വിടപറഞ്ഞ വിപ്ലവ സൂര്യന്‍
(മുജാഹിദെ മില്ലത്ത് ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ ബാഖവി)
-ഷഹനാസ് മൗലവി അല്‍ ഖാസിമി
https://swahabainfo.blogspot.com/2020/02/blog-post18.html?spref=tw
തെക്കന്‍ കേരളത്തിലെ പൊന്നാനി എന്ന് അറിയപ്പെടുന്ന ഈരാറ്റുപേട്ട, ലോകത്തിന് സമ്മാനിച്ച മഹാ പുത്രനായിരുന്നു മുജാഹിദെ മില്ലത്ത് മുഹമ്മദ് ഈസാ മൗലാനാ. എന്നും ഈരാറ്റുപേട്ടക്കാരന്‍ എന്ന് പറയാന്‍ അവിടുന്ന് അഭിമാനം കൊണ്ടു. ഈരാറ്റുപേട്ടക്കാര്‍ക്ക് ലഭിക്കുന്ന ഏത് ബഹുമതിയും സ്വന്തം ശിരസ്സിലെ പൊന്‍ തൂവലായി ശൈഖുനാ കാണുമായിരുന്നു. തൊടുപുഴ കാരിക്കോട് മുനവ്വിറുല്‍ ഇസ്ലാം, സനദ് ദാന ചടങ്ങുകളിലെ മുഖ്യാതിഥികളില്‍ ഒരാള്‍ എല്ലായ്പ്പോഴും ശൈഖുനായായിരുന്നു. ഈരാറ്റുപേട്ടക്കാര്‍ക്ക് സനദുള്ള വര്‍ഷങ്ങളില്‍ ഈ വര്‍ഷത്തെ സനദ് ദാന ചടങ്ങ് തനിക്ക് ഏറെ പ്രിയങ്കരമാണ്, കാരണം സനദ് വാങ്ങുന്നവരില്‍ ഈരാറ്റുപേട്ടക്കാരുണ്ട് എന്ന് ശൈഖുനാ എടുത്തു പറയുമായിരുന്നു. ജന്മ നാടിനോടുള്ള സ്നേഹം ഈമാനിന്‍റെ ഭാഗമാണല്ലോ. ഈ ഈമാന്‍ സമ്പൂര്‍ണ്ണമായി ജീവിതാവസാനം വരെ വെച്ചു പുലര്‍ത്തിയ വ്യക്തിയായിരുന്നു ശൈഖുനാ. ഖിദ്മത്തിന്‍റെ ആരംഭ കാലഘട്ടത്തില്‍ പോലും ആ ഈമാന്‍ വളരെ ശക്തമായിരുന്നു. തൊടുപുഴ കാരിക്കോട് ജോലി ചെയ്യുന്ന സമയത്ത് ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ ശൈഖുനാ പോയി. വിവാഹത്തിന് പോകുന്ന വഴിയില്‍ അന്നത്തെ കാലത്തെ വിവാഹവേദിയിലെ പാട്ടുകള്‍ ശൈഖുനായുടെ കാതില്‍ എത്തി. പ്രമുഖ കുടുംബം ആയിട്ടും ദീനി കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച്ച ഇല്ലാത്ത ശൈഖുനാ തിരിഞ്ഞു നടന്നു. അവസാനം വീട്ടുകാരന്‍ വന്ന് മാപ്പ് പറഞ്ഞ് പാട്ട് നിര്‍ത്തിയതിന് ശേഷമാണ് ശൈഖുനാ വിവാഹത്തിന് പങ്കെടുത്തത്. (പില്‍ക്കാലത്ത് ലേഖകന്‍ ഈ സംഭവം ശൈഖുനായോട് പറഞ്ഞപ്പോള്‍ അന്ന് എനിക്ക് വളരെ ഈമാന്‍ ഉണ്ടായിരുന്നു. ഇന്ന് എനിക്ക് അതിന് കോട്ടം വന്നു എന്ന് പറഞ്ഞ് വിനയം കാണിച്ചത് എന്നെ അത്ഭുതപ്പെടുത്തി.)
അല്ലാഹുവിനെ ഭയക്കുന്നവരെ എല്ലാവരും ഭയക്കും എന്ന് പറയുന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു ശൈഖുനാ. വാരിയന്‍ കുന്നത്ത് കുന്നത്ത് അഹ്മദ് ഹാജിയുടെ സഹോദര പൗത്രനായിരുന്ന ശൈഖുനാ, ജീവിതാവസാനം വരെ ആ ഗുണം നിലനിര്‍ത്തി. സ്വകാര്യ വിഷയങ്ങളില്‍ അങ്ങേയറ്റത്തെ വിട്ടു വീഴ്ച്ച. എന്നാല്‍ ദീനിന്‍റെ വിഷയത്തില്‍ ഒരു കണിക പോലും സന്ധി ചെയ്യാന്‍ അവിടുന്ന് തയ്യാറായിരുന്നില്ല. ജോലി ചെയ്ത ഒരു സ്ഥലത്ത് നിന്നു പോലും ജീവിതാവസാനം വരെ ശമ്പളം പറഞ്ഞ് അല്ലെങ്കില്‍ ഇത്ര വേണം എന്ന് പറഞ്ഞ് ജോലി ചെയ്തിട്ടില്ല .തന്‍റെ ഖിദ്മത്തിനു ലഭിക്കുന്ന ഒരു ഹദ്യ ആയി മാത്രമേ അവിടുന്നതിനെ കണ്ടിട്ടുള്ളു. വിനീത ലേഖകന്‍ ദീനീ വിദ്യാഭ്യാസം നടത്തിയ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജില്‍ 10 വര്‍ഷം ശൈഖുനാ പ്രധാന അദ്ധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥികള്‍ പഠിച്ചേ മതിയാകൂ എന്ന വിഷയത്തില്‍ വാശിക്കാരനാണ്. തൊടുപുഴയില്‍ എപ്പോള്‍ വന്നാലും ദറസില്‍ കയറുകയും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അവിടുന്ന് കുഴിച്ച കിണര്‍ ചൂണ്ടി കാണിച്ച് ഇതെന്‍റെ ഓര്‍മ്മക്കുള്ളതാണെന്ന് സ്മരിക്കുമായിരുന്നു. തിരുസുന്നത്തായ തലപ്പാവിനോട് അങ്ങേ അറ്റത്തെ ആദരവായിരുന്നു ശൈഖുനാക്ക്. ഏതെങ്കിലും ഉസ്താദുമാര്‍ തലപ്പാവ് ധരിക്കാതിരുന്നാല്‍ അവരോടെല്ലാം തലപ്പാവിന്‍റെ മഹത്വം പറഞ്ഞു കൊടുത്ത്, അത് നിത്യമാക്കാന്‍ ശൈഖുനാ ഉപദേശിക്കുമായിരുന്നു. പ്രഭാഷണത്തിലും അദ്ധ്യാപനത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും ഒരുപോലെ ശൈഖുനാ തിളങ്ങി വിളങ്ങി പ്രകാശിച്ചു. പ്രായമായ സന്ദര്‍ഭത്തില്‍ പോലും അവിടുത്തെ പ്രഭാഷണങ്ങള്‍ മുപ്പതുകാരന്‍റെ ചുറുചുറുക്കോടെയുള്ളതായിരുന്നു. തദ്രീസിലുള്ള അങ്ങേയറ്റത്തെ താല്‍പര്യം അവിടുത്തെ മരണത്തിന് തൊട്ട് മുന്‍പ് പോലും ക്ലാസ്സെടുത്ത് നമ്മെ തൊട്ടറിയിച്ചു. അടക്കവും അനക്കവും ചിരിയും ഭാവവും നോട്ടവും നടത്തവും ഒരു പോലെ ഈമാനിന്‍റെ പ്രകാശം വിതറുന്നതായിരുന്നു.
ശൈഖുനാ ഈമാന്‍ കരുപ്പിടിപ്പിച്ചത് അവിടുത്തെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെയായിരുന്നു. പഠനകാലത്ത് ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. ഇല്ലായ്മയും വല്ലായ്മയും ഉള്ള കാലഘട്ടത്തില്‍ പോലും ഇല്‍മിനോട് അടങ്ങാത്ത ആവേശമായിരുന്നു. മഹാനായ വാളക്കുളം ഉസ്താദ് ശൈഖുനായെ അരുമ സന്താനത്തെപോലെ തര്‍ബിയത്ത് നടത്തി. ശൈഖുനായുടെ എല്ലാമായിരുന്നു വാളക്കുളം അബ്ദുറഹ്മാന്‍ ഉസ്താദ്. അവിടുത്തെ കീഴിലായി തന്നെ സേവനവും ആരംഭിച്ചു.
സ്വന്തം നാട്ടുകാര്‍ക്കിടയില്‍ നിന്ന് തന്നെ മുഹമ്മദ് ഈസാ മൗലാനാ ആയിമാറി. അവിടുത്തെ ശബ്ദം ഈരാറ്റുപേട്ടയുടെ ശബ്ദമായി മുഴങ്ങി. സര്‍വ്വര്‍ക്കും നന്മ വരണമെന്നത് ശൈഖുനായുടെ വലിയ ആഗ്രഹമായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും അനുഗ്രഹങ്ങള്‍ ലഭിച്ചു എന്ന് അറിഞ്ഞാല്‍ സ്വന്തം അനുഗ്രഹമായി കണ്ട് അങ്ങേയറ്റത്തെ സന്തോഷം പ്രകടിപ്പിക്കുമായിരുന്നു ശിഷ്യന്മാര്‍ക്ക് തദ്രീസ്, കിതാബിലൂടെ മാത്രമല്ല അവിടുന്ന് പകര്‍ന്നത്. അവിടുത്തോടുള്ള ഓരോ നിമിഷവും ഒരായിരം കിതാബിന്‍റെ രത്നചുരുക്കം നമ്മളെ പഠിപ്പിക്കുന്നതാണ്. ശൈഖുനായുടെ രചനകളെല്ലാം അവിടുന്ന് സ്വന്തമായി എഴുതുന്നതായിരുന്നു. മറ്റൊരാളെക്കൊണ്ട് എഴുതിപ്പിച്ച് സ്വന്തം പേര് വെയ്ക്കുന്ന സ്വഭാവം ശൈഖുനാക്കില്ല. പേരുപോലും മുഹമ്മദ് ഈസാ എന്നതിനപ്പുറം ഒരു സ്ഥാനമാനങ്ങളും ചേര്‍ക്കുകയും ഇല്ലായിരുന്നു. മറ്റുള്ളവര്‍ തന്നെ പുകഴ്ത്തുന്നത് ഒരിക്കലും അവിടുന്ന് ഇഷ്ടപ്പെട്ടില്ല.
അങ്ങനെ ആരെങ്കിലും പുകഴ്ത്തിയാല്‍ ചിരിച്ചുകൊണ്ട് സംസാരം മറ്റേതെങ്കിലും വിഷയത്തിലേക്ക് തിരിച്ച് വിടുകയും, പറഞ്ഞ വ്യക്തിക്ക് വിഷമം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്തിരുന്നു. അഭിമാനിക്കാവുന്ന ആയിരക്കണക്കിന് ശിഷ്യന്മാരെ അവിടുന്ന് കൈരളിക്ക് സമ്മാനിച്ചു. ശിഷ്യന്മാരുടെ വലിയ തലമുറകള്‍ കണ്ട് സായൂജ്യമടഞ്ഞാണ് അവിടുന്ന് യാത്രയായിരിക്കുന്നത്. കേരളത്തിലെ ഏതു പ്രദേശത്തും എനിക്ക് മക്കളുണ്ട് എന്ന് അഭിമാനത്തോടെ പലപ്പോഴും പറയുമായിരുന്നു. അവിടുത്തെ ജനാസക്ക് എത്തിച്ചേര്‍ന്ന ജനസഞ്ചയം അതിനുദാഹരണവുമാണല്ലോ.
കുടുംബ ബന്ധം നിലനിര്‍ത്തുന്നതില്‍ അവിടുന്ന് അതീവ താല്‍പര്യം കാണിച്ചു. തന്‍റെ സഹോദരിമാരെ അവിടുന്ന് പ്രാണനു തുല്യം സ്നേഹിച്ചു. ഒത്താശ-ഉപകാരങ്ങള്‍ ചെയ്തു. സഹോദരിമാരുടെ കുടുംബാംഗങ്ങളെ സ്വന്തം മക്കളെയും മരുമക്കളെയും പോലെ കണ്ട് ഏതു സദസ്സിലും അഭിമാനത്തോടെ പരിചയപ്പെടുത്തുമായിരുന്നു. സ്നേഹം ജനിപ്പിക്കുന്ന ഓമന പേരുകളിലൂടെ മാത്രമേ അവരെ അഭിസംബോധന ചെയ്യുമായിരുന്നുള്ളൂ. അവിടുത്തെ അതേ ഗുണം തന്നെയായിരുന്നു സഹധര്‍മ്മിണിക്കും ഉണ്ടായിരുന്നത്.
മരുമക്കളെ സ്വന്തം മക്കളെ പോലെ അവിടുന്നു കണ്ടു. പിതൃ തുല്യം അവരെ സ്നേഹിച്ചു. ആണ്‍മക്കളില്‍ അധികം പേരെയും ദീനിന്‍റെ സേവകന്മാരാക്കി. ഏക മകളെ ദീനീ സേവകരുടെ സഖിയാക്കി. സ്വകാര്യ ജീവിതത്തില്‍ കൃഷി ചെയ്യാന്‍ അവിടുന്ന് ആഗ്രഹിച്ചിരുന്നു. ഒരു ചെടി നടാന്‍ സ്ഥലം ഉണ്ടെങ്കില്‍ അവിടെ അവിടുന്ന് പഴവര്‍ഗങ്ങളുടെ തൈ നടുമായിരുന്നു. നിങ്ങളുടെ പഴങ്ങളില്‍നിന്ന് പക്ഷികള്‍ തിന്നുന്നതും സകല ജീവജാലങ്ങള്‍ ഭക്ഷിക്കുന്നതും സ്വദഖയില്‍ പെട്ടതാണ് എന്ന ആശയത്തിലുള്ള പ്രവാചക ഹദീസ് നിരന്തരം പറയുകയും എനിക്ക് ആ പ്രതിഫലം ലഭിക്കും എന്ന് പറയുകയും ചെയ്യുമായിരുന്നു.
തന്‍റെ ഗുരുനാഥന്മാരെ അവിടുന്ന് അങ്ങേയറ്റം ആദരിച്ചിരുന്നു. സൈനുല്‍ ഉലമ ശൈഖുനാ ചേലക്കുളം ഉസ്താദ് അവിടുത്തെ ഗുരുനാഥനാണ്. മമ്പഈ ബിരുദം എടുക്കാന്‍ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പ് മഅ്കൂലാത്തിന്‍റെ കിതാബുകള്‍ കാരിക്കോട് മുനവ്വിറുല്‍ ഇസ്ലാമില്‍ ചേലക്കുളം ഉസ്താദിന്‍റ അടുക്കല്‍ അവിടുന്ന് പഠിച്ചിട്ടുണ്ട്.
ഏതെങ്കിലും സദസ്സില്‍ ചേലക്കുളം ഉസ്താദ് വരുന്നത് കാണുമ്പോള്‍ പ്രായാധിക്യത്തിന്‍റെ അവശതകള്‍ക്കിടയിലും വടി കുത്തിപ്പിടിച്ച് പ്രയാസപ്പെട്ട് അവിടുന്ന് എഴുന്നേല്‍ക്കുമായിരുന്നു. ഇരുവരും തമ്മില്‍ വിശാലമായ മാനസിക ബന്ധമുണ്ടായിരുന്നു. ചേലക്കുളം ഉസ്താദിനെ കുറിച്ച് വളരെ പ്രശംസിച്ച് സംസാരിക്കുന്നത് വിനീത ലേഖകന്‍ പലപ്രാവശ്യം നേരില്‍ കേട്ടിട്ടുണ്ട്. ചേലക്കുളം ഉസ്താദിനെ ഒരു വിഷയത്തിലും കവച്ചുവെക്കാന്‍ ഇന്ന് കേരളത്തില്‍ മറ്റൊരാളില്ല എന്ന് അഭിമാനത്തോടെ, ഉസ്താദിനെ പോലെ സര്‍വ്വമേഖലയിലും വളര്‍ന്നു തിളങ്ങിയ ആ ശിഷ്യന്‍ പറയുമായിരുന്നു.
അവിടുത്തെ ആതിഥേയ മര്യാദ വളരെ പ്രശംസനീയം തന്നെ.! എത്രത്തോളം ആഹാരം മനംനിറയെ കഴിപ്പിച്ചാലും എന്‍റെ ആതിഥ്യമര്യാദയില്‍ വല്ല ന്യൂനത വന്നിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്ന് പറയാതെ അതിഥികളെ വിടുമായിരുന്നില്ല. ചില വിഷയങ്ങളില്‍ അവിടുത്തെ കുറിച്ച് ആരെങ്കിലും മോശമായി എന്തെങ്കിലും പറഞ്ഞതായി അറിഞ്ഞാല്‍ അവര്‍ക്കും എനിക്കും അല്ലാഹു പൊറുത്തുതരട്ടെ എന്ന പ്രാര്‍ത്ഥനാവചനം ആയിരിക്കും അവര്‍ക്കുള്ള മറുപടി. നീണ്ട സമയം വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുന്നത് അവിടുത്തെ ഉന്നത ഗുണമാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് -വാര്‍ദ്ധക്യ രോഗത്തില്‍ നിന്ന് അത് തടയുമെന്ന പ്രവാചക ഹദീസിന്‍റെ ഒരു ഉദാഹരണം കൂടിയാണ് ശൈഖുനാ. സാധാരണയേക്കാള്‍ അല്പം വലിപ്പമുള്ള ശരീരപ്രകൃതി ആയിരുന്നിട്ടുപോലും ശൈഖുനാക്ക് വലിയ അസുഖങ്ങളൊന്നും എണ്‍പത്തിയൊന്നാം വയസ്സിലും ഉണ്ടായിരുന്നില്ല. പ്രവര്‍ത്തന വഴിയില്‍ അംഗീകാരവും തിരസ്കാരവും ഒന്നുപോലെ കാണാനും വിമര്‍ശകരോടും തിരസ്കരിച്ചവരോടും സ്നേഹാദരവുകളോടെ ഇടപഴകാനുമുള്ള തികഞ്ഞ സന്നദ്ധതയും, മുന്നില്‍ കാണുന്ന വലിയ ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്കാണെങ്കില്‍ പോലും സഞ്ചരിച്ചെത്തുമെന്ന നിശ്ചയദാര്‍ഢ്യവും ആ ജീവിതത്തില്‍ നിന്നും നമുക്ക് ലഭ്യമാകുന്ന വലിയ പാഠമാണ്. ജലാലിയത്തിന്‍റെ പ്രകൃതവും ജൗഹരിയ്യത്തിന്‍റെ സ്വഭാവവും പ്രഥമദൃഷ്ട്യാ ആരെയും ഭയപ്പെടുത്തും. എങ്കിലും അടുത്ത് ഇടപഴകുന്നവര്‍ക്ക് മുന്നില്‍ വിനയവും ലാളിത്യവും നിറഞ്ഞ ജമാലിയത്തിന്‍റെ സ്വഭാവം പ്രകടമാകുന്നതാണ്.
തെക്കന്‍ കേരളത്തിലെ വിപ്ലവ സൂര്യനാണ് ശൈഖുനായുടെ മരണത്തോടെ നമുക്ക് നഷ്ടമായത്. ഒരിക്കലും നികത്താനാവാത്ത നഷ്ടം. ചെഞ്ചായ സൂര്യന്‍ അസ്തമിച്ചപ്പോള്‍ പുത്തന്‍പള്ളിയുടെ പുത്തന്‍ കബറിലേക്ക് നാം ഇറക്കിവെച്ചത് മണ്ണിലെ വിപ്ലവ സൂര്യനെയായിരുന്നു. ഗരിമയുടെ പാതയില്‍ തിളങ്ങിനിന്ന ഈരാറ്റുപേട്ടയുടെ പ്രിയപുത്രന്‍. ജീവിതം എങ്ങനെ അഭിമാനത്തോടെ രാജകീയമായി ജീവിച്ചോ, മരണത്തിലും അത്തറിന്‍റെ സുഗന്ധത്തോടെ രാജകീയ വിടവാങ്ങല്‍. 81 വയസ്സുവരെ ജീവിച്ചിട്ടും ഒരു നേരം പോലും ആരെയും ബുദ്ധിമുട്ടിച്ചില്ല. 'ഉംറയുടെ വിശുദ്ധിയുമായി കടന്നുവന്ന അവസാനസമയത്ത് അല്ലാഹു തന്‍റെ അടിമയെ വിളിച്ചപ്പോള്‍ ലബൈക്കിന്‍റെ മന്ത്രധ്വനി മറുപടി നല്‍കി അവിടുന്ന് വിട പറഞ്ഞു.
ഇരുപത്തിയൊന്നാം വയസ്സില്‍ മഹാനായ വാളക്കുളം ഉസ്താദിന്‍റെ കീഴില്‍ തുടങ്ങിയ വിജ്ഞാന സപര്യ എണ്‍പത്തിയൊന്നാം വയസ്സില്‍ അസ്തമിച്ചപ്പോഴും ആറു പതിറ്റാണ്ട് കാലം കൊണ്ട് അവിടുന്ന് കൊളുത്തിയ ഇല്‍മിന്‍റെ ദീപശിഖ കുറച്ചൊന്നുമായിരുന്നില്ല. ഒരുപക്ഷേ ഖബറില്‍ ചോദ്യംചെയ്യാന്‍ മലക്കുകള്‍ വരുമ്പോള്‍ പോലും അവരോട് തിരിച്ചു ചോദ്യം ചോദിക്കുകയും ചെയ്തേക്കാം നമ്മുടെ ശൈഖുനാ.
ഈരാറ്റുപേട്ടയുടെ മണ്ണ് ഒരു മനുഷ്യനെ സ്വീകരിക്കാന്‍ ഇത്രത്തോളം പുളകിതമായത് ആ ചൊവ്വാഴ്ചയായിരിക്കും. തിരുശരീരത്തെ കിടത്തിയ മണ്ണ് ആകാശത്ത് നോക്കി അന്ന് അഭിമാനം പറഞ്ഞിട്ടുണ്ടാവാം. കാരണം തന്‍റെ മടിത്തട്ടിലാണ് അഭിമാന പുത്രന്‍ ഇനിമുതല്‍ അന്തിയുറങ്ങുക. റഹ്മത്തിന്‍റെ മലക്കുകള്‍ ചാരത്ത് വന്ന് മഹാനുഭാവനെ സന്തോഷിപ്പിക്കുമ്പോള്‍ പൂവുള്ള തലപ്പാവ് കുലുക്കി കുലുക്കി ശൈഖുനാ ചിരിക്കുകയായിരിക്കും.
തന്നെ യാത്രയാക്കാന്‍ വന്നവരോട് മുസല്‍മാന്‍റ രക്തം പിച്ചിച്ചീന്താന്‍ ആരെയും അനുവദിക്കരുതെന്ന് ആവാം അവസാനം അവിടുന്ന് പറഞ്ഞിട്ടുണ്ടാവുക. താന്‍ പോയാലും തന്‍റെ പ്രസ്ഥാനം നാള്‍ക്കുനാള്‍ ഉന്നതിയില്‍ ആവണമെന്ന് റബ്ബിനോട് തേടുകയായിരിക്കും അവിടുന്ന് സ്വര്‍ഗ്ഗീയ കബറില്‍ കിടന്ന്.
ജീവിതത്തില്‍ ആരെയും പേടിക്കാത്ത ശൈഖുനാ, മരണത്തെയും ഭയപ്പെട്ടില്ല. എന്ത് ബുദ്ധിമുട്ടുണ്ടായാലും തന്‍റെ മുന്‍ഗാമികളുടെ പാത അവിടുന്ന് അവലംബിച്ചു. വാരിയന്‍കുന്നത്തിന്‍റെ ചോരയുടെ ഗുണം ജീവിതത്തിലുടനീളം നിലനിര്‍ത്തി. തൊട്ടതെല്ലാം പൊന്നാക്കി. ഏറ്റെടുത്തതെല്ലാം വിജയത്തിലാക്കി.
തള്ളിപ്പറഞ്ഞവരോടും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചവരോടും പുഞ്ചിരി പടവാളാക്കി. ആ ഖബറിലേക്ക് നന്മകള്‍ ഒഴുകുകയല്ലേ. ഇന്ന് ദക്ഷിണയുടെ മൂവായിരത്തോളം മദ്റസകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ മഹാനുഭാവന്‍ തയ്യാറാക്കിയതാണ്. ശൈഖുനായെ സന്തോഷിപ്പിക്കാന്‍ ഒരിക്കലും നിലയ്ക്കാത്ത പ്രവാഹം പോലെ, ഖിയാമത്ത് നാള്‍ വരെ നന്മയുടെ ഒഴുകുന്ന നദികള്‍ ആ മണ്ണിലേക്ക് കരുണയുള്ള റബ്ബ് എത്തിക്കുമാറാകട്ടെ.! ആമീന്‍.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment