Monday, October 30, 2017

കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യ ഒരു പരിചയം

കായംകുളം
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ
ഒരു പരിചയം

ഇന്ത്യാ മഹാരാജ്യത്തിന്‍റെ തെക്ക് ഭാഗത്ത് സമുദ്ര തീരത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയവും മനോഹരവുമായ ഒരു സംസ്ഥാനമാണ് കേരളം. വശ്യ മനോഹരമായ പ്രകൃതി ഭംഗി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കിയ ഈ നാടിന് ലോക തലത്തില്‍ വലിയ സ്ഥാനമുണ്ട്. ഹരിത ഭംഗിയും മനോഹാരിതയും കൊണ്ട് ഈ കൊച്ചു നാട് എക്കാലവും കച്ചവടക്കാരുടെയും സഞ്ചാരികളുടെയും മനം കവര്‍ന്നിരുന്നു. കളകളാരവം മുഴക്കിയൊഴുകുന്ന മനോഹരമായ അനവധി നദികള്‍, തിരതല്ലിക്കയറുന്ന സമുദ്ര തീരങ്ങള്‍, നിരനിരയായി ഉയര്‍ന്ന് നില്‍ക്കുന്ന പര്‍വ്വതങ്ങള്‍, മറ്റിതര സുന്ദരമായ കാഴ്ചകളും കൂടാതെ മലയാളിയുടെ കരവിരുതില്‍ വിരിഞ്ഞ ഒട്ടനവധി കാഴ്ച വസ്തുക്കളും കൂടി ചേര്‍ന്ന ഈ കേര നാടിനെ അറബികള്‍ "ഖൈറുല്ലാഹ്" എന്നോ "ഖൈറുല്‍ ആലം" എന്നോ വിളിച്ചു എന്നാണ് ചരിത്രാന്വേഷികളുടെ നിഗമനം. ഭാഷയിലും കാലത്തിലും വന്ന വ്യതിയാനം മൂലം ഇത് പിന്നീടത് "കേരളം" എന്നായിത്തീര്‍ന്നു.
ഇതോടൊപ്പം ഇന്ത്യയുടെ മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് മതപരമായ ഒരു പ്രത്യേകതയും കൂടിയുണ്ട്. അറബികളിലെ മുസ്ലിം കച്ചവടക്കാര്‍ ഇന്ത്യയില്‍ ആദ്യമായി വന്നത് ഇവിടെയായിരുന്നു. ഇസ്ലാമിന് മുമ്പ് തന്നെ അറബികള്‍ക്ക് കേരളവുമായി കച്ചവട ബന്ധം ഉണ്ടായിരുന്നു. എന്നല്ല, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിത കാലത്ത് തന്നെ, തങ്ങളുടെ നിയോഗത്തെപറ്റി ഈ നാട്ടുകാര്‍ മനസ്സിലാക്കിയിരുന്നു. കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ ചന്ദ്രന്‍ പിളര്‍ന്ന സംഭവം നേരിട്ട് കണ്ട ഇവിടുത്തെ രാജാവ് അതിന്‍റെ യാഥാര്‍ത്ഥ്യം അന്വേഷിച്ചറിഞ്ഞ് ഇസ്ലാമില്‍ ആകൃഷ്ടരാകുകയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയിലേക്ക് പാരിതോഷികങ്ങള്‍ അയച്ചതും പരിവാരങ്ങളെയും കൂട്ടി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയിലേക്ക് യാത്ര നടത്തിയതും വളരെയേറെ പ്രസിദ്ധമായതും അംഗീകൃതമായ ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സംഭവങ്ങളാണ്. അംഗീകൃതരായ ചരിത്രകാരന്മാര്‍ ഇക്കാര്യം അംഗീകരിച്ചിട്ടുമുണ്ട്. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവും ഫഖീഹുമായ മുഫ്തി മുഹമ്മദ് ശഫീഅ് (റ) ഈ ചരിത്ര യാഥാര്‍ത്ഥ്യം അംഗീകരിച്ചിട്ടുണ്ട്. പ്രസിദ്ധനായ ചരിത്രകാരന്‍ ശ്രീ ബാലകൃഷ്ണന്‍ പറയുന്നു: ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള നബി തിരുമേനി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കത്ത് മറ്റു നാടുകളിലെ രാജാക്കന്‍മാരുടെ സവിധത്തില്‍ എത്തിയത് പോലെ കേരള രാജാവിന്‍റെ  സവിധത്തിലും എത്തിയിരുന്നു. (മുഖദ്ദമത്തു തുഹ്ഫത്തുല്‍ മുജാഹിദീന്‍)
കടല്‍ മാര്‍ഗ്ഗം ഇന്ത്യയില്‍ ആദ്യമായി ഇസ്ലാം എത്തിച്ചേര്‍ന്നത് കേരളത്തിലാണ്. കര മാര്‍ഗ്ഗം സിന്ധിലും. കടല്‍ മാര്‍ഗ്ഗം കേരളത്തിലെത്തിയ മാലികുബ്നു ദിനാര്‍, ഹബീബു ബ്നു മാലിക്, ഷറഫുദ്ദീന്‍ ബ്നു മാലിക് എന്നിവരുടെ പ്രബോധനത്തിന്‍റെ ശക്തമായ നേതൃത്വവും അവരുടെ നിഷ്കളങ്കമായ പ്രവര്‍ത്തനവും മുഖേന കേരളത്തിന്‍റെ പല ഭാഗങ്ങളിലും വളരെ മുമ്പ് തന്നെ ഇസ്ലാം പ്രചരിച്ചു. ഇസ്ലാമിലൂടെ പ്രകാശ പൂരിതമായ ഈ മഹാത്മാക്കള്‍ നബവീ സുന്നത്തുകളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് മസ്ജിദുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അപ്രകാരം ഇന്ത്യയിലെ ആദ്യത്തെ മസ്ജിദ് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പ്രദേശത്ത് സ്ഥാപിതമായി. അതിനോടൊപ്പം തന്നെ എല്ലാ സ്ഥലങ്ങളിലും ഇല്‍മിന്‍റെയും ദീനിന്‍റെയും പ്രബോധനവും ചര്‍ച്ചകളും സജീവമായിത്തന്നെ നടന്നു. ഇസ്ലാം വരുന്നതിന് മുമ്പ് അറബികള്‍ക്ക് കേരളവുമായുള്ള ബന്ധം കച്ചവടത്തിലൂടെ മാത്രമായിരുന്നു. എന്നാല്‍ ഇസ്ലാം വന്നപ്പോള്‍ അതിനോടൊപ്പം ദീനിന്‍റെയും ഇല്‍മിന്‍റെയും ബന്ധവും കൂടി ശക്തി പ്രാപിച്ചു. അബ്ദുല്ലാഹിബ്നു അബ്ദുര്‍റഹ്മാന്‍ (റ) കേരളത്തില്‍ നിന്നും ദിമശ്ഖില്‍ പോയി ശൈഖ് അഹ്മദ് ശീറാസിയില്‍ നിന്നും മറ്റും അറിവ് നേടി. ഇപ്രകാരം ഹിജ്രി 740-ല്‍ കൊച്ചിയില്‍ അബ്ദുല്‍ കരീമുബ്നു ഇബ്റാഹീം അല്‍ദിലി എന്ന മഹാന്‍ എത്തിച്ചേര്‍ന്നു. ഹിജ്രി 879-ല്‍ അബ്ദുല്ലാഹിബ്നു അഹ്മദ്, ഖാസിം ബ്നു അഹ്മദ്, അബൂബക്ര്‍ അഹ്മദ് എന്നിവര്‍ മക്കയിലേക്ക് യാത്ര ചെയ്തു. അല്ലാമാ സഖാവിയില്‍ നിന്നും മറ്റിതര പണ്ഡിതരില്‍ നിന്നും ഹദീസിന്‍റെ ഇല്‍മ് കരസ്ഥമാക്കി. കേരളക്കാര്‍ക്ക് സുപരിചിതനായ മുഹദ്ദിസും ഫഖീഹുമായ അല്ലാമാ ഇബ്നു ഹജര്‍ ഹൈതമി ഹിജ്രി 909-ല്‍ ഇവിടെ വന്ന് ഇല്‍മീ ദാഹികളുടെ ദാഹം ശമിപ്പിച്ചു. മഹാനവര്‍കളില്‍ നിന്നും ഇല്‍മ് കരസ്ഥമാക്കിയവരില്‍ പ്രമുഖനാണ് പ്രസിദ്ധ ഷാഫിഈ ഫിഖ്ഹ് ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിന്‍റെ കര്‍ത്താവായ അല്ലാമാ സൈനുദ്ദീന്‍ മഖ്ദൂം. ഇദ്ദേഹവും കേരളക്കാര്‍ക്ക് സുപരിചിതനാണ്. ഇപ്രകാരം തന്നെ ഇബ്നു ബത്വൂതയുടെ വരവ് കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഇബ്നു ബത്വൂത തന്‍റെ യാത്രാ വിവരണത്തില്‍ ഈ നാടിനെ വളരെ സുന്ദരമായ നിലയില്‍ വിവരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഹള്വ്റത്ത് സയ്യിദ് അഹ്മദ് ശഹീദ് (റ) യും സംഘവും മക്കാമുക്കറമയിലേക്കുള്ള അവരുടെ യാത്രക്കായി തിരഞ്ഞെടുത്ത വഴി കേരളത്തിന്‍റെ തീരപ്രദേശമായ ആലപ്പുഴയുടെ തീരത്തു കൂടിയായിരുന്നു. മേല്‍ വിവരിക്കപ്പെട്ട മതപരവും വിജ്ഞാനപരവുമായ  പ്രത്യേകതകളോടൊപ്പം തന്നെ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയുടെ മറ്റിതര സംസ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്തിയത് പോലെ കേരളത്തിലും സ്വാധീനം ചെലുത്തുകയുണ്ടായി. അത് കാരണമായി ഈ നാട്ടിലെ ദീനീ വിജ്ഞാന കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് സാമ്രാജ്യം തങ്ങളുടെ ശക്തി ഉപയോഗിച്ച് ദീനീ സ്ഥാപനങ്ങള്‍ പിടിച്ചെടുത്തത് കാരണമായി ദീനിന്‍റെ ഉറവിടങ്ങള്‍ വറ്റിപ്പോകുകയും യഥാര്‍ത്ഥ ആലിമുകള്‍ ഇല്ലാതാവുകയും ചെയ്തു. ഈ സമയം ഇന്ത്യയിലെ മറ്റു നാടുകളില്‍ ദീനിനോടു കൂറുള്ള ഉലമാക്കള്‍,  സൂഫിയാക്കള്‍, ഔലിയാക്കള്‍, സാധാരണ കച്ചവടക്കാര്‍ തുടങ്ങിയ ഒരു കൂട്ടം ജനങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകളുടെ ഈമാന്‍ സംരക്ഷിക്കുന്നതിന് വേണ്ടി ധാരാളം ത്യാഗങ്ങള്‍ സഹിച്ചു.
ഈ ത്യാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ദാറുല്‍ ഉലൂം-ദേവ്ബന്ദ്, മള്വാഹിറുല്‍ ഉലൂം-സഹാറന്‍പൂര്‍, നദ്വത്തുല്‍ ഉലമാ - ലക്നൗ തുടങ്ങിയ ധാരാളം ഉന്നത ദീനീ കലാലയങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ വന്നു, കേരളത്തിലെ ഉലമാഉും  ദീനീസ്നേഹികളും ഇതിന്‍റെ തുടര്‍ച്ചയായി ധാരാളം ദീനീ കലാലയങ്ങള്‍ക്കും മദ്റസകള്‍ക്കും ഇവിടെയും അടിത്തറ പാകുകയുണ്ടായി. ഈ മദാരിസുകളുടെ നീണ്ട പട്ടികയില്‍ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന പ്രദേശത്ത് അല്‍ ജാമിഅത്തുല്‍ ഹസനിയ്യ എന്ന പ്രസിദ്ധമായ ദീനീ കലാലയവും സ്ഥാനം പിടിച്ചിട്ടുണ്ട്. ദീനീ സേവനങ്ങളിലും, റബ്ബാനിയായ ഉലമാഇനെ വാര്‍ത്തെടുക്കുന്നതിലും തെക്കന്‍ കേരളത്തില്‍  വളരെയധികം മഹത്വം അര്‍ഹിക്കുന്നതായ ഒരു സ്ഥാപനം കൂടിയാണ് അല്‍ ജാമിഅത്തുല്‍ ഹസനിയ്യ.
സ്ഥാപക പശ്ചാത്തലവും സ്ഥാപകനും
ഈ ദീനീ കലാലയത്തിന്‍റെ സ്ഥാപകന്‍  ജനാബ് ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് അവര്‍കളാണ്. കേളത്തിലെ എണ്ണപ്പെട്ട മഹത് വ്യക്തികളില്‍ ഒരാളായിരുന്ന ഹസന്‍ യഅ്ഖൂബ് സേഠ് കായംകുളം മുനിസിപ്പാലിറ്റിയുടെ  പ്രഥമ ചെയര്‍മാനുമായിരുന്നു. സത്യസന്ധത, ദീനീ ബോധം, കര്‍ത്തവ്യ നിര്‍വ്വഹണം, ജനങ്ങള്‍ക്ക് ഉപകാരം ചെയ്യല്‍, ജാതി-മത ഭേദമന്യേ സാധുക്കളെ സഹായിക്കല്‍ എന്നിവ  അദ്ദേഹത്തിന്‍റെ  ഗുണങ്ങളായിരുന്നു. ഇന്നും അദ്ദേഹം  ജനങ്ങളുടെ നാവുകളിലും ഹൃദയങ്ങളിലും ജീവിക്കുന്നു. ഇതിനോടൊപ്പം അദ്ദേഹം ഒരു പ്രമുഖ വ്യാപാരിയും ഏറെ വിശ്വസ്ഥനും സത്യസന്ധനുമായ വ്യാപാരി എന്നതിന്‍റെ മകുടോദാഹരണവുമായിരുന്നു. ഈ കച്ചവടങ്ങളിലൂടെ ഏത് വഴിയിലും പണം സമ്പാദിക്കുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. കച്ചവടം ശരീഅത്തിന്‍റെ നിയമമനുസരിച്ച്  മാത്രമെ ചെയ്യാവൂ എന്നതില്‍ അദ്ദേഹത്തിന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. അല്ലാഹു തആലാ മഹാനവര്‍കളുടെ സമ്പത്തില്‍വളരെയധികം പുരോഗതി നല്‍കുകയുണ്ടായി.
മഹാനവര്‍കളുടെ സമ്പത്തിലുണ്ടാ യിരുന്ന ഉന്നതമായ സ്വീകാര്യത കാരണമായി സ്വന്തമായി ഒരു ദീനീ സ്ഥാപനം ഉണ്ടാക്കാനുള്ള ചിന്ത മനസ്സിലുണ്ടായി. അതിനെ പറ്റി തന്‍റെ അടുത്ത സ്നേഹിതനായ ജനാബ് യൂനുസ് മൗലവിയുമായി ആലോചിച്ച് ഈ മദ്റസുടെ നിര്‍മ്മാണത്തിന്  തുടക്കം കുറിക്കുകയും ഇതിന്‍റെ നടത്തിപ്പിനായി തന്‍റെ സമ്പത്തിന്‍റെ വലിയ ഒരു ഭാഗം വഖ്ഫ് ചെയ്യുകയും ചെയ്തു. ഇന്നും അദ്ദേഹത്തിന്‍റെ സന്തതികള്‍ ഈ വഴി തുടരുകയും മദ്റസയുടെ ചിലവുകളും അത്യാവശ്യങ്ങളും സ്വന്തം പൈസ കൊണ്ട് തന്നെ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ബാനി അവര്‍കള്‍ തന്‍റെ സ്നേഹിതന്‍ യൂനുസ് മൗലവിയുമായി ആലോചിച്ച് കേരളത്തിലെ ദറസ് മേഖലയിലെ പ്രമുഖനായ മഞ്ചേരി ഇബ്റാഹീം മുസ്ലിയാരെ ഹസനിയ്യയുടെ ആദ്യ പ്രിന്‍സിപ്പാള്‍ ആയി നിശ്ചയിക്കുകയും ചെയ്തു. അന്നു മുതല്‍ 1381 ശവ്വാല്‍ 24 (1962) ല്‍ മഹാനവര്‍കള്‍ അല്ലാഹുവിലേക്ക് മടങ്ങുന്നത് വരെ അല്ലാഹുവിനെ ഭയമുള്ള നിഷ്കളങ്കനായ ഒരു മുത്തവല്ലി എന്ന നിലയില്‍ തന്നെ അദ്ദേഹം മദ്റസ നോക്കി നടത്തി. മദ്റസുടെ പുരോഗതിയില്‍ അതീവ ശ്രദ്ധാലുവായിരുന്ന ബാനിയുടെ ആത്മാര്‍ത്ഥയുടെ പേരിലും ഹലാലായ സമ്പത്തിന്‍റെ ബറക്കത്തിന്‍റെ പേരിലും ഇവിടേക്ക് ദീനീ വിജ്ഞാനം തേടുന്ന വിദ്യാര്‍ത്ഥികള്‍ ധാരാളമായി ഒഴുകിയെത്തി.
ദര്‍സെ നിള്വാമി
കേരള ഭൂപ്രദേശം ഒരു ദീര്‍ഘ കാലഘട്ടം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ഈ നാട്ടിലെ ചില പണ്ഡിതന്മാരുടെയും ദഅ്വത്തിന്‍റെ പ്രവര്‍ത്തകരുടെയും പരിശ്രമ ഫലമായി മറ്റ് നാടുകളുമായി ബന്ധമുണ്ടായി. അപ്രകാരം തന്നെ ഇല്‍മീ കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെയും അതിന്‍റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന മറ്റ് വിജ്ഞാന കേന്ദ്രങ്ങളുടേയും പഠന-പരിശീലന രീതികളെയും പാഠ്യപദ്ധതികളെയും പറ്റി ശരിയായ അവബോധം ഉണ്ടായിത്തീരു കയും ചെയ്തു. കേരള മുസ്ലിമീങ്ങളില്‍ അധിക പേരും ഷാഫിഈ മദ്ഹബനുസരിച്ച് അമല്‍ ചെയ്യുന്നവരാണ്. എന്നതിനാല്‍ തന്നെ അവരുടെ രീതികളനുസരിച്ച് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിലവിലുള്ള പാഠ്യപദ്ധതി ചുരുങ്ങിയ നിലയില്‍ ഇവിടെയും നടപ്പാക്കി. ദര്‍സെ നിള്വാമീ എന്ന പേരിലാണ് അതറിയപ്പെടുക. ഇബ്തിദാഈ  ക്ലാസ്സ് മുതല്‍ ഫളീലത്ത് വരെ ഏഴ് വര്‍ഷം നിപുണന്മാരായ ഉസ്താദുമാരുടെ കീഴില്‍ മദ്റസകളിലായി നടത്തപ്പെടുന്ന കോഴ്സാണ് അത്.
ഇപ്പോഴുള്ള കോഴ്സനുസരിച്ച് ഹദീസ്, ഉസൂലുല്‍ ഹദീസ്, തഫ്സീര്‍, ഉസൂലുത്തഫ്സീര്‍, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, നഹ്വ്, സ്വര്‍ഫ്, മന്‍ത്വിഖ്, ഫല്‍സഫ, ബലാഗ, അറബി അദബ് തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങള്‍ക്ക് പുറമേ ഉറുദു, ഇംഗ്ലീഷ് പ്രാദേശിക ഭാഷയായ മലയാളം എന്നിവയെയും വളരെ പ്രാമുഖ്യത്തോട് കൂടി ഇവിടെ പഠിപ്പിക്കപ്പെടുന്നു. പ്രാരംഭത്തില്‍ രണ്ട് വര്‍ഷം അറബി ഭാഷയിലുള്ള  നൈപുണ്യമുണ്ടാക്കാനും ശേഷമുള്ള രണ്ട് വര്‍ഷങ്ങളില്‍ ആലിയ്യ് ആയ വിഷയങ്ങളില്‍ (നഹ്വ്, സ്വര്‍ഫ്, ബലാഗ, മന്‍ത്വിഖ്) കഴിവുണ്ടാക്കാനും, ശേഷമുള്ള രണ്ടു വര്‍ഷങ്ങള്‍ ഉലൂം ശഷര്‍ഇയ്യയും, അവസാനം ഒരു വര്‍ഷം ദൗറത്തുല്‍ ഹദീസുമാണ് പാഠപദ്ധതി. ഈ സിലബസിന്‍റെ മറ്റൊരു പ്രത്യേകത കേരളത്തില്‍ അധികം ആളുകള്‍ക്കും ഉറുദുവിന്‍റെ അക്ഷരമാല പോലും അറിയില്ലെങ്കിലും ഇവിടെ മൂന്നാം ക്ലാസ്സ് എത്തുമ്പോഴേക്കും കുട്ടികള്‍ ഉറുദു സംസാരിക്കാനും, മനസ്സിലാക്കാനും തുടങ്ങുന്നു എന്നതുമാണ്.
ഹിഫ്ള്വ് നാള്വിറ വിഭാഗം
റസൂലുല്ലാഹി  (സ്വല്ലല്ലാഹു അലൈഹിവസല്ലം) പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ഓരോ അക്ഷരങ്ങളും വേര്‍തിരിച്ച് ഓതുമായിരുന്നുവെന്ന് ഉമ്മു സലമ (റ) വിവരിക്കുന്നു. (തിര്‍മിദി, അബൂ ദാവൂദ്,  നസാഈ) പരിശുദ്ധ ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു         അലൈഹിവസല്ലം) കല്‍പ്പിക്കുകയുണ്ടായി. (അബൂ ദാവൂദ്) ഇബ്നുമസ്ഊദ് (റ) ന്‍റെ അടുക്കല്‍ ചില ആളുകള്‍ വന്നു പറഞ്ഞു: ഞാന്‍ ഒരു റക്അത്തില്‍ തന്നെ മുഫസ്സലാത്തുകള്‍ പൂര്‍ണ്ണമായി ഓതിത്തീര്‍ക്കുന്നു. അദ്ദേഹം കോപാകുലനായിക്കൊണ്ട് പറഞ്ഞു: ഈത്തപ്പഴത്തില്‍ നിന്നും മോശമായതിനെ യാതൊരു പരിഗണനയും കൂടാതെ വലിച്ചെറിയുന്നത് പോലെ ചിലര്‍ പരിശുദ്ധ ഖുര്‍ആനിനെ യാതൊരു ശ്രദ്ധയും കൂടാതെ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. (തിര്‍മിദി) ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ മാത്രമല്ല, തജ്വീദിന്‍റെ നിയമങ്ങള്‍  പരിഗണിക്കലും  ശരിയായ അക്ഷര ശുദ്ധിയോടെ ഹര്‍ഫുകള്‍ ഉച്ചരിക്കലും അറബി  ശൈലിയില്‍  ഖുര്‍ആന്‍  പാരായണം  ചെയ്യലും  കൂടി അത്യാവശ്യമായ കാര്യമാണെന്ന് ഇത്തരത്തിലുള്ള ഹദീസുകള്‍ വ്യക്തമാക്കുന്നു. പലപ്പോഴും ഇക്കാര്യങ്ങള്‍ പരിഗണിക്കാത്ത കാരണത്താല്‍ പ്രതിഫലം ലഭിക്കുന്നതിന് പകരം ശിക്ഷ ലഭിക്കാനാണ് സാധ്യതയുള്ളത്.
നമ്മുടെ ജാമിഅ:യുടെ ഹിഫ്ള്വ് വിഭാഗം പ്രസ്തുത കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുന്നതും അതനുസരിച്ച്  പ്രവര്‍ത്തിക്കുന്നതു മാണ്. അല്‍ ഹംദുലില്ലാഹ്.! ഹസനിയ്യയില്‍ ഹിഫ്ള്വ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇന്നു വരെ ഈ  കാര്യങ്ങള്‍  ശ്രദ്ധിക്കുന്നുണ്ട്.  ഹിഫ്ള്വ് വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ആന്‍ ഓര്‍മ്മയുണ്ടോയെന്നത് മാത്രം പരിശോധിക്കാതെ തജ്വീദോട് കൂടി ഖുര്‍ആന്‍ ഓതാനും പരിശീലിപ്പിക്കുന്നു. അപ്രകാരം ഈ പാരായണ ശൈലി ഹാഫിള്വുകള്‍ക്ക് വശമാകുന്നു. സനദോ അല്ലെങ്കില്‍ ഹിഫ്ള്വ് പൂര്‍ത്തീകരിച്ചുവെന്ന സമ്മതപത്രം നല്‍കണമെങ്കില്‍ വിദ്യാര്‍ത്ഥി കുറഞ്ഞത് പത്ത് ദൗറ പൂര്‍ത്തിയാക്കേണ്ടതാണ്. അല്‍ഹംദുലില്ലാഹ്
ജാമിഅയുടെ ഈ നല്ല  രീതിയുടെ അംഗീകാരമെന്നോണം എല്ലാ വര്‍ഷവും 150 ല്‍ അധികം അഡ്മിഷന്‍റെ അപേക്ഷ വരാറുണ്ട്. ഇന്‍റര്‍വ്യൂ നടത്തിയതിന് ശേഷം വിജയത്തിന്‍റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ കൊടുക്കാറുണ്ട്. ബാക്കിയുള്ള  വിദ്യാര്‍ത്ഥികളെ  വിഷമത്തോടെ  മടക്കി അയക്കുകയോ  അല്ലെങ്കില്‍ വെയിറ്റിംങ്ങ്  ലിസ്റ്റില്‍ പേര് ചേര്‍ക്കുകയും പുതിയ അഡ്മിഷനില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതുമാണ്.  (ഇവിടെ  നിശ്ചയിച്ച ശൈലിയില്‍  ഖുര്‍ആന്‍  ഹിഫ്ള്വ് ചെയ്യാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിച്ചാലും അവര്‍ക്ക് ഹിഫ്ള്വ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരികയും അവര്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കപ്പെടാനാണ് ഇന്‍റര്‍വ്യൂ നിശ്ചയിച്ചിരിക്കുന്നത്.) തജ്വീദോട് കൂടി ഖുര്‍ആന്‍ നോക്കി  ഓതിപ്പഠിക്കുന്നതിനായി  പ്രത്യേകം  ക്ലാസ്സ്  ഉണ്ട്. അതില്‍  പ്രാരംഭത്തില്‍ തന്നെ ഖുര്‍ആന്‍ തജ്വീദോടു കൂടി ഓതാന്‍ പഠിപ്പിക്കുകയും നൂറാനീ ഖാഇദയിലെ നിയമങ്ങള്‍ മനനം ചെയ്യിക്കുകയും ചെയ്യുന്നു. രണ്ട് ജുസ്അ് ഉസ്താദിനെ തെറ്റില്ലാതെ നോക്കി ഓതിക്കേള്‍പ്പിക്കുന്നതിലൂടെ ഖുര്‍ആന്‍ മുഴുവനും നോക്കി ഓതാനുള്ള കഴിവ് വിദ്യാര്‍ത്ഥിക്ക് കരസ്ഥമാകുന്നു. ഈ കാര്യങ്ങളോട് കൂടി ഫിഖ്ഹിന്‍റെ മസ്അലകളും, ഹദീസില്‍ വന്നിട്ടുള്ള ദുആക്കളും, നാല്‍പത് ഹദീസുകളും പ്രത്യേകമായി മനനം ചെയ്യിപ്പിക്കുകയും അതിനായി പ്രത്യേക പരീക്ഷകള്‍ നടത്തപ്പെടുകയും ചെയ്യുന്നു. ഈ മദ്റസയില്‍ നിന്നും മറ്റു മദ്റസകളില്‍ നിന്നും വിവിധ വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം നേടിയ ഉസ്താദുമാരാണ് ഇവിടെ സേവന രംഗത്തുള്ളത്.
ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് സ്മാരക ലൈബ്രറി
ജാമിഅ:യുടെ കിഴക്ക് ഭാഗത്തുള്ള ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് സ്മാരക മന്ദിരത്തിന്‍റെ മുകളിലെ നിലയില്‍ വിപുലമായ ലൈബ്രറി തയ്യാറാക്കപ്പെട്ടിരിക്കുന്നു. ലൈബ്രറി അത്യാവശ്യമായ ഗ്രന്ഥങ്ങളാല്‍  സമൃദ്ധമാണ്. പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ ഗ്രന്ഥങ്ങളുടെ വലിയ ഒരു ശേഖരം തന്നെ അവിടെയുണ്ട്. ഗ്രന്ഥങ്ങള്‍ ഉസ്താദുമാരുടെയും, വിദ്യാര്‍ത്ഥികളു ടെയും കൈവശം കൊടുത്ത് വിടുന്നതിനും ഇവിടെ സംവിധാനമുണ്ട്. എല്ലാ വര്‍ഷവും പുതിയ പുതിയ ധാരാളം ഗ്രന്ഥങ്ങള്‍ വാങ്ങിക്കുകയും ചെയ്യാറുണ്ട്.  ഇക്കാര്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കാട്ടുന്ന ശുഷ്കാന്തി പ്രശംസനീയമാണ്. പഠനവേളയിലും മറ്റ് സമയങ്ങളിലും ഇത് തുറന്നിടാറുണ്ട്. ഉസ്താദുമാരും കുട്ടികളും ഇത് വളരെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താറുണ്ട്. ഉസ്താദുമാരില്‍ നിന്നുതന്നെ ഇതിന്‍റെ നേതൃത്വ ഉത്തരവാദികളെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വം ഇവര്‍ പൂര്‍ണ്ണമായി നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ മന്ദിരത്തിന്‍റെ ഏറ്റവും താഴെ  നിലയില്‍  ക്ലാസ്സ്  മുറികളാണുള്ളത്. മുകളിലെ നിലയില്‍ ബാനി അവര്‍കളുടെ  പേരിലായി ഒരു  വലിയ  ഹാളുമുണ്ട്. ഇവിടെയാണ് വിദ്യാര്‍ത്ഥികള്‍ കൂടിയിരുന്ന് പരസ്പരം പഠിക്കുന്നതും പഠിപ്പിക്കുന്നതും. ഇതില്‍ മറ്റ് പല പൊതുവായ പരിപാടികളും നടത്താറുണ്ട്.
സമാജം, മത്സരം, സെമിനാര്‍
വിദ്യാര്‍ത്ഥികളില്‍ പ്രഭാഷണ-രചനാ പാടവം വളര്‍ത്തിയെടുക്കാനായി അന്നാദി അല്‍ അദബി എന്ന നാമധേയത്തില്‍ ഒരു സമാജവും ജാമിഅയില്‍ നടന്നു വരുന്നുണ്ട്. ഇതിനു കീഴില്‍ കുട്ടികള്‍ ആഴ്ചതോറും  അറബി, ഉര്‍ദു, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രസംഗ പരിശീലനം നടത്തുന്നു. മാസം തോറും ചുവര്‍ പത്രികയും മൂന്ന് ഭാഷകളിലും പ്രസിദ്ധീകരിക്കാറുണ്ട്. പ്രസിദ്ധീകരണ ഉത്തരവാദിത്വം വിദ്യാര്‍ത്ഥികള്‍ക്കാണെങ്കിലും മേല്‍നോട്ടം വഹിക്കുന്നത് മുഹ്തമിമും മറ്റ് ഉസ്താദുമാരുമാണ്. സമാജത്തിന് കുട്ടികള്‍ക്ക് പരിശീലനം നേടുന്നതിനായി പ്രസ്തുത മൂന്ന് ഭാഷയിലുള്ള ഗ്രന്ഥങ്ങളുടെ അമൂല്യ ശേഖരമുള്ള ഒരു ലൈബ്രറിയുമുണ്ട്. കുട്ടികളിലെ പ്രതിഭാ വിലാസം വളര്‍ത്തിയെടുക്കുന്നതിനും മത്സര ബുദ്ധി ഉണ്ടാക്കി എടുക്കുന്നതിനുമായി വര്‍ഷം തോറും വൈജ്ഞാനിക മത്സരം സംഘടിപ്പിക്കപ്പെടുന്നു.  അതില്‍ വിജ്ഞാനീയം - ഭാഷാ സാഹിത്യം - ഖുര്‍ആന്‍ പാരായണം - മനനം തുടങ്ങിയ പ്രധാനപ്പെട്ട ശീര്‍ഷകങ്ങള്‍ക്കു കീഴിലാണ് മത്സരം നടത്തപ്പെടുന്നത്. ഈ മത്സരം ഏറെ പ്രയോജനപ്രദവും, പ്രശംസനീയവുമാണ്. കേരളത്തിലെ മറ്റ് സ്ഥാപനങ്ങളിലെ ഉസ്താദുമാരും  വിധികര്‍ത്താക്കളായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നുണ്ട്. അപ്രകാരം തന്നെ പ്രധാന വിഷയങ്ങളില്‍ വിദഗ്ധരായ വ്യക്തിത്വങ്ങളുടെ മേല്‍നോട്ടത്തില്‍ സെമിനാറുകള്‍ നടത്തപ്പെടാറുണ്ട്. വിദ്യാര്‍ത്ഥികള്‍ പ്രസ്തുത വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ശേഷം വിഷയാവതാരകന്‍ വിഷയമവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് നടന്നു വരുന്ന ശൈലി. പൂര്‍വ്വവിദ്യാര്‍ത്ഥികളും, മറ്റ് ആലിമുകളും, പൊതു ജനങ്ങളുമെല്ലാം വലിയ താല്‍പര്യത്തോടെ ഇതില്‍  ശ്രോദ്ധാക്കളായി എത്താറുണ്ട്. കുട്ടികള്‍ക്ക് വിഷയാവതാരകരോടൊപ്പം ചര്‍ച്ചകളില്‍ തുറന്ന് പങ്കെടുക്കാനും അനുവാദം നല്‍കപ്പെടാറുണ്ട്.
തര്‍ബിയത്തിന്‍റെ ശൈലി
പഠനത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നതിനോടൊപ്പം തന്നെ കുട്ടികളുടെ തര്‍ബിയത്തിനും പ്രാധാന്യം നല്‍കുന്നത് മദ്റസയുടെ പ്രത്യേകതയാണ്. ശരീരപ്രകൃതം, ജീവിത ശൈലി, വസ്ത്രരീതി എന്നിവയെല്ലാം  സുന്നത്തനുസരിച്ച് ആക്കിത്തീര്‍ക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പ്രേരണയും പരിശീലനവും നല്‍കാറുണ്ട്. മോശമായ പ്രവര്‍ത്തനങ്ങളും സ്വഭാവങ്ങളും കര്‍ശനമായി നിരുല്‍സാഹപ്പെടുത്താറുണ്ട്. മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നത് മഹാ അപരാധമായി ഗണിക്കപ്പെടും. എന്നാല്‍ ഉസ്താദുമാരുടെ ഫോണുപയോഗിച്ച് വീട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിളിക്കാവുന്നതുമാണ്. ഇടക്കിടെ മഹത്തുക്കളായ പല പണ്ഡിത ശ്രേഷ്ടരുടെയും ഉപദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനും ശ്രദ്ധിക്കാറുണ്ട്. വിദ്യാര്‍ത്ഥികളും ഉസ്താദുമാരും തബ്ലീഗ് പ്രവര്‍ത്തനത്തില്‍ സ്വന്തം താല്‍പര്യത്തില്‍ പങ്കെടുക്കാറുണ്ട്. ആഴ്ചയില്‍ ഒരു ദിവസവും, ഇടക്കിടെ മൂന്ന് ദിവസവും, വര്‍ഷം തോറും നാല്‍പത് ദിവസവും താല്‍പര്യത്തോടെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടാറുമുണ്ട്. അല്ലാഹു സ്വീകരിക്കുമാറാകട്ടെ!
ഭക്ഷണ സൗകര്യം
ദിനവും മൂന്ന് നേരം  ഭക്ഷണം ക്രമീകരിച്ചിരിക്കുന്നതിനോട് കൂടി വിദ്യാര്‍ത്ഥികള്‍ക്കും ഉസ്താദ്മാര്‍ക്കും ഫജ്റിനും  അസ്റിനും ശേഷം ചായയും കടിയും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഒരാഴ്ചത്തേക്കുള്ള മെനു ക്ലിപ്തമാണ്. അതനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കപ്പെടുന്നത്. ഇതില്‍ വ്യത്യസ്ത രുചികളുടെയും പോഷകത്തിന്‍റെയും വൈവിദ്ധ്യവും പരിഗണിച്ചിട്ടുണ്ട്. മാംസം, മത്സ്യം, പച്ചക്കറി തുടങ്ങി ദക്ഷിണേന്ത്യന്‍ വിഭവങ്ങളൊക്കെയും ഈ മെനുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ നെയ്ച്ചോറും, ഇടയ്ക്കിടെ ബിരിയാനിയും നല്‍കപ്പെടാറുണ്ട്. ഉസ്താദ്മാര്‍ക്ക് പ്രത്യേക ഭക്ഷണങ്ങള്‍ തയ്യാറാക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉസ്താദുമാര്‍ക്ക് അവരുടെ ഭക്ഷണ ശൈലികള്‍ക്കും താത്പര്യങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കാറുണ്ട്.
തുണി കഴുകാനുള്ള സൗകര്യം
വിദ്യാര്‍ത്ഥികളുടെ സമയം പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്തു ന്നതിനും പാഠങ്ങളിലും ഗ്രന്ഥ പാരായണത്തിലുമായി  സമയം ചിലവഴിക്കണമെന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ തുണി കഴുകാനുള്ള ഏര്‍പ്പാടുകള്‍ നടത്തി വരുന്നുണ്ട്. സാമ്പത്തിക ശേഷിയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും വെറും തുച്ഛമായ നിരക്കില്‍ ഫീസ് ഈടാക്കി വസ്ത്രം കഴുകി ഇസ്തിരിയിട്ട് കൊടുക്കപ്പെടുന്നു. അതിനായി ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. അവര്‍ വിദ്യാര്‍ത്ഥികളില്‍  നിന്നും വസ്ത്രങ്ങള്‍ എടുത്ത് ജോലി പൂര്‍ത്തിയാക്കി തിരിച്ച് അവരുടെ  ബെഡില്‍  തന്നെ  വയ് ക്കുന്നു. കുട്ടികളുടെ വസ്ത്രങ്ങള്‍  പരസ്പരം മാറിപ്പോകാതിരിക്കാനായി  ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം കോഡ് നമ്പരും ബാഗുകളും നല്‍കിയിട്ടുണ്ട്.
മഹാന്മാരായ പണ്ഡിതരും ജാമിഅയും
തുടക്കം മുതല്‍ തന്നെ മഹാന്മാരായ  ഉന്നതരായ ഉലമാഇന്‍റെ ദൃഷ്ടി പതിഞ്ഞു  എന്നത്  ഈ  ജാമിഅയുടെ  ഒരു പ്രത്യേക ഭാഗ്യമാണ്. തഖ്വയും സംസ്കരണവും മുഖമുദ്രയാക്കിയ എണ്ണമറ്റ മഹാന്മാരായ ഉലമാഇന് ആതിഥ്യമരുളാന്‍ ജാമിഅക്ക് തൗഫീഖ് ലഭിച്ചിട്ടുണ്ട്. ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഉസ്താദുമാരായ ഹള്റത്ത് മൗലാനാ അര്‍ഷദ് മദനി, അല്ലാമാ ഖമറുദ്ദീന്‍ ഗോരഖ്പൂരി, ഹള്വ്റത്ത് മൗലാനാ അബ്ദുല്‍ ഹഖ് അഅ്സംഗഢ്, ഹള്വ്റത്ത് മൗലാനാ നിഅ്മത്തുല്ലാഹ് അഅ്ളമി, ഹള്റത്ത് മൗലാനാ മുജാഹിദുല്‍ ഇസ്ലാം ഖാസിമി, ഹള്റത്ത് മൗലാനാ ഷൗക്കത്തലി ബസ്തവി, ഹള്റത്ത് മൗലാനാ മുഫ്തി സഈദ് അഹ്മദ് പാലന്‍പൂരി, ഹള്വ്റത്ത് മുഫ്തി അമീന്‍ സ്വാഹിബ് പാലന്‍പൂരി, ഹള്വ്റത്ത് മുഫ്തി ജമീല്‍ സാഹിബ്, ദാറുല്‍ ഉലൂം ദയൂബന്ദ് സ്വദ്ര്‍ മുഫ്തി ഹള്വ്റത്ത് ഹബീബുര്‍റഹ്മാന്‍ ഖൈറാബാദി, ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയിലെ മഹാന്മാരായ ഉസ്താദുമാര്‍ ഹള്റത്ത് മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്വി, ഹള്വ്റത്ത് മൗലാനാ സജ്ജാദ് റഹ്മാന്‍ അഅ്ള്വമി നദ്വി, ഹള്വ്റത്ത് മൗലാനാ സല്‍മാന്‍ ഹുസൈനി നദ്വി, ഹള്വ്റത്ത് മൗലാനാ അബ്ദുല്ലാഹ് ഹസനി നദ്വി, ഹള്വ്റത്ത് മൗലാനാ വാള്വിഹ് ഹസനി നദ്വി, ഹള്റത്ത് മൗലാനാ ഖ്വാരി ത്വയ്യിബ് സാഹിബിന്‍റെ പ്രിയ പുത്രന്‍ ഹള്വ്റത്ത് മൗലാനാ സാലിം  സ്വാഹിബ്  ഖാസിമി, മൗലാനാ സകരിയ്യ നദ്വി സംഭലി, മൗലാനാ അമീന്‍ ഹര്‍ദോയി, ചാലിയം ഉസ്താദ്, മൂസാ മൗലാനാ, വടുതല മൂസാ ഉസ്താദ്, ചേലക്കുളം അബുല്‍ ബുഷ്റാ ഉസ്താദ്, ഇടത്തല അബ്ദുല്‍ കരീം ഉസ്താദ് തുടങ്ങിയ മഹാരഥന്മാരും ഈ ജാമിഅയുടെ അതിഥികളായിട്ടുണ്ട്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ മുന്‍ ജനറല്‍ സെക്രട്ടറി ഹള്വ്റത്ത് മൗലാനാ നിള്വാമുദ്ദീന്‍ ഖാസിമി ഗയാവി തന്‍റെ സ്നേഹിതന്മാരായ പണ്ഡിതരുമൊത്ത് ജാമിഅ സന്ദര്‍ശിച്ചിരുന്നു. ഫിഖ്ഹ് അക്കാഡമിയുടെ ജനറല്‍ സെക്രട്ടറി ഹള്വ്റത്ത്  മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി, ഹള്റത്ത് മൗലാനാ ഉബൈദുല്ലാഹില്‍ അസ്അദി, ഹള്വ്റത്ത് പീര്‍ മൗലാന ത്വല്‍ഹാ സാഹിബ് സഹാറന്‍പൂരി, മൗലാനാ സല്‍മാന്‍ മള്വാഹിരി, ബാഖിയാത്തിന്‍റെ മുഹ്തമിം മൗലാനാ യഅ്ഖൂബ് സ്വാഹിബ്, ഹള്വ്റത്ത് മൗലാനാ മര്‍ഹൂം (കര്‍ണാടക അമീറേ ഷരീഅത്ത്) മുഫ്തി ഹള്വ്റത്ത് മൗലാനാ അബൂ സഊദ് സാഹിബ്, ഹള്വ്റത്ത് മൗലാനാ ഇബ്റാഹീം സാഹിബ് പാണ്ടാരി തുടങ്ങിയവരും ജാമിഅ സന്ദര്‍ശിച്ചിട്ടുണ്ട്.
ജാമിഅ:യുടെ ഫാളിലീങ്ങളും, ഹാഫിള്വീങ്ങളും
ദര്‍സെ നിള്വാമി നിലവില്‍ വന്നത് മുതല്‍ (ഹി: 1404) ഇന്ന് വരെ (ഹി: 1437) 200 ഫാള്വിലീങ്ങളും 217 ഹാഫിള്വീങ്ങളും ജാമിഅയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവര്‍ അവരുടേതായ സേവനരംഗങ്ങളില്‍ കര്‍മ്മനിരതരാണ്. മലയാളികള്‍ അവരെ വളരെ ആദരവോടെയാണ് കാണുന്നത് എന്നതില്‍ നാം അല്ലാഹുവിനെ സ്തുതിക്കുന്നു. അല്ലാഹു ജാമിഅയെ ഉത്തരോത്തരം വളര്‍ത്തുകയും, നമ്മുടെ എല്ലാവരുടെയും എല്ലാ സേവനങ്ങളെയും സ്വീകരിക്കുകയും നാമെല്ലാവരെയും അനുഗ്രഹിക്കുകയും ഈ സ്ഥാപനത്തിന്‍റെ തണലില്‍ നല്ല നിലയില്‍ കഴിയാനും മുന്നോട്ടു നീങ്ങാനും അല്ലാഹു തൗഫീഖ് നല്‍കുകയും ചെയ്യട്ടെ - ആമീന്‍
AL-JAMI'ATHUL HASANIYYA
kayamkulam
Alappuzha
Kerala
India
Website:
www.hasaniyya.in
E-mail:
alhasaniyya@gmail.com
Tell :
+91 7025930555

ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും  പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക്  പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!

👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.


🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...

Swahabainfo.blogspot.com

https://www.facebook.com/swahaba islamic foundation

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...