Monday, July 20, 2020

മൗലാനാ മുഹമ്മദ് സല്‍മാന്‍ മളാഹിരി സഹാറന്‍പൂര്‍

ഇന്നാലില്ലാഹ് 

 ഇന്ത്യയിലെ പ്രഗത്ഭ പണ്ഡിതനും സഹാറന്‍പൂര്‍ മളാഹിറുല്‍ ഉലൂമിലെ പ്രിന്‍സിപ്പാളും ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ മകളുടെ ഭര്‍ത്താവും മൗലാനാ സഅദ് കാന്ദലവി അവര്‍കളുടെ ഭാര്യാപിതാവുമായ മൗലാനാ മുഹമ്മദ് സല്‍മാന്‍ മളാഹിരി  (20-07-2020) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
(2020 ജൂലൈ 20 തിങ്കള്‍) 
https://swahabainfo.blogspot.com/2020/07/blog-post_20.html?spref=bl 
1386-ലാണ് ദൗറത്തുല്‍ ഹദീസ് പഠിച്ചത്. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ മുന്നില്‍ ബുഖാരിയുടെ ഇബാറത്ത് കൂടുതലും ഇദ്ദേഹമാണ് വായിച്ചത്. 1387-ല്‍ ദറസ് ആരംഭിച്ചു. 1396-ല്‍ ഹദീസിന്‍റെ ഉസ്താദുമാരുടെ പരമ്പരയില്‍ ചേര്‍ന്നു. ശൈഖുല്‍ ഹദീസിന്‍റെ അറബി രചനകളുടെ ക്രോഢീകരണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശൈഖുല്‍ ഹദീസിന്‍റെ ഇഅ്തികാഫ് വേളകളില്‍ പ്രധാനമായും പരിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുന്നത് മുഹമ്മദ് സല്‍മാന്‍ മളാഹിരി മൗലാനായായിരുന്നു. മൗലാനായുടെ പാരായണം അതി സുന്ദരവും വേഗതയുള്ളതും സുവ്യക്തമായതുമായിരുന്നു. പടച്ചവന്‍ മര്‍ഹമത്ത്-മഗ്ഫിറത്തുകള്‍ നല്‍കട്ടെ.! 
മൗലാനായുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മൗലാനയ്ക്ക്  നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മൗലാനായുടെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! മൗലാനായുടെ സേവനങ്ങള്‍ നീ സ്വീകരിക്കേണമേ.! 

ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ അനുഗ്രഹീത കുടുംബം.! 
ശൈഖ് അവര്‍കളുടെ വിയോഗനേരത്ത് രണ്ടാമത്തെ ഭാര്യയും ആറ് മക്കളും ജീവിച്ചിരിപ്പുണ്ടായിരുന്നു. ആദ്യ ഭാര്യയുടെ വിയോഗാനന്തരമാണ് രണ്ടാമത്തെ വിവാഹം നടത്തിയത്. ഇരുവരും ശൈഖിന്‍റെ സഹവാസം കാരണം വളരെ മഹത്വം നേടുകയും ശൈഖിന്‍റെ സേവനങ്ങള്‍ വളരെ സന്തോഷത്തോടെ നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. ശൈഖിന്‍റെ വിയോഗനേരം ജീവിച്ചിരുന്ന മക്കളുടെ ചെറുവിവരണം താഴെ കൊടുക്കുന്നു: 
ഒന്ന്, മൗലാനാ ഇന്‍ആമുല്‍ ഹസന്‍ സാഹിബിന്‍റെ സഹധര്‍മ്മിണിയാണ്. ഇവര്‍ 1338 ദുല്‍ ഹജ്ജ് (1920 സെപ്റ്റംബര്‍) മാസത്തില്‍ ജനിച്ചു. ഇവരുടെ ജനനസമയം ശൈഖ്, അല്ലാമാ സഹാറന്‍പൂരിയോടൊപ്പം ഹിജാസിലായിരുന്നു. 1354 മുഹര്‍റം 3 (1935 ഏപ്രില്‍ 07) ഇവരുടെ വിവാഹം നടന്നു. മൗലാനാ സുബൈറുല്‍ ഹസന്‍ ഇവരുടെ മകനാണ്. 
രണ്ട്, മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്‍റെ സഹധര്‍മ്മിണി. ഇവര്‍ 1347-ല്‍ ജനിച്ചു. 1365 ജമാദുല്‍ അവ്വല്‍ 19-ന് മൗലാനാ സഈദുര്‍റഹ്മാന്‍ കാന്ദലവിയുമായി ഇവരുടെ വിവാഹം നടന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മൗലാനാ സഈദുര്‍റഹ്മാന്‍ വഫാത്തായി. ശേഷം 1369 റബീഉല്‍ ആഖിര്‍ 19 (1950 ഫെബ്രുവരി 8) ന് മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് വിവാഹം കഴിച്ചു. ഇതില്‍ അവര്‍ക്ക് മക്കളൊന്നുമില്ല. 
മൂന്ന്, മൗലാനാ ഹകീം മുഹമ്മദ് ഇല്‍യാസ് സാഹിബിന്‍റെ സഹധര്‍മ്മിണി. ഇവര്‍ ഹിജ്രി 1352 ദുല്‍ ഖഅദ് 9-ന് ജനിച്ചു. 1369 റബീഉല്‍ ആഖിര്‍ 19-ന് വിവാഹം നടന്നു. ശൈഖുല്‍ ഇസ്ലാം ഹസ്രത്ത് മദനിയാണ് നികാഹ് ചെയ്തുകൊടുത്തത്. മൗലാനാ മുഹമ്മദ് ശാഹിദ്, ഹാഫിസ് മുഹമ്മദ് റാഷിദ്, ഹാഫിസ് മുഹമ്മദ് സുഹൈല്‍, ഹാഫിസ് മുഹമ്മദ് സാജിദ് എന്നിവരുടെ മാതാവാണ്. 
നാല്, മൗലാനാ മുഹമ്മദ് ത്വല്‍ഹ. ശൈഖിന്‍റെ രണ്ടാം ഭാര്യയിലൂടെ ജനിച്ച മകനാണ്. 1360 ജമാദുല്‍ അവ്വല്‍ 3 (1941 മെയ് 28) ന് ജനിച്ചു. ആദ്യം ഖുര്‍ആന്‍ ഹിഫ്സ് ചെയ്തു. 1375 റജബ് 16 ന് മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരിയുടെ സദസ്സില്‍ വെച്ചാണ് ഹിഫ്സ് പൂര്‍ത്തീകരിച്ചത്. 1376 ജമാദുല്‍ അവ്വല്‍ 2-ന് സഹാറന്‍പൂരില്‍ ഫാരിസീ പഠനം ആരംഭിച്ചു. 1376 ശവ്വാലില്‍ നിസാമുദ്ദീനിലെ മദ്റസ കാശിഫുല്‍ ഉലൂമില്‍ അറബി പഠനം തുടങ്ങി. 1381-ല്‍ മളാഹിര്‍ ഉലൂമില്‍ പ്രവേശിക്കുകയും 1383-ല്‍ കാശിഫുല്‍ ഉലൂമില്‍ ദൗറത്തുല്‍ ഹദീസ് പഠിക്കുകയും ചെയ്തു. മൗലാനാ ഇന്‍ആമുല്‍ ഹസന്‍, മൗലാനാ മുഹമ്മദ് യൂസുഫ്, മൗലാനാ ഉബൈദുല്ലാഹ്, മൗലാനാ ഇള്ഹാറുല്‍ ഹസന്‍ എന്നീ മഹാന്മാര്‍ ദൗറയിലെ ഉസ്താദുമാരാണ്. ശേഷം മൗലാനാ റായ്പൂരിയെ ബൈഅത്ത് ചെയ്യുകയും ആദരണീയ പിതാവിന്‍റെ കീഴില്‍ ദിക്ര്‍-ദുആകളില്‍ വലിയ ത്യാഗത്തോടെ പരിശ്രമിക്കുകയും ചെയ്തു. 1390-ല്‍ ശൈഖ് ഇജാസത്ത് നല്‍കി. ശൈഖിന്‍റെ വഫാത്തിന് ശേഷം 1402 മുതല്‍ മളാഹിര്‍ ഉലൂമിന്‍റെ മേല്‍നോട്ടക്കാരനാണ്. 
അഞ്ച്, മൗലാനാ മുഹമ്മദ് ആഖില്‍ സാഹിബിന്‍റെ സഹധര്‍മ്മിണി. ശൈഖിന്‍റെ രണ്ടാം ഭാര്യയില്‍ നിന്നും ഹിജ്രി 1366 റമദാന്‍ 6 (1947 ജൂലൈ 25) ന് ജനിച്ചു. 1381 റബീഉല്‍ ആഖിര്‍ 8-ന് നികാഹ് നടന്നു. മൗലാനാ റായ്പൂരി പങ്കെടുക്കുന്നതിന് റായ്പൂരിലാണ് നികാഹ് നടന്നത്. മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബാണ് നികാഹ് ഓതിയത്. ഹാഫിസ് മുഹമ്മദ് ജഅ്ഫര്‍, ഹാഫിസ് മുഹമ്മദ് ഉമൈര്‍, മുഹമ്മദ് ആദില്‍, മുഹമ്മദ് ആസിം എന്നിവര്‍ മക്കളാണ്. 
ആറ്, മൗലാനാ മുഹമ്മദ് സല്‍മാന്‍ സാഹിബിന്‍റെ സഹധര്‍മ്മിണി. 1370 സഫര്‍ 29-ന് ജനിച്ചു. 1386 ദുല്‍ ഖഅദ് 21 ന് നികാഹ് നടന്നു. മൗലാനാ ഇന്‍ആമുല്‍ ഹസന്‍ സാഹിബാണ് നികാഹ് ഓതിയത്. ഹാഫിസ് മുഹമ്മദ് ഉസ്മാന്‍, ഹാഫിസ് മുഹമ്മദ് നുഅ്മാന്‍ എന്നിവര്‍ മക്കളാണ്. ശൈഖിന്‍റെ മുഴുവന്‍ മക്കളെയും ഫാത്വിമീ മഹ്റിലാണ് നികാഹ് ചെയ്തത്. 
ശൈഖിന്‍റെ മരുമക്കളായ മൗലാനാ മുഹമ്മദ് യൂസുഫ്, മൗലാനാ ഇന്‍ആമുല്‍ ഹസന്‍, മൗലാനാ ഹകീം മുഹമ്മദ് ഇല്‍യാസ്, മൗലാനാ മുഹമ്മദ് ആഖില്‍, മൗലാനാ മുഹമ്മദ് സല്‍മാന്‍ ഇവരെല്ലാവരും ഉന്നത പണ്ഡിതരും തദ്രീസ്-തസ്നീഫുകളുടെ വക്താക്കളുമാണ്. ആദ്യത്തെ രണ്ട് മഹത്തുക്കളെ കുറിച്ച് ഒന്നും എഴുതേണ്ട് ആവശ്യമില്ല. ഒന്നാമനായ, ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) യുടെ സുന്ദര സേവനങ്ങളും ത്യാഗനിര്‍ഭരമായ പരിശ്രമങ്ങളും വൈജ്ഞാനിക മഹത്വങ്ങളും ലോക പ്രസിദ്ധമാണ്. വിനീതന്‍റെ സഹോദരീ പുത്രന്‍ മൗലവി മുഹമ്മദ് ഥാനി ഹസനി മര്‍ഹൂം സവാനിഹ് മൗലാനാ മുഹമ്മദ് യൂസുഫ് എന്ന പേരില്‍ വളരെ ബ്രഹത്തായ ഒരു ഗ്രന്ഥം രചിക്കുകയും അതില്‍ കാര്യങ്ങള്‍ വിശദമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്. 
രണ്ടാമനായ, ഹസ്രത്ജി മൗലാനാ ഇന്‍ആമുല്‍ ഹസന്‍ (ഇതെഴുതുമ്പോള്‍) ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അല്ലാഹു അദ്ദേഹത്തിന്‍റെ ജീവിതത്തുലും പരിശ്രമങ്ങളിലും ഐശ്വര്യം ചൊരിയട്ടെ.! ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ തബ്ലീഗ് പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ നിശബ്ദമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്. 
മൂന്നാമനായ, മൗലാനാ മുഹമ്മദ് ഇല്‍യാസ് മളാഹിര്‍ ഉലൂമിന്‍റെ ഉന്നത സന്തതിയാണ്. 1371-ല്‍ പഠനം പൂര്‍ത്തീകരിച്ചു. ബുഖാരി ശരീഫ് ശൈഖില്‍ നിന്നാണ് പഠിച്ചത്. തുടര്‍ന്ന് ഇഷാഅത്തുല്‍ ഉലൂം എന്ന പേരില്‍ ഒരു ബുക്ക് സ്റ്റാള്‍ സ്ഥാപിച്ചു. ശൈഖിന്‍റെ അപൂര്‍വ്വമായ രചനകള്‍ സഹിതം നിരവധി ഗ്രന്ഥങ്ങള്‍ അതിലൂടെ പ്രസിദ്ധീകരിച്ചു. ശൈഖിന്‍റെ പ്രസിദ്ധ ഗ്രന്ഥങ്ങളായ ലാമിഉ ദുറാരി, ഔജസുല്‍ മസാലിക്, അല്‍ കൗകബുദ്ദുര്‍രിയ്യ് മുതലായവയുടെ ആദ്യ എഡിഷന്‍ ഇവിടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 
നാലാമന്‍, മൗലാനാ മുഹമ്മദ് ആഖില്‍ 1380 മളാഹിറില്‍ പഠനം പൂര്‍ത്തീകരിച്ചു. ബുഖാരി ശരീഫ്, ശൈഖില്‍ നിന്നാണ് ഓതിയത്. ഉന്നത വൈജ്ഞാനിക ശേഷിയും രചനാ പാഠവവുമുള്ള വ്യക്തിത്വമാണ്. 1381-ല്‍ മളാഹിറില്‍ ഉസ്താദായി. 1387 ദൗറത്തുല്‍ ഹദീസിലെ ഉസ്താദായി അബൂദാവൂദ് പഠിപ്പിച്ച് തുടങ്ങി. ശൈഖിന്‍റെ ഭാഗത്ത് നിന്നും ബൈഅത്തിന്‍റെ ഇജാസത്ത് ലഭിച്ചിട്ടുണ്ട്. ശൈഖിന്‍റെ വൈജ്ഞാനിക രചനകളില്‍ വലിയ സഹായിയായിരുന്നു. അല്‍ കൗകബുദ്ദുര്‍റിയ്യിന് സുദീര്‍ഘമായ മുഖദ്ദിമ എഴുതിയത് മൗലാനായാണ്. സ്വന്തമായി ധാരാളം രചനകളും തയ്യാറാക്കിയിട്ടുണ്ട്. 
അഞ്ചാമന്‍, മൗലാനാ മുഹമ്മദ് സല്‍മാന്‍ 1386-ല്‍ ദൗറത്തുല്‍ ഹദീസ് പഠിച്ചു. ശൈഖിന്‍റെ മുന്നില്‍ ബുഖാരിയുടെ ഇബാറത്ത് കൂടുതലും ഇദ്ദേഹമാണ് വായിച്ചത്. 1387-ല്‍ ദറസ് ആരംഭിച്ചു. 1396-ല്‍ ഹദീസിന്‍റെ ഉസ്താദുമാരുടെ പരമ്പരയില്‍ ചേര്‍ന്നു. ശൈഖിന്‍റെ അറബി രചനകളുടെ ക്രോഢീകരണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശൈഖിന്‍റെ ഇഅ്തികാഫ് വേളകളില്‍ പ്രധാനമായും പരിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുന്നത് മൗലാനാ സല്‍മാനാണ്. പാരായണം അതി സുന്ദരവും വേഗതയുള്ളതും സുവ്യക്തമായതുമാണ്. 
ശൈഖിന്‍റെ ചെറുമക്കളും ഇല്‍മിന്‍റെ വഴിയില്‍ മുന്നേറിയവരും ആലിമീങ്ങളും ഹാഫിസീങ്ങളും അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ദീനീ-ഇല്‍മീ സേവനങ്ങളില്‍ മുഴുകിയവരുമാണ്. ഒരു ചെറുമകന്‍ മൗലാനാ മുഹമ്മദ് ശാഹിദ് മളാഹിരി ഉന്നത പണ്ഡിതനും ഒഴുക്കുള്ള രചയിതാവും വൈജ്ഞാനിക പഠന അഭിരുചി നിറഞ്ഞവരുമാണ്. മളാഹിര്‍ ഉലൂമിന്‍റെ ചരിത്രം (ഹസ്രത്ജി മൗലാനാ ഇന്‍ആമുല്‍ ഹസന്‍ സാഹിബിന്‍റെ ജീവചരിത്രം) മുതലായ ഗ്രന്ഥങ്ങളും രചിക്കുകയും ശൈഖിന്‍റെ വൈജ്ഞാനിക കത്തുകള്‍ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖിന് വളരെ സ്നേഹമായിരുന്നു. ശൈഖിന്‍റെ പ്രസിദ്ധീകരിക്കപ്പെടാത്ത പല രചനകളും എഡിറ്റ് ചെയ്ത് ഇദ്ദേഹമാണ് പ്രസിദ്ധീകരിച്ചത്. 
മറ്റൊരു ചെറുമകനായ മൗലാനാ സുബൈറുല്‍ ഹസനും മളാഹിറിന്‍റെ സന്തതിയാണ്. പഠനത്തിന് ശേഷം ശൈഖിന്‍റെ തന്നെ മേല്‍നോട്ടത്തില്‍ ദിക്റില്‍ മുഴുകി. മദീനാ മുനവ്വറയില്‍ വെച്ച് ശൈഖ് ഇജാസത്തും നല്‍കി. തുടര്‍ന്ന് ആദരണീയ പിതാവിന്‍റെ കീഴില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ ദഅ്വത്ത്-തബ്ലീഗ് പ്രവര്‍ത്തനത്തിലും കാശിഫുല്‍ ഉലൂമിലെ ദര്‍സ്-തദ്രീസുകളിലും മുഴുകുകയുണ്ടായി. 
ഇതര ചെറുമക്കളും ഇല്‍മിലും അമലിലും മത്സരിച്ച് മുന്നേറുന്നവരാണ്. ഇതില്‍ ഹാഫിസ് മുഹമ്മദ് ജഅ്ഫര്‍ പ്രത്യേകം സ്മരണീയനാണ്. ശൈഖിന്‍റെ അവസാന യാത്രകളിലും മദീനാ ത്വയ്യിബയിലെ താമസത്തിലും നിരന്തരം സഹവസിക്കുകയും സേവനങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തിരുന്നു. അല്ലാഹു ഇവരെല്ലാവരുടെയും ജീവിതത്തില്‍ ഐശ്വര്യം കനിഞ്ഞരുളട്ടെ.! 
ശൈഖിന്‍റെ ജീവിത കാലത്ത് ഏതാനും മക്കള്‍ അല്ലാഹുവിലേക്ക് യാത്രയായി. അവരുടെ ചെറുവിവരണം: ഒന്ന്, സകിയ്യ മര്‍ഹൂമ. 1337 ശഅ്ബാന്‍ 4 (1919 മെയ് 05) ന് ജനിച്ചു. ഇത് ശൈഖിന്‍റെ പ്രഥമ പുത്രിയാണ്. 1354 മുഹര്‍റം 3 (1935 ഏപ്രില്‍ 7) ന് നടന്ന മളാഹിര്‍ ഉലൂമിലെ വാര്‍ഷിക സമ്മേളനത്തില്‍ ഇവരുടെ വിവാഹം ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബുമായി നടന്നു. നീണ്ട കാലഘട്ടത്തെ രോഗത്തിന് ശേഷം 66 ശവ്വാല്‍ 29 (47 സെപ്റ്റംപര്‍ 15) മഗ്രിബ് നമസ്കാരം ആംഗ്യത്തിലൂടെ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ സുജൂദില്‍ വെച്ച് വഫാത്തായി. ഇവരിലൂടെ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന് മൗലാനാ മുഹമ്മദ് ഹാറൂന്‍ എന്ന മകനുണ്ടായി. (ഇദ്ദേഹത്തെ കുറിച്ച് സഹോദരീ പുത്രന്‍ മൗലവി മുഹമ്മദ് ഥാനി ഹസനി വളരെ ചെറുതും സുന്ദരവുമായ ഒരു അനുസ്മരണ ഗ്രന്ഥം എഴുതിയിട്ടുണ്ട്.) ഇദ്ദേഹത്തിന്‍റെ മകനാണ് മൗലാനാ മുഹമ്മദ് സഅദ് കാന്ദലവി. 
രണ്ട്, മുഹമ്മദ് മൂസാ. ഹിജ്രി 1344 റമദാനില്‍ ജനിച്ചു. ഏഴ് മാസം ജീവിച്ചിരുന്ന് റബീഉല്‍ ആഖിര്‍ 9-ന് മരണപ്പെട്ടു. 
മൂന്ന്, ശാകിറ മര്‍ഹൂമ. 1345 സഫറില്‍ ജനിച്ചു. മൗലവി അഹ്മദ് ഹസനുമായി 1365 ജമാദുല്‍ അവ്വല്‍ 19-ന് നികാഹ് നടന്നു. ഹസ്രത്ത് മദനിയാണ് നികാഹ് ഓതിയത്. 1369 റജബ് 14 (1950 മെയ് 01) ന് വഫാത്തായി. വഫാത്തിന്‍റെ രംഗത്തെ കുറിച്ച് ശൈഖ് തന്നെ കുറിക്കുന്നത് കാണുക: അന്ന് യാദൃശ്ചികമായി മൗലാനാ യൂസുഫ് സഹാറന്‍പൂരിലെത്തി. ഞാനും മൗലാനായും വീടിന്‍റെ ഉള്ളില്‍ മോളെ കാണാന്‍ ചെന്നപ്പോള്‍ അവര്‍ സൂറത്ത് യാസീന്‍ ഓതാന്‍ പറഞ്ഞു. യാസീര്‍ സൂറത്തിലെ പ്രധാന ആയത്തായ സലാമുന്‍ ഖൗലന്‍ മിര്‍ റബ്ബിര്‍റഹീം എന്താണെന്നറിയില്ല, മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന് ആവേശമുണ്ടായി ഈ ആയത്ത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ഓതി. മൂന്നാമത്തെ പാരായണത്തിനിടയില്‍ എന്‍റെ മര്‍ഹൂമത്തായ മകളുടെ ആത്മാവ് പറന്നുയര്‍ന്നു.! 
നാല്. മുഹമ്മദ് ഹാറൂന്‍. 1341 റജബില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. 
അഞ്ച്, ഖാലിദ. 1350 ദുല്‍ ഹജ്ജ് 28-ന് ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. 
ആറ്, മുഹമ്മദ് യഹ്യ. 1356 ജമാദുല്‍ ആഖിര്‍ 6-ന് ജനിച്ചു. അല്‍പം കഴിഞ്ഞ് മരണപ്പെട്ടു. 
ഏഴ്, സ്വഫിയ്യ ഇത് ആദ്യ ഭാര്യയിലെ അവസാനത്തെ കുട്ടിയാണ്. 55 ദുല്‍ ഹജ്ജില്‍ ജനിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് 56 മുഹര്‍റമില്‍ മരിച്ചു. 
എട്ട്, അബ്ദുല്‍ ഹയ്യ്. രണ്ടാം ഭാര്യയിലെ ആദ്യ കുഞ്ഞാണ്. 1358 റബീഉല്‍ ആഖര്‍ 18-ന് ജനിച്ചു. ഒരു മാസം കഴിഞ്ഞ് മരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു ജനനവും മരണവും. ശൈഖ് മദ്റസയുടെ തെരക്കുകളില്‍ ആയിരുന്നതിനാല്‍ ജനനത്തിനും മരണത്തിനും വരാന്‍ കഴിഞ്ഞില്ല. 
മൗലാനാ മുഹമ്മദ് ത്വല്‍ഹ.! 

ശൈഖിന്‍റെ ഏക മകന്‍ മൗലാനാ മുഹമ്മദ് ത്വല്‍ഹ ശൈഖിന്‍റെ ജീവിത കാലത്ത് തന്നെ ഹിഫ്സിലും ഇല്‍മിലും ദിക്റിലും മുഴുകുകയും ശൈഖിന്‍റെ ഉത്തമ പിന്‍ഗാമിയാകുകയും ചെയ്തു. മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി തുടക്കം മുതലേ ശ്രദ്ധിക്കുകയും തര്‍ബിയത്ത് നല്‍കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന് വേണ്ടി മൗലാനാ പലപ്പോഴും യാത്രകള്‍ പോലും മാറ്റി വെച്ചിട്ടുണ്ട്. തദവസരം ജനങ്ങള്‍ യാത്രയ്ക്ക് പ്രേരിപ്പിക്കുമ്പോള്‍ ത്വല്‍ഹ എന്നെ തടഞ്ഞ് വെച്ചിരിക്കുകയാണ് എന്ന് പറയുമായിരുന്നു. ശൈഖിന്‍റെ അരികില്‍ സമകാലികരായ പണ്ഡിത മഹത്തുക്കള്‍ ധാരാളമായി വന്നിരുന്നതിനാല്‍ അവരുടെയെല്ലാം സ്നേഹവും ശ്രദ്ധയും ദുആയും പിടിച്ചുപറ്റി. ഓരോ കാര്യങ്ങളും ശരിയായി നിര്‍വ്വഹിക്കാനുള്ള യോഗ്യത, മദ്ധ്യമ നിലപാട്, വിനയ സ്വഭാവം, സേവന താല്പര്യം, സുചിന്തിത അഭിപ്രായം എന്നീ അനുഗ്രഹങ്ങളില്‍ പിതാവിന്‍റെ യഥാര്‍ത്ഥ പിന്‍ഗാമിയായ ഇദ്ദേഹത്തെ അല്ലാഹു വളരെയധികം അനുഗ്രഹിക്കുകയുണ്ടായി. ശൈഖ് സഹാറന്‍പൂരില്‍ നടത്തിയ റമദാന്‍ ഇഅ്തികാഫുകളുടെ പ്രധാന ചാലകശക്തി മൗലാനാ ത്വല്‍ഹയായിരുന്നു. ശൈഖുമായി ബന്ധമുള്ളവരുടെ സ്ഥാനമഹത്വങ്ങളും സ്വഭാവ രീതികളും നന്നായി മനസ്സിലാക്കുകയും അതിനനുസരിച്ച് അവരോട് പെരുമാറുകയും ചെയ്തിരുന്നു. ശൈഖും അതിന് പ്രത്യേക ശിക്ഷണങ്ങളും നല്‍കിയിരുന്നു. വലിയൊരു മഹാന്‍റെ മകന്‍ എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് തന്നെ എവിടെയെങ്കിലും പോകുമ്പോള്‍ ശൈഖ് വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ശൈഖിന്‍റെ മദീനാ താമസത്തിന്‍റെ അവസാന നാളുകളില്‍ അല്ലാഹു മാതാവിനോടൊപ്പം ശൈഖിനരികില്‍ എത്തിച്ചു. സേവനങ്ങള്‍ക്ക് നല്ല അവസരം ലഭിക്കുകയും അതിനെ വളരെ നല്ല നിലയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. ശൈഖിന്‍റെ വിയോഗ സന്ദര്‍ഭത്തിലുള്ള കഠിനമായ ആഘാതത്തിന്‍റെ നിമിഷങ്ങളില്‍ തികഞ്ഞ ക്ഷമയും സഹനതയും സമാധാനവും ശാന്തതയും പ്രകടിപ്പിക്കുകയും മറ്റുള്ളവര്‍ക്കും സമാധാനത്തിനും മനക്കരുത്തിനും കാരണക്കാരനാകുകയും ചെയ്തു. ശൈഖും അടുത്തവരാരെങ്കിലും മരിച്ചാല്‍ ഇപ്രകാരം തന്നെയാണ് ചെയ്തിരുന്നത്. അല്ലാഹു തആലാ ജീവിതത്തില്‍ ഐശ്വര്യം നല്‍കുകയും ജനങ്ങള്‍ക്ക് ധാരാളം പ്രയോജനങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്യട്ടെ.!

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...