Monday, November 13, 2017

ഓര്‍ക്കുക.! നാം നിരീക്ഷണത്തിലാണ്.! -മൗലവി ശിഫാര്‍ കൗസരി


ഓര്‍ക്കുക.! നാം നിരീക്ഷണത്തിലാണ്.! 
-മൗലവി ശിഫാര്‍ കൗസരി  


അടുത്തിടെ ചെരുപ്പ് വാങ്ങാന്‍ ഒരു കടയില്‍ കയറി. ഇഷ്ടമുള്ള ചെരുപ്പെടുത്ത് ബില്ലടക്കാന്‍ കൗണ്ടറിന്‍റെ മുന്നിലെത്തിയപ്പോള്‍ അവിടെ ഇങ്ങനെ എഴുതിയിരിക്കുന്നു. "നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്." 
പെട്ടെന്ന് ഞാന്‍ സ്വന്തത്തിലേക്കു തിരിഞ്ഞു. എന്‍റെ ഭാവങ്ങള്‍ മാറി. ഞാന്‍ ഗൗരവഭാവം നടിച്ചു. വളരെ മാന്യനായി അഭിനയിച്ചു. കാരണം, ഞാന്‍ നിരീക്ഷിക്കപ്പെടുകയാണ്.
മറ്റൊരിക്കല്‍ നാരങ്ങാ വെള്ളം കുടിക്കാന്‍ കൂള്‍ബാറില്‍ കയറിയപ്പോഴും ഇത് തന്നെയാണവസ്ഥ. ഇന്ന് എവിടെയും ക്യാമറക്കണ്ണു കളാണ്. ഷോപ്പുകളിലും മാളുകളിലും മാര്‍ക്കറ്റുക ളിലും പള്ളികളിലും പളളിക്കൂടങ്ങളിലും സര്‍വ്വോപരി വീടുകളിലും വായപിളര്‍ന്നിരിക്കുന്ന ക്യാമറകള്‍ നിരീക്ഷിക്കുകയാണ്. അതിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും ദിനംപ്രതി വാര്‍ത്തയാണ്.
ഗോവയില്‍ ടെക്സ്റ്റൈല്‍ സിലെത്തിയ കേന്ദ്രവനിതാമന്ത്രിയുടെ അനുഭവവും മോഷണം നടത്തിപ്പിടി ക്കപ്പെടുന്നവരുടെ വാര്‍ത്തകളും നാം ദിനേന കേള്‍ക്കുന്നു. എന്ത് തന്നെയായാലും ക്യാമറയുണ്ടെന്നറിയുമ്പോള്‍ നാം ശ്രദ്ധിക്കുന്നു. നമ്മുടെ അഭിനയങ്ങള്‍ നന്നാകുന്നു. കാരണം, നാം നിരീക്ഷിക്കപ്പെടുകയാണല്ലോ.?
എന്നാല്‍,  ഖുര്‍ആന്‍ പറയുന്നതൊന്ന് ശ്രദ്ധിക്കുക.! 
മുഴുവന്‍ രഹസ്യങ്ങളും പര സ്യപ്പെടുത്തുന്ന ഒരു ദിവസം, എന്തു സംസാരിച്ചാലും രേഖപ്പെടുത്തുന്ന രണ്ട് മലക്കുകള്‍, മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ ഹാജരാക്കപ്പെടുത്തുന്ന ദിവസം... 
ഈ ഖുര്‍ആനിക വചനങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളും മാന്യമാക്കേണ്ടതാണ്. ക്യാമറയുടെ മുന്നില്‍ ഒരുപക്ഷേ, നമുക്ക് മാറി നില്‍ക്കാന്‍ കഴിയും. ഒപ്പിയെടുത്തവ ഒളിപ്പിച്ചുവെയ്ക്കാന്‍ കഴിയും. എന്നാല്‍, സ്രഷ്ടാവിന്‍റെ നിരീക്ഷണ സംവിധാനം ഇതില്‍ നിന്നും വിഭിന്നമാണ്. രാവും പകലും ഇരുട്ടത്തും വെളിച്ചത്തും നാട്ടിലും യാത്രയിലും ഒറ്റക്കും സംഘത്തിനിടയിലും എന്നു വേണ്ട സകല സമയവും നമ്മുടെ രഹസ്യവും പരസ്യവും ആ നിരീക്ഷണ സംവിധാനത്തി നകത്താണ്.
കണ്ണുകളുടെ കട്ടുനോട്ടങ്ങളും ഹൃദയാന്തര്‍ഭാഗത്ത് ഒളിപ്പിച്ചു വക്കുന്നവയും അല്ലാഹു അറിയുന്നു.  
എങ്കില്‍,  ഒരു വിശ്വാസിയുടെ ജീവിതം എത്ര മാന്യമായിരിക്കണം. എത്ര പരിശുദ്ധമായിരിക്കണം. എത്ര സൂക്ഷ്മതയുള്ള താവണം.
ത്വാഊസുല്‍ യമാനിയുടെ ഒരു സംഭവം ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടി ട്ടുണ്ട്. ഒരിക്കല്‍ ഒരു സ്ത്രീ അദ്ദേഹത്തെ അധാര്‍മ്മികതയിലേക്ക് ക്ഷണിച്ചു. സുന്ദരിയായ അവള്‍ ത്വാഊസിനെ കിഴ്പ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. അര്‍ധനഗ്നയും നഗ്നയുമായൊക്കെ ശൃംഗരിച്ചു കൊണ്ട് അവള്‍ അദ്ദേഹത്തെ പലപ്പോഴും സമീപിച്ചു. ഒരിക്കല്‍ അദ്ദേഹം അവളെ പൊതുസ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയിട്ട് പറഞ്ഞു;
നമുക്കിവിടെ രാപാര്‍ക്കാം. അവള്‍ ചോദിച്ചു; സകലരും കാണുന്ന ഈ പൊതുസ്ഥല ത്തോ? ജനം നമ്മെ കാണുകയില്ലേ? ഉടനെ ത്വാഊസ് പറഞ്ഞു; എന്നാല്‍ അല്ലാഹു നമ്മെ എല്ലാ സ്ഥലത്തും കാണുകയില്ലേ.?
അവന്‍റെ നോട്ടത്തില്‍ നിന്നും എവിടെയാണ് മറയുക.?
അവള്‍ ആ തെറ്റില്‍ നിന്നും പിന്‍മാറി.
അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത അവളെ പശ്ചാത്താപ വിവശയാക്കി.

നാം ഓര്‍ക്കുക! 
നാം എപ്പോഴും നിരീക്ഷണത്തിലാണ്. 
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment