പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍
(ഫളാഇലെ ദറൂദ് ശരീഫ്)
-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി
വിവ: മുഹമ്മദ് മൂസാ മൗലാനാ കാഞ്ഞാര്‍
വിഖ്യാത ഹദീസ് പണ്ഡിതന്‍ ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ കാന്ദലവി രചിച്ച വിഖ്യാത ഗ്രന്ഥം.!
ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ വിവര്‍ത്തനം ചെയ്ത രചന.!
മൗലാനാ മുഹമ്മദ് ത്വല്‍ഹാ സാഹിബും ഇതര മഹത്തുക്കളും മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ നിരന്തരം ആവശ്യപ്പെട്ട കൃതി.!
പരിശുദ്ധ ഹറമൈന്‍ യാത്രകളിലും മറ്റും കൂട്ടത്തില്‍ കരുതാന്‍ സാധിക്കുന്ന ഉത്തമ രചന.!
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പദവിയും മഹത്വവും അനുരാഗവും കൊണ്ട് നിറഞ്ഞ ഒരു അമൂല്യ നിധി.!
ഓരോ പ്രവാചക പ്രേമിയും വായിച്ചിരിക്കേണ്ട രചന.!
ഈ ഗ്രന്ഥത്തെ കുറിച്ച് കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്) കുറിച്ച വരികള്‍:
റഹ് മത്തുല്ലില്‍ ആലമീന്‍ ഖാത്തിമുന്നബിയ്യീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത് ചൊല്ലുക എന്നത് ഓരോ മുസ് ലിമിനും ഇഹ-പര അനുഗ്രങ്ങള്‍ കിട്ടുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ഗ്ഗമാണ്. അല്ലാഹുതആലാ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത്-സലാമുകള്‍ ചൊല്ലണമെന്ന് മുഅ്മിനുകളോട് കല്‍പ്പിക്കുകയും അല്ലാഹുവും മലക്കുകളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു. മറ്റൊരു കാര്യത്തെപ്പറ്റിയും അല്ലാഹു ഈ രീതിയില്‍ നമ്മളോട് ഞാനും ചെയ്യുന്നു, നിങ്ങളും ചെയ്യുവീന്‍ എന്ന് പറഞ്ഞിട്ടില്ല. ഇതില്‍നിന്നും സ്വലാത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കാവുന്നതാണ്. ബഹുമാനപ്പെട്ട ശൈഖുല്‍ ഹദീസ് മൗലാനാ സകരിയ്യ (റഹ്) അവര്‍കള്‍ ഫളാഇലെ അഅ്മാല്‍ (സല്‍ക്കര്‍മ്മങ്ങളുടെ ശ്രേഷ്ഠതകള്‍) എഴുതി ഉമ്മത്തികളുടെ മേല്‍ വലിയ ഉപകാരം ചെയ്തിരിക്കുകയാണ്. അങ്ങിനെയുള്ള അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ ഫളാഇലെ ദറൂദ് ഷരീഫ് (സ്വലാത്തിന്‍റെ ശ്രഷ്ഠതകള്‍) എന്ന ഈ ഗ്രന്ഥവും വളരെ പ്രധാനപ്പെട്ടതും വിലപ്പെട്ടതുമാണ്. ഹദീസിന്‍റെ വിഷയത്തില്‍ അതുല്യപണ്ഡിതനായ മഹാനവര്‍കള്‍ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ എത്രകണ്ട് ഉന്നതമായതാണെന്നത് പ്രകാശമുള്ള കണ്ണുകള്‍ക്ക് സുവ്യക്തമാണ്.
ഹസ്രത്ത് ഉബയ്യ് ബിന്‍ കഅ്ബ് (റ) അവര്‍കള്‍ സ്വലാത്ത് ഓതുന്നതിനായി എത്ര സമയം മാറ്റി വെയ്ക്കണമെന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോട് ചോദിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിങ്ങള്‍ക്കിഷ്ടമുള്ളത് എന്ന് പറഞ്ഞപ്പോള്‍ ആ സഹാബി നാലില്‍ ഒരുഭാഗം എന്നു പറഞ്ഞു. അപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇതിനേക്കാള്‍ കൂടുതലാക്കുകയാണെങ്കില്‍ അത് താങ്കള്‍ക്ക് ഏറ്റവും നല്ലതായിരിക്കും എന്ന് അരുളിയപ്പോള്‍ ആ സ്വഹാബി പകുതി എന്നും, മൂന്നില്‍ രണ്ട് ഭാഗമെന്നും, അവസാനം മുഴുവനുമെന്നും തീരുമാനിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അങ്ങനെയാണെങ്കില്‍ അത് നിങ്ങളുടെ എല്ലാ മനോ ദുഃഖങ്ങള്‍ക്കും പരിഹാരവും എല്ലാ പാപങ്ങളും പൊറുക്കപ്പെടാനും കാരണമായിരിക്കും.
തബ് ലീഗ് പ്രവര്‍ത്തനത്തിലും നമ്മുടെ മഷാഇഖുകളും ഉലമാക്കളും പൊതുവായ നിലയില്‍ എല്ലാവരും, രാവിലെയും വൈകിട്ടും മൂന്നാം കലിമ, ഇസ്തിഗ്ഫാര്‍, സ്വലാത്ത് തുടങ്ങിയവ 100 പ്രാവശ്യം വീതം ചൊല്ലണമെന്ന് നിര്‍ബ്ബന്ധമായും ഉപദേശിക്കുന്നു. തസ്ബീഹ് അല്ലാഹുവിന്‍റെ മാഹാത്മ്യങ്ങളെ ചിന്തിച്ച് അല്ലാഹുവിനെപ്പറ്റിയുള്ള വിശ്വാസവും അല്ലാഹുവിനോടുള്ള സ്നേഹവും ഹൃദയത്തില്‍ ഉറപ്പിക്കാനുള്ളതാണ്. ഹൃദയത്തില്‍ അല്ലാഹുവിനെപ്പറ്റിയുള്ള വിശ്വാസം ശക്തിപ്പെടുന്തോറും അല്ലാഹുവിന്‍റെ മുഹബ്ബത്ത് വര്‍ദ്ധിക്കുന്നു. അതുമുഖേന അല്ലാഹുവിന്‍റെ ഇബാദത്തുകളില്‍ സന്തോഷവും ആനന്ദവും ഉണ്ടാകാന്‍ തുടങ്ങുന്നു. അല്ലാഹുവിന്‍റെ മുഹബ്ബത്തിലേക്കുള്ള ഉയര്‍ച്ച റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ സ്നേഹത്തില്‍ കൂടിയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹം ഹൃദയത്തില്‍ വര്‍ദ്ധിക്കാനും ദൃഢമാക്കാനുമുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗം, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ പേരിലുള്ള സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുക എന്നതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മാഹാത്മ്യങ്ങളെയും തങ്ങള്‍ വഴിയായി നമുക്കു ലഭിച്ച ഉപകാരങ്ങളെയും മനസ്സില്‍ ചിന്തിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതു കൊണ്ട് ഹൃദയത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നു. നാളെ ആഖിറത്തിലെ രക്ഷയ്ക്ക് ഏറ്റവും ആവശ്യവും ഏറ്റവും കൂടുതല്‍ ഉതകുന്നതുമായ നമ്മുടെ കൈമുതലാണ് അല്ലാഹുവിനോടുള്ള സ്നേഹവും, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹവും. ഒരു സ്വഹാബി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടു ചോദിച്ചു: ഖിയാമത്ത് എപ്പോഴാണ്.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചു: നിങ്ങള്‍ അതിനുവേണ്ടി എന്താണ് ഒരുക്കി തയ്യാറാക്കി വെച്ചിട്ടുള്ളത്.? അദ്ദേഹം മറുപടി പറഞ്ഞു: കൂടുതലായ നോമ്പ്, നമസ്കാരം ഒന്നും ഞാന്‍ ഒരുക്കിവെച്ചിട്ടില്ല. എങ്കിലും ഞാന്‍ അല്ലാഹുവിനെയും, അവന്‍റെ റസൂല്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളെയും സ്നേഹിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: നീ ആരെ സ്നേഹിക്കുന്നുവോ, അവരുടെ കൂടെയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ ഈ മറുപടി സ്വഹാബാക്കളെ അങ്ങേയറ്റം സന്തോഷിപ്പിച്ച ഒന്നായിരുന്നു. ഏറ്റവും ഉന്നതമായ ഈ ഭാഗ്യം നേടിയെടുക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് തസ്ബീഹും സ്വലാത്തും വര്‍ദ്ധിപ്പിക്കല്‍. ദിക്റിന്‍റെ മാഹാത്മ്യങ്ങളെപ്പറ്റി വളരെ വിശേഷപ്പെട്ട ഗ്രന്ഥമായ ഫളാഇലെ ദിക്ര്‍ എന്ന ഗ്രന്ഥം രചിച്ച മഹാനായ ശൈഖുല്‍ ഹദീസ് അവര്‍കള്‍, ഫളാഇലെ ദറൂദ് ശരീഫ് എന്ന സ്വലാത്തിന്‍റെ ശ്രേഷ്ഠതകളെപ്പറ്റിയുള്ള ഈ ചെറുഗ്രന്ഥം രചിച്ചു നല്‍കിയതിന് അല്ലാഹു തആലാ ഉയര്‍ന്ന കൂലി നല്‍കുമാറാകട്ടെ.! ഉര്‍ദു ഭാഷയിലെ ഈ ഗ്രന്ഥം കേരളക്കാര്‍ക്കും പ്രയോജനപ്പെടണം എന്ന ആഗ്രഹത്തില്‍ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. ബഹുമാനപ്പെട്ട ശൈഖുല്‍ ഹദീസ് അവര്‍കള്‍, മലയാളത്തിലേക്ക് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തണമെന്ന് ഒന്നു രണ്ട് സന്ദര്‍ഭങ്ങളില്‍ നേരിലും, ഇന്തോനേഷ്യയില്‍ ജമാഅത്തിലായിരിക്കുമ്പോള്‍ എഴുതിയ കത്തിലും സൂചിപ്പിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ശൈഖുല്‍ ഹദീസ് അവര്‍കളുടെ സൂചനയില്‍ കൂടി ഈ പുണ്യഗ്രന്ഥം പരിഭാഷപ്പെടുത്തുവാനുള്ള ഭാഗ്യം ലഭിക്കണമെന്ന് വലിയ ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്‍റെ മടിയും അലസതയും കാരണമായി ഈ കാര്യം നീണ്ട് നീണ്ട് പോയി. അമേരിക്കയില്‍ ജമാഅത്തിലായിരുന്നപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന സ്നേഹിതന്‍ പത്തനാപുരം മുഹമ്മദ് സ്വാലിഹ് സാഹിബ് അവര്‍കള്‍ ഇത് പരിഭാഷ ചെയ്യുന്നതിന് സഹായിക്കാന്‍ മുമ്പോട്ടു വന്നു. അങ്ങിനെ ഇതിന്‍റെ ആരംഭഭാഗം തര്‍ജിമ ചെയ്യുന്നതില്‍ അദ്ദേഹം എനിക്ക് വലിയ സഹായിയായിരുന്നു. അദ്ദേഹത്തിന് അല്ലാഹുതആലാ നല്ല കൂലി കൊടുക്കട്ടെ.! ബാക്കി പരിഭാഷയില്‍ സഹായിച്ച എഞ്ചിനീയര്‍ അബ്ദുല്ലാഹ് സാഹിബ് തലശ്ശേരി അവര്‍കള്‍ക്കും മറ്റ് സഹായിച്ചവര്‍ക്കും അല്ലാഹു നല്ല കൂലി കൊടുക്കുമാറാകട്ടെ.! അങ്ങനെ ഈ പരിഭാഷാ ഗ്രന്ഥം ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ആഖിറത്തിലെ രക്ഷക്ക് ഒരു കാരണമാക്കിത്തരുമാറാകട്ടെ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള നിഷ്കളങ്കമായ മുഹബ്ബത്ത് ഹൃദയങ്ങളില്‍ നിലനിറുത്തിത്തരുമാറാകട്ടെ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ ശഫാഅത്ത് ലഭിച്ച് നാളെ മഹ്ഷര്‍ ദിവസത്തിലെ പരിഭ്രമ ജനകമായ അതികഠിനമായ അവസ്ഥകളില്‍നിന്നും കാവലും രക്ഷയും അല്ലാഹുതആല നല്‍കുമാറാകട്ടെ.!
-എന്ന് മുഹമ്മദ് മൂസാ കാഞ്ഞാര്‍. മസ്ജിദുല്‍ ഹറാം, ബാബു ഇബ്റാഹീം, മക്കത്തുല്‍ മുകര്‍റമ, 30 റമദാനുല്‍ മുബാറക് 1412.
ഈ രചനയെ കുറിച്ച് മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനായുടെ മകന്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് കുറിച്ച ചില വരികള്‍:
സര്‍വ്വലോക പരിപാലകനായ അല്ലാഹു തആല അടിമകളായ മനുഷ്യരുടെ മേല്‍ ധാരാളം അനുഗ്രഹങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത അനുഗ്രഹങ്ങളില്‍ ഏറ്റവും വലിയ അനുഗ്രഹമാണ് മഹാന്മാരായ നബി-മുര്‍സലുകളുടെ നിയോഗം. ലോകത്തിന്‍റെ ആരംഭം മുതല്‍ ചരിത്രത്തിന്‍റെ വിവിധ ദിശാസന്ധികളില്‍ ധാരാളം നബിമാര്‍ വരുകയുണ്ടായി. അവരെല്ലാവരും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കഠിനമായ ത്യാഗ പരിശ്രമങ്ങള്‍ ചെയ്യുകയും ഉത്തരവാദിത്വങ്ങള്‍ പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ ആയിരമായിരം സലാത്ത്-സലാമുകള്‍ അവരെല്ലാവരുടെയും മേല്‍ വര്‍ഷിക്കട്ടെ. അവസാനം ഈ ലോകം അതിന്‍റെ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അന്ത്യ പ്രവാചകന്‍ സയ്യിദുല്‍ കൗസൈന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അല്ലാഹു നിയോഗിച്ചു. ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉമ്മിയ്യ് ആയിരുന്നുവെങ്കിലും അല്ലാഹു വിശുദ്ധ വിജ്ഞാനങ്ങള്‍ കനിഞ്ഞരുളി സമുന്നത നബിയാക്കി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നന്മ ഉപദേശിക്കുകയും തിന്മ തടയുകയും പരിശുദ്ധമായ കാര്യങ്ങള്‍ അനുവദനീയമാക്കുകയും മ്ലേച്ഛമായ കാര്യങ്ങള്‍ നിഷിദ്ധമാക്കുകയും ചെയ്തു. ഇനി ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും ഇഹപര വിജയത്തിന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അന്ത്യ പ്രവാചകനായി വിശ്വസിക്കല്‍ നിര്‍ബന്ധമാണ്.
ഈ വിശ്വാസം നാല് കാര്യങ്ങള്‍ പൂര്‍ത്തീകരിക്കലാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. 1. മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവസാന നബിയാണെന്ന് അടിയുറച്ച് വിശ്വസിക്കണം. 2. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സ്നേഹിച്ച് ആദരിക്കണം. 3. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സേവിക്കണം. 4. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരു സുന്നത്തുകള്‍ പിന്‍പറ്റണം. ഈ നാല് കാര്യങ്ങള്‍ക്കും വളരെയധികം പ്രേരണ പകരുന്ന ഒന്നാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍ അധികരിപ്പിക്കുന്നത്. പരിശുദ്ധ ഖുര്‍ആനിലും പുണ്യ ഹദീസിലും ഇത് പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. സഹാബത്ത് മുതല്‍ ഔലിയാഅ് വരെ എല്ലാവരുടെയും മഹത്വത്തിന്‍റെ വലിയൊരു മാനദണ്ഡം സ്വലാത്തിന്‍റെ ആധിക്യമാണ്. സ്വലാത്തുമായി ബന്ധപ്പെട്ട മഹാത്മാക്കളുടെ സ്നേഹാനുരാഗ സംഭവങ്ങളും വചനങ്ങളും കവിതകളും സമുദായത്തിന് നന്മകളിലേക്കുള്ള വലിയൊരു ചാലക ശക്തിയാണ്.
സ്വലാത്ത്-സലാമുകളെക്കുറിച്ച് പ്രഥമയുഗം മുതല്‍ ഇന്നുവരെ ധാരാളം രചനകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അല്ലാമാ ശൈഖുല്‍ ഹദീസ് മുഹമ്മദ് സകരിയ്യാ കാന്ദലവി മദനി (റഹ്) രചിച്ച ഫസാഇലെ ദുറൂദ് ശരീഫ്. അഞ്ച് അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിന് മനോഹരമായ ഒരു ആമുഖവും അതിസുന്ദ രമായ ഒരു സമാപനവും ഉണ്ട്. ആമുഖത്തില്‍, ശൈഖുല്‍ ഹദീസ് (റഹ്) ഈ രചനയുടെ പ്രേരണയെക്കുറിച്ച് വിവരിക്കുന്നു. ഒന്നാം അധ്യായത്തില്‍, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്‍റെ മഹത്വങ്ങളും ശ്രേഷ്ടതകളും. രണ്ടാമത്തെ അധ്യായത്തില്‍, പ്രത്യേകമായ വചനങ്ങളുടെ പ്രത്യേകമായ ശ്രേഷ്ടതകള്‍. മൂന്നാമത്തെ അധ്യായത്തില്‍, സ്വലാത്ത് ചൊല്ലാതിരിക്കുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍. നാലാമത്തെ അധ്യായത്തില്‍, വിവിധ പ്രയോജനങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍. അഞ്ചാമത്തെ അധ്യായത്തില്‍, ചില സംഭവങ്ങള്‍. ഇതിന്‍റെ അവസാനത്തില്‍ ഒരു ഉപസംഹാരവും കൊടുത്തിരിക്കുന്നു. ഉപസംഹാരത്തില്‍ അനുഗ്രഹീത സ്വലാത്തിന്‍റെ തന്നെ മറ്റൊരു ഭാഗമായ പ്രവാചക പ്രകീര്‍ത്തനങ്ങളാണുള്ളത്. അതില്‍ മൗലാനാ ജാമിയുടെ മസ്നവി, മൗലാനാ മുഹമ്മദ് ഖാസിം നാനൂതവിയുടെ ഖസീദ ബഹാരിയ്യ എന്നിവയില്‍ നിന്നുള്ള കവിതകള്‍ ഉദ്ധരിച്ചിരിക്കുന്നു. ഗ്രന്ഥം മുഴുവന്‍ ശൈഖുല്‍ ഹദീസിന്‍റെ പ്രവാചക പ്രേമം അലതല്ലുന്നുണ്ട്.
അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ കേരളക്കരയില്‍ പ്രത്യേകിച്ചും ദീനിന്‍റെയും ദഅ് വത്തിന്‍റെയും ഇല്‍മിന്‍റെയും തസ്കിയത്തിന്‍റെയും മേഖലയില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് കാരണക്കാരനായ ഒരു മഹത് വ്യക്തിത്വമാണ് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ. അഗാധ പണ്ഡിതനും ഉജ്ജ്വല വാഗ്മിയും സമുന്നത സാഹിത്യകാരനും ആയിരുന്നെങ്കിലും ജീവിതം മുഴുവനും മൗലാനാ കഴിച്ചുകൂട്ടിയത് പ്രധാനമായും ദഅ് വത്ത്-തബ് ലീഗിന്‍റെ മാര്‍ഗ്ഗത്തിലായിരുന്നു. എന്നാല്‍ ശൈഖുല്‍ ഹദീസിനെപ്പോലുള്ള മഹത്തുക്കളോടും ദീനീ രചനകളുമായും വലിയ ബന്ധം നിരന്തരം നിലനിര്‍ത്തിയിരുന്നു. മക്കളെയും സഹപ്രവര്‍ത്തകരെയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൗലാനാ അവര്‍കള്‍ സ്വന്തം തൂലിക കൊണ്ട് രണ്ട് രചനകള്‍ തയ്യാറാക്കി. ഒന്ന് ഇര്‍ഷാദുല്‍ ഹജ്ജ് (ഹജ്ജ് യാത്രാ വിവരണം). മൗലാനായുടെ ഏറ്റവും വലിയ വികാരമായിരുന്നു ഹറമൈന്‍ ശരീഫൈന്‍. അതിന്‍റെ ആവേശം ഈ രചനയില്‍ കാണാന്‍ കഴിയുന്നതാണ്. രണ്ട് സ്വലാത്തിന്‍റെ മഹത്വങ്ങള്‍. മൗലാനാ മര്‍ഹൂറൂമിന്‍റെ ഏറ്റവും പ്രധാന വിഷയങ്ങളില്‍ ഒന്ന് നബവീ സ്നേഹാനുരാഗങ്ങളായിരു ന്നു. നസീഹത്തിലും ദുആയിലും എഴുത്തുകളിലും ഇത് വല്ലാതെ പ്രതിഫലിച്ചിരുന്നു. മറുഭാഗത്ത് ശൈഖുമായിട്ടുള്ള ബന്ധം മൗലാനായെത്തന്നെ ഇതിന്‍റെ വിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു. ശൈഖുല്‍ ഹദീസിന്‍റെ ഇതര രചനകളുടെ വിവര്‍ത്തനത്തില്‍ മര്‍ഹൂം അബ്ദുല്‍ ഖാദിര്‍ മൗലാനാ മര്‍ഹൂറൂമിന് ഏറ്റവും വലിയ സഹായിയായിരുന്നത് മൂസാ മൗലാനാ മര്‍ഹൂം തന്നെയാണ്. എന്നാല്‍ മൗലാനായുടെ പ്രഭാഷണങ്ങളുടെയും എഴുത്തുകളുടെയും വലിയൊരു പ്രത്യേകത ലാളിത്യമായിരുന്നു. പ്രഭാഷണത്തിലും എഴുത്തുകളിലും മൗലാനാ ലാളിത്യത്തെ മുറുകെ പിടിച്ചിരുന്നു. മറുഭാഗത്ത് മഹാനായ ഗ്രന്ഥകാരന്‍ ശൈഖുല്‍ ഹദീസിന്‍റെ, ശൈലിയും ഇത് തന്നെയായിരുന്നു. ഈ കാരണത്താല്‍ തന്നെ പലരും മഹത്തായ ഈ രചനയെ തെറ്റിദ്ധരിക്കുകയുണ്ടായി. എന്നാല്‍ നിഷ്കളങ്കമായ ഈ ലാളിത്യ ശൈലിയെ മുന്നില്‍ കാണുകയാണെങ്കില്‍ ഇതില്‍ ആത്മാര്‍ത്ഥതയുടെ സുഗന്ധം അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന്‍റെ അതിമഹത്തായ കൃപകൊണ്ട് മാത്രം ഈ ലാളിത്യത്തോടൊപ്പം ഇരു മഹത്തുക്കള്‍ക്കും പ്രവാചക സ്നേഹാനുരാഗത്തിന്‍റെ അമൂല്യ നിധിയും സമൃദ്ധമായി നല്‍കപ്പെട്ടിരുന്നു. ശൈഖുല്‍ ഹദീസിന്‍റെ രചനകള്‍ വായിക്കുകയും മൗലാനാ മര്‍ഹൂമിന്‍റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും ചെയ്ത എല്ലാവര്‍ക്കും വളരെ വ്യക്തമായി അനുഭവപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. മാത്രമല്ല ഈ രചന, സ്വലാത്ത്-സലാമുകളുമായി ബന്ധമുള്ളതായതിനാല്‍ ഈ സ്നേഹാനുരാഗം കൂടുതല്‍ പ്രതിഫലിക്കുകയും ചെയ്തിരിക്കുന്നു. സ്നേഹാനുരാഗത്തിന്‍റെ ശൈലി വ്യത്യസ്തവും അതിലെ അക്ഷരങ്ങളും മറ്റും അളക്കാന്‍ പാടില്ലാത്തതുമാണ് എന്നുള്ളത് ഒരു തത്വമാണല്ലോ.? ഇതിലെ വൈകാരികമായ പ്രസ്ഥാവനകളും വിശിഷ്യാ അവസാനം ഉദ്ധരിച്ചിരിക്കുന്ന മൗലാനാ ജാമിയുടെയും അല്ലാമാ നാനൂതവിയുടെയും കവിതകളും ഈ നിലയില്‍ കാണേണ്ടതാണ്. ചുരുക്കത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു രചനയായിട്ട് പോലും പ്രഥമ പതിപ്പിന് ശേഷം ഇത് പുന:പ്രസിദ്ധീ കരിക്കപ്പെട്ടില്ല. ശൈഖുല്‍ ഹദീസ് (റഹ്) ന്‍റെ പിന്‍ഗാമി മൗലാനാ മുഹമ്മദ് ത്വല്‍ഹാ സാഹിബും ഇതര മഹത്തുക്കളും ഇതിന്‍റെ പ്രസിദ്ധീകരണം നിരന്തരം ആവശ്യപ്പെട്ടിരുന്നു. പടച്ചവന്‍റെ സഹായത്താല്‍ സയ്യിദ് ഹസനി അക്കാദമി ഇതിന് മുമ്പോട്ട് വന്നിരിക്കുകയാണ്. വെള്ളിയാഴ്ചയുടെ അനുഗ്രഹീത രാ-പകലുകളില്‍ ഏതെങ്കിലും സമയം ഒരുമിച്ച് കൂടി ഇത് പാരായണം ചെയ്യുന്നതും ഹറമൈന്‍ യാത്രകളിലും മറ്റും കൂട്ടത്തില്‍ കരുതുന്നതും വലിയ ഐശ്വര്യങ്ങള്‍ക്കും സ്വലാത്ത്-സലാമുകളിലേക്കുള്ള പ്രേരണകള്‍ക്കും കാരണമാകുന്നതാണ്. അല്ലാഹു ഈ രചനയെ സ്വീകരിക്കട്ടെ.! മഹാനായ ഗ്രന്ഥ കര്‍ത്താവിനെയും ആദരണീയ വിവര്‍ത്തകനെയും വളരെക്കൂടുതലാ യി അനുഗ്രഹിക്കട്ടെ.! നാമെല്ലാവര്‍ക്കും ഹബീബായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലുള്ള വിശ്വാസത്തിനും സ്നേഹാദരവിനും സേവനത്തിനും അനുകരണത്തിനും ഇത് കാരണമാക്കട്ടെ.! അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. അവന്‍റെ അനുഗ്രഹം കൊണ്ട് സര്‍വ്വ നന്മകളും പൂര്‍ണ്ണ പ്രാപിക്കുന്നു. ലോകത്തിന്‍റെ നായകന്‍ വിശ്വത്തിന്‍റെ വസന്തം മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍.!
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക:
No comments:
Post a Comment