃതജ്ഞതയോടെ മുഖം തടകിക്കൊണ്ട് കിടക്കയില്‍ നിന്നെഴുനേറ്റു. ഉറക്കം പൂര്‍ത്തിയായിട്ടില്ല. പകല്‍ മുഴുവന്‍ ക്ഷീണിച്ച് അവശനാണ്. മാനവികതയുടെ സന്മാര്‍ഗത്തെ കുറിച്ചുള്ള ചിന്ത തങ്ങളെ സമാധാനപൂര്‍വ്വം ഉറങ്ങാന്‍ അനുവദിക്കുന്നില്ല. രഹസ്യത്തിലും പരസ്യത്തിലും നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും രക്ഷിതാവിന്‍റെ അളവറ്റ ഔദാര്യങ്ങളെ അനുസ്മരിക്കുകയും നാഥന്‍റെ സമരണ കൊണ്ടുനടക്കുകയും ചെയ്യുന്ന ഈ ദാസന്‍റെ ചുണ്ടുകള്‍ ഇവിടയും ചലിച്ചു. അല്‍പ്പം ശബ്ദത്തില്‍ മൊഴിഞ്ഞു: "നാഥാ, സര്‍വ്വസ്തുതിയും നിനക്ക് മാത്രം. താല്‍ക്കാലിക മരണത്തിന് ശേഷം നീ വീണ്ടും ഞങ്ങള്‍ക്ക് ജീവന്‍ നല്‍കി. മരണാന്തര ജീവിതത്തിന്‍റെ ചെറിയൊരു മാതൃക കാണിച്ചുതന്നു!"
الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ ».
തലഭാഗത്തു തന്നെ മിസ്വാക്കും വുളുവിനുള്ള വെള്ളവും വെച്ചിരുന്നു. തങ്ങള്‍ പടച്ചവനോട് മലമൂത്രവിസര്‍ജനത്തിന് മുന്‍പ് പിശാചുക്കളില്‍ നിന്നും അഭയം തേടി,
اللَّهُمَّ إنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ
ശേഷം വിസര്‍ജനം നടത്തി. ശൗച്യത്തിന് ശേഷം തങ്ങള്‍ (സ) ചിന്തിച്ചു; രാജാധിരാജന്‍ ഈ മൂത്രം തടഞ്ഞുവെച്ചിരുന്നെങ്കില്‍ അവനെ ആര് ചോദ്യം ചെയ്യാനാണ്. മനുഷ്യന്‍റെ കര്‍മ്മങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അതിന് അര്‍ഹനുമാണ്. പക്ഷേ അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ട് മാത്രം എന്നില്‍ നിന്നും ദുരിതത്തെ ദൂരീകരിക്കുകയും എനിക്ക് സൗഖ്യം കനിയുകയും ചെയ്തു. സര്‍വ്വസ്തുതിയും അല്ലാഹുവിന് തന്നെ! (ഇബ്നുമാജ)
غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي.
വുളു ചെയ്യാന്‍ പോകുമ്പോഴും ഇലാഹീ സ്മരണയില്‍ നാവ് ചലിച്ചു. തദവസരം ചെയ്ത ഒരു ദുആയുടെ താല്‍പര്യം "അല്ലാഹുവേ നിനക്ക് സ്തുതി. നീ ആകാശഭൂമികളുടേയും അവയിലുള്ളതിന്‍റെയും നാഥനാണ്. നിനക്ക് സ്തുതി. നീ ആകാശഭൂമികളുടെ പ്രകാശമാണ്. നിനക്ക് സ്തുതി. നീ ആകാശഭൂമിയുടെ ഉടമസ്ഥനാണ്. നിനക്ക് സ്തുതി. നീ സത്യമാണ്, നിന്‍റെ വാഗ്ദാനം സത്യമാണ്. നിന്‍റെ വചനം സത്യമാണ്. നിന്നെ കണ്ടുമുട്ടും എന്നത് സത്യമാണ്. സ്വര്‍ഗ്ഗം, നരകം, മുഹമ്മദ് നബി (സ) ഖിയാമത്ത് ഇവ സത്യമാണ്. അല്ലാഹുവേ, നിന്നെ ഞാന്‍ വഴിപ്പെടുന്നു, നിന്നില്‍ വിശ്യസിക്കുന്നു, നിന്നില്‍ ഭരമേല്‍പ്പിക്കുന്നു. നിന്നിലേക്ക് മടങ്ങുന്നു. നിന്‍റെ സഹായത്താല്‍ പോരാടുന്നു. നിന്നോട് വിധിതേടുന്നു. എനിക്ക് പൊറുത്ത് തരേണമേ. മുന്‍പിന്‍പാപങ്ങളും, രഹസ്യപരസ്യങ്ങളും മാപ്പാക്കേണമേ! മുന്തിക്കുന്നവനും പിന്തിക്കുന്ന വനും നീ തന്നെ. നീയല്ലാതെ ആരാധനക്കര്‍ഹന്‍ ആരുമില്ല. (ബുഖാരി)
اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ، لَكَ مُلْكُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ، وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ، وَلَكَ الْحَمْدُ أَنْتَ الْحَقُّ، وَوَعْدُكَ الْحَقُّ، وَلِقَاؤُكَ حَقٌّ، وَقَوْلُكَ حَقٌّ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، وَالنَّبِيُّونَ حَقٌّ، وَمُحَمَّدٌ صلى الله عليه وسلم حَقٌّ، وَالسَّاعَةُ حَقٌّ، اللَّهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ، وَإِلَيْكَ حَاكَمْتُ، فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ، لاَ إِلَهَ إِلاَّ أَنْتَ
* * * * * * * * * * * * * * * * * * * * * * * * * * * * * *
ബിസ്മില്ലാഹി ചൊല്ലി വുളു ആരംഭിച്ചു. ഇവിടെയും നാഥനെ മറന്നില്ല. അവനോടിരന്നു; "അല്ലാഹുവേ എന്‍റെ പാപങ്ങള്‍ പൊറുക്കേണമേ! (വുളുവിലൂടെ പുറം വൃത്തിയാക്കിയതുപോലെ അകവും ശുദ്ധമാക്കേണമേ! വിഭവങ്ങളില്‍ ഐശ്വര്യം കനിയേണമേ!" (സാദുല്‍ മആദ്)
اللهمَّ اغفرْ لي ذنبي ، ووسِّعْ لي في داري ، وباركْ لي في رزْقِي
* * * * * * * * * * * * * * * * * * * * * * * * * * * * * *
ആദ്യമായി മിസ്വാക്ക് (ദന്തശുചീകരണം ) നടത്തി. അത് മുന്‍ നബിമാരുടെയെല്ലാം സുന്നത്താണ്. അതില്ലാതെ നമസ്ക്കരിക്കുന്ന നമസ്ക്കാരങ്ങളെക്കാള്‍ അത് ചെയ്തുകൊണ്ടുള്ള നമസ്ക്കാരത്തിന് വലിയ മഹത്വമുണ്ട്. ശേഷം ഇരുകൈകളും കുഴവരെ കഴുകി വായില്‍ വെള്ളം കൊപ്ലിച്ചു മൂക്കില്‍ വെള്ളം കയറ്റി കഴുകി വൃത്തിയാക്കി. തുടര്‍ന്ന് താടിസഹിതം മുഖം കഴുകി. ആദ്യം വലതും ശേഷം ഇടതും കൈകള്‍ കഴുകി. കൈകൊണ്ട് തലമുഴുവന്‍ തടകി, രണ്ട് ചെവികളും തടകി , ആദ്യം വലതും ശേഷം ഇടതും കാലുകള്‍ കഴുകി. കയ്യിലെ ചെറുവിരല്‍ കൊണ്ട് കാല്‍ വിരലുകള്‍ ഇടകോര്‍ത്തു. (അബൂദാവൂദ്). വുളുവിന് ശേഷം ഇപ്രകാരം ദുആ ഇരന്നു;
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَ أَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ ، واجْعَلْني مِنَ المُتَطَهِّرِينَ.
അല്ലാഹുവേ പശ്ചാതപിക്കുന്നവരിലും ശുദ്ധിയുള്ളവരിലും നീ എന്നെ പെടുത്തേണമേ! ഇത് ചൊല്ലുന്നവന് വേണ്ടി എട്ട് സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കപ്പെടുന്നതും ഇഷ്ടമുള്ളതില്‍ കൂടി അവന്‍ കയറുന്നതുമാണ്.(തിര്‍മിദി)
* * * * * * * * * * * * * * * * * * * * * * * * * * * * * *
വുളുവിന് ശേഷം മുറിയിലെത്തി. ചെറിയ മുറിയില്‍ ഒരു ഭാഗത്ത് ആഇശാസിദ്ദീഖ (റ) കിടന്നുറങ്ങുന്നുണ്ട്. അവരെ എഴുനേല്‍പ്പിക്കാതെതന്നെ നമസ്ക്കാരം ആരംഭിച്ചു. ആകെ എട്ട് റക്അത്തുകള്‍ നമസ്ക്കരിച്ചു. ആദ്യത്തെ രണ്ട് റകഅത്തുകള്‍ ഹ്രസ്വമായിരുന്നു. നമസ്ക്കാരത്തിനിടയിലെ ചെറുശബ്ദത്തിലുള്ള മധുരമായ ശബ്ദം മുറിയില്‍ മുഴങ്ങി. റുക്കൂഅ്-സുജൂദുകള്‍ നീണ്ടു. അതില്‍ രഹസ്യമായി നാഥനോട് സംസാരിച്ചു.
എട്ട് റക്അത്തുകള്‍ക്ക് ശേഷം മൂന്ന് റകഅത്ത് വിത്റ് നമസ്ക്കരിച്ചു. സലാം വീട്ടിയതിന് ശേഷം സുബ്ഹാന മലിക്കില്‍ ഖുദ്ദൂസ് എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി. (നസാഇ) നമസ്ക്കാരാനന്തരം വലിയ വിനയവണക്കങ്ങളോടെ നാഥന് മുന്നില്‍ കൈനീട്ടി ദുആ തുടങ്ങി. അളവറ്റ കാരുണ്യങ്ങളോര്‍ത്ത് കരഞ്ഞു. സമുദായത്തിന് വേണ്ടി ഇരന്നു. സ്വന്തം കാര്യങ്ങളും അപേക്ഷിച്ചു. ഗദ്ഗദങ്ങള്‍ക്കിടയില്‍ ദുആകള്‍ പൂര്‍ണ്ണമായും കേള്‍ക്കാന്‍ ആഇശാ (റ)ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഒരു ദുആ കേള്‍ക്കാന്‍ സാധിച്ചു ڇഅല്ലാഹുവേ, നിന്‍റെ പൊരുത്തത്തെ മുന്‍നിര്‍ത്തി നിന്‍റെ കോപത്തില്‍ നിന്നും നിന്‍റെ മാപ്പിനെ മുന്‍നിര്‍ത്തി നിന്‍റെ ശിക്ഷയില്‍ നിന്നും ഞാന്‍ അഭയം തേടുന്നു. നിന്നെ പൂര്‍ണ്ണമായി സ്തുതിക്കാന്‍ എനിക്ക് കഴിവില്ല. നീ നിന്നെ കുറിച്ച് പറഞ്ഞപോലെ നീ മഹത്വപൂര്‍ണ്ണനാകുന്നു!
« اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ » .
(നസാഇ) ദുആകള്‍ക്ക് ശേഷം അല്‍പം വിശ്രമിക്കാന്‍ കിടന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
സുബ്ഹ്
അല്ലാഹുഅക്ബര്‍.... (ഈ ലോകത്ത് അല്ലാഹുവിന് മുന്നില്‍ ആരും ഒന്നും വലുതല്ല. അല്ലാഹുതന്നെയാണ് സര്‍വ്വസമുന്നതന്‍.) സയ്യിദുനാ ബിലാല്‍ ഹബ്ശിയുടെ ഖണ്ഠത്തില്‍ നിന്നും ഉയര്‍ന്ന ആവേശവും അനുരാഗവും നിറഞ്ഞ ബാങ്കിന്‍റെ ശബ്ദം രാത്രിയുടെ ഇരുളിനെ കീറിമുറിച്ച് മുഴങ്ങി. ഏകനായ നാഥന്‍റെ സമുന്നതിയെ വിളിച്ചറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലൂടെ ഒരുഭാഗത്ത് മദീനാ ത്വയ്യിബയുടെ അന്തരീക്ഷവും, മലകളും, മലഞ്ചരുവുകളും ലഹരിപിടിച്ച് അതിലെ മണ്ണും മതിലും അത് ഏറ്റുപാടി. മറുഭാഗത്ത് വലിയ ധൈര്യശാലികളായി അഭിനയിച്ചിരുന്ന വൃത്തികെട്ട പിശാചുകള്‍ ചെറുതെങ്കിലും വിപ്ലവകരമായ ഈ വചനങ്ങള്‍ കേട്ട് സഹിക്കവയ്യാതെ ഭ്രാന്തന്മാരെപ്പോലെ പിന്തിരിഞ്ഞോടി. (നസാഇ 645, 671) വികാരനിര്‍ഭരമായ രംഗംകണ്ട് സന്തോഷാധിക്യത്താല്‍ പറവകള്‍ നിയന്ത്രണം വിട്ട് ചിലച്ച് അതിനെ സ്വാഗതം ചെയ്തു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
അല്ലാഹുവിന്‍റെ പ്രിയങ്കരന്‍ ഒരിക്കല്‍കൂടി ഉണര്‍ന്നു.ബിലാലിന്‍റെ ശബ്ദത്തിന് മറുപടിയായി ആ വചനങ്ങള്‍ ഏറ്റുപറഞ്ഞു. എന്നാല്‍ ഹയ്യഅലകള്‍ കേട്ടപ്പോള്‍ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് മൊഴിഞ്ഞു. ബാങ്കിന് ശേഷമുള്ള പ്രത്യേക ദുആ ഓതി.
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ.
അവ ചൊല്ലുന്നവര്‍ക്ക് തിരുശുപാര്‍ശ നിര്‍ബന്ധമാണെന്നും പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും അവിടുന്ന് അരുളിയിട്ടുണ്ട്. (നസാഇ 680, 681) തുടര്‍ന്ന് രണ്ട് റക്അത്ത് സുന്നത്ത് നമസ്ക്കരിച്ചു. അതില്‍ ഫാതിഹ ഓതിയോ എന്ന് ആയിശ (റ)ക്ക് സംശയം ഉണ്ടാകുംവിധം അത് ഹ്രസ്വമായിരുന്നു. (നസാഇ 947) എന്നാല്‍ അവയില്‍ ഫാതിഹക്ക് ശേഷം കാഫിറൂന്‍, ഇഘ്ലാസ് സൂറത്തുകള്‍ ഓതിയിരുന്നു. സുന്നത്ത് നമസ്ക്കാരങ്ങളില്‍ ഇതിനെ വളരെയധികം ഗൗനിച്ചിരുന്നു. (അബൂദാവൂദ് 1256) ഇഹലോകവസ്തുകളെല്ലാം അത് മഹത്തരമത്രെ! (തിര്‍മിദി 416) അതുകൊണ്ട്തന്നെ ജമാഅത്തിനുമുമ്പ് അത് നമസ്ക്കരിക്കാന്‍ കഴിയാതെപോയാല്‍ ഒറ്റപ്പെട്ട സ്വഹാബാക്കള്‍ ശേഷം അത് നമസ്ക്കരിക്കുന്നു.
മസ്ജിദുന്നബവിയില്‍ നേരത്തേമുതലേ ചിലസഹാബികള്‍ ദിക്ര്‍-സ്വലാത്തുകളില്‍ മുഴുകിയിരുന്നു. ബാക്കിയുള്ളവര്‍ ബാങ്ക് കേട്ടപാടെ മസ്ജിദിലേക്ക് തിരിക്കുകയായി. ദൂരങ്ങളില്‍ നിന്നും ആളുകള്‍ വന്നിരുന്നതിനാല്‍ ജമാഅത്ത് അല്പം പിന്തിച്ചിരുന്നു. ഇതിനിടയില്‍ തിരുനബി (സ) വലതുഭാഗത്തേക്ക് ചരിഞ്ഞുകിടന്ന് അല്‍പ്പനേരം വിശ്രമിക്കും.
* * * * * * * * * * * * * * * * * * * * * * * * * * * * * *
അല്‍പ്പനേരത്തെ വിശ്രമത്തിന് ശേഷം തിരുനബി (സ) എഴുന്നേറ്റ് മസ്ജിദിലേക്ക് നടന്ന് നീങ്ങി. തദവസരം ഇപ്രകാരം പ്രാര്‍ത്ഥിച്ചു:
اللهمَّ اجعلْ في قلبي نورًا، وفي لساني نورًا، وفي بصري نورًا، وفي سمعي نورًا، وعنْ يميني نورًا، وعنْ يساري نورًا، ومنْ فوقي نورًا، ومنْ تحتي نورًا، ومنْ أمامي نورًا، ومنْ خلفي نورًا، واجعلْ لي في نفسي نورًا، وأَعْظِمْ لي نورًا
"അല്ലാഹുവേ എന്‍റെ മനസും നാവും കണ്ണും കാതും മുമ്പും പിന്‍പും മേലും താഴെയുമെല്ലാം പ്രകാശപൂരിതമാക്കേണമേ!" (അബൂദാവൂദ് 1353)
വലതുകാല്‍ മുന്തിച്ച്, ഇപ്രകാരം ദുആ ഇരന്നുകൊണ്ട് മസ്ജിദില്‍ പ്രവേശിച്ചു;
أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ »
بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ »
"അല്ലാഹുവേ, പിശാചിന്‍റെ ശല്യത്തില്‍ നിന്നും എനിക്ക് മോചനം നല്‍കേണമേ! എന്‍റെ പാപം പൊറുത്ത് തരേണമേ, എനിക്ക് വേണ്ടി കാരുണ്യ കവാടങ്ങള്‍ തുറക്കേണമേ!" (ഇബ്നുമാജ: 771)
നമസ്കാരസ്ഥലത്തേക്ക് ദൃഷ്ടി പതിപ്പിച്ചു. മസ്ജിദ് നിറഞ്ഞുനില്‍ക്കുന്നു. ഒന്നാം സ്വഫ്ഫില്‍ അല്‍പംപോലും സ്ഥലമില്ല. ഇത് തങ്ങളുടെ പ്രേരണയുടെ ഫലമാണ്. അരുളി: "അല്ലാഹുവും മലക്കുകളും ഒന്നാം സ്വഫുകാരെ ആശീര്‍വദിക്കുന്നു." (അബൂദാവൂദ് 664) ബാങ്കിന്‍റെയും ഒന്നാം സ്വഫ്ഫിന്‍റെയും മഹത്വങ്ങള്‍ ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അതിനുവേണ്ടി ജനങ്ങള്‍ നറുക്കെടുപ്പ് നടത്തുമായിരുന്നു. (തിര്‍മിദി 225)
കുറച്ച് കഴിഞ്ഞപ്പോള്‍ ബിലാല്‍ (റ) ഇഖാമത്ത് കൊടുത്തു. തങ്ങളും ആ വചനങ്ങള്‍ ഏറ്റുപറഞ്ഞു. പക്ഷേ, ഖദ്ഖാമത്തിന്‍റെ സ്ഥാനത്ത് "അഖാമഹല്ലാഹു" എന്ന് പ്രതിവചിച്ചുകൊണ്ട് മുമ്പിലെത്തി, ജനങ്ങളിലേക്ക് തിരിഞ്ഞുകൊണ്ട് അരുളി: 'സ്വഫുകള്‍ നേരെയാക്കുക. അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ അല്ലാഹു ഭിന്നതയുണ്ടാക്കും' (അബൂദാവൂദ് 66...) ഉടനടി സ്വഫ്ഫുകള്‍ നേരെയായി, തോളുകള്‍ പരസ്പരം അടുത്തു. തങ്ങള്‍ തക്ബീര്‍ ചൊല്ലി നമസ്ക്കാരം ആരംഭിച്ചു. ഫാതിഹയും ശേഷം തക്വിര്‍ സൂറത്തും ഓതി. (ഇബ്നുമാജ 817) ഹൃദ്യവും സുന്ദരവുമായ പാരായണം സ്വഹാബികളുടെ മനസ്സില്‍ അത്ഭുതകരമായ പ്രതിഫലനം സൃഷ്ടിച്ചു. അത് ആദ്യമായി കേള്‍ക്കുന്നതുപോലെ അവര്‍ക്ക് അനുഭവപ്പെട്ടു തികഞ്ഞ വിനയ-ഭക്തി-സമാധാനങ്ങളോടെ നമസ്ക്കാരം പൂര്‍ത്തിയായി.
* * * * * * * * * * * * * * * * * * * * * * * * * * * * * *
സലാം വീട്ടിയ ശേഷം, തങ്ങള്‍ തിരിഞ്ഞിരുന്നു. അല്ലാഹുഅക്ബര്‍ എന്നുപറഞ്ഞുകൊണ്ട് (നസാഇ 1336) മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാറും ചൊല്ലി. (നസാഇ 1338) ശേഷം സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹുഅക്ബര്‍ ചൊല്ലി ഖിയാമത്തില്‍ സാക്ഷിയാകാന്‍ വിരല്‍കൊണ്ട് എണ്ണം പിടിച്ചു. (തിര്‍മിദി 3486) ഇവ ചൊല്ലുന്നവരുടെ പാപങ്ങള്‍ സമുദ്രത്തിലെ നുരകള്‍ക്ക് തുല്യമാണെങ്കിലും പൊറുക്കപ്പെടുമത്രേ! (അദ്ഖാര്‍) ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു......... പത്ത് പ്രാവശ്യം ചൊല്ലി. സുബഹിക്കും മഗ്രിബിനും ശേഷം ഇത് ചൊല്ലുന്നവര്‍ക്ക് പത്ത് നന്മകള്‍ എഴുതപ്പെടുന്നതും പത്ത് തിന്മകള്‍ മാപ്പാക്കപ്പടുന്നതും പത്ത് ദറജകള്‍ ഉയര്‍ത്തപ്പെടുന്നതുമാണ്. ആ ദിവസം പിശാചിന്‍റെ ശല്യത്തില്‍ നിന്നും സുരക്ഷിതനായിരിക്കും. എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷപെടുകയും ചെയ്യും (തിര്‍മിദി 3474) ശേഷം അല്‍പം ദുആ ഇരന്നു. അതില്‍ ചിലത് ഇതാണ്.
അല്ലാഹുവേ! ഈ ദിവസത്തിന്‍റെ വിജയവും സഹായവും പ്രകാശവും, ഐശ്വര്യവും, സന്മാര്‍ഗ്ഗവും ഞാന്‍ നിന്നോടിരക്കുന്നു. ഇതിന്‍റെയും ശേഷമുള്ളതിന്‍റെയും നാശത്തില്‍ നിന്നും അഭയം തേടുന്നു.ڈ (അബൂദാവൂദ് 5084) അല്ലാഹുവേ, നിന്‍റെ ഉദവികൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലും പ്രദോഷത്തിലും എത്തിച്ചേരുന്നു. ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. നിന്നിലേക്കാണ് മടക്കം. (അബുദാവൂദ് 5072)
مولاي صل وسلم دائمًا أبدا
على حبيبك خير الخلق كلهم
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
No comments:
Post a Comment