മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹിമഹുല്ലാഹ്)
https://swahabainfo.blogspot.com/2019/06/blog-post_14.html?spref=tw
ഇന്ത്യാ-പാക് വിഭജനാനന്തര കാലഘട്ടത്തില്‍ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ മുസ്ലിം സമൂഹം ഇസ്ലാമിനെ കൈവെടിഞ്ഞ് ഹൈന്ദവരായിക്കൊണ്ടിരുന്നപ്പോള്‍ അവരെ ഇസ്ലാമിലേക്ക് മടക്കിക്കൊ ണ്ടുവരാനും ഇസ്ലാമിലുറപ്പിച്ച് നിര്‍ത്താനുമായി എല്ലാം ത്യജിച്ച, 'ഖര്‍നെ അവ്വല്‍ കാ ഹീരാ' (ആദ്യ നൂറ്റാണ്ടിന്‍റെ രത്നം) നേടിയെടുക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹാനായിരുന്നു മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്).
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി എഴുതുന്നു: "മൗലാനാ ഇല്‍യാസ് (റഹ്) യുടെ വ്യക്തിത്വം അല്ലാഹുവിന്‍റെ ഖുദ്റത്തിന്‍റെ അടയാളവും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മുഅ്ജിസത്തിന്‍റെ തെളിവുമാണെന്ന വിഷയത്തില്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്വി അടക്കം ഞങ്ങള്‍ക്കാര്‍ക്കും ഒരു സംശയവുമില്ലായിരുന്നു. സ്വഹാബാക്കളുടെയും ആദ്യ നൂറ്റാണ്ടിലെ മഹാന്‍മാരുടെയും ഗുണങ്ങള്‍ നമുക്ക് കണ്ടു മനസ്സിലാക്കുന്നതിനായി ഇക്കാലത്ത് നമ്മുടെ ഇടയില്‍ വെളിപ്പെടുത്തപ്പെട്ടവരായിരുന്നു മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്)."
മൗലാനാ നുഅ്മാനി വീണ്ടും എഴുതുന്നു: "മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) ശാരീരികമായി വളരെ മെലിഞ്ഞവരും ബലഹീനരും ആയിരുന്നു. പക്ഷേ, പരിശുദ്ധമായ ഒരു ലക്ഷ്യത്തിന് വേണ്ടി തുല്യതയില്ലാത്ത ത്യാഗപരിശ്രമമാണ് മഹാനവര്‍കള്‍ കാഴ്ചവെച്ചത്. ഒരാളുടെ മുമ്പില്‍ സ്വര്‍ഗ്ഗത്തെ അതിന്‍റെ പരിപൂര്‍ണ്ണ ഭംഗിയോടെയും ആകര്‍ഷണീയതയോടെയും നരകം അതിന്‍റെ പൂര്‍ണ്ണമായ ഭയാനകതകളോടെയും കൂടി പ്രദര്‍ശിപ്പിക്കപ്പെടുകയും ഇന്ന ജോലി ചെയ്താല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്നും ചെയ്തില്ലെങ്കില്‍ നരകത്തില്‍ ഇടപ്പെടുമെന്നും പറയപ്പെട്ടാല്‍, ആ മനുഷ്യന്‍റെ പരിശ്രമം, മൗലാനാ മുഹമ്മദ് ഇല്‍യാസ് ചെയ്ത പരിശ്രമത്തെക്കാള്‍ -പ്രത്യേകിച്ച് അവസാന സമയത്ത് ചെയ്ത പരിശ്രമത്തെക്കാള്‍ - ഒട്ടും കൂടുതലായിരിക്കുന്നതല്ല.
അബൂബക്ര്‍ സ്വിദ്ദീഖ് (റ) ലേക്ക് പരമ്പര എത്തുന്ന, ഉയര്‍ന്ന ദീനിയ്യായ അവസ്ഥയിലായിരുന്ന സിദ്ദീഖീ കുടുംബത്തില്‍ ഹി: 1308-ല്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ജനിച്ചു. പിതാവ് മൗലാനാ മുഹമ്മദ് ഇസ്മാഈല്‍ (റഹ്).
"മൗലാനാ മുഹമ്മദ് ഇല്‍യാസിനെ കാണുമ്പോള്‍ എനിക്ക് സ്വഹാബാക്കളെ ഓര്‍മ്മ വരുന്നു" എന്ന് മൗലാനാ മഹ്മൂദുല്‍ ഹസന്‍ ദേവ്ബന്ദി (റഹ്) അവര്‍കള്‍ പറയാറുണ്ടായിരുന്നു.
മൗലാനാ മുഹമ്മദ് ഇല്‍യാസ്, സഹോദരന്‍റെ കൂടെ അക്കാലത്ത് സ്വാലിഹുകളുടെയും, ആലിമീങ്ങളുടെയും കേന്ദ്രമായിരുന്ന ഗംഗോഹിലെത്തി പഠനം ആരംഭിച്ചു. മനുഷ്യ ജീവിതത്തില്‍ സാഹചര്യങ്ങളുടെ പ്രതിഫലനത്തെ ഉള്‍ക്കൊള്ളുന്ന പ്രധാന കാലയളവ് മൗലാനാ, സഹോദരന്‍റെയും മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി (റഹ്) യുടെയും സഹവാസത്തില്‍ ഗംഗോഹില്‍ കഴിച്ചു കൂട്ടി. പത്ത് വര്‍ഷക്കാലം ഈ സഹവാസം ലഭിച്ചു.
ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ ദേവ്ബന്ദി (റഹ്) യുടെ ഹദീസിന്‍റെ ദര്‍സില്‍ പങ്കെടുക്കുന്നതിനായി ഹിജ്റ 1326-ല്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ദേവ്ബന്ദിലെത്തി. ശേഷം സഹോദരന്‍ മൗലാനാ മുഹമ്മദ് യഹ്യ (റഹ്) യില്‍ നിന്ന് നാല് മാസം കൊണ്ട് ഹദീസിന്‍റെ പാഠങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു പഠിച്ചു. മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരിയുടെ മേല്‍നോട്ടത്തില്‍ ആത്മീയ പരിശീലനവും പൂര്‍ത്തീകരിച്ചു. ഈ കാലയളവില്‍ ശാഹ് അബ്ദുര്‍റഹീം റായ്പൂരി, മൗലാനാ മഹ്മൂദുല്‍ ഹസന്‍ ദേവ്ബന്ദി, മൗലാനാ അശ്ഫ് അലി ത്ഥാനവി (റഹ്) തുടങ്ങി, ഗംഗോഹി (റഹ്) യുടെ മഹാന്മാരായ ഖലീഫമാരുമായി ആത്മീയ ബന്ധം സ്ഥാപിക്കുകയും അവരുടെ സഹവാസത്തില്‍ കഴിയുകയും ചെയ്തിരുന്നു.
ഹിജ്റ 1328 ശവ്വാലില്‍ സഹാറന്‍പൂര്‍ മളാഹിറുല്‍ ഉലൂമില്‍ മുദര്‍രിസായി നിയമിക്കപ്പെട്ടു. ഹിജ്റ 1330 ദുല്‍ഖഅദ് 6 വെള്ളിയാഴ്ച അസ്ര്‍ നമസ്കാരാനന്തരം മാതൃ സഹോദരന്‍ മൗലവി റഊഫുല്‍ ഹസന്‍റെ മകളുമായി വിവാഹം നടന്നു. സദസ്സില്‍ മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരി (റഹ്), ശാഹ് അബ്ദുര്‍റഹിം റായ്പൂരി (റഹ്), മൗലാനാ അശ്റഫ് അലി ത്ഥാനവി (റഹ്) തുടങ്ങിയ മഹാന്മാര്‍ പങ്കെടുത്തിരുന്നു. ഹിജ്റ 1333 ല്‍ മൗലാനാ സഹാറന്‍പൂരിയോടൊപ്പം ആദ്യ ഹജ്ജ് നിര്‍വ്വഹിച്ചു.
ഡല്‍ഹി, നിസാമുദ്ദീനിലേക്ക്...
ജ്യേഷ്ഠന്‍റെ മരണത്തെത്തുടര്‍ന്ന് പിതാവും, ശേഷം ജ്യേഷ്ഠനും തുടങ്ങി വെച്ച ഒരു സേവനം തുടരാനായി മഹാനവര്‍കളെ എല്ലാവരും നിര്‍ബന്ധിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രധാന ദീനീ സ്ഥാപന ങ്ങളിലൊന്നായ മളാഹിറുല്‍ ഉലൂമിലെ സീനിയര്‍ മുദര്‍രിസ് സ്ഥാനം കയ്യൊഴിഞ്ഞ് ബംഗ്ലാവാലി മസ്ജിദില്‍ മദ്റസയുടെ മുഅല്ലിമാകണം. എന്നാല്‍, ഇഖ്ലാസോടെ ആ ത്യാഗത്തിന് തയ്യാറായപ്പോള്‍ ലോകം മുഴുവന്‍ ലക്ഷക്കണക്കിന് മദ്റസകളും ആലിമുകളും ഹാഫിളുകളും മുഫ്തികളും ദാഇകളും ദീനീ ഗ്രാമങ്ങള്‍ തന്നെയുമുണ്ടാകാന്‍ മഹാനവര്‍കള്‍ കാരണമായി. ക്രമേണ ബംഗ്ലാവാലി മസ്ജിദില്‍ ദര്‍സും സജീവമായി. ഹദീസിന്‍റെ ദര്‍സ് ആരംഭിക്കുന്നതിന് മുമ്പ് വുളൂഅ് ചെയ്ത് രണ്ട് റക്അത്ത് നമസ്കരിച്ചതിന് ശേഷം ഇപ്രകാരം പറയുമായിരുന്നു: ഹദീസിനോടുള്ള കടമ ഇതിലും കൂടുതലാണ്. ഇത് താഴ്ന്ന പടിയാണ്.
മൗലാനായുടെ ദീനീ പരിശ്രമം.!
മേവാത്തികള്‍ പേരില്‍ മാത്രം മുസ്ലിംകളായിരുന്നു. എന്നാല്‍ മേവാത്തിന്‍റെ അതിര്‍ത്തിയില്‍ നിസാമുദ്ദീനില്‍ താമസമുറപ്പിച്ച മൗലാനായുടെ പിതാവായ മൗലാനാ മുഹമ്മദ് ഇസ്മാഈല്‍ ആ ജനതയെ ദീനിലേക്ക് മടക്കിക്കൊണ്ടു വരാനായി ചെയ്ത പരിശ്രമങ്ങള്‍ വലിയ ഫലം കണ്ട് തുടങ്ങിയിരുന്നു. അതിനാല്‍ പിന്‍ഗാമിയായ മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) വന്നപ്പോള്‍ നേരില്‍ സന്ദര്‍ശിക്കുന്നതിന് മേവാത്തികള്‍ കൂട്ടം കൂട്ടമായി വരികയും ആത്മീയ ശിക്ഷണത്തിന്‍റെ ബന്ധം സുദൃഢമാക്കുകയും ചെയ്തു.
രോഗവും ചികിത്സയും
മൗലാനായുടെ അഭിപ്രായത്തില്‍ മേവാത്തികളില്‍ മാറ്റത്തിന്‍റെ വഴി, ദീനീ മദ്റസകള്‍ സ്ഥാപിച്ച് അവരില്‍ ദീനിയായ അറിവ് പ്രചരിപ്പിക്കുക എന്നതായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ നൂറില്‍പരം മദ്റസകളാണ് മേവാത്തില്‍ മൗലാനാ സ്ഥാപിച്ചത്. മൗലാനായുടെ കൈവശം അനന്തര സ്വത്തായോ സംഭാവനയായോ എത്തിയ മുഴുവന്‍ ധനവും മേവാത്തിലെ ദീനീ സേവന രംഗത്ത് ചെലവഴിച്ചു. പിന്നീടാണ് ജനങ്ങളുടെ സംഭാവന സ്വീകരിച്ചത്. ഓരോ സ്ഥലങ്ങളിലും കലഹത്തില്‍ ഏര്‍പ്പെട്ടിരുന്ന വിഭാഗങ്ങളെ മൗലാനാ യോജിപ്പിന്‍റെ മേഖലകളിലെത്തിച്ചു. ഇതോടെ മേവാത്ത് നിവാസികള്‍ക്കും മൗലാനാക്കുമിടയില്‍ ദീനിയായ ആത്മീയമായ ഒരു ബന്ധം സ്ഥാപിക്കപ്പെട്ടു.
ശരീഅത്തിന്‍റെ കല്‍പനകള്‍ ബാധകമായിട്ടില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രാഥമിക മദ്രസകള്‍. പ്രായപൂര്‍ത്തിയെത്തിയ ശരീഅത്തിന്‍റെ കല്‍പ്പനകള്‍ ബാധകമായ ആളുകള്‍ ഇല്‍മും അമലും ഇല്ലാതെ ജീവിച്ച് അല്ലാഹുവിന്‍റെ കോപത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് വേണ്ടി പ്രത്യേക ഏര്‍പ്പാടുകളൊന്നും തന്നെയില്ല. ഈ ചിന്ത മൗലാനായെ അലട്ടിക്കൊണ്ടിരുന്നു.
സഹാറന്‍പൂരി (റഹ്) യോടൊപ്പം രണ്ടാമത്തെ ഹജ്ജിനായി പുറപ്പെട്ട് മദീനാ മുനവ്വറയിലെ താമസകാലം അവസാനിച്ച് മടങ്ങാനൊരുങ്ങുമ്പോള്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) ക്ക് മടങ്ങാന്‍ മനഃപ്രയാസമുള്ളതു പോലെ ഒരു പ്രത്യേക അവസ്ഥയിലായിരുന്നു. പുണ്യ മദീനയിലെ ഈ താമസത്തിനിടയില്‍ ഇല്‍ഹാം മുഖേന ഈ പ്രവര്‍ത്തനത്തിന്‍റെ കല്‍പന തനിക്കുണ്ടായി എന്ന് മൗലാനാ പറയുമായിരുന്നു. ഹിജ്റ 1351-ല്‍ മൂന്നാമത്തെ ഹജ്ജ് യാത്രയില്‍ മസ്ജിദുല്‍ ഹറാമില്‍ തബ്ലീഗിനെ കുറിച്ച് പറയുന്ന ധാരാളം സദസ്സുകള്‍ നടത്തിയിരുന്നു. ഈ ഹജ്ജ് യാത്രയില്‍ നിന്ന് മടങ്ങി വന്നതിന് ശേഷം മൗലാനാ അവര്‍കള്‍ പ്രവര്‍ത്തനത്തിന് വേഗത വര്‍ദ്ധിപ്പിച്ചു.
മേവാത്തിലെ പ്രവര്‍ത്തനങ്ങള്‍
രണ്ടാമത്തെ ഹജ്ജ് യാത്ര കഴിഞ്ഞ ശേഷം മൗലാനാ തബ്ലീഗ് പരിശ്രമം ആരംഭിച്ചു. പരിശ്രമം ചെയ്യുന്നതിന് മൗലാനാ മറ്റുള്ളവരെയും പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ചിലരെല്ലാം വലിയ പ്രയാസത്തോടെ സന്നദ്ധരായി. ഒരു പ്രാവശ്യം നൂഹ് എന്ന സ്ഥലത്ത് ഒരു സമ്മേളനം നടന്നു. ജമാഅത്തുകളായി വിവിധ പ്രദേശങ്ങളിലേക്ക് പുറപ്പെടണമെന്ന് മൗലാനാ സദസ്സിനോട് ആവശ്യപ്പെട്ടു. ഒരു മാസത്തിന് ശേഷം ജമാഅത്ത് പുറപ്പെട്ടു. വര്‍ഷങ്ങളോളം മേവാത്തില്‍ ഇതേ രീതിയിലുള്ള പ്രവര്‍ത്തനം തുടര്‍ന്നു. മേവാത്തികളില്‍ ദീനിയായ ഒരു മാറ്റം അനിവാര്യമായിരുന്നു. ജമാഅത്തുകളായി ദീനീ വിജ്ഞാന കേന്ദ്രങ്ങളിലേക്ക് അവര്‍ പുറപ്പെടലായിരുന്നു മൗലാനാ അതിനു കണ്ട് പ്രതിവിധി. പുറപ്പെടുന്നവര്‍ പൊതുജനങ്ങളെ കലിമയിലേക്കും നമസ്കാരത്തിലേക്കും ക്ഷണിക്കണം. അവിടങ്ങളിലുള്ള വിജ്ഞാന സദസ്സുകളില്‍ ഇരുന്ന് ദീന്‍ മനസ്സിലാക്കുകയും ചെയ്യണം. ദീനിന് വേണ്ടി ജനങ്ങള്‍ പുറപ്പെട്ടു പോകുന്ന ഈ കാലയളവില്‍ അവരെക്കൊണ്ട് ഖുര്‍ആന്‍ ശരീഫ് ഓതിപ്പഠിപ്പിക്കുന്നതിനും ഇസ്ലാമിക കര്‍മ്മങ്ങളുടെ മഹത്വത്തെക്കുറിച്ചവരെ ബോധവാന്മാരാക്കുന്നതിനും അവയുടെ നിയമങ്ങളും വ്യവസ്ഥകളും പഠിപ്പിക്കുന്നതിനും സമയം ചെലവഴിക്കണമെന്ന് മൗലാനാ തീരുമാനിച്ചു. അങ്ങനെ ഇസ്ലാമിനെ കുറിച്ച് കൂടുതലായി മനസ്സിലാക്കിയും ഇസ്ലാമിക ജീവിതം ഉള്‍ക്കൊണ്ടും ഈ ചലിക്കുന്ന മദ്റസയില്‍ ജമാഅത്തായി പുറപ്പെട്ടവര്‍, കൂടുതല്‍ നല്ല മുസ്ലിംകളായി മടങ്ങണമെന്നും മൗലാനാ ആഗ്രഹിച്ചു. എന്നാല്‍ വളരെ ശ്രമിച്ച ശേഷമാണ് മേവാത്തികളായ ജനത ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടു തുടങ്ങിയത്.
മേവാത്തില്‍ പല സ്ഥലത്തും സമ്മേളനങ്ങള്‍ നടത്തി. ധാരാളമായി ജമാഅത്തുകള്‍ പുറപ്പെടാന്‍ തുടങ്ങി. നൂറ്റാണ്ടുകളായി അജ്ഞതയുടെയും ദുര്‍മാര്‍ഗ്ഗത്തിന്‍റെയും ഇരുട്ടില്‍ തപ്പിത്തടഞ്ഞിരുന്ന ഈ പ്രദേശത്തെ ജനതയില്‍, മൗലാനായുടെ പരിശ്രമം ഉളവാക്കിയ ഈമാനികമായ പ്രകാശത്തിന് വളരെ മുമ്പുള്ള കാലഘട്ടത്തില്‍ പോലും ഉദാഹരണം കണ്ടെത്താന്‍ കഴിയില്ല. മൈലുകള്‍ സഞ്ചരിച്ചാല്‍ പോലും ഒരു മസ്ജിദ് കാണാതിരുന്ന പ്രദേശത്ത് ആയിരക്കണക്കിന് മസ്ജിദുകളും നൂറില്‍പരം ചെറുതും വലുതുമായ മദ്റസകളും സ്ഥാപിതമായി. ഹാഫിസുകളും ആലിമുകളും വര്‍ദ്ധിച്ചു. താടി വളര്‍ത്തുന്ന ശീലം ഉടലെടുത്തു. മദ്യപാനം തീരെ ഇല്ലാതായി. കൊള്ള, കൊല എല്ലാം വളരെയേറെ കുറഞ്ഞു.
അവസാനത്തെ ഹജ്ജ്
മക്കയിലും മദീനയിലും ഈ പരിശ്രമമാരംഭിച്ചു. 'നമ്മുടെ ചരക്ക് നമുക്ക് തന്നെ മടക്കി നല്‍കപ്പെട്ടിരിക്കുന്നു' എന്ന് പറഞ്ഞ് അവര്‍ ഇതിനെ സ്വാഗതം ചെയ്തു. അവര്‍ മുഖേന ഈ പ്രവര്‍ത്തനം മുസ്ലിം ലോകത്താകമാനം എത്തണമെന്നതായിരുന്നു മൗലാനായുടെ ചിന്ത.!
ഹിജ്റ 1356 (1938) ദുല്‍ഖഅദ് 18-ന് മൗലാനാ ഹജ്ജിന് പുറപ്പെട്ടു. കപ്പലിലും, മിനായിലെ താമസത്തിനിടയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ഹാജിമാരുമായും തബ്ലീഗിനെ സംബന്ധിച്ച് ഉപദേശങ്ങള്‍ നടന്നു. ബഹ്റൈനില്‍ നിന്ന് വന്ന ഹാജിമാര്‍ അവിടെ പ്രവര്‍ത്തനം ആരംഭിക്കാമെന്ന് സമ്മതിച്ചു. 1938 മാര്‍ച്ച് 14-ാം തീയതി മൗലാനാ മുഹമ്മദ് ഇല്‍യാസ്, സഊദി രാജാവിന്‍റെ സന്നിധിയിലെത്തി. രാജാവ് അതീവ ബഹുമാനത്തോടെ സ്വീകരിച്ചു. തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യങ്ങള്‍ എഴുതി തയ്യാറാക്കിയത് രാജാവിന്‍റെ സന്നിധിയില്‍ സമര്‍പ്പിച്ചു. നിറഞ്ഞ ബഹുമാനത്തോടെ രാജാവ് അവരെ യാത്രയാക്കി. പിറ്റേന്ന് തലസ്ഥാനമായ റിയാദില്‍ എത്തി അത് ചീഫ് ഖാദി അബ്ദുല്ലാഹിബ്നു ഹസനും നല്‍കി. അദ്ദേഹവും വളരെ ബഹുമാനത്തോടെ സഹായ സഹക വാഗ്ദാനം ചെയ്തു. സഫര്‍ 27-ാം തീയതി രാവിലെ മദീനാ മുനവ്വറയിലെത്തി. അവിടെയും തബ്ലീഗിന്‍റെ പരിശ്രമമാരംഭിച്ചു. ഇന്ത്യയില്‍ മടങ്ങിയെത്തിയതിന് ശേഷം മൗലാനാ തബ്ലീഗ് പ്രവര്‍ത്തനം വളരെ ശക്തിപ്പെടുത്തി. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡല്‍ഹിയിലും പ്രവര്‍ത്തനം മുന്നേറി. ആഴ്ചയിലെ ഗഷ്തും ആരംഭിച്ചു. ധനത്തിന്‍റെ സകാത്ത് കൊടുക്കുന്നതു പോലെ, അല്ലാഹുവിന്‍റെ വചനത്തിന്‍റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും വേണ്ടി പരിശ്രമിക്കാനായി ദീനിന് വേണ്ടി സമയത്തിന്‍റെ സകാത്തായി അല്‍പ നേരം നീക്കി വെക്കുന്നതിന് മൗലാനാ അവരെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
മൗലാനാ ഡല്‍ഹി പട്ടണത്തിലേക്കും മറ്റു വന്‍ മഹാനഗരങ്ങളിലേക്കും മേവാത്തികളുടെ ജമാഅത്തുകളെ അയക്കാന്‍ ആരംഭിച്ചു. ഗ്രാമങ്ങള്‍ തോറും ഉലമാക്കള്‍ ചുറ്റി സഞ്ചരിക്കണമെന്നതായി രുന്നു മൗലാനായുടെ അഭിലാഷം. മേവാത്തികളുടെ ജമാഅത്തുകളെ ദേവ്ബന്ദ്, സഹാറന്‍പൂര്‍, റായ്പൂര്‍, ത്ഥാനാഭവന്‍ തുടങ്ങിയ ദീനീ കേന്ദ്രങ്ങളിലേക്ക് അയച്ചു. അതോടെ പണ്ഡിതന്മാര്‍ക്കും ആത്മീയ നേതാക്കളായ ചിലര്‍ക്കും തബ്ലീഗ് പ്രവര്‍ത്തനത്തെ കുറിച്ച് ഉണ്ടായിരുന്ന സംശയങ്ങള്‍ നീങ്ങി. മൗലാനായുടെ ക്ഷണമനുസരിച്ച് അവര്‍ നിസാമുദ്ദീനിലും എത്തിയിരുന്നു. മൗലാനായുടെ അടുക്കല്‍ ഏതൊരാളോടുമുള്ള കടമ നിര്‍വ്വഹിക്കുന്നതിന് തബ്ലീഗി'ല്‍ അവരെ ബന്ധിപ്പിക്കുന്നതിനെക്കാള്‍ ഉത്തമമായ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല.
ഹിജ്റ 1358-ല്‍ ദഅ്വത്തിന്‍റെ ഈ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചില പത്ര-മാസികകള്‍ ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. മേവാത്തിനും ഡല്‍ഹിക്കും വെളിയില്‍ ഇതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. അതോടെ പലരും വന്ന് മൗലാനായെ സന്ദര്‍ശിക്കുകയും മേവാത്തിലെത്തി പ്രവര്‍ത്തനം നേരില്‍ കണ്ട് മനസ്സിലാക്കുകയും ചെയ്തു. ആത്മീയ ചിന്തയുള്ള ചില വ്യക്തികള്‍ ഈ അമല്‍, ഇലാഹിയായ ഒരു വെളിപാടാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
പ്രവര്‍ത്തകരില്‍ പരസ്പര ബന്ധവും പുത്തനുണര്‍വും താല്‍പര്യവും നില നിര്‍ത്തുന്നതിന് വ്യാഴാഴ്ച രാത്രിയില്‍ നിസാമുദ്ദീനില്‍ വന്നെത്തുന്നതിന് പൊതുവെ എല്ലാവരെയും ക്ഷണിച്ചിരുന്നു. പ്രമുഖ ഉലമാക്കളെയും സ്വാലിഹുകളെയും പങ്കെടുപ്പിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്തിരുന്നു. ചില രാത്രികളില്‍ അവിടെ താമസിക്കുന്നവര്‍ക്ക് അധികവും ഈ അമലുമായി ആത്മീയ ബന്ധം ഉടലെടുത്തിരുന്നു. പില്‍ക്കാലത്ത് രാഷ്ട്രപതിയായിരുന്ന ജാമിഅ: മില്ലിയ്യയുടെ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ദാകിര്‍ ഹുസൈന്‍ അധികവും ഈ മജ്ലിസില്‍ പങ്കെടുത്തിരുന്നു.
മേവാത്തികള്‍ക്ക് ശേഷം മൗലാനായുടെ സന്ദേശത്തെ ഹൃദയംഗമായി സ്വീകരിച്ചവര്‍ ഡല്‍ഹിയിലെ വ്യാപാരികളായിരുന്നു. വ്യാഴാഴ്ച രാത്രി അവര്‍ പതിവായി നിസാമുദ്ദീനില്‍ പങ്കുകൊണ്ടിരു ന്നു. താടിയുള്ളവരെ സ്വന്തം കച്ചവട സ്ഥാപനത്തില്‍ തൊഴിലാളികളായി നിയമിക്കുന്നത് പോലും ഇഷ്ടപ്പെടാതിരുന്ന കച്ചവടക്കാര്‍ സ്വയം താടി വളര്‍ത്തിത്തുടങ്ങി. കച്ചവടത്തിന്‍റെ നല്ല തിരക്കുള്ള സമയത്തും കട വിട്ടിറങ്ങി ജമാഅത്ത് നമസ്കാരത്തിലും തബ്ലീഗ് പ്രവര്‍ത്തനത്തിലും മറ്റും അവര്‍ പങ്കെടുത്ത് തുടങ്ങി.
മാസത്തില്‍ ഒരു പ്രാവശ്യം മേവാത്തിലെ ഏതെങ്കിലും ഒരു സ്ഥലത്തും, വര്‍ഷത്തില്‍ ഒരു പ്രാവശ്യം 'നൂഹ്' എന്ന സ്ഥലത്തെ മദ്റസയിലും സമ്മേളനങ്ങള്‍ നടന്നിരുന്നു. ഡല്‍ഹിയിലുള്ള ജമാഅത്തുകളും വ്യാപാരികളും നിസാമുദ്ദീനില്‍ താമസിക്കുന്ന സ്ഥിരം പ്രവര്‍ത്തകരും സഹാറന്‍പൂര്‍ മളാഹിറുല്‍ ഉലൂം, ദേവ്ബന്ദ് ദാറുല്‍ ഉലൂം, ലക്നൗ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ, ഡല്‍ഹി മദ്റസാ ഫത്തഹ്പൂരി എന്നിവിടങ്ങളിലെ ചില മുദര്‍രിസുമാരും സമ്മേളനങ്ങളില്‍ പതിവായി സംബന്ധിച്ചിരുന്നു.
ഹിജ്റ 1320 ദുല്‍ഖഅദ് 8, 9, 10 (1941 നവമ്പര്‍ 28, 29, 30) തീയതികളില്‍ 'ഗോഡ്ഗാനൂഹ്' ജില്ലയിലെ "നൂഹ്' എന്ന സ്ഥലത്ത് വലിയൊരു സമ്മേളനം നടന്നു. മുപ്പത്-നാല്‍പ്പത് മൈല്‍ അകലെ നിന്ന് കാല്‍ നടയായി പുറപ്പെട്ട്, ആഹാരം സ്വയം ചുമന്ന് സമ്മേളന സ്ഥലത്തെത്തിയവരായ ഇരുപത്തയ്യായിരം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 1941 ഏപ്രില്‍ മാസത്തില്‍ കറാച്ചിയിലേക്ക് ആദ്യ ജമാഅത്ത് യാത്രയായി.
അന്ത്യ നാളുകള്‍
മൗലാനാ തുടക്കം മുതല്‍ തന്നെ ശാരീരികമായി ബലഹീനരും മെലിഞ്ഞവരുമായിരുന്നു. ഗംഗോഹിലെ താമസത്തിനിടയില്‍ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഒരു പ്രത്യേക തരം തലവേദന കാരണമായി, മാസങ്ങളോളം തല കുനിക്കുന്നതിന് പോലും സാധിക്കുമായിരുന്നില്ല. കഠിനമായ പരിശ്രമം, നിരന്തരമായ ജോലി, വിശ്രമമില്ലായ്മ എന്നിവ നിമിത്തം ബലഹീനത വീണ്ടും വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. 1943 നവംബറില്‍ വയറ് വേദനയും വയറിളക്കവും അനുഭവപ്പെട്ടു. പിന്നീട് ആ രോഗം പൂര്‍ണ്ണമായി സുഖപ്പെട്ടില്ല. 1944 മാര്‍ച്ചില്‍ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. ഒന്നിനും കഴിയാത്ത അവസ്ഥയിലെത്തി. എന്നാലും രണ്ട് പേരുടെ സഹായത്താല്‍ മസ്ജിദിലെത്തി ജമാഅത്തായി തന്നെ നമസ്കരിച്ചുവന്നു. ശാരീരിക നില വീണ്ടും ദുര്‍ബലപ്പെട്ടപ്പോള്‍ സ്വഫ്ഫിനോട് ചേര്‍ത്ത് കട്ടില്‍ അടുപ്പിച്ചിട്ട് ജമാഅത്തിനോടൊപ്പം നമസ്കരിച്ചിരുന്നു. രോഗത്തില്‍ കിടക്കവെ മുസ്ലിം ഐക്യത്തിന്‍റെ കാര്യത്തില്‍ മൗലാനാ പ്രത്യേക ശ്രദ്ധ ചെലുത്തി. അവസാനത്തോടടുത്ത് ഒരു ദിവസം ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. "അവയവങ്ങള്‍ ഓരോന്നായി നിലച്ചിരിക്കുകയാണ്. ഹൃദയത്തിന്‍റെ ശക്തിയാണ് ഈ ശരീരത്തെ താങ്ങിനിര്‍ത്തിയിരിക്കുന്നത്. നിങ്ങള്‍ ഈ കാണുന്നതൊന്നും ശാരീരിക ശക്തിയല്ല. ഇത് ആത്മീയ ശക്തിയാണ്.
വഫാത്തിനു മുമ്പുള്ള രാത്രി ജമാഅത്തായി ഇശാഅ് നമസ്കരിച്ചു. രാത്രി 12 മണിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രി വളരെ നേരം അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ എന്ന് ഉരുവിട്ടു കൊണ്ടിരുന്നു. അര്‍ദ്ധ രാത്രിക്ക് ശേഷം മകന്‍ മൗലാനാ യൂസുഫിയോട് മൗലാനാ പറഞ്ഞു. 'യൂസുഫേ, വരിക.! കണ്ട് കൊള്ളുക. നാമിതാ യാത്രയായി.!
ഹിജ്റ 1363 റജബ് 22 (1944 ജൂലൈ 12) വ്യാഴാഴ്ച അറുപതാം വയസ്സില്‍ സുബ്ഹി ബാങ്കിന് മുമ്പ് മഹാനവര്‍കള്‍ അല്ലാഹുവിന്‍റെ തിരുസന്നിധിയിലേക്ക് യാത്രയായി. ഒരു പുരുഷായുസ്സ് മുഴുവന്‍ ദീനീ യാത്രയില്‍ ലയിച്ച്, സുഖമായ ഉറക്കം എന്തെന്നറിയാതെ ക്ഷീണിച്ച് തളര്‍ന്ന ആ മഹാന്‍, തന്‍റെ ലക്ഷ്യസ്ഥാനത്തെത്തി നിദ്രയില്‍ ലയിച്ചു. സുബ്ഹി നമസ്കാരത്തിന് ശേഷം മൗലാനാ യൂസുഫിനെ അമീറായി പ്രഖ്യാപിക്കപ്പെടുകയും പിതാവിന്‍റെ തലപ്പാവ് തലയില്‍ കെട്ടിക്കൊടുക്കുകയും ചെയ്തു.
എല്ലാ സുന്നത്തുകളും പൂര്‍ണ്ണമായും പാലിച്ച് ഉലമാക്കളുടെ ഒരു ജമാഅത്ത് തന്നെയാണ് മയ്യിത്ത് കുളിപ്പിച്ചത്. ളുഹ്ര്‍ നമസ്കാര ശേഷം ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജനാസ നമസ്കാരത്തിന് നേതൃത്വം നല്‍കി. മസ്ജിദിന്‍റെ തെക്ക്-പടിഞ്ഞാറ് മൂലയില്‍ തന്‍റെ പിതാവിനും സഹോദരനുമരികില്‍ ജനാസ ഖബ്റടക്കപ്പെട്ടു. അങ്ങനെ ദീനിന്‍റെ ആ അമാനത്തിനെ മണ്ണിലേല്‍പ്പിക്കപ്പെ ട്ടു. ലക്ഷക്കണക്കിന് ജനഹൃദയങ്ങള്‍ക്ക് ഈമാനിന്‍റെ വെളിച്ചവും ആവേശവും പകര്‍ന്നുകൊടുത്ത ദീനിന്‍റെ ആ സൂര്യന്‍, അന്നത്തെ സൂര്യാസ്തമയത്തിന് മുമ്പ് മണ്ണില്‍ മറഞ്ഞു കഴിഞ്ഞു. മൗലാനയുടെ അനന്തരാവകാശികളായി ശേഷിച്ചത് ഏക മകന്‍ മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) യും ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ ഭാര്യയായ ഏകമകളും മാത്രമാണ്.
ജമാഅത്ത് നമസ്കാരം
ആരോഗ്യം ക്ഷയിച്ചു കൊണ്ടേയിരിക്കുകയും, ബലഹീനത വര്‍ദ്ധിക്കുകയും, ചുണ്ടില്‍ ചെവി വെച്ചല്ലാതെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുമായിരുന്നില്ലാത്ത നിലയില്‍ ബലഹീനത വര്‍ദ്ധിച്ചിരുന്ന അവ സാനത്തെ ആറ് മാസക്കാലയളവിലും ഒരു നമസ്കാരം പോലും ജമാഅത്തായല്ലാതെ മഹാനവര്‍കള്‍ നിര്‍വ്വഹിച്ചിട്ടില്ല. വഫാത്തിന് രണ്ട് മാസം മുമ്പുവരെ ഓരോ വഖ്ത് നമസ്കാര സമയത്തും ഒരു അത്ഭുതം കാണാന്‍ കഴിഞ്ഞിരുന്നു. മൗലാനാക്ക് ഇരുന്നാല്‍ സ്വയം എഴുന്നേല്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഈ സമയം രണ്ട് പേര്‍ താങ്ങിപ്പിടിച്ച് സ്വഫ്ഫില്‍ നിര്‍ത്തുമായിരുന്നു. ഇമാം അല്ലാഹു അക്ബര്‍ പറഞ്ഞ് നമസ്കാരം തുടങ്ങിയാല്‍ മൗലാനായില്‍ ഒരു ശക്തി വന്നെത്തും. പരിപൂര്‍ണ്ണ സമാധാനത്തോടെ കൂടി സ്വയം മഹാനവര്‍കള്‍ റുകൂഉം സുജൂദും നിര്‍വ്വഹിക്കുന്നു. രണ്ട് പേരുടെ സഹായമില്ലാതെ ഇരുന്ന സ്ഥലത്ത് നിന്ന് അനങ്ങാന്‍ സാധിക്കാതിരുന്ന അതേ മനുഷ്യന്‍, നമസ്കാരത്തിന്‍റെ നാല് റക്അത്തിലും ഖിയാം, റുകൂഅ്, സുജൂദ്, അത്തഹിയ്യാത്തിന്‍റെ ഇരുത്തം എല്ലാം പരിപൂര്‍ണ്ണമായി, സമാധാനപരമായി, ഉന്മേഷത്തോടെ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇമാം സലാം വീട്ടി നമസ്കാരം അവസാനിപ്പിച്ച് കഴിയുമ്പോള്‍ നമസ്കാര സമയത്ത് നിലനിന്നിരുന്ന ആ ശക്തി തികച്ചും നഷ്ടപ്പെട്ടതു പോലുള്ള അവസ്ഥ.! സ്വയം എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ല. അവസാന സമയത്തും കട്ടില്‍ സ്വഫ്ഫിന്‍റെ ഒരു അരികിലിട്ട് ജമാഅത്തില്‍ പങ്കെടുത്ത് നമസ്കരിച്ചിരുന്നു. വുളൂഅ്-മിസ്വാക്ക് തുടങ്ങിയ കാര്യങ്ങള്‍ മുമ്പു ചെയ്തിരുന്നതു പോലെ പൂര്‍ണ്ണമായ ശ്രദ്ധയില്‍ ചെയ്തിരുന്നു. സുന്നത്തുകളും അദബുകളും ശ്രദ്ധിച്ച് ദിക്ര്‍-ദുആകള്‍ ചൊല്ലിക്കൊണ്ട് വുളൂഅ് ചെയ്തിരുന്നു. ബാങ്കും ഇഖാമത്തുമില്ലാതെയോ, ജമാഅത്തായിട്ടല്ലാതെയോ എപ്പോഴെങ്കിലും നമസ്കരിച്ചതായി ഓര്‍മ്മയില്ല. മൗലാനാ അവര്‍കള്‍ ഒരിക്കല്‍ പറഞ്ഞു: "ഞാന്‍ അമലുമായി ബന്ധപ്പെട്ടതു മുതല്‍ ഇരുപത് വര്‍ഷമായി ട്രൈയിനില്‍ ഒരു നമസ്കാരവും ജമാഅത്തായല്ലാതെ നിര്‍വ്വഹിച്ചിട്ടില്ല. കരുണയുള്ള റബ്ബ് തറാവീഹും ട്രൈയിനില്‍ തന്നെ നമസ്കരിക്കുന്നതിന് അവസരം നല്‍കി".
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment