Sunday, August 9, 2020

ദൈവത്തിന്‍റെ ആലയത്തിന്‍റെ അടിത്തറയില്‍ ഒരു വിഗ്രഹാലയം പണിയുമ്പോള്‍ നാം എന്തുചെയ്യും.?


 ദൈവത്തിന്‍റെ ആലയത്തിന്‍റെ അടിത്തറയില്‍
ഒരു വിഗ്രഹാലയം പണിയുമ്പോള്‍ നാം എന്തുചെയ്യും.?

-ഡോ. മുഹമ്മദ് റസിയ്യുല്‍ ഇസ് ലാം നദ് വി 
(സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ന്യൂഡല്‍ഹി) 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


കഅ്ബാ ശരീഫ ഏകദൈവ വിശ്വാസത്തിന്‍റെ കേന്ദ്രമായിരുന്നു. അത് ഏക ദൈവ ആരാധനയ്ക്കായി നിര്‍മ്മിക്കപ്പെട്ടതായിരുന്നു. നൂറ്റാണ്ടുകളായി അതേപടി തുടര്‍ന്നു. എന്നാല്‍ അതിനുശേഷം ചുറ്റുമുള്ള ആളുകള്‍ പതുക്കെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ തുടങ്ങി. അവര്‍ ഏകദൈവ വിശ്വാസത്തിന്‍റെ കേന്ദ്രത്തെ വിഗ്രഹത്തിന്‍റെ കേന്ദ്രമാക്കി മാറ്റി. ലാത്ത, ഉസ്സ, മനാത്ത, ഹബല്‍ മുതലായ പേരുകളില്‍ നിരവധി വിഗ്രഹങ്ങള്‍ പടച്ചുണ്ടാക്കി. അവര്‍ അവരുടെ മുമ്പില്‍ നമസ്കരിക്കുകയും മുട്ട് കുത്തുകയും അവരില്‍ നിന്ന് സഹായം തേടുകയും പ്രയാസ ദൂരീകരണത്തിന് അവയെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. കഅ്ബയുടെ അകത്തും പുറത്തുമായി 360 വിഗ്രഹങ്ങളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. 

അവസാനത്തെ പ്രവാചകരായ മുഹമ്മദ് നബി (സ) അയയ്ക്കപ്പെട്ടപ്പോള്‍, കഅ്ബ ഒരു വിഗ്രഹ ഭവനമായിരുന്നു. വിഗ്രഹാരാധനയെ വെറുക്കുകയും ഒരു ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്ത കുറച്ച് ആളുകള്‍ ആ സമൂഹത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ നിശബ്ദരായിരുന്നു. അല്ലാഹുവിന്‍റെ റസൂല്‍ (സ) ചെറുപ്പം മുതലേ തൗഹീദില്‍ ഉറച്ച് നിന്നിരുന്നു. പ്രവാചകത്വത്തിന് മുമ്പും വിഗ്രഹാരാധനയെ വെറുത്തിരുന്നു. പ്രവാചകത്വത്തിന് ശേഷം രഹസ്യമായും വ്യക്തിപരമായും പ്രബോധനം നടത്തി. ശേഷം അത് പരസ്യമാക്കി. ഏകദൈവ വിശ്വാസത്തിന്‍റെ സന്ദേശം അവതരിപ്പിക്കുകയും, ബഹുദൈവ വിശ്വാസത്തെയും വിഗ്രഹാരാധനയെയും ശക്തമായി വിമര്‍ശിക്കുകയും ചെയ്തുവെങ്കിലും കഅ്ബയിലെ വിഗ്രഹങ്ങളെ ആക്രമിച്ചില്ല.  വിഗ്രഹാരാധകര്‍ ഹറമില്‍ വന്ന് വിഗ്രഹങ്ങളെ ആരാധിക്കാറുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ദൂതനും ഏക ദൈവ വിശ്വാസികളും ഹറമില്‍ വന്ന് അല്ലാഹുവിനെ മാത്രം ആരാധിച്ചു. ശുദ്ധ ആത്മാക്കള്‍ റസൂലുല്ലാഹി (സ്വ) യിലേക്ക് ആകൃഷ്ടരാകുകയും സത്യം സ്വീകരിക്കുകയും വിഗ്രഹാരാധനയില്‍ നിന്ന് പശ്ചാത്തപിക്കുകയും തൗഹീദില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്തു. ഇസ്ലാമിന്‍റെ ശത്രുക്കള്‍ വിശ്വാസികളില്‍ എല്ലാ നിലയിലും ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ വിശ്വാസികള്‍ ക്ഷമയോടെ നിലയുറപ്പിച്ചു. അവസാനം, അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ അവര്‍ക്ക് ജന്മനാട് വിടേണ്ടിവന്നു. അവിടെയും ശത്രുക്കള്‍ അവരെ സമാധാനത്തോടെ കഴിയാന്‍ അനുവദിച്ചില്ല. ധാരാളം യുദ്ധങ്ങള്‍ നടന്നു. എന്നാല്‍ അവസാനം അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) വിശ്വാസികളോടൊപ്പം മക്കയില്‍ വിജയിയായി പ്രവേശിച്ച ഒരു കാലം വന്നു.  അധികാരമേറ്റ ശേഷം, റസൂലുല്ലാഹി (സ്വ) ആദ്യം ചെയ്തത് വിഗ്രഹങ്ങളില്‍ നിന്ന് കഅ്ബയെ ശുദ്ധീകരിക്കുക എന്നതായിരുന്നു. റസൂലുല്ലാഹി (സ്വ) യുടെ കയ്യില്‍ ഒരു വടി ഉണ്ടായിരുന്നു. അത് കൊണ്ട് റസൂലുല്ലാഹി (സ്വ) ഒരോ വിഗ്രഹത്തെയും തട്ടിയിട്ടുകൊണ്ടിരുന്നു. തദവസരം റസൂലുല്ലാഹി (സ്വ) ഈ ഖുര്‍ആന്‍ വചനം പാരായണം ചെയ്തു: 'സത്യം വന്നു, അസത്യം അപ്രത്യക്ഷമായി. അസത്യം അപ്രത്യക്ഷമാകുന്നതാണ്.' (ഇസ്റാഅ് 81) 

ഇന്ത്യന്‍ മുസ്ലിംകളുടെ ഇന്നത്തെ അവസ്ഥയില്‍, അല്ലാഹുവിന്‍റെ റസൂലിന്‍റെ (സ്വ) മുകളില്‍ സൂചിപ്പിച്ച ഉദാഹരണം വഴി കാട്ടിത്തരുന്നു. അത് താഴെ കൊടുക്കുന്ന പോയിന്‍റുകളിലൂടെ മനസ്സിലാക്കുക: 

1. നാനൂറിലധികം വര്‍ഷങ്ങളായി ഏകനായ പടച്ചവനെ ആരാധിച്ചിരുന്ന ബാബരി മസ്ജിദ് ക്രൂരമായി തകര്‍ക്കപ്പെട്ടു. 2019 നവംബറില്‍ സുപ്രീംകോടതി നടത്തിയ വിധിയില്‍ ഇപ്രകാരം വ്യക്തമായി പറയുന്നു: 1949 ഡിസംബര്‍ 22 വരെ അതില്‍ പ്രാര്‍ത്ഥന നടന്നിരുന്നു. അന്ന് രാത്രി അതില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് നിയമ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയായിരുന്നു, 1992 ഡിസംബര്‍ 6 ന് പള്ളിയുടെ രക്തസാക്ഷിത്വം ക്രിമിനല്‍ നടപടിയായിരുന്നു.! എന്നാല്‍ ഈ വസ്തുതകള്‍ സുപ്രീംകോടതി അംഗീകരിച്ചിട്ടും, പള്ളിയുടെ രക്തസാക്ഷിത്വത്തില്‍ കുറ്റവാളികളായവര്‍ക്ക് ഭൂമി കൈമാറി. ഇതിലെ നഗ്നമായ അപാകതയെ ദേശീയമായും അന്തര്‍ദ്ദേശീയമായും വിലയിരുത്തപ്പെടുകയുണ്ടായി. എന്നാലും ഇതിനെ നാം സഹിക്കേണ്ടതാണ്. എല്ലാ പ്രയാസകരമായ സമയത്തും അല്ലാഹുവിങ്കലേക്ക് തിരിയുകയും അവനില്‍ അഭയം തേടുകയും ചെയ്യുക. 

2. സാഹചര്യം എത്ര മോശവും നിര്‍ഭാഗ്യകരവുമാണെങ്കിലും, നാം ധൈര്യത്തോടെ പ്രവര്‍ത്തിക്കുകയും പ്രതികൂല സാഹചര്യത്തില്‍ എങ്ങനെ ജീവിക്കണമെന്ന് പരിശീലിക്കുകയും വേണം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിരാശ നിഷേധമാണ്. അവസ്ഥകള്‍ എല്ലായ്പ്പോഴും ഒരു പോലെ നിലനില്‍ക്കില്ല. അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: 'വിവിധ സമയങ്ങളിലെ ഉയര്‍ച്ചയും താഴ്ചയും നാം ജനങ്ങള്‍ക്കിടയില്‍ മാറ്റിമാറ്റിക്കൊടുക്കുന്നു.' (ആലു ഇംറാന്‍: 140). സ്പെയിനിന്‍റെയും തുര്‍ക്കിയുടെയും ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഓരോ മുസ്ലിമിനെയും സ്പെയിനില്‍ നിന്ന് പുറത്താക്കുകയോ ക്രിസ്തുമതത്തിലേക്ക് മാറ്റപ്പെടുകയോ ചെയ്തു, എല്ലാ മസ്ജിദുകളെയും ചര്‍ച്ചുകളാക്കി. എന്നാല്‍ പടച്ചവന്‍റെ അനുഗ്രഹത്താല്‍ അവിടെ ഇന്നും മുസ്ലിംകളുണ്ട്. മസ്ജിദുകള്‍ സ്ഥാപിക്കുകയും സമാധാനമായി താമസിക്കുകയും ചെയ്യുന്നു.  തുര്‍ക്കിയില്‍ നിന്നും അത്താതുര്‍ക്ക് ഇസ്ലാമിനെ നാടുകടത്തി. ഖുര്‍ആന്‍-ബാങ്ക്, പരസ്യമായ നമസ്കാരം തുടങ്ങിയവ നിരോധിച്ചു. മസ്ജിദുകളെ മ്യൂസിയങ്ങളായും മൃഗാലയങ്ങളുമാക്കി മാറ്റി. പടച്ചവന്‍റെ കൃപയാല്‍ അവിടെ വീണ്ടും ഇസ്ലാം മടങ്ങി വന്നു. മസ്ജിദുകള്‍ സജീവമായി. 

3. നാം എല്ലാ സാഹചര്യങ്ങളിലും തൗഹീദിനെ ഉയര്‍ത്തിപ്പിടിക്കുക. ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും എല്ലാ അവസ്ഥകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുക. നാം ഇബ്റാഹീം നബി  (അ) യുടെ പിന്‍ഗാമികളാണ്. പ്രവാചകന്മാരില്‍ അവസാനത്തെ വ്യക്തിത്വമായ ഹസ്രത്ത് മുഹമ്മദുര്‍റസൂലുല്ലാഹി (സ്വ) യുടെ അനുയായിയുമാണ്. ഇബ്റാഹീം നബിയുടെ വലിയൊരു പ്രത്യേകത, തൗഹീദാണ്. അത്  പിന്തുടരാന്‍ നമ്മോട് കല്‍പിക്കപ്പെട്ടിട്ടുണ്ട്. നമുക്ക് ഒരു ഇബ്റാഹീമീ ദര്‍ശനം സൃഷ്ടിക്കാന്‍ പരിശ്രമിക്കാം. തൗഹീദിന്‍റെ സിദ്ധാന്തം കൊണ്ട് നാം തിരിച്ചറിയപ്പെടേണ്ടതാണ്. ഒരു സാഹചര്യത്തിലും ബഹുദൈവ വിശ്വാസത്തോടും വിഗ്രഹാരാധനയോടും അടുക്കാതിരിക്കുക. 

4. തൗഹീദിനെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള നമ്മുടെ പ്രബോധനം അവതരിപ്പിക്കുന്നതില്‍ നാം അശ്രദ്ധരായിരിക്കരുത്. വ്യക്തിപരമായും കൂട്ടായ സമ്മേളനങ്ങളിലും പരസ്യമായും രഹസ്യമായും രാവും പകലും, സംഭാഷണ വേദികളിളും എഴുത്തുകളിലും നമുക്ക് അവസരമുള്ളിടത്തെല്ലാം, ഒരു മടിയും കൂടാതെ തൗവീദിന്‍റെ പ്രബോധനം അവതരിപ്പിക്കാന്‍ നാം മടിക്കരുത്. ഇത് നമ്മുടെ ജീവിത ദൗത്യമാക്കി മാറ്റുക.  ഇന്‍ഷാ അല്ലാഹ്, നമ്മുടെ പരിശ്രമങ്ങള്‍ ഫലപ്രദമാകും. സുമനസ്സുകള്‍ സത്യത്തിന്‍റെ വിളി സ്വീകരിക്കും. ഒപ്പം നമ്മുടെ രാജ്യം മുഴുവനും തൗഹീദിന്‍റെ ഗീതം മുഴങ്ങും. 

കഅ്ബയുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. അതുപോലെ തന്നെ അല്ലാഹുവിന്‍റെ റസൂലിന്‍റെ (സ) മാതൃകയും വ്യക്തമാണ്. കഅ്ബ വളരെക്കാലമായി ഒരു വിഗ്രഹാലയമായിരുന്നു. റസൂലുല്ലാഹി (സ്വ) യുടെയും കൂട്ടാളികളുടെയും ഉപര്യുക്ത പരിശ്രമങ്ങളിലൂടെ അത് തൗഹീദിന്‍റെ കേന്ദ്രമായി മാറി. ഇവിടെ നമ്മുടെ രാജ്യത്തും പടച്ചവന്‍റെ ഒരു ഭവനം വിഗ്രഹാലയമായി മാറ്റപ്പെടുകയാണ്. എന്നാല്‍ പടച്ചവന്‍റെ ശക്തിയ്ക്ക് മുന്നില്‍ ഒന്നും അകലെയല്ല. നമ്മുടെ ശരിയായ പരിശ്രമത്തിലൂടെ അത് വീണ്ടും പടച്ചവന്‍റെ ഭവനമായി മാറുമെന്ന് മാത്രമല്ല, മറ്റ് വിഗ്രഹാലയങ്ങളില്‍ നിന്നും തൗഹീദിന്‍റെ ശബ്ദം ഉയരുകയും ചെയ്യുന്നതാണ്. പടച്ചവന് ഒന്നും പ്രയാസമുള്ള കാര്യമല്ല.! 

No comments:

Post a Comment