Sunday, November 17, 2019

ബാബരി മസ്ജിദ്: റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുന്നതാണ്. പകരം ഭൂമി സ്വീകരിക്കരുത്.! - ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്.


ബാബരി മസ്ജിദ്: 
റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുന്നതാണ്. പകരം ഭൂമി സ്വീകരിക്കരുത്.! 
- ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്. 
ബാബരി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ വിധിക്കെതിരില്‍ പുനപരിശോധനാ പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. മസ്ജിദിന്‍റെ ഭൂമിക്ക് പകരം മറ്റൊരു ഭൂമി സ്വീകരിക്കാന്‍ ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്നില്ലെന്നും യോഗം വ്യക്തമാക്കി. 
ബാബരി മസ്ജിദിന്‍റെ ഉടമാവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ വിധിയുടെ വിഷയത്തില്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയ നിയമവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹരജി കൊടുക്കാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ വിധി നിയമപരമായി അന്തിമമല്ലെന്നും പുനപരിശോധനയ്ക്ക് അവസരമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആയിരത്തിലേറെ പേജുകളുള്ള വിധി, മുസ്ലിം പക്ഷത്തിന്‍റെ ഭൂരിഭാഗം തെളിവുകളെയും സ്വീകരിച്ചിട്ടുണ്ട്. ഇത്തരുണത്തില്‍ നിയമം അനുവദിക്കുന്ന ഏതറ്റം വരെയും പോകാനും പരിശ്രമിക്കാനും സമുദായം ബാദ്ധ്യസ്ഥരാണെന്നും യോഗം ഉണര്‍ത്തി. എന്നാല്‍ സുപ്രീംകോടതിയുടെ വിധിയിലൂടെ മുസ്ലിംകളുടെ മേല്‍ വര്‍ഷങ്ങളായി ആരോപിക്കുന്ന വലിയൊരു അപരാധം ദൂരീകരിക്കപ്പെട്ടിരിക്കുകയാണ്. രാമക്ഷേത്രം പൊളിച്ചുകൊണ്ടാണ് ബാബരി മസ്ജിദ് നിര്‍മ്മിച്ചതെന്ന് രാജ്യം മുഴുവനും തല്പര കക്ഷികള്‍ പ്രചരിപ്പിക്കുകയും അതിന്‍റെ പേരില്‍ വലിയ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്തിരുന്നു. കൂടാതെ 1949-ല്‍ അവിടെ വിഗ്രഹം കൊണ്ടുവെച്ചതും, 1992 ഡിസംബര്‍ 06-ന് മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി അറിയിക്കുകയുണ്ടായി. കൂടാതെ 1857 മുതല്‍ 1949 വരെ ബാബരി മസ്ജിദില്‍ നമസ്കാരം നടന്നിരുന്നെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി സമ്മതിക്കുകയുണ്ടായി. ഇത്തരുണത്തില്‍ വര്‍ഷങ്ങളോളം നമസ്കാരം നടന്നിട്ടുള്ള മസ്ജിദിന്‍റെ സ്ഥലം, ക്ഷേത്രത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീംകോടതി വിധി അത്യന്തം അത്ഭുതകരമാണ്. സുപ്രീംകോടതി വിധിയെ അമുസ്ലിംകളായ ധാരാളം നിയമവിദഗ്ധരും മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ സഹിതം എതിര്‍ത്തിട്ടുള്ളതും യോഗം ചൂണ്ടിക്കാട്ടി. 
മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ്മാനി ഏവര്‍ക്കും സ്വാഗതം നേരുകയും മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേകം ദുആ ഇരക്കുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. മൗലാനാ സയ്യിദ് അര്‍ഷദ് മദനി, മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി, അസദുദ്ദീന്‍ ഉവൈസി എം.പി, മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ധാരാളം അംഗങ്ങളും ക്ഷണിതാക്കളും പങ്കെടുത്തു. കേരളത്തില്‍ നിന്നും പ്രഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ), ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. (മുസ്ലിം ലീഗ്), സിറാജ് സുലൈമാന്‍ സേട്ട് (മുസ്ലിം ലീഗ്) ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി (ബോര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍) എന്നിവരും പങ്കെടുത്തു. 
https://swahabainfo.blogspot.com/2019/11/blog-post_17.html?spref=tw 

ബാബരി മസ്ജിദ് : 
നാം എന്ത് ചെയ്യണം.? 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
രണ്ട് വ്യക്തികള്‍, കുടുംബങ്ങള്‍ ഇവയ്ക്കിടയില്‍ ഭിന്നതകള്‍ സ്വാഭാവികമായത് രണ്ട് മതവിഭാഗങ്ങള്‍ക്കിടയിലും പ്രശ്നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണ്. ഇരു വിഭാഗത്തിലും ബുദ്ധിയും ബോധവുമുള്ള വ്യക്തികള്‍ രംഗത്തിറങ്ങി, സദുദ്ദേശത്തോടെ ശരിയായ മാര്‍ഗ്ഗത്തില്‍ പ്രശ്നം തീര്‍ക്കാന്‍ പരിശ്രമിക്കലാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം. ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്നമുണ്ടായാല്‍ ഇരു വിഭാഗത്തില്‍ നിന്നും ബുദ്ധിയും ബോധവുമുള്ള രണ്ട് പേരെ കാര്യം ഏല്‍പ്പിക്കണമെന്നും അവര്‍ സദുദ്ദേശത്തോടെ ശരിയായ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്ന പക്ഷം, പ്രശ്നം പരിഹൃതമാകുമെന്നും പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (നിസാഅ് 35) പരസ്പര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ലളിതവും ശക്തവുമായ ഒരു മാര്‍ഗ്ഗമാണ് പരിശുദ്ധ ഖുര്‍ആന്‍ ഇവിടെ പഠിപ്പിച്ചിരിക്കുന്നത്. 
ഇന്ത്യാ മഹാരാജ്യത്തെ രണ്ട് പ്രധാന വിഭാഗങ്ങളാണ് ഹൈന്ദവരും മുസ്ലിംകളും. ഇരു കൂട്ടര്‍ക്കും ഇടയില്‍ സ്വാഭാവികമായും പല പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. ഉപര്യക്ത ഉപദേശം പാലിക്കപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് മാത്രമല്ല, സുന്ദരവും സുമോഹനവുമായ അവസ്ഥകള്‍ സംജാതമായി. എന്നാല്‍ ഇത് പാലിക്കാതിരുന്ന ഘട്ടങ്ങളില്‍ പ്രശ്നങ്ങള്‍ പരിഹൃതമായില്ലെന്ന് മാത്രമല്ല, വളരെ നിന്ദ്യമായ അവസ്ഥകള്‍ നിലവില്‍ വരികയും ചെയ്തു. ബാബരി മസ്ജിദ്-ശ്രീരാമ ജന്മഭൂമി പ്രശ്നത്തില്‍ ഇന്ത്യന്‍ ജനത ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇത്തരം ഒരു അവസ്ഥയാണ്. ഇതിന് അടിസ്ഥാനപരമായ മാറ്റമുണ്ടാകാതെ പ്രശ്നങ്ങള്‍ ഒരിക്കലും പരിപൂര്‍ണ്ണമായി പരിഹരിക്കപ്പെടുന്നതല്ല. 
അയോദ്ധ്യക്കടുത്ത് ബാരാബങ്കി എന്ന ഒരു സ്ഥലമുണ്ട്. ഇവിടെ ജഹാംഗീറാബാദ് എന്ന ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തില്‍ അല്ലാഹുവിന്‍റെ ഒരു ദാസന്‍ ധാരാളം സ്ഥലങ്ങള്‍ പടച്ചവന്‍റെ നാമത്തില്‍ വഖ്ഫ് ചെയ്യുകയും വിശാലമായ ഒരു മസ്ജിദ് നിര്‍മ്മിക്കുകയും ചെയ്തു. വിഭജനത്തെ തുടര്‍ന്ന് മുസ്ലിംകള്‍ അവിടെ നിന്നും പലായനം ചെയ്തു. സ്വാഭാവികമായും അമുസ്ലിംകള്‍ ആ സ്ഥലങ്ങള്‍ കയ്യേറി. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട ഒരു വാഹക സംഘം ഇത് കണ്ടെത്തുകയും മൗലാനാ സജ്ജാദ് നുഅ്മാനിയെ കണ്ട് വിവരം ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം സ്ഥലത്തെത്തി ജനങ്ങളുമായി സ്നേഹത്തില്‍ സംസാരിക്കുകയും അവര്‍ സ്വാഗതം ചെയ്ത് ഇദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഇന്ന് അവിടെ ഇരുന്നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രധാന സേവകര്‍ പരിസരത്തുള്ള അമുസ്ലിംകളാണ്. മസ്ജിദിന്‍റെ പറമ്പും മറ്റും അവര്‍ യഥേഷ്ടം ഉപയോഗിക്കുകയും ആഴ്ച തോറും അവിടെ നടക്കുന്ന ചികിത്സാ ക്യാമ്പുകളും മറ്റും സസന്തോഷം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. വിനീതന്‍ ഒരു വലിയ പെരുന്നാള്‍ നമസ്കാരം മൗലാനാ സജ്ജാദ് സാഹിബിന്‍റെ നേതൃത്വത്തില്‍ വികാര നിര്‍ഭരമായ നിലയില്‍ അവിടെ വെച്ച് നിര്‍വ്വഹിച്ചിട്ടുണ്ട്. ഇത്തരം ധാരാളം മാതൃകകള്‍ ഇന്ത്യ മുഴുവനും കാണാന്‍ കഴിയും. കുറഞ്ഞ പക്ഷം, ഈ മാര്‍ഗ്ഗം നാം സ്വീകരിച്ചുനോക്കിയാല്‍ ഇന്നും ഈ അനുഭവം നമുക്ക് നേരിട്ട് ഉണ്ടാകുന്നതാണ്. 
ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് നാടുകളാണ് ഫൈസാബാദും അയോദ്ധ്യയും. മുസ്ലിംകളും ഹൈന്ദവരും നൂറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്നു. ഇരു കൂട്ടരുടെയും ധാരാളം മസ്ജിദുകളും മന്ദിറുകളും അവിടെ നിറഞ്ഞുനില്‍ക്കുന്നു. ഗ്രാമീണ അന്തരീക്ഷമുള്ള ഈ പ്രദേശത്ത് ഇരുവിഭാഗവും വളരെ സാഹോദര്യത്തിലും സഹകരണത്തിലുമാണ് കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ബ്രിട്ടീഷുകാര്‍ കടന്നുവന്നു. അവരുടെ അധികാരം ഉറപ്പിക്കാന്‍ അവര്‍ പ്രയോഗിച്ച ആയുധമായ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന തത്വം ആദ്യമായി അവര്‍ അവിടെയാണ് പരീക്ഷിച്ചത്. അങ്ങിനെ ഇന്ത്യയിലെ ആദ്യത്തെ വര്‍ഗ്ഗീയ കലാപം ബ്രിട്ടീഷുകാരുടെ കാലത്ത് അവിടെ നടന്നു. പക്ഷെ, ഹിന്ദു-മുസ്ലിം മൈത്രിയിലൂടെ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങി. എന്നാല്‍ ബ്രിട്ടീഷുകാരുടെ അനന്തര സ്വത്തായ വര്‍ഗ്ഗീയത ഇന്ത്യയില്‍ നിലനിന്നു. ആ വഴിയില്‍ ഉണ്ടായ ഒന്നാണ് രാമജന്മഭൂമി-ബാബരി മസ്ജിദ് വിവാദം. വിഭജനത്തിന് ശേഷം ഇത് ശക്തമാകുകയും അവസാനം ഇന്ത്യ മുഴുവന്‍ പ്രതിധ്വനിക്കുകയും ചെയ്തു. പ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണത മനസ്സിലാക്കിയ ചില സുമനസ്സുകള്‍ ഈ പ്രശ്നത്തിന്‍റെ പരിഹാരത്തിന് രണ്ട് മഹത്തുക്കളെ ചുമതലപ്പെടുത്തി. അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയെയും ദക്ഷിണേന്ത്യയിലെ ഹൈന്ദവ നേതാവായ കാഞ്ചിപുരം മഠാധിപതി സ്വാമി സരസ്വതിയെയും. വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് മൗലാനാ നദ്വി വാര്‍ദ്ധക്യ ബുദ്ധിമുട്ടുകള്‍ അവഗണിച്ച് നീണ്ട യാത്ര ചെയ്ത് കാഞ്ചിപുരത്തെത്തി. മഠത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അടുത്ത മസ്ജിദില്‍ നിന്നും അസ്ര്‍ ബാങ്കിന്‍റെ ശബ്ദം ഉയര്‍ന്നു. മൗലാനാ, സ്വാമിയുടെ അടുത്ത് ഇരുന്നപ്പോള്‍ അദ്ദേഹം സംസാരം ആരംഭിച്ചത് ഇപ്രകാരമാണ്: നോക്കൂ, ഞങ്ങളുടെ അടുത്ത് തന്നെ മസ്ജിദ് സ്ഥിതി ചെയ്യുന്നു. ഞങ്ങള്‍ക്ക് ഇത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല. മാത്രമല്ല, സുപ്രഭാതം, സൂര്യാസ്തമനം എന്നീ സമയങ്ങളെ അറിയിക്കുന്ന കാരണത്താല്‍ ഞങ്ങള്‍ ഇവിടുത്തെ പല കാര്യങ്ങളും ബാങ്കുകളുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.! മൗലാനാ പറഞ്ഞു: സ്വാമിജീ, ബാബരി മസ്ജിദിന്‍റെ തൊട്ടടുത്ത് തന്നെ ശ്രീരാമ ചന്ദര്‍ജിയുടെ ജീവിതവും സന്ദേശവും പഠിപ്പിക്കുന്ന ഒരു വലിയ കേന്ദ്രം നിങ്ങള്‍ സ്ഥാപിച്ചാല്‍ എത്ര നന്നായിരിക്കും. ഞങ്ങളും അതുമായി സഹകരിക്കുന്നതാണ്. മറ്റൊരു കാര്യം, ബാബരി മസ്ജിദ് ബാബറിന്‍റെയോ മുസ്ലിംകളുടെയോ സ്വത്തല്ല. പടച്ചവന്‍ ഞങ്ങള്‍ക്ക് നല്‍കിയ ഭൂമിയുടെ ഒരു ഭാഗം മസ്ജിദ് എന്ന പേരില്‍ ഞങ്ങള്‍ പടച്ചവന്‍റെ നാമത്തില്‍ ദാനം ചെയ്തതാണ്. അതിന്‍റെ സേവനം നമ്മെ ഏല്‍പ്പിച്ചിരിക്കുന്നു. മസ്ജിദ് എല്ലാവര്‍ക്കുമുള്ള സന്മാര്‍ഗ്ഗത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും കേന്ദ്രമാണ്. ഇത് മുസ്ലിംക ള്‍ പ്രയോജനപ്പെടുത്തുന്നത് പോലെ ഹൈന്ദവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ആകയാല്‍ ഹൈന്ദവ സഹോദരങ്ങള്‍ ബാബരി മസ്ജിദിനെയും പ്രയോജനപ്പെടുത്തണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. പ്രത്യേകിച്ചും ഇന്നത്തെ വലിയൊരാവശ്യം പരസ്പരം സാഹോദര്യത്തില്‍ വര്‍ത്തിക്കലാണ്. അതിന് ഇരു വിഭാഗത്തിന്‍റെയും ആത്മീയ നായകര്‍ മുന്നിട്ടിറങ്ങി, പരിശ്രമിക്കേണ്ടതാണ്. സ്വാമി പറഞ്ഞു: ഇത് വളരെ നല്ല കാര്യം. ഞാന്‍ കൂട്ടുകാരോട് ഇക്കാര്യം അറിയിക്കാം. തുടര്‍ന്ന് മൗലാനാ അവിടെ വെച്ച് അസ്ര്‍ നമസ്കരിക്കുകയും മടങ്ങുകയും ചെയ്തു. എന്നാല്‍ ഇരു ഭാഗത്തുമുള്ള ലക്ഷ്യവും മാര്‍ഗ്ഗവും മോശമായവര്‍ വലിയ പ്രശ്നമുണ്ടാക്കി. ഇവര്‍ രണ്ട് കൂട്ടരും രണ്ട് മഹത്തുക്കളും സ്വന്തം സമുദായത്തെ വഞ്ചിച്ചുവെന്നും സ്വന്തം ലാഭം മാത്രം കരസ്ഥമാക്കി എന്നും പറഞ്ഞ് വലിയ ആരോപണങ്ങളും അപരാധങ്ങളും സ്വഭാവ ഹത്യയും പ്രചരിപ്പിച്ചു. അവസാനം ഇരുവരും രംഗത്ത് നിന്നും പിന്മാറി. പിന്നെന്താണ് നടന്നത്.? ഇന്ത്യ മുഴുവനും വര്‍ഗ്ഗീയത ആളിക്കത്തിക്കപ്പെട്ടു. അവസാനം 1992 ഡിസംബര്‍ 2-ന് ബാബരി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കപ്പെട്ടു. ഉത്തരേന്ത്യ മുഴുവനും ധാരാളം നിരപരാധികള്‍ കൊല്ലപ്പെട്ടു. കൊള്ളയും കൊള്ളി വെയ്പ്പും വ്യാപകമായി. ഇന്ത്യയുടെ കേന്ദ്രസ്ഥാനമായ മുംബൈയില്‍ അതി ഭീകരവും നിന്ദ്യവുമായ അക്രമങ്ങള്‍ അരങ്ങേറി. രാഷ്ട്രനിര്‍മ്മാണത്തിന് ചെലവഴിക്കപ്പെടേണ്ട ജനങ്ങളുടെ അമൂല്യമായ സമ്പത്തും ആരോഗ്യവും സമയവും സ്വന്തം സഹോദരങ്ങളെയും അയല്‍വാസികളെയും തകര്‍ക്കാനും ഉന്മൂല നാശം വരുത്താനും വിനിയോഗിക്കപ്പെട്ടു. ഗുജറാത്തില്‍ ലോകം ഇന്ന് വരെയും കണ്ടിട്ടില്ലാത്ത കലാപങ്ങളും അക്രമങ്ങളും അഴിഞ്ഞാടി. തുടര്‍ന്ന് ഇന്ന് വരെ നിരപരാധികളെ ജയിലിലടച്ചും മറ്റും പലതരം അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ആദ്യം ഈ കേസ് അലഹബാദ് ഹൈക്കോടതി കൈകാര്യം ചെയ്തു. വിധി അസ്വീകാര്യമായത് കൊണ്ട് ഇരുവിഭാഗവും സുപ്രീംകോടതിയെ സമീപിച്ചു. രാജ്യ ചരിത്രത്തില്‍ അത്ഭുതകരമായ പല വിധികള്‍ നടത്തി ചരിത്രം സൃഷ്ടിച്ച സുപ്രീം കോടതിയെ എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കി. ലക്ഷക്കണക്കിന് സമ്പത്ത് മുടക്കി കേസ് നടത്തുകയും പല കേസുകളും കേള്‍ക്കാന്‍ സമയം പോലുമില്ലാത്ത കോടതി, ഈ കേസ് കേള്‍ക്കുകയും ചെയ്തു. അവസാനം 2019 നവംബര്‍ 9-ന് അത്ഭുതകരമായ വിധി വന്നു. രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് പണിതത് എന്ന ചര്‍ച്ചയുടെ അടിസ്ഥാന വിഷയത്തെ കുറിച്ച് സുപ്രീം കോടതി പ്രഖ്യാപിച്ചു: ക്ഷേത്രം തകര്‍ത്തല്ല ബാബരി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത്.? വീണ്ടും കോടതി പ്രഖ്യാപിച്ചു: 1949-ല്‍ ഇരുട്ടിന്‍റെ മറവില്‍ മസ്ജിദില്‍ രാമ വിഗ്രഹം കൊണ്ടുവെച്ചത് തെറ്റാണ്. 1992-ല്‍ മസ്ജിദ് തകര്‍ത്തത് നിയമ വിരുദ്ധമാണ്. അതി നിര്‍ണ്ണായകമായ ഈ നിരീക്ഷണങ്ങള്‍ക്ക് ശേഷം, തര്‍ക്ക സ്ഥലം അക്രമം കാട്ടിയവര്‍ക്ക് തന്നെ വിട്ടുകൊടുക്കണമെന്നും മുസ്ലിംകള്‍ക്ക് മറ്റൊരു സ്ഥലത്ത് കുറെ സ്ഥലം നല്‍കണമെന്നും കോടതി, വിധി പ്രഖ്യാപിച്ചു.! 
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇന്ത്യയിലെ മുസ്ലിം സമുദായം മാത്രമല്ല, രാജ്യത്തിന്‍റെ നട്ടെല്ലായ നീതിന്യായ വ്യവസ്ഥിതി നല്ല നിലയില്‍ നീങ്ങണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ രാജ്യനിവാസികളും വല്ലാത്ത അത്ഭുതത്തിലും അസ്വസ്ഥതയിലുമാണ്. ഇത്തരുണത്തില്‍, ഞങ്ങളെന്താണ് ചെയ്യേണ്ടത്.? എന്ന ചോദ്യം നാല് ഭാഗത്ത് നിന്നും ശക്തമായിക്കൊണ്ടിരിക്കുന്നു. 
അതെ, ഈ പ്രശ്നത്തിന്‍റെ പരിഹാരത്തിന് രണ്ട് കാര്യങ്ങളാണ് നാം ചെയ്യേണ്ടത്. ഒന്ന്, ബാബരി മസ്ജിദിന്‍റെ വിഷയം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡാണ്. മറ്റ് പല വിഷയങ്ങളുമുണ്ടായിട്ടും ഇതിന്‍റെ പരിഹാരത്തിന് ധാരാളം സമയവും സമ്പത്തും ചെലവഴിച്ചുകൊണ്ട് ബോര്‍ഡ് കഠിനാധ്വാനം നടത്തുന്നു. സമുദായം ബോര്‍ഡിന് പിന്തുണ നല്‍കുക... 
രണ്ടാമതായി നാം ചെയ്യേണ്ട കാര്യം, മസ്ജിദിന്‍റെ കര്‍മ്മവും ധര്‍മ്മവും മനസ്സിലാക്കുകയും നാം ഓരോരുത്തരും ബന്ധപ്പെട്ടിട്ടുള്ള മസ്ജിദുകളില്‍ അത് നടപ്പില്‍ വരുത്തുകയും ചെയ്യുക. മസ്ജിദ് മുഴുവന്‍ മനുഷ്യര്‍ക്കും സമാധാനത്തിന്‍റെയും ശാന്തിയുടെയും ഗേഹമാണ്. (ബഖറ 125) മുഴുവന്‍ മാലോകര്‍ക്കും സന്മാര്‍ഗ്ഗവും ഐശ്വര്യവുമാണ്. (ആലുഇംറാന്‍ 96) മസ്ജിദ് വിശ്വാസത്തിന്‍റെയും ആരാധനയുടെയും ഉത്തമ ബന്ധങ്ങളുടെയും മാന്യ ഇടപാടുകളുടെയും സമുന്നത സ്വഭാവങ്ങളുടെയും കേന്ദ്രമാണ്. നമ്മുടെ മസ്ജിദും പരിസരവും ബാഹ്യമായും ആന്തരികമായും നന്നാക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുക. ശബ്ദമലിനീകരണവും ദുര്‍വ്യയങ്ങളും കൊണ്ട് ജനങ്ങളെ ഉപദ്രവിക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമാധാനവും സന്തോഷവും പകരുക. പ്രവാചകന്മാര്‍ മസ്ജിദുകള്‍ സ്ഥാപിക്കുകയും അതിലേക്ക് മുഴുവന്‍ ജനങ്ങളെയും ക്ഷണിക്കുകയും ചെയ്തു. (ഹജ്ജ് 27) വരുന്ന ജനങ്ങളെ സ്നേഹത്തോടെ സ്വീകരിക്കുകയും സല്‍ക്കരിക്കുകയും സംസ്കരണവും വിശുദ്ധ വിജ്ഞാനവും പകര്‍ന്ന് കൊടുക്കുകയും ചെയ്തു. മസ്ജിദും പരിസരവും ശുദ്ധീകരിക്കുന്നത് പ്രവാചകന്മാരുടെ പ്രധാന പ്രവര്‍ത്തനമത്രെ.! (ബഖറ 129) മസ്ജിദ് വിജ്ഞാന ശാലയാണ്. മാനസിക ശാരീരിക രോഗങ്ങള്‍ക്കുള്ള ശമനമാണ്. സ്നേഹത്തിന്‍റെയും ആദരവിന്‍റെയും കുളിര്‍ക്കാറ്റാണ്. എന്നാല്‍ നമ്മുടെ മസ്ജിദുകള്‍ ഇപ്രകാരമാണോ.? തീര്‍ച്ചയായും ആകേണ്ടതുണ്ട്. മസ്ജിദിന്‍റെ ചുറ്റുഭാഗത്തും ഷോപ്പിംഗ് കോപ്ലക്സും മറ്റും കൊണ്ട് നിറച്ച് മസ്ജിദിലേക്ക് കയറാനും ഇറങ്ങാനും പോലും സൗകര്യമില്ലാതെ ജനങ്ങള്‍ ഞെരുങ്ങുന്നത് ലജ്ജാവഹമാണ്. വാഹനങ്ങള്‍ ഒതുക്കി വെയ്ക്കാന്‍ സൗകര്യമില്ലാതെ വഴിയില്‍ ചിതറിക്കിടന്ന് വഴിയാത്രക്കാര്‍ക്കെല്ലാം ശല്യമാകുന്നത് എത്ര മോശമാണ്.? മിഹ്റാബിനും മിനാരത്തിനും ലക്ഷങ്ങള്‍ മുടക്കപ്പെടുമ്പോള്‍ വിസര്‍ജ്ജനത്തിനും ശുചീകരണത്തിനും യാതൊരു സൗകര്യവുമില്ലാതിരിക്കുന്നതും നമസ്കാര സ്ഥലത്തേക്ക് പോലും ദുര്‍ഗന്ധം കടന്നുവരുന്നതും എത്ര കഷ്ടമാണ്.? 
മസ്ജിദിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഒരു കമ്മിറ്റി ആവശ്യമാണ്. പക്ഷെ, കമ്മിറ്റി ഭരണാധികാരികളല്ല. അവര്‍ സേവകരാണ് എന്ന കാര്യം മനസ്സിലാക്കുക. അറിവും ഭക്തിയുമുള്ള പണ്ഡിത മഹത്തുക്കളുടെ കീഴില്‍ പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിച്ച് മുന്നോട്ട് നീങ്ങിയാല്‍ മസ്ജിദ് ഒരു മഹാ ശക്തിയാകും. എന്നാല്‍ ഇത്തരം പണ്ഡിതന്മാരുടെ അഭാവവും ബാങ്കിനും ഇമാമത്തിനും അന്യസംസ്ഥാനത്ത് നിന്നുമുള്ള സഹോദരങ്ങള്‍ സുലഭമാകുന്നതും നല്ല ലക്ഷണമല്ല. ശമ്പളത്തിന്‍റെ കുറവ് പറഞ്ഞ് പണ്ഡിത മഹത്തുക്കള്‍ മസ്ജിദ് സേവനങ്ങള്‍ ഉപേക്ഷിക്കുന്നതും കുറഞ്ഞ കൂലിക്ക് അന്യസംസ്ഥാനക്കാരെ കിട്ടുമല്ലോ എന്ന് കമ്മിറ്റിക്കാര്‍ ആശ്വസിക്കുന്നതും അപകടത്തിന്‍റെ അടയാളമാണ്. പണ്ഡിതര്‍ക്ക് അവരുടെ കുടുംബകാര്യങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്യേണ്ടത് സമുദായത്തിന്‍റെ ബാധ്യതയും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് പടച്ചവനില്‍ ഭരമേല്‍പ്പിച്ച് വിജ്ഞാനത്തിന്‍റെ ദൗത്യം നിര്‍വ്വഹിക്കേണ്ടത് പണ്ഡിതരുടെ ദൗത്യവുമാണെന്ന് ഇരുകൂട്ടരും ഉണരുക. അന്യ സംസ്ഥാനക്കാരായ സഹോദരങ്ങളുടെയും കേന്ദ്രം മസ്ജിദ് തന്നെയാകട്ടെ.! അവരുടെയും സംസ്കരണത്തിനും വിജ്ഞാനത്തിനും മസ്ജിദുകളില്‍ തന്നെ സൗകര്യം ഒരുക്കേണ്ടതാണ്. ഇമാമത്തിന് അവരെ പരിശീലിപ്പിക്കുകയും സജ്ജമാക്കുകയും ചെയ്യുന്നത് വരെ അവരെക്കാള്‍ മുന്‍ഗണന നാട്ടുകാരായ പണ്ഡിതര്‍ക്ക് തന്നെ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ചുരുക്കത്തില്‍, നമ്മുടെ മസ്ജിദുകള്‍ നന്നാക്കുകയും സജീവമാക്കുകയും ചെയ്യുക. ഇതിലൂടെ നാട്ടിലും പരിസരത്തും ഒരുപക്ഷെ, തെറ്റിദ്ധാരണകള്‍ നിറഞ്ഞ സ്ഥലങ്ങളിലും ആളുകളിലും പരിവര്‍ത്തനം ഉണ്ടാകുന്നതാണ്. 
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ നാലാമത്തെ പ്ലാറ്റ്ഫോമില്‍ ഒരു ചെറിയ മസ്ജിദുണ്ട്. അവിടെ യാത്രികരായ മുഴുവന്‍ സഹോദരങ്ങളെയും സേവകര്‍ സ്വാഗതം ചെയ്യുന്നു. എല്ലാവരെയും പാനീയം കുടിപ്പിക്കുകയും ശൗച്യത്തിനും വിശ്രമത്തിനും സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. അമുസ്ലിംകള്‍ വളരെയധികം മസ്ജിദിനെ ആദരിക്കുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. റമദാന്‍ മാസത്തില്‍ കഞ്ഞിയുടെ ചെറിയ ഒരു ഭാഗം റെയില്‍വേ സ്റ്റേഷനില്‍ വിതരണം ചെയ്യുകയും വെള്ളിയാഴ്ചകളില്‍ ജാതിമത വ്യത്യാസമില്ലാതെ നൂറ് പേര്‍ക്ക് ചായയും ബിസ്കറ്റും നല്‍കുകയും ചെയ്തപ്പോള്‍ സഹോദരങ്ങള്‍ എത്ര സ്നേഹവും ആദരവുമാണ് പുലര്‍ത്തിയത്.!

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...