Sunday, October 29, 2017

അല്‍ ഹാജ് ഹാഫിസ്
യഹ് യ ഹാജി മര്‍ഹൂം

അനുസ്മരണം:
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
ഞങ്ങളുടെ കുടുംബത്തിലെ
പ്രധാന വ്യക്തിത്വവും കേരളത്തിലെ
തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ അമരക്കാരനുമായ
ആദരണീയ ജ്യേഷ്ഠസഹോദരന്‍
ഹാഫിസ് യഹ്യാ സാഹിബിന്‍റെ വിയോഗം
ഞങ്ങളുടെ കുടുംബത്തിനും ഇസ്ലാമിക
ദഅ്വത്തിന്‍റെ പരിശ്രമങ്ങള്‍ക്കും വലിയ നഷ്ടം
തന്നെയാണ്. ഏതാനും വര്‍ഷങ്ങളായി
രോഗിയായിരുന്നെങ്കിലും,
ആ സന്ദര്‍ഭത്തിലും പുലര്‍ത്തിയ മനക്കരുത്തും
രോഗത്തോട് സ്വീകരിച്ച
സമീപനവും മുന്നില്‍വെച്ച് കുറേ കാലം
കൂടി നമുക്കിടയില്‍ ഉണ്ടായിരിക്കുമെന്ന്
പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും
ചെയ്തിരുന്നു. പക്ഷേ പ്രിയപ്പെട്ട
ഗുരുനാഥന്‍ അല്ലാമാ അഷ്റഫ് അലി
ഹസ്റത്തിന്‍റെ തൊട്ടുപുറകിലായി
ഈ ശിഷ്യനും സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.!
അല്ലാഹുവേ, അദ്ദേഹത്തിന്‍റെ കൂലി
ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തരുതേ. !
അദ്ദേഹത്തിന് ശേഷം ഞങ്ങളെ
പരീക്ഷണത്തില്‍ ആക്കരുതേ.!
ഞങ്ങള്‍ക്കും അദ്ദേഹത്തിനും
പൊറുത്ത് തരേണമേ.!
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലം
പട്ടണത്തിലെ സാമ്പത്തികമായും
വിദ്യാഭ്യാസപരവുമായും വളരെ ഉയര്‍ന്ന
കുടുംബത്തില്‍ യഹ്യാ സാഹിബ് ജനിച്ചു.
അല്ലാഹു അപാരമായ സാമര്‍ത്ഥ്യം കൂടി
നല്‍കിയതിനാല്‍ അതിവേഗതയില്‍
വളര്‍ന്നുകൊണ്ടിരുന്നു.
ഇതിനിടയിലാണ് ലക്ഷങ്ങളെ അടിമുടി
മാറ്റിമറിച്ച തബ്ലീഗ് പ്രവര്‍ത്തനവുമായി
ബഹുമാന്യ മാമ,
അഡ്വ: മുഹമ്മദ് ഹാജി മര്‍ഹൂം
ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഞങ്ങളുടെ
കുടുംബത്തില്‍ മുഴുവനും വമ്പിച്ച മാറ്റം
ഉണ്ടായി. അല്ലാഹു ലോകാവസാനം വരെ
അത് നിലനിര്‍ത്തട്ടെ. എന്നാല്‍ ഈ മാറ്റം
ഏറ്റവും വലിയ പ്രതിഫലനം
സൃഷ്ടിച്ചത് കൊല്ലത്തെ ഉന്നത
സ്കൂളില്‍ വിദ്യാഭ്യാസം നേടിയിരുന്ന
യഹ്യാ സാഹിബിനാണ്. ഈ
സമയത്ത് ദക്ഷിണേന്ത്യയിലെ
ഇല്‍മ്-ദിക്ര്‍-ദഅ്വത്തിന്‍റെ മുജദ്ദിദായ
അല്ലാമാ അബുസ്സഊദ് അഹ്മദ് (റഹ്)
കേരളത്തില്‍ ഒരു സന്ദര്‍ശനം നടത്തി.
രാവും പകലും ഖുര്‍ആന്‍ ഓതലും
ഓതിക്കലും പതിവാക്കിയ ഹസ്റത്തിന്‍റെ
ആഗമനം കേരളത്തില്‍ ഖുര്‍ആന്‍
ഹിഫ്സിന്‍റെ രണ്ടാം തുടക്കത്തിന്
ആരംഭം കുറിച്ചു. മാമ മുഹമ്മദ് ഹാജി,
മര്‍ഹൂം സുബൈര്‍ ഹാജി,
മര്‍ഹൂം പി എം എസ് ഹാജി ചാല
തുടങ്ങിയവര്‍ മക്കളെയും കൂട്ടി
ബാംഗ്ലൂരില്‍ എത്തി. പക്ഷേ ഇവരില്‍
ഏറ്റവും ത്യാഗം സഹിച്ചത്
മാമ തന്നെയായിരുന്നു.
ദിവസങ്ങളോളം സഹധര്‍മ്മിണി
(അല്ലാഹു അമ്മായിക്ക് ആയുസ്സും
ആരോഗ്യവും നല്‍കട്ടെ.!) യെയും
കൂട്ടി ബാംഗ്ലൂരില്‍ പോയി
താമസിച്ച് മകനെ തടകിയും
തലോടിയും ഹിഫ്സ് ചെയ്യിപ്പിച്ചു.
ഹിഫ്സ് പൂര്‍ത്തിയായതിന് ശേഷം
ഹിഫ്സ് എതിര്‍ത്ത കുടുംബക്കാരെ
പ്രത്യേകിച്ച് കൂട്ടി കൊല്ലത്തെ
വീട്ടില്‍ വലിയ ഒരു പരിപാടി
സംഘടിപ്പിച്ചതും അതില്‍ യഹ്യാക്ക
ശബ്ദത്തിലും ഈണത്തിലും
അവസാന ആയത്തുകള്‍
ഓതിയതും ഇന്നും ഓര്‍മ്മയുണ്ട്.
തുടര്‍ന്ന് ഇല്‍മിന്‍റെ വഴിയിലേക്ക്
മകനെ തിരിച്ചുവിട്ടു. ഏതാനും വര്‍ഷം
ഇല്‍മ് പഠിച്ചു. പക്ഷേ പൂര്‍ത്തീകരിക്കാന്‍
സാധിച്ചില്ല. എന്നാല്‍ ഇവിടെ ഒരു കാര്യം
നന്നായി മനസ്സിലാക്കുക. ഇല്‍മിന്‍റെ
ഔപചാരിക പാഠ്യഭാഗം
പൂര്‍ത്തീകരിക്കലും ഹഖിന്‍റെ
ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന്
റബ്ബാനീ ഉലമാഇന്‍റെ സനദും
ഇജാസത്തും കരസ്ഥമാക്കലും
വളരെ മഹത്തരമായ കാര്യമാണ്.
എന്നാല്‍ ഇങ്ങനെ ചെയ്യാത്തവരെല്ലാം
ഒന്നുമല്ലാത്തവരാണ് എന്ന ധാരണയും
ശരിയല്ല. ഒരു മദ്റസയില്‍ നിന്നും
ഇടയ്ക്കുവെച്ചോ പൂര്‍ത്തീകരിച്ച
ശേഷമോ പുറത്തേക്ക് പോകുന്നവരുടെ
മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ഒന്ന്, ഇല്‍മുമായും ഉസ്താദുമാരുമായും
തുടര്‍ന്ന് നിരന്തരം ബന്ധപ്പെട്ട് കൂടുതല്‍
ഉന്നതങ്ങളിലേക്ക് ഉയരുക.
രണ്ട്, ഈ ബന്ധം ഇല്ലാതെ
അധ:പതനത്തിലേക്ക് താഴുക.
ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍
പെടാന്‍ മദ്റസകളില്‍ ഒരു ദിവസമെങ്കിലും
വിദ്യാര്‍ത്ഥിയായിട്ടുള്ള എല്ലാ
സഹോദരങ്ങള്‍ക്കും അല്ലാഹു
ഉതവി നല്‍കട്ടെ.! ഇതിന് അത്യധികം
ആവേശം പകരുന്ന ഒന്നാണ് യഹ്യാ സാഹിബ്.
അദ്ദേഹത്തിന്‍റെ ബുദ്ധിസാമര്‍ത്ഥ്യം
ശരി തന്നെ. പക്ഷേ അതിനേക്കാള്‍
കൂടുതല്‍ ഇല്‍മും ഉലമാഉമായിട്ടുള്ള
ആത്മാര്‍ത്ഥ ബന്ധം കാരണമായി
അദ്ദേഹം ഒരു ഉന്നത പണ്ഡിതന്‍
തന്നെയാണ് എന്ന് അനുഭവങ്ങളും
പരീക്ഷണങ്ങളും സാക്ഷ്യം നില്‍ക്കുന്നു.
മആരിഫുല്‍ ഖുര്‍ആന്‍,
മആരിഫുല്‍ ഹദീസ്,
താരീഖ് ദഅ്വത്ത് എന്നീ
ഗ്രന്ഥങ്ങളും ഫത്ഹുല്‍ മുഈന്‍,
ഉംദത്തുസ്സാലിക്, ഖുദൂരി
മുതലായ ഫിഖ്ഹ് കിതാബുകളും
കാണാപ്പാഠമായിരുന്നു. കുറഞ്ഞ പക്ഷം
വിനീതന്‍ ഈ കിതാബുകളില്‍
മിക്കതും പരിചയപ്പെട്ടത്
ജ്യേഷ്ഠനില്‍ കൂടിയാണ്.
അന്നൊരിക്കല്‍ കൊല്ലത്തുനിന്നും
എറണാകുളത്തേക്ക് പഴയ ബസ്സില്‍
പഴയ റോഡിലൂടെ യാത്ര ആരംഭിച്ചു.
ഏറ്റവും പുറകിലെ സീറ്റില്‍ കാലുകള്‍
പൊക്കിവെച്ച് ഈ പാപിയോട്
കിടന്നോളാന്‍ പറഞ്ഞു.
കുറഞ്ഞത് നാല് മണിക്കൂര്‍
നീണ്ട യാത്രയില്‍ അല്‍ ഫുര്‍ഖാന്‍
മാസിക വായിച്ചുകൊണ്ടിരുന്നു.
ഈ സമയമത്രയും ശരീരം ചലിപ്പിച്ചിട്ടില്ല.
അന്നാണ് അല്‍ ഫുര്‍ഖാന്‍ ആദ്യമായി കാണുന്നത്.
അല്ലാമാ അഷ്റഫ് അലി
ത്ഥാനവിയുടെ പ്രഭാഷണ സമാഹാരമായ
അത്തബ്ലീഗ് എന്ന ഗ്രന്ഥത്തിന്‍റെ
അമ്പതോളം ഭാഗങ്ങള്‍ നിരന്തരം
വായിക്കുന്നത് കണ്ടിട്ടുണ്ട്.
തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട
ഏതോ ഗ്രന്ഥമായിരുന്നു
എന്നായിരുന്നു എന്‍റെ വിചാരം.
എന്നാല്‍ ഹകീമുല്‍ ഉമ്മത്തിന്‍റെ
പ്രഭാഷണങ്ങളായിരുന്നുവെന്ന്
പിന്നീടാണ് മനസ്സിലായത്.
മആരിഫുല്‍ ഹദീസ് ഉറുദുവില്‍
എട്ട് ഭാഗങ്ങളാണെങ്കിലും
മലയാളത്തില്‍ അഞ്ച് ഭാഗങ്ങളായി
ഇറക്കണമെന്ന് അഭിപ്രായപ്പെട്ടത്
അല്ലാമാ നുഅ്മാനി മര്‍ഹൂമിന്‍റെ
അനുരാഗി കൂടിയായ യഹ്യാ
സാഹിബാണ്. എനിക്ക് വായിച്ച്

മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായ
അല്ലാമാ നദ്വിയുടെ രചനകളിലേക്ക് ആവേശം
പകര്‍ന്നത് അദ്ദേഹം
തന്നെയാണ്. മുജദ്ദിദ്
അല്‍ഫ് ഥാനിയുടെ നാമം
ആദ്യമായി കേട്ടത് മര്‍ഹൂം
കാഞ്ഞാര്‍ മൂസാ മൗലാനയില്‍ നിന്നും,
അല്ലാമാ നദ്വിയുടെ
ഈ വിഷയത്തിലുള്ള
ഗ്രന്ഥത്തെക്കുറിച്ചറിഞ്ഞത്
യഹ്യാ സാഹിബില്‍ നിന്നുമാണ്.
ഞങ്ങളുടെ കൂടിക്കാഴ്ചകളിലെ
പ്രധാന ചര്‍ച്ച, ഇല്‍മും മദ്റസയും
പ്രസിദ്ധീകരണവുമായിരുന്നു.
അല്‍ ബലാഗ് മാസിക ഏറ്റെടുക്കാന്‍
മര്‍ഹൂമിന് വലിയ ആഗ്രഹമായിരുന്നെങ്കിലും
സാമ്പത്തിക സാഹചര്യം കൊണ്ട്
സാധിച്ചില്ല. എറണാകുളം കേന്ദ്രീകരിച്ച്
രചനകളുടെ പ്രസിദ്ധീകരണത്തിനും
വ്യാപകമായ പ്രചാരണത്തിനും വലിയ
ഒരു പദ്ധതി മനസ്സില്‍ ഉണ്ടായിരുന്നു.
ഇങ്ങോട്ട് പറയുന്നത് കൂടാതെ
അങ്ങോട്ട് പറയുന്നതും വളരെ
താല്‍പ്പര്യത്തിലും ശ്രദ്ധയിലും
കേള്‍ക്കുകയും പിന്തുണയ്ക്കുകയും
ചെയ്തിരുന്നു. പ്രയോജനകരമായ
രചനകള്‍ എല്ലാവര്‍ക്കും കാണാനും
വായിക്കാനും പറ്റുന്ന നിലയില്‍ വീടിന്
മുന്നില്‍ തന്നെ വെച്ചിരുന്നു.
അവ എടുത്ത് തഅ്ലീം പോലെ
വാപ്പയെയും ഉമ്മയെയും വായിച്ച്
കേള്‍പ്പിക്കുന്ന അതിമനോഹരമായ
രംഗം പലപ്പോഴും കണ്ടിട്ടുണ്ട്.
ഒരിക്കല്‍ അത്തര്‍ഗീബ് വത്തര്‍ഹീബ്
എന്ന ഹദീസ് ഗ്രന്ഥം വായിക്കുന്നത്
കാണുകയുണ്ടായി. വാപ്പയെയും
ഉമ്മയെയും അല്ലാഹു അനുഗ്രഹിക്കട്ടെ.!
മകന്‍റെ വായന ശ്രദ്ധിച്ച് കേള്‍ക്കുകയും
സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും
ചെയ്യുന്നു.! ചുരുക്കത്തില്‍,
ഇല്‍മിന്‍റെ വഴിയുമായി ബന്ധപ്പെട്ട
എല്ലാവര്‍ക്കും, വലിയ പ്രതീക്ഷയാണ്
ഇതിലൂടെ ലഭിക്കുന്നത്.
നിരന്തരം ദിക്റുകളില്‍
മുഴുകുമായിരുന്നു. മര്‍ഹൂമിന്‍റെ
ശൈലിയില്‍ കറുത്ത ചെറിയ
തസ്ബീഹ് പിടിച്ചു നടക്കുന്ന
ധാരാളം തബ്ലീഗ് പ്രവര്‍ത്തരെ
കാണാന്‍ കഴിയും. ദിക്റുമായിട്ടുള്ള
ബന്ധം അവര്‍ നിലനിര്‍ത്തണമെന്ന്
ഉപദേശിക്കുന്നു. ഒരിക്കല്‍ ദിക്റിന്‍റെ
പ്രവര്‍ത്തനത്തിനോടും
യഹ്യാക്കാക്ക് എതിര്‍പ്പാണോ
എന്ന് വിമര്‍ശന രീതിയില്‍
തുറന്ന് ചോദിച്ചപ്പോള്‍
ഇല്‍മും ദിക്റും ദഅ്വത്തിന്‍റെ
ചിറകുകള്‍ ആണ്. അത് ഇല്ലാതെ
ദഅ്വത്തേ ഇല്ലാ.
അതിന്‍റെ പ്രവര്‍ത്തനവും
ദഅ്വത്തിന്‍റെ പ്രവര്‍ത്തനം
തന്നെയാണെന്ന് പറഞ്ഞു.
ഒരിക്കല്‍ പ്രസ്ഥാവിച്ചു:
ഇല്‍മില്ലാത്ത ദാകിര്‍
അക്ബറിനെപ്പോലെ അപകടത്തില്‍
അകപ്പെടും. ദിക്ര്‍ ഇല്ലാത്ത ആലിം
അക്ബറിനെ നശിപ്പിച്ച
ആലിമുകളെപ്പോലെ
നല്ലവരെ നശിപ്പിക്കും.!
പരിശുദ്ധ ഖുര്‍ആന്‍ പാരായണം
ഹരമായിരുന്നു. വിവിധ
ഖാരിഉകളുടെ പാരായണങ്ങള്‍
ശ്രദ്ധിച്ചിരുന്നു. യഹ്യാക്കാക്കും
പല ശൈലികളില്‍ ഓതാന്‍
അറിയാമായിരുന്നെങ്കിലും
ശൈഖ് അബ്ദുല്‍ ബാസ്വിത്,
ശൈഖ് അയ്യൂബ് തുടങ്ങിയ
ഖാരിഉകളോട് പ്രേമമായിരുന്നിട്ടും
പ്രിയപ്പെട്ട ഗുരുനാഥന്‍ മൗലാനാ
അബുസ്സഊദ് ഓതിയിരുന്ന ഒരു
പ്രത്യേക ശൈലിയിലാണ് ഓതിയിരുന്നത്.
ഈ ശൈലിയായിരുന്നു ആദരവായ
റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
ശൈലിയോട് വളരെ
അടുത്തതെന്ന് ഒരു മഹാപണ്ഡിതന്‍
ഓതിക്കേള്‍പ്പിച്ചുകൊണ്ട്
വിവരിക്കുകയുണ്ടായി.
വിനീതന്‍ ഈ ശൈലി
അനുകരിക്കുമ്പോഴെല്ലാം
വലിയ ശ്രദ്ധയും ഭക്തിയും
അനുഭവപ്പെടാറുണ്ട്.
ഈ ശൈലി അറിയാവുന്ന
മക്കളും കൂട്ടുകാരും
അത് തുടരണമെന്ന് പ്രത്യേകം
ഉണര്‍ത്തുകയാണ്.
ദഅ്വത്ത് ജ്യേഷ്ഠന്‍റെ
വസ്ത്രവും വിരിപ്പും, അകവും
പുറവും, രാവും പകലും, ചിന്തയും
സംസാരവും എല്ലാമെല്ലാമായിരുന്നു.
ലോകം അതിന് സാക്ഷിയായതിനാല്‍
അതിനെക്കുറിച്ച് കൂടുതലൊന്നും
കുറിക്കുന്നില്ല. പക്ഷേ ചിലകാര്യങ്ങള്‍
പ്രത്യേകം അനുസ്മരണീയമാണ്:
ദീനീ സംസാരം എന്ന പേരില്‍
ലളിതമാക്കിയ ഒരു പ്രഭാഷണകല
തന്നെ യഹ്യാ സ്പീച്ച് വികസിപ്പിച്ചു.
അറിവും ചിന്തയും അനുഭവവും
സമരസപ്പെടുത്തിക്കൊണ്ട്
രണ്ട് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന
സംസാരങ്ങള്‍ കണ്ണുനീരും ചിരിയും
കയറ്റിറക്കങ്ങളും സമ്മിശ്രമായി
ഒഴുകി പരക്കുമായിരുന്നു.
മുലാഖാത്ത് സംസാരങ്ങളും
വളരെ ശക്തമായിരുന്നു.
മൗലാനാ ഉബൈദുല്ലാഹ്
ബല്‍യാവി (റഹ്) യോടൊപ്പം
ഞങ്ങള്‍ മഞ്ചേരിയില്‍ എത്തി.
ക്ഷീണം കാരണം യഹ്യാക്ക
മസ്ജിദില്‍ ചാരി ഇരിക്കുകയായിരുന്നു.
ഒരു മുസ്ലിയാര്‍ അടുത്തെത്തിയപ്പോള്‍
ഉടനെ ആദരിച്ച് നേരെ ഇരുന്നു.
അദ്ദേഹം ചോദിച്ചു: നാട്ടില്‍ എന്താ
പരിപാടി? യഹ്യാ സാഹിബ്:
ചെറിയ ഇരുമ്പ് കച്ചവടമാണ്.!
മുസ്ലിയാര്‍: നിങ്ങള്‍ ഇങ്ങനെ
തബ്ലീഗില്‍ കറങ്ങി നടക്കുമ്പോള്‍
അത് ആരാണ് നോക്കുക?
യഹ്യ സാഹിബ്: നേരത്തെ
നോക്കിക്കൊണ്ടിരുന്ന ആളുതന്നെ
നോക്കുന്നതാണ്. മുസ്ലിയാര്‍:
അത് ആരാണ്.? യഹ്യ സാഹിബ്:
ഉസ്താദിന് ആരാണെന്ന്
പറഞ്ഞുതരണോ? മുസ്ലിയാര്‍:
ആരാണ്.? യഹ്യാ സാഹിബ്
ഒരു പ്രത്യേക ശബ്ദത്തില്‍ നീട്ടി
പറഞ്ഞു: അല്ലാഹ്! അദ്ദേഹം
എഴുന്നേറ്റ് പോവുകയും
അടുത്ത പരിപാടികളില്‍
പങ്കെടുക്കുകയും ചെയ്തു.
മൂസാ മൗലാനാ മര്‍ഹൂം
ത്യാഗത്തിന്‍റെ വിഷയത്തില്‍
ഒന്നാം സ്ഥാനത്തായിരുന്നത് പോലെ,
ഓടി നടന്നുകൊണ്ടുള്ള തബ്ലീഗ്
സമ്മേളനങ്ങള്‍ യഹ്യാ സാഹിബിന്‍റെ പ്രത്യേകതകളാണ്.
കുടുംബക്കാരെയും എതിര്‍പ്പുള്ളവരെയും
തബ്ലീഗ് പ്രവര്‍ത്തനത്തിലേക്ക്
തന്ത്രപൂര്‍വ്വം പ്രേരിപ്പിച്ചിരുന്നു
എന്നതാണ് മറ്റൊരു പ്രത്യേകത.
ഹജ്ജിന് പോകുന്നവഴി
എന്‍റെ ജ്യേഷ്ഠന്‍ സുബൈര്‍ സാഹിബ്
അയച്ച ഒരു കത്തും അതിലെ
വാചകങ്ങളും ഓര്‍മ്മയുണ്ട്.
ജീവിതം വളരെ കുറഞ്ഞ
കാലത്തേക്കുള്ളതാണെങ്കിലും
ദീനിന്‍റെ പരിശ്രമവുമായി
ബന്ധപ്പെട്ടാല്‍ വളരെ
ലാഭകരമാക്കാന്‍ കഴിയും
എന്നതായിരുന്നു അതിലെ പ്രമേയം.
ദീനിന്‍റെ പരിശ്രമത്തിലും സുന്ദരമായ
കുടുംബ ജീവിതത്തിലും
അനുവദനീയമായ സമ്പാദ്യത്തിലും
ഒന്നാം സ്ഥാനം എന്ന സന്ദേശം
എത്ര ശക്തവും വ്യക്തവുമാണ്.
രോഗാവസ്ഥയില്‍ വിനീതന്
അയച്ച അവസാനത്തെ ഒരു സന്ദേശം
ഇപ്രകാരമാണ്: നാല് മാസം
കാല്‍നടയായി ദഅ്വത്തിന്‍റെ
മാര്‍ഗ്ഗത്തില്‍ യാത്ര ചെയ്യണമെന്ന്
വല്ലാത്ത ആഗ്രഹമാണ്.
നീയും കൂട്ടത്തില്‍ ഉണ്ടായാല്‍
വളരെ നന്നായിരിക്കും.
പൂര്‍ണ്ണമായിട്ട് കഴിയില്ലെങ്കിലും
കഴിയുന്ന നിലയില്‍ ആയാലും മതി.!
നൂറ് ശതമാനം തബ്ലീഗ്
പ്രവര്‍ത്തകനായതിനോടൊപ്പം
ദീനിന്‍റെ മറ്റു പരിശ്രമങ്ങളെയും
വളരെയധികം വിലമതിച്ചിരുന്നു
എന്നതാണ് പലര്‍ക്കും അറിയാത്ത
വലിയ ഒരു പ്രത്യേകത.
ഇല്‍മ്-ദിക്ര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
പറഞ്ഞുകഴിഞ്ഞു.
ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍
ലാ ബോര്‍ഡിന് വേണ്ടി
പ്രവര്‍ത്തിക്കാന്‍ ഒരാളെ വേണമെന്ന്
മൗലാനാ അഷ്റഫ് അലി ഹസ്റത്
പറഞ്ഞപ്പോള്‍ അതിന് ഈ
പാപിയുടെ പേര് നിര്‍ദ്ദേശിച്ചത്
അദ്ദേഹമാണ്.
പ്രവര്‍ത്തനത്തിന്‍റെ വിവരങ്ങളും
മഹാന്മാരുടെ വിശേഷങ്ങളും
തിരക്കിയിരുന്നു. അവസാന
കൂടിക്കാഴ്ചയിലെ ഒരു വാചകം ഇതാണ്:
മൗലാനാ സയ്യിദ് നിസാമുദ്ദീന്‍
സാഹിബിനെപ്പോലുള്ളവര്‍
യാത്രയായി. ഇനി വളരെ കുറഞ്ഞ
മഹാന്മാര്‍ മാത്രമേയുള്ളൂ. അവര്‍
എല്ലാവരും വളരെ കഷ്ടപ്പെട്ടാണ്
ബോര്‍ഡിന്‍റെ പ്രവര്‍ത്തനം നടത്തുന്നത്.
തീര്‍ച്ചയായും അവര്‍ ഉമ്മത്തിന്‍റെ വലിയ
ഉപകാരികള്‍ തന്നെയാണ്.! അനാവശ്യങ്ങളും
അധര്‍മ്മങ്ങളും
അധികരിച്ചതിനാല്‍ പത്രമാധ്യമങ്ങളോട്
വലിയ വെറുപ്പായിരുന്നു. പക്ഷേ
ലോക കാര്യങ്ങളും രാഷ്ട്രീയ
ചലനങ്ങളും കാലിക വിഷയങ്ങളും
നന്നായി മനസ്സിലാക്കുകയും ആഴത്തില്‍
അപഗ്രഥിക്കുകയും ബന്ധപ്പെട്ടവരെ
ഉണര്‍ത്തുകയും ചെയ്തിരുന്നു.
ശീഇസം, ഖാദിയാനിസം മുതലായ
ഫിത്നകളില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.
പല തബ്ലീഗ് പ്രഭാഷണങ്ങളിലെയും
കേന്ദ്രവിഷയം സ്വഹാബത്തിന്‍റെ
മഹത്വവും പ്രാമാണികതയും
ആയിരുന്നു.
വലിയ തമാശകളും രസങ്ങളുമുള്ള
ജീവിതമായിരുന്നു. ഗൗരവം നിറഞ്ഞ
കാര്യങ്ങളുടെ ഭാരം ഇതിലൂടെ
ലഘൂകരിക്കപ്പെട്ടിരുന്നു. മര്‍ഹൂം
മാമയില്‍ നിന്നും കിട്ടിയ ഗുണം
കൂടിയാണിത്. രണ്ടുപേരും ചേരുമ്പോള്‍
ബഹുരസമായി മാറുമായിരുന്നു.
വാഹനം അതിവേഗതയിലാണ്
ഓടിച്ചിരുന്നത്. ആദ്യന്തം ഞങ്ങള്‍ ശ്വാസം
അടക്കിപ്പിടിച്ചിരിക്കുമായിരുന്നു.
കേരളത്തിലെ ആദ്യത്തെ മസ്തൂറാത്
ജമാഅത്താണ് എന്ന് പറഞ്ഞുകൊണ്ട്
മാമ, ജ്യേഷ്ഠ സഹോദരിയെയും
എന്നെയും ജമാഅത്തില്‍ പുറപ്പെടാന്‍
നിര്‍ബന്ധിച്ചു. ഞങ്ങളുടെ വീട്ടില്‍
നിന്നാണ് കണ്ണൂരിലേക്ക് ജമാഅത്ത്
പുറപ്പെട്ടത്. ജമാഅത്തിന്‍റെ മര്യാദകള്‍
വിവരിച്ച മാമ, ആവേശം വന്ന് വിശദമായി
സ്ത്രീകളുടെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി.
ഇതിനിടയില്‍ എന്‍റെ വാപ്പ എന്നെയും
പെങ്ങളെയും പതുക്കെ വിളിച്ചിറക്കി,
അവര്‍ക്ക് പല സാമര്‍ത്ഥ്യങ്ങളും
അറിയാം, അവര്‍ ട്രെയിനില്‍
എങ്ങനെയെങ്കിലും കയറിക്കൊള്ളും,
നിനക്ക് ഒന്നും അറിയില്ല എന്ന്
പറഞ്ഞുകൊണ്ട് എന്നെയും
പെങ്ങളെയും റെയില്‍വേ സ്റ്റേഷനിലേക്ക്
കൊണ്ടുപോയി. ഞങ്ങള്‍ എത്തിയപ്പോള്‍
ട്രെയിന്‍ വന്ന് നില്‍ക്കുന്നു.
ബുക്ക് ചെയ്ത ധാരാളം
ബെര്‍ത്തുകളില്‍ ഞാനും
സഹോദരിയും മാത്രം.! വാപ്പ
പലരെയും ഫോണില്‍
വിളിച്ചുകൊണ്ടിരുന്നു, പണ്ട്
മൊബൈല്‍ ഫോണ്‍ ഒന്നും
ഇല്ലല്ലോ.? ഇതിനിടയില്‍ ട്രെയിന്‍
വിട്ടു. ഞങ്ങള്‍ ആകെ പരിഭ്രമിച്ചു.
അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴും
ആരും വന്നിട്ടില്ല. ഗാര്‍ഡ് പച്ചക്കൊടി
വീശാന്‍ എടുത്തു. അപ്പോള്‍ അതാ
ആരോ കാറ് പറത്തിക്കൊണ്ടുവന്ന്
ആളുകളെ ഇറക്കിക്കൊണ്ടിരിക്കുന്നു.
അതില്‍ നിന്നും മാമാ ഇറങ്ങി
ഓടിവന്ന് ഗാര്‍ഡിനെ മുആനഖ
ചെയ്ത് കെട്ടിപ്പിടിച്ച് നിന്നു.
അദ്ദേഹം വിടാന്‍ പറഞ്ഞ്
ബഹളം ഉണ്ടാക്കിയെങ്കിലും
പൊന്നുമോനെ, കഷ്ടപ്പെടുത്തല്ലേ
എന്ന് പറഞ്ഞ് പിടുത്തം വിട്ടില്ല.
എല്ലാവരും ട്രെയിനില്‍ കയറിക്കഴിഞ്ഞ്
അദ്ദേഹത്തെ സ്നേഹത്തോടെ
വിടുകയുണ്ടായി.! ഇത്തരം
അത്ഭുതങ്ങളും തമാശകളും
ധാരാളം ആയിരുന്നെങ്കിലും
പരദൂഷണം പറയുന്നത്
ഇഷ്ടമല്ലായിരുന്നു.
വേറൊരു വലിയ പ്രത്യേകത,
നാം പറയുന്ന സര്‍വ്വ വിഷയങ്ങളിലും
ഒന്നാന്തരം അഭിപ്രായങ്ങളും
മറുപടികളും പറയുമായിരുന്നു
എന്നതാണ്. വീട്, ഉപകരണങ്ങള്‍,
ആഹാരം, വസ്ത്രം, വാഹനം,
യാത്ര, രാഷ്ട്രീയം, സംസ്ഥാന-
ദേശീയ-അന്തര്‍ദേശീയ കാര്യങ്ങള്‍,
സംഘടനാ പ്രസ്ഥാനങ്ങള്‍,
പത്രമാസികകള്‍, മദ്റസാ-കോളേജ്,
കുടുംബം, കല്യാണം, കച്ചവടം,
മരണം, മര്‍ഹൂമുകള്‍, വാര്‍ത്തകള്‍,
ചരിത്രങ്ങള്‍ എന്നിങ്ങനെ എന്ത്
വിഷയം പറഞ്ഞാലും മര്‍ഹൂം
യഹ്യാക്കാക്ക് അതിനെല്ലാം
ഒന്നാന്തരം പ്രതികരണം
ഉണ്ടാകുമായിരുന്നു. ഒരിക്കലും
അനുവദനീയമായ വിഷയങ്ങളെ
നിരുത്സാഹപ്പെടുത്തിയിട്ടില്ല.
എന്നാല്‍ ദീനിന്‍റെയും ഇല്‍മിന്‍റെയും
മഹാന്മാരുടെയും കാര്യങ്ങള്‍
വളരെ താല്‍പ്പര്യത്തില്‍ കേട്ടിരുന്നു.
മുസ്ലിംകളും അമുസ്ലിംകളുമായ
സ്നേഹിതന്മാരുടെ വലിയ ഒരു
വൃന്ദം മര്‍ഹൂമിനുണ്ടായിരുന്നു.
അവരെല്ലാവരുമായി രാവും പകലും
വലിയ അടുപ്പമായിരുന്നു. അവരോട്
തബ്ലീഗിന്‍റെ കാര്യങ്ങള്‍
പറയുകയില്ലായിരുന്നു,
പക്ഷേ അവരെല്ലാം ഈ
ബന്ധത്തിലൂടെ തബ്ലീഗിനെയും
ദീനിനെയും നന്നായി മനസ്സിലാക്കി
എന്നുള്ളത് അനുഭവ സത്യമാണ്.!
നാളുകളായി ശരീരത്തിന്
അസ്വസ്ഥകള്‍ ഉണ്ടായിരുന്നിട്ടും
കാണിക്കാതെയും അറിയിക്കാതെയും
ഓടി നടക്കുകയുണ്ടായി. മൂസാ
മൗലാനാ മര്‍ഹൂമിന് ശേഷം
തബ്ലീഗ് പ്രവര്‍ത്തനത്തില്‍
വളരെയധികം ആവേശത്തോടെ
പങ്കെടുത്തു. ധാരാളം നാടുകളും
രാജ്യങ്ങളും വിശിഷ്യാ മര്‍ഹൂമിന്‍റെ
വികാരമായിരുന്ന ഹറമുകളിലും
യാത്ര ചെയ്തു. അല്ലാഹു ദറജ
ഉയര്‍ത്തുമാകാറകട്ടെ,
ഫീ സബീലില്ലാഹിയുടെ കൂലിയോടൊപ്പം
ശഹാദത്തിന്‍റെ സമുന്നത സ്ഥാനവും
നല്‍കട്ടെ.!
അവസാനം കഠിന രോഗം ബാധിച്ചു.
പക്ഷേ മനക്കരുത്തിനും ആവേശത്തിനും
ഒരു കുറവും ഉണ്ടായില്ല. ഏതാണ്ട്
മാസങ്ങളോളം ആശുപത്രികളിലും
വീട്ടിലുമായി കഴിഞ്ഞെങ്കിലും ദീനീ
ചിന്തകള്‍ക്കും സംസാരങ്ങള്‍ക്കും
ഒരു കുറവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ
റമദാനുല്‍ മുബാറകിനുമുമ്പ് രോഗം
കഠിനമായി. അല്ലാഹുവിന്‍റെ ഈ
ദാസമുമായി ബന്ധപ്പെട്ട മുഴുവന്‍
തെറ്റ് കുറ്റങ്ങളും മാപ്പാക്കണമെന്ന്
പറഞ്ഞ് അയച്ച മെസ്സേജ് ഈ
പാപിയെ വളരെയധികം കരയിച്ചു.
വിനീതന്‍ കരഞ്ഞുകൊണ്ടുതന്നെ
ആശ്വാസത്തിന്‍റെ മറുപടി നല്‍കി.
പെരുന്നാളിന് കണ്ടപ്പോള്‍ വളരെ
റാഹത്തായിരുന്നു. സഹോദരങ്ങളുടെ
റമദാനിലെ ദുആകളുടെ ഫലമാണ്
ഇതെന്ന് പ്രതികരിച്ചു. നീ അയച്ചുതന്ന
ഖുര്‍ആന്‍ മന്ത്രങ്ങളും വേദനയുടെ ദുആയും
വളരെ ഫലപ്പെട്ടു എന്ന്
പറഞ്ഞത് വലിയ ആശ്വാസമുണ്ടാക്കി.
വിനീതന്‍ ഹജ്ജിലായിരിക്കവേ
പ്രത്യേകം ദുആ ചെയ്യണമെന്ന്
സന്ദേശം അയച്ചു. അല്ലാഹുവിന്‍റെ
തൗഫീഖ് അനുസരിച്ച് ദുആയില്‍
ശ്രദ്ധിച്ചു. ഹജ്ജ് കഴിഞ്ഞ് വന്ന്
അന്വേഷിച്ചപ്പോള്‍ ബാംഗ്ലൂരിലാണ്
ചികിത്സയെന്ന് വിവരം ലഭിച്ചു.
എത്തിയ ഉടനെ വിനീതന്‍
ഭോപ്പാലിലേക്ക് ആള്‍ ഇന്ത്യാ
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ
പരിപാടിക്ക് യാത്രക്ക് ഒരുങ്ങുമ്പോള്‍
യഹ്യാക്കയുടെയും ഞങ്ങള്‍
എല്ലാവരുടെയും പ്രിയങ്കരനും
യഹ്യാക്കയുടെ നന്മകളുടെ
അടിസ്ഥാനവുമായ അല്ലാമാ
മുഫ്തി അഷ്റഫ് അലി ഹസ്റത്
ശാന്തമായി അല്ലാഹുവിന്‍റെ
റഹ്മത്തിലേക്ക് യാത്രയായ വിവരം
അറിഞ്ഞ് ഞെട്ടിപ്പോയി.
പക്ഷേ ആദരണീയ ഉസ്താദിനെ
യാത്ര അയക്കാന്‍ മര്‍ഹൂം
യഹ്യാക്ക ഉണ്ടല്ലോ എന്ന
ചിന്തയാണ് ഇത് കേട്ടപ്പോള്‍
ആദ്യമായി മനസ്സിലേക്ക് വന്നത്.
ഹസ്റത്തിനോട് മാനസികമായി
വലിയ അടുപ്പമായിരുന്നു. തുടര്‍ന്ന്
ഭോപ്പാലില്‍ നിന്നും
തിരിച്ചെത്തിയപ്പോള്‍ ബാംഗ്ലൂരിലെ
ജാമിഅ മസീഹുല്‍ ഉലൂമില്‍ നടക്കുന്ന
സെമിനാറിലേക്കുള്ള ക്ഷണം
യഹ്യാക്കയുടെ ഇയാദത്തിനും
ഹസ്റത്തിന്‍റെ സിയാറത്തിനും
വേണ്ടിമാത്രം സ്വീകരിച്ചു.
എന്നാല്‍ ഇതിന് അവസരം
ഉണ്ടാകുന്നതിന് മുമ്പ്
അല്ലാഹുവിന്‍റെ റഹ്മത്ത്
വളരെയധികം കൊതിച്ചുകഴിഞ്ഞ
ഈ ദാസന്‍ 1439 മുഹര്‍റം 13
(2017 ഒക്ടോബര്‍ 04) ന് റഹ്മാന്‍റെ
വിശാലമായ റഹ്മത്തിലേക്ക്
യാത്രയായി.!
അവസാനം വരെ നമസ്കാരത്തില്‍
വളരെ ശ്രദ്ധയായിരുന്നു. രോഗം
കൂടിയും കുറഞ്ഞും
കൊണ്ടിരുന്നെങ്കിലും നമസ്കാര
കാര്യങ്ങളിലും മറ്റും ഒരു വ്യത്യാസവും
ഇല്ലായിരുന്നു. ലളിത വസ്ത്രങ്ങളാണ്
ധരിച്ചിരുന്നതെങ്കിലും വൃത്തിയിലും
വെടുപ്പിലും വലിയ സൂക്ഷ്മതയായിരുന്നു.
മരണം മുമ്പില്‍ കണ്ടാണ് ജീവിച്ചിരുന്നത്.
എന്നാല്‍ അവസാന വര്‍ഷങ്ങളിലും
മാസങ്ങളിലും ദിനങ്ങളിലും വളരെ
മനക്കരുത്തോടെ കാര്യങ്ങള്‍
എല്ലാം നിര്‍വ്വഹിക്കുകയുണ്ടായി.
കഠിന വേദനകള്‍ ഉണ്ടായിട്ടും
അത് പ്രകടമാക്കാതെ ദീനീ
പരിശ്രമങ്ങളെപ്പറ്റിയുള്ള
ചിന്തയും സംസാരങ്ങളും
തുടര്‍ന്നുകൊണ്ടിരുന്നു.
വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്കും
കൂട്ടുകാര്‍ക്കും അല്ലാഹു
സമാധാനവും ഉന്നത കൂലിയും നല്‍കട്ടെ.!
മര്‍ഹൂമിന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്
സേവനങ്ങള്‍ ചെയ്യുന്നതില്‍
അവര്‍ യാതൊരു വിഴ്ചയും
വരുത്തിയില്ല. മര്‍ഹൂമും അവരെ
വിലമതിക്കുകയും ആശംസിക്കുകയും
ചെയ്തിരുന്നു. അവസാന ദിവസവും
സാധാരണപോലെ എന്നല്ല
സന്തോഷപ്രകടനങ്ങളും മറ്റും
കൂടുതലായിരുന്നു. ഇടക്ക് ജ്യൂസ്
വല്ലതും വേണമെന്ന് പറയുകയും
അനാര്‍ തന്നെ
തെരഞ്ഞെടുക്കുകയും
ചെയ്തു. രാത്രിയും വലിയ
ശാന്തതയില്‍ ആയിരുന്നു.
കുടുംബം ദിക്റിലും ദുആയിലും
വ്യാപൃതരായിരിക്കുന്നതുകണ്ട്
വലിയ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
പാതിരാത്രിയോട് അടുത്ത് അവസ്ഥ
കുറച്ച് മോശമായപ്പോള്‍ ഡോക്ടര്‍
വന്ന് സംസാരിച്ചു. ഐ.സി.യു.വിലേക്ക്
കൊണ്ടുപോകട്ടെ എന്ന് ചോദിച്ചപ്പോള്‍
അതിന്‍റെ ആവശ്യം ഉണ്ടോയെന്ന്
ചോദിച്ചു. ഇതിനിടയില്‍ അവസ്ഥ
അല്‍പ്പം കഠിനമായി. കുടുംബം
ദിക്ര്‍-ദുആയില്‍ മുഴുകി.
അല്ലാഹുവിന്‍റെ ദാസനും
മനസ്സുകൊണ്ട് അതില്‍ ലയിച്ചു.
ഇടക്ക് ജനലിന്‍റെ ഭാഗത്തേക്ക്
തുറിച്ച് നോക്കുകയും ദുആയിലും
മറ്റും വികാരമുണ്ടാകുമ്പോള്‍
ചെയ്യുന്നതുപോലെ വളരെ
കഷ്ടപ്പെട്ടും ശബ്ദത്തിലും കലിമ
വിശിഷ്യാ, അല്ലാഹുവിന്‍റെ
അനുഗ്രഹീത നാമം ഉരുവിട്ടുകൊണ്ട്
സമാധാനത്തോടെ പടച്ചവനിലേക്ക്
യാത്രയായി.!
അടുത്ത ദിവസം, മഗ്രിബ്
കഴിഞ്ഞ് പല റമദാനുകള്‍ മര്‍ഹൂം
യഹ്യാക്ക ഇഅ്തികാഫ് ഇരിക്കുകയും
പ്രവര്‍ത്തന കാര്യങ്ങള്‍
കൂടിയാലോചിക്കുകയും
സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള
മര്‍ഹൂം തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ മസ്ജിദിലും
പരിസരത്തും തിങ്ങിനിറഞ്ഞ ആളുകള്‍ ദുആ
ചെയ്തുകൊണ്ട് മയ്യിത്ത് നമസ്കരിച്ചു.
വീട്ടിലും
കിളികൊല്ലൂര്‍ മസ്ജിദിലും നടന്ന
നമസ്കാരങ്ങള്‍ക്ക് ശേഷം, മഹാനായ
പിതാവിന്‍റെ മടിത്തട്ടിലായി മകനും
എത്തിച്ചേര്‍ന്നു. റഹ്മതുല്ലാഹി അലൈഹിം...
മര്‍ഹൂമിന്‍റെ വേര്‍പാട് തീര്‍ച്ചയായും
ഞങ്ങളുടെ എളിയ കുടുംബത്തിനും
ദീനീ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും
വലിയ നഷ്ടം തന്നെയാണ്.
പക്ഷേ മര്‍ഹൂം ചെയ്ത അതുല്യ
സേവനങ്ങളുടെ വെളിച്ചങ്ങള്‍ എന്നും
വഴിവെളിച്ചമായും ജാരിയായ
സ്വദഖയായും നിലനില്‍ക്കുന്നതാണ്.
അല്ലാഹു പരിപൂര്‍ണ്ണ മഗ്ഫിറത്ത്-
മര്‍ഹമത്തുകള്‍ പ്രദാനം ചെയ്യട്ടെ.!
കുടുംബമിത്രങ്ങളെ ആശ്വസിപ്പിക്കട്ടെ.!
മര്‍ഹൂമിന്‍റെ ജീവിതവും സന്ദേശം
കൂടി വ്യക്തമാക്കുന്ന ഒരു ദുആ
ഉദ്ധരിച്ചുകൊണ്ട് ഇത് ഇവിടെ
അവസാനിപ്പിക്കുന്നു. എറണാകുളം
മസ്ജിദുന്നൂറില്‍ ഒരു വെള്ളിയാഴ്ച
രാവിലെ നീണ്ട ബയാനിന് ശേഷം
നടത്തപ്പെട്ട ദുആയുടെ
അവസാനത്തില്‍ നിലവിളിച്ചുകൊണ്ട്
മര്‍ഹൂം ഇപ്രകാരം ദുആ ഇരന്നു:
അല്ലാഹുവേ, മഹാന്മാരായ
സ്വഹാബത്തിനെ വിശിഷ്യാ
അബൂബക്ര്‍ സ്വിദ്ദീഖ് (റ) നെ
പോലെ ഞങ്ങളെ ആക്കേണമേ.
അദ്ദേഹവും അദ്ദേഹത്തിന്‍റെ
പിതാവും മാതാവും സഹോദരങ്ങളും
ഭാര്യമക്കളും കൂട്ടുകാരും എല്ലാവരും
മുഅ്മിനായിരുന്നു. ഉന്നത
മുഅ്മിനായിരുന്നു. പടച്ചവനെ
ഞങ്ങളെയും അതുപോലെ
ആക്കണേ. അതിന് മഹാന്‍
പരിശ്രമിച്ചതുപോലെ ഞങ്ങള്‍ക്കും
പരിശ്രമിക്കാന്‍ ഉതവി നല്‍കേണമേ.
വസല്ലല്ലാഹു അലന്നബിയ്യില്‍ കരീം.
അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍.

ഇസ്ലാമിക സന്ദേശങ്ങള്‍
കുറഞ്ഞ ചിലവിലും വ്യാപകമായും
പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍
താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള
സോഷ്യല്‍ മീഡിയകള്‍ നന്മ
പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍
മടി കാണിക്കരുത്. നാം മരണപ്പെട്ടാലും
ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

ദുആ ഇരന്ന് കൊണ്ട്...
സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍
സന്ദര്‍ശിക്കൂ...
Swahabainfo.blogspot.com
facebook.com/swahaba islamic foundation

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...