Wednesday, January 31, 2018

തസ്വവ്വുഫുമായി ബന്ധപ്പെടുക.! വ്യാജന്മാരെ സൂക്ഷിക്കുക.! -മര്‍ഹൂം ഇബ്റാഹീം മൗലാനാ ബാഖവി ചന്തിരൂര്‍


തസ്വവ്വുഫുമായി ബന്ധപ്പെടുക.! 
വ്യാജന്മാരെ സൂക്ഷിക്കുക.! 
-മര്‍ഹൂം ഇബ്റാഹീം മൗലാനാ ബാഖവി ചന്തിരൂര്‍ 
http://swahabainfo.blogspot.com/2018/01/blog-post_50.html?spref=tw

മനുഷ്യ വംശത്തിന്‍റെ ഇഹപര വിജയങ്ങള്‍ക്കായി അല്ലാഹു കനിഞ്ഞരുളിയ മഹത്തായ മാര്‍ഗ്ഗദര്‍ശനമാണ്
പരിശുദ്ധ ഇസ് ലാം. വിശുദ്ധരായ നബിവര്യന്മാരിലൂടെ അദ്ധ്യാപനം ചെയ്ത ഇസ് ലാമിനെ അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലൂടെ അല്ലാഹു പൂര്‍ത്തീകരിച്ചു. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പുണ്യ പാതയിലൂടെ സഞ്ചരിക്കുക മാത്രമാണ് ലോകാവസാനം വരെയുള്ള എല്ലാവരുടെയും  ഏക രക്ഷാമാര്‍ഗ്ഗം. അതുകൊണ്ട് ലോകത്തുള്ള മനുഷ്യരെല്ലാം ഈ വഴിയിലൂടെ നീങ്ങണമെന്ന് തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അതിയായി ആഗ്രഹിച്ചിരുന്നു.
എന്നാല്‍ മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവായ പിശാചിന്‍റെ ആഗ്രഹം ആരും ഇസ് ലാമില്‍ കടക്കരുത്, കടന്നവര്‍ തന്നെ പുറത്തേക്ക് വരണം എന്നാണ്. ഇതിന് അവന്‍ ധാരാളം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതില്‍ ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ആയുധമാണ് വ്യാജന്മാരായ ശൈഘ്-സിദ്ധന്മാര്‍.
പരിശുദ്ധമായ തസ്വവ്വുഫിന്‍റെ (ഹൃദയശുദ്ധി) മേല്‍വിലാസത്തിലാണ് ഇവര്‍ സാധുക്കള്‍ക്കിടയിലേക്ക് നുഴഞ്ഞ് കയറുന്നത്. എന്നാല്‍ തസ്വവ്വുഫുമായി ഇക്കൂട്ടര്‍ക്ക് യാതൊരു ബന്ധവുമില്ല. മഹത്തായ തസ്വവ്വുഫും മഹാന്മാരായ സൂഫികളും ഇവര്‍ കാട്ടിക്കൂട്ടുന്ന ശിര്‍ക്ക്-ബിദ്അത്തുകളില്‍ നിന്നും തീര്‍ത്തും നിരപരാധികളാണ്.
സയ്യിദുത്വാഇഫ ശൈഘ് ജുനൈദുല്‍ ബഗ്ദാദി (റഹ്) വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു: അല്ലാഹുവിന്‍റെ കിതാബിലെ വലത് കൈയ്യിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സുന്നത്തിനെ ഇടത് കൈയ്യിലും മുറുകെ പിടിക്കുകയും ആ രണ്ട് വിളക്കുകളുടെയും വെളിച്ചത്തില്‍ മുന്നോട്ട് നീങ്ങുന്നവനും മാത്രമേ തസ്വവ്വുഫിന്‍റെ മഹത്ഗുണങ്ങള്‍ നേടിയെടുക്കാനും ബിദ്അത്തിന്‍റെ ഇരുളില്‍ വീഴാതിരിക്കാനും സാധിക്കുകയുള്ളൂ. 
ശൈഘുല്‍ മശാഇഘ് സഹ്ല്‍ തസ്തരി (റഹ്) പ്രസ്താവിക്കുന്നു:
ഞങ്ങള്‍ (സൂഫികള്‍) ക്ക് ഏഴ് തത്വങ്ങളാണുള്ളത്. 
1. ഖുര്‍ആന്‍ അനുസരിക്കുക. 
2. സുന്നത്ത് അനുകരിക്കുക. 
3. അനുവദനീയമായത് ഭക്ഷിക്കുക. 
4. സ്വന്തം കാര്യത്തിന് ആരെയും ഉപദ്രവിക്കാതിരിക്കുക. 
5. പാപങ്ങള്‍ വര്‍ജ്ജിക്കുക. 
6. തൗബ നിരന്തരമാക്കുക. 
7. ഓരോരുത്തരോടുമുള്ള കടമകള്‍ നിര്‍വ്വഹിക്കുക. (അത്താജുല്‍ മുകല്ലല്‍)
സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റഹ്) പ്രസ്താവിക്കുന്നു: ജനങ്ങളെ, നിങ്ങളിലാരെങ്കിലും  റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ചര്യയെ അനുകരിച്ചില്ലെങ്കില്‍, അവന്  റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശുപാര്‍ശ ലഭിക്കുന്നതല്ല. (താരീഖ് അജ്മീര്‍)
മഹാനായ സയ്യിദ് അഷ്റഫി സിംനാനി (റഹ്) പറയുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ വാക്കിലും കര്‍മ്മത്തിലും വിശ്വാസത്തിലും പിന്‍പറ്റുക എന്നത് വലിയ്യിന്‍റെ പ്രധാന നിബന്ധനയാണ്. (ലത്വാഇഫ് അഷ്റഫി)
തസ്വവ്വുഫിന്‍റെ ആധികാരിക വക്താവായ അല്ലാമാ സഅ്ദി ശീറാസി (റഹ്) പ്രഖ്യാപിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അനുകരിക്കാതെ സത്യസരണിയിലൂടെ സഞ്ചരിക്കാമെന്ന കാര്യം അസാധ്യമാണ്. (കുല്ലിയ്യാത്ത് സഅ്ദി)
ചുരുക്കത്തില്‍, ഖുര്‍ആനും സുന്നത്തും ഫിഖ്ഹും പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്തവരൊന്നും സൂഫികളല്ല. നിര്‍ബന്ധമായ ഫര്‍ളുകളും സ്ഥിരപ്പെട്ട സുന്നത്തുകളും പാലിക്കാതെ സ്വയനിര്‍മ്മിതികളായ കാര്യങ്ങളുമായി പൈശാചിക കേന്ദ്രവും തുറന്നിരിക്കുന്നവര്‍ക്ക് തസ്വവ്വുഫുമായി യാതൊരു ബന്ധവുമില്ല. സത്യത്തില്‍ ഉറച്ച് നിന്ന് മരിക്കണമെന്നാഗ്രഹിക്കുന്നവര്‍, ഇത്തരക്കാരില്‍ നിന്നും അകന്ന് കഴിയേണ്ടതാണ്.
ഇസ്ലാമിന്‍റെ പ്രധാനപ്പെട്ട ഒരു ശാഖയായ തസ്വവ്വുഫുമായി ബന്ധപ്പെടരുത് എന്നല്ല, ഇപ്പറഞ്ഞ കാര്യങ്ങളുടെ വിവക്ഷ. മനസ്സില്‍ നിന്നും ദുര്‍ഗുണങ്ങള്‍ പിഴുത് മാറ്റാനും സല്‍ഗുണങ്ങള്‍ നട്ടുപിടിപ്പിച്ച് വളര്‍ത്താനും പര്യാപ്തമായ ഇസ്ലാമിക തസ്വവ്വുഫിനെ ആര്‍ക്കെതിര്‍ക്കാന്‍ കഴിയും.? വിശിഷ്യാ, മനോഛകളും പൈശാചിക പ്രേരണകളും പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തസ്വവ്വുഫുമായി ബന്ധപ്പെടല്‍ വളരെ ആവശ്യമാണ്. അല്ലാഹുവിന്‍റെ ഔലിയാഇനെയും പിശാചിന്‍റെ ഔലിയാക്കളെയും തിരിച്ചറിഞ്ഞ് രണ്ടാമത്തെ കൂട്ടരെ തള്ളുകയും ഒന്നാമത്തെ കൂട്ടരെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യണമെന്ന് ഉണര്‍ത്തലാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശം. ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. മാനസിക സംസ്കരണത്തിന് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയില്‍ എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് മഹാന്മാരായ സൂഫിവര്യന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാമാ അഷ്റഫ് അലി ത്ഥാനവി (റഹ്) ഇപ്രകാരം വിവരിക്കുന്നു:
1. ആവശ്യാനുസൃതം ശറഇയ്യായ അറിവുണ്ടായിരിക്കുക. 
2. വിശ്വാസവും സ്വഭാവ കര്‍മ്മങ്ങളും ശരീഅത്തിന് അനുസൃതമായിരിക്കുക. 
3. ഭൗതിക വിരക്തിയും പരലോക ചിന്തയും പുലര്‍ത്തുക.  രഹസ്യമായതും പരസ്യമായതുമായ ഇബാദത്തുകള്‍ അനുഷ്ഠിക്കുക. 
4. താന്‍ സര്‍വ്വ സമ്പൂര്‍ണ്ണനാണെന്ന് വാദിക്കാതിരിക്കുക. 
5. മഹാന്മാരുമായി ബന്ധപ്പെടുകയും അവരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരിക്കുക. 
6. ശിഷ്യരുടെ അവസ്ഥകള്‍ ശ്രദ്ധിക്കുക. അവരുടെ നന്മകളെ പ്രോത്സാഹിപ്പിക്കുകയും തിന്മകളെ തടയുകയും ചെയ്യുക. 
7. അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ അധികവും ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നവരായിരിക്കുക. 
8. അക്കാലത്തുള്ള നിഷ്പക്ഷരായ ഉലമാ-മശാഇഖുകള്‍ അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുക. 
9. സാധാരണക്കാരെക്കാള്‍ കൂടുതലായി വിവരവും ദീനീ ജീവിതവുമുള്ളവര്‍ അദ്ദേഹവുമായി ബന്ധപ്പെടുക. 
10. അദ്ദേഹത്തിനരികില്‍ ഏതാനും പ്രാവശ്യം ഇരുന്നാല്‍ ഭൗതിക സ്നേഹത്തില്‍ കുറവും ഇലാഹീ സ്നേഹത്തില്‍ വര്‍ദ്ധനവും അനുഭവപ്പെടുക. 
11. സ്വയം ദിക്ര്‍-ഔറാദുകള്‍ പതിവാക്കിയിരിക്കുക. 
12. രോഗങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയും ചികിത്സ ഫലവത്താകുകയും ചെയ്യുക. 
ആര്‍ക്കെങ്കിലും ഈ അടയാളങ്ങള്‍ കാണപ്പെട്ടാല്‍ അവരുമായി ബന്ധം സ്ഥാപിക്കുക. അദ്ദേഹത്തില്‍ നിന്നും കശ്ഫ്-തസര്‍റുഫാത്തുകള്‍ ഉണ്ടാകുന്നുണ്ടോ, അദ്ദേഹം ദുആ ചെയ്യുന്നതെല്ലാം സ്വീകരിക്കപ്പെടുന്നുണ്ടോ എന്ന് നോക്കേണ്ടതില്ല. കാരണം, ഇതൊന്നും മുറബ്ബിയായ ശൈഘിന്‍റെ നിബന്ധനയല്ല. അദ്ദേഹത്തിന്‍റെ സദസ്സിലിരിക്കുന്നവര്‍, അറുത്ത കോഴി പിടക്കുന്നത് പോലെ പിടക്കുന്നുണ്ടോ എന്നും നോക്കേണ്ടതില്ല. ഇതൊരു മാനസിക വിദ്യയാണ്. തഖ്വയില്ലാത്തവര്‍ക്കെന്നല്ല, അമുസ്ലിംകള്‍ക്ക് പോലും ചെറിയ പരിശീലനത്തിലൂടെ ഇത് നേടിയെടുക്കാന്‍ കഴിയും. (തഅ്ലീമുദ്ദീന്‍)
ചുരുക്കത്തില്‍, മാനസിക ശുദ്ധീകരണത്തിന് തസ്വവ്വുഫ് എന്ന ചികിത്സ ആവശ്യമാണ്. എന്നാല്‍, ചികിത്സയ്ക്ക് യഥാര്‍ത്ഥ വൈദ്യനെ കണ്ടെത്താതെ വ്യാജ ഡോക്ടറെയും മുറി വൈദ്യനെയും സമീപിക്കുന്നത് മഹാ അപകടമാണ്. അവസാനമായി, സൂഫി ലോകത്തെ ഉന്നതനായ നായകന്‍, ആരിഫ് ജലാലുദ്ദീന്‍ റൂമിയുടെ ഏതാനും കവിതാ ശകലങ്ങള്‍ കൂടി സമര്‍പ്പിക്കുന്നു. ജനങ്ങളെ, പൈശാചിക ഗുണങ്ങളുള്ള ധാരാളം സൂഫി വേഷധാരികളുണ്ട്. അവരെ ശൈഘായി തെരഞ്ഞെടുക്കരുത്. ചിലപ്പോള്‍ കള്ളന്മാരും മഹാന്മാരുടെ വാചകക്കഷ്ണങ്ങള്‍ കട്ടെടുക്കാറുണ്ട്. സാധുക്കളെ വഞ്ചിച്ച് സ്വന്തം വയര്‍ വീര്‍പ്പിക്കലാണ് അവരുടെ ലക്ഷ്യം. (മആരിഫ്: 433)
സത്യത്തെ തിരിച്ചറിഞ്ഞ് അതിനെ മുറുകെ പിടിക്കാനും അസത്യത്തെ മനസ്സിലാക്കി അത് വര്‍ജ്ജിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.! കഴിവിന്‍റെ പരമാവധി തിന്മ തിരുത്തല്‍ മാത്രമാണ് ഇതിന്‍റെ ഉദ്ദേശം.! തൗഫീഖ് അരുളുന്നവന്‍ അല്ലാഹു തന്നെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

1 comment:

  1. ഇവിടെ പറഞ്ഞത പോലെത്തെ ഒരു സൂഫി ഗുരുവിനെ പരിചയപ്പെടുത്തിത്തരാമോ അവരിലേക്കെന്നെ മുട്ടിച്ച് തരാമോ

    ReplyDelete

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...