Friday, May 31, 2019

തസ്ബീഹ് നമസ്കാരം : മഹത്വങ്ങളും മര്യാദകളും.! -ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ



തസ്ബീഹ് നമസ്കാരം : 
മഹത്വങ്ങളും മര്യാദകളും.! 
-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ  
https://swahabainfo.blogspot.com/2019/05/blog-post_98.html?spref=tw 

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ച ഈ തസ്ബീഹ് (سبحان الله والحمد لله ولا إله إلا الله والله أكبر) വളരെ പ്രധാനപ്പെട്ടതും, ദുന്‍യാവിലും, ആഖിറത്തിലും പ്രയോജനമുണ്ടാകുന്നതുമാണ്. ധാരാളം ഹദീസുകളില്‍ അത് വിവരിച്ചിട്ടുമുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഈ തസ്ബീഹുകളുടെ പ്രാധാന്യതയുടെയും മഹത്വത്തിന്‍റെയും പേരില്‍, ഒരു പ്രത്യേക നമസ്കാരത്തിനുതന്നെ പ്രേരിപ്പിച്ചിരിക്കുന്നു. സ്വലാതു-തസ് ബീഹ് (തസ്ബീഹ് നമസ്കാരം) എന്ന പേരിലാണ് അതറിയപ്പെടുന്നത്. അതില്‍ മുന്നൂറ് പ്രാവശ്യം ഈ തസ്ബീഹ് ചൊല്ലപ്പെടുന്നതുകൊണ്ടാണ് അതിന് 'സ്വലാതു-തസ്ബീഹ്' എന്നു പേരിട്ടിരിക്കുന്നത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വളരെ പ്രാധാന്യതയോടും പ്രേരണകളോടും കൂടിയാണ് ഈ നമസ്കാരം പഠിപ്പിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഏതാനും ഹദീസുകള്‍ പാരായണം ചെയ്യുക:  
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തന്‍റെ പിതൃവ്യന്‍ അബ്ബാസ് (റ) അവര്‍കളോട് പറഞ്ഞു: അല്ലയോ അബ്ബാസ്, എന്‍റ ചച്ചാ, നിങ്ങള്‍ക്ക് ഞാനൊരു സമ്മാനം തരട്ടെയോ.? ഞാനൊരു സംഭാവന നല്‍കട്ടെയോ.? ഞാനൊരു കാര്യം നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ.? നിങ്ങളെ പത്തു കാര്യങ്ങളുടെ ഉടമയാക്കട്ടയോ.? നിങ്ങളിതു പ്രവൃത്തിക്കുകയാണെങ്കില്‍ അല്ലാഹു തആലാ നിങ്ങളുടെ എല്ലാ പാപങ്ങളെയും പൊറുക്കുന്നതാണ് , അതില്‍ ആദ്യമുള്ളതിനെയും പിന്നീടുള്ളതിനെയും പഴയതിനെയും പുതിയതിനെയും പിഴവായ് ചെയ്തതിനെയും മനഃപൂര്‍വ്വം ചെയ്തതിനെയും രഹസ്യമായതിനെയും പരസ്യമായതിനെയും എല്ലാം അല്ലാഹു പൊറുക്കുന്നതാണ്. (അക്കാര്യം താഴെ പറയുന്നതാണ്.) നിങ്ങള്‍ നാല് റക്അത്ത് നഫ്ല്‍ (സ്വലാതു-തസ്ബീഹിന്‍റെ നിയ്യത്തില്‍) നമസ്കരിക്കണം. എല്ലാ റക്അത്തിലും ഫാതിഹയും സൂറത്തും ഓതണം. ആദ്യത്തെ റക്അത്തില്‍ ഓതല്‍ കഴിഞ്ഞാല്‍ റുകൂഇനുമുമ്പായ നിറുത്തത്തില്‍ سبحان الله والحمد لله ولا إله إلا الله والله أكبر എന്ന് പതിനഞ്ച് പ്രാവശ്യം ചൊല്ലണം. പിന്നീട് റുകൂഅ് ചെയ്യുമ്പോള്‍ റുകൂഇല്‍ അത് പത്ത് പ്രാവശ്യം ചൊല്ലണം. പിന്നീട് റുകൂഇല്‍ നിന്നും നിവര്‍ന്നാല്‍ (ഇഅ്തിദാലില്‍) പത്തു പ്രാവശ്യം ചൊല്ലണം. പിന്നീട് സുജൂദില്‍ പത്തുപ്രാവശ്യം ചൊല്ലണം. പിന്നീട് സുജൂദില്‍നിന്നും തല ഉയര്‍ത്തി രണ്ട് സുജൂദിനിടയില്‍ ഇരിക്കുമ്പോള്‍ പത്ത് പ്രാവശ്യം ചൊല്ലണം. പിന്നീട് രണ്ടാമത്തെ സുജൂദില്‍ പത്ത് പ്രാവശ്യം ചൊല്ലണം. പിന്നീട് രണ്ടാമത്തെ സുജൂദില്‍നിന്നും നിവര്‍ന്ന് (രണ്ടാമത്തെ റക്അത്തില്‍ നില്‍ക്കുന്നതിനുമുമ്പായി) ഇരുന്ന് പത്തുപ്രാവശ്യം ചൊല്ലണം. ഇപ്പോള്‍ ഇത് വരെയുള്ള തസ്ബീഹുകള്‍ എഴുപത്തഞ്ചായി. ഇപ്രകാരം ഓരോ റക്അത്തിലും എഴുപത്തഞ്ച് വീതം ചൊല്ലണം. ദിവസവും ഒരു പ്രാവശ്യം ഇപ്രകാരം നമസ്കരിക്കാന്‍ സൗകര്യപ്പെട്ടാല്‍ അപ്രകാരം ചെയ്യണം. അതിന് കഴിയുന്നിലെങ്കില്‍ എല്ലാ ജുമുഅക്കും ഒരു പ്രാവശ്യം നമസ്കരിക്കണം. ഇനി അതിനും കഴിയുന്നില്ലെങ്കില്‍ മാസത്തില്‍ ഒരു പ്രാവശ്യം നമസ്കരിക്കണം. അതിനും കഴിയാതെ വരികയാണെങ്കില്‍ ഓരോ വര്‍ഷത്തിലും ഒരു പ്രാവശ്യം നമസ്കരിക്കണം. അതിനുംകൂടി കഴിയാതെ വരുകയാണെങ്കില്‍ ജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും നമസ്കരിക്കണം. (അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി) 
അബൂ ജൗസാഅ (റ) അവര്‍കള്‍ നിവേദനം ചെയ്തിരിക്കുന്നു. ഒരു സ്വഹാബി പറയുന്നു: (അത് അബ്ദുല്ലാഹിബ്നു അംറ് ആണ്') എന്നോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നീ നാളെ രാവിലെ വരണം. നിനക്ക് ഞാനൊരു സമ്മാനം തരാം, നിനക്ക് ഞാനൊരു സാധനം തരാം, നിനക്ക് ഞാനൊരു ദാനം തരാം. ആ സ്വഹാബി പറയുന്നു: തങ്ങള്‍ ഈ വചനങ്ങള്‍ പറഞ്ഞതുകേട്ടിട്ട് എനിക്ക് ഏതോ (ധനം) ധര്‍മ്മം നല്‍കുന്നതാണെന്ന് ഞാന്‍ വിചാരിച്ചുപോയി. (ഞാന്‍ തങ്ങളുടെ സന്നിധിയില്‍ ഹാജരായപ്പോള്‍) തങ്ങള്‍ അരുളി: ഉച്ചതിരിഞ്ഞുകഴിഞ്ഞാല്‍ നീ എഴുന്നേറ്റ് നാല് റക്അത്ത് നമസ്കരിക്കണം. മേല്‍പറഞ്ഞ ഹദീസില്‍ വിവരിച്ചതുപോലെ തങ്ങള്‍ പറഞ്ഞുതന്നു. അതില്‍ തങ്ങള്‍ ഇപ്രകാരം അരുളി: ദുന്‍യാവിലുള്ള എല്ലാ ആളുകളെക്കാള്‍ കൂടുതല്‍ നീ പാപം ചെയ്തവനാണെങ്കിലും നിന്‍റെ പാപം അത് കൊണ്ട് പൊറുക്കപ്പെടുന്നതാണ്", ഞാന്‍ ചോദിച്ചു: ആ സമയത്ത് എന്തെങ്കിലും കാരണംകൊണ്ട് എനിക്ക് നമസ്കരിക്കാന്‍ സാധിച്ചില്ലെങ്കിലോ.? തങ്ങള്‍ അരുളി: രാതിയിലോ പകലിലോ ഏതു സമയം നിനക്ക് സാധിച്ചാലും നീ നമസ്കരിക്കുക. (അബൂദാവൂദ്) 
നാഫിഅ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം), തങ്ങളുടെ പിതൃവ്യ പുത്രന്‍ ജഅ്ഫറിനെ (റ) അബ്സീനിയാ രാജ്യങ്ങളിലേക്ക് അയച്ചു. അദ്ദേഹം അവിടെനിന്നും മടങ്ങി മദീനയിലെത്തിയപ്പോള്‍ തങ്ങള്‍ അദ്ദേഹത്തെ മുആനഖ ചെയ്യുകയും (കെട്ടി പുണരുകയും) അദ്ദേഹത്തിന്‍റെ നെറ്റിത്തടത്തില്‍ ചുംബിക്കുകയും ചെയ്തു. പിന്നീട് തങ്ങള്‍, ഞാന്‍ നിനക്കൊരു സാധനം തരട്ടെയോ.? നിനക്കൊരു സന്തോഷവാര്‍ത്ത കേള്‍പ്പിക്കട്ടെയോ.? എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, തീര്‍ച്ചയായും അത് നല്‍കിയാലും.! തങ്ങള്‍ അരുളി: നീ നാല് റക്അത്ത് നമസ്കരിക്കണം, തുടര്‍ന്ന് മേലുദ്ധരിച്ച ഹദീസില്‍ പറഞ്ഞതുപോലെ തങ്ങള്‍ പറഞ്ഞു കൊടുത്തു. ഈ ഹദീസില്‍ മുമ്പു പറഞ്ഞ നാലു വചനങ്ങളോടുകൂടി വലിച്ചു ലാഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം എന്നുകൂടി പറഞ്ഞിട്ടുണ്ട്. (ഹാകിം) 
അബ്ബാസ് (റ) പറയുന്നു. എന്നോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം), ഞാന്‍ നിനക്കൊരു സമ്മാനം തരട്ടെയോ.? നിനക്കൊരു ധര്‍മ്മം തരട്ടെയോ.? നിനക്കൊരു സാധനം സമ്മാനിക്കട്ടെയോ.? എന്നു ചോദിച്ചു. അപ്പോള്‍ തിരുദൂതര്‍, എനിക്കു മുമ്പ് ആര്‍ക്കും കൊടുത്തിട്ടില്ലാത്ത ദുന്‍യവിയായ ഏതോ സാധനം തരാന്‍ പോവുകയാണെന്ന് ഞാന്‍ വിചാരിച്ചുപോയി. (കാരണം സമ്മാനിക്കുക,ധര്‍മ്മം നല്‍കുക, മുതലായ വചനങ്ങള്‍ പല പ്രാവശ്യം തങ്ങള്‍ പറഞ്ഞു. പിന്നീട് നാല് റക്അത്ത് നമസ്കാരത്തെക്കുറിച്ച് മുമ്പ് പറഞ്ഞതുപോലെ തങ്ങള്‍ പഠിപ്പിച്ചു. ഇതില്‍, അത്തഹിയ്യാത്തിനുവേണ്ടി ഇരുന്നാല്‍ ആദ്യം തസ്ബീഹുകളും പിന്നീട് അത്തഹിയ്യാത്തും ഓതണം എന്ന് പറഞ്ഞിട്ടുണ്ട്. (ദാറുഖുത്നി) 
തിര്‍മിദി പറഞ്ഞിരിക്കുന്നു: അബ്ദുല്ലാഹിബ്നുല്‍ മുബാറക് (റ) അവര്‍കളില്‍നിന്നും മറ്റനേകം ഉലമാക്കളില്‍ നിന്നും തസ്ബീഹ് നമസ്കാരത്തിന്‍റെ മഹത്വങ്ങള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. തസ്ബീഹ് നമസ്കാരത്തെ വിവരിച്ച കൂട്ടത്തില്‍ അബ്ദുല്ലാഹിബ്നു മുബാറക് (റ) പറഞ്ഞു: തക്ബീറത്തുല്‍ ഇഹ്റാമിനു ശേഷം സുബ്ഹാനകല്ലാഹുമ്മ ചൊല്ലണം. പിന്നീട് ഫാതിഹ ഓതുന്നതിന് മുമ്പായി സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ പതിനഞ്ച് പ്രാവശ്യം ചൊല്ലണം. പിന്നീട് അഊദും, ബിസ്മിയും ചൊല്ലി ഫാതിഹയും സുറത്തും ഓതിയതിനുശേഷം, റുകൂഇന് മുമ്പായി പത്ത് പ്രാവശ്യം തസ്ബീഹ് ചൊല്ലണം. പിന്നീട് റുകൂഇല്‍ പത്തുപ്രാവശ്യവും, റുകൂഇല്‍നിന്ന് നിവര്‍ന്ന് ഇഅ്തിദാലില്‍ പത്തുപ്രാവശ്യവും ചൊല്ലണം. പിന്നീട് സുജൂദില്‍ പത്ത് പ്രാവശ്യവും, രണ്ട് സുജൂദിനിടയിലുള്ള ഇരുത്തത്തില്‍ പത്ത് പ്രാവശ്യവും, രണ്ടാമത്തെ സുജൂദില്‍ പത്ത് പ്രാവശ്യവും ചൊല്ലണം. ഈ രീതിയിലുളള നാല് റക്അത്ത് നമസ്കരിക്കണം. ഇതെല്ലാംകൂടി ഒരു റക്അത്തില്‍ എഴുപത്തിയഞ്ച് (75) തസ്ബീഹുകള്‍ പൂര്‍ത്തിയായി. ഇപ്രകാരം ഓരോ റക്അത്തിലും ചെയ്യണം. (ഇപ്പറഞ്ഞ രൂപത്തില്‍ രണ്ടാമത്തെ സുജൂദിന് ശേഷം എഴുന്നേല്‍ക്കുന്നതിന് മുമ്പായിട്ട്, ഇരുന്ന് തസ്ബീഹ് ചൊല്ലേണ്ട ആവശ്യമില്ല.) 
റുകൂഇല്‍ സുബ്ഹാന റബ്ബിയല്‍ അളീം എന്ന് മൂന്ന് പ്രാവശ്യവും, സുജൂദില്‍ സുബ്ഹാന റബ്ബിയല്‍ അഅ്ലാ എന്ന് മൂന്നു പ്രാവശ്യം ചൊല്ലിയതിനുശേഷമാണ് ഈ തസ്ബീഹ് ചൊല്ലേണ്ടത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ നിന്നും ഈ രീതിയിലുള്ള നമസ്കാരം നിവേദനം ചെയ്യപ്പെട്ടി ട്ടുണ്ട്. നമസ്കാരത്തില്‍ വല്ല മറവിയും സംഭവിക്കുകയാണെങ്കില്‍ സഹ്വിന്‍റെ സുജൂദ് ചെയ്യുമ്പോള്‍ അതില്‍ പത്തുപ്രാവശ്യം വീതമുള്ള തസ്ബീഹ് ചൊല്ലേണ്ടതില്ല. കാരണം ഇത് നാല് റക്അത്തിലുംകൂടി ആകെ മുന്നൂറാണുളളത് (ഹാക്കിം) 
തസ്ബീഹ് നമസ്കാരത്തിന്‍റെ ചില പ്രത്യേക വിവരങ്ങള്‍.! 
1. തസ്ബീഹ് നമസ്കാരം വളരെ പ്രധാനപ്പെട്ട നമസ്കാരമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എത്രമാത്രം കരുണയോടും പ്രാധാന്യത്തോടും കൂടിയാണ് അത് പഠിപ്പിച്ചിരിക്കുന്നതെന്ന കാര്യം മേലുദ്ധരിച്ചിരിക്കുന്ന ഹദീസുകളില്‍ നിന്നും അനുമാനിക്കാവുന്നതാണല്ലോ.? സമുദായത്തിലെ ആലിമുകള്‍, മുഹദ്ദിസുകള്‍, നിയമപണ്ഡിതന്‍മാര്‍, സൂഫിയാക്കള്‍ എന്നിവര്‍ എല്ലാകാലത്തും ഇതിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇമാമുല്‍ ഹദീസ് ഹാകിം (റഹ്) എഴുതുന്നു: തബ്ഉത്താബിഈങ്ങളുടെ കാലംമുതല്‍ ഇന്നുവരെ, മാതൃകാപുരുഷന്‍മാരായ മഹാന്‍മാരെല്ലാം ഇതു നമസ്കരിക്കുകയും ജനങ്ങള്‍ക്ക് അത് പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അബ്ദുല്ലാഹിബ്നുല്‍ മുബാറക് (റഹ്) അതിലൊരാളാണ്. അദ്ദേഹം ഇമാം ബുഖാരിയുടെ ഉസ്താദിന്‍റെ ഉസ്താദാണ്. 
ബൈഹകീ (റഹ്) പറയുന്നു: അബുല്‍ ഈസാഅ (റഹ്) പ്രധാനപ്പെട്ട ഒരു താബിഈ ആണ്. അബ്ദുല്ലാഹിബ്നു മുബാറകിന് മുമ്പ് അദ്ദേഹം തസ്ബീഹ് നമസ്കാരം വളരെ നിഷ്ഠയായി നമസ്കരിച്ചിരുന്നു. ദിവസവും ളുഹ്റിന് ബാങ്ക് വിളിച്ചാല്‍ അദ്ദേഹം മസ്ജിദില്‍ ജമാഅത്തിന്‍റെ സമയംവരെ ഇത് നമസ്കരിച്ചിരുന്നു. 
അബ്ദുല്‍ അസീസുബ്നു അബീറവാദ്, ഇബ്നു മുബാറക് (റ) ന്‍റെ ഉസ്താദും വലിയ ആബിദും സാഹിദും മുത്തഖിയുണ്. അദ്ദേഹം പറഞ്ഞു: ആരെങ്കിലും സ്വര്‍ഗ്ഗം കിട്ടണമെന്നാശിക്കുകയാണെങ്കില്‍, സ്വലാതു തസ്ബീഹ് വളരെ നിഷ്ഠയോടുകൂടി നമസ്കരിക്കേണ്ടത് ആവശ്യമാണ്. 
വലിയ ഒരു സാഹിദായ അബൂ ഉസ്മാന്‍ഹീരി (റഹ്) പറയുന്നു: "ആപത്തുകളും മനഃപ്രയാസ അളും നീങ്ങി കിട്ടുന്നതിന് തസ്ബീഹ് നമസ്കാരംപോലെ ഒരു വസ്തുവും ഞാന്‍ കണ്ടിട്ടില്ല". 
അല്ലാമാ തഖ്യുസ്സുബ്കീ (റഹ്) പറയുന്നു: 'ഈ നമസ്കാരം വളരെ പ്രധാനപ്പെട്ടതാണ്. ചില ആളുകള്‍ ഇതിനെ എതിര്‍ക്കുന്നതുകൊണ്ട് ആരും വഞ്ചിതരായിപ്പോകരുത്. ഈ നമസ്കാരത്തിന്‍റെ പ്രതിഫലങ്ങളെക്കുറിച്ച് കേട്ടിട്ടും വിസ്മൃതിയില്‍ കഴിയുന്നവര്‍, ദീന്‍ കാര്യത്തില്‍ അലസ മനോഭാവമുള്ളവരും സജ്ജനങ്ങളായ സ്വാലിഹീങ്ങളുടെ സല്‍പ്രവൃത്തികളില്‍നിന്നും അകന്നവരുമാണ്. അവരെ ഉന്നതരായ ആളുകളുടെ കൂട്ടത്തില്‍ കണക്കാക്കാവുന്നതല്ല. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) എല്ലാ ജുമുആ ദിവസവും ഇതു നമസ്കരിച്ചിരുന്നതായി 'മിര്‍ഖാത് എന്ന കിതാബില്‍ എഴുതിയിരിക്കുന്നു. 
2. വെറും നാല് റക്അത്തിന്‍റെ പേരില്‍ ഇത്രയുമധികം സവാബ് കിട്ടുകയും, പ്രത്യേകിച്ച് വന്‍പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യുകയെന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ് എന്നതിന്‍റെ പേരില്‍, ഈ ഹദീസിനെ ചില ആലിമുകള്‍ എതിര്‍ക്കുന്നുണ്ട്. എങ്കിലും അനേകം സ്വഹാബാക്കളില്‍നിന്നും ഹദീസ് നിവേദനം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ അത് നിഷേധിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പക്ഷേ മറ്റു ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, വന്‍ പാപങ്ങള്‍ പൊറുക്കപ്പെടുന്നതിന് തൗബ ചെയ്യേണ്ടത് ശര്‍ത്വ് (നിബന്ധന) ആണ്. 
3. മേല്‍ പറഞ്ഞ ഹദീസുകളില്‍ ഈ നമസ്കാരത്തിന് രണ്ട് രീതികള്‍ കാണിച്ചിരിക്കുന്നു. ഒന്നാമത്തേത്, നിറുത്തത്തില്‍ ഫാത്തിഹയും സൂറത്തും ഓതിയതിനുശേഷം പതിനഞ്ചുപ്രാവശ്യം സു ബ്ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹി, വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ ചൊല്ലണം. പിന്നീട് റകൂഇല്‍ സുബ്ഹാന റബ്ബിയല്‍ അളീം ചൊല്ലിയശേഷം പത്തുപ്രാവശ്യം തസ്ബീഹ് ചൊല്ലണം. പിന്നീട് റുകൂഇല്‍ നിന്നും നിവര്‍ന്നാല്‍ സമിഅല്ലാഹു ലിമന്‍ ഹമിദ, റബ്ബനാ വലകല്‍ഹംദ് പറഞ്ഞശേഷം പത്ത് പ്രാവശ്യം തസ്ബീഹ് ചൊല്ലണം'. അനന്തരം രണ്ടു സുജൂദിലും 'സുബ്ഹാന റബ്ബിയല്‍ അഅ്ലാ' പറഞ്ഞശേഷം പത്തു പ്രാവശ്യം വീതം തസ്ബീഹ് ചൊല്ലണം. അതുപോലെ രണ്ടു സുജൂദ് ഇടയിലുള്ള ഇരുത്തത്തിലും പത്തുപ്രാവശ്യം ചൊല്ലണം. രണ്ടാമത്തെ സുജൂദില്‍നിന്നും നിവര്‍ന്നാന്‍ 'അല്ലാഹുഅക്ബര്‍ പറഞ്ഞുകൊണ്ട് നിവരുകയും എഴുന്നേറ്റുനില്‍ക്കാതെ ഇരുന്നുകൊണ്ട് പത്തുപ്രാവശ്യം തസ്ബീഹ് ചൊല്ലുകയും വേണം. പിന്നീട് അല്ലാഹു അക്ബര്‍ പറയാതെ എഴുന്നേറ്റു നില്‍ക്കണം. രണ്ടുറക്അത്തി നുശേഷവും അതുപോലെ നാലാമത്തെ റക്അത്തിന് ശേഷവും, ആദ്യമായി പത്തുപ്രാവശ്യം വീതം തസ്ബീഹ് ചൊല്ലിയിട്ട് അത്തഹിയ്യാത്ത് ഓതണം. 
രണ്ടാമത്തെ രീതി, തക്ബീറതുല്‍ ഇഹ്റാം കഴിഞ്ഞ് 'സുബ്ഹാനകല്ലാഹുമ്മ..' ഓതിയിട്ട് ഫാതിഹയും, സൂറത്തും ഓതുന്നതിന് മുമ്പായി 15 പ്രാവശ്യവും ഫാതിഹയും സൂറത്തും ഓതിയതിനുശേഷം 10 പ്രാവശ്യം തസ്ബീഹ് ചൊല്ലണം. ബാക്കിയുള്ളതെല്ലാം മുമ്പുപറഞ്ഞ രീതിയില്‍തന്നെ. പക്ഷെ, ഈ രീതിയില്‍ നമസ്കരിക്കുമ്പോള്‍ രണ്ടാമത്തെ സുജൂദില്‍നിന്നും എഴുന്നേല്‍ക്കുമ്പോള്‍ ഇരിക്കേണ്ട ആവശ്യമില്ല. അതു പോലെ അത്തഹിയ്യാത്തിന് മുന്‍പും തസ്ബീഹ് ചൊല്ലേണ്ടതില്ല. എന്നാല്‍ ചിലപ്പോള്‍ ആദ്യത്തെ രീതിയിലും ചിലപ്പോള്‍ രണ്ടാമത്തെ രീതിയിലും അങ്ങനെ രണ്ടുരീതിയിലും നമസ്കരിക്കുന്നതാണ് നല്ലതെന്ന് ആലിമുകള്‍ എഴുതിയിരിക്കുന്നു. 
തസ്ബീഹ് നമസ്കാരം പൊതുവെ പതിവില്ലാത്തതുകൊണ്ട് അതിനെപ്പറ്റിയുള്ള ചില മസ്അലകളും (നിയമങ്ങളും) ഇവിടെ എഴുതുകയാണ്. 
1. ഈ നമസ്കാരത്തിന് പ്രത്യേക സൂറത്തുകളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇഷ്ടമുള്ള സൂറത്ത് ഓതാം. എങ്കിലും സൂറത്തുല്‍ ഹദീദ്, സൂറത്തുല്‍ ഹഷ്ര്‍, സൂറത്തുസ്സ്വഫ്ഫ്, സൂറത്ത് ജുമുഅ, സൂറത്ത് തഗാബുന്‍ എന്നീ സൂറത്തുകളില്‍ നിന്ന് ഏതെങ്കിലും നാലെണ്ണം ഓതണമെന്ന് ചില ആലിമുകള്‍ പറഞ്ഞിരിക്കുന്നു. ഇരുപത് ആയത്തിന്‍റെ കണക്കിന് ഓതണമെന്ന് ചില ഹദീസുകളില്‍ വന്നിട്ടുള്ളതുകൊണ്ട് ഏതാണ്ട് ഇരുപത് ആയത്തുകളുള്ള സൂറത്തുകള്‍ ഓതേണ്ടതാണ്. സൂറത്തുസ്സില്‍സാല്‍, സൂറത്തുല്‍ ആദിയാത്ത്, സൂറത്തുത്തകാസുര്‍, സൂറത്തുല്‍ അസ്ര്‍, സൂറത്തുല്‍ കാഫിറൂന്‍, സൂറത്തുന്നസ്ര്‍, സൂറത്തുല്‍ ഇഖ്ലാസ് ഇവയിലേതെങ്കിലും നാലെണ്ണം ഓതണമെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. 
2. തസ്ബീഹുകള്‍ ഒരിക്കലും നാവുകൊണ്ട് എണ്ണരുത്. നാവ് കൊണ്ട് എണ്ണുന്നതിനാല്‍ നമസ്കാരം ബാത്വിലായിപ്പോകും. വിരലുകള്‍ മടക്കി എണ്ണുകയാണ് വേണ്ടത്. തസ്ബീഹ് കയ്യില്‍ വെച്ച് അതുകൊണ്ട് എണ്ണുന്നത് അനുവദനീയമാണെങ്കിലും, മക്റൂഹാണ്. വിരലുകള്‍ അതാതിന്‍റെ സ്ഥാനത്തുതന്നെ വെച്ചുകൊണ്ട് അല്പം അമര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. 
3. ഏതെങ്കിലും സ്ഥാനത്ത് തസ്ബീഹ് ചൊല്ലുന്നതിന് മറന്നു പോയാല്‍ അടുത്ത ഫര്‍ളില്‍ അത് ചൊല്ലി പൂര്‍ത്തീകരിക്കണം. പക്ഷെ വിട്ടുപോയതിനെ പരിഹരിക്കുന്നത്, റുകൂഇല്‍നിന്നും നിവര്‍ന്ന് ഇഅ്തിദാലിലോ രണ്ടു സുജൂദിന്‍റെ ഇടയിലുള്ള ഇരുത്തത്തിലോ ആകരുത്. അതുപോലെ ഒന്നാമത്തെയും മൂന്നാമത്തെയും റക്അത്തില്‍ അവസാനത്തെ സുജൂദില്‍നിന്നും നിവര്‍ന്ന് ഇരിയ്ക്കുമ്പോള്‍ അതിലും മറന്നുപോയ തസ്ബീഹുകള്‍ ചൊല്ലരുത്. ഈ സ്ഥലങ്ങളില്‍ അവിടെ ചൊല്ലേണ്ട തസ്ബീഹുകള്‍ മാത്രമേ ചൊല്ലാവൂ. അതിനുശേഷമുള്ള ഫര്‍ലില്‍ മറന്നുപോയ തസ്ബീഹും ചൊല്ലണം. ഉദാഹരണമായി, റുകൂഇല്‍ ചൊല്ലാന്‍ മറന്നുപോയാല്‍ അത് ആദ്യത്തെ സുജൂദില്‍ ചൊല്ലണം. അതുപോലെ ആദ്യത്തെ സുജൂദില്‍ മറന്നുപോയതിനെ രണ്ടാമത്തെ സുജൂദിലും, രണ്ടാമത്തെ സുജൂദില്‍ മറന്നുപോയതിനെ അടുത്ത റക്അത്തിലെ നിറുത്തത്തിലും ചൊല്ലേണ്ടതാണ്. ഈ പറഞ്ഞ രീതിയില്‍ ചൊല്ലുന്നതിന് വിട്ടുപോയാല്‍ അവസാന ഇരുത്തത്തില്‍ അത്തഹിയ്യാത്തിന് മുന്‍പായി ചൊല്ലണം. 
4. ഏതെങ്കിലും കാരണം കൊണ്ട് സഹ്വിന്‍റെ സുജൂദ് ചെയ്യേണ്ടിവന്നാല്‍ അതില്‍ തസ്ബീഹ് ചൊല്ലേണ്ട ആവശ്യമില്ല. കാരണം തസ്ബീഹിന്‍റെ ആകെ കണക്ക് മുന്നൂറാണ്. അതിവിടെ പൂര്‍ത്തി യായിക്കഴിഞ്ഞിരിക്കുന്നു. ഇനി ഏതെങ്കിലും കാരണത്താല്‍ ഈ കണക്കില്‍ കുറവുണ്ടാവുകയാണെങ്കില്‍ സഹ്വിന്‍റെ സുജൂദില്‍ അത് ചൊല്ലാവുന്നതാണ്. 
ചില ഹദീസുകളില്‍ വന്നിരിക്കുന്നു: അത്തഹിയ്യാത്തിന് ശേഷം സലാമിന് മുന്‍പായി താഴെപ്പറയുന്ന ദുആ ചൊല്ലണം. 
അര്‍ത്ഥം : ഹിദായത്ത് പ്രാപിച്ച ആളുകളുടെ തൗഫീഖിനെ നിന്നോട് ഞാന്‍ ചോദിക്കുന്നു. യഖീനുളളവരുടെ അമലിനെയും, തൗബയുടെ ആളുകളുടെ നിഷ്കളങ്കതയേയും ഞാന്‍ തേടുന്നു. ക്ഷമയുള്ളവരുടെ പാകതയേയും, നിന്നെ ഭയപ്പെടുന്നവരുടെ പരിശ്രമത്തെയും (സൂക്ഷ്മതയേയും) തേടുന്നു. ആശയുള്ളവരുടെ തേട്ടത്തെയും ഭക്തിയുള്ളവരുടെ ഇബാദത്തിനെയും ആലിമുകളുടെ ജ്ഞാനത്തെയും തേടുന്നു. അതുമുഖേന ഞാന്‍ നിന്നെ ഭയപ്പെടുന്നവനായിത്തീരും. അല്ലാഹുവേ, നിന്നോട് എതിരുകാണിക്കുന്നതില്‍ നിന്നും എന്നെ തടയുന്ന ഭയത്തെ ഞാന്‍ തേടുന്നു. അങ്ങനെ നിന്നെ അനുസരിക്കുന്നത് കൊണ്ട് നിന്‍റെ തൃപ്തിയ്ക്കര്‍ഹനാകുന്ന അമല്‍ ഞാന്‍ ചെയ്യുന്നവനാകണം. നിന്നെ കുറിച്ചുള്ള ഭയം കൊണ്ട് നിഷ്കളങ്കമായി നിന്നോട് തൗബ ചെയ്യുന്നവനുമാകണം. നിന്നോടുള്ള സ്നേഹം കൊണ്ട്, സത്യമായ നിഷ്കളങ്കതയുള്ളവനുമായിത്തീരണം. എല്ലാ കാര്യങ്ങളും നിന്നെക്കുറിച്ചുള്ള ശരിയായ ഉറപ്പോടും കൂടി നിന്നില്‍ ഭരമേല്പിക്കുന്നവനുമാകണം. പ്രകാശം സൃഷ്ടിക്കുന്നവനേ, നീ പരിശുദ്ധനാണ്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൂര്‍ണ്ണമായ പ്രകാശം നല്‍കേണമേ.! നീ ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ.! നീ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണ്. പരമ കാരുണികനും കരുണാനിധിയുമായവനേ, നിന്‍റെ കരുണകൊണ്ട് ഞങ്ങളുടെ ദുആയെ നീ സ്വീകരിക്കേണമേ.! 
നമസ്കാരം കറാഹത്തായ സമയങ്ങളൊഴിച്ച് ദിന-രാത്രങ്ങളിലെ എല്ലാ സമയങ്ങളിലും തഹ്ബീഹ് നമസ്കരിക്കല്‍ അനുവദനീയമാണ്. പക്ഷെ, ഉച്ചതിരിഞ്ഞതിനുശേഷം നമസ്കരിക്കുന്നതാണ് ഏറ്റവും നല്ലത്. പിന്നെ പകലിലേതെങ്കിലും സമയത്തും പിന്നീട് രാത്രിയുമാണ് നല്ലത്. ചില ഹദീസുകളില്‍ ഈ മൂന്നാം കലിമയോടുകൂടി  ലാഹൗല വലാഖുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം എന്നതുകൂടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചില സമയങ്ങളില്‍ അതും കൂടി ചൊല്ലുന്നത് നല്ലതാണ്. 
മുഹമ്മദ് സകരിയ്യ
22-ഡിസംബര്‍-1983.
17-റബീഉല്‍ അവ്വല്‍-1404.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

الله إني أسألك توفيق أهل الهدى وأعمال أهل اليقين ومناصحة خل التوبة وعزم أهل الصبر وجد أهل الخشية وطلب أهل المحبة وتعبد أهل الورع وعرفان أهل العلم حتى أخافك اللهم اني أسألك مخافة تخزني بها عن معاصيك وحتى أغمل بطاعتك عملا أستحق به رضاك وحتى أناصحك في التوية خوف منك وحتى أخلص لك النصيحة محبا لك وحتى أتوكل عليك في الأمور حسن الظن بك سبحان خالق النور ربنا آتمم لنا نورنا واغفر لنا إنك على كل شيء

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...