Friday, July 17, 2020

മാനവ മഹത്വവും സാഹോദര്യവും. -മൗലാനാ ഷൗകത്ത് അലി ഖാസിമി



മാനവ മഹത്വവും സാഹോദര്യവും. 
-മൗലാനാ ഷൗകത്ത് അലി ഖാസിമി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/07/blog-post_17.html?spref=bl 
ഇസ്ലാമില്‍ മനുഷ്യന്‍ സൃഷ്ടികളില്‍ അത്യുത്തമനാണ്. മനുഷ്യനെ ആദരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആദം സന്തതികള്‍ക്ക് നാം ആദരവ് നല്‍കിയിരിക്കുന്നു. അവരെ കരയിലും കടലിലും നാം യാത്ര ചെയ്യിപ്പിച്ചു. അവര്‍ക്ക് പരിശുദ്ധമായ ധാരാളം വസ്തുക്കള്‍ നല്‍കി. നാം സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാള്‍ അവരെ ശ്രേഷ്ഠരാക്കി. (ബനൂഇസ്റാഈല്‍ 70).
മുഴുവന്‍ സൃഷ്ടികളിലും പടച്ചവന്‍ ഏറ്റവും നല്ല രൂപം കനിഞ്ഞരുളിയത് മനുഷ്യര്‍ക്കാണ്. (തീന്‍ 4). ഇസ്ലാം പ്രഖ്യാപിക്കുന്നു: ലോകത്തുള്ള സര്‍വ്വ അനുഗ്രഹങ്ങളും മനുഷ്യര്‍ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. (ബഖറ 29). മനുഷ്യനെ പടക്കപ്പെട്ടത് പടച്ചവനെ ആരാധിക്കാന്‍ വേണ്ടിയാണ്. (ദാരിയാത്ത്). ഇഖ്ബാല്‍ പറയുന്നു: മനുഷ്യാ നീ ഭൂമിക്കുവേണ്ടിയല്ല, ആകാശത്തിനുവേണ്ടിയുമല്ല. ലോകം മുഴുവന്‍ നിനക്കുള്ളതാണ്. നീ ലോകത്തിനുള്ളതല്ല! 
പടച്ചവന്‍ മനുഷ്യന്‍റെ സ്ഥാനം സമുന്നതമാക്കി. മനുഷ്യന്‍ പടച്ചവന്‍റെ പ്രതിനിധിയാണെന്ന് പ്രഖ്യാപിച്ചു. മനുഷ്യമഹത്വം വിളിച്ചറിയിക്കാന്‍ മലക്കുകളെക്കൊണ്ട് ആദരിച്ചു. ഇതിന് വിസമ്മതിച്ച പിശാചിനെ നിന്ദ്യനായി പുറം തള്ളി. 
മനുഷ്യന്‍ ജീവിത കാലത്ത് മാത്രമല്ല മരണാനന്തരവും ആദരണീയനാണ്. മൃതദേഹത്തെ പൂര്‍ണ്ണ ആദരവകളോടെ കുളിപ്പിക്കപ്പെടണമെന്നും പുതുവസ്ത്രം ധരിപ്പിക്കപ്പെടണമെന്നും സുഗന്ധം പൂശപ്പെടണമെന്നും തോളുകളുടെ മേല്‍ ഉയര്‍ത്തി ഖബ്റിലേക്ക് കൊണ്ടുപോകണമെന്നും മയ്യിത്ത് നിസ്ക്കാരം ആത്മാര്‍ത്ഥതയോടെ നിസ്ക്കരിക്കണമെന്നും ഖബ്ര്‍ അടക്കണമെന്നും ഇസ്ലാം കല്‍പ്പിക്കുന്നു. മൃതദേഹത്തെ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യന്‍ എന്ന നിലയില്‍ ആദരിക്കല്‍ നിര്‍ബന്ധമാണ്. ഒരിക്കല്‍ ഒരു അമുസ്ലിമിന്‍റെ മൃതദേഹം കൊണ്ടുപോകുന്നത് കണ്ട് റസൂലുല്ലാഹി (സ) എഴുന്നേറ്റ് നിന്നു. സഹാബത്ത് ചോദിച്ചു: ഇത് ഒരു അമുസ്ലിം സ്ത്രീയുടെ മൃതദേഹമല്ലേ? റസൂലുല്ലാഹി (സ) അരുളി: മരണം ഭയപ്പെടുത്തുന്ന കാര്യമാണ്. നിങ്ങള്‍ മൃതദേഹം കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുക. മറ്റൊരിക്കല്‍ റസൂലുല്ലാഹി (സ) അരുളി: ഇത് ഒരു മനുഷ്യനല്ലേ? (മിശ്കാത്ത് 144). 
ജാഹിലീ യുഗത്തില്‍ യുദ്ധത്തിനിടയില്‍ മനുഷ്യനോട് മോശമായി വര്‍ത്തിക്കാറുണ്ടായിരുന്നു. ശരീര അവയവങ്ങള്‍ മുറിച്ചുമാറ്റുകയും തലയൊട്ടിയില്‍ മദ്യപാനം നടത്തുകയും ചെയ്യാറുണ്ടായിരുന്നു. റസൂലുല്ലാഹി (സ) യുടെ പ്രിയ പിതൃവ്യന്‍ ഹംസാ (റ) ന്‍റെ മൃതദേഹം ഉഹ്ദ് യുദ്ധത്തില്‍ ശത്രുക്കള്‍ വെട്ടിമുറിക്കുകയുണ്ടായി. ഇസ്ലാം ഇതിനെ ശക്തിയുക്തം നിരോധിച്ചു. ആഇശാ (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: മൃതദേഹത്തിന്‍റെ എല്ല് പൊട്ടിക്കുന്നത് ജീവനുള്ള ശരീരത്തിന്‍റെ എല്ല് പൊട്ടിക്കുന്നതുപോലെയാണ്. (മിശ്കാത്ത് 149). 
ഇസ്ലാമിക വിശ്വാസപ്രകാരം മാനവരാശിയുടെ സംസ്കരണത്തിനുവേണ്ടി നിയോഗിക്കപ്പെട്ട സര്‍വ്വ പ്രവാചകന്മാരും മനുഷ്യരായിരുന്നു എന്നതും ഇസ്ലാം മനുഷ്യവിഭാഗത്തിന് നല്‍കിയ മഹത്തായ ആദരവാണ്. യഹൂദികള്‍ ഉസൈര്‍ നബിയെയും ക്രൈസ്തവര്‍ ഈസാ നബിയെയും ദൈവമായി പ്രഖ്യാപിക്കുന്നു. ഈശ്വരന്‍ മനുഷ്യരൂപത്തില്‍ അവതരിച്ചു എന്ന് ഹൈന്ദവ സഹോദരങ്ങളും വിശ്വസിക്കുന്നു. അതെ, ഈ മഹത്തുക്കളെ ഇവര്‍ അമിതമായി ആദരിച്ചു എന്നത് ശരി തന്നെ (പക്ഷേ ഇവരാരും മനുഷ്യരില്‍ പെടാന്‍ യോഗ്യരല്ലെന്ന് വാദിച്ചതിലൂടെ ഇവര്‍ മനുഷ്യവിഭാഗത്തെ നിന്ദിക്കുകയും ചെയ്യുകയാണ്) എന്നാല്‍ ഇസ്ലാമില്‍ മനുഷ്യന്‍ അത്യുത്തമ സൃഷ്ടിയാണ്. പടച്ചവന്‍ കഴിഞ്ഞാല്‍ മഹത്വമുള്ള നബിമാര്‍ എല്ലാവരും മനുഷ്യരായിരുന്നു. 
അല്ലാഹു മനുഷ്യന് ചിന്തയുടെയും ബുദ്ധിയുടെയും അമൂല്യ നിധി കനിഞ്ഞരുളി. ഇതിലൂടെ മനുഷ്യന്‍ മറ്റു സൃഷ്ടികളെ അടക്കിവാഴുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം ബുദ്ധിയെ സംരക്ഷിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തി. വിശ്വാസ-സ്വഭാവ- കര്‍മ്മങ്ങളിലെ വിശുദ്ധി സംശുദ്ധ ബുദ്ധിയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. പരിശുദ്ധഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ ബുദ്ധിയെ യഥാവിധി വിനിയോഗിക്കാനും ചിന്താ ഗവേഷണങ്ങളില്‍ മുന്നിടാനും പ്രേരിപ്പിച്ചിരിക്കുന്നു. 
മാനവ സാഹോദര്യം 
മുഴുവന്‍ മനുഷ്യരും ഏകോതര സഹോദരങ്ങളാണെന്നും മനുഷ്യത്വത്തിന്‍റെ വിഷയത്തില്‍ ആര്‍ക്കുമിടയില്‍ യാതൊരു വിധ ഏറ്റക്കുറച്ചിലുകള്‍ ഇല്ലെന്നും എല്ലാവരും ഒരു പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണെന്നും ഇസ്ലാം പ്രഖ്യാപിക്കുന്നു. ജനങ്ങളെ, നിങ്ങളുടെ പരിപാലകനെ ഭയക്കുക. അല്ലാഹു നിങ്ങളെ ഒരു ശരീരത്തില്‍ നിന്നും സൃഷ്ടിച്ചു. അതില്‍ നിന്നും അതിന്‍റെ ഇണകളെയും പടച്ചു. അവര്‍ ഇരുവരില്‍ നിന്നും ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും പരത്തി. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. അവനെ മുന്‍നിര്‍ത്തിയാണ് നിങ്ങള്‍ പരസ്പരം സഹായം തേടുന്നത്. കുടുംബ ബന്ധത്തെയും കാത്തുസൂക്ഷിക്കുക. അല്ലാഹു നിങ്ങളുടെ മേല്‍ സൂക്ഷ്മ നിരീക്ഷകനാണ്. (നിസാഅ് 1). 
മുഴുവന്‍ മനുഷ്യരെയും പടച്ചവന്‍റെ കൂട്ടുകുടുംബം എന്നാണ് ഇസ്ലാം അനുസ്മരിച്ചിരിക്കുന്നത്. തൗഹീദില്‍ (ഏകദൈവ വിശ്വാസം) യാതൊരു വിധ വിട്ടുവീഴ്ചയും ഇല്ലാത്ത ഒരു ദര്‍ശനമായ ഇസ്ലാമാണ് മനുഷ്യരെ ഇങ്ങനെ വര്‍ണ്ണിക്കുന്നതെന്ന് ഓര്‍ക്കുക. റസൂലുല്ലാഹി (സ) അരുളി: സൃഷ്ടികളെല്ലാം അല്ലാഹുവിന്‍റെ കൂട്ടുകുടുംബമാണ്. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം അവന്‍റെ കൂട്ടുകുടുംബത്തിന് ഉപകാരം ചെയ്യുന്നവരെയാണ്. (മിശ്കാത്ത്). 
മാനവഏകത്വവും സാഹോദര്യവും മനുഷ്യമനസ്സുകളില്‍ ഉറപ്പിക്കുന്നതിന് പരിശുദ്ധഖുര്‍ആനില്‍ പൊതുവായ ഉപദേശങ്ങളെല്ലാം അല്ലയോ ജനങ്ങളെ, ആദം സന്തതികളെ എന്നീ വാചകങ്ങളിലാണ് നടത്തിയിരിക്കുന്നത്. ഇസ്ലാമുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ വിശ്വാസികളെ എന്ന് സംബോധന ചെയ്തുകൊണ്ട് നടത്തിയിരിക്കുന്നു. അതെ, ഇസ്ലാം യാതൊരുവിധ ജാതി വിഭാഗ വ്യത്യാസങ്ങളെയും അംഗീകരിക്കുന്നില്ല. ഹജ്ജത്തുല്‍ വദാഇന്‍റെ സന്ദര്‍ഭത്തില്‍ വിശ്വനായകന്‍ റസൂലുല്ലാഹി (സ) നടത്തിയ ഐതിഹാസിക പ്രഭാഷണത്തില്‍ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതിശക്തമായി ഉണര്‍ത്തി. വിശിഷ്യാ മാനവ സമത്വവും സാഹോദര്യവും പ്രത്യേക നിലയില്‍ അടിവരയിട്ട് പ്രഖ്യാപിച്ചു. (കാരുണ്യത്തിന്‍റെ തിരുദൂതര്‍). 
ഇസ്ലാമിക വീക്ഷണത്തില്‍ മുഴുവന്‍ മനുഷ്യരും ഒരേ പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണ് എന്ന നിലയില്‍ പരസ്പരം സഹോദരങ്ങളാണ്. കുടുംബവും ഗോത്രവും തിരിച്ചറിയുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഭയഭക്തിയുടെ ഗുണങ്ങള്‍ക്ക് അനുസരിച്ചാണ് മനുഷ്യന്‍റെ മഹത്വത്തിന് വര്‍ദ്ധനവ് ഉണ്ടാകുന്നത്. (ഹുജറാത്ത്). കാരുണ്യനബി റസൂലുല്ലാഹി (സ) പ്രാര്‍ത്ഥനയില്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു: അല്ലാഹുവേ, മുഴുവന്‍ മനുഷ്യരും സഹോദരങ്ങളാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (അബൂദാവൂദ്). 
ലോകാനുഗ്രഹി റസൂലുല്ലാഹി (സ) മാനവ സാഹോദര്യത്തെക്കുറിച്ച് വെറും പ്രഖ്യാപനങ്ങള്‍ മാത്രമല്ല നടത്തിയത്, അതിന് അനുസരിച്ച് കര്‍മ്മ പദ്ധതി രൂപീകരിക്കുകയും ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ച് കാണിച്ചുതരുകയും ചെയ്തു. നമസ്ക്കാരത്തില്‍ നില്‍ക്കുമ്പോള്‍ രാജാ-പ്രജ വ്യത്യാസമില്ലാതെ ഒരേ സഫ്ഫില്‍ തോളുരുമി നില്‍ക്കണമെന്ന് കല്‍പ്പിച്ചു. അതെ, ഇവിടെ മഹ്മൂദ് രാജാവും ഇയാസ് സേവകനും ഒരേ സഫ്ഫില്‍ ആണ്. ഇവിടെ ഉടമക്കും അടിമക്കും ഇടയില്‍ യാതൊരു വിത്യാസവും ഇല്ല. ഇവിടെ സമ്പന്നനും ദരിദ്രനും ഒരുപോലെ തന്നെ. പടച്ചവന് മുന്നില്‍ എല്ലാവരും ഒരുപോലെ ആവശ്യക്കാരാണ്. 
കാരുണ്യം കരുണീയം 
മുഹമ്മദുര്‍റസൂലുല്ലാഹി (സ) കാരുണ്യദര്‍ശനമാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരോടും കാരുണ്യം പുലര്‍ത്തുക എന്നുള്ളത് ഇസ്ലാമിന്‍റെ വലിയ പ്രത്യേകതയാണ്. ലോകാനുഗ്രഹി റസൂലുല്ലാഹി (സ) പ്രസ്താവിച്ചു: കരുണയുള്ളവനോട് ഏറ്റവും വലിയ കാരുണ്യവാന്‍ കരുണകാട്ടുന്നതാണ്. (ബുഖാരി). മുസ്ലിം ഭവനങ്ങളില്‍ സാധാരണ പാടാറുള്ള ഒരു ഈരടി ഇപ്രകാരമാണ്: ഭൂമുഖത്തുള്ളവരോട് കരുണ കാട്ടിടൂ, അര്‍ശിലുള്ളവന്‍ കരുണ കാട്ടിടും! 
പൊതുജനങ്ങളോടുള്ള സഹാനുഭൂതി, സേവനസഹായങ്ങള്‍, ആവശ്യനിര്‍വ്വഹണം, ദു:ഖദൂരീകരണം എന്നിവയിലൂടെ പടച്ചവന് വലിയ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നതാണ്. മാനവ സേവനത്തെ പുണ്യകര്‍മ്മമായിട്ടാണ് ഇസ്ലാം കാണുന്നത്. ഇതില്‍ മുസ്ലിം അമുസ്ലിം വിവേചനം അല്‍പ്പവും ഇല്ല. ഖുദ്സിയ്യായ ഹദീസില്‍ വന്നിരിക്കുന്നു: നാളെ പരലോകത്ത് വെച്ച് പടച്ചവന്‍ ചിലരോട് ചോദിക്കും: ഞാന്‍ രോഗിയായിരുന്നിട്ട് എന്നെ സന്ദര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഞാന്‍ ആഹാരം ചോദിച്ചിട്ട് എനിക്ക് ആഹാരം നല്‍കാതിരുന്നത് എന്തുകൊണ്ടാണ്? ഞാന്‍ ദാഹ ജലത്തിന് അപേക്ഷിച്ചിട്ട് തരാതിരുന്നത് എന്തുകൊണ്ടാണ്? അടിമകള്‍ പറയും: പരിപാലകനെ, നീ രോഗിയായതും ആഹാരവും ജലവും  ചോദിച്ചതും  എപ്പോഴാണ്? അല്ലാഹു പറയും: എന്‍റെ ഒരു ദാസന്‍ രോഗിയായി കിടന്നപ്പോള്‍ നീ സന്ദര്‍ശിച്ചില്ല. സന്ദര്‍ച്ചിരുന്നെങ്കില്‍ എന്നെ അവിടെ കാണാന്‍ കഴിയുമായിരുന്നു. എന്‍റെ ഒരു ദാസന്‍ നിന്നോട് വിശന്ന് ആഹാരം ചോദിച്ചപ്പോള്‍  നീ ആഹാരം കൊടുത്തില്ല. ആഹാരം കൊടുത്തിരുന്നെങ്കില്‍ എന്നെ അവിടെ കാണാന്‍ കഴിയുമായിരുന്നു. എന്‍റെ ഒരു ദാസന്‍ നിന്നോട് ദാഹിച്ച് ജലം ചോദിച്ചപ്പോള്‍ നീ നല്‍കിയില്ല. ജലം നല്‍കിയിരുന്നുവെങ്കില്‍ അതിന്‍റെ പ്രതിഫലം നീ കണ്ടെത്തുമായിരുന്നു. (മശ്കാത്ത് 123). 
കാരുണ്യനബി റസൂലുല്ലാഹി (സ) അരുളി: കരുണയുള്ളവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുള്ളൂ. സഹാബത്ത് പറഞ്ഞു: ഞങ്ങള്‍ എല്ലാവരും കരുണയുള്ളവരാണല്ലോ? റസൂലുല്ലാഹി (സ) അരുളി: മുഴുവന്‍ മനുഷ്യരോടും കരുണയുള്ളവന്‍ ആകുന്നതുവരെ നിങ്ങള്‍ കാരുണ്യവാന്മാര്‍ ആകുന്നതല്ല. (കന്‍സുല്‍ ഉമ്മാല്‍ 31). പരസ്പരം സാഹോദര്യത്തോടെ കഴിയുന്നതിന് ഉദ്ബോധിപ്പിച്ചതിനോടൊപ്പം സാഹോദര്യ ബന്ധത്തിന് തടസ്സമുണ്ടാക്കുന്ന സകല കാര്യങ്ങളില്‍ നിന്നും അകന്ന് കഴിയാനും ഉണര്‍ത്തി. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ പരസ്പരം ബന്ധം മുറിക്കരുത്. മുതുക് തിരിച്ച് നടക്കരുത്. ശത്രുത പുലര്‍ത്തരുത്. അസൂയ കാട്ടരുത്. അല്ലാഹുവിന്‍റെ അടിമകളേ, നിങ്ങള്‍ പരസ്പരം സാഹോദരന്മാരായി കഴിയുക.
മനുഷ്യജീവന്‍റെ സംരക്ഷണം 
ലോകാനുഗ്രഹി റസൂലുല്ലാഹി (സ) ക്ക് മുമ്പ് മനുഷ്യജീവന് യാതൊരു വിലയും ഇല്ലായിരുന്നു. കൊലയും കൊള്ളയും വ്യാപകമായിരുന്നു. നിസ്സാര വിഷയങ്ങള്‍ക്ക് ഓരോ ഗോത്രങ്ങളും കുടുംബങ്ങളും പരസ്പരം യുദ്ധം ചെയ്തിരുന്നു. ശാന്തിയും സമാധാനവും കാണപ്പെട്ടിരുന്നില്ല. മനുഷ്യബന്ധങ്ങള്‍ ഇല്ലാതായിരുന്നു. ഇസ്ലാം ഇത്തരം ഒരു അവസ്ഥയെ തിരുത്തി. തീവ്രവാദത്തിനും ഭീകരതക്കും എതിരില്‍ യുദ്ധപ്രഖ്യാപനം നടത്തി. മനുഷ്യജീവനെ ആദരിക്കാനും സംരക്ഷിക്കാനും കല്‍പ്പിച്ചു. സമ്പന്നന്‍, ദരിദ്രന്‍, രാജാ-പ്രജ, സ്ത്രീ-പുരുഷന്‍ എന്നിങ്ങനെ ആര്‍ക്കും ഇടയില്‍ യാതൊരു വിവേചനവും ഇല്ലാതെ എല്ലാവരുടെയും ജീവന്‍ സംരക്ഷിക്കല്‍ നിര്‍ബന്ധമാണെന്ന് പ്രഖ്യാപിച്ചു. മനുഷ്യജീവനെ അനാദരിക്കുന്നതിനെ ശക്തമായി തടഞ്ഞു. രക്ത ചൊരിച്ചിലിനെ പലവഴികളിലൂടെ നിരുത്സാഹപ്പെടുത്തി. അല്ലാഹു പറയുന്നു: പടച്ചവന്‍ ആദരിച്ച ശരീരത്തെ അന്യായമായി വധിക്കരുത്. (ബനൂഇസ്റാഈല്‍ 4). അന്യായമായിട്ടുള്ള വധം മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതിന് തുല്യമാണ്. (മാഇദ 43). അതെ, മനുഷ്യത്വം ആദരണീയമാണ്. മനുഷ്യജീവനെക്കുറിച്ചുള്ള ആദരവില്ലായ്മയാണ് കൊലയിലേക്ക് നയിക്കുന്നത്. ഇവര്‍ ഒരാളെ മാത്രമല്ല കൊല്ലുന്നത് എല്ലാ മനുഷ്യരും കൊല്ലപ്പെടേണ്ടവരാണെന്ന് വിളിച്ചുപറയുകയാണ്. 
മനുഷ്യജീവന്‍ ആദരണീയമാണ് എന്ന പ്രസ്താവന മുഴുവന്‍ മനുഷ്യരെയും കുറിച്ചാണ്. ഇതില്‍ മുസ്ലിം അമുസ്ലിം അടുത്തവര്‍ അകന്നവര്‍ എന്നീ വിവേചനങ്ങള്‍ ഇല്ല. ഈ വിഷയത്തിന്‍റെ ഗൗരവം കാരണം റസൂലുല്ലാഹി (സ) ഇസ്ലാമിലേക്ക് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ ബൈഅത്ത് (പ്രതിജ്ഞ) ചെയ്യിക്കുമ്പോള്‍ ആരെയും അന്യായമായി വധിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കുമായിരുന്നു. (ബൈഹഖി 830). 
മാനവ അന്തസ്സിന്‍റെ സംരക്ഷണം 
മനുഷ്യരുടെ അന്തസ്സും അഭിമാനവും ഇസ്ലാമിക വീക്ഷണത്തില്‍ വളരെ ആദരണീയമാണ്. ഇസ്ലാം ഇതിനെ മൗലിക അവകാശങ്ങളില്‍ പെടുത്തി. മുസ്ലിം അമുസ്ലിം, അറബി അനറബി ആരുമായിക്കൊള്ളട്ടെ ജാതിമത വര്‍ഗ്ഗ വര്‍ണ്ണ, ഭാഷ ദേശ വ്യത്യാസമില്ലാതെ ആരുടെയും അന്തസ്സിനും അഭിമാനത്തിനും മുറിവേല്‍പ്പിക്കരുതെന്ന് ഇസ്ലാം ഉണര്‍ത്തുന്നു. ഭയഭക്തിയുടെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ക്ക് എറ്റെക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും മനുഷ്യമഹത്വത്തിന്‍റെ വിഷയത്തില്‍ മുഴുവന്‍ മനുഷ്യരും സഹോദരന്മാരും ആദരണീയരുമാണ്. ബ്രാഹ്മണന്‍ (ഉന്നത വിഭാഗം), ക്ഷത്രിയന്‍ (സൈന്യവിഭാഗം), വൈഷം (വ്യാപരികള്‍), ശുദ്രരര്‍ (വേലക്കാര്‍) എന്നിങ്ങനെയുള്ള വിഭാഗീയത ഇസ്ലാമില്‍ ഇല്ല. പാപങ്ങളുടെ ചെളിക്കുണ്ടില്‍ മുങ്ങിക്കിടന്നാലും ബ്രാഹ്മണന്‍ ആദരണീയനാണ് എന്ന കാഴ്ചപ്പാട് അംഗീകരിക്കുന്നില്ല. ആര്യന്മാരുടെ സിരകളില്‍ ദൈവിക രക്തമാണ്, യഹൂദര്‍ ദൈവപുത്രന്മാരാണ്  മുതലായ മനുഷ്യത്വ വിരുദ്ധമായ വീരവാദങ്ങള്‍ ഉയര്‍ത്തപ്പെട്ടിരുന്ന ലോകത്താണ് ഇസ്ലാം ഈ ഒരു പ്രഖ്യാപനം നടത്തിയത് എന്ന് ഓര്‍ക്കുക. (വിവരണത്തിന് മുസ്ലിംകളുടെ പതനവും ലോകത്തിന്‍റെ നഷ്ടവും). 
ഇസ്ലാം പ്രഖ്യാപിച്ചു: മുഴുവന്‍ മനുഷ്യരും ഒരുപോലെയാണ്. എല്ലാവരുടെയും അന്തസ്സും അഭിമാനവും ആദരണീയമാണ്. ഹജ്ജത്തുല്‍ വദാഇന്‍റെ സന്ദര്‍ഭത്തില്‍ ദുല്‍ഹജ്ജ് പത്തിന് മിനായില്‍ വെച്ച് റസൂലുല്ലാഹി (സ) പ്രഖ്യാപിച്ചു: ഈ മാസത്തിലും ഈ നാടിനും ആദരവുള്ളതുപോലെ നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും ആദരണീയമാണ്. അതിനെ അക്രമിക്കുന്നത് നിഷിദ്ധമാണ്. അറിയുക: നിങ്ങള്‍ പരസ്പരം അക്രമങ്ങള്‍ കാട്ടരുത്. (ഉദ്ധരണി. കാരുണ്യത്തിന്‍റെ തിരുദൂതര്‍). ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ നിന്ദിക്കുന്ന സര്‍വ്വവിധ ദുസ്വഭാവങ്ങളെയും ഇസ്ലാം തടഞ്ഞു. പരദൂഷണം, പരനിന്ദ, ഏഷണി,  പരിഹാസം, ആരോപണം, അപരാതം, ദുര്‍ഭാവന, അഹങ്കാരം, അസൂയ, പക, വിദ്വേഷം ഇവകള്‍ വലിയ പാപങ്ങളാണെന്ന് ഉണര്‍ത്തി. ആരെങ്കിലും വല്ല പാപം ചെയ്യുകയോ സ്വന്തം ആത്മാവിനുമേല്‍ അതിക്രമം കാട്ടുകയോ ചെയ്യുകയും ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താല്‍ അല്ലാഹുവിനെ പൊറുക്കുന്നവനും കാരുണ്യവാനുമായി അവന്‍ എത്തിക്കുന്നതാണ്. (110) ആരെങ്കിലും പാപം ചെയ്താല്‍ അവന്‍റെ കര്‍മ്മ(ഫല)ം അവനുമേല്‍ തന്നെ ഭവിക്കുന്നതാണ്. അല്ലാഹു സര്‍വ്വജ്ഞനും തന്ത്രജ്ഞനുമാണ്. (111)  ആരെങ്കിലും ചെറിയ പാപമോ വന്‍പാപമോ ചെയ്യുകയും എന്നിട്ട് ഒരു നിരപരാധിയുടെമേല്‍ ആരോപിക്കുകയും ചെയ്താല്‍ അവന്‍ വലിയ അപരാധവും വ്യക്തമായ പാപവും ഏറ്റെടുത്തിരിക്കുന്നു. (നിസാഅ് 110-112) 
മതസ്വാതന്ത്ര്യം 
ഇസ്ലാം സ്വീകരിക്കാന്‍ മുസ്ലിംകള്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നു, ഇസ്ലാം പ്രചരിച്ചത് വാളിലൂടെയാണ്, ഇസ്ലാം മറ്റുമതങ്ങള്‍ക്ക് ഒരു സ്വാതന്ത്ര്യവും നല്‍കുന്നില്ല എന്നീ കാര്യങ്ങള്‍ ഇക്കാലഘട്ടത്തില്‍ തല്‍പ്പര കക്ഷികള്‍ പ്രചണ്ഡ പ്രചാരണം നടത്തുന്ന വിഷയങ്ങളാണ്. എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ല. ഇസ്ലാം നല്‍കിയ മതസ്വാതന്ത്ര്യം മറ്റൊരു മതവും സംസ്കാരവും നല്‍കിയിട്ടില്ല എന്നുള്ളതാണ് വസ്തുത. പഴയ മതങ്ങള്‍ സ്വീകരിക്കുന്നതിന് ജനങ്ങളെ തീയില്‍ ഇട്ട് കരിച്ചും പിച്ചള ഉരുക്കി ഒഴിച്ചും വാളുകൊണ്ട് വെട്ടിയും നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇസ്ലാമിന്‍റെ ഈ കാരുണ്യ സന്ദേശം ഉയര്‍ത്തപ്പെട്ടത്: മതം സ്വീകരിക്കുന്നതിന് യാതൊരു നിര്‍ബന്ധവും ഇല്ല. (ബഖറ 33). ഒരു അന്‍സാരി സഹാബിയുടെ രണ്ട് മക്കള്‍ ക്രൈസ്തവര്‍ ആയിരുന്നു ഇസ്ലാം സ്വീകരിക്കുന്നതിന് അവരെ നിര്‍ബന്ധിക്കട്ടെ എന്ന് ചോദിച്ചതിന് മറുപടിയായിട്ടാണ് ഈ ആയത്ത് അവതരിച്ചത്. ജനങ്ങളെ നിര്‍ബന്ധിക്കാന്‍ താങ്കള്‍ അയക്കപ്പെട്ടിട്ടില്ല എന്ന ആശയത്തിലുള്ള വചനങ്ങള്‍ പരിശുദ്ധഖുര്‍ആനില്‍ പല സ്ഥലങ്ങളിലുമുണ്ട്. 
മറ്റ് മതങ്ങളെക്കുറിച്ച് ഇസ്ലാമിന് പറയാനുള്ള പ്രധാന കാര്യങ്ങള്‍ ഇവയാണ്: 1. മുഴുവന്‍ ദൈവിക മതങ്ങളുടെയും പ്രവാചകന്മാരുടെ സന്ദേശങ്ങളുടെയും അടിസ്ഥാം ഒന്നാണ്. (ശൂറ 13). 2. കഴിഞ്ഞുകടന്ന മുഴുവന്‍ നബിമാരിലും വിശ്വസിക്കണം. നബിമാര്‍ക്കിടയില്‍ വിശ്വസിച്ചും നിഷേധിച്ചും വേര്‍തിരിവ് കാട്ടരുത്. (ബഖറ 136). 3. മതത്തിന്‍റെ വിഷയത്തില്‍ യാതൊരു നിര്‍ബന്ധവും പാടില്ല. ഓരോരുത്തരുടെയും മതത്തിന്‍റെ വിഷയം അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ്. (ബഖറ 286, യൂനുസ് 99). 4. മുഴുവന്‍ മതസ്ഥരുടെയും ആരാധാനാലയങ്ങളും മത കേന്ദ്രങ്ങളും ആദരണീയമാണ്. അവ സംരക്ഷിക്കപ്പെടേണ്ടതാണ് (ഹജ്ജ് 40). 5. മറ്റുമതസ്ഥരുടെ ആരാധ്യരെ നിന്ദിക്കരുത്. (അന്‍ആം 109). 6. മത ഭിന്നതകളുടെ പേരില്‍ ആരെയും വധിക്കാനോ അക്രമിക്കാനോ പാടില്ല. പൊതു നന്മകള്‍ പ്രചരിപ്പിക്കാനും തിന്മകള്‍ തടയാനും വിവിധ മതസ്ഥര്‍ സഹകരിക്കേണ്ടതാണ്. (മാഇദ 2). 7. മുഴുവന്‍ മനുഷ്യരും സര്‍വ്വ മതസ്ഥരും ഒരു പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണ്. ഭയഭക്തിയും സൂക്ഷ്മതയും നന്മയുമാണ് മഹത്വത്തിന്‍റെ അടിസ്ഥാനം. (ഹുജറാത്ത് 13). 8. പരസ്പര ബന്ധം, പരോപകാരം, സേവന സഹായങ്ങള്‍ ഇവക്ക് മത ഭിന്നതകള്‍     തടസ്സം നില്‍ക്കരുത്. (മാഇദ 5). 9. മറ്റുമതങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും ഉത്തമ ശൈലിയിലും ആദരവിന്‍റെ പരിധിയിലും നിന്നുകൊണ്ടായിരിക്കണം. (അന്‍കബൂത്ത് 46). 10. മറ്റ് മതസ്ഥരുടെ വിഷയത്തിലും നീതിയും ന്യായവും മുറുകെ പിടിക്കുക. (മാഇദ 1). 
അമുസ്ലിം പ്രജകളോടുള്ള സമീപനം 
കാരുണ്യത്തിന്‍റെ തിരുദൂതന്‍ റസൂലുല്ലാഹി (സ) മനുഷ്യരിലെ സര്‍വ്വവിഭാഗങ്ങള്‍ക്കും കാരുണ്യമാണ്. റസൂലുല്ലാഹി (സ) അമുസ്ലിംകളോടും മാതൃകാപരമായ കാരുണ്യവും ഔദാര്യവും സമത്വവും സഹാനുഭൂതിയും വിട്ടുവീഴ്ചയും പുലര്‍ത്തി. അവര്‍ക്ക് സാമൂഹിക, സാമുദായിക അവകാശങ്ങള്‍ നല്‍കി. മുസ്ലിം ഭരണകൂടത്തില്‍ താമസിക്കുന്ന അമുസ്ലിംകളുടെ ജീവനും സ്വത്തും അന്തസ്സും മതസ്വാതന്ത്ര്യവും സംരക്ഷിച്ചു. മുസ്ലിംകള്‍ക്ക് തുല്യമായ അവകാശങ്ങള്‍ നല്‍കണമെന്ന് അധികാരികളെ ഉണര്‍ത്തി. അമുസ്ലിം പ്രജകളായ ദിമ്മിയ്യുകളെ അല്ലാഹുവിന്‍റെയും ദൂതന്‍റെയും അഭയാര്‍ത്ഥികളായിട്ടാണ് ഇസ്ലാം കാണുന്നത്. അവരുടെമേല്‍ വല്ല അക്രമങ്ങളും ഉണ്ടായാല്‍ സ്വന്തം സഹോദരങ്ങളുടെമേല്‍ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കുന്നതുപോലെ തടയേണ്ടത് നിര്‍ബന്ധമാണ്. (മബ്സൂത്ത് സര്‍ഖസി 1/85). ഇമാം ശാമി പ്രസ്താവിക്കുന്നു: അമുസ്ലിംകളോട് അക്രമം ചെയ്യുന്നത് മുസ്ലിംകളോടുള്ള അക്രമത്തേക്കാള്‍ കഠിനമാണ്. (ദുര്‍റുല്‍ മുഖ്ത്താര്‍ 5/396). മുസ്ലിംകള്‍ക്ക് ലഭിക്കുന്ന സര്‍വ്വഅവകാശങ്ങളും അമുസ്ലിം പ്രജകള്‍ക്കും ലഭിക്കുന്നതാണ്. അവരുടെ രക്തം മുസ്ലിം രക്തംപോലെയും അവരുടെ സമ്പത്ത് മുസ്ലിം സമ്പത്തുപോലെയും സുരക്ഷിതമാണ്. (ദുര്‍റ്-കിത്താബുല്‍ ജിഹാദ്). റസൂലുല്ലാഹി (സ) അരുളി: മുസ്ലിംകളുമായി കരാറില്‍ കഴിയുന്ന അമുസ്ലിമിനെ വധിക്കുന്നവന് സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം പോലും ലഭിക്കുന്നതല്ല. സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം നാല്‍പ്പത് വര്‍ഷത്തെ വഴിദൂരം വരെ എത്തുന്നതാണ്. (ഇബ്നുകസീര്‍ 2/289). ലോകാനുഗ്രഹി (സ) അരുളി: കേള്‍ക്കുക, ആരെങ്കിലും കരാറുകാരനായ അമുസ്ലിമിനോട് അക്രമം കാട്ടുകയോ കടമയില്‍ വീഴ്ച്ച വരുത്തുകയോ കഴിവിനേക്കാള്‍ കൂടുതല്‍ ശാസിക്കുകയോ അവരുട തൃപ്തിയില്ലാതെ അവരില്‍ നിന്നും വല്ലതും വാങ്ങുകയോ ചെയ്താല്‍ ഖിയാമത്ത് നാളില്‍ അവരുടെ ഭാഗത്തുനിന്നും ഞാന്‍ വാദിയാകുന്നതാണ്. (മിഷ്കാത്ത് 354). ഇസ്ലാമിക ചരിത്രത്തില്‍ മുസ്ലിം ഭരണകൂടങ്ങള്‍ അമുസ്ലിംകള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യങ്ങള്‍ അത്ഭുതകരവും അതുല്യവുമാണ്. അവര്‍ക്ക് മത വിദ്യാഭ്യാസ സാമൂഹിക നിലകളില്‍ എല്ലാം സ്വാതന്ത്ര്യം നല്‍കി. അവരുടെ മതകേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വതന്ത്രമായിരുന്നു. അവരുടെ വ്യക്തിനിയമങ്ങള്‍ക്കുവേണ്ടി പ്രത്യേക കോടതികള്‍ പോലും അനുവദിച്ചിരുന്നു. മതവിഷയത്തില്‍ യാതൊരുവിധ പ്രീണനവും പീഢനവും അനുവദിച്ചിട്ടില്ല. വിശിഷ്യാ ഇസ്ലാം സ്വീകരിക്കുന്നതിന് അമുസ്ലിംകളെ നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന ഖുര്‍ആനിക നിര്‍ദ്ദേശം എന്നും എങ്ങും പാലിക്കപ്പെട്ടു. വിവരമില്ലാത്ത ഭരണാധികാരികളോ വ്യക്തികളോ ഏതെങ്കിലും അമുസ്ലിമിനെ ഇസ്ലാം സ്വീകരണത്തിന് നിര്‍ബന്ധിച്ചപ്പോഴെല്ലാം മുസ്ലിം പണ്ഡിതരും ഇസ്ലാമിക കോടതിയും അതിനെ ശക്തമായി വിലക്കുകയുണ്ടായി. (ഇസ്ലാം ഔര്‍ സിയാസി നസരിയ്യാത്ത്).  
നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.! പഠിക്കുക, പകര്‍ത്തുക.! മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്. നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് സ്വഹാബയുടെ വാട്സ്അപ് ഗ്രൂപ്പ്, ഫേസ്ബുക്, ബ്ലോഗ് എന്നിവയില്‍ അംഗമാകുകയോ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമിയുമായുമായി ബന്ധപ്പെടുന്നതിന്, അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് 
ബന്ധപ്പെടുക: +91 9961955826
എല്ലാ ഗ്രൂപ്പിലേക്കും ഷെയര്‍ ചെയ്യുമല്ലോ.? 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...