മനുഷ്യത്വ സന്ദേശ പ്രചരണം.!
(പയാമെ ഇന്‍സാനിയത്ത്)
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/05/blog-post_30.html?spref=tw ഇന്ത്യയുടെ സ്വാതന്ത്യത്തിനു മുമ്പ് ഇവിടെ ഭരണം നടത്തിയ ഇംഗ്ലീഷുകാര്‍ തങ്ങളുടെ ഭരണം ഉറപ്പിക്കാന്‍ നിരവധി കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുസ്ലിംകളെയും അമുസ്ലിംകളെയും പരസ്പരം അകറ്റുക എന്നത്. ഇരുകൂട്ടര്‍ക്കും ഇടയില്‍ അവര്‍ ആഴവും വിശാലവുമായ വിടവുണ്ടാക്കിത്തീര്‍ത്തു. ഇന്ത്യാ ചരിത്രത്തിലെ മുസ്ലിം സാന്നിധ്യം വികൃതമായി വരച്ചുകാട്ടലായിരുന്നു ഇതിനവര്‍ കൈക്കൊണ്ട മുഖ്യമായ ആയുധം. ഇംഗ്ലീഷ് അനന്തരാവകാശികളായ സ്വതന്ത്ര ഇന്ത്യയുടെ ഭരണകൂടവും ഈ മാര്‍ഗ്ഗം തന്നെ സ്വീകരിച്ചു. പാക്കിസ്ഥാന്‍റെ പിറവി എരിതീയില്‍ എണ്ണയൊഴിച്ചു. മറുഭാഗത്ത് ഇസ്ലാമിക വിശ്വാസ-അനുഷ്ഠാന-സ്വഭാവ-സഹകരണങ്ങളുടെ സൗന്ദര്യവും സൗരഭ്യവും വിളിച്ചറിയിക്കുന്ന മാതൃകാ സമൂഹം ഇന്ത്യയിലെവിടെയും പൂര്‍ണ്ണമായി നിലവില്‍ വന്നതുമില്ല. തല്‍ഫലമായി അവസ്ഥകള്‍ പൂര്‍ണ്ണമായും മോശമായി. ഇതോടൊപ്പം ആസൂത്രിതമായ ഗൂഢാലോചനയുടെ പിന്‍ബലത്തോടെ ഇന്ത്യയില്‍ ആകെ കത്തിക്കയറാന്‍ ആരംഭിച്ച വര്‍ഗ്ഗീയ വാദവും കലാപങ്ങളും അമുസ്ലിം നയനങ്ങളെ തിരുമ്മി അടച്ചുകൊണ്ടിരുന്നു. ചുരുക്കത്തില്‍, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അമുസ്ലിംകളെ ഒരു നിലക്കും അവഗണിച്ചു കൂടായെന്നും സത്യം അവര്‍ക്ക് എത്തിച്ചുകൊടുക്കല്‍ അവരുടെ അവകാശമാണെന്നുമുള്ള ചിന്തയും സാഹചര്യത്തിന്‍റെ സങ്കീര്‍ണ്ണതയും ഒരു പോലെ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയെ ചിന്താകുലനാക്കി. അതിന് പ്രതിവിധിയായി മൗലാനാ കണ്ടെത്തിയ ഒരു വഴിയാണ് മനുഷ്യത്വ സന്ദേശ പ്രവര്‍ത്തനം (പയാമെ ഇന്‍സാനിയത്ത്). മൗലാനാ തന്നെ എഴുതുന്നു: 'ബഹുഭൂരിഭാഗം വരുന്ന അമുസ്ലിം സഹോദരങ്ങളുടെ ശ്രദ്ധ ഇസ് ലാമിലേക്ക് തിരിക്കാനും അവരുടെ മനസ്സിലും ചിന്തയിലും പ്രവേശിക്കാനും ഒരു വഴി കണ്ടെത്തി പയാമെ ഇന്‍സാനിയത്ത്.! അതായത് നിലവിലുള്ള സംയുക്തമായ പ്രശ്നങ്ങളും മനുഷ്യത്വത്തിന്‍റെയും സല്‍സ്വഭാവങ്ങളുടെയും പ്രാധാന്യം വിവരിച്ചു കൊടുക്കുക. ഈ വഴിയിലൂടെ ഇസ്ലാമിനെ പഠിക്കാനും മുസ്ലിംകളെ മനസ്സിലാക്കാനും അല്ലാഹു ഈ നാടിന് വിധിച്ചു നല്‍കിയിരിക്കുന്ന മുസ്ലിം സാന്നിധ്യത്തെ പ്രയോജനപ്പെടുത്താനും അവര്‍ തയ്യാറാകുമെന്ന് ഞാന്‍ മനസ്സിലാക്കി.' (കാറവാനെ സിന്ദഗി). പക്ഷെ, വളരെ സൂക്ഷ്മതയും ബോധവും നില നിര്‍ത്തുകയും അവതരണ ശൈലിയും സംബോധിതരുടെ മാനസികാവസ്ഥയും പഠിക്കുകയും ചെയ്യേണ്ട പ്രവര്‍ത്തനമായിരുന്നു ഇത്. അതുകൊണ്ട് മൗലാനാ അവര്‍കള്‍ സഹപ്രവര്‍ത്തകരെ പ്രത്യേ കം തയ്യാറാക്കി. മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി, മൗലാനാ ഇസ്ഹാഖ് ജലീസ് നദ്വി, മൗലാനാ അബ്ദുല്‍കരീം പാരീഖ്, അനീസ് ചിശ്തി എന്നിവര്‍ ഇതില്‍ പ്രധാധികളാണ് . അങ്ങിനെ മുസ്ലിം അമുസ്ലിം ബഹുജനങ്ങള്‍ ഒരു പോലെ ഒത്തുചേര്‍ന്ന കൂട്ടങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് ഈ പ്രവര്‍ത്തനം ആരംഭിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇത് വലിയ പ്രതിഫലനങ്ങള്‍ ഉളവാക്കി. മൗലാനാ വിവരിക്കുന്നു: 'ആദ്യമായി ലഖ്നൗവിലെ അമീനുദ്ദൗല പാര്‍ക്കില്‍ സംയുക്തമായ ഒരു പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു. ഖിലാഫത്ത് പ്രക്ഷോഭം മുതല്‍ അന്നു വരെയുള്ള നിരവധി മഹാ സമ്മേളനങ്ങള്‍ നടന്ന ഒരു സ്ഥലമാണിത്. ഗാന്ധിജി, നെഹ്റു, മൗലാനാ മുഹമ്മദ് അലി മുതലായവര്‍ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. സദസ്സില്‍ മുസ്ലിംകളും അമുസ്ലിംകളും അടക്കം വലിയൊരു ജനാവലി തടിച്ചുകൂടിയിരുന്നു. 'ദൈവത്തെ ആരാധിക്കലും മനസ്സിനെ പൂജിക്കലും' എന്ന വിഷയത്തെ ആസ്പദമാക്കി ഞാനവിടെ പ്രസംഗിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ വിഷയങ്ങള്‍ നന്നായി വന്നുകൊണ്ടിരുന്നു. സംസാരത്തില്‍ ഒഴുക്കും ആവേശവുമുണ്ടായിരുന്നു. ജനങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കേള്‍ക്കുന്നതായി എനിക്കനുഭവപ്പെട്ടു. ബഹുമാന്യ ജേഷ്ഠസഹോദരന്‍ (മൗലാന അബുല്‍ അലി) അടുത്തൊരു കെട്ടിടത്തിലിരുന്ന് ഈ പ്രസംഗം ശ്രവിക്കുകയുണ്ടായി. അദ്ദേഹം തന്‍റെ അദ്ധ്വാനത്തിന്‍റെയും ശിക്ഷണത്തിന്‍റെയും ഫലം കണ്ട് മനസ്സ് സന്തോഷിച്ചു കാണുമെന്ന് ഞാന്‍ കരുതുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഇത്തരം പരിപാടികള്‍ നടന്നു. അവിടങ്ങളിലെ പ്രഭാഷണങ്ങളുടെ ഏതാനും തലവാചകങ്ങള്‍ ഇവിടെ കൊടുക്കുന്നു. അതിന്‍റെ ആഴവും പരപ്പും ഇതിലൂടെ തന്നെ വ്യക്തമാകുന്നതാണ്. 1. പാപങ്ങളിലേക്കുള്ള താല്‍പര്യമാണ് നാശങ്ങളുടെ അടിസ്ഥാനം 2. ഇന്നത്തെ ലോകത്ത് സ്വാര്‍ത്ഥതയുടെയും ദുഃസ്വഭാവത്തിന്‍റെയും മണ്‍സൂണ്‍ പരന്നിരിക്കുന്നു. സാധാരണ പുതപ്പ് കൊണ്ട് ഇതിനെ തടയാന്‍ സാധിക്കുകയില്ല. 3. മനുഷ്യന്‍ മനസ്സിനെ പൂജിക്കുന്നവനും സ്വയം മറന്നവനു മാണ്. 4. ഇന്ന് ലോകത്തു നടക്കുന്ന സംഘട്ടനങ്ങള്‍ തിന്മകള്‍ ദൂരീകരിക്കാനല്ല. തിന്മകള്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കാന്‍ വേണ്ടിയാണ്. 5. ഉന്നത സ്വഭാവ മൂല്യങ്ങള്‍ മനസ്സിന്‍റെ അടിത്തട്ടില്‍ കിടപ്പുണ്ട്. എന്നാല്‍ നാം അതിനെ പുറത്ത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 6. വ്യക്തികളെ നന്നാക്കലാണ് പ്രധാനം. 7. ഈ ലോകം വിശുദ്ധമായ ഒരു വഖ്ഫ് സ്വത്താണ്. മനുഷ്യനാണ് അതിന്‍റെ ഉത്തരവാദി. 8. ലക്ഷ്യവും മാര്‍ഗ്ഗവും സന്തുലിതമാകാത്തതാണ് ആധുനിക സംസ്കാരത്തിന്‍റെ പരാജയ കാരണം. 9. രാജ്യത്തിന്‍റെ യഥാര്‍ത്ഥ സ്വാതന്ത്യം ഏതാണ്.?
ദൈവീക സന്ദേശത്തിന്‍റെ ആവശ്യകതയും പ്രവാചകത്വത്തിന്‍റെ സ്ഥാനസമുന്നതിയും അതിന്‍റെ അന്തിമരൂപവുമായ ഇസ്ലാമിനെയും വരച്ചുകാണിച്ചു കൊണ്ടാണ് ഓരോ പ്രസംഗങ്ങളും അവസാനിപ്പിച്ചിരുന്നത്. ഈ പരിപാടികള്‍ക്കിടയില്‍ മറക്കാന്‍ കഴിയാത്ത പല സംഭവങ്ങളും നടന്നിരുന്നു. സിവാനിലെ ഒരു പരിപാടിയില്‍ മൗലാനാ പ്രസംഗിച്ചു കഴിഞ്ഞയുടനെ സദസ്സില്‍ നിന്നും ശബ്ദമുയര്‍ന്നു. 'ഇനിയും പറയുക. ഞങ്ങള്‍ക്ക് കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്. മൗലാനാ പറഞ്ഞു. 'കാര്യം പറഞ്ഞുകഴിഞ്ഞാല്‍ ആവശ്യമില്ലാതെ പ്രസംഗം തുടരുക ഞങ്ങളുടെ രീതിയല്ല. ഇതിനിടയില്‍ വൃദ്ധനായ ഒരു ഹൈന്ദവ സുഹൃത്ത് 'വണ്ടര്‍ഫുള്‍' എന്നാര്‍ത്തു വിളിച്ചു കൊണ്ട് സ്റ്റേജിന്‍റെ അടുത്തേക്ക് വന്നു. അദ്ദേഹം മൈക്കിന്‍റെ മുന്നില്‍ നിന്നു കൊണ്ട് പറഞ്ഞു 'എന്‍റെ ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് രണ്ടേരണ്ട് പ്രസംഗങ്ങള്‍ മാത്രമാണ്. ഒന്ന്, മിസ്റ്റര്‍ സി.ആര്‍. ദാസിന്‍റെയും രണ്ട്, ഇന്നത്തെ മൗലാനായുടെയും പ്രസംഗം. ഞാന്‍ വ്യക്തമായി പ്രഖ്യാപിക്കുന്നു: മുഹമ്മദ് (സ) സാഹിബ് ദൈവത്തിന്‍റെ സത്യ ദൂതനാണ്. മൗലാനാ, താങ്കള്‍ മുസ്ലിംകളുടെ മാത്രം ആളല്ല, ഞങ്ങളോടും താങ്കള്‍ക്ക് കടമയുണ്ട്. ഇനിയും ഇവിടെ വന്ന് ഇത്തരം കാര്യങ്ങള്‍ താങ്കള്‍ പറയണം'
ഈ പ്രവര്‍ത്തനത്തിലൂടെ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് ഇസ്ലാമിനെ കുറിച്ചറിയാനുള്ള താല്‍പര്യം ഉളവായി. ഈ നാടിനെ രക്ഷിക്കാന്‍ ഞങ്ങളെക്കാള്‍ ചിന്ത മുസ്ലിംകള്‍ക്കാണുള്ളതെന്ന് നിരവധി ഹൈന്ദവ പ്രമുഖര്‍ അഭിപ്രായപ്പെടുകയുണ്ടായി. മൗലാനാ അവര്‍കള്‍ തുടങ്ങിവെച്ച ഈ മഹത്തായ പ്രവര്‍ത്തനം ഇന്ത്യയില്‍ വളരെ അത്യാവശ്യമായ ഒന്നാണ്. പയാമെ ഇന്‍സാനിയത്ത്, മഖാമെ ഇന്‍സാ നിയത്ത് മുതലായ പേരുകളില്‍ പ്രസിദ്ധീകൃതമായ മൗലാനായുടെ പ്രസംഗങ്ങളും ഇസ്ലാം ഏക് തആറുഫ് പോലുള്ള മൗലാനായുടെ രചനകളും വായിച്ചാല്‍ ഈ പ്രവര്‍ത്തനത്തെ പഠിക്കാനും പകര്‍ത്താനും കഴിയുന്നതാണ്. ഇതിന് യോഗ്യരായ വ്യക്തിത്വങ്ങളെ, വിശിഷ്യാ പൊതു വേദികള്‍ പങ്കിടുന്നവരെ ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.!








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment