Monday, August 26, 2019

സ്വന്തം വീടുകള്‍ സംരക്ഷിക്കുക.! - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


സ്വന്തം വീടുകള്‍ സംരക്ഷിക്കുക.! 
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/08/blog-post_48.html?spref=tw 

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. സത്യത്തിന്‍റ ശബ്ദം ലോകത്തുയര്‍ത്തിയ അന്ത്യപ്രവാചകന്‍റെ മേല്‍ സലാമുകള്‍ വര്‍ഷിക്കട്ടെ !
കാലഘട്ടം അതിവേഗത്തില്‍ മാറിമറിഞ്ഞ് കൊണ്ടിരിക്കുകയാണ്. വളരെ കാലത്തിനു ശേഷം മാത്രം നടന്നിരുന്ന മാററങ്ങള്‍ ഇന്ന് വളരെ പെട്ടെന്നാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അവസ്ഥകളും ഇന്നത്തെ അവസ്ഥകളും താരതമ്യപ്പെടുത്തി നോക്കുക. എല്ലാ മേഖലകളിലും പരിവര്‍ത്തനങ്ങള്‍ ദൃശ്യമാണ്. ചിന്താ വീക്ഷണങ്ങള്‍, ജീവിത ശൈലികള്‍, താമസ സൗകര്യങ്ങള്‍, പരസ്പര ബന്ധങ്ങള്‍ ഇങ്ങനെ സര്‍വ്വ മണ്ഡലങ്ങളിലും വമ്പിച്ച മാററങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. മിന്നല്‍ പിണര്‍ വേഗതയിലുള്ള ഈ പരിവര്‍ത്തനങ്ങള്‍ ശരിയായ നിലയിലായിരുന്നെങ്കില്‍ നമ്മുടെ പഴയ പ്രതാപം തിരിച്ചുകിട്ടുമായിരുന്നു. പക്ഷെ, ഹാ കഷ്ടം, ഈ മാററങ്ങളത്രയും തലതിരിഞ്ഞ നിലയിലാണ് കത്തിക്കയറിക്കൊണ്ടിരിക്കുന്നത്. "വേഗത വളരെ കൂടുതലാണ്. പക്ഷെ, ലക്ഷ്യ സ്ഥാനത്തേക്കല്ല" എന്നതുകൊണ്ട് കവിയുടെ ലക്ഷ്യം പടിഞ്ഞാറുള്ളവരാണെങ്കിലും ഇന്നത് നാം മുസ്ലിംകളുടെ അവസ്ഥയാണ്.
പരിശുദ്ധ ഖുര്‍ആനിന്‍റെ പാരായണ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്ന മുസ്ലിം ഭവനങ്ങളില്‍നിന്നും ചലച്ചിത്രഗാനങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.! അല്ലാഹുവിന്‍റെയും റസൂലിന്‍റെയും മുന്‍ഗാമികളുടെയും കാര്യങ്ങളെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍ നിറഞ്ഞു നിന്നിരുന്ന വീടുകളില്‍ വാപ്പയും മക്കളും ഇരുന്ന് ടി.വി-ഫിലിമുകളുടെ ചര്‍ച്ചകള്‍ നടത്തുന്നു.! അന്യസ്ത്രീയുടെ ചിത്രം പ്രവേശിപ്പിക്കുന്നത് പോലും അസംഭവ്യമായിരുന്ന കുടുംബങ്ങളില്‍, സഹോദരീ-സഹോദരങ്ങള്‍ ഒരുമിച്ചിരുന്ന് അശ്ലീല ചിത്രങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു.! സന്തോഷം പങ്കിടുകയും ചെയ്യുന്നു.!! നിഷിദ്ധമായ സ്വത്തിനെ തീക്കനല്‍ പോലെ ഭയന്നിരുന്ന വീടുകളിലെ ഓരോ അംഗങ്ങളും ഇന്ന് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് പലിശയും കൈക്കൂലിയും ചൂതുമാണ്. പര്‍ദ്ദ ധരിച്ചുകൊണ്ടുപോലും പുറത്തിറങ്ങാന്‍ ലജ്ജിച്ചിരുന്ന നമ്മുടെ വനിതകള്‍ തല പോലും മറയ്ക്കാതെ സ്വതന്ത്രമായി വിഹരിക്കുന്നു. ചുരുക്കത്തില്‍, ഇസ്ലാമിക നിയമങ്ങള്‍ ഓരോന്നിനോടും വളരെ വേഗത്തില്‍ സമൂഹം വിട പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭാവിയെ കുറിച്ചോക്കുമ്പോള്‍ ചിലവേള മനസ്സ് പിടച്ചു പോകാറുണ്ട്. 
ആശങ്കാജനകമായ ഈ അവസ്ഥാവിശേഷത്തിന് ധാരാളം കാരണങ്ങളുണ്ടെങ്കിലും അതിപ്രധാനമായ ഒരു കാര്യത്തിലേക്ക് ഇപ്പോള്‍ അനുവാചകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഇത് അര്‍ഹിക്കുന്ന നിലയില്‍ ശ്രദ്ധിച്ച് പ്രവര്‍ത്തിക്കാന്‍ അല്ലാഹു തുണയ്ക്കട്ടെ.!
തങ്ങള്‍ ദീനുള്ളവരാണെന്ന് ധരിക്കുന്നവരില്‍ പലരും സ്വന്തം കുടുംബത്തിന്‍റെ ദീനീ ശിക്ഷണ-ശീലനത്തില്‍ യാതൊരു ചിന്തയും പുലര്‍ത്തുന്നില്ല എന്നതാണ് പ്രസ്തുത പ്രധാന കാരണം. നമ്മുടെ ചുററുവട്ടത്തേക്ക് കണ്ണോടിച്ചാല്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും . ഒരു ഭാഗത്ത് ഒരു വ്യക്തി നമസ്കാര-നോമ്പുകളില്‍ വലിയ കൃത്യത പാലിക്കുകയും പലിശ, കൈക്കൂലി, ചൂത്കളി മുതലാ യ പാപങ്ങളില്‍നിന്ന് അകന്ന് കഴിയുകയും നല്ല നിലയില്‍ ദീനീ വിജ്ഞാനം കരസ്ഥമാക്കുകയും അധികമായി വിജ്ഞാനത്തെ  ആഗ്രഹിക്കുകയും ചെയ്യുന്നു. മറുഭാഗത്ത്, അദ്ദേഹത്തിന്‍റെ ഇതര കുടുംബാംഗങ്ങളില്‍ ഈ ഗുണങ്ങളുടെ മണം പോലും കാണുകയില്ല. മതം , അല്ലാഹു, റസൂല്‍, ആഘിറത്ത് ഇവയൊന്നും അവരുടെ ചിന്തയുടെ ഏഴയലത്ത് പോലും എത്തുന്നതല്ല. മാതാ-പിതാക്കളുടെ മതനിഷ്ഠയില്‍ അധിഷ്ടിതമായ ജീവിതത്തോട് അവര്‍ക്ക് വെറുപ്പ് ഇല്ല എന്നത് മാത്രമാണ് അവരുടെ ഏററം വലിയ മഹല്‍ഗുണം.! ഓരോരുത്തരുടെയും വിശ്വാസ-കര്‍മ്മങ്ങളുടെ ഉത്തരവാദി അവനവന്‍ തന്നെയാണെന്നതിലും മക്കളുടെ സാന്‍മാര്‍ഗ്ഗിക ജീവിതം മാതാ-പിതാക്കളുടെ കൈപ്പിടിയിലല്ലെന്നതിലും യാതൊരു സംശയവുമില്ല. നൂഹ് നബി (അ) യുടെ കുടുംബത്തിലാണ് നിഷേധിയായ കന്‍ആന്‍ ജനിച്ചത്. എന്നാല്‍, കുടുംബത്തിന്‍റെ ദീനീ സംസ്കരണത്തില്‍ പൂര്‍ണ്ണമായി ശ്രമിച്ചതിന് ശേഷം മാറ്റമൊന്നും ദൃശ്യമാകാത്തവക്ക് മാത്രമേ ഉപരിസൂചിത ന്യായീകരണത്തിന് അര്‍ഹതയുള്ളൂ. ഈ കര്‍ത്തവ്യത്തിലേക്ക് യാതൊരു ശ്രദ്ധയും കൊടുക്കാതിരിക്കുന്നവര്‍ അല്ലാഹുവിങ്കല്‍ ഒരിക്കലും നിരപരാധിക ളാകുന്നതല്ല. മകന്‍ ആത്മഹത്യ ചെയ്യുന്നത് കാണുമ്പോള്‍, അവന്‍റെ കാര്യം അവന്‍ നോക്കട്ടെ എന്ന് പറഞ്ഞൊഴിയുന്ന വിഡ്ഡിയെപ്പോലെയാണ് ഇത്തരമാളുകള്‍. നൂഹ് നബി (അ) യുടെ മകന്‍ തന്നെയായിരുന്നു കന്‍ആന്‍. അവന്‍ നിഷേധിയായിട്ടാണ് മരിച്ചത് എന്നതില്‍ സംശയമില്ല. എന്നാല്‍, ആ മഹാനായ പിതാവ്, തന്‍റെ മകനെ നേര്‍വഴിയില്‍ കൊണ്ടു വരാന്‍ എത്രയധികം പരിശ്രമിച്ചു. നമ്മിലാരെങ്കിലും അങ്ങിനെ പരിശ്രമിക്കാറുണ്ടോ എന്നു കൂടി ചിന്തിക്കുക.
കുടുംബത്തില്‍ ശരിയായ വിശ്വാസ-കര്‍മ്മങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ബാധ്യസ്ഥനാണ് മുസല്‍മാന്‍. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ പ്രവാചകത്വ നിയോഗത്തിന് ശേഷം പ്രഥമമായി ഇറങ്ങിയ കല്പന കുടുംബത്തിന് ഇലാഹീ ശിക്ഷയില്‍നിന്നും മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉടനടി ഈ കല്പന പ്രാവര്‍ത്തികമാക്കി. കുടുംബാംഗങ്ങളെ മുഴുവന്‍ ഒരു സല്‍ക്കാരത്തിന് ഒരുമിച്ചു കൂട്ടി. ആഹാരത്തിനു ശേഷം തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) അത്യന്തം ആഴംനിറഞ്ഞ ഒരു പ്രഭാഷണം നടത്തി. 
അതിന്‍റെ ഏതാനും വാചകങ്ങള്‍: ഓ മുഹമ്മദിന്‍റെ മകള്‍ ഫാതിമ, ഓ അബ്ദുല്‍ മുത്തലിബിന്‍റെ മകള്‍ സഫിയ്യ, അബ്ദുല്‍ മുത്തലിബിന്‍റെ ഇതര മക്കളേ, അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ എനിക്ക് കഴിവില്ല.. ഏററം ഉത്തമമായ ഒരു സന്ദേശമാണ് ഞാന്‍ കൊണ്ടു വന്നിട്ടുള്ളത്. ഇരു ലോകത്തെയും നന്മകളുമായി ഞാന്‍ നിങ്ങളെ സമീപിക്കുന്നു. അതിലേക്ക് നിങ്ങളെ ക്ഷണിക്കാന്‍ അല്ലാഹു എന്നോട് കല്പിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ എനിക്ക് പിന്തുണ പകര്‍ന്ന് എന്‍റെ സഹോദരനാകാന്‍ നിങ്ങളില്‍ ആരാണ് തയ്യാറുള്ളത്.? (തഫ്സീര്‍ ഇബ്നുകസീര്‍ 9/350-851) 
ഇപ്രകാരം ഇതര നബിവര്യന്മാരും കുടുംബ കാര്യത്തില്‍ അതീവശ്രദ്ധ പുലത്തിയിരുന്നുവെന്ന് പരിശുദ്ധ ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, കുടുംബത്തിന്‍ ദീനീ അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും അത് നന്നാക്കാന്‍ പരിശ്രമിക്കുകയും ചെയ്യല്‍ ഒരു മുസ്ലിമിന്‍റെ പ്രധാന ബാധ്യതയാണ്. അല്ലാഹു കല്‍പിക്കുന്നു: "സത്യവിശ്വാസികളേ, നിങ്ങളെയും കുടുംബത്തെയും നരകാഗ്നിയില്‍നിന്നും സംരക്ഷിക്കുക" (തഹ് രീം :6) മറെറാരിടത്ത് നിര്‍ദ്ദേശിക്കുന്നു. 'കുടുംബത്തോട് നമസ്കാരം കൊണ്ട് കല്പിക്കുക. സ്വയം അതില്‍ നിഷ്ഠ കാണിക്കുകയും ചെയ്യുക." (ത്വാഹ) 
'ഞങ്ങളുടെ കുടുംബത്തെ ദീനിയായി മാററാന്‍ വളരെയധികം ശ്രമിച്ചുവെങ്കിലും സാഹചര്യത്തിന്‍റെ ഒഴുക്ക് കാരണം അത് അല്‍പവും ഫലപ്പെട്ടില്ല' എന്ന് ചിലര്‍ പറയാറുണ്ട്. ഈ ചിന്തയും ചിലപ്പോള്‍ പൈശാചിക ദുര്‍ബോധനമായിരിക്കാന്‍ സാധ്യതയുണ്ട്. ഈ വിഷയത്തില്‍ താങ്കള്‍ വല്ലതും ശ്രമിച്ചിട്ടുണ്ടോ എന്നല്ല, ശ്രമിക്കേണ്ടതുപോലെ ശ്രമിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. താങ്കളുടെ മകന് ശാരീരികമായി ഒരു രോഗം വന്നാല്‍ താങ്കള്‍ക്കുണ്ടാകുന്ന ദുഃഖവും വേദനയും മകന്‍റെ ആത്മീയ രോഗത്തില്‍ താങ്കള്‍ക്കുണ്ടാകാറുണ്ടോ.? മകന്‍റെ ഒരു അവയവം തീയില്‍ വെന്തുരുകുന്നത് കാണുമ്പോഴുള്ള മാനസിക പിടപ്പ് അവര്‍ പാപങ്ങളില്‍ മുഴുകുമ്പോള്‍ താങ്കള്‍ക്കുണ്ടാകാറുണ്ടോ.? ഉണ്ടാകാറുണ്ടെങ്കില്‍ താങ്കള്‍ കടമ നിര്‍വ്വഹിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ കഠിനമായ കൃത്യവിലോപമാണ് താങ്കള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞിന്‍റെ അരികില്‍ അല്‍പം തീ കാണുമ്പോള്‍ താങ്കളുടെ മനസ്സില്‍ തീ കാളുന്നു. പക്ഷെ, ഭയാനകമായ നരകത്തിലേക്ക് മക്കളെ എടുത്തെറിയപ്പെടാന്‍ നിമിത്തമായ കാര്യങ്ങള്‍ കണ്ടിട്ടും താങ്കള്‍ക്ക് കുലുക്കമില്ല. കുഞ്ഞിന്‍റെ കയ്യില്‍ തോക്ക് കണ്ടാല്‍ ആ കുഞ്ഞ് എത്ര കരഞ്ഞാലും താങ്കള്‍ അത് പിടിച്ചു വാങ്ങാതെ അടങ്ങി ഇരിക്കുകയില്ല. എന്നാല്‍, കുടുംബത്തെ മുഴുവന്‍ ദീനിയായ വിഷയത്തില്‍ കരിച്ചു കളയാന്‍ ഉപയുക്തമായ മാരകായുധങ്ങള്‍ കാണുമ്പോള്‍ ഒന്ന് രണ്ട് പ്രാവശ്യം വാചകരൂപേണ ഉപദേശിച്ച്, കടമ നിര്‍വ്വഹിച്ചു എന്ന് താങ്കള്‍ സമാധാനപ്പെടുന്നു. ഇത് എന്ത് അന്ധതയാണ്.? 
ചുരുക്കത്തില്‍, പുത്തന്‍ തലമുറയില്‍ ഇന്ന് കാണപ്പെടുന്ന ചിന്താ-കായിക വഴികേടുകള്‍ ദൂരീകരിക്കാനുള്ള ഏററം ഫലവത്തായ മാര്‍ഗ്ഗം ഓരോരുത്തരും കുടുംബത്തിന്‍റെ ദീനീ കാര്യങ്ങളില്‍ ശ്രദ്ധയും ചിന്തയും പുലര്‍ത്തലാണ്. ഈ വഴിയില്‍ ആത്മാത്ഥമായി ശ്രമിച്ചാല്‍ പകുതിയിലേറെ സമൂഹം നന്നാകുമെന്ന കാര്യം ഉറപ്പാണ്. ആകയാല്‍, കുടുംബത്തിന് അത്യാവശ്യമായ ദീനീവിജ്ഞാനം പകരുക. നന്മകളില്‍ ആഗ്രഹവും തിന്മകളില്‍ വിരക്തിയും ഉണ്ടാക്കുക. അവരുടെ സഹവാസവും ചുറ്റുവട്ടവും നന്നായിരിക്കുവാന്‍ ശ്രദ്ധിക്കുക. ഖുര്‍ആന്‍ പാരായണവും മുന്‍ഗാമികളുടെ അനുസ്മരണങ്ങളും കൊണ്ട് ഭവനത്തെ മുഖരിതമാക്കുക. ഒരു സമയം ഒഴിവാക്കി സംഘടിതമായ ദീനീ ഗ്രന്ഥ പാരായണത്തില്‍ മുഴുകുക. അല്ലാഹു മനുഷ്യന്‍റെ അദ്ധ്വാനത്തില്‍ ഫലവും ഐശ്വര്യവും വെച്ചിട്ടുണ്ട്. ദീനിന്‍റെ ദഅ്വത്തിനെ വിജയിപ്പിക്കാമെന്ന് പ്രത്യേകം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് പരിശ്രമിച്ചാല്‍ ഫലമുണ്ടാകും എന്നതില്‍ യാതൊരു സംശയവുമില്ല. അല്ലാഹു തആലാ നമുക്കെല്ലാവര്‍ക്കും തൗഫീഖ് അരുളട്ടെ.! ആമീന്‍. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...