Sunday, May 26, 2019

ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് ഒരു കര്‍മ്മ സരണി -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് ഒരു കര്‍മ്മ സരണി 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
https://swahabainfo.blogspot.com/2019/05/blog-post_26.html?spref=tw 
വിശ്വ പണ്ഡിതനും ചിന്തകനുമായ മൗലാനാ അവര്‍കള്‍, 1992-ല്‍ ഇന്ത്യയില്‍ ആരങ്ങേറിയ അതിദാരുണമായ ദുരന്തങ്ങള്‍ക്കുശേഷം, രംഗം അല്പം ശാന്തമായപ്പോള്‍ എഴുതിയ സുപ്രധാനമായ ഒരു ലേഖനമാണിത്. കിതാബ്-സുന്നത്തുകളുടെയും മുന്‍ഗാമികളുടെ ചരിത്ര-നിര്‍ദ്ദേശങ്ങളുടെയും വെളിച്ചത്തില്‍, പ്രശ്ന പരിഹാരങ്ങള്‍ക്ക് അതിലളിതമായ ഒരു വഴി പറഞ്ഞു തരുന്ന ഈ ലേഖനം, ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഒരു വഴിവിളക്ക് തന്നെയാണ്. മൗലാനയുടെ ആത്മകഥയായ കാറവാനെ സിന്ദഗി എന്ന ഗ്രന്ഥത്തില്‍ ഈ ലേഖനം പ്രാധാന്യപൂര്‍വ്വം ഉദ്ധരിച്ചിട്ടുണ്ട്. ഇതിനെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും മാന്യ അനുവാചകരോട് അപേക്ഷിക്കുന്നു. അല്ലാഹുവാണ് തൗഫീഖ് അരുളുന്നവന്‍.! 
നൂററാണ്ടുകളോളം ഇസ്ലാമിക ഭരണത്തിന്‍റെയും വിജ്ഞാന-സംസ്കാരങ്ങളുടെയും കേന്ദ്രമായി നിലകൊണ്ട ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. വളരെ വിദൂരങ്ങളിലായി പരന്നു കിടക്കുന്ന മുസ്ലിം രാഷ്ട്രങ്ങളില്‍പോലും പരിവര്‍ത്തനങ്ങള്‍ ഉളവാകാന്‍ നിമിത്തമായ ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളും ത്യാഗിവര്യന്മാരായ പണ്ഡിത-പരിഷ്കര്‍ത്താക്കളും ഇവിടെ നിന്നും ഉദിച്ചുയര്‍ന്നിട്ടുണ്ട്. പക്ഷെ, ഇത്തരം മഹത്തായ പാരമ്പര്യം പുലര്‍ത്തുന്ന ഈ രാഷ്ട്രം അതീവ ഗുരുതരമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങുകയാണിപ്പോള്‍. രാഷ്ട്രത്തെയും സമൂഹത്തെയും ഉടമസ്ഥനായ അല്ലാഹുവിന്‍റെ അടി മതത്തിലേക്ക് നയിക്കുക എന്ന മഹത്തായ ഇസ്ലാമിക ബാധ്യത ഇരിക്കട്ടെ, മുസ്ലിംകളുടെ അസ്ഥിത്വവും അന്തസ്സും മസാജിദ്-മദാരിസുകളും നൂററാണ്ടുകളുടെ പ്രയത്നഫലമായ വില പിടിച്ച വൈ ജ്ഞാനിക-സാംസ്കാരിക മൂലധനങ്ങളും ഇന്നിവിടെ കടുത്ത ഭീഷണി നേരിടുകയാണ്. വിവിധ സ്ഥലങ്ങളിലായി ഒററപ്പെട്ട് കിടക്കുന്ന ഗ്രാമങ്ങളിലെന്നല്ല, മുസ്ലിംകള്‍ എണ്ണത്തിലും വണ്ണത്തിലും മികച്ച് നില്‍ക്കുന്ന വലിയപട്ടണങ്ങളില്‍ പോലും ഭീകരമായ ഒരന്തരീക്ഷമാണ് നില നില്‍ക്കുന്നത്, 'ഭൂമി വിശാലമായ
തിനോടുകൂടി അവരുടെ മേല്‍ ഇടുക്കമായി' എന്ന ആഴം നിറഞ്ഞ ഖുര്‍ആനിക വചനം വരച്ചു കാട്ടുന്ന ചിത്രമാണ് ചിലയിടങ്ങളില്‍.
ഹിജ്രി ഏഴാം (ക്രി: 13-ാം) ശതകത്തില്‍ തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നീ മുസ്ലിം കേന്ദ്രങ്ങളില്‍ താത്താരികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മാത്രമാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥക്ക് പൂര്‍വ്വചരി ത്രത്തിലുള്ള ഏക ഉദാഹരണം. താത്താരികള്‍ ഓരോ നാടുകളും തകര്‍ത്തു തരിപ്പണമാക്കി, മുസ്ലിം ലോകത്തെയാകമാനം പിടിച്ചു കുലുക്കി. എന്നാല്‍, അത് അപരിഷ്കൃതരായ ഒരു സമൂഹത്തിന്‍റെ കാടന്‍ ആക്രമണമായിരുന്നു. പുതിയ ഒരു പ്രബോധനതത്വം, സംസ്കാരം, മതപരമായ വെറുപ്പ്, പക്ഷപാതിത്വം, സാംസ്കാരിക-വര്‍ഗ്ഗ നശീകരണത്തിനുള്ള (CULTUR A L GEN0CIDE) പദ്ധതി ഇതൊന്നും അവരിലില്ലായിരുന്നു. മറുഭാഗത്ത്, ആത്മാര്‍ത്ഥതയുടെയും ആത്മീയതയുടെയും വക്താക്കളായി നിരവധി ദീനീ പ്രബോധകര്‍ അന്ന് ഭാഗ്യവശാല്‍ രംഗത്തുണ്ടായിരുന്നു. അവരുടെ നിഷ്കാമ നിഷ്കളങ്ക പരിശ്രമഫലമായി ലക്ഷക്കണക്കിന് എണ്ണം വരുന്ന താത്താരീ സമൂഹം മുഴുവന്‍ ഇസ്ലാം സ്വീകരിച്ചെന്ന് മാത്രമല്ല, ഇസ്ലാമിന്‍റെ സേവകരും പതാക വാഹകരുമായി മാറി. പ്രസിദ്ധ ചരിത്രകാരന്‍ പ്രൊഫ: ആര്‍നള്‍ഡ് എഴുതുന്നു. 'പക്ഷെ, ഇസ്ലാം പഴയ ഗാംഭീര്യതയോടെ, പതനത്തിന്‍റെ ചാരക്കൂമ്പാരത്തില്‍ നിന്നും പിടഞ്ഞെണീറ്റു. മുസ്ലിം പീഡനത്തില്‍ യാതൊരു വീഴ്ചയും വരുത്താതിരുന്ന അപരിഷ്കൃതരായ മംഗോളികളെ മുഴുവന്‍ ഇസ്ലാമിക പ്രബോധകര്‍ മുസ്ലിംകളാക്കി മാററി." (THE PREACHTAG OF ISLAM P. 227 മലയാളം : ഇസ്ലാം: പ്രബോധനവും പ്രചാരണവും)
എന്നാല്‍, ഇന്ന് സ്ഥിതി അതല്ല. ഭൂരിപക്ഷത്തില്‍ കടുത്ത വെറുപ്പും വിദ്വേഷവും പ്രതികാര ദാഹ"വും ഉണ്ടാക്കിത്തീര്‍ക്കുന്ന നിലയിലാണ് ഇവിടുത്തെ ഗതകാല മുസ്ലിം ചരിത്രം പഠിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇതിനു പിന്നില്‍, വൈജ്ഞാനിക-രാഷ്ട്രീയമായ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതില്‍ സംശയമില്ല. മറുഭാഗത്ത് ഇന്നാട്ടിലെ രാഷ്ട്രീയ കക്ഷികളും, കാലിക പ്രശ്നങ്ങളില്‍ മുസ്ലിംകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രസ്ഥാനങ്ങളും പല ഘട്ടങ്ങളിലും പരിധി വിട്ട ആവേശം, പരിണിതഫലങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കുക, പേരും പെരുമയും മോഹിച്ചുകൊണ്ട് പ്രശ്നങ്ങളുണ്ടാക്കുക എന്നീ കുററങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഇവിടുത്തെ പാഠ്യ പദ്ധതി, പത്ര മാധ്യമങ്ങള്‍ മുതലായവയിലൂടെ മുസ്ലിം തലമുറയെ ആദ്യമായി സാംസ്കാരികമായും, രണ്ടാമതായി വിശ്വാസപരമായും ഇസ്ലാമില്‍ നിന്നും അകറ്റാനുള്ള ഒരു പദ്ധതിയും ഇവിടെ പടച്ചുണ്ടാക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ആവേശവും ബോധവുമുള്ള മുസ്ലിംകളെ മാത്രമല്ല, ചുറ്റുവട്ടത്തുള്ള അവസ്ഥകള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന സാധാരണ മുസ്ലിംകളെപ്പോലും കടുത്ത ചിന്തയിലും പരിഭ്രമത്തിലും ആഴ്ത്തുന്ന കാര്യങ്ങളാണിവ. 
പക്ഷെ, ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍. ലോകനിയന്ത്രണം അവന്‍റെ കരങ്ങളിലാണ്. സത്യദീനിനെ സംരക്ഷിക്കുന്നവനും സത്യത്തെ ഉയര്‍ത്തുന്നവനും മര്‍ദ്ദിതരെ സ ഹായിക്കുന്നവനും തകര്‍ന്നവരെ ഉയര്‍ത്തുന്നവനും അഹങ്കാരികളെ തകര്‍ത്തെറിയുന്നവനുമാണ് അല്ലാഹു. "അറിയുക, സര്‍വ്വതും സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും അല്ലാഹു തന്നെ.! (അഅ്റാഫ്) എന്ന് പ്രഖ്യാപിച്ച അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എത്ര വലിയ മാറ്റങ്ങളുണ്ടാക്കുവാനും ഒരു പ്രയാസവുമില്ല. ഏകനായ അല്ലാഹുവിനെ കുറിച്ചുള്ള മുസ്ലിംകളുടെ സാക്ഷ്യമിതാണ്; 'പറയുക: അല്ലാഹുവേ, രാജാധിരാജനേ, നീ വിചാരിക്കുന്നവര്‍ക്ക് നീ അധികാരം നല്‍കുന്നു. നീ വിചാരിച്ചവരില്‍ നിന്നും അധികാരം ഊരി മാറ്റുന്നു. നീ ഉദ്ദേശിച്ചവന് നീ അന്തസ്സ് പ്രദാനം ചെയ്യുന്നു. നീ ഉദ്ദേശിച്ചവനെ നീ നിന്ദ്യനാക്കുന്നു. എല്ലാവിധ നന്മകളും നിന്‍റെ കരങ്ങളിലാണ്. നിസ്സംശയം നീ സര്‍വ്വ കാര്യങ്ങളുടെ മേലും കഴിവുള്ളവനാണ്. രാത്രിയെ പകലിലും പകലിനെ രാത്രിയിലും നീ പ്രവേശിപ്പിക്കുന്നു. നിര്‍ജ്ജീവിയില്‍ നിന്നും ജീവിയെയും നിര്‍ജ്ജീവിയില്‍ നിന്നും ജീവിയെയും നീയാണ് പുറപ്പെടുവിപ്പിക്കുന്നത്. നീ വിചാരിക്കുന്നവര്‍ക്ക് കണക്കില്ലാതെ നീ വിഭവങ്ങള്‍ കനിഞ്ഞരുളുന്നു." (ആലു ഇംറാന്‍ 26,27) പരാജിതരായ റോമക്കാര്‍ ജയിക്കുമെന്നും വിജയികളായ പേര്‍ഷ്യക്കാര്‍ പരാജയപ്പെടുമെന്നും ആരും പ്രവചിക്കാന്‍ ധൈര്യപ്പെടാത്ത ഒരു അന്തരീക്ഷത്തില്‍ റോമക്കാര്‍ ജയിക്കുമെന്നും അതിലൂടെ മുസ്ലിംകള്‍ക്ക് സന്തോഷമുണ്ടാകുമെന്നും വളരെ വ്യക്തമായി ഖുര്‍ആന്‍ പ്രഖ്യാപിക്കുകയുണ്ടായി. (സൂറത്ത് റൂം 1-5) ഒമ്പത് വര്‍ഷങ്ങള്‍ക്കകം ഈ പ്രവചനം അതേപടി പുലര്‍ന്നു. പാശ്ചാത്യ ചരിത്രകാരന്മാര്‍ പോലും അത്ഭുതത്തോടെ ഈ സംഭവം അനുസ്മരിച്ചിട്ടുണ്ട്. (EDWARD GIBBON: DECLINE & FALL OF THE ROMAN EMPIRE) 
എന്നാല്‍, അനുഭവങ്ങളുടെ രൂപത്തില്‍ വന്നു തുടങ്ങിയ ഭയാശങ്കകള്‍ നിറഞ്ഞ അവസ്ഥകള്‍ മാറ്റാന്‍ അല്ലാഹുവിന് ചില നിയമങ്ങളുണ്ട്. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും അവിടുത്തെ ശിക്ഷണം സിദ്ധിച്ച സ്വഹാബിവര്യന്മാരും അത് പകര്‍ത്തി കാണിച്ചു തരികയുണ്ടായി. അതില്‍പ്പെട്ട ഏതാനും പ്രധാന നിദ്ദേശങ്ങളാണ് താഴെ കുറിക്കുന്നത്. 
1. ലോക മുസ്ലിംകള്‍ മൊത്തത്തിലും ഇന്ത്യന്‍ മുസ്ലിംകള്‍ പ്രത്യേകിച്ചും ഇന്ന് ഏറ്റവും ആദ്യമായി ചെയ്യേണ്ട നിര്‍ബന്ധ ബാധ്യത, അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങലാണ്. അല്ലാഹു കല്പിക്കുന്നു: 'സത്യവിശ്വാസികളെ, ക്ഷമയും നമസ്കാരവും കൊണ്ട് നിങ്ങള്‍ സഹായം നേടിയെടുക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്." (ബഖറ: 153) 
ഒരിടത്ത് അല്ലാഹു ചോദിക്കുന്നു: ഗതി മുട്ടിയവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അവന് ഉത്തരം നല്‍കുകയും അവന്‍റെ പ്രയാസം ദൂരീകരിക്കുകയും നിങ്ങളെ ഭൂമിയുടെ പ്രതിനിധികളാക്കുകയും ചെയ്യുന്നവന്‍ ആരാണ്.?" (നംല്: 62) വേറൊരിടത്ത് കല്‍പ്പിക്കുന്നു: 'സത്യവിശ്വാസികളെ, അലാഹുവിങ്കലേക്ക് സത്യസന്ധമായി ഖേദിച്ച് മടങ്ങുക. അല്ലാഹു നിങ്ങളുടെ പാപങ്ങളെ ദൂരീകരിക്കുന്നതാണ്. (തഹ്രീം: 8) 
ഹുദൈഫ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് എന്തെങ്കിലും പരിഭ്രമമുണ്ടായാല്‍ തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) നമസ്കാരത്തിലേക്ക് തിരിയുമായിരുന്നു. (അബൂദാവൂദ്) 
അബുദ്ദര്‍ദാഅ് (റ) പ്രസ്താവിക്കുന്നു: "കാറ്റ് ശക്തമായി അടിച്ചാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മസ്ജിദില്‍ അഭയം തേടുമായിരുന്നു. സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ വല്ലതുമുണ്ടായാല്‍ തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) നമസ്കാരത്തിലേക്ക് തിരിയുമായിരുന്നു. (ത്വബ്റാനി). 
അതുകൊണ്ട് ദുആകളിലും ഖുര്‍ആന്‍ പാരായണങ്ങളിലും ദിക്റുകളിലും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫീല്‍, ഖുറൈശ് തുടങ്ങിയ സൂറത്തുകളും ലാഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിനള്ളാലിമീന്‍ എന്ന ദിക്റും അധികമായി പതിവാക്കേണ്ടതാണ്. 
2. പാപങ്ങളില്‍ നിന്നും പശ്ചാത്തപിക്കലും അകന്നു നില്‍ക്കലും കടമകള്‍ നിര്‍വ്വഹിക്കലുമാണ് രണ്ടാമത്തെ പ്രധാന ബാധ്യത. ഈ വിഷയത്തില്‍, മഹാനായ ഖലീഫ ഉമറുബ്നു അബ്ദില്‍ അസീസ് (റ) യുടെ ഒരു കത്ത് ഉദ്ധരിക്കുകയാണ്. ഒരു സേനാ നായകന് അദ്ദേഹം എഴുതി: "എല്ലാ അവസ്ഥയിലും തഖ്വ മുറുകെ പിടിക്കുക. തഖ്വ (അല്ലാഹുവിനെ കുറിച്ചുള്ള ഭയം) ഏററം നല്ല രക്ഷാമാര്‍ഗ്ഗമാണ്. ശത്രുക്കളെക്കാള്‍ കൂടുതലായി പാപങ്ങളെ ഭയപ്പെടുക. ശത്രുക്കളുടെ പദ്ധതികളെക്കാള്‍ അപകടകരമാണ് പാപം. നമ്മുടെ പാപങ്ങള്‍ കാരണം ശത്രുക്കള്‍ വിജയിക്കുന്നതാണ്. ഇനി അവരും നമ്മളും പാപത്തില്‍ തുല്യരാണെങ്കില്‍ എണ്ണത്തിലും വണ്ണത്തിലുമുള്ള അവരുടെ വര്‍ദ്ധനവ് നമ്മെ പരാജയപ്പെടുത്തുന്നതാ ണ്. പാപത്തെക്കാള്‍ കൂടുതലായി ഒരു ശത്രുവിനെയും കുറിച്ച് പേടിക്കുകയോ ചിന്തിക്കുകയോ ചെയ്യേണ്ടതില്ല" (സീറത്ത്) 
3. അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുക. അതിന് ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്. പ്രകൃതിപരവും ശാസ്ത്രീയവും ആകര്‍ഷകവും മനസ്സും മസ്തി ഷ്കവും കീഴടക്കുന്ന ദര്‍ശനവുമായ ഇസ്ലാമും, അമാനുഷികത നിറഞ്ഞ ഖുര്‍ആനും, അന്ത്യപ്രവാചകനായ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഹൃദ്യമായ ജീവിതവും, സുഗ്രാ ഹ്യവും സരള സുന്ദരവുമായ അദ്ധ്യാപനങ്ങളുമാണ് നമ്മുടെ പക്കലുള്ളത്. തുറന്നതും സംശുദ്ധവുമായ മനസ്സോടെ അവ ശ്രദ്ധിച്ചാല്‍, അവരില്‍ മാററമുണ്ടാകുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെയാണ്, ലോകത്തുള്ള വലിയൊരു വിഭാഗം അതിനെ മാറോടണച്ച് പിടിച്ചിരിക്കുന്നത്. 
ഈ ബാധ്യത നിര്‍വ്വഹിക്കുന്നതില്‍ ഈ രാജ്യത്തുള്ള മുസ്ലിംകള്‍ വലിയ വീഴ്ച വരുത്തിയിട്ടുണ്ട് എന്നത് കയ്പേറിയ ഒരു യാഥാത്ഥ്യമാണ്. തല്‍ഫലമായി, ഇസ്ലാമിന്‍റെ വലിയ വലിയ പ്രത്യേ കതകളെപോലും അവര്‍ തെറ്റായി ധരിച്ച് വശായിട്ടുണ്ട്. പ്രതിദിനം അഞ്ചു നേരം ഗ്രാമ-പട്ടണങ്ങളിലെല്ലാം നിര്‍വ്വഹിക്കപ്പെടുന്ന ബാങ്ക്, നമസ്കാരം മുതലായവയെ കുറിച്ച് ചിലവേള അത്ഭുതകരമായ ചോദ്യങ്ങള്‍ അവര്‍ ചോദിക്കാറുണ്ട്. അതു കേട്ട് നാം ചിരിക്കുകയല്ല, കരയുകയാണ് വേണ്ടത്. നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നിലയില്‍ അവരില്‍ പലരും അതിനെ തെററിദ്ധരിച്ചിട്ടുണ്ട്. (തബ്ലീഗ് പ്രവത്തകരായ ചില സഹോദരങ്ങളോടൊപ്പം വിനീതന്‍ ഒരിക്കല്‍ ഹര്‍ദുയിയില്‍ നിന്നും ലഖ്നൗവിലേക്ക് വരികയായിരുന്നു. ഇടയ്ക്ക് നമസ്കാര സമയമായപ്പോള്‍ ഞങ്ങള്‍ ട്രൈനില്‍ തന്നെ ബാങ്ക് കൊടുത്ത് ജമാഅത്തായി നമസ്കരിച്ചു. നമസ്കാരാനന്തരം ഹൈന്ദവനായ ഒരു പട്ടാള ഓഫീസര്‍ എന്നോട് ചോദിച്ചു: മൗലാനാ, അക്ബര്‍ രാജാവിനോട് നിങ്ങള്‍ക്ക് വലിയ വെറുപ്പാണെന്നാണ് എന്‍റെ അറിവ്. പിന്നെന്തിനാണ് നിങ്ങള്‍ ബാങ്കിലും നമസ്കാരത്തിലും ഇടയ്ക്കിടെ അക്ബര്‍ രാജാവാണ് അല്ലാഹു എന്ന് ആവര്‍ത്തിച്ച് പറയുന്നത്.? സാധാരണ നടക്കാറുള്ള ഒരു സംഭവം മാത്രമാണിത്. അധികമായി യാത്ര ചെയ്യുകയും അമുസ്ലിംകളുമായി ഇടപഴകുകയും ചെയ്യുന്ന ദീനീ ബോധമുള്ളവര്‍ക്കെല്ലാം ഇത്തരം ധാരാളം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. 
അതുകൊണ്ട്, ഈ വിഷയത്തില്‍ നാം പരിശ്രമികണം. ഇംഗ്ലീഷിലും ഇതര പ്രാദേശിക ഭാഷകളിലും രചിക്കപ്പെട്ട ആധികാരിക രചനകള്‍ ഈ വിഷയത്തില്‍ വളരെ പ്രയോജനപ്രദമാണ്. (ഉദാഹരണത്തിന്, മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയുടെ 'ഇസ്ലാം എന്നാല്‍ എന്ത്.?' (മലയാളം), വിനീതന്‍റെ 'ഹിന്ദുസ്ഥാനീ മുസല്‍മാന്‍', അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയുടെ "റഹ്മത്തെ ആലം", "റസൂലെ വഹ്ദത്ത്, ഖാദി സുലൈമാന്‍ മന്‍സൂര്‍പൂരിയുടെ "റഹ്മത്തുന്‍ ലില്‍ ആലമീന്‍", ഡോക്ടര്‍ ഹമീദുല്ലാഹ് സാഹിബിന്‍റ "ഇസ്ലാം ഒരു പരിചയം" (മലയാളം) മുതലായ പ്രയോജനപ്രദമായ രചനകള്‍. ഈ വിഷയ ത്തില്‍, ലേഖകന്‍റെ വിവിധ രചനകളില്‍ പരന്ന് കിടക്കുന്ന കാര്യങ്ങള്‍ ഒരു കൃതിയില്‍ കോര്‍ത്തിണക്കിക്കൊണ്ട് "ഇസ്ലാം ഏക് പരിചയ്" എന്ന പേരില്‍ ഹിന്ദിയിലും മറ്റും തയ്യാറാക്കി ഇറക്കാന്‍ എന്‍റെ സഹോദര പൗത്രന്‍ പ്രിയപ്പെട്ട മൗലവി സയ്യിദ് അബ്ദുല്ലാഹ് ഹസനി പരിശ്രമിക്കുന്നുണ്ട്. അല്ലാഹു അദ്ദേഹത്തിന്‍റെയും ഇതര ദാഇകളുടെയും സേവനങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.! ആമീന്‍) 
4. നൂറ്റാണ്ടുകളായി മുസ്ലിംകള്‍ ഇവിടെ താമസിക്കുന്നവരാണ്. ഇനിയും ഇവിടെ തന്നെയാണ് താമസം തുടരേണ്ടതും. അതുകൊണ്ട്, പരസ്പര സഹകരണം (CO-EXISTENCE), മാനുഷിക  ഐക്യം, മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക, പരസ്പരം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളെ കുറിച്ചുള്ള ഉദ്ബോധന-പ്രേരണകള്‍ ഇന്നാട്ടുകാര്‍ക്കിടയില്‍ നന്നായി നടക്കേണ്ടതാ ണ്. ഇതിലൂടെ, അന്തരീക്ഷം സമസന്തുലിതവും സമാധാനപൂര്‍ണ്ണവുമായി നില കൊള്ളുന്നതാണ്. ഇതു കൂടാതെ, വ്യത്യസ്ത മത-തത്വ സംഹിതകളുടെ സംഗമഭൂമിയാകാന്‍ വിധിക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്ക് പുരോഗതിയും സല്‍പേരും പോകട്ടെ, ശാന്തിയും സമാധാനവും പോലും ആസാധ്യമാണ്. ഈ ലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ട് , 'മനുഷ്യത്വ സന്ദേശം' (പയാമെ ഇന്‍സാനിയത്ത്) എന്നൊരു പ്രസ്ഥാനം ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തുടങ്ങിയിട്ടുണ്ട്. 
ഇന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ നടത്തപ്പെട്ട അതിന്‍റെ സമ്മേളനങ്ങളില്‍ ധാരാളം അമുസ്ലിം ചിന്തകരും മാന്യ വ്യക്തിത്വങ്ങളും പങ്കെടുത്ത് പ്രോത്സാഹിപ്പിച്ചട്ടുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. (ഈ വിഷയത്തിലുള്ള പ്രസിദ്ധീകരണങ്ങള്‍ വിവിധ ഭാഷകളില്‍ ഇറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ നദ്വത്തുല്‍ ഉലമയിലുള്ള ഓഫീസുമായി ബന്ധപ്പെടുക.) 
5. രജ്ഞിപ്പ്, ക്ഷമ, സഹനത, ആത്മ ത്യാഗം, അടിയുറപ്പ്, മനക്കരുത്ത്, ധീരത, അല്ലാഹുവിന്‍റെ പ്രതിഫലത്തെ കുറിച്ചുള്ള മോഹം, സത്യത്തിന്‍റെ വഴിയില്‍ രക്തസാക്ഷിത്വം വരിക്കാനുള്ള താല്‍പര്യം... ഇന്ത്യന്‍ മുസ്ലിംകള്‍ ഉണ്ടാക്കിയെടുക്കേണ്ട ഏതാനും മഹല്‍ഗുണങ്ങളാണിവ. അല്ലാഹുവിന്‍റെ വഴിയില്‍ കടുകടുത്ത ത്യാഗങ്ങള്‍ സഹിക്കുകയും അതിലെല്ലാം ഇലാഹീ സാമീപ്യം ലക്ഷ്യമിടുകയും ചെയ്ത സ്വഹാബി വര്യന്‍മാരുടെയും ദീനീ ദാഇകളുടെയും ആധികാരിക സംഭവങ്ങള്‍ വായിക്കലും കേള്‍ക്കലും ഈ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള പ്രധാന മാധ്യമമാണ്. പഴയകാലത്ത് മുസ്ലിം ഭവനങ്ങളില്‍ അല്ലാമാ വാഖിദിയുടെ "ഫുതുഹുശ്ശാം" പാരായണം ചെയ്യപ്പെട്ടിരുന്നു. അതില്‍ വലിയ ഫലവും കാണപ്പെട്ടിരുന്നു. ശൈഘുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റ) യുടെ "സ്വഹാബാക്കളുടെ ചരിത്രം" ലേഖകന്‍റെ 'ഇദാ-ഹബ്ബത്ത് രീഹുല്‍ ഈമാന്‍' (സയ്യിദ് അഹ്മദ് ശഹീദ് (റ) ന്‍റെ ദഅ്വത്ത്-ജിഹാദുകളുടെ അനുസ്മരണം) മുതലായവ ഈ വിഷയത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഇവ മസ്ജിദുകളിലും സദസ്സുകളിലും വീടുകളിലും വായിക്കുന്ന പതിവുണ്ടാക്കേണ്ടതുണ്ട്. 
6. അവസാനമായി കുറിക്കാനുള്ള ഏറ്റം പ്രധാനപ്പെട്ട കാര്യം ഇതാണ്: സ്വന്തം സന്താനങ്ങളെയും അടുത്ത തലമുറയെയും ഇസ്ലാമിക വിശ്വാസ-കര്‍മ്മ-സ്വഭാവങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള ഉത്തരവാദിത്വം ഓരോ മാതാ-പിതാക്കളും ഏറ്റെടുക്കേണ്ടതാണ്. മക്കളുടെ ആഹാര-വസ്ത്രങ്ങളും ആരോഗ്യ കാര്യങ്ങളും ഏറ്റെടുക്കാറുള്ളതുപോലെ ഇത് ഒരു നിര്‍ബന്ധ കടമയായി കാണേണ്ടതാണ്. എന്നല്ല, ശാരീരിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തെക്കാള്‍ ആവശ്യകത ഇതിനുണ്ട്. ഇതില്‍ അവഗണന കാട്ടുന്നത് വളരെ അപകടകരവും നിരന്തരമായ നാശഫലങ്ങള്‍ ഉളവാക്കുന്നതുമാണ്. അല്ലാഹു വളരെ സ്പഷ്ടമായി ഉണര്‍ത്തുന്നു: "സത്യവിശ്വാസികളെ, നിങ്ങളെയും കുടുംബത്തെയും നരകാഗ്നിയില്‍നിന്നും നിങ്ങള്‍ രക്ഷിക്കുക" (തഹ് രീം : 6) 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "നിങ്ങളുടെ കീഴിലുള്ളവരെ കുറിച്ച് നിങ്ങളോരോരുത്തരും ഉത്തരവാദികളാണ്." (ബുഖാരി) അതുകൊണ്ട് ഓരോ വീട്ടിലും മഹല്ലിലും മസ്ജിദിലും പുത്തന്‍ തലമുറയുടെ ദീനീ വിദ്യാഭ്യാസത്തിന് സജ്ജീകരണം ചെയ്യേണ്ടതാണ്. ബുദ്ധിയും ബോധവുമുള്ള എല്ലാ മുസ്ലിംകളും ഇതിനെ ഉത്തരവാദിത്വ ബോധത്തോടെ നിവ്വഹിക്കേണ്ടതാണ്. 

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...