Friday, July 17, 2020

സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകള്‍ -ശൈഖ് അബ്ദുസ്സലാം നദ് വി


സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകള്‍
ശൈഖ് അബ്ദുസ്സലാം നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/07/blog-post_46.html?spref=bl 
ആമുഖം
മനുഷ്യവിഭാഗത്തിലെ അര്‍ദ്ധാംശമാണ് സ്ത്രീ ജനങ്ങള്‍. സ്ത്രീത്വത്തെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്‍റെ ന്യായമായ മേഖലകളില്‍ എല്ലാം അവര്‍ക്ക് വളരാനും ഉയരാനും ഇസ്ലാം പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യവും പ്രേരണയും നല്‍കിയിട്ടുണ്ട്. മുന്‍ഗാമികളായ മഹതീ രത്നങ്ങള്‍ ഇതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും പലപ്പോഴും പുരുഷന്മാരെ മുന്‍കടക്കുകയും ചെയ്യുകയുണ്ടായി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ മടിത്തട്ടില്‍ ശിക്ഷണത്തിന് സൗഭാഗ്യം സിദ്ധിച്ച സഹാബീ വനിതകള്‍. വിശിഷ്യാ റസൂലുല്ലാഹി (സ) യുടെ പവിത്ര പത്നിമാരും അനുഗ്രഹീത പെണ്‍മക്കളും പ്രമുഖ സഹാബി വനിതകളും ഇസ്ലാമിന്‍റെ സുന്ദരവും സമ്പൂര്‍ണ്ണവും സരളവുമായ സരണിയുടെ സത്യസാക്ഷ്യങ്ങളാണ്. ഒരുഭാഗത്ത് ഇവര്‍ സ്ത്രീത്വത്തിന്‍റെ വിശുദ്ധിയും ഒതുക്കവും സൂക്ഷ്മതയും പരിപൂര്‍ണ്ണമായി മുറുകെ പിടിച്ചു. മറുഭാഗത്ത് അവര്‍ മത-സാമൂഹിക-കുടുംബ-വൈജ്ഞാനിക മേഖലകളില്‍ തിളങ്ങുന്ന താരങ്ങളും ഉത്തമ ഉദാത്ത മാതൃകകളുമായി. 
ഇന്ന് ഒരുഭാഗത്ത് ഇസ്ലാം സത്രീകള്‍ക്ക് സ്ഥാനം ഒന്നും കൊടുത്തിട്ടില്ലെന്ന പ്രചണ്ഡമായ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നു. മറുഭാഗത്ത് ഈ പ്രചാരണത്തില്‍ കുടുങ്ങിയ ധാരാളം ആളുകള്‍ ഇസ്ലാമിക അദ്ധ്യാപനങ്ങളെത്തനെ അവഗണിച്ചുകൊണ്ട് പരിധി ലംഘനങ്ങള്‍ നടത്തുന്നു. മറ്റു ചിലര്‍ ആകട്ടെ സ്ത്രീകള്‍ക്ക് ന്യായമായ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും അവസരങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്ലാമും മുന്‍ഗാമികളായ മഹത്തുക്കളും ഇതില്‍ നിന്നെല്ലാം ഒഴിവായവരാണ്. അതെ, ഇസ്ലാം സ്ത്രീകള്‍ക്ക് വലിയ സ്ഥാനം നല്‍കിയിട്ടുണ്ടെന്നും ഔന്നിത്യത്തിന്‍റെ വിഹായസ്സിലേക്ക് ഉയരാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെന്നും അവരുടെ ജീവിതം വ്യക്തമാക്കുന്നു.  എന്നാല്‍ അവരുടെ ജീവിതം മുഴുവന്‍ സ്ത്രീത്വത്തിന്‍റെ വിശുദ്ധിയും സുക്ഷ്മതയും പരിപൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു. ഇക്കാര്യം ആധികാരികമായ നിലയില്‍ ഹൃസ്വമായി വിവരിക്കുന്ന ഒരു രചനയാണിത്. അല്ലാഹു ഇത് സ്വീകരിക്കട്ടെ. സഹാബാ മഹത്തുക്കളുടെ മഹത്വങ്ങള്‍ മനസ്സിലാക്കാനും അവരുടെ ഉത്തമ മാതൃകകള്‍ അനുധാവനം ചെയ്യാനും ഉതവി നല്‍കട്ടെ.         


ഇസ്ലാം സ്വീകരണം
ത്യാഗം
വിശ്വാസം
നമസ്ക്കാരം
സഹാബി വനിതകള്‍ നമസ്ക്കാരത്തില്‍ അത്യതികം ശ്രദ്ധിച്ചിരുന്നു. ഫര്‍ള് നമസ്ക്കാരങ്ങള്‍ യഥാ സമയങ്ങളില്‍ വളരെ സൂക്ഷ്മതയോടെ നിര്‍വ്വഹിച്ചിരുന്നു. പുരുഷന്മാരെ മസ്ജുദുകളിലേക്ക് അയക്കുകയും സ്ത്രീകള്‍ വീടുകളില്‍ നമസ്ക്കാരങ്ങളില്‍ മുഴുകുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് മസ്ജിദുകളില്‍ ജമാഅത്തായുള്ള നമസ്ക്കാരം പറയപ്പെട്ടില്ലെങ്കിലും ചില സഹാബി വനിതകള്‍ ജമാഅത്തില്‍ പങ്കെടുത്തിരുന്നു. അവരുടെ വീടിന്‍റെ അലങ്കാരം തന്നെ നമസ്ക്കാരമായിരുന്നു. അധികമായി സുന്നത്ത് നമസ്ക്കാരങ്ങള്‍ നിര്‍വ്വഹിക്കുകയും തഹജ്ജുദ്, ളുഹാ, നമസ്ക്കാരങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു. ഉമര്‍ (റ) ന്‍റെ കുടുംബം തഹജ്ജുദിന് പരസ്പരം ഉണര്‍ത്തിയിരുന്നു. അബൂബക്കര്‍ (റ) രാത്രി മൂന്നായി വീതിച്ച് ഒന്നില്‍ സ്വയം നമസ്ക്കരിക്കുകയും മറ്റൊന്നില്‍ ഭാര്യ നമസ്ക്കരിക്കുകയം അവസാനത്തേതില്‍ ഭ്യത്യന്‍ നമസ്ക്കരിക്കുകയും ചെയ്തിരുന്നു. 
ദാനധര്‍മ്മങ്ങള്‍
പ്രകൃതിപരമായി സ്ത്രീകള്‍ക്ക് ആഭരണങ്ങളോട് വലിയ ഭ്രമമാണ്. ഇസ്ലാം ന്യായമായ ആഭരണങ്ങള്‍ ധരിക്കുന്നത് അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം സഹാബി സ്ത്രീകള്‍ക്കും ആഭരണങ്ങളോട് താല്‍പ്പര്യമായിരുന്നു. എന്നാല്‍ ആഭരണങ്ങളുടെ സകാത്ത് കൊടുക്കാനും അതില്‍ നിന്നും സദഖകള്‍ ചെയ്യാനും റസൂലുല്ലാഹി (സ) പ്രേരിപ്പിക്കുകയും അവര്‍ അത് സ്വീകരിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) ന്‍റെ അരികില്‍ ഒരു പെണ്‍കുട്ടി ഹാജരായി. ആ കുട്ടിയുടെ കൈകളില്‍ സ്വര്‍ണ്ണവളകള്‍ ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ)  ചോദിച്ചു: നിങ്ങള്‍ ഇതിന്‍റെ സകാത്ത് കൊടുത്തിരുന്നോ?  അവര്‍ പറഞ്ഞു: ഇല്ല. റസൂലുല്ലാഹി (സ) പറഞ്ഞു: ഖിയാമത്ത് നാളില്‍ ഇതിനുപകരം തീ കൊണ്ടുള്ള വളകള്‍ ഇടുന്നതാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകുമോ? അവര്‍ ഉടനെ വളകള്‍ ഊരി റസൂലുല്ലാഹി (സ) യ്ക്ക് നല്‍കി. 
സഹാബി വനിതകള്‍ അവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേകം ദാനം ചെയ്യുമായിരുന്നു. ഒരിക്കല്‍ ഇബ്നു മസ്ഊദ് (റ) ന്‍റെ ഭാര്യ ചോദിച്ചു: താങ്കള്‍ക്ക് സാമ്പത്തിക ഞെരുക്കമുള്ളതായി ഞാന്‍ കാണുന്നു. എന്‍റെ സകാത്തിന്‍റെ തുക താങ്കള്‍ക്ക് നല്‍കാമോ എന്ന് റസൂലുല്ലാഹി (സ) യോട് താങ്കള്‍ ചോദിക്കുക. ഇബ്നു മസ്ഊദ് (റ) പറഞ്ഞു: എനിക്ക് ചോദിക്കാന്‍ ലജ്ജയാകുന്നു. നീ തന്നെ ചോദിക്കുക. അങ്ങനെ അവര്‍ റസൂലുല്ലാഹി (സ) യുടെ സന്നിധിയില്‍ എത്തി. അവരുടെ ചോദ്യം കേട്ടപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ സകാത്ത് കൊടുക്കാവുന്നതും വലിയ പ്രതിഫലം ലഭിക്കുന്നതുമാണ്. 

നോമ്പ്  
റമളാന്‍ മാസങ്ങള്‍ സഹാബിവനിതകള്‍ക്ക് ആരാധനകളുടെ വസന്ത കാലമായിരുന്നു. ശരിയായി നോമ്പ് അനുഷ്ടിക്കുകയും രാത്രി നമസ്ക്കരിക്കുകയും ഖുര്‍ആന്‍ പാരായണം, ദിക്റ്, ദുആകളില്‍ മുഴുകുകയും ചെയ്തിരുന്നു. റമളാന്‍ മാസം പകലുകളില്‍ അവരുടെ വീടുകളില്‍ അടുപ്പ് പുകയുമായിരുന്നില്ല. (അബൂദാവൂദ്). ചില സഹാബി വനിതകള്‍ നിരന്തരം സുന്നത്ത് നോമ്പുകള്‍ അനുഷ്ടിച്ചിരുന്നു. അബൂഉമാമ (റ) ശഹാദത്തിനുവേണ്ടി ദുആ ഇരക്കണമെന്ന് പലപ്രാവശ്യം റസൂലുല്ലാഹി (സ)യോട് അപേക്ഷിച്ചു. റസൂലുല്ലാഹി (സ) നിരന്തരം സൗഖ്യത്തിനുവേണ്ടി ദുആ ചെയ്തു. അവസാനം ചോദിച്ചു: എനിക്ക് പ്രയോജനകരമായ ഏതെങ്കിലും നന്മ പറഞ്ഞുതരുക. റസൂലുല്ലാഹി (സ) അദ്ദേഹത്തോട് നോമ്പ് അനുഷ്ടിക്കാന്‍ കല്‍പ്പിച്ചു. അദ്ദേഹം നിരന്തരം നോമ്പ് പിടിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും സേവകനും ഈ നന്മയില്‍ പങ്കാളികളാവുകയും നോമ്പ് അവരുടെ വീടിന്‍റെ അടയാളമായിത്തീരുകയും ചെയ്തു. അവരുടെ വീട്ടില്‍ നിന്നും പുക ഉയര്‍ന്നാല്‍ ഇന്ന് അവരുടെ വീട്ടില്‍ അതിഥികളാരോ വന്നിട്ടുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. കാരണം അതിഥികള്‍ക്കാല്ലാതെ അവരുടെ വീട്ടില്‍ ആഹാരം പാചകം ചെയ്യപ്പെട്ടിരുന്നില്ല. (മുസ്നദ് അഹ്മദ് 2/595). 
ചില സഹാബി വനിതകള്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ക്ക് പ്രയാസമുണ്ടാകുമായിരുന്നു. അവര്‍ തടഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് അതൃപ്തിയുണ്ടായി. റസൂലുല്ലാഹി (സ)യുടെ അരികില്‍ പോയി പരാതി പറഞ്ഞു. റസൂലുല്ലാഹി (സ) അരുളി: സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ അനുവാദമില്ലാതെ നോമ്പ് പിടിക്കരുത്. (അബൂദാവൂദ്). 
ചില സഹാബി വനിതകള്‍ സ്വന്തം ഭാഗത്തുനിന്നും മാത്രമല്ല, മരണപ്പെട്ടവരുടെ ഭാഗത്തുനിന്നും നോമ്പ് അനുഷ്ടിക്കുമായിരുന്നു. ഒരു സഹാബി വനിത വന്നു ചോദിച്ചു: എന്‍റെ മാതാവ് മരിച്ചു. അവര്‍ നോമ്പ് നിര്‍ബന്ധമുണ്ടായിരുന്നു. അവരുടെ ഭാഗത്തുനിന്നും ഞാന്‍ നോമ്പ് പിടിച്ചാല്‍ മതിയാകുമോ? റസൂലുല്ലാഹി (സ) അതെ എന്ന് പറഞ്ഞ് അനുമതി കൊടുത്തു. (ബുഖാരി 1953). 
റമളാന്‍ മാസത്തില്‍ അവര്‍ ഖുര്‍ആന്‍ പാരായണ-പഠനങ്ങള്‍ അധികരിപ്പിക്കുകയും ദിക്ര്‍ ദുആകള്‍ വര്‍ദ്ധിപ്പിക്കുകയും നോമ്പിന്‍റെ നിയമ മര്യാദകള്‍ ശരിയായി പാലിക്കുകയും ചെയ്തിരുന്നു. വിശിഷ്യാ അവര്‍ ഇഅ്തികാഫ് അനുഷ്ടിച്ചിരുന്നു. അതിനുവേണ്ടി ചെറിയ കൂടാരം അവര്‍ മസ്ജിദില്‍ സ്ഥാപിച്ചിരുന്നു. (അബൂദാവൂദ് 2464). 
ഹജ്ജ്
ഇസ്ലാമിലെ ആരാധനകളില്‍ ഹജ്ജ് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധമാകുന്നത്. എന്നാല്‍ സഹാബി വനിതകള്‍ക്ക് ഒരു പ്രാവശ്യം ഹജ്ജ് ചെയ്തതുകൊണ്ട് സമാധാനം വന്നില്ല. അവര്‍ എല്ലാവര്‍ഷവും ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. റസൂലുല്ലാഹി (സ)യോട് ഒരിക്കല്‍ ആഇശ (റ) ജിഹാദ് അനുമതി ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ ഹജ്ജ് ഏറ്റവും ഉയര്‍ന്ന ജിഹാദാണ്. ഇതിന് ശേഷം അവര്‍ എല്ലാവര്‍ഷവും ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. (ബുഖാരി 1861).
സഹാബി വനിതകള്‍ അങ്ങേയറ്റം ആഗ്രഹ ആവേശങ്ങളോടെ ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. അതിന്‍റെ ഏറ്റവും സുന്ദരമായ രൂപം പ്രകടമായത് ഹജ്ജത്തുല്‍ വദാഇലാണ്. റസൂലുല്ലാഹി (സ) ഹജ്ജിന് ആഹ്വാനം ചെയ്തപ്പോള്‍ മുഴുവന്‍ പുരുഷന്മാരും സ്ത്രീകളും പുറപ്പെട്ടു. അസ്മാഅ് ബിന്‍ത് ഉമൈസ് (റ) ഗര്‍ഭിണിയായിരുന്നിട്ടും ഹജ്ജിന് പുറപ്പെട്ടു അവരില്‍ പലരും കൊച്ച് കുട്ടികളെയും ഹജ്ജിന് കൊണ്ടുപോയിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ റസൂലുല്ലാഹി (സ) ഒരു സ്ത്രീയെ കണ്ടപ്പോള്‍ അവര്‍ ഒരു കുഞ്ഞിനെ എടുത്തുയര്‍ത്തി കാണിച്ച് ഈ കുഞ്ഞിന് ഹജ്ജ് ചെയ്യാമോ എന്ന് ചോദിച്ചു. റസൂലുല്ലാഹി (സ) അരുളി: ചെയ്യാം, എന്നാല്‍ അതിന്‍റെ പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. (അബൂദാവുദ് 1736)
സഹാബി വനിതകള്‍ ഹജ്ജ് നിര്‍വ്വഹിക്കുമ്പോള്‍ അത്ഭുതകരമായ ത്യാഗങ്ങള്‍ അനുഷ്ടിച്ചിരുന്നു. കഅ്ബാ ശരീഫവരെ നടക്കുന്നതാണെന്ന് ഒരു സ്ത്രീ നേര്‍ച്ച നേര്‍ന്നതായി അറിഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: അവരോട് ഇടയ്ക്കിടെ നടക്കാനും വാഹനത്തില്‍ യാത്ര ചെയ്യാനും പറയുക. (ബുഖാരി).
എന്തെങ്കിലും കാരണത്താല്‍ ഹജ്ജ് നഷ്ടപ്പെടുകയോ അതിന് സാധ്യതയുണ്ടാവുകയോ ചെയ്യുമ്പോള്‍ അവര്‍ വല്ലാതെ ദു:ഖിച്ചിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ ഉംറ ചെയ്യാനുള്ള നിയ്യത്തുമായി വന്ന ആഇശ (റ)യ്ക്ക് മക്കാമുകര്‍റമ അടുക്കാറായപ്പോള്‍ ആര്‍ത്തവവം ഉണ്ടായി. അവര്‍ കരയാന്‍ തുടങ്ങി. റസൂലുല്ലാഹി (സ) കാര്യം മനസ്സിലാക്കിയപ്പോള്‍ അരുളി: ഇത് അല്ലാഹു എല്ലാ സ്ത്രീകളുടെയും മേല്‍ വെച്ചിട്ടുള്ള ഒരു കാര്യമാണ്. ഉംറ ഒഴിവാക്കി നീ ഹജ്ജില്‍ പ്രവേശിക്കുക. ത്വവാഫ് അല്ലാത്ത മുഴുവന്‍ ഹജ്ജ് കര്‍മ്മങ്ങളും നിര്‍വ്വഹിച്ചുകൊള്ളുക. (അബൂദാവൂദ് 1781). 
സഹാബി വനിതകള്‍ സ്വന്തം ഭാഗത്തുനിന്നും ഹജ്ജ് നിര്‍വ്വഹിക്കുന്നത് കൂടാതെ, മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ ഒരു വനിത ചോദിച്ചു: എന്‍റെ പിതാവിന് വാര്‍ദ്ധക്യം കാരണം വാഹനത്തില്‍ ഇരിക്കാനും ഹജ്ജ് ചെയ്യാനും കഴിവില്ല. അദ്ദേഹത്തിന് പകരം ഞാന്‍ ഹജ്ജ് ചെയ്ത് കൊള്ളട്ടെ. റസൂലുല്ലാഹി (സ) അവര്‍ക്ക് അനുമതി നല്‍കി. (ബുഖാരി 1514). ഇതേ നിലയില്‍ ഒരു സഹാബി വനിതയ്ക്ക് മാതാവിന്‍റെ ഭാഗത്തുനിന്നും ഹജ്ജ് ചെയ്യാനും അനുമതി നല്‍കി. (തിര്‍മിദി 929). 
ഉംറ നിര്‍വ്വഹിക്കുന്ന വിഷയത്തിലും അവര്‍ക്ക് വലിയ ആവേശമായിരുന്നു. അത് നഷ്ടപ്പെടുമ്പോള്‍ അവര്‍ വളരെയധികം ദു:ഖിച്ചിരുന്നു. ആഇശ (റ)യ്ക്ക് ഹജ്ജത്തുല്‍ വദാഇന്‍റെ തുടക്കത്തില്‍ ആര്‍ത്തവം ആയിരുന്നതിനാല്‍ ഉംറ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മടങ്ങാന്‍ നേരത്ത് അവര്‍ റസൂലുല്ലാഹി (സ)യോട് ചോദിച്ചു: എല്ലാവരും ഹജ്ജും ഉംറയും ചെയ്ത് മടങ്ങുമ്പോള്‍ ഞാന്‍ ഹജ്ജ് മാത്രം കൊണ്ട് എങ്ങനെ മടങ്ങാനാണ്? അല്ലാഹു നിങ്ങള്‍ക്കും ഉംറയ്ക്ക് അവസരം നല്‍കുന്നതാണെന്ന് പറഞ്ഞുകൊണ്ട് റസൂലുല്ലാഹി (സ) സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ (റ)വിനോടൊപ്പം തന്‍ഈമിലേക്ക് അയച്ച് രാത്രിയില്‍ തന്നെ ഉംറ നിര്‍വ്വഹിച്ച് വരാന്‍ നിര്‍ദ്ദേശിച്ചു. (ബുഖാരി 1764).

ദീനീ പോരാട്ടങ്ങള്‍
സഹാബി മഹിളകള്‍ ദീനിന്‍റെ മാര്‍ഗത്തിലുള്ള ത്യാഗ പരിശ്രമങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. സഹാബീ പുരുഷന്മാരുടെ മുഴുവന്‍ പരിശ്രമങ്ങളെയും അവര്‍ പിന്തുണച്ചിരുന്നു. അതോടൊപ്പം അവരും പരിശ്രമങ്ങളെ കൊതിച്ചിരുന്നു. ശഹാദത്ത് ശ്വാശത ജീവിതമായി കണ്ടിരുന്നതിനാല്‍ അവര്‍ എല്ലാവരും ജീവജലത്തെ ദാഹിച്ചിരുന്നു. ഉമ്മുവറക്ക (റ) ബദ്ര്‍ സംഭവത്തിന് ശേഷം റസൂലുല്ലാഹി (സ) സമീപിച്ചുകൊണ്ട് അപേക്ഷിച്ചു: എനിക്ക് ജിഹാദില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഞാന്‍ രോഗികളെ ശുശ്രുക്കുന്നതാണ്. അല്ലാഹു എനിക്കും ശഹാദത്ത് നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ വീട്ടില്‍ തന്നെ താമസിച്ചാല്‍ മതി. അല്ലാഹു ശഹാദത്ത് നല്‍കുന്നതാണ്. ഒരു അത്ഭുത സംഭവത്തിലൂടെ അവര്‍ വീട്ടില്‍ വെച്ചുതന്നെ ശഹാദത്ത് വരിച്ചു. (അബൂദാവൂദ്). 
പരിശുദ്ധ ഖുര്‍ആനുമായിട്ടുള്ള ബന്ധം
സഹാബിയ്യാത്ത് (റ) പരിശുദ്ധ ഖുര്‍ആന്‍ അധികമായി പാരായണം ചെയ്യുകയും നല്ല നിലയില്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഖുര്‍ആനിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്ന ഒരവസരവും അവര്‍ പാഴാക്കിയിരുന്നില്ല. പരിശുദ്ധ ഖുര്‍ആനിലൂടെ അവരില്‍ വലിയ പ്രതിഫലനം ഉളവാകുമായിരുന്നു. തിന്മ ചെയ്യുന്നവര്‍ക്ക് അതിന്‍റെ ഫലം നല്‍കപ്പെടുന്നതാണ് എന്ന് ആയത്ത് ഇറങ്ങിയപ്പോള്‍ ആഇശ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ, എനിക്ക് വലിയ ഭയം അനുഭവപ്പെടുന്നു. റസൂലുല്ലാഹി (സ) അരുളി: വിശ്വാസിയുടെ കാലുകളില്‍ മുള്ള് തറയ്ക്കുന്നതും മറ്റും അവരുടെ പാപങ്ങള്‍ പൊറുക്കുന്നതിന് കാരണമാകുന്നതാണ്. മറ്റൊരിക്കല്‍ ചോദിച്ചു: സത്യവിശ്വാസികള്‍ക്ക് എളുപ്പമായ വിചാരണ എന്നതുകൊണ്ടുള്ള ഉദ്ദേശമെന്താണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹു ചെറിയ നിലയില്‍ ഒന്ന് നോക്കി അവരെ വിട്ടയക്കുന്നതാണ്. (അബൂദാവൂദ് 3095) 
പരിശുദ്ധ ഖുര്‍ആനിന്‍റെ ഓരോ നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരുത്താന്‍ അവര്‍ ധൃതി കാട്ടിയിരുന്നു. സാലിം (റ) നെ അബൂഹുദൈഫ (റ) ജാഹിലീ ആചാരം അനുസരിച്ച് ദത്ത് പുത്രനായി സ്വീകരിച്ചിരുന്നു. എന്നാല്‍ ദത്ത് പുത്രനാക്കാന്‍ പാടില്ല എന്ന വചനം അവതരിച്ചപ്പോള്‍ അബുഹുദൈഫ (റ) യുടെ ഭാര്യ റസൂലുല്ലാഹി (സ) സമീപിച്ച് ചോദിച്ചു: സാലിം എന്‍റെ വീട്ടിലാണുള്ളത്. ഞാന്‍ എന്ത് ചെയ്യണം? റസൂലുല്ലാഹി (സ) അരുളി: പാല് കുടിപ്പിക്കുക. പാല്‍ കുടി ബന്ധത്തിലൂടെയുള്ള മകനായിത്തീരുന്നതാണ്. (അബൂദാവൂദ് 2061). ജാഹിലീ യുഗത്തില്‍ സ്ത്രീകള്‍ ശരീരഭാഗം തുറന്നിട്ടിരുന്നു. എന്നാല്‍ ശരീരം പരിപൂര്‍ണ്ണമായി മറയ്ക്കുക എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ അവര്‍ തുണിക്കഷണങ്ങള്‍ ചേര്‍ത്ത്  കറുത്ത നിറത്തിലുള്ള പുതപ്പ് പുതച്ച് മാത്രം പുറത്തിറങ്ങുന്നവരായി. (അബൂദാവൂദ് 4100).
തിന്മകളില്‍ നിന്നും അകല്‍ച്ച
സഹാബീ വനിതകള്‍ മുഴുവന്‍ തിന്മകളില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്നു. മാത്രമല്ല, സംശയാസ്പദമായ കാര്യങ്ങളെയും വര്‍ജ്ജിച്ചിരുന്നു. ഒരു സഹാബി വനിത തന്‍റെ അടിമ സ്ത്രീയെ മാതാവിന് ദാനം കൊടുത്തിരുന്നു. മാതാവ് മരണപ്പെട്ടപ്പോള്‍ അനന്തരവകാശം വഴി അടിമ സ്ത്രീ തന്നിലേക്ക് മടങ്ങിവന്നു. ഇത്തരുണത്തില്‍ ഇത് ദാനം കൊടുത്തത് തിരിച്ചെടുക്കലാകുമോ എന്ന് അവര്‍ക്ക് സംശയമായി. അവര്‍ റസൂലുല്ലാഹി (സ) യോട് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ക്ക് ദാനത്തിന്‍റെ കൂലി കിട്ടുന്നതാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ അനന്തരവകാശത്തിലൂടെ നിങ്ങളിലേക്ക് മടങ്ങി എത്തിയിരിക്കുന്നു. (അബൂദാവൂദ് 1656). അസ്മാഅ് (റ) ന്‍റെ മാതാവ് ഇസ്ലാം സ്വീകരിച്ചിട്ടില്ലായിരുന്നു. അവര്‍ ധാരാളം ഉപഹാരങ്ങളുമായി മകളെ കാണാന്‍ വന്നു. ആഇശ (റ) വഴി അസ്മാഅ് (റ) ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അത് സ്വീകരിച്ചുകൊള്ളാന്‍ അനുമതി നല്‍കി. (തബക്കാത്ത് 4190). ഒട്ടകത്തിന്‍റെ കഴുത്തില്‍ കെട്ടപ്പെട്ട മണിയുടെ ശബ്ദം കേള്‍ക്കുന്നതുപോലും ആഇശ (റ) യ്ക്ക് അസ്വസ്ഥമായിരുന്നു. (മുസ്നദ് 25188). ഒരിക്കല്‍ മണിയുടെ ശബ്ദമുള്ള പാദസ്വരം ധരിച്ച ഒരു കുട്ടിയെ കണ്ടപ്പോള്‍ ഈ കുട്ടിയെ എന്‍റെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്നും ഇത്തരം വസ്തുക്കള്‍ ഉള്ള വീടുകളില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ലെന്ന് റസൂലുല്ലാഹി (സ) അരുളിയിട്ടുണ്ടെന്നും ആഇശ (റ) ഉണര്‍ത്തി. (മുസ്നദ് 26052).

സംശയ സ്ഥാനങ്ങളില്‍ നിന്നും അകല്‍ച്ച
റസൂലുല്ലാഹി (സ) അരുളി: അനുവദനീയമായതും നിഷിദ്ധമായതും വ്യക്തമാണ്. അനുവാദത്തിനും നിഷിദ്ധതയ്ക്കും സാധ്യതയുള്ള കുറച്ച് കാര്യങ്ങള്‍ ഇതിനിടയില്‍ ഉണ്ട്. അതിനെ വര്‍ജ്ജിക്കുന്നത് നിഷിദ്ധതയെയും വര്‍ജ്ജിക്കുന്നതാണ്. സംശയകരമായ കാര്യങ്ങളെ വര്‍ജ്ജിക്കാത്തവന്‍ നിഷിദ്ധമായ കാര്യങ്ങളെയും പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്! സഹാബി വനിതകള്‍ ഈ ഹദീസിനെ വളരെയധികം ശ്രദ്ധയോടെ പകര്‍ത്തിയിരുന്നു. ഒരു സഹാബി വനിത തന്‍റെ അടിമ സ്ത്രീയെ മാതാവിന് ദാനം ചെയ്തു. മാതാവ് മരിച്ചപ്പോള്‍ മാതാവിന് ദാനം കൊടുത്ത അടിമ സ്ത്രീയെക്കൊണ്ട് ജോലി ചെയ്യിക്കാമോ എന്ന് അവര്‍ സംശയത്തിലായി. സംശയം തീര്‍ക്കാന്‍ അവര്‍ റസൂലുല്ലാഹി (സ)യോട് ചോദിച്ചപ്പോള്‍ അരുളി: നിങ്ങള്‍ക്ക് സ്വദഖയുടെ പ്രതിഫലം ലഭിച്ചു. അവര്‍ അനന്തരവകാശത്തില്‍ നിങ്ങളിലേക്ക് തന്നെ വന്നരിക്കുന്നു. (അബൂദാവൂദ് 1656). 
മതബോധത്തിന്‍റെ വ്യത്യസ്ഥ ചിത്രങ്ങള്‍
സഹാബി വനിതകള്‍ പടച്ചവനുമായി അങ്ങേയറ്റത്തെ ബന്ധം ഉണ്ടാക്കിയെടുത്തിരുന്നു. അവരുടെ ആരാധനപരമായ കാര്യങ്ങല്‍ മുമ്പ് പറഞ്ഞ് കഴിഞ്ഞു. ഇത് കൂടാതെ, സര്‍വ്വ സമയങ്ങളിലും ദിക്ര്‍-ദുആകളില്‍ മുഴുകിയിരുന്നു. അല്ലാഹുവിന്‍റെ വിശുദ്ധി വാഴ്ത്തലും ഏകത്വം സമ്മതിക്കലും അടങ്ങിയ ദിക്റുകളായ സുബ്ഹാനല്ലാഹ്, ലാഇലാ ഇല്ലല്ലാഹ് സദാസമയവും അവര്‍ ചൊല്ലുമായിരുന്നു. നിരന്തരമുള്ള ദിക്റുകള്‍ കൂടാതെ, പ്രത്യേകമായി സമയം ഒഴിവാക്കി കല്ലുകളും മറ്റും ഉപയോഗിച്ച് എണ്ണം പിടിച്ചുകൊണ്ട് അവര്‍ ദിക്ര്‍ ചൊല്ലിയിരുന്നു. (അബൂദാവൂദ് 1500). 
അല്ലാഹുവിന്‍റെ ഭവനങ്ങളുമായി വിശിഷ്യാ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവീ, ബൈത്തുല്‍ മുഖദ്ദസ് ഇവയോട് അവര്‍ക്ക് വലിയ ബന്ധമായിരുന്നു. രോഗങ്ങളുടെയും മറ്റും സന്ദര്‍ഭങ്ങളില്‍ നേര്‍ച്ച നേരുമ്പോള്‍ ഈ മസ്ജിദുകളിലേക്കുള്ള യാത്രയും ഇബാദത്തും നേര്‍ച്ചയാക്കിയിരുന്നു. ഒരു സഹാബി വനിത രോഗിയായി. രോഗഭേദമായാല്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയി നമസ്ക്കരിക്കാമെന്ന് അവര്‍ നേര്‍ച്ചയാക്കി. അവര്‍ അതിനെക്കുറിച്ച് മൈമൂന (റ)യോട് ചോദിച്ചപ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ പറഞ്ഞു: നിങ്ങള്‍ മസ്ജിദുന്നബവിയില്‍ പോയി നമസ്ക്കരിച്ചാല്‍ മതിയാകുന്നതാണ്. ഇവിടെയുള്ള നമസ്ക്കാരം ആയിരം നമസ്ക്കാരങ്ങളേക്കാള്‍ ശ്രേഷ്ടമാണെന്ന് റസൂലുല്ലാഹി (സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. (മുസ്ലിം 3383). മറ്റൊരു സഹാബി വനിത മസ്ജിദ് ഖുബായിലേക്ക് നടന്ന് പോയി നമസ്കരിക്കാമെന്ന് നേര്‍ച്ച നേര്‍ന്നു. നേര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അവരുടെ വിയോഗം സംഭവിച്ചു. മകള്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരോട് ഇബ്നുഅബ്ബാസ് (റ) മാതാവിന് പകരം മകള്‍ അത് ചെയ്താല്‍ മതിയെന്ന് പ്രസ്താവിച്ചു. (മുവത്വമാലിക്ക് 742). 
ഇബാദത്തുകളില്‍ നിഷ്ട കാണിച്ചതിനോടൊപ്പം അവയുടെ വഴിയില്‍ എല്ലാവിധ ത്യാഗങ്ങളും അനുഷ്ടിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. മാത്രമല്ല, കഠിന ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടും അവര്‍ ഇബാദത്തുകള്‍ അനുഷ്ടിച്ചിരുന്നു. ഹംന ബിന്‍ത് ജഹ്ശ് (റ) നിരന്തരം നിസ്ക്കാരത്തില്‍ മുഴുകിയിരുന്നു. വല്ലാതെ ക്ഷീണിക്കുമ്പോള്‍ തൂണില്‍ ബന്ധിച്ച് നമസ്ക്കാരം തുടര്‍ന്നിരുന്നു. ഇത് അറിഞ്ഞ റസൂലുല്ലാഹി (സ) ഉപദേശിച്ചു: ഐശ്ചിക ആരാധനകള്‍ കഴിയുന്നത്ര മാത്രം നിര്‍വ്വഹിക്കുക. നിന്ന് തളരുമ്പോള്‍ ഇരുന്ന് നമസ്ക്കരിക്കുക. റസൂലുല്ലാഹി (സ) കയര്‍ അഴിച്ചുമാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (അബൂദാവൂദ് 1312). 
നാം ശരിയും തെറ്റുമായ പലതരം ശപഥങ്ങള്‍ നടത്തുകയും അവയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ കഴിയുകയും ചെയ്യാറുണ്ട്. സഹാബി വനിതകള്‍ ഒന്നാമതായി വളരെ കുറച്ച് മാത്രമാണ് ശപഥം ചെയ്തിരുന്നത്. ചെയ്ത് കഴിഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ ആഇശ (റ) ദാനം അധികരിപ്പിക്കുന്നു എന്ന് ഇബ്നുസുബൈര്‍ (റ) പറഞ്ഞതായി അറിഞ്ഞപ്പോള്‍ മകനെപ്പോലെ കണ്ടിരുന്ന ഇബ്നുസുബൈര്‍ (റ)നോട് മിണ്ടുകയില്ലായെന്ന് ശപഥം ചെയ്തു. ഇബ്നുസുബൈര്‍ (റ) മാപ്പ് ചോദിച്ചെങ്കിലും ആഇശ (റ) വഴങ്ങിയില്ല. ഇതര സഹാബികള്‍ ശുപാര്‍ഷ ചെയ്തപ്പോള്‍ അരുളി: ഞാന്‍ നേര്‍ച്ച നേര്‍ന്നുപോയി. നേര്‍ച്ച പൂര്‍ത്തീകരിക്കാതിരിക്കുന്നത് വളരെ കഠിനമാണ്! അവര്‍ വീണ്ടും ശുപാര്‍ഷ തുടര്‍ന്നപ്പോള്‍ ആഇശ (റ) മാപ്പാക്കുകയും ശപഥം പൊളിച്ചതിന്‍റെ പരിഹാരമെന്നോണം നാല്‍പ്പത് അടിമകളെ മോചിപ്പിക്കുകയും എന്നിട്ടും അത് ഓര്‍ക്കുമ്പോഴെല്ലാം വല്ലാതെ കരഞ്ഞിരുന്നു. (ബുഖാരി 6073). 
നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.! പഠിക്കുക, പകര്‍ത്തുക.! മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്. നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് സ്വഹാബയുടെ വാട്സ്അപ് ഗ്രൂപ്പ്, ഫേസ്ബുക്, ബ്ലോഗ് എന്നിവയില്‍ അംഗമാകുകയോ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമിയുമായുമായി ബന്ധപ്പെടുന്നതിന്, അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് 
ബന്ധപ്പെടുക: +91 9961955826
എല്ലാ ഗ്രൂപ്പിലേക്കും ഷെയര്‍ ചെയ്യുമല്ലോ.? 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...