Wednesday, February 7, 2018

നാശത്തിന്‍റെ രണ്ട് മുഖ്യ കാരണങ്ങള്‍.! -മൗലാനാ സയ്യിദ് സല്‍മാന്‍ ഖാസിമി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


നാശത്തിന്‍റെ രണ്ട് മുഖ്യ കാരണങ്ങള്‍.! 
-മൗലാനാ സയ്യിദ് സല്‍മാന്‍ ഖാസിമി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/02/blog-post_7.html?spref=tw

മുസ് ലിം സമൂഹത്തില്‍ വിശിഷ്യാ, പുത്തന്‍ തലമുറയില്‍ പാപങ്ങളും കുറ്റകൃത്യങ്ങളും പാഴ്വേലകളും പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഈ അവസ്ഥയില്‍ നിന്നും സമൂഹത്തെ കരകയറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സമ്മേളന സദസ്സുകള്‍, ഉപദേശ-പ്രസംഗങ്ങള്‍ മുതലായവ കഴിഞ്ഞ കാലങ്ങളെക്കാളെല്ലാം വളരെ കൂടിയിരിക്കുന്നു. പക്ഷെ, പരിശ്രമങ്ങളുടെ ഫലം വളരെ നിസ്സാരമാണ്. ഇതിന് കാരണമെന്താണ്.? പ്രഭാഷകര്‍ക്കാര്‍ക്കും ആത്മാര്‍ത്ഥതയില്ല എന്നാണ് ചില മോഡേണിസ്റ്റുകളുടെ പ്രതികരണം. എല്ലാ ഉപദേശികളെയും സംബന്ധിച്ചിടത്തോളം തെറ്റായ ഈ വാദം, സ്വന്തം പഴി മറ്റുള്ളവരുടെ മുതുകില്‍ കെട്ടി വെയ്ക്കലാണ്. പിന്നെ കാരണമെന്താണ്.? ഈ വിഷയത്തില്‍ അല്പം ഗഹനമായി ചിന്തിച്ചാല്‍ ഇതിന് രണ്ട് കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
ഒന്ന്, നിഷിദ്ധമായ സമ്പാദ്യം. 
രണ്ട്, ദുഷിച്ച സഹവാസം. 
നിഷിദ്ധമായ സമ്പത്തുമായി ഒരാള്‍ ബന്ധപ്പെട്ടാല്‍ അയാളുടെ പ്രകൃതി, നന്മകളില്‍ നിന്നും അകലുകയും പാപങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നതാണ്. ഇനി, അയാള്‍ അതുപയോഗിച്ച് എത്ര വലിയ നന്മകള്‍ ചെയ്താലും അത് സ്വീകരിക്കപ്പെടുന്നതല്ല. എത്ര മാത്രം താണുകേണിരന്നാലും അയാളുടെ ദുആ തള്ളപ്പെടുന്നതാണ്. ഹറാമായ മുതല്‍ കൊണ്ട് കൊഴുത്ത ശരീരത്തിന് ഏറ്റവും യോജിച്ചത് നരകം തന്നെയാണ്. നിഷിദ്ധമായ സമ്പാദ്യം ഇന്ന് എത്രമാത്രം വര്‍ദ്ധിച്ചുവെന്ന് നാം ചിന്തിക്കുക. പണം അനുവദനീയമോ, നിഷിദ്ധമോ എന്ന് പോലും നോക്കാതെ ഇനിയുമുണ്ടോ എന്ന ആഗ്രഹത്തിലാണ് ഓരോരുത്തരും. പലിശപ്പണം കൊണ്ട് മാത്രം വീര്‍ത്തുകൊണ്ടിരിക്കുന്ന കുടുംബങ്ങള്‍ എത്രയാണ്.? ഉദ്യോഗങ്ങളില്‍ കൈക്കൂലി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ലോട്ടറിയും ചൂതുകളിയും പുതിയ രൂപ-നാമങ്ങളില്‍ കത്തിക്കയറുകയാണ്. അപഹരണം, മോഷണം, കടം വാങ്ങി പണം മുക്കല്‍, ഭൂസ്വത്ത് കയ്യടക്കല്‍, സഹോദരിമാര്‍ക്ക് കൂടി അവകാശപ്പെട്ട അനന്തരാവകാശം തട്ടിയെടുക്കല്‍ മുതലായവ നിത്യസംഭവമായിക്കഴിഞ്ഞു. വലിയ നമസ്കാരക്കാരും മറ്റുമായി ഗണിക്കപ്പെടുന്നവര്‍ പോലും സാമ്പത്തിക സൂക്ഷ്മതയില്‍ വട്ടപ്പൂജ്യമായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് ഉപദേശങ്ങള്‍ ഉപകരിക്കപ്പെടണമെങ്കില്‍ നിഷിദ്ധ സ്വത്തിന്‍റെ മാലിന്യങ്ങള്‍ ഒലിച്ചിറങ്ങി നമ്മെ മുഴുവന്‍ നാറ്റിച്ചുകൊണ്ടിരിക്കുന്ന ദ്വാരങ്ങള്‍ നാം തന്നെ അടയ്ക്കാന്‍ സന്നദ്ധരാവേണ്ടതുണ്ട്.
തിന്മകളുടെ രണ്ടാമത്തെ മുഖ്യ കാരണം, നമ്മുടെ തിന്മ നിറഞ്ഞ സാമൂഹ്യ സഹവാസമാണ്. നാം സഹവസിക്കുന്നവരുടെ നിറവും മണവും നമ്മില്‍ ഉടനടി ഉണ്ടാകുന്നതാണ്. നല്ലവരുമായി സഹവസിച്ചാല്‍ നാമും നന്നാകും. ദുഷിച്ചവരുമായി സഹവസിച്ചാല്‍ നാമും ദുഷിക്കും. ഇതുകൊണ്ടാണ് നല്ല സഹവാസത്തിന് പ്രാമുഖ്യം കൊടുക്കാനും ദുഷിച്ച സഹവാസത്തില്‍ നിന്നും ഓടിയകലാനും പരിശുദ്ധ ഖുര്‍ആനിലും പുണ്യ ഹദീസുകളിലും ശക്തമായി പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ നമ്മുടെ അവസ്ഥയെന്താണ്.? മദ്യപാനം, വ്യഭിചാരം, കൊള്ള, കൊല മുതലായ വ്യക്തമായ കുറ്റങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുമായി സദാസമയവും കഴിച്ചുകൂട്ടാന്‍ വലിയൊരു വിഭാഗത്തിന് ഒരു മടിയുമില്ല. എന്നാല്‍, ഇന്ന് പ്രചുര പ്രചാരം നേടിയ മറ്റൊരു ദുഷിച്ച സഹവാസമുണ്ട്: ടെലിവിഷന്‍-സോഷ്യല്‍ മീഡിയകള്‍.! ഈ ദുഷിച്ച സഹവാസിയുടെ തിന്മ, പൊതുജനങ്ങളുടെ കാര്യമിരിക്കട്ടെ, ബുദ്ധിജീവികള്‍ക്ക് പോലും മനസ്സിലാകുന്നില്ല എന്നതാണ് കഷ്ടം. ലജ്ജയുടെ വസ്ത്രം വലിച്ച് കീറുകയും സ്വഭാവ-സംസ്കാരങ്ങള്‍ തകര്‍ത്തെറിയുകയും ചെയ്യുന്ന പരിപാടികളിലൂടെ ഈ നാശം, ഓരോ വീടുകളുടെയും പ്രധാന സ്ഥാനങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. വ്യഭിചാരി, അക്രമി, കൊലയാളി, കള്ളന്‍, കൊള്ളക്കാരന്‍, മദ്യപാനി എന്നീ അധര്‍മ്മകാരികളുടെ സംഗമസ്ഥാനമാണ് ടെലിവിഷന്‍ സ്ക്രീന്‍. മാത്രമല്ല, ലോകത്തിന്‍റെ ഏത് മുക്കിലും മൂലകളിലുമുള്ള തിന്മകളുമായി സഹവസിക്കാനുള്ള മാധ്യമമായ ഡിഷ് ആന്‍റിനയും
മുസ് ലിം മേഖലകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു.
ചുരുക്കത്തില്‍, ഈ ദുഷിച്ച സഹവാസങ്ങളെ വര്‍ജ്ജിക്കുന്നത് വരെ നമ്മുടെ അവസ്ഥകള്‍ നന്നാകാന്‍ യാതൊരു സാധ്യതയുമില്ല. ആകയാല്‍, സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്താനും ദുഷിച്ച സഹവാസങ്ങള്‍ വര്‍ജ്ജിക്കാനും നാം സന്നദ്ധരാകുക. എന്നാല്‍, നല്ലൊരു മാറ്റം ഉറപ്പാണ്. അല്ലാഹു നമ്മുടെ അവസ്ഥ നന്നാക്കട്ടെ.! അവന് പൊരുത്തമായ പാതയിലൂടെ സഞ്ചരിക്കാന്‍ തൗഫീഖ് കനിഞ്ഞരുളട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment