Thursday, May 30, 2019

തസ്വവ്വുഫ് : സംസ്കരണത്തിന്‍റെ ഇല്‍ഹാമീ പദ്ധതി.! മൗലാനാ അബ്ദുല്ലാഹ് ഹസനി നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


തസ്വവ്വുഫ് : 
സംസ്കരണത്തിന്‍റെ ഇല്‍ഹാമീ പദ്ധതി.! 
മൗലാനാ അബ്ദുല്ലാഹ് ഹസനി നദ് വി  
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
https://swahabainfo.blogspot.com/2019/05/blog-post_0.html?spref=tw

ദീനിന്‍റെ ചില യാഥാര്‍ത്ഥ്യങ്ങള്‍, അതിന്‍റെ വക്താക്കളുടെ തന്നെ വാക്കുകളും പ്രവര്‍ത്തനങ്ങളും കാരണമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഒന്നാം നിരയിലുള്ളതത്രെ തസ്വവ്വുഫ് (സൂഫിസം). തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മഹത്തായ അദ്ധ്യാപനങ്ങളില്‍ നിന്നും ഉത്ഭവിച്ച ആത്മീയ ശിക്ഷണ-സംസ്കരണങ്ങള്‍ക്കുള്ള ഈ മഹത്തായ പദ്ധതി, അനര്‍ഹരും ഉദ്ദേശ ശുദ്ധിയില്ലാത്തവരും കൈകാര്യം ചെയ്തപ്പോള്‍ കാര്യമാകെ കുഴഞ്ഞുമറിഞ്ഞു. ഒരു ഭാഗത്ത് ശരീഅത്തിന്‍റെ സകല മാനദണ്ഡങ്ങളും വിധി വിലക്കുകളും വലിച്ചെറിഞ്ഞ് ശൈഖ് ആരാധനയിലേക്ക് ചിലര്‍ മറിഞ്ഞു വീണപ്പോള്‍ മറുഭാഗത്ത് ശരീഅത്തിന്‍റെ സീമകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ആത്മീയ സംസ്കരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതുപോലും വിമര്‍ശിക്കപ്പെട്ടു. ഒരു കൂട്ടര്‍ ഗോതമ്പിന്‍റെ തൊലി മാത്രം മതിയെന്ന് പറയുന്നു. മറ്റൊരു കൂട്ടരാകട്ടെ, തൊലിയോടൊപ്പം ഗോതമ്പ്കൂടി കളയണമെന്ന് ആഗ്രഹിക്കുന്നു. പരസ്പര വിരുദ്ധമായ ഈ രണ്ട് തീവ്രതകള്‍ മുന്‍കാലങ്ങളിലുമുണ്ടായിട്ടുണ്ട്. വാചക കസര്‍ത്തുകളും മാധ്യ മങ്ങളുടെ ശക്തിയും കുറച്ച് കൂടിയതിനാല്‍ ഇന്ന് അല്പം ശക്തിപ്രാപിച്ചിരിക്കുന്നു എന്നുമാത്രം.! 
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി ഈ രണ്ട് കുഴപ്പങ്ങളെയും തിരുത്താന്‍ പരിശ്രമിച്ചിരുന്നു. 
ഒന്നാമതായി, യഥാര്‍ത്ഥ തസ്വവ്വുഫുമായി ബന്ധപ്പെട്ട മഹാന്മാരുടെ ജീവിതം, കിതാബും സുന്നത്തിനും അനുസൃതമാണെന്ന് വരച്ചുകാട്ടി. സയ്യിദുനാ അബ്ദുല്‍ ഖാദിര്‍ ജീലാനി മുതല്‍ തന്‍റെ ശൈഘായ മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി വരെയുള്ള മഹാത്മാക്കളുടെ ജീവചരിത്രം അല്ലാമാ നദ് വി എഴുതി. അതിലെല്ലാം ഇക്കാര്യം വ്യക്തമാണ്. 
രണ്ടാമതായി, സൂഫിസത്തിന്‍റെ പേരില്‍ നടക്കുന്ന സകല അനാചാര-അന്ധവിശ്വാസങ്ങളില്‍ നിന്നും അവര്‍ ഒഴിവാണെന്നും വ്യക്തമാക്കി. 
മൂന്നാമതായി, തസ്വവ്വുഫിന്‍റെ ഉദ്ദേശ-ലക്ഷ്യം അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും, സ്നേഹവും സദാ നിലനിര്‍ത്തുക മാത്രമാണെന്നും ബാക്കിയുള്ളതെല്ലാം അതിന്‍റെ ചടങ്ങുകളും മാധ്യമങ്ങളും മാത്രമാണെന്നും വിവരിച്ചു. 
നാലാമതായി, തസ്വവ്വുഫിനെ എതിര്‍ക്കുന്ന വ്യക്തികള്‍ നേതാക്കന്മാരായി കാണുന്ന ശൈഘുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ പോലുള്ളവര്‍ തസ്വവ്വുഫിന്‍റെ അനാചാരങ്ങളെ എതിര്‍ക്കുന്നതിനോടൊപ്പം നല്ല വശങ്ങളെ ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു എന്നും സ്ഥാപിച്ചു. 
അഞ്ചാമതായി, ഇന്നത്തെ ചില സൂഫി വേഷധാരികളെ മാത്രം നോക്കി തസ്വവ്വുഫ് നിഷ്ക്രിയത്വമാണെന്ന് വാദിക്കുന്നവരോട് ഗതകാല മുജാഹിദുകളുടെയെല്ലാം ജിഹാദീ ആവേശത്തെ ആളിക്കത്തിച്ചതും തസ്വവ്വുഫിലൂടെ ഉണ്ടായ ഇലാഹീ സ്നേഹത്തിന്‍റെ തീപ്പൊരികളാണെന്നും സമര്‍ത്ഥിച്ചു. ചുരുക്കത്തില്‍, തസ്വവ്വുഫ് എന്നാല്‍ റുഹ്ബാനിയ്യത്ത് (സന്യാസം) അല്ല. മറിച്ച് റബ്ബാനിയ്യത്ത് (ഇലാഹീ സ്നേഹാനുരാഗങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള വഴി) ആണെന്ന് മൗലാനാ വിശദീകരിച്ചു. 
വിശദീകരണം കൊണ്ട് മാത്രം കാര്യം ഒതുക്കാതെ ഇക്കാര്യം സ്വന്തം ജീവിതത്തില്‍ കൂടി പകര്‍ത്തി പ്രചരിപ്പിച്ചു എന്നതാണ് അല്ലാമാ നദ്വിയുടെ മറ്റൊരു മഹല്‍ സേവനം. തന്‍റെ യുഗത്തിലെ യഥാര്‍ത്ഥ സൂഫിവര്യന്മാരുമായി ശരിയായി ബന്ധപ്പെട്ട് മൗലാനാ തര്‍ബിയ്യ (ശിക്ഷണം) നേടി. അവസാനം മൗലാനായും ഈ വിഷയത്തില്‍ മറ്റുള്ളവര്‍ക്ക് ശിക്ഷണ-ശീലനങ്ങള്‍ നല്‍കി തുടങ്ങി. കേരളത്തിലടക്കം മൗലാനാ പോയ സ്ഥലങ്ങളിലെല്ലാം മുരീദു (ശിഷ്യന്മാര്‍) മാരും ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം മൗലാനാ ഉത്തമശിക്ഷണ-ശീലനങ്ങള്‍ നല്‍കി. അസ്ര്‍ മുതല്‍ മഗ്രിബ് വരെയുള്ള മജ്ലിസ് മിക്കവാറും തസ്വവ്വുഫിന്‍റെ സദസ്സായിരുന്നു. തദവസരം മൗലാനാ ആഗ്രഹമുള്ളവരെ ബൈഅത്ത് ചെയ്യുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. ഇവിടെ അല്ലാമാ നദ്വിയുടെ ബൈഅത്തിന്‍റെ വാചകങ്ങളും തുടര്‍ന്ന് എല്ലാ മുരീദുമാരോടും നടത്തിയ പൊതുവായ ഉപദേശങ്ങളും കൊടുക്കുകയാണ്: ഇവ ജീവിതത്തില്‍ പകര്‍ത്തണമെന്ന ഉദ്ദേശത്തോടെ പാരായണം ചെയ്യുക. ആദ്യം, ബൈഅത്ത് ചെയ്യുന്നവരുടെ കൈപിടിച്ചുകൊണ്ട് പറയും: 
'ബിസ്മില്ലാഹിര്‍ റഹ്മാനിര്‍ റഹീം. ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്. ആരാധനയ്ക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) അല്ലാഹുവിന്‍റെ സത്യദൂതനാണ്. അല്ലാഹുവേ, ഞങ്ങള്‍ തൗബ ചെയ്യുന്നു. കുഫ്ര്‍, ശിര്‍ക്ക് ബിദ്അത്ത്, വ്യഭിചാരം, മോഷണം, അന്യന്‍റെ സ്വത്ത് അപഹരണം, അപരാധം, നമസ്കാരം ഉപേക്ഷിക്കല്‍, കളവ് പറയല്‍ മുതലായ ജീവിതകാലത്ത് ഞങ്ങള്‍ ചെയ്തു പോയ വലുതും ചെറുതുമായ സകലവിധ പാപങ്ങളില്‍ നിന്നും പശ്ചാതപിച്ച് ഖേദിച്ചു മടങ്ങുന്നു. നിന്‍റെ എല്ലാ കല്‍പ്പനകളും പാലിക്കുമെന്നും നിന്‍റെ പുണ്യ റസൂലിനെ പിന്‍പറ്റുമെന്നും ഞങ്ങള്‍ കരാര്‍ ചെയ്യുന്നു. അല്ലാഹുവേ, ഞങ്ങളുടെ തൗബ സ്വീകരിക്കേണമേ.! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ.! നന്മകള്‍ ചെയ്യാനും പുണ്യ റസൂലിനെ പിന്‍പറ്റാനും ഭാഗ്യം നല്‍കേണമേ.!" തുടര്‍ന്ന് കൈകള്‍ വിട്ടു കൊണ്ടു പറയും: ഈ ലോകത്തിന്‍റെ സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കുക. അവന്‍ ഈ ലോകത്തെ പടച്ചു. അവനാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. അവന്‍റെ തീരുമാനമില്ലാതെ ഒരു ഇലയും അനങ്ങുകയില്ല, ഒരു പൊടിയും ഉയരുകയില്ല. ആഹാരവും രോഗശമനവും അന്തസ്സും നിന്ദ്യതയും എല്ലാം നല്‍കുന്നത് അല്ലാഹു മാത്രമാണ്. വലിയ്യ്, ഖുതുബ്, അബ്ദാല്‍ ഇവര്‍ക്കൊന്നും സ്വയമായി ഒന്നും ചെയ്യാന്‍ കഴിവില്ല. എല്ലാം നടത്തുന്നത് അല്ലാഹു മാത്രമാണ്. 
ബൈഅത്ത് ചെയ്യുന്നവര്‍ക്ക് ഒരു കുറിപ്പ് കൊടുത്തിരുന്നു. അതില്‍ തന്‍റെ പരമ്പര വിവരിച്ച ശേഷം ചില നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. അവയും ഇവിടെ ഉദ്ദരിക്കുന്നു. പ്രാവര്‍ത്തികമാക്കണമെന്ന ഉദ്ദേശ്യത്തോടെ പരായണം ചെയ്യുക. 
ബൈഅത്ത് ചെയ്ത് ഒരാളുമായി ബന്ധപ്പെടുകയെന്നത്, ഒന്നും ചെയ്യാതെ ബറകത്തും പ്രസിദ്ധിയും മാത്രം ലക്ഷ്യമിടേണ്ട ഒരു ചടങ്ങോ ആചാരമോ അല്ല. ഇതൊരു കരാറും ദീനീ-ഈമാനീ ജീവിതത്തിന്‍റെ തുടക്കവുമാണ്. ഇതിലൂടെ ചില മാറ്റങ്ങളും ബാദ്ധ്യതകളും നാം സ്വീകരിക്കേണ്ടതായിട്ടുണ്ട്. 
ഒന്ന്, അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്കനുസൃതമായി ദീനീ ജീവിതം പ്രാവര്‍ത്തികമാക്കണമെന്ന് ഉറച്ച തീരുമാനമെടുക്കുക. 
രണ്ട്, വിശ്വാസം ശരിയാക്കി ഉറപ്പിക്കുക. ജീവന്‍, മരണം, രോഗം, ആരോഗ്യം, സന്താനലബ്ധി, ആഹാരം, നന്മ, തിന്മ ഇവകളെല്ലാം അല്ലാഹുവിന്‍റെ തീരുമാന പ്രകാരമാണെന്ന് വിശ്വസിക്കുക. അല്ലാഹു അല്ലാതെ ആര്‍ക്കെങ്കിലും സുജൂദോ അടിമത്വത്തിന്‍റെ രൂപമോ ചെയ്യാതിരിക്കുക. ആവശ്യങ്ങള്‍ ഇരക്കാതിരിക്കുക. 
മൂന്ന്, സയ്യിദുല്‍ മുര്‍സലീന്‍ ഘാതിമുന്നബിയ്യീന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവസാന നബിയും സന്മാര്‍ഗ്ഗ നായകനും ശഫാഅത്തിന്‍റെ മാധ്യമവും ഏറ്റവും കൂടുതല്‍ സ്നേഹത്തിനും അനുകരണത്തിനും അര്‍ഹനുമാണെന്ന് വിശ്വസിക്കുക. അവിടുത്തെ സുന്നത്തുകള്‍ കൂടുതലായി അനുഷ്ഠിക്കുക. ദീനീ-ദുന്‍യവീ വിഷയങ്ങളില്‍ അവിടുത്തെ പതിവുകളെ അനുകരിക്കുക. അവിടുത്തെ മഹച്ചരിതം നിത്യമായി പാരായണം ചെയ്യുക. നബവി ഹദീസ്-ചരിത്ര ഗ്രന്ഥങ്ങളോട് താല്‍പര്യം ഉണ്ടാക്കിയെടുക്കുക. 
നാല്, ജീവിതത്തെ ഇസ്ലാമികമാക്കാനും ശരിയായ ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കാനും, വിനീതന്‍റെ ദസ്തൂറെ ഹയാത്ത് (അല്‍ അഖീദ, വസ്സുലൂക്) കൂടാതെ ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്) യുടെ രചനാ-പ്രഭാഷണങ്ങളും പാരായണം ചെയ്യുക. 
അഞ്ച്, നമസ്കാരത്തെ യഥാ സമയത്തും സുന്നത്തുകള്‍ക്കനുസൃതമായും നിര്‍വ്വഹിക്കാന്‍ ഏറ്റവും കൂടുതലായി ശ്രദ്ധിക്കുക. ഇതില്‍ അശ്രദ്ധയും വീഴ്ചയും വരുത്തുന്നതിന് ഒരു പരിഹാരവും ഇല്ല. കഴിയുന്നതും മസ്ജിദില്‍ ജമാഅത്തായി തന്നെ നമസ്കരിക്കുക. സ്ത്രീകള്‍ ജോലികളുടെ പേര് പറഞ്ഞ് നമസ്കാരം ഉപേക്ഷിക്കുകയോ പിന്തിക്കുകയോ ചെയ്യാറുണ്ട്. അവര്‍ നമസ്കാരത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. 
ആറ്, ദീനിയും ദുന്‍യവിയും (മതപരവും ഭൗതികവും) രണ്ടുതരം കാര്യങ്ങളിലും പടച്ചവന്‍റെ പ്രീതിയും പ്രതിഫലവും ലക്ഷ്യം വെയ്ക്കാന്‍ പരിശീലിക്കുക. സല്‍സ്വഭാവം, ഇടപാടുകള്‍, ജീവിതചര്യകള്‍ ഇവകളിലും അതുണ്ടാകാന്‍ പരിശ്രമിക്കുക. എന്നാല്‍ അവയെല്ലാം ഇബാദത്തും പ്രതിഫലാര്‍ഹവുമായി തീരും. ശരീഅത്തിനെ മുറുകെ പിടിക്കുക. അസൂയ, പക, പരിധിവിട്ട കോപം, മ്ലേഛ ഭാഷ്യം, സമ്പത്തിനോടും സ്ഥാനങ്ങളോടുമുള്ള സ്നേഹം മുതലായ ദുഃസ്വഭാവങ്ങള്‍ വര്‍ജ്ജിക്കാന്‍ പരിശ്രമിക്കുക. 
ഏഴ്, പരിശുദ്ധ ഖുര്‍ആന്‍ പാരായണം പതിവാക്കുക. 
എട്ട്, സുബ്ഹ് നമസ്കാരത്തിനു മുന്‍പ് അല്ലെങ്കില്‍ മഗ്രിബിനോ ഇശാക്കോ ശേഷം സ്വലാത്ത്, മൂന്നാം കലിമ, ഇസ്തിഗ്ഫാര്‍ ഇവ നൂറു വീതം ചൊല്ലുക. അല്ലാഹു തൗഫീഖ് ചെയ്താല്‍ പുലര്‍ക്കാലത്ത് എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കുക. താന്‍ ബന്ധപ്പെട്ട മഹാന്മാര്‍ക്കും മറ്റ് മഹത്തുക്കള്‍ക്കും ദുആ ഇരക്കുക. ഇതാണ് തസ്വവ്വുഫ്. അല്ലാമാ നദ് വിയുടെ ഭാഷയില്‍ ആത്മസംസ്കരണത്തിന് അല്ലാഹു മഹാത്മാക്കളുടെ മനസ്സില്‍ തോന്നിപ്പിച്ചു കൊടുത്ത ഇല്‍ഹാമീ പദ്ധതി. ഇസ്ലാമിന്‍റെ മഹത്തായ ഈ ശാഖയെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.! തസ്വവ്വുഫില്‍ ബിദ്അത്ത്-ഖുറാഫാത്തുകള്‍ കടത്തിക്കൂട്ടി ഈ മഹാ പ്രസ്ഥാനത്തെയും മഹാത്മാക്കളേയും കരിവാരിതേയ്ക്കുന്നവര്‍ക്കും തസ്വവ്വുഫുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ അതിന്‍റെ മേല്‍ വെച്ചു കെട്ടുന്നവര്‍ക്കും അല്ലാഹു സല്‍ബുദ്ധി പ്രധാനം ചെയ്യട്ടെ.! ആമീന്‍ 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...