Friday, October 12, 2018

സ്വഫറും ദുര്‍ലക്ഷണവും.!


സ്വഫറും ദുര്‍ലക്ഷണവും.! 
ശൈഘ് അബ്ദുര്‍ റഹ് മാന്‍ സുദൈസ് 
(ഇമാം, മസ്ജിദുല്‍ ഹറാം) 
https://swahabainfo.blogspot.com/2018/10/blog-post_3.html?spref=tw 
അല്ലാഹു മനുഷ്യന് നല്‍കിയ ഏറ്റവും മഹത്തായ അനുഗ്രഹമാണ് ഇസ്ലാം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ നമ്മുടെ നായകനായി നിശ്ചയിക്കുക മുഖേന അല്ലാഹു നമ്മോട് വലിയ ഔദാര്യമാണ് ചെയ്തത്. 
അല്ലാഹു പറയുന്നു: സത്യവിശ്വാസികളിലേക്ക് അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ അയയ്ക്കുക മുഖേന അല്ലാഹു അവരോട് വലിയ ഔദാര്യമാണ് ചെയ്തത്. ആ ദൂതന്‍ അവര്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്കരിക്കുകയും, അവര്‍ക്ക് ഖുര്‍ആനും, വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. മുമ്പ് അവര്‍ വ്യക്തമായ വഴികേടിലായിരുന്നുതാനും.
(ആലു ഇംറാന്‍: 164) 
യഥാര്‍ത്ഥത്തില്‍ ഏറ്റവും മഹത്തായ അനുഗ്രഹവും, ഔദാര്യവും ഇത് തന്നെയാണ്. അതിന് മുമ്പുണ്ടായിരുന്ന ജനങ്ങളുടെ ജീവിതാവസ്ഥകളെ ചെറുതായെങ്കിലുമൊന്ന് പഠനവിധേയമാകുമ്പോഴാണ് അതിന്‍റെ ഗൗരവം നമുക്ക് മനസ്സിലാകുക. അതിനെ വര്‍ണ്ണിച്ച അല്ലാഹുവിന്‍റെ വാക്കുകള്‍ക്ക് മാത്രമാണ് അതിന്‍റെ ഗൗരവം പ്രതിബിംബിപ്പിക്കുവാന്‍ സാധ്യമായത്. അല്ലാഹുവിന്‍റെ വാക്ക് എത്ര സമ്പൂര്‍ണ്ണം.! 
നിശ്ചയമായും, മുമ്പ് അവര്‍ വ്യക്തമായും ഭയങ്കരമായ വഴികേടില്‍ തന്നെയായിരുന്നു. കാരണം, അവര്‍ വഴികേടിന്‍റെ സര്‍വ്വ അതിരുകളും താണ്ടിക്കഴിഞ്ഞിരിക്കുന്നു. വിശ്വാസത്തിലും ആദര്‍ശങ്ങളിലുമുള്ള വഴികേട്, ദിശയിലും ലക്ഷ്യത്തിലും വഴിപിഴച്ചു, മുന്നോട്ടുള്ള ഗമനത്തിലാകെ വഴി തെറ്റി, പതിവുകളിലും രീതികളിലും പോലും മാര്‍ഗ്ഗഭ്രംശം, സ്വഭാവവും ആരാധനകളുമെല്ലാം തെറ്റായ വഴിയിലൂടെ തന്നെ. വഴികേടിന് എവിടെയെല്ലാം സാധ്യതയുണ്ടോ ആ രംഗത്തെല്ലാം കിറുകൃത്യമായി വഴിതെറ്റിയ ഒരു ജനത, ഇരുളടഞ്ഞ മാര്‍ഗ്ഗഭ്രംശം. അജ്ഞതയുടെ കൂരിരുട്ട്.
അവരുടെ വഴികേടിനെ കൃത്യമായി വായിച്ചെടുക്കുവാന്‍ മറ്റൊരു നിലയില്‍ ജഅ്ഫറുബ്നു അബീത്വാലിബ് (റ) ന്‍റെ വാക്കുകള്‍ വളരെയേറെ സഹായകരമാകുന്നുണ്ട്. 
എത്യോപ്യയിലെ രാജാവായിരുന്ന നജ്ജാഷിയുടെ മുന്നില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ നിയോഗത്തിന് മുമ്പ് മക്കയില്‍ തങ്ങള്‍ ജീവിച്ചിരുന്ന ദിനങ്ങളെ അദ്ദേഹം വിശദീകരിക്കുന്നു: 
രാജാവേ, ഞങ്ങള്‍ ഇരുണ്ട യുഗത്തിന്‍റെ അജ്ഞതയിലായിരുന്നു. വിഗ്രഹങ്ങളെ ആരാധിച്ചും, ശവം തിന്നും, എല്ലാ വൃത്തികേടുകളും ചെയ്തും, കുടുംബ ബന്ധങ്ങള്‍ മുറിച്ചും ഞങ്ങള്‍ ജീവിക്കുകയായിരുന്നു. അയല്‍വാസികളെ ഞങ്ങള്‍ ആക്രമിച്ചിരുന്നു. ഞങ്ങളിലെ ശക്തന്മാര്‍ ബലഹീനരെ അടിച്ചമര്‍ത്തി വെച്ചിരുന്നു. ഞങ്ങള്‍ ഈ നിലയില്‍ കാടന്മാരായി ജീവിക്കുമ്പോഴാണ് അല്ലാഹു ഞങ്ങളിലേക്ക് അവന്‍റെ ദൂതനെ നിയോഗിക്കുന്നത്. ആ ദൂതന്‍റെ കുടുംബപരമ്പര ഞങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്‍റെ സത്യസന്ധതയും, വിശ്വസ്തതയും, മാന്യതയും ഞങ്ങള്‍ പകല്‍ വെളിച്ചം പോലെ പരീക്ഷിച്ചറിഞ്ഞിട്ടുള്ളതുമാണ്. അങ്ങനെ നിയോഗിതരായ ആ ദൂതന്‍, ഞങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഞങ്ങളോടനുശാസിച്ചു. ഞങ്ങളും ഞങ്ങളുടെ പിതാക്കന്‍മാരും പരമ്പരാഗതമായി ആരാധിച്ചുവന്ന കല്ലുകളേയും ബിംബങ്ങളേയും ഒഴിവാക്കാനും ഞങ്ങളെ പ്രേരിപ്പിച്ചു. 
എന്നാല്‍ ഇതിനെയെല്ലാം പഴങ്കഥകള്‍ എന്ന പേരില്‍ നമുക്ക് പാടേ അവഗണിക്കാനാകുമോ? നാമൊന്ന് നമ്മുടെ ചുറ്റുപാടേക്ക് കണ്ണോടിക്കുമ്പോള്‍ നമുക്കും ഇതിന്‍റെയെല്ലാം പല പതിപ്പുകളും കാണാനാകും. വളരെയേറെ സംസ്കാരശൂന്യമായ നിലയില്‍ വിഗ്രഹാരാധനയില്‍ പതിച്ചവരെ നമുക്ക് ചുറ്റിലും നമുക്ക് കാണാം. ഒന്നല്ലെങ്കില്‍ മറ്റൊരു നിലയില്‍. ചിലപ്പോള്‍ അവര്‍ അജ്ഞാത യുഗത്തേയും കവച്ചു വെയ്ക്കുന്നുണ്ട്. ഇവിടെയുമുണ്ട് ചില പ്രതിഷ്ഠകളും വിഗ്രഹങ്ങളും, അത് സംബന്ധമായ ചില ചിന്തകളും, ആശയങ്ങളും, ജ്യോത്സ്യവും, ലക്ഷണം നോക്കലും, കവടി നിരത്തലും.! 
മറ്റൊരു ഭാഗത്താകട്ടെ.! മാസങ്ങളിലും, ദിവസങ്ങളിലും ദുര്‍ലക്ഷണവും, നഹ്സും കണ്ടെത്തലും.  
വേറെ ചിലര്‍ മാരണത്തിനും, അദ്ഭുതസിദ്ധികള്‍ക്കും, 
ആള്‍ ദൈവങ്ങള്‍ക്കും  പിന്നാലെ. 
ഇങ്ങനെ എത്രയോ വഴികേടുകള്‍.! 
അകാരണമായ യുദ്ധങ്ങളും, അക്രമങ്ങളും അനീതിയും അധിനിവേശവുമൊക്കെ ഇതിനുപുറമേ വേറെയും.
അല്ലാഹു സത്യദീന്‍ നല്‍കിയതു തന്നെ മനുഷ്യ കുലത്തെ ഇതില്‍നിന്നെല്ലം സംസ്കരിക്കാനാണ്. അജ്ഞാതകാലത്തേക്ക് ഇസ്ലാം കടന്നുവന്നുണ്ടാക്കിയ മാറ്റം വിപ്ലവകരമായിരുന്നു. അജ്ഞതയുടെ ചെളിക്കുണ്ടില്‍ നിന്നും അത് മനുഷ്യരെ വാനോളമുയര്‍ത്തി. മനുഷ്യരെ മനുഷ്യരുടെ അടിമത്വത്തില്‍ നിന്നും അല്ലാഹുവിന്‍റെ അടിമത്വത്തിലേക്ക് എത്തിച്ചു. മതങ്ങളുടെ മുള്‍വേലിക്കെട്ടുകളില്‍ നിന്നും ഇസ്ലാമിന്‍റെ നീതിയിലേക്കുമെത്തിച്ചു. ഒട്ടകത്തേയും ആടിനേയും മേച്ച് ഇടയന്മാരായി നടന്നിരുന്ന അവരെ ഗോത്രങ്ങളുടേയും, സമുദായങ്ങളുടേയും, 
നായകരാക്കി. അവരാകട്ടെ, സമുദായത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ച് അവരെ നിര്‍ഭയതയുടെ താവളങ്ങളിലെത്തിച്ചു. യുദ്ധങ്ങളുടേയും, കൊള്ളയുടേയും, കൊലയുടേയും കലുഷിതമായ അന്തരീക്ഷത്തില്‍ നിന്ന് ഇസ്ലാമിന്‍റെ സമ്പൂര്‍ണ്ണ സമാധാനത്തിലേക്കവരെ ആനയിച്ചിരുത്തി. 
കാരണം, 
ഇസ്ലാം ഒന്നു കൊണ്ടു മാത്രമേ ഉന്നതനും മഹാനുമായ സ്രഷ്ടാവും, ഉപകാരത്തിന്‍റേയും ഉപദ്രവത്തിന്‍റേയും ഉടമയും, സര്‍വ്വ സൃഷ്ടികളുടെ ജീവിതത്തിന്‍റേയും മരണത്തിന്‍റേയും നിയന്താവും, ദൃശ്യവും അദൃശ്യവും അറിയുന്നവനും, ലോകത്ത് അവന്‍റെ കൈകാര്യങ്ങള്‍ മാത്രം നടപ്പാക്കുന്നവനുമായ 
സ്രഷ്ടാവിലേക്ക് എത്താന്‍ കഴിയൂ. 
ഉദ്ദേശിക്കുന്നതെന്തും ചെയ്യുന്നവനും, അവനുദ്ദേശിക്കാത്തതൊന്നും നടപ്പാക്കാന്‍ 
ലോകത്താര്‍ക്കും കഴിയാത്തവനുമായ ആ രക്ഷിതാവില്‍ മാത്രമേ മനുഷ്യന്‍ പ്രതീക്ഷയര്‍പ്പിച്ചിട്ട് പ്രയോജനവുമുള്ളൂ.
ഇസ്ലാം മനുഷ്യനെ പഠിപ്പിച്ച വിശ്വാസ പ്രമാണം, ഏകനായ അല്ലാഹുവിലുള്ള നിഷ്കളങ്കമായ വിശ്വാസവും, അവനില്‍ അടിയുറച്ച അര്‍പ്പണവും, അവനില്‍ മാത്രമുള്ള പ്രതീക്ഷയുമാണ്. ഇക്കാര്യത്തില്‍ അവരുടെ ബുദ്ധിയെ മലിനമാക്കുന്നതോ, അവരുടെ ചിന്തകളെ അഴുക്ക് പിടിപ്പിക്കുന്നതോ, കാര്യങ്ങള്‍ നിജസ്ഥിതിക്ക് വിരുദ്ധമായി മനസ്സിലാക്കുന്നതോ ആയ എല്ലാ ചിന്തകളില്‍ നിന്നും ഊഹങ്ങളില്‍നിന്നും ഇസ്ലാം മനുഷ്യബുദ്ധിയെ ഒരുപാട് അകറ്റി സഞ്ചരിപ്പിച്ചു. അല്ലാഹുവിന്‍റെ ഏകത്വത്തിലുള്ള വിശ്വാസത്തില്‍നിന്നും മനുഷ്യനെ വ്യതിചലിപ്പിക്കാന്‍ വളരെ വിദൂരസാദ്ധ്യതകളുള്ള കാര്യങ്ങളില്‍ നിന്നു പോലും മനുഷ്യനെ തടഞ്ഞു. മാസങ്ങളിലും ദിവസങ്ങളിലും, ജന്തുക്കളിലും, പക്ഷികളിലും എന്തെങ്കിലും അപകടം പിണഞ്ഞവരിലും ദു:ശ്ശകുനം കണ്ടെത്തല്‍ അടിസ്ഥാന രഹിതമാണെന്ന് ഇസ്ലാം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. മാരണക്കാര്‍, 
ജ്യോത്സ്യര്‍, കൈരേഖാ ഫലം പ്രവചിക്കുന്നവര്‍, ജ്യോതിഷികള്‍ തുടങ്ങി കൃത്യമായ തൗഹീദില്‍ നിന്നും മനുഷ്യബുദ്ധിക്ക് മുറിവെന്നല്ല, ഒരു പോറലെങ്കിലുമേല്‍പ്പിക്കാന്‍ സാദ്ധ്യതയുള്ള ആരിലേക്കെങ്കിലും പോകുന്നതിനെ വളരെ കര്‍ശനമായി വിലക്കി. കാരണം അവര്‍ ദീനിനും സത്യവിശ്വാസത്തിനും ഭീഷണി ഉയര്‍ത്തുന്നവരാണ്. മനുഷ്യന്‍റെ സ്വഭാവത്തെയും, ഇബാദത്തുകളെയും നശിപ്പിക്കുന്നവരാണ്. 
ജനങ്ങളുടെ ബുദ്ധികൊണ്ട് കളിച്ച് അവരുടെ പണം പിടുങ്ങുന്നവരുമാണ്. ഇസ്ലാം ഇമ്മാതിരിയുള്ള  അജ്ഞാത കാലഘട്ടത്തിന്‍റെ എല്ലാ നടപടികളേയും തള്ളപ്പെടേണ്ട വിശ്വാസങ്ങളേയും നിരര്‍ത്ഥകമാക്കുകയും, മനുഷ്യരെ പൂര്‍ണ്ണമായും പരിശുദ്ധരാക്കുന്ന, സംശുദ്ധരാക്കുന്ന, ഒരു സമ്പൂര്‍ണ്ണ ജീവിത ക്രമത്തിലേക്ക് അവരെ എത്തിക്കുകയും ചെയ്തു.
മുസ്ലിം സമൂഹമേ, അല്ലാഹുവിന്‍റെമേല്‍ മാത്രം ഭരമേല്‍പ്പിക്കലും, അവനിലേക്ക് മാത്രം കാര്യങ്ങളെ ഏല്‍പ്പിക്കലും, അവന്‍ മാത്രമാണ് ഉപകാരമോ ഉപദ്രവമോ ഏല്‍പ്പിക്കാന്‍ കഴിയുന്നവനെന്ന വിശ്വാസവും, അഭലക്ഷണവും ശകുനപ്പിഴയും കണ്ടെത്തുന്നതിനെ ഉപേക്ഷിക്കലും 
ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്ന ഓരോ സത്യവിശ്വാസിയുടേയും ബാദ്ധ്യതയാണ്. കാരണം, കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്രഷ്ടാവായ അല്ലാഹു ഒരുവന്‍ മാത്രമാണ്. സൃഷ്ടികള്‍ക്കതില്‍ യാതൊരു പങ്കുമില്ല. 
അല്ലാഹു പറയുന്നു: 
നബിയെ പറയുക: ഞാന്‍ എനിക്ക് അല്ലാഹു ഉദ്ദേശിക്കുന്നതല്ലാത്ത ഒരു ഉപകാരമോ, ഉപദ്രവമോ അധീനപ്പെടുത്തുന്നില്ല. 
(അഅ്റാഫ് - 188) 
നബിയെ പറയുക: അല്ലാഹു തീരുമാനിച്ചത് മാത്രമേ ഞങ്ങള്‍ക്ക് ബാധകമാക്കൂ. അവനാണ് ഞങ്ങളുടെ രക്ഷാധികാരി. സത്യവിശ്വാസികള്‍ അവന്‍റെ മേല്‍ ഭരമേല്‍പ്പിച്ചു കൊള്ളട്ടെ.! (തൗബ : 51) 
നബിയെ പറയുക: നിങ്ങള്‍ ചിന്തിക്കുന്നില്ലേ. അല്ലാഹുവിന് പുറമേ, നിങ്ങള്‍ വിളിക്കുന്നതേതും, അല്ലാഹു എനിക്കേതെങ്കിലും ഉപദ്രവം ചെയ്യാന്‍ തീരുമാനിച്ചാല്‍ അവ ആ ഉപദ്രവമില്ലാതാക്കുകയോ അല്ലാഹു എനിക്ക് ഏതെങ്കിലും കരുണ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവ ആ കാരുണ്യം തടഞ്ഞുവെയ്ക്കുകയോ, ചെയ്യുന്നവയായുണ്ടോ? 
നബിയെ പറയുക. എനിക്ക് അല്ലാഹു മതി. ഭരമേല്‍പ്പിക്കുന്നവര്‍ അവന്‍റെ മേല്‍ ഭരമേല്‍പ്പിച്ചു കൊള്ളട്ടെ.! (സുമര്‍: 38) 
അല്ലാഹു നിനക്കെന്തെങ്കിലും ദുരിതം വരുത്താന്‍ ശ്രമിച്ചാല്‍ അവനല്ലാതെ അത് നീക്കിക്കളയുവാനും സാദ്ധ്യമല്ല. അവന്‍ നിനക്കെന്തെങ്കിലും നന്മ വരുത്തുവാന്‍ തീരുമാനിച്ചാല്‍ അവന്‍റെ ഔദാര്യം ഇല്ലാതാക്കുവാനും ആര്‍ക്കും സാദ്ധ്യമല്ല. തന്‍റെ ദാസന്മാരില്‍നിന്നും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഔദാര്യം നല്‍കുന്നു. (യൂനുസ് - 107)
ആകാശഭൂമികളില്‍ അല്ലാഹു അല്ലാതെ മറ്റാരും അദൃശ്യമായതൊന്നും അറിയുന്നില്ല. (നംല്: 65)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ന് നല്‍കിയ സുപ്രധാന ഉപദേശവും ശ്രദ്ധിക്കുക: മനുഷ്യര്‍ ഒന്നടങ്കം നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്യാന്‍ തീരുമാനിച്ചാലും, അല്ലാഹു തീരുമാനിച്ച ഉപകാരം മാത്രമേ ചെയ്യാന്‍ കഴിയൂ. അവരൊന്നടങ്കം നിനക്ക് ഉപദ്രവമുണ്ടാക്കാന്‍ തീരുമാനിച്ചാലും, അല്ലാഹു തീരുമാനിച്ച ഉപദ്രവം മാത്രമേ ഏല്‍പിക്കൂ.
ഈ ആയത്തുകളും, ഹദീസുകളുമെല്ലാം, മനസ്സിലാക്കിയ ശേഷവും വിവരമില്ലാത്തവര്‍ക്കു പിന്നാലെ പോയി ദീനിനെ നശിപ്പിക്കല്‍ എത്ര ഖേദകരമാണ്. അല്ലാഹുവിന്‍റെ അറിവിനേയും കഴിവിനേയും നിയന്ത്രണത്തേയും പൂര്‍ണ്ണമായി അംഗീകരിക്കാത്തവരുടെ പിന്നാലെ നാം പോയാല്‍ നമ്മില്‍ പിന്നെ എന്ത് ദീനും ബുദ്ധിയുമാണ് അവശേഷിക്കുക.? 
എന്നല്ല, നാം ആ വഴിപിഴച്ചവരുടേയും വിവരദോഷികളുടേയും പിന്നാലെ പോകുകയെന്നത് നമ്മുടെ വിശ്വാസം തന്നെ തകര്‍ക്കുന്ന കാര്യവുമാണ്. 
സഫറിന് മുമ്പുള്ള മാസങ്ങളായ ദുല്‍ഖഅദ് - ദുല്‍ഹിജ്ജ - മുഹര്‍റം എന്നീ മൂന്നു മാസങ്ങള്‍ പവിത്രങ്ങളായ കാരണത്താല്‍ ഇസ്ലാമിന് മുമ്പ് അജ്ഞാതയുഗത്തില്‍ അവയില്‍ യുദ്ധം നിര്‍ത്തിവയ്ക്കുകയും, സ്വഫറായാല്‍ പിന്നെ യുദ്ധങ്ങള്‍ പെരുകുകയും, കൊലകളും, മുറിവേല്‍പ്പിക്കലും വ്യാപകമാകുകയും ചെയ്തിരുന്നതിനാല്‍ അവര്‍ സ്വഫര്‍ മാസത്തെ ദുഃശ്ശകുനമായിക്കണ്ടിരുന്നു. അക്കാരണത്താല്‍ സ്വഫര്‍ മാസത്തെ അവര്‍ ദുഃഖങ്ങളുടേയും, ശകുനപ്പിഴകളുടേയും മാസമായി കണക്കാക്കിയിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) 
ഏകനായ അല്ലാഹുവില്‍ മാത്രം വിശ്വാസമര്‍പ്പിക്കുക എന്ന ഉറച്ച തൗഹീദിന്‍റെ പ്രബോധനവമായി കടന്നു വന്നപ്പോള്‍ അതിനെ നഖശിഖാന്തമെതിര്‍ത്ത, വിഗ്രഹത്തിന്‍റെ വക്താക്കള്‍ക്ക് ഇതിലൊക്കെ വിശ്വസിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ തൗഹീദിന്‍റെ വക്താക്കളെന്ന് സ്വയം പരിചയപ്പെടുന്നവര്‍ 
സ്വഫറിനെ, നഹ്സിന്‍റേയും, ശകുനപ്പിഴയുടേയും മാസമായി പരിചയപ്പെടുത്തുന്നതിലാണത്ഭുതം. 
അതും, ഇസ്ലാം ഈ വിശ്വാസത്തെ തൗഹീദിന് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം.! 
ചില തോന്നലുകളും, സങ്കല്പങ്ങളുമാണോ ഇസ്ലാം.? ഇസ്ലാമിന്‍റെ മക്കളുടെ വിശ്വാസമാണോ ഇതെല്ലാം.? മാസങ്ങളും, ദിവസങ്ങളും എന്ത് പിഴച്ചു.? ബുധനും, സ്വഫറും എന്ത് പിഴച്ചു.? ഇതെല്ലാം വിവരമില്ലാത്തവരുടെ ഊഹങ്ങള്‍ മാത്രമാണ്. ഒപ്പം പിശാചിന്‍റെ കളികളാണ് തീര്‍ച്ച.! 
ആകയാല്‍, ഗൗരവകരമായ ഈ വിഷയത്തിലുള്ള അശ്രദ്ധയില്‍ നിന്നും നാമുണരുക.! നാം അല്ലാഹുവിലുള്ള വിശ്വാസം ഉറപ്പിക്കുക. അല്ലാഹുവില്‍ ദൃഢമായി ഭരമേല്‍പ്പിക്കുക. അഭലക്ഷണവും, ശകുനപ്പിഴയുമെല്ലാം നിരര്‍ത്ഥകമാണ്. ഇതിലെല്ലാം അവിശ്വസിക്കുന്നവനാണ് സ്വര്‍ഗ്ഗം. അവനാണ് യഥാര്‍ത്ഥ മുസ്ലിം. അല്ലാഹുവിന്‍റെ യഥാര്‍ത്ഥ ദാസന്‍. 
ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ വിചാരണയോ, ശിക്ഷയോ ഇല്ലാതെ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ കടക്കുന്ന എഴുപതിനായിരം പേരെക്കുറിച്ച് പറയുന്നു; അവര്‍ മന്ത്രിക്കുകയും, ലക്ഷണം നോക്കുകയും, ശരീരം പൊള്ളിക്കുകയും ചെയ്യാത്തവരും തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്. 
ബുഖാരിയും. മുസ്ലിമും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ വരുന്നു: പകര്‍ച്ചവ്യാധി, ലക്ഷണം നോക്കല്‍, പക്ഷിയെക്കൊണ്ട് ലക്ഷണം നോക്കല്‍, സ്വഫര്‍ മാസം ലക്ഷണക്കേടായി കാണല്‍ ഇതെല്ലാം അടിസ്ഥാനമില്ലാത്തതാണ്. 
ഈ പുരോഗമന കാലഘട്ടത്തിലും ഈ വിശ്വാസം കൈവിട്ടിട്ടില്ലാത്ത സമൂഹങ്ങള്‍ ഇനിയുമുണ്ട്. അവരുടെയും വിശ്വാസം തിരുത്തുകയെന്നത് മാത്രമാണെന്‍റെ വാക്കുകളുടെ ലക്ഷ്യം.! 
ആരേയും ആക്ഷേപിക്കലും, വിമര്‍ശിക്കലുമല്ല, കാര്യം അതിന്‍റെ ഗൗരവത്തോടെ മനസ്സിലാക്കിയവര്‍ മറ്റുള്ളവരേയും തിരുത്താന്‍ ശ്രമിക്കുക.
ചുരുക്കത്തില്‍, ചില സാധാരണക്കാര്‍ വിശ്വസിക്കാറുള്ളതുപോലെ സ്വഫര്‍ മാസത്തില്‍ ഒരു ദുഃശ്ശകുനവും, നഹ്സും, അഭലക്ഷണവുമില്ല. ഈ വിശ്വാസം ഇസ്ലാമിന് എതിരുമാണ്. 
അനസ് (റ) വിവരിക്കുന്നു: 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)  അരുളി: പകര്‍ച്ചവ്യാധിയില്ല, അഭലക്ഷണവുമില്ല. ശുഭലക്ഷണം എനിക്ക് താല്‍പര്യമുള്ളതാണ്. സ്വഹാബികള്‍ ചോദിച്ചു: എന്താണ് ശുഭലക്ഷണം കൊണ്ട്  താങ്കള്‍ ഉദ്ദേശിച്ചത്? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നല്ലവാക്ക്. 
(ബുഖാരി-5776, മുസ്ലിം-2224) 
(ഹുദൈബിയ്യയില്‍ മക്കക്കാര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ കരാര്‍ എഴുതാന്‍ വേണ്ടി മക്കക്കാരുടെ ഭാഗത്തു നിന്ന് വന്നവരില്‍ സുഹൈല്‍ (റ) ഉണ്ടായിരുന്നു. അന്നദ്ദേഹം മുസ്ലിമല്ലായിരുന്നെങ്കിലും ഈ വിഷമ ഘട്ടത്തില്‍ വന്ന അദ്ദേഹത്തിന്‍റെ പേരില്‍ -സുഹൈല്‍ എന്നതിന്‍റെ അര്‍ത്ഥം എളുപ്പം എന്നാണ്- റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സന്തോഷം പ്രകടിപ്പിച്ചു.)
ഉര്‍വത്തുബ്നു ആമിര്‍ (റ) വിവരിക്കുന്നു: 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അടുക്കല്‍ ലക്ഷണത്തെക്കുറിച്ച് പറയപ്പെട്ടു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അതില്‍ നിന്നും നല്ലത് ശുഭലക്ഷണമാണ്. എന്നാല്‍ അതും ഒരു മുസ്ലിമിന് ഒന്നിനും മുടക്കുന്നതാകരുത്. എന്തെങ്കിലും മനസ്സിനിണങ്ങാത്തതു കണ്ടാല്‍, ഇപ്രകാരം പറയുക: അല്ലാഹുവേ, നന്മകള്‍ കൊണ്ടുവരുന്നത് നീ മാത്രമാണ്. തിന്മകളെ മാറ്റുന്നതും നീ തന്നെയാണ്. തിന്മകളില്‍ നിന്നും മാറി നില്‍ക്കാനും, നന്മകള്‍ ചെയ്യാനുമുള്ള കഴിവും നിന്നില്‍ നിന്നും മാത്രമാണ്.
(അബൂദാവൂദ്-3919, ബൈഹഖി-8139)
അബ്ദുല്ലാഹിബ്നു അംറ് (റ) വിവരിക്കുന്നു: 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)അരുളി : ഏതെങ്കിലും കാര്യത്തിനായി പുറപ്പെട്ട മനുഷ്യന്‍ ലക്ഷണക്കേടിന്‍റെ പേരില്‍ മടങ്ങിയാല്‍ അവന്‍ ശിര്‍ക്ക് ചെയ്തവനായി. സ്വഹാബാക്കള്‍ ചോദിച്ചു: അങ്ങനെ സംഭവിച്ചാല്‍ അതിന്‍റെ പരിഹാരമെന്താണ്? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവേ, നന്മ നിന്നില്‍ നിന്നു മാത്രം, ദോഷവും നിന്നില്‍ നിന്നു മാത്രം, ആരാധനക്കര്‍ഹനും നീ മാത്രം എന്നുപറയലാണ്. 
(അഹ്മദ് (2/220) 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

No comments:

Post a Comment