അക്രമപരമായ നിയമങ്ങള്‍ക്കെതിരില്‍
വികാര വിവേകങ്ങളോടെ പോരാടുക.!
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ് ജംഇയ്യത്ത് ഉലമാ എ ഹിന്ദ്)
വിവ; ഹാഫിസ് അബ്ദു ശ്ശകൂർ ഖാസിമി
https://swahabainfo.blogspot.com/2020/02/blog-post_14.html?spref=tw കേന്ദ്ര ഗവണ്‍മെന്‍റ് ധൃതിപിടിച്ചുകൊണ്ട് വന്ന സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി നിയമങ്ങളില്‍ ഗുരുതരമായ ധാരാളം പ്രശ്നങ്ങളുണ്ട്. ഒന്ന്, പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന മുസ്ലിംകള്‍ അല്ലാത്ത ആളുകള്‍ക്കെല്ലാം ഈ രാജ്യത്തിന്‍റെ പൗരത്വം ലഭിക്കുന്നതാണ്. രണ്ട്, ഇപ്പോള്‍ രാജ്യത്തുള്ള പൗരന്മാരുടെ പൗരത്വ രേഖകളില്‍ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കില്‍ ഞങ്ങള്‍ മേല്‍പ്പറയപ്പെട്ട മൂന്ന് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വന്നവരാണെന്ന് പറയുന്നത് കൊണ്ട് മാത്രം അവര്‍ക്ക് രാജ്യത്തിന്‍റെ പൗരത്വം ലഭിക്കുന്നതാണ്. മൂന്ന്, ഈ രാജ്യത്ത് ജനിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് പൗരത്വം സ്ഥിരപ്പെടുത്തുന്നതിന് സാധാരണ രേഖകള്‍ കൂടാതെ മാതാപിതാക്കളുടെ ജനനസ്ഥാനം പോലുള്ള മറ്റുപല രേഖകളും കാട്ടിക്കൊടുക്കേണ്ടി വരും. നാല്, രാജ്യ ജനതയില്‍ ബഹുഭൂരിഭാഗത്തിനും സ്ഥലമോ വീടോ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇത്തരം രേഖകള്‍ കാട്ടിക്കൊടുക്കുക വളരെ ദുഷ്കരമാണ്. അഞ്ച്, ഇവ കാട്ടിക്കൊടുത്താല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വല്ല സംശയങ്ങളും ഉണ്ടായാല്‍ അവരുടെ പേരിന് നേരെ ഡി (ഡൗട്ട് ഫുള്‍) എന്ന് എഴുതുന്നതും തുടര്‍ന്ന് ഇത്തരം ആളുകള്‍ ഉദ്യോഗസ്ഥരുടെ പിന്നാലെ കറങ്ങി നടക്കേണ്ടിവരുന്നതുമാണ്. ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ വലിയൊരു വിഭാഗം വര്‍ഗ്ഗീയ വാദികളും കൈക്കൂലി വിദഗ്ദരുമാണ് എന്ന കാര്യം രാജ്യത്ത് പരസ്യമായ രഹസ്യമാണ്. ഇനി ഈ വഴി സ്വീകരിക്കുന്നില്ലെങ്കില്‍ ലോവര്‍ക്കോട്ടിലും ശേഷം ഹൈക്കോര്‍ട്ടിലും ശേഷം സുപ്രീം കോര്‍ട്ടിലും പോയി വാദം നടത്തേണ്ടതാണ്. ഇതിനെല്ലാം എത്ര പേരെക്കൊണ്ടാണ് സാധിക്കുക.? ആറ്, ഇതിനേക്കാളെല്ലാം ഗുരുതരമായ പ്രശ്നം, ഈ നിയമം വ്യാജമായ മത പരിവര്‍ത്തനങ്ങളിലേക്ക് നയിക്കുകയും ഇതിലൂടെ വലിയ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നതാണ്.
ഈ നിയമങ്ങളില്‍ മേല്‍പ്പറയപ്പെട്ടതുപോലുള്ള ഗുരുതരമായ ധാരാളം പ്രശ്നങ്ങള്‍ ഉള്ളതിനോട് കൂടി ഈ നിയമങ്ങള്‍ രാജ്യത്തിന്‍റെ മഹത്തായ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. മതപരമായ യാതൊരു വിവേചനവും ഉണ്ടാകുന്നതല്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നു. കൂടാതെ, ഈ നിയമങ്ങള്‍ രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യത്തിനും വിരുദ്ധമാണ്. അതിമഹത്തായ സാഹോദര്യത്തിന്‍റെ അടിസ്ഥാനത്തില്‍ സഞ്ചരിച്ചാണ് ഈ രാജ്യം ഇവിടെ വരെയും എത്തിച്ചേര്‍ന്നത്. ഈ നിയമങ്ങള്‍ ഈ പാരമ്പര്യത്തിന് തീര്‍ത്തും എതിരാണ്.
ഇന്ത്യാ രാജ്യത്തിന്‍റെ ഓരോ തുണ്ട് ഭൂമിയും ഞങ്ങള്‍ക്ക് പ്രിയങ്കരമാണ്. ഇവിടെ മുഴുവനും ഞങ്ങളുടെ മുന്‍ഗാമികളായ മഹാത്മാക്കളുടെ കണ്ണീര്‍കണങ്ങളും വിയര്‍പ്പ് തുള്ളികളും നിറഞ്ഞ് കിടക്കുന്നു. അവര്‍ ഒഴുക്കിയ രക്തത്തിലൂടെയാണ് ഭാരതത്തിന്‍റെ പൂവനം യാഥാര്‍ത്ഥ്യമായത്. സര്‍ഹിന്ദ് മുതല്‍ മലബാര്‍ വരെയുള്ള പ്രദേശങ്ങള്‍ അവരുടെ ത്യാഗങ്ങള്‍ ഇന്നും പാടിക്കൊണ്ടിരിക്കുന്നു. ചില പ്രദേശങ്ങള്‍ ഓരോ ദിവസവും തൂക്കിലേറ്റാന്‍ ഓരോ യുവാക്കളെ ഞങ്ങള്‍ നല്‍കുമെന്ന് പറഞ്ഞപ്പോള്‍ മറ്റുചില പ്രദേശങ്ങളിലെ ഓരോ മരച്ചില്ലകളിലും മഹാത്മാക്കളെ തൂക്കിക്കൊല്ലപ്പെട്ടു. വേറെ ചില പ്രദേശങ്ങളില്‍ അവരെ നാട് കടത്തപ്പെടുകയും ചെറിയ ഒരു മാപ്പ് അപേക്ഷ എഴുതിക്കൊടുത്താല്‍ സ്വതന്ത്രമാക്കപ്പെടാമെന്ന് പറയപ്പെടുകയും ചെയ്തപ്പോള്‍ ഒരിക്കലും ഞങ്ങള്‍ അതിന് സന്നദ്ധരല്ല എന്ന് പറഞ്ഞ് അവര്‍ വലിയ ത്യാഗങ്ങള്‍ക്ക് സന്നദ്ധരായി.
ചുരുക്കത്തില്‍, വലിയ ത്യാഗങ്ങള്‍ക്ക് ശേഷം രാജ്യം സ്വതന്ത്രമായി. തുടര്‍ന്ന് മഹത്തായ ഒരു ഭരണഘടനയും തയ്യാറാക്കപ്പെട്ടു. അതായത് ഈ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനും സുന്ദര നാടാക്കാനും നമുക്ക് ഒരു വഴി തുറക്കപ്പെട്ടു. പക്ഷേ, അതിലും പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വലിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക: സത്യവിശ്വാസത്തിന്‍റെ പ്രധാനപ്പെട്ട ഒരു നിബന്ധന പരീക്ഷണമാണ്. പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ ഏറ്റവും വലിയ വിജയിയാണ്. പരീക്ഷണത്തിന്‍റെ വിജയം നാം ഇഷ്ടപ്പെടുന്ന നിലയിലായിരിക്കണം എന്ന് നിര്‍ബന്ധം പിടിയ്ക്കരുത്. ഏത് അവസ്ഥയിലും പടച്ചവന്‍റെ പൊരുത്തം കരസ്ഥമാക്കുന്നതിനാണ് യഥാര്‍ത്ഥ വിജയമുള്ളത്. അതിന് പടച്ചവന്‍റെ വിധി-വിലക്കുകള്‍ മുറുകെ പിടിയ്ക്കാനും പ്രവാചക പാതയില്‍ ഉറച്ച് നില്‍ക്കാനും നാം തീരുമാനം എടുക്കുക.
മുസ്ലിംകള്‍ രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് ചോദിക്കുന്നവര്‍ മനസ്സിലാക്കുക: ഞങ്ങള്‍ ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. രാജ്യം സ്വതന്ത്രമായപ്പോള്‍ ഞങ്ങളെ മറ്റൊരു നാട്ടിലേക്ക് മാടിവിളിക്കപ്പെട്ടിട്ടും സ്വന്തം ഇഷ്ടപ്രകാരം ഞങ്ങള്‍ ഇവിടെത്തന്നെ നിലയുറപ്പിച്ചു. ഞങ്ങള്‍ ബൈ ചാന്‍സായി ഇവിടെ നിന്നവരല്ല. ബൈ ചോയ്സായി ഇവിടെ നിലയുറപ്പിച്ചവരാണ്. ഈ രാജ്യത്തോട് ഞങ്ങള്‍ക്ക് വലിയ സ്നേഹമുണ്ട്. ആ സ്നേഹം മുമ്പില്‍ വെച്ചുകൊണ്ട് ഞങ്ങള്‍ പറയട്ടെ: നിങ്ങള്‍ ആരും വിളിച്ചിട്ട് ഞങ്ങള്‍ വന്നതല്ല, നിങ്ങളാരും പറയുന്നത് കൊണ്ട് ഞങ്ങള്‍ പോകുന്നതുമല്ല.!
അധികാരത്തിന്‍റെ ലഹരി പിടിച്ച് അക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നവരും, അവരെ ന്യായീകരിക്കുന്നവരും പിന്തുണയ്ക്കുന്നവരും കേട്ടുകൊള്ളുക: അക്രമത്തിന്‍റെ ശക്തി എന്നും നിലനില്‍ക്കുന്നതല്ല. രാത്രിയുടെ കൂരിരുട്ടും സുപ്രഭാതത്തിന്‍റെ തെളിവാണ്.
ഞങ്ങള്‍ക്ക് ആരോടും യാതൊരു ശത്രുതയുമില്ല. ഓരോ രാജ്യനിവാസികളും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണ്. മുഴുവന്‍ മനുഷ്യരെയും പടച്ചവന്‍റെ കൂട്ടുകുടുംബമായി കാണുന്ന ഞങ്ങള്‍ക്ക് അയല്‍വാസികള്‍ സഹപ്രവര്‍ത്തകരും സഹയാത്രികരും സഹജീവികളും വളരെയധികം ആദരണീയരാണ്. മാനുഷിക സ്നേഹത്തിന്‍റെയും പരസ്പര ബന്ധത്തിന്‍റെയും വിഷയത്തില്‍ മതവും മതകേന്ദ്രങ്ങളും മസ്ജിദുകളും ക്ഷേത്രങ്ങളും ഒരിക്കലും തടസ്സമാകാന്‍ പാടില്ല. പക്ഷേ, വര്‍ഗ്ഗീയ വാദികള്‍ ജാതികളിലായും മതങ്ങളിലായും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഒരു നിയമത്തിലും നടപടിയിലും, മതത്തിന്‍റെ വിവേചനം മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമാണ്. അതെ, മതത്തിന്‍റെ പേരില്‍ ആളുകളെ അകറ്റുന്നത് ഗുരുതരമായ ഭരണഘടനാ ലംഘനവും രാജ്യദ്രോഹവുമാണ്.
അക്രമങ്ങള്‍ കാട്ടുന്നവര്‍ അറിഞ്ഞുകൊള്ളുക: നിങ്ങള്‍ തിരുത്തിയില്ലെങ്കില്‍ കാലഘട്ടം നിങ്ങളെ തിരുത്തുന്നതാണ്. നിങ്ങള്‍ എത്ര വലിയ ശക്തരാണെങ്കിലും പ്രകൃതി നിയമങ്ങള്‍ അതിനെക്കാളും വലുതാണ്. തെറ്റുകള്‍ തിരുത്തുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. ജനങ്ങളുടെ ക്ഷമ നിങ്ങള്‍ പരീക്ഷിക്കരുത്. ജനങ്ങള്‍ കുറച്ച് പ്രക്ഷോഭങ്ങള്‍ നടത്തി തളര്‍ന്ന് പിന്മാറുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ധാരാളം പ്രയാസങ്ങള്‍ സഹിച്ചിട്ടും നൂറ് വര്‍ഷം പോരാടുകയും സ്വാതന്ത്ര്യം ലഭിച്ചിട്ട് മാത്രം പോരാട്ടം നിര്‍ത്തുകയും ചെയ്ത ഒരു കൂട്ടരുടെ പിന്‍ഗാമികളെക്കുറിച്ച് നിങ്ങള്‍ അപ്രകാരം പ്രതീക്ഷിക്കേണ്ടതില്ല. നിങ്ങള്‍ ലോകത്തിന് മുന്നില്‍ രാജ്യത്തെ മുഴുവന്‍ നാണം കെടുത്തിയിരിക്കുന്നു. പാശ്ചാത്യ-പൗരസ്ത്യ ലോകങ്ങളിലെല്ലാം ആദരിക്കപ്പെട്ട ഒരു രാജ്യമാണ് ഭാരതം. ഇടക്കാലത്ത് നിങ്ങള്‍ക്ക് ലഭിച്ച ആദരവുകളെല്ലാം രാജ്യത്തിന്‍റെ പേരില്‍ മാത്രമാണെന്ന് ഓര്‍ക്കുക. എന്നാല്‍ നിങ്ങളുടെ അക്രമങ്ങള്‍ കാരണം ലോകം മുഴുവന്‍ ഭാരതത്തെ വിമര്‍ശിക്കുന്നു. നിങ്ങളുടെ അക്രമങ്ങള്‍ക്കെതിരില്‍ ലോകം മുഴുവന്‍ ശബ്ദം ഉയരുകയും പ്രമേയങ്ങള്‍ പാസാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. പഴയ കാലഘട്ടത്തില്‍ ആരെങ്കിലും അക്രമങ്ങള്‍ കാട്ടി പിടിച്ച് നിന്നു എന്ന ചരിത്രങ്ങള്‍ നിങ്ങള്‍ മറന്നേക്കുക. അന്ന് അക്രമങ്ങള്‍ മൂടിവെക്കാമായിരുന്നു. ഇന്ന് സര്‍വ്വ രഹസ്യങ്ങളും പരസ്യമാകുന്ന കാലഘട്ടമാണ്.
നാം ഈ രാജ്യത്ത് വാടകക്കാരല്ല. രാജ്യത്തിന്‍റെ തുല്യ അവകാശികളാണ്. ഈ പോരാട്ടം രാജ്യത്തിന്‍റെ നന്മയ്ക്കും ഭരണഘടനയുടെ സംരക്ഷണത്തിനും രാഷ്ട്രത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ളതാണെന്നും സദാ ഓര്‍ക്കുക. ഇത് നീതിയ്ക്കും ന്യായത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. നീതിയും ന്യായവും ഉണ്ടെങ്കില്‍ മാത്രമേ രാജ്യം നിലനില്‍ക്കുകയുള്ളൂ.
ഇത്തരുണത്തില്‍ മൂന്ന് കാര്യങ്ങള്‍ നാം നന്നായി മനസ്സിലാക്കുക: ഒന്ന്, ഈ പോരാട്ടം നിയമങ്ങള്‍ പാലിച്ചുകൊണ്ട് മുമ്പോട്ട് നീങ്ങുക. നാം ഒരിക്കലും നിരാശപ്പെടരുത്. പ്രതീക്ഷയോടെ സൂക്ഷ്മതയും സഹനതയും മുറുകെപ്പിടിച്ച് മുന്നേറുക. നമ്മെ പലനിലയില്‍ നിരാശപ്പെടുത്തി കുഴപ്പങ്ങളിലേക്ക് മറിച്ചിടാന്‍ പല പരിശ്രമങ്ങളും ഉണ്ടാകുമെന്ന് ഉണര്‍ന്നിരിക്കുക. രണ്ട്, മുന്‍ഗാമികളുടെ ത്യാഗ-മനഃസ്ഥിതികള്‍ ഉണ്ടാക്കിയെടുക്കുക. ആത്മാര്‍ത്ഥമായ ത്യാഗ-പരിശ്രമങ്ങള്‍ ഒരിക്കലും പാഴാകുന്നതല്ല. വിശിഷ്യാ നന്മയ്ക്കും നീതിയ്ക്കും വേണ്ടിയുള്ള ത്യാഗങ്ങള്‍ മഹത്തായ സൗഭാഗ്യങ്ങള്‍ കൂടിയാണ്. മൂന്ന്, സര്‍വ്വ ശക്തനും സര്‍വ്വാധികാരിയുമായ പടച്ചവനുമായി ഉറച്ച ബന്ധം സ്ഥാപിക്കുകയും ദിക്ര്‍-ദുആകള്‍ വര്‍ദ്ധിപ്പിക്കുകയും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുമായി ബന്ധം നന്നാക്കുകയും സുന്നത്തുകളും സ്വലാത്തുകളും അധികരിപ്പിക്കുകയും ചെയ്യുക.
ചുരുക്കത്തില്‍, വികാരവും വിവേകവും ഒരുപോലെ മുറുകെ പിടിക്കുക. അക്രമത്തെ പ്രതിരോധിക്കാനും നീതിയെ പുന:സ്ഥാപിക്കാനും ആവേശത്തോടെ രംഗത്തിറങ്ങുക. ഇതിനുവേണ്ടി നീണ്ട പരിശ്രമങ്ങള്‍ക്ക് തയ്യാറാവുക. ഈ വഴിയില്‍ പരിശ്രമിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ആദരിക്കുന്നു. കഴിവിന്‍റെ പരമാവധി പിന്തുണയ്ക്കുകയും അവരുടെ നന്മയ്ക്കായി നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും നാം പലപ്പോഴും നിസ്സാരമായി കണ്ടിരുന്ന കോളേജുകളിലെ വിദ്യാര്‍ത്ഥികളെപ്പോലുള്ളവര്‍ രംഗത്തിറങ്ങിയിരിക്കുന്നത് അങ്ങേയറ്റം സന്തോഷകരമാണ്. അതിലും കൂടുതല്‍ സന്തോഷം പകര്‍ന്ന കാര്യം നമ്മില്‍ പലരും അപകര്‍ഷതാ ബോധത്തോടെ നോക്കിക്കാണുന്ന പര്‍ദ്ദ അണിഞ്ഞ സഹോദരിമാര്‍ നടത്തുന്ന അത്ഭുതകരമായ ത്യാഗങ്ങളാണ്. കൂടാതെ, അമുസ്ലിം സഹോദരങ്ങളില്‍ പെട്ട ധാരാളം മഹത്തുക്കള്‍ അതിശക്തമായ നിലയില്‍ അക്രമങ്ങള്‍ക്കെതിരില്‍ പ്രതികരിച്ചത് വളരെയധികം വിലമതിക്കപ്പെടേണ്ടതാണ്. അവരില്‍ ചിലര്‍ സ്ഥാന-മാനങ്ങള്‍ ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്തുകൊണ്ട് വലിയ ത്യാഗങ്ങള്‍ തന്നെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നു. പടച്ചവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.! ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ഇവര്‍ എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും എല്ലാവരുടെയും നന്മയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം നമ്മോടും മുഴുവന്‍ ജനങ്ങളോടും വിവേകം കൈ വിടരുതെന്നും ആത്മാര്‍ത്ഥമായി ഉപദേശിക്കുന്നു. രാജ്യം നമ്മുടേതാണ്. രാജ്യത്തിന്‍റെ മുഴുവന്‍ സമ്പത്തും നമ്മുടേതാണ്. അവയോട് ഒരു അക്രമവും നാം കാട്ടരുത്. നമ്മുടെ പോരാട്ടം ഭരണഘടനയുടെ സംരക്ഷണത്തിനാണ്. ഇത്തരുണത്തില്‍ നമ്മുടെ മാര്‍ഗ്ഗവും ഭരണഘടനയ്ക്ക് അനുസൃതം തന്നെയായിരിക്കണം. വിശിഷ്യാ മുസ്ലിംകള്‍ നീതിയുടെ വക്താക്കളാണ്. നമ്മുടെ പരിശ്രമങ്ങളില്‍ ഇസ്ലാമിക നിയമ-മര്യാദകള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അല്ലാമാ ഇഖ്ബാല്‍ പാടുന്നു: അടിയുറച്ച വിശ്വാസം, നിരന്തര സല്‍കര്‍മ്മങ്ങള്‍, ആത്മാര്‍ത്ഥ സ്നേഹം ഇതിലൂടെ വിജയം വരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിന്‍റെ പോരാട്ട ഗോധയില്‍ ആണത്തമുള്ളവരുടെ ആയുധങ്ങളും ഇത് തന്നെ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
No comments:
Post a Comment