മാനവ സാഹോദര്യവും,
പ്രവാചക ദര്‍ശനങ്ങളും.
-മൗലാനാ ഷൗകത്ത് അലി ഖാസിമി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/07/blog-post_16.html?spref=bl
റസൂലുല്ലാഹി (സ) തിരുവചനങ്ങളിലൂടെയും ജീവിത മാതൃകകളിലൂടെയും പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു മഹല്‍ഗുണമാണ് മാനവ സാഹോദര്യം. പരസ്പരം നന്മകള്‍ ആഗ്രഹിച്ചുകൊണ്ട് വിട്ടുവീഴ്ചയോടെ എല്ലാവരും ജീവിക്കണമെന്ന് റസൂലുല്ലാഹി (സ) പഠിപ്പിക്കുന്നു. ഇവിടെ ഏതാനും തിരുവചനങ്ങള്‍ ഉദ്ധരിക്കുന്നു.
1) റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യം മറ്റുജനങ്ങള്‍ക്കും ഇഷ്ടപ്പെടുക. നിങ്ങള്‍ക്ക് അനിഷ്ടകരമായ കാര്യം മറ്റുള്ളവര്‍ക്കും അനിഷ്ടകരമായി കാണുക. (തര്‍ഗീബ് 3/48).
2) അബൂദര്‍റ് (റ) നിവേദനം റസൂലുല്ലാഹി (സ) എന്നോട് അരുളി: എവിടെയായിരുന്നാലും പടച്ചവനെ ഭയക്കുക. തിന്മ സംഭവിച്ചാല്‍ ഉടനടി നന്മ ചെയ്യുക. എല്ലാ ജനങ്ങളോടും ഉത്തമ സ്വഭാവത്തില്‍ വര്‍ത്തിക്കുക. (തിര്‍മിദി 1987). ഈ ഹദീസിലെ എല്ലാ ജനങ്ങള്‍ എന്നതില്‍ മുസ്ലിംകളും അമുസ്ലിംകളും പെടുന്നതാണ്. സല്‍സ്വഭാവമെന്നാല്‍ മനസ്സാ വാചാ കര്‍മ്മണാ മൂന്ന് രീതിയിലും ഉള്ളതാണ്.
3) ആഇശാ (റ) നിവേദനം, റസൂലുല്ലാഹി (സ) അരുളി: അല്ലാഹു കാരുണ്യവും മയവും ഉള്ളവനാണ്. അല്ലാഹു മയം ഇഷ്ടപ്പെടുന്നു. കടുപ്പത്തിനും മറ്റുള്ളവയ്ക്കും നല്‍കാത്ത പ്രതിഫലം മയത്തിന് നല്‍കുന്നതാണ്. മറ്റൊരു രിവായത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ആഇശാ മയവും മാന്യതയും മുറുകെ പിടിക്കുക. കടുപ്പവും മ്ലേഛവും വര്‍ജ്ജിക്കുക. മയമുള്ള കാര്യങ്ങളെ അത് സുന്ദരമാക്കുന്നതാണ്. മയമില്ലാത്ത കാര്യങ്ങള്‍ വികൃതമായിപ്പോകും.(മിശ്കാത്ത് പുറം 431).
4) അനസ് (റ) നിവേദനം റസൂലുല്ലാഹി (സ) ഞങ്ങള്‍ ജിഹാദിന് പുറപ്പെട്ടപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു: അല്ലാഹുവിന്‍റെ നാമത്തില്‍ അവനോട് സഹായം ചോദിച്ചുകൊണ്ട് പുറപ്പെടുക. പ്രവാചക സരണിയില്‍ ഉറച്ച് നില്‍ക്കുക. വൃദ്ധന്‍, കുട്ടി, പ്രായപൂര്‍ത്തിയാകാത്തവന്‍, സ്ത്രീ എന്നിവരെ വധിക്കരുത്. സമ്പത്തില്‍ വഞ്ചന കാട്ടരുത്. ലഭിക്കുന്ന സമ്പത്ത് ഒരുമിച്ചുകൂട്ടുക. പരസ്പരം ഇടപാടുകള്‍ ശരിയാക്കുക. സല്‍സ്വഭാവത്തില്‍ വര്‍ത്തിക്കുക. നല്ലനിലയില്‍ വര്‍ത്തിക്കുന്നവരെ പടച്ചവന് ഇഷ്ടമാണ്. (ഫത്ഹുല്‍ ഖദീര്‍ 4/436). ഇരുലോക നായകന്‍ റസൂലുല്ലാഹി (സ) ശത്രുക്കള്‍ക്കെതിരില്‍ പുറപ്പെട്ട സഹാബത്തിനോട് നടത്തിയ ഉപദേശങ്ങള്‍ ആണ് ഇവ. ശത്രുക്കളോട് പോലും നീതിയും ന്യായവും പുലര്‍ത്തണമെന്നും അക്രമവും അനീതിയും കാട്ടരുതെന്ന് റസൂലുല്ലാഹി (സ) ശക്തിയുക്തം ഉപദേശിച്ചിരിക്കുന്നു.
5) റസൂലുല്ലാഹി (സ) അരുളി: അറിയുക: മുസ്ലിംകളുമായി കരാറില്‍ കഴിയുന്ന അമുസ്ലിമിനോട് ആരെങ്കിലും അക്രമം കാട്ടുകയോ അവകാശ ധ്വംസനം നടത്തുകയോ കഴിവിനേക്കാള്‍ കൂടുതല്‍ ഭാരം ചുമത്തുകയോ മാനസിക തൃപ്തിയില്ലാതെ വല്ലതും എടുക്കുകയോ ചെയ്താല്‍ ഖിയാമത്ത് ദിനം ഞാന്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും വാദം നടത്തുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍ 2/270).
6) കാരുണ്യദൂതന്‍ റസൂലുല്ലാഹി (സ) അരുളി: കരാറില്‍ കഴിയുന്ന അമുസ്ലിമിനെ വധിക്കുന്നവന്‍ സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധപോലും മണക്കുന്നതല്ല. സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം നാല്‍പ്പത് വര്‍ഷത്തിന്‍റെ വഴിദൂരത്ത് നിന്ന് അനുഭവപ്പെടുന്നതാണ്. ( ബുഖാരി).
7) അലിയ്യ് (റ) നിവേദനം: വിശ്വനായകന്‍ റസൂലുല്ലാഹി (സ) അരുളി: കരാറുകാരന്‍റെയോ മറ്റ് ആരുടെയെങ്കിലുമോ മേല്‍ അക്രമം നടത്തുന്നതിന് എന്‍റെ രക്ഷിതാവ് തടഞ്ഞിരിക്കുന്നു. (മുസ്തദറക്).
8) റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ജിഹാദിന് പുറപ്പെടുമ്പോള്‍ ചില ജനങ്ങള്‍ സമ്പത്തിന്‍റെയും സന്താനത്തിന്‍റെയും സുരക്ഷിതത്വത്തിന് നിങ്ങളുമായി സന്ധിയിലാകും. എന്നാല്‍ സന്ധിസമയത്ത് നിങ്ങള്‍ തീരുമാനിച്ച സമ്പത്തല്ലാതെ മറ്റൊന്നും അവരില്‍ നിന്നും വാങ്ങാന്‍ പാടില്ല. (അബൂദാവൂദ്).
9) അസ്മാഅ് ബിന്‍ത് അബീബക്ര്‍ (റ) വിവരിക്കുന്നു: ബഹുദൈവാരധകരായ എന്‍റെ മാതാവ് എന്നെ കാണാന്‍ വന്നു. ഞാന്‍ റസൂലുല്ലാഹി (സ) യോട് ചോദിച്ചു: അവരോട് നല്ലനിലയില്‍ വര്‍ത്തിക്കാമോ? റസൂലുല്ലാഹി (സ) അരുളി: തീര്‍ച്ചയായും മാതാവിനോട് നല്ലനിലയില്‍ പെരുമാറുക (ബുഖാരി).
10) റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവില്‍ സത്യം അവന്‍ യഥാര്‍ത്ഥ വിശ്വാസി അല്ല, അല്ലാഹുവില്‍ സത്യം അവന്‍ യഥാര്‍ത്ഥ വിശ്വാസി അല്ല, അല്ലാഹുവില്‍ സത്യം അവന്‍ യഥാര്‍ത്ഥ വിശ്വാസി അല്ല. ചോദിക്കപ്പെട്ടു ആരാണ്? റസൂലുല്ലാഹി (സ) അരുളി: ആരുടെ അയല്‍വാസി അവന്‍റെ ഉപദ്രവത്തില്‍ നിന്നും സുരക്ഷിതമല്ലെയോ അവന്‍ (മിഷ്കാത്ത് 422).
അയല്‍വാസി മുസ്ലിമാകട്ടെ അമുസ്ലിമാകട്ടെ അയല്‍വാസി എന്ന നിലയില്‍ വലിയ കടമയും ബന്ധവും ഉള്ളവരാണ്. റസൂലുല്ലാഹി(സ) അരുളി: അയല്‍വാസിയുടെ രക്തം നമ്മുടെ രക്തം പോലെയും അവരുടെ സമ്പത്ത് നമ്മുടെ സമ്പത്തുപോലെയുമാണ്. (നസ്ബുര്‍റായ 4/369).
റസൂലുല്ലാഹി (സ) സര്‍വ്വലോകങ്ങള്‍ക്കും അനുഗ്രഹമാണെന്ന് അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു. വേറെ ഒരു പ്രവാചകനെക്കുറിച്ചും ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോകാനുഗ്രഹി എന്നാല്‍ ലോകത്തിന് അനുഗ്രഹം മാത്രം ഉണ്ടായിട്ടുള്ള വ്യക്തിത്വമായിരിക്കണം. അതെ, അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ജീവിതം മുഴുവനും ലോകത്തിന്‍റെയും മാലോകരുടെയും ശാന്തിക്കും സമാധാനത്തിനും വിജയത്തിനും പുരോഗതിക്കും ചിലവഴിച്ചു. കാരുണ്യവാനായ പടച്ചവനുമായി ജനങ്ങളെ ബന്ധിപ്പിച്ചു. ദാരിദ്ര്യം, സമ്പന്നത, യുവത്വം, വാര്‍ദ്ധക്യം, സമാധാനം, പോരാട്ടം, സുഖം, ദു:ഖം തുടങ്ങി സര്‍വ്വസന്ദര്‍ഭങ്ങളിലും മാനവ മഹത്വം ഉയര്‍ത്തിപ്പിടിച്ചു. റസൂലുല്ലാഹി (സ) വന്യമൃഗങ്ങളെ മയക്കി. ചെന്നായ്കളെ മെരുക്കി. കൊള്ളക്കാരെ വഴികാട്ടികളാക്കി. അടിമകളെ അധികാരികളാക്കി. രാജാക്കന്മാരെ സഹോദരനാക്കി. സര്‍വ്വമനുഷ്യരെയും സാഹോദര്യത്തില്‍ ബന്ധിപ്പിച്ചു. ശത്രുക്കള്‍ക്ക് സമാധാനം നല്‍കി. അമുസ്ലിംകളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും മഹത്വം കല്‍പ്പിച്ചു. മുഴുവന്‍ മനുഷ്യര്‍ക്കും മാനവ സാമുദായിക നിയമ സാമ്പത്തിക സമത്വം പഠിപ്പിച്ചു. യഹൂദികള്‍, ക്രൈസ്തവര്‍, ബഹുദൈവാരാധകര്‍, കപട വിശ്വാസികള്‍ തുടങ്ങി എല്ലാ എതിരാളികളോടും അതുല്യമായ നീതിയും ന്യായവും പുലര്‍ത്തി. സമ്പന്നന്‍, ദരിദ്രന്‍ മുതലായ സര്‍വ്വ വിഭാഗങ്ങള്‍ക്കും ഇടയില്‍ സ്നേഹാദരവുകളും സഹാനുഭൂതികളും പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു.
ലോകാനുഗ്രഹി റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത ജീവിതം മുഴുവനും വിട്ടുവീഴ്ചയുടേയും സമത്വത്തിന്‍റെയും സഹാനുഭൂതിയുടേയും മാപ്പിന്‍റെയും കാരുണ്യത്തിന്‍റെയും മാതൃകകള്‍ നിറഞ്ഞതാണ്. പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതും ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കുന്നതും റസൂലുല്ലാഹി (സ)ക്ക് വളരെ പ്രിയപ്പെട്ട കാര്യങ്ങളായിരുന്നു. ജന സേവനം പ്രബോധനത്തിന്‍റെ പാത ഒരുക്കിത്തരുന്നത് അടഞ്ഞ മനസ്സുകളുടെ കവാടം തുറക്കുന്നതുമാണ്. പ്രവാചകത്വത്തിന് മുമ്പ് തന്നെ ജന സേവന പ്രവര്‍ത്തനങ്ങള്‍ അല്ലാഹു റസൂലുല്ലാഹി (സ) പരിശീലിപ്പിച്ചിരുന്നു.
വിശ്വനായകന്‍ റസൂലുല്ലാഹി (സ) എല്ലാ ബന്ധങ്ങളെയും പ്രത്യേകം പരിഗണിച്ചു. എല്ലാവരുടെയും സ്ഥാനങ്ങള്‍ക്ക അനുസരിച്ച് വര്‍ത്തിച്ചു. കടമകള്‍ നിര്‍വഹിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി. വിധവകളെയും, അനാഥ അഗതികളേയും കാര്യമായി സഹായിച്ചു. മര്‍ദ്ദിതരേയും കഷ്ടപ്പെടുന്നവരേയും തൊഴിലാളികളെയും ആശ്വസിപ്പിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. പ്രവാചകത്വത്തിന് മുമ്പ് തന്നെ മക്കയില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും അതിയായി ആഗ്രഹിക്കുകയും അതിനുള്ള പരിശ്രമങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു. പ്രവാചകത്വ ലബ്ദിയോട് അനുബന്ധിച്ച്റസൂലുല്ലാഹി (സ)ക്ക് അല്‍പ്പം അസ്വസ്ഥതയുണ്ടായപ്പോള്‍ പ്രിയപ്പെട്ട പത്നി അളന്ന് മുറിച്ച് ആശ്വസിപ്പിക്കാന്‍ ഉപയോഗിച്ച സാക്ഷ്യങ്ങള്‍ ഇവയാണ്: അല്ലാഹുവില്‍ സത്യം പടച്ചവന്‍ താങ്കളെ ഒരിക്കലും നിസ്സഹായനായി ഉപേക്ഷിക്കുന്നതല്ല. താങ്കള്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നു. നിസ്സഹായരെ സഹായിക്കുന്നു. അഥിതികളെ സല്‍കരിക്കുന്നു. കാലവിപത്തുകളില്‍ അകപ്പെട്ടവരെ ആശ്വസിപ്പിക്കുന്നു.! പ്രവാചകത്വത്തിന് ശേഷം ഈ അവസ്ഥകളില്‍ പ്രകാശത്തിന്‍മേല്‍ പ്രകാശം സംജാതമായി.
ലോകനായകന്‍ റസൂലുല്ലാഹി (സ)യുടെ വിയോഗത്തിന് മുമ്പ് ലോകത്തിന്‍റെ വിശിഷ്യാ മക്കയിലെ അവസ്ഥ വളരെയധികം പ്രശ്നം സങ്കീര്‍ണ്ണമായിരുന്നു. വഴക്കും യുദ്ധവും കൊള്ളയും കൊലയും അക്രമ അനീതികളും വ്യാപകമായിരുന്നു. ഇതിനിടയില്‍ സുബൈരി എന്നൊരു കച്ചവടക്കാരന്‍ മക്കിയല്‍ വന്നു. ഖുറൈഷി നേതാവ് ആസുബിനു വാഇല്‍ അദ്ദേഹത്തില്‍ നിന്നും വാങ്ങി പണം പൂര്‍ണ്ണമായും കൊടുത്തില്ല.സുബൈരി മക്കക്കാര്‍ക്കിടയില്‍ ഇതിനെ കുറിച്ച് പരാതി പറയുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഏതാനുമാളുകള്‍ക്ക് കരുണ തോന്നുകയും അബ്ദുല്ലാഹിബ്നു ജദ്ആന്‍റെ വീട്ടില്‍ കൂടി അക്രമം തടയുകയും മര്‍ദ്ദിതരെ സഹായിക്കുമെന്ന് ശപഥം ചെയ്തു. റസൂലുല്ലഹി (സ) ഈ ശപഥത്തില്‍ താത്പര്യത്തോടെ പങ്കെടുത്തു.പ്രവാചകത്വത്തിന് ശേഷം റസൂലുല്ലഹി (സ) അരുളി: ഇന്നും ആരെങ്കിലും ഇത്തരം ശപഥം നടത്തിയാല്‍ അതില്‍ ഒന്നാമനായി ഞാന്‍ പങ്കെടുക്കുന്നതാണ്. (ഇബ്നു കസീര്‍ 1/458)
മക്കയില്‍ നിന്നും പാലായനം ചെയ്ത് മദീനയിലെത്തിയ റസൂലുല്ലഹി (സ) രാഷ്ട്രീയ സ്ഥിരതക്കും നാഗരിക സാമൂഹിക ഭദ്രതക്കും ഐതിഹാസികമായ ഒരു കരാര്‍ നടത്തി. മുസ്ലിംകളുടേയും മദീനയിലെ മുഴുവന്‍ ജന വിഭാഗങ്ങളുടേയും മത രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങള്‍ അതില്‍ പരിഗണിക്കുകയും നൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുകയും പരസ്പരം സഹായ സഹകരണങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്യുകയുണ്ടായി.(വിവരണത്തിന് ഇസ്ലാമും അമുസ്ലിംകളും തമ്മിലുള്ള കരാര്‍-അല്ലാമ സയ്യിദ് അന്‍വര്‍ഷാഹ് കഷ്മീരി).
ഇസ്ലാമില്‍ ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും ആരാധന അനുഷ്ഠാനങ്ങള്‍ക്കും വലിയ സ്ഥാനമാണ്. വിശിഷ്യാ അടിസ്ഥാനപരമായ കാര്യങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും മുസ്ലീങ്ങള്‍ തയ്യാറാകുന്നതല്ല. എന്നാല്‍ ഇതിന്‍റെ അര്‍ത്ഥം അമുസ്ലിം സഹോദരങ്ങളോടും അവരുടെ മത കാര്യങ്ങളോടും നിന്ദ്യമായ സമീപനം സ്വീകരിക്കണം എന്നുമല്ല.അമുസ്ലിംകളുമായിട്ടുള്ള നല്ല ബന്ധം ഇസ്ലാമിന്‍റെ അടിസ്ഥാന വീക്ഷണങ്ങളില്‍ പെട്ടതാണ്. വിവരമില്ലാത്ത അമുസ്ലിംകളുടെ തെറ്റു കുറ്റങ്ങളും അക്രമങ്ങള്‍ പോലും റസൂലുല്ലഹി (സ) മാപ്പാക്കുകയും വിട്ടുവീഴ്ച പുലര്‍ത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് ധാരാളം സംഭവങ്ങളുണ്ട്. ചിലത് ഇവിടെ ഉദ്ധരിക്കുന്നു.
1, ലോകാനുഗ്രഹി റസൂലുല്ലഹി (സ) ജനങ്ങളുടെ നന്മ ആഗ്രഹിച്ച് കൊണ്ട് സത്യ സന്ദേശവുമായി ത്വാഇഫിലേക്ക് ത്യാഗത്തോടെ യാത്ര ചെയ്തു എന്നാല്‍ ത്വാഇഫിലെ നേതാക്കളും പൊതു ജനങ്ങളും വളരെ മോശമായി നിലയില്‍ പ്രതികരിച്ചു. അവരെ നശിപ്പിക്കട്ടെ എന്ന് മലക്ക് ചോദിച്ചപ്പോള്‍ റസൂലുല്ലഹി (സ) അരുളി: ഇവര്‍ സന്മാര്‍ഗ്ഗം സീകരിച്ചില്ലങ്കിലും ഇവരുടെ സന്താന പരമ്പരകളില്‍ ആരെങ്കിലും സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ട്.! (ശിഫാഅ്-ഖാസി ഇയാസ്) 2, ഹിജ്റ ആറാം വര്‍ഷം റസൂലുല്ലഹി (സ) 1400 സ്വഹാബികളോടൊപ്പം ഉംറക്ക് മക്കയിലേക്ക് യാത്രയായി. ശത്രുക്കള്‍ തടഞ്ഞു. തുടര്‍ന്ന് സന്ധി സംഭാഷണം നടത്തുകയും പത്ത് വര്‍ഷത്തേക്ക് യുദ്ധ രഹിത ഉടമ്പടിയില്‍ഒപ്പിടുകയും ചെയ്തു. എന്നാല്‍ അതിലെ നിബന്ധനകള്‍ മിക്കതും ഏകപക്ഷീയവും കടുപ്പവുമായിരുന്നു. ഉദാഹരണത്തിന് മുസ്ലിംകള്‍ ഇപ്രാവശ്യം മടങ്ങി പോകണം. അടുത്ത വര്‍ഷം വേണമെങ്കില്‍ വരാം പക്ഷെ 3 ദിവസം മാത്രമേ താമസിക്കാവൂ.... റസൂലുല്ലഹി (സ) ഇതെല്ലാം സ്വീകരിച്ചു. സന്ധിപത്രത്തില്‍ മുഹമ്മദ് റസൂലുല്ലാഹ് എന്ന് എഴുതിയപ്പോള്‍ അവര്‍ പറഞ്ഞു: ഇത് പറ്റില്ല. മുഹമ്മദുബ്നു അബ്ദുല്ലാഹ് എന്ന് എഴുതുകഅതിന് തയ്യാറായില്ല.റസൂലുല്ലഹി (സ) അത് മായിച്ച് തിരുത്തി എഴുതുകയുണ്ടായി കരാറിന്‍റെ നിബന്ധനകള്‍ മുഴുവന്‍ പാലിക്കുകയും ചെയ്തു. മറ്റുള്ളവരുടെ താത്പര്യങ്ങള്‍ പരിഗണിക്കുകയും വിശാല മനസ്കത പുലര്‍ത്തുകയും ചെയ്യുന്നതില്‍ ഇതിന് തുല്യമായ ഒരു ചരിത്ര മറ്റെവിടയും കാണാന്‍ കഴിയില്ല. 3, അബൂഹുറയ്റ (റ) വിവരിക്കുന്നു: യമനിലെ ബനൂ ഹനീഫ ഗോത്രത്തില്‍ സുമാമ എന്ന ഒരു നേതാവ് ഉണ്ടായിരുന്നു. ഇദ്ദേഹം മുസ്ലിംകളോട് വലിയ അക്രമങ്ങള്‍ കാട്ടുകയും റസൂലുല്ലാഹി (സ) യെ വളരയധികം നിന്ദിക്കുകയും ചെയ്തിരുന്നു. മുസ്ലിം സൈന്യം അദ്ദേഹത്തെ പിടികൂടി മദീനയില്‍ കൊണ്ട് വന്നു.റസൂലുല്ലാഹി (സ) അദ്ദേഹത്തെ ഒരു തൂണില്‍ കെട്ടിയിടാന്‍ കല്‍പ്പിച്ചു.ഇടക്ക് റസൂലുല്ലാഹി (സ) അദ്ദാഹത്തോട് അഭിപ്രായം ചോദിച്ചു. അദ്ദേഹം പറഞ്ഞു: എന്നെ താങ്കള്‍ കൊല്ലുകയാണെങ്കില്‍ ഞാന്‍ കൊലക്ക് അര്‍ഹനാണ്. ഉപകാരം ചെയ്താല്‍ നന്ദി കാണിക്കുകയും ചെയ്യും. മൂന്നാം ദിവസവും ഇതേ ചോദ്യവും മറുപടിയും നടന്നു. തുടര്‍ന്ന് റസൂലുല്ലാഹി (സ) അദ്ദേഹത്തെ അഴിച്ച് വിടാന്‍ കല്‍പ്പിച്ചു. അദ്ദേഹം അടുത്തുള്ള ഒരു തോട്ടത്തില്‍ പോയി കുളിച്ച് വരികയും സത്യ സാക്ഷ്യം ചൊല്ലി ഇസ്ലാം സ്വീകരിക്കുകയുണ്ടായി. തുടര്‍ന്ന് പറഞ്ഞു: എനിക്ക് ഏറ്റവും വെറുപ്പ് താങ്കളോടും താങ്കളുടെ സന്ദേശത്തോടുമായിരുന്നു. ഇന്ന് എനിക്ക് ഏറ്റവും പ്രിയം താങ്കളും താങ്കളുടെ സന്ദേശവുമായിരിക്കുന്നു.! അദ്ദേഹം നാട്ടില്‍ മടങ്ങിപ്പോയി ഖുറൈഷികള്‍ക്ക് ധാന്യം അയക്കുന്നത് നിര്‍ത്തിവെച്ചു.ഖുറൈഷികള്‍ കഷ്ടപ്പെടുകയും റസൂലുല്ലാഹി (സ) യോട് പരാതി പറയുകയും ചെയ്തു.റസൂലുല്ലാഹി (സ) മക്കയിലേക്ക് ധാന്യം അയക്കാന്‍ സുമാമ (റ) ക്ക് കത്തയച്ചു. (ബുഖാരി) 4, ജാബിര്‍ (റ) വിവരിക്കുന്നു: നജ്ദ് ഭാഗത്തേക്കുള്ള യാത്ര കഴിഞ്ഞ് ഞങ്ങള്‍ മടങ്ങിയപ്പോള്‍ ഉച്ച സമയത്ത് പല വൃക്ഷങ്ങള്‍ക്കടിയിലായി ഞങ്ങള്‍ വിശ്രമിക്കാന്‍ കിടന്നു. ഇതിനിടയില്‍ ഒരു ഗ്രാമീണന്‍ വന്ന് റസൂലുല്ലാഹി (സ) യുടെ വാള്‍ ഊരിയെടുത്തു. ഉടനെ റസൂലുല്ലാഹി (സ) ഉണര്‍ന്നു. അദ്ദേഹം ചോദിച്ചു: എന്നില്‍ നിന്നും ആര് രക്ഷിക്കും? റസൂലുല്ലാഹി (സ) അരുളി: അല്ലാഹ്.! ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ കൈയ്യില്‍ നിന്നും വാള്‍ അടിയില്‍ വീണു. റസൂലുല്ലാഹി (സ) അതെടുത്ത് ആരു രക്ഷിക്കുമെന്ന് തിരിച്ച് ചോദിച്ചു: അദ്ദേഹം പറഞ്ഞു: താങ്കള്‍ ഉപകാരം ചെയ്യണം ! റസൂലുല്ലാഹി (സ)അദ്ദേഹത്തെ വിട്ടയച്ചു. (ബുഖാരി) 5, കപട വിശ്വാസികളുടെ നേതാവായിരുന്ന അബ്ദ്ദുല്ലാഹിബിനു ഉബയ്യിനോട് റസൂലുല്ലാഹി (സ) കാണിച്ച സമീപനം ഉദാര മനസ്ഥിതയുടേയും പ്രത്യുപകാരത്തിന്‍റെയും ഉദാത്ത മാതൃകയാണ്. അദ്ദേഹം മരിച്ച ശേഷം ഖബ്റടക്കാന്‍ നേരത്ത് റസൂലുല്ലാഹി (സ) അദ്ദേഹത്തെ മടിയില്‍ കിടത്തുകയും ഉമുനീര് വായില്‍ ഒഴിക്കുകയും തിരുകുപ്പായം ധരിപ്പിക്കുകയും ചെയ്തു. (ബുഖാരി) 6, മക്കാ മുഷ്രിക്കുകള്‍ റസൂലുല്ലാഹി (സ) യെ സര്‍വ്വ വിധത്തിലും ഉപദ്രവിച്ചു. അവസാനം പാലായനം ചെയ്ത് മദീനയില്‍ എത്തിയിട്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്നാല്‍ മക്കാ വിജയ സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി (സ) യുടെ മുന്നില്‍ അവര്‍ പരാജിതരായി വന്നപ്പോള്‍ റസൂലുല്ലാഹി (സ) അവര്‍ക്ക് മാപ്പ് കൊടുത്തു. (വിവരണത്തിന് കാരുണ്യനബിയുടെ കാരുണ്യമാതൃകള്‍) 7, സഈദിബ്ന് മുസയ്യബ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ) ചില യഹൂദി കുടുംബങ്ങള്‍ക്ക് ദാനം ചെയ്തിരുന്നു. വിയോഗത്തിന് ശേഷവും സ്വഹാബികള്‍ ആ ദാനം തുടര്‍ന്നു. (അംവാല്‍.728) 8, സൈദുബ്ന് സഅ്ന മദീനയിലെ ഒരു യഹൂദ പണ്ഡിതനായിരുന്നു. അദ്ദേഹത്തില്‍ നിന്നും റസൂലുല്ലാഹി (സ) കുറച്ച് പണം കടം വാങ്ങി. സമയം ആകുന്നതിന് മുമ്പ് അദ്ദേഹം വന്ന് റസൂലുല്ലാഹി (സ) യെ ആക്ഷേപിക്കുകയും പുതപ്പ് പിടിച്ച് വലിക്കുകയും കുടുംബത്തെ ആക്ഷേപിക്കുകയും ചെയ്തു. ഉമര്‍ (റ) സഹികെട്ട് കടുപ്പത്തില്‍ പ്രതികരിച്ചു. റസൂലുല്ലാഹി (സ) അരുളി: ഉമറേ, നിങ്ങള്‍ ചെയ്യേണ്ടത് ഇതല്ല. എന്നോട് നല്ല നിലയില്‍ കൊടുത്തുവീടാനും ഇദ്ദേഹത്തോട് മാന്യമായി ആവശ്യപ്പെടാനും ഉപദേശിക്കുക. റസൂലുല്ലാഹി (സ) തുടര്‍ന്ന് ഉമര്‍ (റ) നോട് രഹസ്യമായി അദ്ദേഹത്തിന്‍റെ കടം കൊടുത്തുവീട്ടാനും കടുപ്പത്തില്‍ സംസാരിച്ചതിന് പകരം ഇരുപത് സാഅ് കൂടുതല്‍ കൊടുക്കാനും നിര്‍ദ്ദേശിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: അന്ത്യപ്രവാചകന്‍റെ ഗുണങ്ങള്‍ തൗറാത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം റസൂലുല്ലാഹി (സ) യില്‍ ഞാന്‍ കണ്ടെത്തി. എന്നാല്‍ അന്ത്യപ്രവാചകന്‍ വിവരക്കേട് കാണിക്കപ്പെടുന്നതിന് അനുസരിച്ച് സഹനതയും മാപ്പും നല്‍കുന്നവരാണ് എന്ന ഗുണം അനുഭവത്തിലൂടെ അറിയേണ്ടതായിരുന്നു! (ബൈഹഖി). യഹുദികളുടെ വിവിധ വിഭാഗങ്ങള്‍ മദീനയില്‍ താമസിച്ചിരുന്നു. റസൂലുല്ലാഹി (സ) അവരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അങ്ങേ അറ്റം പരിശ്രമിച്ചു. പക്ഷെ അവര്‍ വലിയ ശത്രുതയും ഗൂഡാലോചനകളും അക്രമങ്ങളും നടത്തികൊണ്ടിരുന്നു. നിര്‍ബന്ധിത സാഹചര്യത്തിലൊഴികെ റസൂലുല്ലാഹി (സ) അവര്‍ക്ക് ശിക്ഷകളൊന്നും നല്‍കിയില്ല. അവരുമായി പല തരത്തിലും സഹകരിച്ചിരുന്നു. 9, ക്രൈസ്തവരോടും റസൂലുല്ലാഹി (സ) ഉത്തമവും മാതൃകാ പരവുമായ സമീപനമാണ് സ്വീകരിച്ചത്. നജ്റാനില്‍ നിന്നും വന്ന ക്രൈസ്ഥവ സംഘത്തെ റസൂലുല്ലാഹി (സ) സ്വീകരിക്കുകയും മസ്ജിദില്‍ താമസിപ്പിക്കുകയും ചെയ്തു.പലതരത്തിലുള്ള സംഭാഷണങ്ങള്‍ക്ക് ശേഷം അവരുമായി ഒരു കരാര്‍ നടത്തി. അതിനെ ചില കാര്യങ്ങള്‍ ഇവയാണ്: അവരുടെ ജീവന്‍ സംരക്ഷിക്കപ്പെടും, അവരുടെ ഭൂസ്വത്തും ഇതര സമ്പത്തുകളും അവരുടെ കൈവശം തന്നെയായിരിക്കും, അവരുടെ മത നിയമങ്ങള്‍ ഭേതകതി ചെയ്യുന്നതല്ല, കുരിശ്കളും സ്ത്രീകളും ഉപദ്രവിക്കപ്പെടുന്നതല്ല, അവരെ നിര്‍ബന്ധിച്ച് പട്ടാളക്കാരാക്കുന്നല്ല, അവരുടെ ഉല്‍പന്നങ്ങളുടെ പത്തില്‍ ഒന്ന് വാങ്ങുന്നതല്ല, അവരുടെ നാട്ടില്‍ സൈന്യത്തെ അയക്കുന്നതല്ല, അവരുടെ കേസുകളില്‍ നീതി നടപ്പാക്കപ്പെടും, അവരോട് ഒരു അക്രമവും ഉണ്ടാക്കുന്നതല്ല,അകാരണമായി ആരെയും തടവില്‍ പിടിക്കുന്നതല്ല, (ഫുത്തൂഹുല്‍ ബുല്‍ദാന്‍, ഇതര ഉദ്ധരണികള്‍ക്ക് മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വിയുടെ കാരുണ്യനബിയുടെ കാരുണാ മാതൃകകള്‍ എന്ന രചന പാരായണം ചെയ്യുക)
റസൂലുല്ലാഹി (സ) ക്ക് ശേഷം സച്ചരിത ഖലീഫമാരും ഇതേ മാര്‍ഗ്ഗം സ്വീകരിച്ചു. പ്രഥമ ഖലീഫ അബൂബക്ര്‍ സിദ്ദീഖ്(റ) റസൂലുല്ലാഹി (സ)ക്ക് ശേഷം ആദ്യ സംഘത്തെ യാത്ര അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു: വഞ്ചന കാട്ടരുത്, കരാര്‍ പൊളിക്കരുത്,ലഭിച്ച സംമ്പത്ത് മറച്ച് വെക്കരുത്, മൃത്ദേഹം വികൃതമാക്കരുത്,കുഞ്ഞുങ്ങളേയും വൃദ്ധരേയും സ്ത്രീകളേയും വധിക്കരുത്. വൃക്ഷങ്ങള്‍ മുറിക്കരുത്. ആട്മാട് ഒട്ടകങ്ങളുടെ അനാവശ്യമായി അറുക്കരുത്. (ജവാഹിറുല്‍ ഫിഖ്ഹ്)
രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് (റ)അമുസ്ലിംകളുമായി നടത്തിയ കരാര്‍ പ്രസിദ്ധമാണ്. പില്‍കാലത്തുള്ള മുസ്ലിം ഭരണാധികാരികള്‍ അവയെ മാതൃകയായി സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഖുദ്സ്, ജറൂസലം അമുസ്ലിംകള്‍ക്ക് എഴുതികൊടുത്ത കരാര്‍ പത്രം കാണുക. എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം. അല്ലാഹുവിന്‍റെ ദാസന്‍ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ഖുദ്സ് നിവാസികള്‍ക്ക് എഴുതിക്കൊടുത്ത കരാര്‍ പത്രമാണിത്. അവരുടെ ജീവനും സമ്പത്തും ആരാധനലായങ്ങളും കുരിശുകളും സംരക്ഷിക്കപ്പെടുന്നതാണ്. എല്ലാ അവസ്ഥയിലും മുഴുവന്‍ മതവിശ്വാസികള്‍ക്കും സംരക്ഷണം നല്‍കുന്നതാണ്. അവരുടെ ആരാധാനാലയങ്ങളില്‍ ആരും അധിക്രമിച്ച് കടക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നതല്ല. അവരുടെ സാധനങ്ങളിലും കുരിശുകളിലും കുറവ് വരുത്തുന്നതല്ല. അവരുടെ മതത്തില്‍ കൈകടത്തപ്പെടുന്നതല്ല. ആരെയും ഉപദ്രവിക്കപ്പെടുന്നതുമല്ല. (തബ്രി 3/609)
ഉമറുല്‍ ഫാറൂഖ് (റ) നേരിട്ട് തന്നെ അമുസ്ലിംകളുടെ കാര്യങ്ങള്‍ക്ക് മേല്‍ നോട്ടം വഹിച്ചിരുന്നു. ഒരിക്കല്‍ ബസറയില്‍ നിന്നും ഒരു സംഘം വന്നു. ഉമര്‍ (റ) ചോദിച്ചു: അവിടയുള്ള അമുസ്ലിം പൗരന്‍മാര്‍ക്ക് വല്ല ബുദ്ധിമുട്ടുകളുമുണ്ടോ. സംഘത്തിലെ അംഗങ്ങള്‍ പറഞ്ഞു: ഇല്ല ഞങ്ങളുടെ അറിവില്‍ പെട്ട കടമകള്‍ ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് (ത്വബ്രി 4/218) ഒരിക്കല്‍ ഉമര്‍ (റ) യാചിച്ച് കൊണ്ടിരുന്ന ഒരു യഹൂദ വൃദ്ധയുടെ അരികിലൂടെ പോയപ്പോള്‍ അവരെ കൂട്ടികൊണ്ട് വീട്ടിലേക്ക പോയി വീട്ടില്‍ നിന്നും കുറച്ച് പണം നല്‍കി ബൈത്തുല്‍ മാലിന്‍റെ മേല്‍നോട്ടക്കാരനോട് പറഞ്ഞു: ഇത്തരം ആളുകളെ പ്രത്യേകം പരിഗണിക്കേണ്ടതാണ്. ജനങ്ങള്‍ ഇവരുടെ യുവത്വം പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുമെങ്കിലും വാര്‍ദ്ധക്യത്തില്‍ നിസ്സഹായരായി വിട്ടുകളയുന്നതാണ്. ഇത് നമ്മുടെ രീതിയല്ല. തുടര്‍ന്ന് ഉമര്‍ (റ) അമുസ്ലിം വൃദ്ധന്‍മാരില്‍ നിന്നും ജിസ്യ (കപ്പം) വാങ്ങുന്നത് നിര്‍ത്തുകയും ബൈത്തുല്‍ മാലില്‍ നിന്നും അവര്‍ക്ക് പ്രതിമാസം സഹായം നല്‍കാന്‍ കല്‍പ്പിക്കുകയും ചെയ്തു. (കിത്താബുല്‍ ഖറാജ് 259) രക്ത സാക്ഷ്യത്തിന് തൊട്ടുമുമ്പ് ഉമര്‍ (റ) അടുത്ത ഖലീഫക്ക് ചില വസിയ്യത്തുകള്‍ നല്‍കി. അതില്‍ ഇപ്രകാരം ഉണ്ടായിരുന്നു: അമുസ്ലിംകളോട് നല്ല നിലയില്‍ വര്‍ത്തക്കണമെന്ന് എനിക്ക് ശേഷം വരുന്ന ഖലീഫയോട് ഞാന്‍ വസിയ്യത്ത് ചെയ്യുന്നു. ഇക്കാര്യം അല്ലാഹുവും ദൂദനും നമ്മെ ഉണര്‍ത്തിയിരിക്കുന്നുഅവരോടുള്ള കരാറുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. അവരുമായി വല്ല പ്രശ്നവുമുണ്ടായാല്‍ തികഞ്ഞ സൂക്ഷമത പുലര്‍ത്തേണ്ടതുമാണ്. (ഇസ്ലാം ഔര്‍ സിയാസി നസരിയ്യാത്ത് 307)
അലിയ്യ് (റ) ഖലീഫയായിരിക്കവേ ഒരു അമുസ്ലിമിന്‍റെ വിഷയത്തില്‍ ഖാസി ശുറൈഹ് അലിയ്യ് (റ)ന് എതിരില്‍ വിധി പ്രഖ്യാപിക്കുകയുണ്ടായി. അലിയ്യ് (റ) ന്‍റെ ഒരു പടച്ചട്ട കാണതെപോയി പിന്നീട് അത് പോലുള്ള ഒരു പടച്ചട്ട ഒരു യഹൂദി വില്‍ക്കാന്‍ പരിശ്രമിക്കുന്നതായി കണ്ടു. അലിയ്യ് (റ) ഇത് എന്‍റേതാണെന്ന് വാദിച്ചു യഹൂദി നിഷേദിച്ചു. കേസ് കോടതിയിലെത്തി. ഖാസി തെളിവ് ആവശ്യപ്പെട്ടു.അലിയ്യ് (റ) ഖുന്‍ബുര്‍ എന്ന ശിശ്യനേയും മകനേയും സാക്ഷി നിര്‍ത്തി. പിതാവിന് അനുകൂലമായി മകന്‍റെ സാക്ഷ്യം സ്വീകരിക്കപ്പെടുന്നതല്ല എന്ന് പറഞ്ഞ് കൊണ്ട് ഖാസി അലിയ്യ് (റ) ന് എതിരായി വിധിച്ചു. (ഇസ്ലാം ഔര്‍ സിയാസി നസരിയ്യാത്ത് 193)
നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.! പഠിക്കുക, പകര്‍ത്തുക.! മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്. നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് സ്വഹാബയുടെ വാട്സ്അപ് ഗ്രൂപ്പ്, ഫേസ്ബുക്, ബ്ലോഗ് എന്നിവയില്‍ അംഗമാകുകയോ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമിയുമായുമായി ബന്ധപ്പെടുന്നതിന്, അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക്
ബന്ധപ്പെടുക: +91 9961955826
എല്ലാ ഗ്രൂപ്പിലേക്കും ഷെയര്‍ ചെയ്യുമല്ലോ.?
No comments:
Post a Comment