പ്രവാചക നഗരി; മദീനാത്വയ്യിബ
സിറിയയില്‍ നിന്ന് യമനിനെ ലക്ഷ്യമിട്ട് നീങ്ങുന്ന ക്രൈസ്തവ യാത്രികന്‍. യാത്ര തുടങ്ങയിയതുമുതല്‍ വളരെ അസ്വസ്ഥനാണ്. കാരണം അവ്യക്തമായ ഒരു ഭയം അദ്ദേഹത്തെ പിന്‍തുടര്‍ന്നു. കൊള്ളക്കാര്‍ സാധന സാമഗ്രികളെല്ലാം കൊള്ളയടിച്ച് തന്നെ ഒന്നുമില്ലാത്തവനാക്കുമോ? ചൂടുകാറ്റിന്‍റെ പീഡനമേറ്റ് ബോധരഹിതമായി നിലം പതിക്കുമോ? ദാഹിച്ച് വലഞ്ഞ് നാക്ക് വരണ്ട് ജീവന്‍ പോകുമോ? മണല്‍കാട്ടിലെ മുള്ളുകള്‍ നിറഞ്ഞ കള്ളിമുള്‍ ചെടിയില്‍ വാഹനം കുടുങ്ങുമോ?
യാത്രാസാമഗ്രികള്‍ നന്നേ കുറവ്, ശരീരം തളര്‍ന്ന് ക്ഷീണിച്ചു, ദാഹം അസഹനീയം, സര്‍വ്വോപരി ദീര്‍ഘമായ വഴിദൂരം ഇവ ഓരോന്നും അദ്ദേഹത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തണം എന്നത് മാത്രമാണ് അദ്ദേഹത്തിന്‍റെ ചാലക ശക്തി.
രാത്രിയുടെ അന്ത്യയാമത്തില്‍ ഒരു ബബൂല്‍ വൃക്ഷത്തിനടിയില്‍ കുറച്ചുനേരം അദ്ദേഹം വിശ്രമിച്ചു. ഉടനെത്തന്നെ എഴുന്നേറ്റ് യാത്ര തുടര്‍ന്നു. ഉപരിസൂചിത അപകടങ്ങള്‍ക്ക് പേരുകേട്ട യസ്രിബിനെ എത്രയും പെട്ടെന്ന് പ്രഭാതത്തില്‍ തന്നെ മുറിച്ച് കടക്കണമെന്ന് അദ്ദേഹത്തിന്‍റെ മനസ്സ് മന്ത്രിച്ചു. ഒട്ടകം ക്ഷീണിച്ച് കുഴഞ്ഞ് നടുവഴിയിലിരുന്നുകളയുമോ എന്നും അദ്ദേഹത്തിന് ഭയമുണ്ടായിരുന്നു. എന്നാല്‍, യസ്രിബില്‍ കയറിയ പാടെ കണ്ടതെന്താണ്? വാഹനത്തിന്‍റെ വേഗത കൂടുന്നു! ദാഹം പോയിമറഞ്ഞു! ക്ഷീണം അല്‍പവുമില്ല! കൂടാതെ, കുളിര്‍ക്കാറ്റിന്‍റെ ഇളംതെന്നല്‍ തലോടുന്നു. അന്തരീക്ഷത്തിലാകെ അസാധാരണമായ ഒരു സമാധാനം. നീലാകാശത്തിന് അന്ന് എന്നത്തെക്കാളും വലിയ സൗന്ദര്യം അനുഭവപ്പെടുന്നു. അവസാനം അദ്ദേഹം ആ നാട്ടുകാരോട് ചേദിച്ചു;
"ഹിജാസിലെ മണല്‍കാട്ടുകാരേ! സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരവും ചെങ്കടലില്‍ നിന്നും 525 മൈല്‍ ദൂരവുമുള്ള ഈ നാട്ടിലൂടെ ഞാന്‍ പലപ്രാവശ്യം ഇതിനുമുമ്പും പോയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അനുഭവപ്പെടാത്ത ഒരു മാറ്റം ഇപ്പോള്‍ ഇവിടെ കാണപ്പെടുന്നു. ഇതിന് കാരണമെന്താണ്?" അവര്‍ പറഞ്ഞു:
"ഇപ്പോള്‍ സര്‍വ്വസൃഷ്ടികളിലും അത്യുത്തമനായ നുബുവ്വത്തിന്‍റെ നായകന്‍റെ കേന്ദ്രമാണ്. തങ്ങള്‍ കാരണമാണ് ആകാശഭൂമികളുടെ പടച്ചവന്‍ ഈ ലോകത്തെ പടച്ചത്. നിറങ്ങളുടേയും മണങ്ങളുടേയും ഈ പ്രപഞ്ചത്തില്‍ വസന്തം പൂത്തുലഞ്ഞതിനും കാരണക്കാരന്‍ തങ്ങള്‍ തന്നെ. ഇന്നിവിടെ കാണപ്പെടുന്ന മുഴുവന്‍ മേന്മകളുടേയും രഹസ്യം ഇതാണ്. ഇന്നലയിലെ യസ്രിബ് ഇന്നത്തെ മദീനാ ത്വയ്യിബയാണ്. വഴിതെറ്റിയ യഹൂദ-ക്രൈസ്തവരുടെയും 'സൈലുല്‍ അരി'മിന് ശേഷം യമനില്‍ നിന്നും അഭയാര്‍ത്ഥികളായി വന്ന ഔസ്-ഖസ്റജ് ഗോത്രങ്ങളുടെയും ഭൂതകാലത്തെ ഈ താമസസ്ഥലം ഇന്ന് തൗഹീദി വക്താക്കളുടെ കേന്ദ്രവും ദൃഢചിത്തരായ സത്യവാഹകരുടെ താവളവുമാണ്. ഇന്നലെ വരെ സാധാരണവും അപ്രശസ്തവുമായ ഒരു പട്ടണം ഇന്ന് ഭൂമുഖത്തെ ഏറ്റവും അനുഗ്രഹീതമായ പ്രദേശമാണ്. ഇന്നലെ വരെ ഇവിടത്തെ ഒരുസാധനവും ശ്രദ്ധിക്കപ്പെട്ടതായിരുന്നില്ല. ഇന്നിതാ ഇവിടത്തെ മണല്‍തരികള്‍ പോലും കണ്ണിന് കുളിരേകുന്നു. ഇന്നലെവരെ ഇവിടത്തെ സര്‍വ്വ വസ്തുക്കളും അപ്രകാശിതം. ഇന്ന് അതെല്ലാം പ്രകാശപൂരിതം. ഇവിടത്തെ അന്തരീക്ഷം മുഴുവന്‍ പരിമളം പരന്നിരിക്കുന്നു. ഇന്നലെവരെ ഈ നശ്വരലോകത്ത് രണ്ട് പട്ടണങ്ങള്‍ മാത്രം അനുഗ്രഹീതവും മഹത്വപൂര്‍ണ്ണവുമായിരുന്നു. ഉമ്മുല്‍ ഖുറയായ മക്ക മുകര്‍റമയും നബിമാരുടെ നാടായ സിറിയയും. അവരണ്ടിനുമിടയില്‍ സ്ഥിതിചെയ്യുന്ന അഞ്ചാറ് മൈലുകള്‍ മാത്രം വിസ്തൃതിയുള്ള സുന്ദരമായ പര്‍വ്വതനിരകളിലേക്ക് ചാരിക്കിടക്കുന്ന ഹരിതവും മനോഹരവുമായ ഈന്തപ്പനത്തോട്ടങ്ങളുടെയും ഉയര്‍ന്ന കുന്നുകളുടെയും ശാന്തമായ ചെരിവുകളുടെയും ഇടയില്‍ സ്ഥിതിചെയ്യുന്ന പ്രവാചക നഗരിയും ഇപ്പോള്‍ ആ സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു. ഇസ്ലാമിന്‍റെ സൂര്യനുദിച്ചത് മക്കയിലെ ഫാറാന്‍ മലകളുടെ മുകളില്‍ നിന്നാണെങ്കില്‍ അതിന്‍റെ കിരണങ്ങള്‍ മിന്നിത്തിളങ്ങിയതും സമ്പൂര്‍ണ്ണ ദീനിന്‍റെ ശാശ്വത സന്ദേശംڈശ്രവിക്കുകയും ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ചത് മദീനക്കാണ്. ലോകത്തെവിടെയും ഒരു സൂര്യനാണെങ്കില്‍ ഇവിടെ അത് രണ്ടെണ്ണമാകുന്നു. ഒന്ന് സാധാരണ കാണപ്പെടുന്ന ആകാശ സൂര്യന്‍. അതിന്‍റെ പ്രതിബിംബം ബാഹ്യലോകത്ത് മാത്രം പരിമിതം. മറ്റൊന്ന് ഭൂമിയില്‍ തന്നെയുള്ള മറ്റൊരു സൂര്യന്‍; മുഹമ്മദുര്‍സൂലുല്ലാഹ് (സ). അതിലൂടെ സൃഷ്ടികളുടെ അകവും പുറവും ഒരുപോലെ പ്രകാശിച്ചു. ആത്മാവുകള്‍ക്ക് ശാന്തി ലഭിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കുറവുകള്‍ പരിഹരിക്കപ്പെട്ടു. അതിന്‍റെ സൗന്ദര്യസൗരഭ്യങ്ങള്‍ക്ക് മുന്നില്‍ ആകാശത്തെ നക്ഷത്രങ്ങളുടെ തിളക്കവും മങ്ങിപ്പോയി. ചുരുക്കത്തില്‍ മക്ക മുകര്‍റമ്മ ഗാംഭീര്യത്തിന്‍റെ കേന്ദ്രമാണെങ്കില്‍ മദീന ത്വയ്യിബ സൗന്ദര്യത്തിന്‍റെ ഉറവിടമത്രെ."
ചരിത്രത്തിന്‍റെ കിളിവാതിലിലൂടെ ഞാന്‍ ത്വയ്യിബയെ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി. ഉത്തരഭാഗത്ത് ഒരു ചെറിയ മലയടിവാരം, പശ്ചിമഭാഗത്ത് ഹിജാസിന്‍റെ പര്‍വ്വതനിര, പൂര്‍വ്വഭാഗത്ത് തിഹാമയുടെ സമതലങ്ങള്‍, പശ്ചിമ-ദക്ഷിണഭാഗങ്ങളില്‍ കൂര്‍ത്തകല്ലുകളുടെ പ്രദേശങ്ങള്‍ ഇതിനാണ് 'ഹറം' എന്ന് പറയപ്പെടുന്നത്. അല്ലാഹുവിന്‍റെ നിര്‍ദ്ദേശാനുസരണം പ്രിയനായകന്‍ (സ) ഈ ഭാഗത്തെ ആദരണീയമായ സ്ഥലമായി പ്രഖ്യാപിക്കുകയും മക്കയുടെ നിരയില്‍ കൊണ്ടുവന്ന് നിര്‍ത്തിയതും എനിക്ക് ഓര്‍മ്മവന്നു. (തിര്‍മ്മിദി 2,442) കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ മൂന്ന് മൈല്‍ നീളത്തിലായി ഒരു പര്‍വ്വതം ദൃഷ്ടിയില്‍ പതിഞ്ഞു. ഇതിനെകുറിച്ചാണ് പുണ്യഹബീബ് (സ) അരുളിയത്:
"ഈ ഉഹ്ദ്മല നമ്മെ സ്നേഹിക്കുന്നു. നമുക്കും ഇതിനോട് സ്നേഹമുണ്ട്." (തിര്‍മിദി 2,922) എന്‍റെ മനസ്സ് മന്ത്രിച്ചു; 'ഹായ്,? എന്നില്‍ നിന്നും എന്‍റെ നാഥന് അനിഷ്ടകരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലായിരുന്നു! സ്നേഹത്തിന്‍റെ സാക്ഷ്യം പ്രിയങ്കരന്‍റെ നാവിലൂടെ കേള്‍ക്കാമായിരുന്നു!'
ഞാന്‍ മുന്നോട്ടു നീങ്ങി. പുണ്യനഗരിയെ കണ്‍കുളിര്‍ക്കെ കണ്ടു. മുഴുവന്‍ മനുഷ്യരുടേയും നായകന്‍, കണക്കറ്റ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളുടെ കലവറയായ ജന്നത്തുല്‍ ഫിര്‍ദൗസിലെ സമുന്നതസ്ഥാനിയന്‍, പ്രപഞ്ചനാഥന്‍റെ പ്രിയങ്കരന്‍, കാരുണ്യം കൊണ്ട് ഇതിഹാസം രചിച്ച കാരുണ്യവാന്‍ നബി(സ)യുടെ നഗരിയാണിത്. എന്നാല്‍ കിസ്റ -കൈസറുകളുടെ സുന്ദര സൗധങ്ങള്‍, രാജാക്കന്‍മാരുടെ സുഖവാസ കേന്ദ്രം, മാനം മുട്ടുന്ന കോട്ടകള്‍, സുരക്ഷാ ഭിത്തികള്‍, വാദ്യ മേളങ്ങളുടെ ആരവങ്ങള്‍ ഒന്നും ഇവിടെയില്ല. ചെറിയ ഇടവഴികള്‍, ഇടുങ്ങിയ പാതകള്‍, തേക്കാത്ത വീടുകള്‍, കൊടും ചൂടില്‍ കരിഞ്ഞുണങ്ങിയ ഈന്തപ്പനയുടെ മേല്‍ക്കൂരകള്‍ ഇവയാണ് ഇവിടെയുള്ളത്. വേനല്‍ക്കാലത്ത് വിശ്രമത്തിനുള്ള പൂമുറ്റങ്ങള്‍, മലമൂത്രവിസര്‍ജ്ജനത്തിനുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ആവശ്യനിര്‍വ്വഹണത്തിന് ബഖീഇന് മറുവശത്ത് രാത്രിയില്‍ പുരഷന്‍മാരുടെ തിരക്ക്, സ്ത്രീകള്‍ ഇരുളില്‍ കുറ്റിക്കാടുകളിലേക്ക് പോകുന്നു. എല്ലാവീടുകളിലും ശുദ്ധജലത്തിനുള്ള കിണറുകളുടെ കാര്യമിരിക്കട്ടെ, പട്ടണത്തില്‍ തന്നെ മൊത്തത്തില്‍ കിണറുകള്‍ ഒന്നുമില്ല. പട്ടണത്തിന് പുറത്ത് യഹൂദികളുടെ ഒരു കിണറിനരികില്‍ എപ്പോള്‍ നോക്കിയാലും ജനങ്ങളുടെ നീണ്ടനിര കാണാം. അവിടെ നിന്നും സിറിയയിലേക്കുള്ള വഴിയരികിലുള്ള ഒരു മൈതാനത്ത് പ്രഭാതമായാല്‍ ഒരു ചന്തതുടങ്ങും. രാത്രിവരെ അത് നീളുന്നതാണ്. ഓരോ പ്രദേശങ്ങളിലും മസ്ജിദുകളുണ്ട്. അതിന്‍റെ എണ്ണം ഒമ്പതായിരുന്നു. (സീറത്തുന്നബി സയ്യിദ്. അല്ലാമാ സുലൈമാന്‍ നദ്വി 2-58)
ഇതാണ് പ്രവാചക പ്രവീണരുടെ പ്രിയങ്കര പട്ടണത്തിന്‍റെ വഴിയോര കാഴ്ചകള്‍. അതെ തങ്ങളോടുതന്നെയാണ് അളവറ്റ ഖജനാവുകളുടെ ഉടമയായ പ്രപഞ്ചനാഥന്‍ മക്കയിലെ ബുതുഹാഅ് മലഞ്ചരിവ് മുഴുവന്‍ സ്വര്‍ണ്ണമാക്കിത്തരട്ടെയെന്ന ആഗ്രഹം തിരക്കിയത്. പക്ഷേ, പരിപൂര്‍ണ്ണ ഉള്‍ക്കാഴ്ച്ച മുറുകെ പിടിച്ച തങ്ങള്‍ നശ്വരസുഖങ്ങളെക്കാള്‍ ശാശ്വതമായ പാരത്രിക സുഖത്തിന് മുന്‍ഗണന കൊടുത്ത് സ്രഷ്ടാവിന്‍റെ അഭിലാഷം പൂര്‍ത്തീകരിച്ചു.
ഭൗതിക ജീവിതത്തിന്‍റെ സുഖാഡംബരങ്ങള്‍ എന്നല്ല അവശ്യവസ്തുക്കള്‍ ഒന്നുമില്ലാതിരിന്നിട്ടും ചൂടുകൂടിയ ഈ മരുഭൂമിയിലെ മുള്ളുനിറഞ്ഞ മരങ്ങള്‍ക്കിടയിലെ ഭൗതിക സ്വര്‍ഗ്ഗമായ മദീനത്തുര്‍റസൂലില്‍ തന്നെ താമസമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവിടെവെച്ച് തന്നെ എന്‍റെ ആത്മാവ് ശരീരത്തിന്‍റെ കൂടില്‍ നിന്നും പറന്നുയര്‍ന്ന് നാഥന്‍റെ സന്നിധിയില്‍ എത്തിച്ചേരണമെന്ന് അതിയായി മോഹിച്ചു. അതിലൂടെ ഈ പാപിക്ക് ശഫാഅത്ത് ലഭിക്കുമല്ലോ? കാരണം തിരുനബി (സ) അരുളി:
'മദീനയില്‍ മരണപ്പെടുന്നവന് ഖിയാമത്തുനാളില്‍ ഞാന്‍ ശുപാര്‍ശകനായിരിക്കുന്നതാണ്.' (തിര്‍മുദി)
مولاي صلي وسلم دائمًا أبدا
على حبيبك خير الخلق كلهم
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
No comments:
Post a Comment