Wednesday, November 25, 2020

ഇസ് ലാം എന്നാല്‍ എന്ത്.?






 



ഇസ് ലാം എന്നാല്‍ എന്ത്.? 

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

പരിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍, ഇസ്ലാമിന്‍റെ യാഥാര്‍ത്ഥ്യവും അദ്ധ്യാപനങ്ങളും പരിചയപ്പെടുത്തുന്നതിനോടൊപ്പം ഈമാനിക ചൈതന്യവും ദീനീ ജീവിതവും ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരുത്തമ രചന.! 

ഇരുപത് അദ്ധ്യായങ്ങളുള്ള ഇതിലെ ഓരോ അദ്ധ്യായവും അതാത് വിഷയങ്ങളില്‍ പരിഗണനീയമായ ഒരു ലേഖനവും പ്രതിഫലനാത്മകമായ പ്രഭാഷണവുമാണ്.! 

സാധാരണക്കാര്‍ക്ക് പോലും സുഗ്രാഹ്യമാം വിധം സരളമായ ശൈലി.! 

പണ്ഡിതര്‍ക്ക് പോലും പ്രയോജനപ്പെടുന്ന ഉള്ളടക്കം.! 

അനേകായിരങ്ങളില്‍ പരിവര്‍ത്തനത്തിന് നിമിത്തവും വിവിധ ഭാഷകളില്‍ വിവര്‍ത്തതവുമായ ഈ ഗ്രന്ഥം കാലഘട്ടത്തിന്‍റെ ഒരാവശ്യത്തിന്‍റെ പൂര്‍ത്തീകരണമാണ്.! 

അമുസ് ലിം സഹോദരങ്ങള്‍ക്ക് പോലും ഉപഹാരമായി നല്‍കാവുന്ന ഉത്തമ രചന.!

150 ലധികം പേജുകള്‍. വില : 80 രൂപ. 

ഈ ഗ്രന്ഥത്തെക്കുറിച്ച് 

-മൗലാനാ സയ്യിദ്  അബുല്‍ ഹസന്‍ അലി നദ് വി

'... ഒരു യാഥാര്‍ത്ഥ്യം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവും അനുഭവപ്പെടുന്നു. കാലോചിതമായ രീതിയില്‍ ദീനീ അദ്ധ്യാപനങ്ങള്‍ വിവരിക്കുക എന്ന സുപ്രധാനവും സൂക്ഷ്മവുമായ സേവനത്തിന് സൗഭാഗ്യം സിദ്ധിച്ച വ്യക്തിത്വമാണ് ബഹുമാന്യ സുഹൃത്ത് മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി. കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ളവരും സാധാരണക്കാരുമായ ജനങ്ങളെ മുന്നില്‍ കണ്ട് അദ്ദേഹം ആദ്യമായി ഇസ്ലാം എന്നാല്‍ എന്ത്? എന്ന ഒരു ഗ്രന്ഥം രചിച്ചു. അതിന് ലഭിച്ച സ്വീകാര്യത ഉര്‍ദുവിലെ മറ്റേതെങ്കിലും ദീനീ-ദഅ്വത്തീ രചനയ്ക്ക് സിദ്ധിച്ചിട്ടുണ്ടാവില്ല. ഉര്‍ദുവിലെ നിരവധി പതിപ്പുകള്‍ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ബര്‍മീസ്, ഹിന്ദി, ഗുജ്റാത്തി, കന്നഡ മുതലായ ഭാഷകളിലും അതിന്‍റെ വിവര്‍ത്തനങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. ഈ ഗ്രന്ഥത്തിന്‍റെ പ്രയോജനവും പ്രതിഫലന ശക്തിയും എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുണ്ട്. പരിമിതമായ വിദ്യാഭ്യാസം മാത്രമുള്ളവര്‍ക്ക് ഇസ്ലാമിനെ കുറിച്ചുള്ള ഗ്രാഹ്യവും അതനുസരിച്ച് ജീവിക്കാനുള്ള പ്രേരണയും പകരുന്ന വിഷയത്തില്‍ ഈ ഗ്രന്ഥം പോലെ പ്രയോജനപ്രദമായ ഗ്രന്ഥങ്ങള്‍ നമുക്കിടയില്‍ ഇന്നും കുറവാണ്....' 

🔖 80 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 

തഫ്സീറുല്‍ ഹസനി 

https://swahabainfo.blogspot.com/2020/11/blog-post_21.html

കാരുണ്യത്തിന്‍റെ തിരുദൂതര്‍

https://swahabainfo.blogspot.com/2020/11/blog-post.html

 പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ 

(ഫളാഇലെ ദറൂദ് ശരീഫ്) 

https://swahabainfo.blogspot.com/2020/11/blog-post_23.html

മുനാജാത്തെ മഖ്ബൂല്‍ 

(സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) 

https://swahabainfo.blogspot.com/2020/11/blog-post_24.html


ഇസ് ലാം എന്നാല്‍ എന്ത്.? 

വിവര്‍ത്തക കുറിപ്പ്: 

-മൗലാനാ അബ്ദുശ്ശക്കൂര്‍ ഖാസിമി 

ദാറുല്‍ ഉലൂം ഇസ്ലാമിയ്യ, ഓച്ചിറ, കൊല്ലം. 

സര്‍വ്വലോക സ്രഷ്ടാവായ അല്ലാഹു മുഴുവന്‍ മനുഷ്യരുടെയും ഇഹപര വിജയങ്ങള്‍ക്ക് കനിഞ്ഞരുളിയ സമ്പൂര്‍ണ്ണമായ ജീവിത പദ്ധതിയാണ് ഇസ്ലാം. മനുഷ്യന്‍റെ ഉല്‍പ്പത്തി മുതല്‍ ഈ പദ്ധതിയും അവതരിപ്പിക്കപ്പെട്ടു. നിരവധി സത്യദൂതന്മാരെ നിയോഗിച്ചും അനവധി വിശുദ്ധ ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചും ഇതിനെ ബോധനം ചെയ്തുകൊണ്ടിരുന്നു. അന്തിമ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിലൂടെയും അന്ത്യപ്രവാചകനായ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലൂടെയും ഈ സന്ദേശത്തെ സമ്പൂര്‍ണ്ണമാക്കി. പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മാനവരാശിയുടെ ഇഹപര വിജയങ്ങളുടെ രാജപാത വരച്ചു കാണിക്കുന്നു. അത് സത്യമാണെന്നതിന് അതനുസരിച്ച് ജീവിച്ചവരുടെ ചരിത്രങ്ങള്‍ സാക്ഷിയാണ്.

എന്നാല്‍, ഈ പരിശുദ്ധമായ സന്ദേശത്തിനെതിരില്‍ മനുഷ്യരുടെ കഠിനശത്രുവായ പിശാച് ഇരുലോകനാശങ്ങളിലേക്കുള്ള പാതയിലേക്ക് പ്രേരിപ്പിക്കുന്നുണ്ട്. എല്ലാകാലത്തും അസത്യത്തെ സത്യമായും സത്യത്തെ അസത്യമായും അവര്‍ വ്യാഖ്യാനിക്കുന്നു. ഇഹലോകത്തിന്‍റെ ക്ഷണികമായ സുഖരസങ്ങളിലേക്ക് ക്ഷണിച്ച് മനുഷ്യനെ നശിപ്പിക്കലാണ് അവന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന് വേണ്ടി ഇസ്ലാമിനെ തെറ്റായി അവന്‍ പ്രചരിപ്പിക്കുന്നു. പ്രസ്തുത പ്രചാരണം ഏറ്റവും കൂടുതല്‍ ശക്തമായ ഒരു കാലഘട്ടമാണിത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സന്ദേശമാണ് ഇസ്ലാം. ഒരു ഭാഗത്ത് മുസ്ലിംകള്‍ ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാതെ പലതും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് അത് കണ്ടും തെറ്റിദ്ധാരണകളില്‍ കുടുങ്ങിയും അമുസ്ലിംകള്‍ ഈ സന്ദേശത്തെ അവഗണിക്കുന്നു. ഇസ്ലാമിക സന്ദേശങ്ങളെ ശരിയായ നിലയില്‍ പഠിക്കലും പകര്‍ത്തലും പ്രചരിപ്പിക്കലുമാണ് ഇതിനുള്ള ഏക പരിഹാരം.

ഈ വിഷയത്തിലുള്ള ആത്മാര്‍ത്ഥമായ ഒരു പരിശ്രമമാണ് ഇസ്ലാം ക്യാ ഹെ.? എന്ന ഉര്‍ദു ഗ്രന്ഥം. പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും ആഴം നിറഞ്ഞ അറിവുള്ള ഒരു പണ്ഡിതവര്യന്‍ രചിച്ച ഗ്രന്ഥമാണിത്. ഇസ്ലാമിന്‍റെ സാരസമ്പൂര്‍ണ്ണമായ സന്ദേശങ്ങള്‍ ഇരുപത് അദ്ധ്യായങ്ങളിലായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ആഴം നിറഞ്ഞ വിഷയം ലളിതമായി അവതരിപ്പിക്കുകയും സ്നേഹനിര്‍ഭരവും ചിന്തോദീപകവുമായ ശൈലി നിലനിര്‍ത്തുകയും ചെയ്തു എന്നത് ഈ രചനയുടെ ഒരു പ്രത്യേകതയാണ്. അല്ലാഹു രചയിതാവിനെ അനുഗ്രഹിക്കട്ടെ! പരലോകസ്ഥാനങ്ങള്‍ ഉയര്‍ത്തട്ടെ!.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സാധു എറണാകുളത്ത് ഒരാശുപത്രിയില്‍ ഏതാനും ദിവസം ചികിത്സയിലായിരുന്നു. തദവസരം സന്ദര്‍ശനത്തിനെത്തിയ സഹോദരങ്ങള്‍, സേവനം ചെയ്ത അമുസ്ലിം ഡോക്ടര്‍മാര്‍ ഇവരെല്ലാരും വിനീതനെ വല്ലാതെ ചിന്തിപ്പിച്ചു. മഹത്തായ ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ പഠിക്കുയോ പകര്‍ത്തുകയോ ചെയ്യാത്ത അവരുടെ അവസ്ഥ അത്യധികം ദുഃഖിപ്പിച്ചു. ഈ രീതിയിലുള്ള ഇവരുടെ ജീവിതം ഇരുലോക നഷ്ടത്തിന് കാരണമാകുമല്ലോ എന്ന ചിന്ത ഉണ്ടായി. പക്ഷേ കഴിവിനാലും പ്രായത്തിനാലും താഴ്ന്നവനായ എനിക്ക് അവരോട് ഒന്നും പറയാന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധം ശക്തമായി. തദവസരം വിനീതന് ഈ ഗ്രന്ഥത്തെക്കുറിച്ച് ഓര്‍മ്മ വന്നു. ഒരു സഹോദരന്‍ വീട്ടില്‍ നിന്നും ഇതും നോട്ട്ബുക്കും എത്തിച്ചു തന്നു. ആശുപത്രി വിട്ടിറങ്ങുന്നതിന് മുമ്പ് തന്നെ പ്രധാനഭാഗങ്ങളെല്ലാം വിവര്‍ത്തിതമായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇത് പ്രിന്‍റ് ചെയ്തു പ്രസിദ്ധീകരിച്ചു. കഴിയുന്നത്ര പ്രചരിപ്പിച്ചു. സഹായിച്ചിട്ടുള്ളവര്‍ക്കും പ്രചരിപ്പിച്ചിട്ടുള്ളവര്‍ക്കും അല്ലാഹു സമുചിതമായ പ്രതിഫലം നല്‍കട്ടെ.! ഇതേ പ്രതീക്ഷയും ആഗ്രഹവും ഈ നാളുകളില്‍ വീണ്ടും ശക്തമായി. അതിന്‍റെ പരിണിതഫലമാണ് ഈ പുതിയ പതിപ്പ്. സേവനസഹായങ്ങള്‍ ചെയ്തവര്‍ക്ക് അല്ലാഹു നല്ല കൂലി നല്‍കട്ടെ! ഇതൊരു പരിശ്രമമാണ്, അതെ നമ്മെയും മറ്റുള്ളവരെയും നന്മയിലേക്ക് നയിക്കുന്ന ഒരു മഹത്തായ പ്രവര്‍ത്തനം! മാന്യ അനുവാചകര്‍ സഹകരിക്കാന്‍ അപേക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ!

ബഹുമാന്യരായ കൂട്ടുകുടുംബങ്ങളുടെയും സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരുടെയും കരങ്ങളിലേക്ക് വിനയപുരസ്സരം പ്രതീക്ഷയോടെ ഈ രചന സമര്‍പ്പിക്കുന്നു. നാഥാ ഇഹലോകത്തും പരലോകത്തും വിജയിപ്പിക്കുന്ന കാര്യങ്ങളിലേക്ക് ഞങ്ങളെ നീ അടുപ്പിക്കേണമേ! നശിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് അകറ്റേണമേ!.


അവതാരിക

-മൗലാനാ സജ്ജാദ് നുഅ്മാനി 

ലോകാനുഗ്രഹി മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇസ്ലാമിന്‍റെ തുടക്കം അപരിചിതമായിരുന്നു.ആരംഭിച്ചതു പോലെ, ആ അപരിചിതത്വം വീണ്ടും ഉണ്ടാകുന്നതാണ്. അപ്പോള്‍ ആ അപരിചിതത്വത്തെ  മുറുകെ പിടിക്കുന്നവര്‍ക്ക് മംഗളാശംസകള്‍ڈ. 

സുപ്രസിദ്ധമായ ഒരു നബിവചനമാണിത്. പ്രസ്തുത ഹദീസിന്‍റെ ആശയമിതാണ്. വിശ്വാസ-വീക്ഷണങ്ങളും, സ്വഭാവ-പ്രകൃതികളും ഉദ്ദേശ-ലക്ഷ്യങ്ങളും മാര്‍ഗവും രീതിയും പരിഗണിക്കുമ്പോള്‍ ഇസ്ലാം അതിന്‍റെ പ്രഥമഘട്ടത്തില്‍ ലോകജനതയ്ക്ക് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അശ്രാന്തമായ ത്യാഗപരിശ്രമങ്ങളും അമാനുഷികമായ ശിക്ഷണ-ശീലനങ്ങളും നിമിത്തം ഈ അന്യതയും അപരിചിതത്വവും നീങ്ങുകയും മാലോകര്‍ അതിന്‍റെ പ്രകൃതി രീതികളുമായി ഇണങ്ങിച്ചേരുകയും ചെയ്തു. എന്നാല്‍, കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും പഴയത് പോലെ ഇസ്ലാമിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അന്യവും അപരിചിതത്വവുമായി മാറും. അക്കാലഘട്ടത്തില്‍, അന്യമായി ഗണിക്കപ്പെടുന്ന ഇസ്ലാമിക സ്വഭാവ-രീതികളെ മുറുകെ പിടിക്കുകയും അതുമായി ഒരു മൂലയിലൊതുങ്ങാതെ ജനമധ്യത്തിലിറങ്ങുകയും യഥാര്‍ത്ഥ ഇസ്ലാമിക സ്വഭാവ-രീതികളെ പകര്‍ത്താനും പ്രചരിപ്പിക്കാനും പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍വ്വവിധ മംഗളാശംസകളും നേരുന്നു!

ഈ നബവീ തിരുമൊഴിയെ മനസ്സില്‍ വച്ചുകൊണ്ട് ചിന്തിക്കുക. ഇസ്ലാമിനെക്കുറിച്ചുള്ള അപരിചിതത്വം ഇന്ന് എത്രമാത്രം സര്‍വ്വവ്യാപകമായിരിക്കുന്നു? പൊതുജനങ്ങള്‍ എന്തെല്ലാമാണ് ഇസ്ലാമിനെക്കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നത്? ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചും എന്തെല്ലാം സങ്കല്പങ്ങളാണ് അവര്‍ വച്ചു പുലര്‍ത്തുന്നത്? നാം നമ്മുടെ കണ്ണും കാതും മനസ്സും മസ്തിഷ്കവും തുറക്കുകയും നമ്മുടെ ദേശക്കാരായ പൊതുജനങ്ങളുമായി ദിനേനയുള്ള കൂടിക്കാഴ്ചകളിലും യാത്രയ്ക്കിടയിലും മറ്റും സംസാരിക്കുകയും, പത്ര മാസികകള്‍ വായിക്കുകയും ചെയ്യുന്നവരാണെങ്കില്‍ പ്രതിദിനം നമ്മുടെ മുന്നില്‍ ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം അനാവരണം ചെയ്യപ്പെടുന്നതാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനരഹിതം എന്നു മാത്രമല്ല, ചിരിപരത്താന്‍ പോലും പര്യാപ്തമായ ആയിരക്കണക്കിന് സങ്കല്പങ്ങള്‍ പൊതുജനമദ്ധ്യേ വേരൂന്നിയിട്ടുണ്ട്. ദിനംപ്രതി അവര്‍ കണ്ടും കേട്ടും പരിചയമുള്ള ആചാരങ്ങളും അനാചാരങ്ങളും പ്രകടനവും മുദ്രാവാക്യവും പ്രശ്നവും പ്രക്ഷോഭവും കലാപവും മറ്റുമായിരിക്കും ഇസ്ലാമെന്ന് കേട്ടാല്‍ അവരുടെ മനോമുകരങ്ങളിലേക്ക് കടന്നുവരുന്നത്. ചേലാകര്‍മ്മം നടത്തുന്നതിനും ഗോമാംസം ഭക്ഷിക്കുന്നതിനും സഹോദരന് സഹോദരിയെ വിവാഹം ചെയ്ത് കൊടുക്കുന്നതിനും പറയുന്ന പേരാണ് ഇസ്ലാമെന്ന് നിര്‍വ്വചിക്കുന്നവരെ ചിലപ്പോള്‍ അവരില്‍ കാണാന്‍ കഴിയും. കടുത്ത ശത്രുക്കള്‍, രാഷ്ട്രവഞ്ചകര്‍, രാജ്യദ്രോഹികള്‍, വിദേശാക്രമികള്‍, സ്വന്തം അവകാശത്തിനു മാത്രം സദാ സമരം നടത്തുന്നവര്‍, അറബിപ്പണം കൊണ്ട് നമ്മുടെ സാംസ്കാരിക-പൈതൃകങ്ങളെ വിപാടനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ .... എന്നിങ്ങനെയായിരിക്കും മുസ്ലിംകളെക്കുറിച്ച് അവരുടെ മസ്തിഷ്കങ്ങളില്‍ കുത്തിവെയ്ക്കപ്പെട്ടിരിക്കുന്ന വികാരങ്ങള്‍.

ചുരുക്കത്തില്‍, ഇസ്ലാമിനെ തനിമയാര്‍ന്ന ഒരു അനുഗ്രഹ സന്ദേശവും വിജയപദ്ധതിയുമായി കാണാനും, ആ വഴിയില്‍ ചിന്തിക്കാനും അവസരം നല്‍കുന്ന ഒരു കാര്യവും ആ ജനങ്ങളുടെ മുന്നില്‍ വന്ന് കാണുകയില്ല. സര്‍വ്വോപരി, ഈ വഴിയില്‍ ചിന്തിക്കുകയും, സത്സ്വഭാവം, മനുഷ്യസ്നേഹം, നിഷ്കളങ്കത, മാനസികവ്യഥ, സംശുദ്ധമായ കര്‍മ്മരീതി, സത്യസന്ധത, നീതിനിഷ്ഠ, സത്ഭാവന, സഹാനുഭൂതി തുടങ്ങിയ സത്ഗുണങ്ങളുടെ മുദ്ര മനസ്സില്‍ പതിപ്പിച്ച് കഴിയുന്ന മുസ്ലിംകളുമായി ബന്ധപ്പെടാനും സാധിച്ചിരിക്കില്ല.

അമുസ്ലിംകളുടെ കാര്യമിരിക്കട്ടെ, മുസ്ലിംകളിലേക്ക് തന്നെ നാം കണ്ണോടിച്ചാല്‍ നമ്മില്‍ ബഹുഭൂരിപക്ഷവും ഇസ്ലാമിന്‍റെ യഥാര്‍ത്ഥ പ്രകൃതി-രീതികളുമായി ഇണക്കമില്ലാത്തവരാണെന്ന കാര്യം നമുക്ക് മനസ്സിലാകും. അല്ലാഹുവിന്‍റെ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്‍റെയും ഇസ്ലാമിന്‍റെ തേരാളിയായ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ നാം അവരോട് ഇങ്ങനെ പറഞ്ഞ് നോക്കുക; ഇന്നത്തെ അവസ്ഥയില്‍ ക്ഷമയും സഹനതയും മുറുകെ പിടിക്കുകയാണ് വേണ്ടത്. നാം ഭ്രാന്തിനെ ഭ്രാന്ത് കൊണ്ട് നേരിടുന്നതിന് പകരം വിവേകവും വിവരവും കൊണ്ട് നേരിടുകയും നമ്മുടെ മനസ്സുകളില്‍ വികാരാവേശങ്ങളെ നിയന്ത്രിച്ച് നിറുത്താനുള്ള ശേഷി ഉണ്ടാക്കിയെടുക്കുകയും വേണം. നാം നമ്മുടെ  സമയവും ജീവനും സമ്പത്തും സുഖാഢംബരങ്ങളിലായി മാത്രം ചിലവഴിക്കുന്നതിന് പകരം ഒരു നവനൂതനയുഗം കെട്ടിപ്പടുക്കുന്നതിനും പൊതു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചിലവഴിച്ച് ശീലിക്കേണ്ടതുണ്ട്.വിദ്വേഷത്തെ അന്ധമായ വിദ്വേഷം കൊണ്ട് നേരിടുന്നതിന് പകരം നീതിനിഷ്ഠയും സത്യസന്ധതയും തന്ത്രജ്ഞതയും കൊണ്ട് നേരിടണം. പ്രകോപനപ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരാകാതെ ബുദ്ധിയും ബോധവും നിലനിര്‍ത്തണം. മസ്ജിദുകളെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ടുമാത്രം അലങ്കരിക്കുന്നതിലും നമസ്കാരം നിലനിര്‍ത്തുന്നതിലും നമസ്കാരം പഠിപ്പിക്കുന്ന ഉന്നത ഗുണവിശേഷണങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുന്നതിലും ശ്രദ്ധിക്കണം. നാശകരമായ പരിണിതികളിലേക്ക് നയിക്കുവാന്‍ പര്യാപ്തമായ ആഹ്വാനങ്ങളെ തിരസ്കരിക്കണം...

ഇത്തരം കാര്യങ്ങള്‍ നാം അവരോട് പറഞ്ഞാല്‍ എന്തെല്ലാം അനുഭവങ്ങളുണ്ടാകുമെന്നും എന്തെല്ലാം അത്ഭുത പ്രതികരണങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നും അല്ലാഹുവിനു തന്നെ അറിയാം. പൊതുജനങ്ങള്‍ മാത്രമല്ല, പ്രധാനികള്‍ പോലും ഇസ്ലാമിന്‍റെ പ്രകൃതി രീതികളില്‍ നിന്നും എത്ര അകന്നു കഴിയുകയാണെന്നും അല്ലാഹുവിനെക്കുറിച്ച് ബോധമില്ലാത്ത നേതാക്കളുടെ പ്രകൃതിയുമായി എത്ര അടുത്തവരാണെന്നും നമുക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും.

പക്ഷെ, ഒരുകാര്യം ഓര്‍ക്കുക; ഇത്തരം അവസ്ഥാ-വിശേഷങ്ങള്‍ക്കിടയില്‍ ശരിയായ ഇസ്ലാമിക സ്വഭാവ-രീതികളില്‍ അടിയുറച്ച് നില്‍ക്കുകയും അതിനെ സര്‍വ്വവ്യാപകമാക്കാന്‍ നിഷ്കളങ്കമായ ത്യാഗ-പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവരെക്കുറിച്ചാണ് ലോകനായകര്‍ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സത്യസന്ധമായ നാവില്‍ നിന്നും - തുടക്കത്തില്‍ സൂചിപ്പിക്കപ്പെട്ട മഹോന്നതമായ മംഗളാശംസ പുറപ്പെട്ടിട്ടുള്ളത്. ഈ വഴിയിലുള്ള നിഷ്കളങ്കമായ ഒരു പരിശ്രമമാണ് ബഹുമാന്യ പിതാവ് രചിച്ച ഇസ്ലാം എന്നാല്‍ എന്ത്? എന്ന ഗ്രന്ഥം. മുസ്ലിംകളും അമുസ്ലിംകളുമായ സഹോദരങ്ങളുമായി വിവിധ മേഖലകളില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞ മഹാനവര്‍കള്‍, ഉപരിസൂചിത യാഥാര്‍ത്ഥ്യം നന്നായി തിരിച്ചറിഞ്ഞു. ഇസ്ലാമിന്‍റെ ഉന്നതസന്ദേശങ്ങള്‍ ലളിതമായി അവതരിപ്പിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അതിന്‍റെ പ്രഥമ ചുവടുവയ്പ്പാണ് ഈ ഗ്രന്ഥം. കഴിയുന്നത്ര ഇത് ജനങ്ങളില്‍ എത്തിക്കാന്‍ പരിശ്രമിച്ചിരുന്നു. സാധുക്കളായ ജനങ്ങളെ കൂട്ടിയിരുത്തി വായിച്ച് കേള്‍പ്പിക്കുകയും ഏതെങ്കിലും ഭാഗം അവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് കാണുകയും ചെയ്താല്‍ അത് ഉടനെ നോട്ട് ചെയ്ത് അടുത്ത പതിപ്പില്‍ മാറ്റി എഴുതുകയും ചെയ്യുമായിരുന്നു. അല്ലാഹു, ഈ ത്യാഗം സ്വീകരിച്ചു. ആയിരക്കണക്കിന് അടിമകളില്‍ ഇത് പരിവര്‍ത്തനമുണ്ടാക്കി. ഇന്നും ഈ പ്രതിഫലനം അവശേഷിക്കുന്നു. ഇത് പ്രയോജനപ്പെടുത്തുന്നവര്‍ക്കെല്ലാം ഇക്കാര്യം അനുഭവപ്പെടുന്നതാണ്.

ഒരു പുരുഷായുസ്സ് മുഴുവന്‍ സത്യസന്ദേശത്തിന്‍റെ പ്രചരണത്തിലായി ചിലവഴിച്ച മഹാനായ പിതാവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മെ വിട്ട് പിരിഞ്ഞ് പരലോകത്തേക്ക് യാത്രയായി. അല്ലാഹു പരിപൂര്‍ണ്ണ പൊരുത്തവും കാരുണ്യവും നല്‍കി അനുഗ്രഹിക്കട്ടെ! പ്രസ്തുത ഗ്രന്ഥത്തിന്‍റെ മലയാള വിവര്‍ത്തനമാണ് അനുവാചക ഹസ്തങ്ങളിലിരിക്കുന്നത്. മലയാളി സഹോദരങ്ങള്‍ ഇതിനെ സ്വാഗതം ചെയ്യുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ! വിവര്‍ത്തകനെയും പ്രചാരകരെയും അനുഗ്രഹിക്കുമാറാകട്ടെ.! 


ആമുഖം 

-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 

അനുഗ്രഹത്തിന് നന്ദി. 

അല്ലാഹുതആലാ അവന്‍റെ ഈ എളിയ അടിമയുടെ മേല്‍ അളവറ്റ അനുഗ്രഹങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ഇസ്ലാം ക്യാഹെ എന്ന ഈ ചെറു ഗ്രന്ഥത്തിന്‍റെ രചന.

ക്രിസ്താബ്ദം 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം ഒരു കാര്യം മനസ്സില്‍ ശക്തിയായി ഉദിച്ചുയര്‍ന്നു. മുസ്ലിംകളില്‍ ഇസ്ലാമിനെക്കുറിച്ചുള്ള അറിവും ബോധവും വ്യാപകമാക്കാനും ഇസ്ലാമുമായുള്ള അവരുടെ ബന്ധം അരക്കിട്ടുറപ്പിക്കാനും കഴിവിന്‍റെ പരമാവധി പരിശ്രമിക്കലാണ് ഇന്നത്തെ പ്രഥമവും പ്രധാനവുമായ ദീനീ കര്‍ത്തവ്യം.

ഇസ്ലാമിന്‍റെ ആവശ്യ അദ്ധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടതും ദഅ്വത്തീ-തഅ്ലീമീ (പ്രബോധനപരവും  പഠനാത്മകവും) ആയ ശൈലി പുലര്‍ത്തുന്നതും സരള-ലളിതമായ ഭാഷ ഉള്‍ക്കൊണ്ടതുമായ കൃതികള്‍ രചിക്കലും ഇതിന് ആവശ്യമാണെന്ന് ബോധ്യം വന്നു. പ്രസ്തുത ആവശ്യം പൂര്‍ത്തീകരിക്കാനാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത്.

ഇത് രചിക്കുമ്പോള്‍ പ്രധാനമായും മുന്നില്‍ കണ്ടിരുന്നത് വിദ്യാഭ്യാസം കുറഞ്ഞവരും വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവരുമായ പൊതു മുസ്ലിംകളെ മാത്രമായിരുന്നു. അവരുടെ അവസ്ഥകളും ചിന്താരീതികളുമായിരുന്നു പ്രധാനമായും പരിഗണിച്ചതും. പക്ഷെ, കിതാബ് പ്രസിദ്ധീകൃതമായി വ്യത്യസ്ത വിഭാഗങ്ങളുടെ പക്കല്‍ എത്തിച്ചേര്‍ന്നപ്പോഴാണ്, അല്ലാഹുതആലായുടെ പ്രത്യേക അനുഗ്രഹ-കൃപയാല്‍ മുസ്ലിംകളിലെ ഏതാണ്ട് എല്ലാ വിഭാഗക്കാര്‍ക്കും ഈ കിതാബ് ഒരുപോലെ പ്രയോജനപ്രദമാണെന്ന് മനസ്സിലായത്.

ഇവിടെ ഒരു സംഭവം അനുസ്മരിക്കുന്നതില്‍ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. അല്ലാഹുവിന്‍റെ ചില ദാസന്മാര്‍ ഈ കിതാബ് വായിച്ച ശേഷം ഇത് പ്രചരിപ്പിക്കല്‍ ദീനീഖിദ്മത്തും പരിശ്രമവുമാണെന്ന് മനസ്സിലാക്കി ഇത് പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുകയുണ്ടായി. എന്തിനേറെ, ഇതിനായി അവര്‍ പര്യടനങ്ങള്‍ വരെ നടത്തി. അല്ലാഹുവിന്‍റെ  തൃപ്തി മാത്രം കാംക്ഷിച്ചു കൊണ്ട് സേവനം നടത്തിയ ഈ നിഷ്കളങ്കര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ പോലും ഈയുള്ളവന്‍ അശക്തനാണ്. (അവര്‍ ആര്‍ക്കു വേണ്ടിയാണോ ഇതെല്ലം ചെയ്തത് അവന്‍ ഈ അടിമയുടെ ഭാഗത്തു നിന്നും അതിനു പ്രതിഫലം നല്‍കാതിരിക്കില്ല.) ഇപ്രകാരം, നിരവധി മദ്റസകളില്‍ യാതൊരു സമര്‍ദവും കൂടാതെ ഇതിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നിരവധി ഭാഷകളില്‍ ഇത് വിവര്‍ത്തിതവുമായി. നിരവധി ഹൈന്ദവ സുഹൃത്തുക്കള്‍ ഇത് വായിച്ച ശേഷം ഇതിന്‍റെ ഹിന്ദി എഡിഷന്‍ ഇറക്കാന്‍ ശക്തമായി ആവശ്യപ്പെട്ടു എന്നതാണ് ഏറ്റവും അത്ഭുതാവഹവും സന്തോഷദായകവുമായ മറ്റൊരു വസ്തുത.

ബോംബെയിലേക്കുള്ള ഒരു യാത്രയ്ക്കിടയില്‍ ഉറുദു അറിയാവുന്ന ഒരു ഹിന്ദു പട്ടാള ഓഫീസര്‍ ഈ കിതാബ് എന്‍റെ ഒരു സഹയാത്രികനില്‍ നിന്നും വാങ്ങി വായിക്കാന്‍ തുടങ്ങി. ആഗ്രഹാവേശപൂര്‍വ്വം ഏതാണ്ട് ആദ്യന്തം ഇത് വായിച്ചുതീര്‍ത്ത അദ്ദേഹം എന്‍റെ സഹയാത്രികനില്‍ നിന്നും ഇതിന്‍റെ രചയിതാവ് ഞാനാണെന്നറിഞ്ഞപ്പോള്‍ എന്നോട് പറയുകയുണ്ടായി. ഇസ്ലാമിനെ കുറിച്ച് ഞങ്ങള്‍ ഹൈന്ദവര്‍ക്ക് ശരിക്കും മനസ്സിലാക്കാന്‍ ഈ കിതാബിന്‍റെ ഹിന്ദി എഡിഷന്‍ പ്രസിദ്ധീകരിക്കല്‍ താങ്കളുടെ ബാദ്ധ്യതയാണ്. അദ്ദേഹം  തുടര്‍ന്നു പറഞ്ഞു: ഞാന്‍ ഇസ്ലാമിക അദ്ധ്യാപനങ്ങളുടെ സൗന്ദര്യം ഇന്ന് ഈ കിതാബില്‍കൂടിയാണ് മനസ്സിലാക്കിയത്. എന്‍റെ ഹൃദയത്തില്‍ ഇത് വലിയ പ്രതിഫലനം സൃഷ്ടിച്ചു.

യഥാര്‍ത്ഥത്തില്‍ ഈ സ്വീകാര്യതയും പ്രതിഫലനവും അല്ലാഹുതആലായുടെ കൃപാകടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്. അതു ഗ്രന്ഥകാരന്‍റെ യാതൊരു മിടുക്കുകൊണ്ടുമല്ല. കിതാബിന്‍റെ മേന്മയും. ഇവിടെ ഒരു കാര്യവും കൂടി അനുസ്മരിക്കട്ടെ: ഈ കിതാബ് എഴുതിയിരുന്ന നാളുകളില്‍ ഞാന്‍ സ്വയമായി ഇതിന്‍റെ സ്വീകാര്യതയ്ക്കും പ്രയോജനത്തിനും വേണ്ടി ദുആ ചെയ്തിരുന്നു. ഉപരിയായി മഹാന്മാരോട് ദുആയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ കിതാബിന്‍റെ സ്വീകാര്യത അല്ലാഹുവിന്‍റെ നല്ല ദാസന്മാരുടെ ദുആകളുടെ ഫലമാണെന്നതില്‍ എനിക്ക് ഉറപ്പുണ്ട്.

ഗ്രന്ഥകര്‍ത്താവിന്‍റെ അപേക്ഷ

അല്ലാഹുതആലാ കുറച്ച് നേരത്തേക്ക് ഈ ദുന്‍യാവില്‍ നബി തിരുമേനി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ഒരിക്കല്‍ കൂടി അയച്ചുവെന്ന് നാം സങ്കല്പിക്കുക. എന്നാല്‍, മുസ്ലിംകളെന്ന് പറയപ്പെടുന്ന ഇന്നത്തെ മുസ്ലിംകളുടെ ജീവിതവും അവസ്ഥകളും കാണുമ്പോള്‍ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മനസ്സില്‍ കടക്കുന്ന വികാര-വിചാരമെന്തായിരിക്കും...? തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) കൊണ്ടെത്തിച്ചു തന്ന ദീനുമായി അല്‍പമെങ്കിലും ബന്ധമുള്ളവരോടും ദീനീബോധം പുലര്‍ത്തുന്നവരോടും തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) നല്‍കുന്ന നിര്‍ദ്ദേശം എന്തായിരിക്കും.?

ഒരു കാര്യത്തില്‍ ഈ അശക്തന് പോലും സംശയമില്ല. മുസ്ലിംകളെന്ന് പറയപ്പെടുന്ന സമൂഹത്തിലെ ബഹുഭൂരിഭാഗത്തിന്‍റെയും അനിസ്ലാമിക ജീവിതവും പരിധിവിട്ടു കടന്ന അവഗണനയും പാപകുറ്റങ്ങളും കാണുമ്പോള്‍ ത്വാഇഫിലെ നീചരായ കാഫിറുകളുടെ കല്ലേറുകൊണ്ടപ്പോഴും, ഉഹ്ദില്‍ വെച്ച് അക്രമികളായ മുശ്രിക്കുകളുടെ രക്തപങ്കിലമായ അക്രമം ഏറ്റപ്പോഴുമുണ്ടായ വേദനയേക്കാള്‍ കടുത്ത മാനസിക വേദനയും വ്യസനവുമുണ്ടാകും തിരുമേനിക്ക്. പരിശുദ്ധ ദീനിനോട് ആത്മാര്‍ത്ഥമായ കൂറ് പുലര്‍ത്തുകയും അതേക്കുറിച്ച് ചിന്തയും വേദനയും നിലനിര്‍ത്തുകയും ചെയ്യുന്ന മുസ്ലിംകളോട് തങ്ങള്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമക്കുള്ള സന്ദേശം ഇതുതന്നെയായിരിക്കും: ڇകുഴഞ്ഞുകിടക്കുന്ന ഉമ്മത്തിന്‍റെ ദീനീ അവസ്ഥ നേരെയാക്കുവാനും അവരില്‍ ഈമാനിക ചൈതന്യവും ഇസ്ലാമിക ജീവിതവും വീണ്ടും ഉണ്ടാക്കിത്തീര്‍ക്കുവാനും കഴിവിന്‍റെ പരമാവധി പരിശ്രമിക്കുകڈ.

ഈ അശക്തന്‍റെ വിവരണം താങ്കളുടെ മനസ്സ് അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഈ പ്രവര്‍ത്തനത്തെ താങ്കളുടെ ജീവിതത്തിന്‍റെ ഭാഗമാക്കുമെന്ന് ഇപ്പോള്‍ തന്നെ മനസ്സാ തീരുമാനമെടുക്കുക. ഇക്കാലഘട്ടത്തില്‍ അല്ലാഹുതആലായുടെ തൃപ്തി കരസ്ഥമാക്കുവാനും തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പരിശുദ്ധ റൂഹിനെ സന്തോഷിപ്പിച്ചു സമാധാനിപ്പിക്കുവാനും അവിടുത്തെ ദുആയില്‍ പിടിച്ചു പറ്റാനും അര്‍ഹനാകാനുമുള്ള ഏറ്റവും വിശിഷ്ടമായ മാര്‍ഗ്ഗമാണിതെന്ന് ഈ അശക്തന്‍ പൂര്‍ണ്ണ ഉറപ്പോടെ പറയാനാഗ്രഹിക്കുന്നു.

നിങ്ങളുടെ കരങ്ങളിലിരിക്കുന്ന ഈ ചെറു ഗ്രന്ഥവും ഉപരിസൂചിത ദീനീ ഇസ്ലാഹീ പരിശ്രമത്തിന്‍റെ ഒരു കണ്ണിയാണ്. എഴുത്തും വായനയും പഠിച്ച സാധാരണ സ്ത്രീ-പുരുഷന്മാര്‍ ഇതു സ്വയം വായിച്ചും പള്ളികളിലും സദസ്സുകളിലും കേള്‍പ്പിച്ചും സ്വന്തമായും മറ്റുള്ളവരിലും ഈമാനിക ചൈതന്യവും ഇസ്ലാമിക ജീവിതവും കഴിയുന്നത്ര ഉണ്ടാക്കിയെടുക്കുകയും അങ്ങനെ, അല്ലാഹുവിനെ അത്യധികം സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ഈ പുണ്യ പ്രവര്‍ത്തനത്തില്‍ കഴിവിനനുസരിച്ച് പങ്ക് വഹിക്കുക. ഇതാണ് ഈ രചനയുടെ പ്രധാന ലക്ഷ്യം.

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ ചെറു ഗ്രന്ഥത്തില്‍ ദീനീകാര്യങ്ങളുടെയെല്ലാം രത്നചുരുക്കം വന്നിട്ടുണ്ട്. ഇരുപത് അദ്ധ്യായങ്ങളിലായി സമാഹരിച്ചിട്ടുള്ള വിവിധ ഖുര്‍ആന്‍ ഹദീസ് അദ്ധ്യാപനങ്ങള്‍ മനസ്സിലാക്കുകയും അവയനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ സാധാരണക്കാരനായ ഒരു വ്യക്തിക്ക് നല്ലൊരു മുസ്ലിം എന്ന് മാത്രമല്ല, സമ്പൂര്‍ണ്ണനായ മുഅ്മിനും അല്ലാഹുവിന്‍റെ വലിയ്യും (ഇഷ്ട ദാസന്‍) ആയി മാറാനും കഴിയും. ഇന്‍ശാഅല്ലാഹ്.

മുസ്ലിംകളെ കൂടാതെ, ഇസ്ലാമിനെ മനസ്സിലാക്കാനും ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ ഗ്രഹിക്കാനും ആഗ്രഹം പുലര്‍ത്തുന്ന അമുസ്ലിംകള്‍ക്കും ഈ ഗ്രന്ഥം സസന്തോഷം കൊടുക്കാവുന്നതാണ്. 

പാവപ്പെട്ട ഗ്രന്ഥകാരന്‍റെ കഴിവില്‍പ്പെട്ട കാര്യം അല്ലാഹുവിന്‍റെ അനുഗ്രഹ സഹായത്താല്‍ ചെയ്തു കഴിഞ്ഞു. ഇതിന്‍റെ പ്രസാധകര്‍ നല്ല രീതിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇനി ഇതെഴുതപ്പെട്ടതിന്‍റെ പിന്നിലുള്ള ഇസ്ലാഹീ പ്രവര്‍ത്തനം വിശാലമായ നിലയില്‍ നടക്കണമെങ്കില്‍ നിങ്ങള്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ആവശ്യമാണ്.

ഈ അശക്തന്‍റെ പക്കല്‍ സാമ്പത്തിക ശേഷിയുണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ ഇന്നത്തെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഇതിന്‍റെ ലക്ഷോപലക്ഷം പ്രതികള്‍ അച്ചടിച്ച് ഓരോ വ്യക്തിയുടെ പക്കലും ഇതിന്‍റെ പ്രതികളെത്തിക്കുമായിരുന്നു. ഇത്തരം മോഹങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് അതിനുള്ള മാധ്യമങ്ങള്‍ നല്‍കാതിരിക്കല്‍ അല്ലാഹുവിന്‍റെ പണ്ടുമുതല്‍ക്കേ ഉള്ള നടപടിയാണ്. ഇതില്‍, അല്ലാഹുവിന്‍റെ നിരവധി നന്മകളുണ്ട് എന്നതില്‍ സംശയമില്ല. ചുരുക്കത്തില്‍ ഈ അഭിലാഷം പൂര്‍ത്തീകരിക്കാന്‍ വിനീതന് നിര്‍വ്വാഹമില്ല. എന്നാല്‍, ഈ ഗ്രന്ഥം കാണാനിടയാകുന്ന ഈമാനുള്ള സഹോദരീ സഹോദരന്മാര്‍ അല്ലാഹുവിന്‍റെ പൊരുത്തവും നബവീറൂഹിന്‍റെ സന്തോഷവും ആഘിറത്തിലെ അവസാനമില്ലാത്ത അനുഗ്രഹങ്ങളും നേടാന്‍ വേണ്ടി ഈ ഗ്രന്ഥമോ ഇതിലെ ഉള്ളടക്കമോ കഴിയുന്നത്ര മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാം എന്ന് തീരുമാനമെടുത്താല്‍ യഥാര്‍ത്ഥ ലക്ഷ്യം ഒരളവുവരെ നേടിയെടുക്കാന്‍ കഴിയും.

ഒരിക്കല്‍ കൂടി പറയട്ടെ, ഈ ആധുനികയുഗത്തില്‍ മുസ്ലിംകള്‍ക്കും ഭാവികാല തലമുറകള്‍ക്കും ഇസ്ലാമുമായി ബന്ധം നിലനിറുത്താന്‍ ബാഹ്യമായി ഒരൊറ്റ വഴിയേയുള്ളു, ദീനിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഉണര്‍വ്വും ബോധവുമുള്ള ഓരോ വ്യക്തിയും പൊതുമുസ്ലിംകളില്‍ ദീനീ ആത്മാവും ഇസ്ലാമിക ജീവിതവും ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തെ തങ്ങളുടെ വ്യക്തിപരമായ ബാധ്യതയായി മനസ്സിലാക്കുക. ഇസ്ലാമിന്‍റെ അദ്ധ്യാപനങ്ങളും ദീനിന്‍റെ സന്ദേശവും മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കല്‍ തന്‍റെ ജീവിതചര്യയാക്കി മാറ്റുക. ഈ പ്രത്യേക ആവശ്യത്തെക്കുറിച്ചുള്ള ചിന്തകളുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. ഹാ! അല്ലാഹുവിന്‍റെ നല്ലവരായ എല്ലാ അടിമകളും ഇതിന്‍റെ ആവശ്യകതയും പ്രത്യേക രീതിയും മനസ്സിലാക്കിയിരുന്നെങ്കില്‍! അല്ലാഹുവാണ് ഉതവി നല്‍കുന്നവന്‍. അവന്‍ തന്നെയാണ് സഹായി.

10, റമദാന്‍ ഹിജ് രി 1329 ലഖ്നൗ 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക: 


http://wa.me/+918606261616 

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...