തിരുഭവനം ഒറ്റ നോട്ടത്തില്‍
മസ്ജിദുന്നബവിയുടെ കിഴക്കുഭാഗത്ത് ക്രമപ്രകാരം വീതിയും നീളവും തുല്യമായ ഏതാനും മുറികളുണ്ട്. ചിലത് ഈന്തപ്പന മടല്‍ കൊണ്ടും മറ്റുള്ളവ കളിമണ്ണുകൊണ്ടും പണിയപ്പെട്ടിരുന്നു. ഭിത്തികളില്‍ ദ്വാരം ഉള്ളതിനാല്‍ വെയില്‍ അകത്ത് കടക്കാറുണ്ട്. ഹാരിസത്തുബ്നു നുഅ്മാന്‍ (റ)വിന്‍റെ ഉടമസ്ഥതയിലുള്ള ഈ മുറികളും ഭൂമിയും അദ്ദേഹം ലോകനായകന്‍ (സ)ന് ഹദ്യയായി നല്‍കി (തബഖാത്ത് ഇബ്നുസഅ്ദ് 8/166). ഈ മുറികളാണ് ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ മാതാക്കള്‍) ആയ പ്രവാചക പത്നിമാരുടെ വീടുകള്‍! റസൂലുല്ലാഹി (സ) ഊഴമനുസരിച്ച് ഇവിടെ താമസിച്ചിരുന്നു.
വരൂ, അത്യുത്തമ സൃഷ്ടിയുടെ വീടിന്‍റെ അകക്കാഴ്ചകള്‍ നമുക്ക് നോക്കാം.
ഇത് ഉമ്മുല്‍ മുഅ്മിനീന്‍ സയ്യിദഃ ആഇശ (റ)യുടെ ഭവനമാണ്. ഏഴുമുഴം വീതിയും പത്ത് മുഴം നീളവും മാത്രമുള്ള ഈ മുറിയില്‍ തന്നെയാണ് വരാന്തയും അടുക്കളയും വിശ്രമ സ്ഥാനവും എല്ലാമുള്ളത്. ഈന്തപ്പന ഓലകൊണ്ട് മറയ്ക്കപ്പെട്ട മേല്‍ക്കൂരയുടെ ഉയരത്തെപ്പറ്റി ഹസ്സന്‍ ബസ്വരി (റ) വിവരിക്കുന്നു. "തങ്ങളുടെ വഫാത്തിനു ശേഷം ഞാന്‍ കുട്ടിയായിരിക്കെ ഉമ്മുസലമ (റ)യുടെ വീട്ടില്‍ പ്രവേശിച്ചു. തദവസരം മേല്‍ക്കൂര എനിക്ക് കൈ എത്തിപ്പിടിക്കാമായിരുന്നു." (ബുയൂത്തുസ്സഹാബ 22). ഈ മുറി മസ്ജിദുമായി വളരെ അടുത്തതാണ്. ഇഅ്തികാഫിന്‍റെ സമയത്ത് തങ്ങള്‍ പള്ളിയില്‍ ഇരുന്നുകൊണ്ട് തിരുശിരസ്സ് വീട്ടില്‍ പ്രവേശിപ്പിക്കുകയും ആഇശ (റ) മുടി ചീകിക്കൊടുക്കുകയും ചെയ്യുമായിരുന്നു. മസ്ജിദിലേക്ക് തുറക്കുന്ന വാതിലില്‍ ഒരു വിരി ഉണ്ടായിരുന്നു. അകത്ത് സ്ത്രീകള്‍ക്കുള്ള സ്ഥലം മറയ്ക്കുന്നതിന് ഈന്തപ്പനയുടെ പായകൊണ്ടുള്ള താല്‍ക്കാലിക മറ ഉണ്ടായിരുന്നു. മുറിയോടു ചേര്‍ന്നുതന്നെ മറയിട്ട ഒരു ശൗച്യാലയം ഉണ്ടാക്കിയിരുന്നു. ഇതിന്‍റെ കിഴക്ക് സൗദ (റ)യുടേയും വടക്ക് പ്രിയപ്പെട്ട മകള്‍ ഫാത്വിമ (റ)യുടേയും തെക്ക് ഹഫ്സ (റ)യുടേയും വീടുകള്‍ ആണ്. ഓരോരോ വീടുകള്‍ക്കും ഇടയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന ഒരു വഴിയുണ്ട്. ചില വേള ആയിശ (റ) തന്‍റെ വീട്ടിലിരുന്നുകൊണ്ടുതന്നെ അടുത്ത വീട്ടിലുള്ള ഹഫ്സ (റ)യുമായി സംസാരിക്കുമായിരുന്നു എന്നതില്‍ നിന്നുതന്നെ വീടുകളുടെ അടുപ്പവും വലിപ്പവും അനുമാനിക്കാന്‍ കഴിയും. സഅ്ദിബ്നു ഉബാദ (റ), സഅ്ദിബിനു മുആദ് (റ), ഉമാറ (റ), അബു അയ്യൂബുല്‍ അന്‍സാരി(റ) എന്നിവരാണ് തിരുനബി (സ)യുടെ സൗഭാഗ്യവാന്മാരായ അയല്‍വാസികള്‍.
അടുത്തതായി വീടിനകത്തുള്ള സാധന സാമഗ്രികള്‍ എന്തെല്ലാമാണെന്ന് നോക്കാം. ലോകത്തുള്ള ഏറ്റവും വലിയ സാധുവിന്‍റെ വീട്ടിലുമുള്ള സാധനമായ മാവ് അരിക്കുന്ന അരിപ്പപോലും ഇവിടെയില്ല. കാരണം, അരിക്കാത്ത മാവുകൊണ്ടുള്ള റൊട്ടിയാണ് അവിടുന്ന് ഭക്ഷിച്ചിരുന്നത് (ഇബ്നുമാജ 3335). റൊട്ടി ഉണ്ടാക്കാന്‍ സ്വന്തം തന്തൂരി അടുപ്പും ഇല്ല. പുറത്തുള്ള ഉമ്മുഹിഷാമിന്‍റെ ഒരു തന്തൂരി അടുപ്പിലാണ് റൊട്ടി പാചകം ചെയ്തിരുന്നത് (അബുദാവൂദ് 1100). സഅ്ദുബ്നു സുറാറ (റ) ഹദ്യയായി നല്‍കിയ ഒരു മരക്കട്ടില്‍ ഉണ്ട് (സാദുല്‍ മആദ് 1/132) ഒരു തകരപാത്രം (ബുഖാരി 8638) ഒരു തോല്‍വിരി (അബുദാവൂദ് 4147) വിശ്രമിക്കാനുള്ള ചാക്ക് വിരി (ശമാഇല്‍ 194) നമസ്കാരത്തിനും അതിഥികളെ ഇരുത്തുന്നതിനുമുള്ള ഒരു പായ (ബുഖാരി 5861) ഈന്തപ്പന ഇല നിറച്ച ഒരു തലയിണ. ഒരു കൂജ, രാത്രി ആവശ്യത്തിനുള്ള ഒരു മരപ്പാത്രം, മറ്റ് സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു സഞ്ചി എന്നിവയാണ് വീട്ടിലുള്ള സാമഗ്രികള്‍. എണ്ണക്കുപ്പി, കണ്ണാടി, ആനക്കൊമ്പിന്‍റെ ചീപ്പ്, കത്രിക, സുറുമകുപ്പി, അത്തറ് കുപ്പി, സാഇന്‍റേയും, മുദ്ദിന്‍റേയും രണ്ട് പാത്രങ്ങള്‍ എന്നി വയാണ് സഞ്ചിയിലുള്ള സാധനങ്ങള്‍. ഇസ്മുദ് സുറുമയാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് കാഴ്ച വര്‍ദ്ധിക്കുമത്രെ (തിര്‍മിദി 1787). സുഗന്ധത്തില്‍ കസ്തൂരിയും അമ്പറും പ്രിയമായിരുന്നു (നസാഈ 5119).
ഗറാഅ് എന്ന ഒരു വലിയ പാത്രമാണ് തിരു ഭവനത്തിലെ ഒരു സ്മരണീയ സാധനം. അത് നാലുപേര്‍ വഹിച്ചിരുന്നു. അതിലാണ് അതിഥികളെ സല്‍ക്കരിച്ചിരുന്നത്. തൊലി ഗോതമ്പിന്‍റെ ഭക്ഷണമായിരുന്നു സാധാരണ ഉണ്ടായിരുന്നത്. അതും രണ്ട് ദിവസം തുടര്‍ച്ചയായി ഭക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കറിയില്‍ മുക്കിയ റൊട്ടി വളരെ പ്രിയമായിരുന്നു. സ്ത്രീകള്‍ക്കിടയില്‍ ആഇശയ്ക്കുള്ള മഹത്വം പോലെയാണ് ആഹാരങ്ങള്‍ക്കിടയില്‍ അതിന്‍റെ മഹത്വമെന്ന് അരുളിയിരുന്നു. (ബുഖാരി5415) ഈത്തപ്പഴം, നെയ്യ്, മാവ് എന്നിവ ചേര്‍ത്ത ഹീസും ചുരയ്ക്കാ കറിയും സുറുക്കയും മധുരവും ഇഷ്ടമായിരുന്നു (അബുദാവൂദ് 3754, മുസ്ലിം 5352, ബുഖാരി 5431). പാല് തനിച്ചും വെള്ളം ചേര്‍ത്തും കുടിച്ചിരുന്നു(അബുദാവൂദ് 3875). സൈത്തൂന്‍ (ഒലീവ്) ഭക്ഷണത്തിനും ശരീരത്തില്‍ തേയ്ക്കാനും ഗുണകരമാണെന്ന് അരുളിയിരിക്കുന്നു. (തിര്‍മിദി 1852). ഹറാമായതിനാലല്ല; ദുര്‍ഗന്ധമുള്ളതിനാല്‍ ഉള്ളി ഉപയോഗിച്ചിരുന്നില്ല. മാംസം ഭക്ഷിച്ചിരുന്നു. വെണ്ണ ഇഷ്ടമായിരുന്നു. ഈത്തപ്പഴങ്ങളില്‍ 'അജ്വ' പ്രിയമായിരുന്നു. എന്നും രാവിലെ ഏഴ് അജ്വ ഭക്ഷിക്കുന്നവര്‍ക്ക് വിഷവും സിഹ്റും ഏല്‍ക്കുകയില്ലെന്ന് അരുളുകയുണ്ടായി (ഇബ്നുമാജ 3337). ഈത്തപ്പഴത്തോടൊപ്പം കക്കരി കഴിച്ചിരുന്നു (ബുഖാരി 5447) തണുത്തജലം വളരെ പ്രിയമായിരുന്നു. മുന്തിരിയും കാരയ്ക്കയും അതിലിട്ട് പാനം ചെയ്തിരുന്നു (തിര്‍മിദി 1807).
അത്തര്‍ കുപ്പിയില്‍ നിന്നും സ്വയം അത്തറെടുത്ത് പുരട്ടിയിരുന്നു. ചിലപ്പോള്‍ ആയിശ (റ) പുരട്ടികൊടുത്തിരുന്നു. സുഗന്ധം നിരസിച്ചിരുന്നില്ല. പുരുഷന്മാരുടെ സുഗന്ധം മണം അധികരിച്ചതും, സ്ത്രീകളുടേത് നിറം കൂടിയതുമാണെന്ന് അരുളിയിരുന്നു (ശമാഇല്‍ 117). നൂലുകൊണ്ടുള്ള വസ്ത്രമാണ് ഉപയോഗിച്ചിരുന്നത്. മുണ്ടും പുതപ്പും ആയിരുന്നു അധികം വേഷം. ഖമീസും (നീളകുപ്പായം) മുണ്ടും ധരിച്ചിരുന്നു. ഖമീസിന്‍റെ കൈ കുഴവരെ നീണ്ടിരുന്നു. കറുത്ത തലപ്പാവ് സാധാരണ ധരിച്ചിരുന്നു. തലപ്പാവിനടിയില്‍ തൊപ്പി ഉണ്ടായിരുന്നു. ചിലപ്പോള്‍ തൊപ്പി മാത്രം ധരിച്ചിരുന്നു (തിര്‍മിദി 1736, സാദുല്‍ മആദ് 1/135) ശുഭ്ര വസ്ത്രം ഇഷ്ടമായിരുന്നു. വസ്ത്രവും ചെരുപ്പും ധരിക്കുമ്പോള്‍ വലത് ഭാഗം മുന്തിച്ചിരുന്നു (അബുദാവൂദ് 4027, ബുഖാരി 5854). അഴുക്ക് വസ്ത്രം അനിഷ്ടമായിരുന്നു. വസ്ത്രത്തില്‍ കഷ്ണം സ്വയം വച്ചുപിടിപ്പിച്ചിരുന്നു. വീട്ട് ജോലികളില്‍ സഹായിച്ചിരുന്നു.
ഇതാണ് ലോകത്ത് സുവര്‍ണ്ണ മലകള്‍ വേണമോ എന്ന് ചോദിക്കപ്പെട്ട വിശുദ്ധ വ്യക്തിത്വത്തിന്‍റെ തിരുഭവനത്തിന്‍റെ കാഴ്ചകള്‍.
مولاي صل وسلم دائمًا أبدا
على حبيبك خير الخلق كلهم
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
No comments:
Post a Comment