Wednesday, April 22, 2020

08. മുന്‍ഗാമികളിലെ ഒരു മാതൃകാ പ്രബോധകന്‍.!


ദഅ് വത്തിന്‍റെയും 
തബ് ലീഗിന്‍റെയും 
ഉദാത്ത മാതൃകകള്‍.! 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2020/04/08_21.html?spref=tw  അദ്ധ്യായം 08. 
ജഅ്ഫറുബ്നു അബീ ത്വാലിബ് (റ) രാജകൊട്ടാരത്തില്‍: 
മുന്‍ഗാമികളിലെ ഒരു മാതൃകാ പ്രബോധകന്‍.! 
ജീവിതം മുഴുവന്‍ ദഅ്വത്തിന്‍റെ ഉദാത്ത മാതൃകകള്‍ നിറഞ്ഞ് നില്‍ക്കുന്ന അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലലാഹു അലൈഹിവസല്ലം) യുടെ ദഅ്വത്തിന്‍റെ രണ്ട് മാതൃകകളാണ് ഇതിന് മുമ്പ് വിവരിച്ചത്. ഇവിടെ മുഹമ്മദീ ദഅ്വത്തിന്‍റെയും തര്‍ബിയത്തിന്‍റെയും മടിത്തട്ടില്‍ വളര്‍ന്ന ഒരു വ്യക്തിത്വമായ ജഅ്ഫറുബ്നു അബീത്വാലിബ് (റ) ന്‍റെ ഒരു ദഅ്വത്ത് സംഭവം മാതൃകയെന്നോണം വിവരിക്കുകയാണ്: സ്വഹാബികള്‍ മുഴുവനും റസൂലുല്ലാഹി (സ്വല്ലല്ലലാഹു അലൈഹിവസല്ലം) യുടെ വടവൃക്ഷത്തിന്‍റെ അനുഗ്രഹീത ഫലങ്ങളാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നുബുവ്വത്തിന്‍റെ പ്രവര്‍ത്തനമായ ദഅ്വത്ത് റസൂലുല്ലാഹി (സ്വല്ലല്ലലാഹു അലൈഹിവസല്ലം) യുടെ മാതൃക തന്നെയാണ്. പ്രത്യേകിച്ചും ജഅ്ഫര്‍ (റ) നെ കുറിച്ച് റസൂലുല്ലാഹി (സ്വല്ലല്ലലാഹു അലൈഹിവസല്ലം) അരുളി: ബാഹ്യ രൂപത്തിലും സ്വഭാവ രീതികളിലും താങ്കള്‍ എന്നോട് സാദൃശ്യനായിരിക്കുന്നു. (ബുഖാരി). 
അത് സങ്കീര്‍ണ്ണമായ സന്ദര്‍ഭം.! 
ജഅ്ഫര്‍ (റ) ന്‍റെ ദഅ്വത്ത് പ്രഭാഷണവും അതിന്‍റെ ചിത്രവും ഉദ്ധരിക്കുന്നതിന് മുമ്പ് അതിന്‍റെ പശ്ചാത്തലം ആദ്യമായി മനസ്സിലാക്കുക: റസൂലുല്ലാഹി (സ്വല്ലല്ലലാഹു അലൈഹിവസല്ലം) മക്കാ മുകര്‍റമയില്‍ ദീനിന്‍റെ ദഅ്വത്ത് നടത്തിയപ്പോള്‍ ശക്തമായ പ്രയാസ-പ്രശ്നങ്ങളും മര്‍ദ്ദന-പീഢനങ്ങളും ഏല്‍ക്കേണ്ടി വന്നു. അത് അങ്ങേയറ്റം കടുപ്പമായപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ എത്യോപ്യിലേക്ക് പലായനം ചെയ്യുന്നത് നന്നായിരിക്കും. അവിടെ അക്രമങ്ങള്‍ നടക്കാറില്ല. അത് ഒരു നല്ല രാജ്യമാണ്. അല്ലാഹു ഇവിടെ ഒരു രക്ഷാമാര്‍ഗ്ഗം തുറന്ന് തരുന്നത് വരെ നിങ്ങള്‍ അവിടെ പോയി താമസിക്കുക.! ഇത് കേട്ടപ്പോള്‍ സ്വഹാബത്തിന്‍റെ ഒരു സംഘം എത്യോപ്യയിലേക്ക് യാത്ര തിരിച്ചു. ഇത് ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ പലായനമായിരുന്നു. ഇവര്‍ പത്ത് പേര്‍ ഉണ്ടായിരുന്നു. ഇവരുടെ നായകന്‍ ഉസ്മാനുബ്നു മള്ഊന്‍ (റ) ആയിരുന്നു. ശേഷം ജഅ്ഫറുബ്നു അബീത്വാലിബ് (റ) ന്‍റെ നേതൃത്വത്തില്‍ മറ്റൊരു സംഘം അവരുടെ കൂട്ടത്തില്‍ പോയി ചേര്‍ന്നു. അവര്‍ എണ്‍പത്തിമൂന്ന് പേര്‍ ആയിരുന്നു. മുസ്ലിംകള്‍ ശാന്തമായ സ്ഥലത്ത് ചെന്ന് സുരക്ഷിതരായതായി കണ്ടപ്പോള്‍ ഖുറൈശികള്‍ അറേബ്യയിലെ പ്രധാന രാഷ്ട്രീയ നേതാക്കളായ അംറുബ്നുല്‍ ആസിനെയും അബ്ദുല്ലാഹിബ്നു അബീ റബീഅയെയും അവിടേക്ക് അയച്ചു. അവര്‍ മക്കയില്‍ നിന്നും ധാരാളം ഉപഹാരങ്ങളുമായി നജ്ജാശിയുടെ അരികിലെത്തി. ആദ്യം രാജാവിന്‍റെ ഉപദേശകന്മാര്‍ക്ക് അവര്‍ ധാരാളം ഉപഹാരങ്ങള്‍ നല്‍കുകയുണ്ടായി. തുടര്‍ന്ന് രാജസന്നിധിയില്‍ എത്തി അവര്‍ ഒരു പ്രഭാഷണം നടത്തി: 
അഭയാര്‍ത്ഥികളെ കുറിച്ച് വെറുപ്പും വിദ്യേഷവും ഇളക്കി വിടുന്നു.! 
അവര്‍ പറഞ്ഞു: ആദരണീയ രാജാവേ, ഞങ്ങളുടെ നാട്ടില്‍ നിന്നും ബുദ്ധിയില്ലാത്ത ചിലര്‍ ഇവിടെ വന്ന് താമസമാക്കിയിരിക്കുകയാണ്. അവര്‍ അവരുടെ പഴയ മതം ഉപേക്ഷിച്ചു. താങ്കളുടെ മതം സ്വീകരിച്ചിട്ടുമില്ല. നമുക്കാര്‍ക്കും അറിവില്ലാത്ത പുതിയൊരു മതം സ്വീകരിച്ചിരിക്കുകയാണ്. ആകയാല്‍ ഇവരെ ഞങ്ങളോടൊപ്പം മടക്കി അടയ്ക്കണമെന്ന് ഞങ്ങളുടെ കുടുംബത്തിലെയും നാട്ടിലെയും നേതാക്കള്‍ ഞങ്ങളെ ഇവിടേക്ക് അയച്ചിരിക്കുകയാണ്. അവര്‍ ഇവരെ കുറിച്ച് നന്നായി അറിയുന്നവരും സത്യസന്ധരുമാണ്.! ഉടനെ കൊട്ടാരം ഉപദേശകന്മാര്‍ ഏക സ്വരത്തില്‍ പറഞ്ഞു: ആദരണീയ രാജാവേ, ഇവരുടെ ആവശ്യം തീര്‍ത്തും ന്യായമാണ്. പുതിയ അഭയാര്‍ത്ഥികളെ ഇവരെ തന്നെ ഏല്‍പ്പിക്കുന്നതാണ് ഉചിതം.!
എത്യോപ്യയിലേക്ക് പലായനം ചെയ്തുവന്ന മര്‍ദ്ദിതരെ കുറിച്ച് അവര്‍ പറഞ്ഞ വാക്കുകളും ചിന്തിക്കുക. അങ്ങേയറ്റം വെറുപ്പുളവാക്കുന്നതും കുതന്ത്രം നിറഞ്ഞതും രാഷ്ട്രീയ ശൈലിയിലുമുള്ള സംസാരമാണ്. തീര്‍ച്ചയായും അവര്‍ സാധുക്കളുടെ മര്‍മ്മം നോക്കി തന്നെയാണ് പ്രഹരിച്ചത്. ആദ്യം അവരെ നിന്ദ്യരായ ശൈലിയില്‍ അനുസ്മരിക്കുകയും പരിഹസിക്കുകയും ചെയ്തു. ബുദ്ധിയില്ലാത്ത കുറേയാളുകളാണ് ഇവിടേക്ക് വന്നിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് നിന്ദിച്ച ശേഷം അവര്‍ ഉണര്‍ത്തി: ഇവര്‍ ഇവരുടം മതം ഉപേക്ഷിച്ചു, താങ്കളുടെ മതം സ്വീകരിച്ചിട്ടുമില്ല. പുതിയ ഒരു മതത്തിന്‍റെ വക്താക്കളുമാണ്. ഇത് അവര്‍ നിഷ്പക്ഷമതികളാണ് എന്ന പ്രകടനം നടത്തുന്നതോടൊപ്പം സാധാരണക്കാരുടെ മനസ്സ് പിടിച്ചുകുലുക്കുന്നതുമാണ്. ഭൂരിപക്ഷത്തിന്‍റെയോ ഭരണകൂടത്തിന്‍റെയോ മതങ്ങള്‍ സ്വീകരിക്കാത്ത ബുദ്ധിയും ബോധവും കുറഞ്ഞ ഇവര്‍ പുതിയൊരു മതവുമായി വന്നിരിക്കുന്നത് വളരെ നാശകരമാണ്.! അവസാനമായി ഞങ്ങളുടെ നേതാക്കള്‍ ഇവരെ കൂട്ടിക്കൊണ്ട് വരുന്നതിന് ഞങ്ങളെ അയച്ചിരിക്കുകയാണ് എന്ന വാക്കും അവര്‍ക്ക് മുഴുവന്‍ ആകര്‍ഷകവും സ്വീകാര്യവുമായിരുന്നു. 
അതി സങ്കീര്‍ണ്ണമായ ഘട്ടം.! 
ഖുറൈശികളുടെ ഈ രണ്ട് പ്രതിനിധികള്‍ നടത്തിയ വിവരണം രാഷ്ട്രീയ കുതന്ത്രത്തിന്‍റെ വലിയൊരു ഉദാഹരണമാണ്. കൂടാതെ ഇവരുടെ വാദത്തെ ശരിവെച്ചുകൊണ്ട് കൊട്ടാരപണ്ഡിതന്മാര്‍ ഇവര്‍ പറയുന്നത് കേള്‍ക്കാന്‍ രാജാവിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഇത് സാധുക്കളായ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അതി സങ്കീര്‍ണ്ണമായ ഒരു ഘട്ടമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലര്‍ക്കും തെറ്റുകള്‍ സംഭവിക്കാറുണ്ട്. ചിലര്‍ ഈ സമയത്ത് ദേഷ്യത്തിലും വെപ്രാളത്തിലും തെറ്റായ എന്തെങ്കിലും വിളിച്ച് പറഞ്ഞുകളയും. മറ്റ് ചിലര്‍ മറുപടി കിട്ടാതെ അന്തം വിട്ട് നിശബ്ദത പാലിക്കും. എന്നാലിത് വളരെ പ്രധാനപ്പെട്ട ഒരു സന്ദര്‍ഭമാണ്. ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിനിധീകരിച്ചുകൊണ്ട് നല്ല നിലയില്‍ കാര്യങ്ങള്‍ പറയേണ്ട സന്ദര്‍ഭമാണ്. തര്‍ക്കങ്ങള്‍, ബഹളങ്ങള്‍, ചോദ്യോത്തരങ്ങള്‍ മുതലായവയില്‍ നിന്നും അകന്ന് നില്‍ക്കാനും അധികാരിയായതിനോടൊപ്പം ക്രിസ്തുമതത്തിന്‍റെ സംരക്ഷകന്‍ കൂടിയായ രാജാവിനെയും കൂട്ടരെയും വെറുപ്പിക്കാതിരിക്കാനും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും ഭാഗത്ത് നിന്നും വലിയ വചന-വൈജ്ഞാനിക വിഷയങ്ങളൊന്നും പറയാതെ അതി ലളിതവും എന്നാല്‍ ശക്തവും വ്യക്തവുമായ നിലയില്‍ കാര്യം പറയുകയും വേണം. 
ജഅ്ഫറുത്തയ്യാര്‍ (റ) മുന്നോട്ട് വരുന്നു.! 
ഈ സങ്കീര്‍ണ്ണ ഘട്ടത്തില്‍ വളരെ ഗൗരവവും പ്രധാനപ്പെട്ടതുമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ജഅ്ഫര്‍ (റ) മുന്നോട്ട് വരികയും വളരെ ലളിതവും ശക്തവും സാഹിത്യ സമ്പുഷ്ടവുമായ നിലയില്‍ ഒരു പ്രഭാഷണം നടത്തുകയും ചെയ്തു. അത് ഇപ്രകാരമാണ്: 
ആദരണീയ രാജാവേ, ഞങ്ങള്‍ വിവരമില്ലാത്ത ഒരു സമൂഹമായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും വൃത്തികേടുകള്‍ പ്രവര്‍ത്തിക്കുകയും ബന്ധങ്ങള്‍ മുറിക്കുകയും അയല്‍ക്കാരെ ഉപദ്രവിക്കുകയം ചെയ്യുന്നവര്‍. ഞങ്ങളില്‍ ശക്തന്മാര്‍ ബലഹീനരെ അക്രമിച്ചിരുന്നു. 
ഇതിനിടയില്‍ അല്ലാഹു ഞങ്ങളില്‍ നിന്നുതന്നെ ഒരു ദൂതനെ ഞങ്ങളിലേക്കയച്ചു അദ്ദേഹത്തിന്‍റെ കുടുംബ മഹിമയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്കറിയാം. അല്ലാഹുവിനെ ഏകനായി അംഗീകരിച്ച് ആരാധിക്കുന്നതിനേയും അല്ലാഹുവിനെ കൂടാതെ ഞങ്ങള്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങള്‍ വര്‍ജ്ജിക്കുന്നതിലേക്കും അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. സത്യസന്ധതയും വിശ്വസ്തതയും മുറുകെപിടിക്കണമെന്നും കുടുംബബന്ധം ചേര്‍ക്കണമെന്നും അയല്‍ക്കാര്‍ക്ക് ഗുണം ചെയ്യണമെന്നും ആദരണീയ വസ്തുക്കളെ നിന്ദിക്കരുതെന്നും കല്പിച്ചു. വൃത്തികേടുകളും കള്ളസാക്ഷ്യവും അനാഥരുടെ സ്വത്ത് അപഹരിക്കുന്നതും നിരപരാധികളെക്കുറിച്ച് അപരാധം പ്രചരിപ്പിക്കുന്നതും തടയുകയും ചെയ്തു. അല്ലാഹുവിനെ ആരാധിക്കണമെന്നും അവനോട് ഒന്നിനെയും പങ്കുചേര്‍ക്കരുതെന്നും നമസ്കാരവും നോമ്പും സകാത്തും അനുഷ്ഠിക്കണമെന്നും ഞങ്ങളെ ഉപദേശിച്ചു. ഞങ്ങള്‍ അവ സത്യമായി അംഗീകരിച്ച് അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തിന്‍റെ പാത പിന്തുടരുകയും ചെയ്തു. അങ്ങനെ, ഏകനായ അല്ലാഹുവിനെ മാത്രം ഞങ്ങള്‍ ആരാധിച്ചു. അവനോട് ഒന്നിനെയും പങ്കുചേര്‍ത്തില്ല. നിഷിദ്ധമായ കാര്യങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക് നിഷിദ്ധമാക്കി. അനുവദനീയമായവ അനുവദനീയമാക്കി. ഇതിന്‍റെ പേരില്‍ സമുദായം ഞങ്ങളോട് ശത്രുത പുലര്‍ത്തി പീഢിപ്പിച്ചു. അല്ലാഹുവിന്‍റെ ആരാധനയില്‍ നിന്ന് വിഗ്രഹാരാധനയിലേക്കും പഴയ വൃത്തികേടുകളിലേക്കും ഞങ്ങളെ മടക്കിക്കൊണ്ടുപോകാന്‍ അവര്‍ പരിശ്രമിച്ചു.
അവര്‍ ഞങ്ങളെ വളരെയധികം ഉപദ്രവിക്കുകയും ഞങ്ങള്‍ക്കും ദീനിനുമിടയില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ഇവിടേക്ക് വന്നു. മറ്റുള്ളവരെക്കാള്‍ താങ്കളെ തിരഞ്ഞെടുത്തു. താങ്കളുടെ സഹായം ഞങ്ങള്‍ ആഗ്രഹിക്കുന്നു. താങ്കളുടെ സാന്നിധ്യത്തില്‍ ഉപദ്രവിക്കപ്പെടുകയില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 
സങ്കീര്‍ണ്ണ ഘട്ടത്തില്‍ അളന്ന് മുറിച്ച വാക്കുകള്‍.! 
ഈ പ്രഭാഷണം ശ്രദ്ധിച്ചാല്‍ തുടക്കത്തില്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അദ്ദേഹം പെട്ടെന്ന് നടത്തിയ ഒരു സാദാ പ്രസംഗമാണ് എന്ന് നമുക്ക് തോന്നിപ്പോകും. പുരോഗതിയും നാഗരികതയും തൊട്ടുതീണ്ടാത്തതും രാഷ്ട്രീയ-വൈജ്ഞാനിക സംസ്കാരങ്ങളുമായി ബന്ധമില്ലാത്തതുമായ ഒരു അറബി നടത്തിയ നാടന്‍ പ്രസംഗം. പക്ഷെ, കാര്യം അങ്ങനെയല്ല. തന്ത്രജ്ഞത, അവസരോചിതം, സംശുദ്ധ ബുദ്ധി എന്നിവയ്ക്കുള്ള ഉത്തമ മാതൃകയാണിത്. കൃത്യ സമയത്ത് ശരിയായ നിലയില്‍ കാര്യങ്ങള്‍ പറയാന്‍ അല്ലാഹു അദ്ദേഹത്തിന് ഉതവി നല്‍കി. വാചക സാമര്‍ത്ഥ്യത്തിലേക്കും സാഹിത്യ ശക്തിയിലേക്കും നോക്കുന്നതിന് പകരം അദ്ദേഹത്തിന്‍റെ സന്തുലിതത്വവും അടിയുറച്ച വീക്ഷണവും ശ്രദ്ധിച്ചാല്‍ ഇത് പടച്ചവന്‍ തന്നെ അദ്ദേഹത്തിന്‍റെ നാവിലൂടെ സത്യത്തെ സമര്‍ത്ഥിക്കുകയാണെന്ന് വ്യക്തമാകും. അല്ലാഹു ഇസ്ലാമിന്‍റെ പ്രകാശം അവിടെ സമ്പൂര്‍ണ്ണമാക്കാനും ദീനിനെ ഉയര്‍ത്താനും തീരുമാനിച്ചു എന്നും മനസ്സിലാകും. കൂട്ടത്തില്‍ അറബികളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയിരുന്ന ഖുറൈശികളിലെ പ്രമുഖ ഗോത്രമായ ബനൂഹാശിമിന്‍റെ സംശുദ്ധ പ്രകൃതിയും സമുന്നത വിവേകവും അനുമാനിക്കാന്‍ കഴിയും. 
ജഅ്ഫര്‍ (റ) ഇവിടെ നീണ്ട ഒരു പ്രസംഗവും ന്യായാന്യായങ്ങളും മതങ്ങളുടെ താരതമ്യങ്ങളും നടത്തുന്നതിന് പകരം ആദ്യം അറബികളുടെ ജാഹിലീ ജീവിതത്തിന്‍റെ നേര്‍ചിത്രം വരച്ച് കാട്ടി. ശേഷം സത്യ ദൂതന്‍ വരികയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ മാറ്റങ്ങളും വ്യക്തമാക്കി. റസൂലുല്ലാഹി (സ്വല്ലല്ലലാഹു അലൈഹിവസല്ലം) യുടെ ആത്മ സംസ്കരണത്തിന്‍റെയും സ്വഭാവ ശുദ്ധീകരണത്തിന്‍റെയും പ്രവര്‍ത്തനം അവരെ എവിടെ നിന്നും എവിടെ എത്തിച്ചുവെന്ന് ലളിതമായി മനസ്സിലാക്കിക്കൊടുത്തു. അമിതത്വമില്ലാതെയും സംവാദ ശൈലി ഉപേക്ഷിച്ചുകൊണ്ടും ഈ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അത് വളരെ എളുപ്പത്തില്‍ മനസ്സുകളില്‍ പ്രവേശിക്കുന്നതും ഉറയ്ക്കുന്നതുമാണ്. ലക്ഷ്യപൂര്‍ത്തീകരണത്തിന്‍റെ വഴികള്‍ തുറക്കപ്പെടുകയും ചിന്താ-വിചിന്തനങ്ങള്‍ ഉയര്‍ത്തുകയും നിഷ്പക്ഷതയോടെയും സഹാനുഭൂതിയോടെയും കാര്യം ഗ്രഹിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്. 
ജഅ്ഫരീ പ്രഭാഷണത്തിന്‍റെ പ്രതിഫലനം.! 
ചരിത്രകാരന്മാര്‍ വിവരിക്കുന്നു: നജ്ജാശി രാജാവ് ഈ പ്രഭാഷണം വളരെ സമാധാനത്തോടെയും ഏകാഗ്രതയോടെയും ശ്രവിച്ചു. കാരണം ജഅ്ഫര്‍ (റ) അദ്ദേഹത്തിന്‍റെ നീതിബോധത്തെ പ്രത്യേകം വാഴ്ത്തിയിരുന്നു. പ്രഭാഷണത്തിന് ശേഷം രാജാവ് ചോദിച്ചു: നിങ്ങളുടെ നായകന്‍ പടച്ചവന്‍റെ ഭാഗത്ത് നിന്നും കൊണ്ടുവന്ന സന്ദേശത്തില്‍ നിന്നും വല്ലതും നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ.? ജഅ്ഫര്‍ (റ) പറഞ്ഞു: ഓര്‍മ്മയുണ്ട്. അതില്‍ നിന്നും അല്പം പാരായണം ചെയ്യുക എന്ന് രാജാവ് ആവശ്യപ്പെട്ടപ്പോള്‍ ജഅ്ഫര്‍ (റ) സ്ഥല-കാലങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സൂറത്ത് മര്‍യമിന്‍റെ പ്രാരംഭ ഭാഗങ്ങള്‍ പാരായണം ചെയ്തു. അത് കേട്ടപ്പോള്‍ നജ്ജാശിക്ക് വികാരമുണ്ടാകുകയും താടി നനയത്തക്ക നിലയില്‍ അദ്ദേഹം കരയുകയും ചെയ്തു. സദസ്സിലുണ്ടായിരുന്ന പാതിരിമാരും മന്ത്രിമാരും കരയുകയും അവരുടെ മുന്നില്‍ തുറന്ന് വെച്ചിരുന്ന വേദപുസ്തകത്തില്‍ കണ്ണുനീര്‍ വീഴുകയും ചെയ്തു. 
ശേഷം നജ്ജാശി പ്രസ്താവിച്ചു: ഈ ഖുര്‍ആനും ഈസാ നബി (അ) കൊണ്ടുവന്ന സന്ദേശവും ഒരൊറ്റ വിളക്കിന്‍റെ പ്രകാശങ്ങളാണ്. തുടര്‍ന്ന് ഖുറൈശീ ദൂതന്മാരോട് നജ്ജാശി പറഞ്ഞു: നിങ്ങള്‍ പോകുക. പടച്ചവനില്‍ സത്യം, ഇവരെ നിങ്ങളുടെ അരുകിലേക്ക് മടക്കി അയയ്ക്കുന്നതല്ല. 
വിശ്വാസ പരീക്ഷണം, ഉത്തമ മറുപടി.! 
പരീക്ഷണം ഇവിടം കൊണ്ട് അവസാനിച്ചില്ല. അവര്‍ മറ്റൊരു പ്രശ്നം കുത്തിയിളക്കി. ഇത് ആദ്യത്തെതിനേക്കാളും കടുപ്പമുള്ളതായിരുന്നു. അംറുബ്നുല്‍ ആസ് അദ്ദേഹത്തിന്‍റെ ആവനാഴിയിലെ വിഷം പുരട്ടിയ ഒരു അമ്പ് എയ്യുകയുണ്ടായി. അതായത് അടുത്ത ദിവസം രാവിലെ നജ്ജാശിയുടെ അരികില്‍ വന്ന് പറഞ്ഞു: രാജാവേ, ഈ നാട് വിട്ട് വന്നവര്‍ ഈ യേശുവിന്‍റെ മേല്‍ വളരെ മോശമായ വാക്കുകള്‍ പറയുന്നവരാണ്.! രാജാവ് മുസ്ലിംകളെ വിളിച്ചുവരുത്തി ചോദിച്ചു. ഈശോ മിശിഹായെ കുറിച്ച് നിങ്ങളുടെ വിശ്വാസമെന്താണ്.? 
ജഅ്ഫര്‍ (റ) ഉടനെ മറുപടി പറഞ്ഞു: ഇതിനെ കുറിച്ച് ഞങ്ങളുടെ നബി പറഞ്ഞത് തന്നെയാണ് ഞങ്ങളും പറയുന്നത്. മഹാനായ ഈസാ പടച്ചവന്‍റെ അടിമയും ദൂതനും പടച്ചവന്‍റെ ഭാഗത്ത് നിന്നും ആത്മാവ് നല്‍കപ്പെട്ടവരും പടച്ചവന്‍റെ വചനത്തിലൂടെ ജനിച്ചവരുമാണ്. പടച്ചവന്‍ ആ വചനം കന്യകാ മര്‍യമില്‍ നിക്ഷേപിക്കുകയുണ്ടായി.! ഇത് കേട്ടപ്പോള്‍ നജ്ജാശി രാജാവ് തറയിലടിക്കുകയും താഴെ നിന്നും ഒരു തരി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഇതിനേക്കാളും കൂടുതലായി ഇത്ര പോലും ഈസബ്നു മര്‍യം പറഞ്ഞിട്ടില്ല.! 
ഇവിടെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ അവസ്ഥയുടെ സങ്കീര്‍ണ്ണതയോര്‍ത്ത് രാഷ്ട്രീയ ശൈലിയില്‍ മറുപടി നല്‍കുകയും ഉരുട്ടിയും പിരട്ടിയും എന്തെങ്കിലും പറഞ്ഞ് മാറുകയും ചെയ്യുമായിരുന്നു. തീര്‍ച്ചയായും ഇത് ജഅ്ഫര്‍ (റ) ന്‍റെ അപാരമായ കഴിവും പെട്ടെന്ന് മറുപടി പറയാനുള്ള ശേഷിയും സാഹിത്യ സമ്പുഷ്ടിയും ആണെങ്കിലും അതിനെക്കാളെല്ലാം കൂടുതല്‍ അദ്ദേഹത്തിന്‍റെ കളങ്കമില്ലാത്ത വിശ്വാസത്തിന്‍റെ പ്രകാശം കൂടിയാണ്. തീര്‍ച്ചയായും അദ്ദേഹം പ്രവാചകനല്ലായിരുന്നു. പക്ഷെ, അദ്ദേഹം രാജ കൊട്ടാരത്തില്‍ പ്രവാചകന്‍റെ സ്ഥാനത്ത് നിന്ന് കൊണ്ട് പ്രബോധനം നടത്തുകയാണ്. ഉരുട്ടിപ്പിരട്ടി സംസാരിക്കാനും സത്യസത്യങ്ങള്‍ കൂട്ടിക്കുഴയ്ക്കാനും അദ്ദേഹത്തിന് അനുവാദമില്ലായിരുന്നു. അത് കൊണ്ട് മാന്യത മുറുകെ പിടിച്ചുകൊണ്ട് തന്നെ വ്യക്തമായ ഭാഷയിലും ശക്തമായ ശൈലിയിലും കാര്യം പറഞ്ഞു. ബുദ്ധിയും തന്ത്രജ്ഞതയും സന്തുലിതത്വവും പരസ്പര യോജിപ്പും സ്വീകരിച്ചുകൊണ്ട് അളന്നുമുറിച്ച വാചകങ്ങള്‍ പറഞ്ഞു. 
പ്രബോധന പോരാട്ടത്തില്‍ വിജയത്തിന്‍റെ വെന്നിക്കൊടി.! 
സത്യസന്ധത, ഉദ്ദേശശുദ്ധി, തന്ത്രജ്ഞത, സാഹിത്യ പാടവം എന്നീ ഗുണങ്ങള്‍ കാരണം അപകടകരമായ പോരാട്ടങ്ങള്‍ക്കിടയില്‍ ശത്രുക്കളുടെ വലയില്‍ നിന്നും ജഅ്ഫര്‍ (റ) അന്തസ്സോടെ രക്ഷപ്പെടുക മാത്രമല്ല, സത്യാസത്യ പോരാട്ടത്തില്‍ വിജയത്തിന്‍റെ വെന്നിക്കൊടി പാറിപ്പറത്തി. നജ്ജാശി അങ്ങേയറ്റം ആദരവോടെ മുസ്ലിംകളോട് അവിടെ താമസിക്കാന്‍ പറയുകയും വലിയ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. ഖുറൈശീ നേതാക്കള്‍ നാണം കെട്ട് മടങ്ങി. മുസ്ലിംകള്‍ ഒരു നല്ല നാട്ടില്‍ ഉത്തമ പൗരന്മാരായി ജീവിതമാരംഭിച്ചു. (വിവരണത്തിന് വിനീതന്‍റെ കാരുണ്യത്തിന്‍റെ തിരുദൂതര്‍ പാരായണം ചെയ്യുക.) 
ദീനിന്‍റെ ദഅ്വത്തിന്‍റെ ആശയ ഗംഭീരവും തന്ത്രജ്ഞത നിറഞ്ഞതുമായ മാതൃകകളെ പറ്റിയുള്ള വിവരണം ഈ സംഭവത്തോട് കൂടി ഇവിടെ അവസാനിപ്പിക്കുകയാണ്. അങ്ങേയറ്റം സ്ഫോടനാത്മകമായ ഒരു അന്തരീക്ഷത്തില്‍ ഗാംഭീര്യം നിറഞ്ഞ രാജസദസ്സില്‍ വെച്ചാണ് ഇത് അരങ്ങേറിയത്. ഇവിടെ തിളങ്ങിയത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സമുന്നത സഹവാസത്തിന് സൗഭാഗ്യം സിദ്ധിച്ച പ്രവാചക കുടുംബത്തിലെ അംഗം കൂടിയായ ജഅ്ഫറുബ്നു അബീത്വാലിബ് (റ) ആണ്. അല്ലാഹു അദ്ദേഹത്തിന് തന്ത്രജ്ഞതയും സുചിന്തിതമായ വാക്ക് പറയാനുള്ള ശേഷിയും നല്‍കി. ദഅ്വത്തിന്‍റെ വഴിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഇത് വഴിവിളക്കും വിജ്ഞാന-സാഹിത്യ പ്രേമികള്‍ക്ക് പഠന-ചിന്തകളുടെ പ്രധാന വിഷയവുമാണ്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment