Saturday, May 19, 2018

പ്രവാസികളോട്... -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പ്രവാസികളോട്... 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_70.html?spref=tw

മുന്‍ഗാമികളായ മഹത്തുക്കളുടെ പരിശ്രമങ്ങള്‍ കാരണം വികാസം പ്രാപിച്ച ഇന്ത്യാ മഹാരാജ്യം ജീവിത സൗകര്യങ്ങളിലും, വിവര സാങ്കേതിക വിദ്യകളിലുംമറ്റും വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും പൂര്‍വ്വികരുടെ മാര്‍ഗ്ഗമായ മതസ്വാതന്ത്ര്യം ഇല്ലാതാക്കുകയും വര്‍ഗ്ഗീയതയും പരസ്പര അകല്‍ച്ചയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍  രാജ്യം അത്യന്തം ഗുരുതരമായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും അതിമഹത്തായ ത്യാഗങ്ങള്‍ കാഴ്ചവെച്ച മുസ് ലിം സമുദായത്തിന്‍റെ അസ്ഥിത്വവും വ്യക്തിത്വവും നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പശുവിന്‍റെയും മറ്റും വ്യാജവാര്‍ത്തകളുടെ പേരില്‍ സംസ്കാര രഹിതമായ നിലയില്‍ രാജ്യനിവാസികളെ തല്ലിക്കൊല്ലുക പോലുള്ള സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതിനെല്ലാം ഉപരിയാണ് മുസ് ലിംകളുടെ അടിസ്ഥാനമായ ഇസ് ലാമിക ശരീഅത്തിന് എതിരിലുള്ള കുല്‍സിത ശ്രമങ്ങള്‍. ഹൈന്ദവരായ രണ്ട് സഹോദരങ്ങളുടെ സ്വത്ത് തര്‍ക്കത്തിലുള്ള വിധി പറയവെ, യാതൊരു ബന്ധവും ഇല്ലാത്ത മുസ് ലിം സമുദായത്തിന്‍റെ പേര് ഉയര്‍ത്തിക്കാട്ടുകയും മുത്വലാഖ് പോലുള്ള അനീതികള്‍ മുസ് ലിംകള്‍ക്കിടയില്‍  നടക്കുന്നുണ്ടെന്നും അതിനാല്‍ ഈ വിഷയത്തില്‍ സ്വമേധയാ സുപ്രീംകോടതി തന്നെ കേസ് എടുക്കുകയാണെന്നും പരമോന്നത നീതിപീഠം പ്രഖ്യാപിച്ചു. തുടര്‍ന്ന് മുസ് ലിം സമുദായത്തിലെ ഏതാനും സ്ത്രീകളെ ഇളക്കി മുത്വലാഖിന് എതിരില്‍ വാദം നടത്തിക്കുന്നു. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ഭരണകൂടം ത്വലാഖ് തന്നെ ഇല്ലാതാക്കണം എന്ന് കോടതിയില്‍ ബോധിപ്പിക്കുന്നു. ഇതിനിടയില്‍ ഏക സിവില്‍ കോഡിന് വഴി ഒരുക്കാന്‍ നിയമ കമ്മീഷന്‍ ഏകപക്ഷീയമായ ചോദ്യാവലിയുമായി രംഗത്ത് ഇറങ്ങുന്നു. രാജ്യത്തിന്‍റെ നിര്‍ണ്ണായക ശക്തിയായ വാര്‍ത്താമാധ്യമങ്ങള്‍ ഇതിന് മുമ്പും ശേഷവുമായി വളരെ മോശമായ നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അധികാരത്തിന്‍റെ ലഹരിപിടിച്ച നേതാക്കന്മാര്‍ തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞ് രംഗം കൂടുതല്‍ വഷളാക്കുന്നു. മുത്വലാഖ് പോലുള്ള ബഹുഭാര്യത്വ രീതി ഇല്ലാതാക്കണമെന്ന കേരളത്തിലെ സംഘ്പരിവാര്‍ നേതാവിന്‍റെ ആഹ്വാനം ഇതില്‍പെട്ടതാണ്. എന്താണെങ്കിലും സുപ്രീം കോടതിയില്‍ ഈ വിഷയത്തെക്കുറിച്ച് ശക്തവും വ്യക്തവുമായ വാദങ്ങള്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ ഭാഗത്തുനിന്നും വക്കീലന്മാര്‍ അതി സമര്‍ത്ഥമായി സമര്‍പ്പിച്ചുകഴിഞ്ഞു. വിധി അനുകൂലമായാലും പ്രതികൂലമായാലും രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥ വളരെയധികം വേദനാജനകമാണ്. ഒരു വീട്ടില്‍ സൗകര്യങ്ങള്‍ വളരെ കുറവാണ്. പക്ഷേ വീട്ടുകാര്‍ക്കിടയില്‍ വിശ്വാസവും ആദരവും സഹകരണവും ഉണ്ടെങ്കില്‍ വീട് സ്വര്‍ഗ്ഗതുല്യമാണ്. മറ്റൊരു വീട്ടില്‍ സൗകര്യങ്ങള്‍ വളരെ കൂടുതലാണ്. പക്ഷേ വീട്ടുകാര്‍ക്കിടയില്‍ അവിശ്വാസവും പരനിന്ദയും വെറുപ്പുമാണ് ഉള്ളതെങ്കില്‍ വീട് നരകമാണ്. ഇത്തരുണത്തില്‍, രാജ്യത്തിന്‍റെ നന്മക്കുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കല്‍ എല്ലാ രാജ്യസ്നേഹികളുടെയും കടമയാണ്. വിശിഷ്യാ മാതൃരാജ്യത്തിന്‍റെ ഗൃഹാതുര സ്മരണ നിലനിര്‍ത്തുകയും രാജ്യത്തോടുള്ള സ്നേഹവും കൂറും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പ്രവാസി സഹോദരങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒന്നാമതായി, രാജ്യത്തിന്‍റെ അമൂല്യ പാരമ്പര്യമായ പരസ്പര വിശ്വാസവും സഹകരണവും നാം വളര്‍ത്തുക. നാമെല്ലാവരും പല മതസ്ഥരും വീക്ഷണ വ്യത്യാസങ്ങള്‍ ഉള്ളവരാണെങ്കിലും ഒരു നാട്ടുകാരും പരസ്പരം അയല്‍വാസികളുമാണ് എന്ന നിലയില്‍ ഓരോരുത്തരും അവരവരുടെ മതവിശ്വാസങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പരസ്പര സഹകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുക. ഈ വിഷയത്തില്‍ മുന്‍ഗാമികളായ മഹത്തുക്കളുടെ ചരിത്രങ്ങള്‍ പോലും വക്രീകരിക്കുന്നതിനെതിരില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. സ്വാതന്ത്ര്യ സമര പോരാളിയായ ടിപ്പുസുല്‍ത്താന്‍ ഹൈന്ദവ സഹോദരങ്ങള്‍ക്ക് സേവനങ്ങള്‍ ചെയ്തതിന് കേരളത്തിന്‍റെ മണ്ണ് സാക്ഷിയാണ്. ചത്രപതി ശിവജി പരിശുദ്ധ ഖുര്‍ആന്‍ മറാഠിയില്‍ വിവര്‍ത്തനം ചെയ്യുന്നതിന് അന്നത്തെ കാലഘട്ടത്തില്‍ 25000 സ്വര്‍ണ്ണനാണയമാണ് നല്‍കിയത്. 
രണ്ടാമതായി, ഇസ് ലാമിക ശരീഅത്തിനെ ശരിയായ നിലയില്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ മുസ് ലിം സമുദായം പ്രത്യേകം ശ്രദ്ധിക്കുകയും അമുസ് ലിം സഹോദരങ്ങള്‍ അയല്‍വാസികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ മുന്നോട്ട് വരുകയും ചെയ്യേണ്ടതാണ്. ഉദാഹരണത്തിന് മുത്വലാഖ് വിഷയം തന്നെ എടുക്കുക, മൂന്ന് ത്വലാഖ് ആകട്ടെ, ഒരു ത്വലാഖ് ആകട്ടെ, കോടതി വഴിയുള്ള വിവാഹ മോചനമോ, അമുസ്ലിംകളുടെ വിവാഹ മോചനങ്ങളോ എന്തുമാകട്ടെ, അന്യായമായ നിലയിലാണെങ്കില്‍ അന്യായവും അക്രമവും തന്നെയാണ്. ഇസ്ലാം അതിനെ ഒരിക്കലും പ്രേരിപ്പിക്കുന്നില്ല. അന്യായമായി വിവാഹ മോചനം നടത്തുന്നതിനെ പടച്ചവന്‍റെ നിയമാതിര്‍ത്തി ലംഘിക്കലും വിശുദ്ധവചനങ്ങളെ പരിഹസിക്കലുമാണെന്ന് ഖുര്‍ആന്‍ പലസ്ഥലങ്ങളിലും ഉണര്‍ത്തിയിരിക്കുന്നു. കൂടാതെ, ഇന്ത്യാ രാജ ്യത്തെ സംബന്ധിച്ചിടത്തോളം വിവാഹ മോചനത്തേക്കാള്‍ വലിയ പ്രശ്നം (ഈ വിഷയത്തില്‍ അമിത താല്‍പ്പര്യം കാണിച്ച ബഹുമാന്യ പ്രധാനമന്ത്രിയുടെ മാതൃകയായ) വിവാഹ ബന്ധമുണ്ടെങ്കിലും വിവാഹ ബന്ധം ഇല്ലാത്തതുപോലെ ജീവിക്കലാണ്. യഥാര്‍ത്ഥത്തില്‍ വിവരം കെട്ടവര്‍ തെറ്റായ നിലയില്‍ വിവാഹ മോചനം നടത്തുന്നതിനേക്കാള്‍ ഗുരുതരമാണ് വിവാഹിതരായ ആളുകള്‍ പരസ്പര കടമകള്‍ പാലിക്കാതെ വിവാഹ മോചിതരെപ്പോലെ കഴിയുക എന്നുള്ളത്. ഇത് മുസ് ലിം-അമുസ് ലിം വ്യത്യാസമില്ലാതെ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആകയാല്‍ വിവാഹബന്ധങ്ങള്‍ നന്നാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളും കൗണ്‍സിലിങ്ങുകളും വര്‍ദ്ധിപ്പിക്കേണ്ടതാണ്. 
മൂന്നാമതായി, വിദേശങ്ങള്‍ സന്ദര്‍ശിക്കുന്ന നേതാക്കന്മാരോടും പൊതുജനങ്ങളോടും രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥയെക്കുറിച്ചുള്ള ആശങ്ക അറിയിക്കുകയും ഉപര്യുക്ത വിഷയങ്ങള്‍ ഉണര്‍ത്തുകയും ചെയ്യുക. കൂടാതെ, പ്രഭാഷണ-രചനകളുമായി ബന്ധപ്പെട്ടവര്‍ അതിലൂടെയും, മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയകളിലൂടെയും ഈ പരിശ്രമങ്ങള്‍ നടത്തേണ്ടതാണ്. ചുരുക്കത്തില്‍, ഇന്ത്യാ മഹാരാജ്യം അമൂല്യസമ്പത്തുകള്‍ നിറഞ്ഞ നമ്മുടെ കപ്പലാണ്. അതില്‍ ആളുകള്‍ ദ്വാരം ഇടുന്നത് കണ്ടിട്ടും നാം നിശബ്ദത പാലിച്ചാല്‍ രാജ്യം മുഴുവന്‍ തകര്‍ന്ന് തരിപ്പണമാകും. അക്രമികളെ കഴിവിന്‍റെ പരമാവധി തിരുത്താന്‍ പരിശ്രമിച്ചാല്‍ അവരും നാമും മഹത്തായ രാജ്യവും രക്ഷപ്പെടുന്നതും കൂടുതല്‍ പുരോഗതി  പ്രാപിക്കുന്നതുമാണ്. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment