ബഹുമാന്യ ഹാഫിസുകളോട്...
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/05/blog-post_3.html?spref=tw
പരിശുദ്ധ ഖുര്‍ആന്‍ നമുക്ക് പഠിക്കാന്‍ പടച്ചവന്‍ തൗഫീഖ് നല്‍കി എന്നത് അല്ലാഹുവിന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്. എന്നാല്‍ അതിനോട് കൂടി പരിശുദ്ധ ഖുര്‍ആന്‍ കഴിവിന്‍റെ പരമാവധി സംരക്ഷിക്കാനും നിലനിര്‍ത്താനും പരിശ്രമിക്കലും നമ്മുടെ ബാധ്യതയാണ്. ഇതിന് വേണ്ടി അല്ലാഹു നല്‍കിയിരിക്കുന്ന ഒരു അവസരമാണ് അനുഗ്രഹീത റമദാനുല്‍ മുബാറക്. തറാവീഹ് നമസ്കാരത്തെ പ്രധാനമായും സജീവമാക്കിയത് മഹാനായ ഉമര്‍ (റ) ആണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ ക്രോഡീകരണത്തിന് ആദ്യമായി മുന്നിട്ടിറങ്ങിയതും ഉമര്‍ (റ) തന്നെയാണ്. അത് കൊണ്ട് പരിശുദ്ധ ഖുര്‍ആനിന് തറാവീഹുമായി വലിയ ബന്ധമുണ്ട്. ആകയാല്‍ നാം ഓരോരുത്തരും തറാവീഹ് നമസ്കാരത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ ഓതാനും കേള്‍പ്പിക്കാനും സന്നദ്ധരാകണം. എവിടെയെങ്കിലും ഇമാമത്ത് ലഭിച്ച ഹാഫിസുകള്‍ ഭാഗ്യവാന്മാര്‍.! വലിയ അമാനത്തോടെ ആ ഇമാമത്ത് അവര്‍ നിര്‍വ്വഹിക്കണം. ഇമാമത്തിന്‍റെ നിയമങ്ങളും മര്യാദകളും പാലിച്ച് ഇമാമത്ത് നിര്‍വ്വഹിക്കുക. ദിവസവും കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും ഓതിയതിന് ശേഷം മാത്രം തറാവീഹില്‍ ഓതാന്‍ ശ്രദ്ധിക്കുക.
29 അല്ലെങ്കില്‍ 27 നാണ് ഖുര്‍ആന്‍ ഖതം തീര്‍ക്കുന്നതെങ്കില്‍, ജനങ്ങള്‍ക്ക് ഖുര്‍ആന്‍ ഓതാനും ശ്രദ്ധിക്കാനും സാധിക്കുന്ന നിലയില്‍ കൃത്യതയോട് കൂടി ഓതിക്കൊണ്ടിരിക്കുക. താങ്കളെ പോലെയുള്ളവരുടെ പാരായണം കാരണം, ധാരാളം ആളുകള്‍ ഖുര്‍ആന്‍ മനനം ചെയ്യുകയും അല്ലെങ്കില്‍ ഏകദേശ ബന്ധം ഉണ്ടാക്കിയെടുക്കുകയും മക്കളെ പരിശുദ്ധ ഖുര്‍ആന്‍ മനനം ചെയ്യാന്‍ അയക്കുകയും ചെയ്തിട്ടുണ്ട്. അത് ഇനിയും നിലനില്‍ക്കണം. മറുഭാഗത്ത് ചില ഹാഫിസുകളുടെ തെറ്റായ പാരായണവും മറ്റും കാരണം, മുമ്പ് ഹാഫിസുകള്‍ ഇമാമത്ത് നിന്നിരുന്ന പല സ്ഥലങ്ങളിലും, തറാവീഹിന് ഹാഫിസുകള്‍ വേണ്ട എന്ന് തീരുമാനിക്കപ്പെടാനും ദൗര്‍ഭാഗ്യവശാല്‍ കാരണമായിട്ടുണ്ട്. അത് കൊണ്ട് വളരെ ശ്രദ്ധയോടെ, ഖിയാമത്ത് നാള്‍ വരെയും ഈ മസ്ജിദില്‍ ഹാഫിസുകള്‍ ഇമാമത്ത് നില്‍ക്കണമെന്നും അല്ലാഹുവിന്‍റെ അടിമകള്‍ കൈയ്യും കെട്ടി ഖുര്‍ആന്‍ കേള്‍ക്കണമെന്ന ഒരു ലക്ഷ്യം വെച്ച് നിങ്ങള്‍ നല്ലനിലയില്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യണം. കഴിവിന്‍റെ പരമാവധി സൂക്ഷ്മതയോടുകൂടി ഓതുക. തെറ്റുകള്‍ വന്നാല്‍ തിരുത്തുന്നതില്‍ യാതൊരു മടിയും കാണിക്കരുത്. ആരെങ്കിലും പുറകില്‍ ഖുര്‍ആന്‍ ശരീഫ് നോക്കുന്നുണ്ടെങ്കില്‍ അതില്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ സന്തോഷത്തോടെ സ്വീകരിക്കണം. ഇനി ഏതെങ്കിലും തെറ്റ് ജനങ്ങള്‍ അറിയാതിരിക്കുകയും, എന്നാല്‍ നിങ്ങള്‍ അറിയുകയും ചെയ്താല്‍ അത് തിരുത്തി ഓതാന്‍ ശ്രദ്ധിക്കണം. ഈ രീതിയില്‍ പരിശുദ്ധ ഖുര്‍ആന്‍ ശരീഫ് നിങ്ങള്‍ നല്ല നിലയില്‍ ഓതുക. ഖുര്‍ആന്‍ ഓതുന്ന സമയത്ത്, മനസ്സില്‍ ഖുര്‍ആന്‍ ഉറയ്ക്കലും ഉറപ്പിക്കലും ഖുര്‍ആനിന്‍റെ പ്രചാരണവും മാത്രം ലക്ഷ്യമാക്കുക.
പേര്, പെരുമ, സാമ്പത്തിക മോഹങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ആരെങ്കിലും നിങ്ങള്‍ക്ക് പൈസയോ മറ്റോ നല്‍കിയാല്‍ നിങ്ങള്‍ അതിനെ നിങ്ങളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക. നിങ്ങള്‍ക്ക് ആ വസ്തുക്കളുമായി പ്രത്യേക ബന്ധമൊന്നും ഉണ്ടാകാന്‍ പാടില്ല. എല്ലാ ഹാഫിസുകള്‍ക്കും നല്ല നിലയില്‍ പരിശുദ്ധ ഖുര്‍ആന്‍ ഓതാന്‍ തൗഫീഖ് നല്‍കട്ടെ.! ആയിരക്കണക്കിന് ഹാഫിസുകള്‍ക്ക് അല്ലാഹു നിങ്ങളെ കാരണക്കാരാക്കട്ടെ.!
ഖുര്‍ആന്‍ മനനം ചെയ്തെങ്കിലും ഇമാമത്ത് ലഭിക്കാത്തവര്‍, അവര്‍ രണ്ട് വിഭാഗമാണ്: ഒന്ന്, പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി അറിയാം. പക്ഷെ, അവര്‍ക്ക് ഇമാമത്ത് ലഭിച്ചിട്ടില്ല. അവര്‍ എവിടെയെങ്കിലും ഇമാമത്ത് നില്‍ക്കാന്‍ പരിശ്രമിക്കുക. ഇഷാഅ് നമസ്കാരം ജമാഅത്തായി മസ്ജിദില്‍ നമസ്കരിക്കുകയും ശേഷം വീട്ടില്‍ വന്ന് ഉമ്മയുടെ മുന്നില്‍ നിന്ന് തറാവീഹ് നമസ്കാരം നിര്‍വ്വഹിക്കുക. മസ്ജിദില്‍ നമസ്കരിക്കുന്ന ആരെയും പിടിച്ച് വലിക്കരുത്. എന്നാല്‍ മഹ്റമുകളായ സ്ത്രീകള്‍ക്കും മറ്റും ഇമാമായി നമസ്കരിക്കുക. ഒരു മടിയും കൂടാതെ ഇത് നിര്‍വ്വഹിക്കുക. ധാരാളം ഹാഫിസുകള്‍ ഇമാമത്ത് നില്‍ക്കാതിരിക്കുകയും പതിയെപതിയെ പരിശുദ്ധ ഖുര്‍ആന്‍ തന്നെ മറന്ന് പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇമാമത്ത് അല്‍പം ഭാരമുള്ള കാര്യമാണ്. അത് ഉപേക്ഷിക്കാന്‍ തുടങ്ങിയാല്‍ പിന്നീട് നിരന്തരം ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടായിത്തീരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഇമാമത്ത് ലഭിക്കാത്ത ഹാഫിസുകള്‍ വീട്ടിലോ, പറമ്പിലോ, കടയിലോ എവിടെയെങ്കിലുമോ ഇമാമത്ത് നില്‍ക്കുക. അതിന് വേണ്ടി ആളുകളെ വിളിച്ചുകൂട്ടേണ്ടതില്ല, എന്നാലും സാധിക്കുന്ന രീതിയില്‍ ഇമാമത്ത് നില്‍ക്കുക.
രണ്ട്, പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി അറിയാത്തതിന്‍റെ പേരില്‍ ഇമാമത്ത് നില്‍ക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുന്നവര്‍. അവരും മേല്‍ പറഞ്ഞത് പോലെ വീട്ടിലും മറ്റും ഇമാമത്ത് നില്‍ക്കാന്‍ പരിശ്രമിക്കുക. ഭാര്യ, മക്കള്‍ തുടങ്ങിയവരെ കൂട്ടത്തില്‍ നിര്‍ത്തുക. ശേഷം കാണാതെ അറിയുന്ന ഭാഗങ്ങള്‍ ഓതുകയും മറന്ന് പോയ ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ പകലില്‍ കുറെ പ്രാവശ്യം അവ ഓതുകയും ശേഷം -ശാഫിഈ മദ്ഹബ് അനുസരിച്ച്- പരിശുദ്ധ ഖുര്‍ആന്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് നോക്കി ഓതുകയും ചെയ്തിട്ടാണെങ്കിലും പരിശുദ്ധ ഖുര്‍ആന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കല്‍ വലിയൊരു ആവശ്യമാണ്. രാവും പകലും പരിശുദ്ധ ഖുര്‍ആനിലായി നടക്കുക. നിങ്ങളുടെ ഖുര്‍ആനുമായിട്ടുള്ള ബന്ധം കാരണം, മറ്റുള്ളവര്‍ക്കും അതിലേക്ക് ആഗ്രഹം വരണം. പരിശുദ്ധ ഖുര്‍ആന്‍ കൈകൊണ്ട് എടുക്കാത്തവര്‍ അത് എടുക്കണം, പരിശുദ്ധ ഖുര്‍ആന്‍ ഓതാത്തവര്‍ അത് ഓതണം, പരിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കാത്തവര്‍ അത് കേള്‍ക്കാന്‍ ആഗ്രഹിക്കണം... ഈ നിലയില്‍ നിങ്ങള്‍ക്ക് പരിശുദ്ധ ഖുര്‍ആനുമായി ബന്ധം വേണം. അല്ലാഹു നമുക്കേവര്‍ക്കും നല്ല ബന്ധം നല്‍കട്ടെ.! പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ വിശുദ്ധ ഹറമില്‍ സ്വഫാ മലയുടെ മുകളില്‍ വെച്ചാണിത് വിനീതന്‍ തയ്യാറാക്കുന്നത്. മസ്ജിദുന്നബവയ്യുശ്ശരീഫ് ഇമാം, അബ്ദുര്‍റഹ്മാന്‍ ഹുദൈഫി (ഹഫിദഹുല്ലാഹ്) പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കൊണ്ട് നടക്കുന്നതായി കാണാന്‍ സാധിച്ചു. അദ്ദേഹവും അദ്ദേഹത്തിന്‍റെ മര്‍ഹൂമായ ശിഷ്യന്‍ ശൈഖ് മുഹമ്മദ് അയ്യൂബ് (റഹിമഹുല്ലാഹ്) പരിശുദ്ധ ഖുര്‍ആന്‍ ദൗറ ചെയ്യുമായിരുന്നു. ഹബീബായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രധാന സുന്നത്താണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും ജിബ്രീല്‍ (അ) ഉം പരിശുദ്ധ ഖുര്‍ആന്‍ ദൗറ ചെയ്യുമായിരുന്നു. ആയതിനാല്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. റഹ് മാനായ റബ്ബ് തൗഫീഖ് നല്‍കട്ടെ.! അനുഗ്രഹിക്കട്ടെ.! സ്വീകരിക്കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
masha allah
ReplyDeletealhamdulillah
ReplyDelete