Wednesday, January 31, 2018

വിജ്ഞാനം: യഥാര്‍ത്ഥ ഉറവിടം വഹ് യ് ആണ്.! -ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി


വിജ്ഞാനം: യഥാര്‍ത്ഥ ഉറവിടം വഹ് യ് ആണ്.! 
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി  
http://swahabainfo.blogspot.com/2018/01/blog-post_76.html?spref=tw

ആധുനികയുഗത്തിലെ ഏറ്റവും വലിയ ശക്തി ഇസ് ലാമാണ്. പ്രത്യയശാസ്ത്രങ്ങളുടെ വരട്ടുവാദങ്ങള്‍ കാലചരമം പ്രാപിച്ചു തുടങ്ങിയിട്ട് നാളേറെയായി. ബൗദ്ധിക രംഗത്ത് ഏറ്റവും വലിയ ചര്‍ച്ച ഇന്ന് അല്ലാഹുവിന്‍റെ ദീനാണ്. ഖുര്‍ആന്‍ മുറുകെപിടിക്കുവോളം നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുമെന്ന അല്ലാഹുവിന്‍റെ വാഗ്ദാനം പുലരുന്നത് വിശ്വാസികള്‍ അതിന് സന്നദ്ധമാകുമ്പോഴാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ഏറ്റവും വലിയ ജിഹാദ് ഇലാഹിയായ സ്രോതസ്സുകളിലൂടെ ലഭിച്ച വിജ്ഞാനം ആഴത്തില്‍ ഗ്രഹിക്കുക എന്നതാണ്. അതിന്‍റെ ശരിയായ ഉറവിടം
വഹ് യ് ആണ്. ഉമ്മിയായ നബി എന്ന വിശേഷണത്തിലൂടെ അല്ലാഹുവിന്‍റെ റസൂലിന്‍റെ ഔന്നത്യം അറിയിക്കുന്നത് യഥാര്‍ത്ഥവിജ്ഞാനം വഹ് യിലൂടെ ലഭിക്കുന്നത് കൊണ്ടാണ്. വായിക്കുക എന്ന് പറഞ്ഞു തുടങ്ങിയ ഖുര്‍ആന്‍ വിജ്ഞാനം നേടാനാണ് കല്‍പ്പിച്ചത്. ഭൂമിയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്പാദ്യം വിജ്ഞാനമാണ്. നബിമാര്‍ക്കു ലഭിച്ച വലിയ സമ്പത്തും അതുതന്നെ. അങ്ങനെ അദ്ദേഹം (യൂസുഫ്) പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി.  (യൂസുഫ് - 22)
 ദാവൂദിനും സുലൈമാനും നാം വിജ്ഞാനം നല്‍കി  (നംല് - 15)
ഖസസ്:14, അല്‍കഹ്ഫ്: 65, അമ്പിയാ:74, 79 തുടങ്ങിയ വചനങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ സമ്പത്ത് ജ്ഞാനമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ഇസ് ലാമിന്‍െറ അടിസ്ഥാനം തന്നെ ഇല്‍മാണ്. അല്ലാഹു പറയുന്നു; ചോദിക്കുക, അറിവുളളവരും അറിവില്ലാത്തവരും സമമാകുമോ.?
ഈ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വര്‍ണ്ണിച്ചുകൊടുക്കുന്നു. എന്നാല്‍, വിജ്ഞാനികളല്ലാതെ അതു മനസ്സിലാക്കുന്നില്ല.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഒരു ഗോത്രം മുഴുവന്‍ മരിക്കുന്നതാണ് ഒരു ആലിമിന്‍റെ മരണത്തെക്കാള്‍ ലാഘവം. (ത്വബ്റാനി)
ഒരു ഹദീസില്‍ വരുന്നു: വിജ്ഞാനി ഭൂമിയില്‍ അല്ലാഹുവിന്‍റെ വിശ്വസ്തനാണ്. (ഇബ്നു അബ്ദില്‍ ബര്‍റ്)
ഒരിക്കല്‍ അവിടുന്നു പറഞ്ഞു: ഒരു പണ്ഡിതന്‍ ആയിരം ആബിദിനെക്കാള്‍ പിശാചിന് പ്രയാസമുണ്ടാക്കുന്നവനാണ്. (തിര്‍മിദി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: വിജ്ഞാനികള്‍ ധാരാളവും പ്രാസംഗികര്‍ കുറവും യാചകര്‍ കുറവും ദാനം നല്‍കുന്നവര്‍ കൂടുതലും ആയ ഒരു കാലക്രമത്തിലാണ് നിങ്ങള്‍ ഉളളത്. ഈ ഘട്ടത്തില്‍ കര്‍മ്മമാണ് അറിവിനെക്കാള്‍ ഉത്തമം. ഇനി ഇല്‍മുളളവര്‍ കുറവും പ്രാസംഗികന്മാര്‍ ധാരാളവും ദാനം നല്‍കുന്നവര്‍ കുറവും യാചകര്‍ ധാരാളവുമായ ഒരു കാലം വരും. അന്ന് അറിവാണ് കര്‍മ്മത്തെക്കാള്‍ ഉത്തമം. (ത്വബ്റാനി)
അലി (റ) പറയുന്നു: നോമ്പുകാരനും നമസ്കാരക്കാരനും യോദ്ധാവുമായ ആളെക്കാള്‍ ശ്രേഷ്ഠനാണ് ആലിം. ആലിം മരണമടഞ്ഞാല്‍ ഇസ്ലാമില്‍ ഒരു വിളളല്‍ സംഭവിക്കുന്നു. അവന്‍റെ പിന്‍ഗാമിയല്ലാതെ ആ വിളളല്‍ അടയ്ക്കുകയില്ല.
ഇമാം ഗസ്സാലി എഴുതുന്നു: മനുഷ്യന്‍ മനുഷ്യനായത് ശക്തികൊണ്ടല്ല. എന്തെന്നാല്‍, ഒട്ടകം അവനെക്കാള്‍ ശക്തിയുളള ജീവിയാണ്. വലിപ്പം കൊണ്ടുമല്ല. ആനയ്ക്ക് അവനെക്കാള്‍ വലിപ്പമുണ്ടല്ലോ.? ധീരതകൊണ്ടുമല്ല. സിംഹം അവനെക്കാള്‍ ധീരതയുളള ജന്തുവാണ്. തീറ്റ കൊണ്ടുമല്ല, കാളയ്ക്ക് അവനെക്കാള്‍  വലിയ വയറുണ്ട്. സംഭോഗം  ചെയ്യാനുളള കഴിവുകൊണ്ടുമല്ല. കാരണം, ഏറ്റവും ചെറിയ കുരുവിയാണ് ഇണ ചേരുന്നതില്‍ മനുഷ്യനെക്കാള്‍ ശക്തന്‍. എന്നാല്‍ വിജ്ഞാനം അതൊന്നുകൊണ്ടു മാത്രമാണ്  
മനുഷ്യന് പ്രത്യേകതയുണ്ടായത്.  (ഇഹ് യാ ഉലൂമിദ്ദീന്‍)
ഇബ്നു മസ്ഊദ് (റ) പറയുന്നു: ഇല്‍മ് ലോകത്തു നിന്നും ഉയര്‍ത്തുന്നതിന് മുമ്പു തന്നെ നിങ്ങള്‍ അത് പഠിച്ചുകൊളളുക. അത് ഉയര്‍ത്തപ്പെടുന്നത് അതിന്‍റെ ആളുകള്‍ നാടു നീങ്ങുന്നതിലൂടെയാണ്. എന്‍റെ ആത്മാവ് ആരുടെ കൈവശമാണോ അവനെ തന്നെ സത്യം, രക്തസാക്ഷികളായി വധിക്കപ്പെട്ടവര്‍ വിജ്ഞാനിയുടെ മാന്യസ്ഥാനം കാണുമ്പോള്‍ തങ്ങളെ വിജ്ഞാനികളായി അല്ലാഹു പുനര്‍ജീവിപ്പിക്കാന്‍ അവര്‍ കൊതിക്കും. ആരും തന്നെ വിജ്ഞാനിയായിട്ട് പിറക്കുന്നില്ല; വിജ്ഞാനം ലഭിക്കുന്നത് അദ്ധ്യയനം കൊണ്ടത്രെ.! (ഇഹ് യ:)
ഈ വിജ്ഞാനം  അമ്പിയാഇന്‍റെ അനന്തര സ്വത്താണ്. അതുകൊണ്ടുതന്നെ നബവീ വിജ്ഞാനം നേടിയവരുടെ പ്രവര്‍ത്തന മേഖല നബിമാരുടെ പ്രവര്‍ത്തന മേഖലയാണ്. പ്രവാചകന്മാരും മുത്തുനബിയും ദീനിന്‍റെ ഒരു ഭാഗത്തു മാത്രം പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്തിയില്ല. അല്ലാഹുവിനെയല്ലാതെ ആരെയും ഭയപ്പെട്ടില്ല. ആരുടെ മുന്നിലും തങ്ങളെ പണയപ്പെടുത്തിയുമില്ല.
തിരുനബിയിലേക്ക് നോക്കുക. അവിടുന്ന് ദാറുല്‍ അര്‍ഖമിലെയും, മസ്ജിദുന്നബവിയിലെയും മറ്റും മുഅല്ലിമും മുദര്‍രിസുമാണ്. മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ഇമാമാണ്. മസ്ജിദു ഖുബാഇലെയും, മസ്ജിദുന്നബവിയിലെയും ഖത്വീബാണ്. ബദ്റിലും ഖന്‍ദഖിലും സൈന്യാധിപനാണ്. ഉഹ്ദിലും ഹുനൈനിലും പടനായകനാണ്. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ അധിപനും, ഖാദിയുമാണ്. അറഫയിലെയും മിനായിലെയും പൊതു പ്രഭാഷകനാണ്. മക്കയിലെയും മദീനയിലും മറ്റ് ദേശങ്ങളിലും ദാഇയാണ്. തന്‍റെ അനുയായികളുടെ മുസക്കിയാണ്. 
ഇസ്ലാമിന്‍റെ ശത്രുക്കളുടെയും വേദഗ്രന്ഥത്തെ വികൃതമാക്കിയവരുടെയും പേടിസ്വപ്നമാണ്. അവിടുന്നു നന്മ കല്‍പിച്ചു. തിന്മ വിരോധിച്ചു. രാജാക്കന്മാരെയും നേതാക്കന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശമെത്തിച്ചു. ഇതര മതവിഭാഗങ്ങളുമായി സംവദിച്ചു. സമുദായ നന്‍മക്ക് വേണ്ടി സന്ധിയിലും കരാറിലും ഒപ്പിട്ടു. അഗതികള്‍ക്കും അനാഥകള്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായി. കളളപ്രവാചകവാദിയെയും കപട വിശ്വാസികളെയും കൈകാര്യം ചെയ്തു. ജാഹിലിയത്തിനും പൈശാചികത്വത്തിനുമെതിരില്‍ പോരാടി. അന്നത്തെ ഏറ്റവും വലിയ മീഡിയയായ സാഹിത്യകാരുടെയും കവികളുടെയും ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ സമൂഹത്തെ സജ്ജമാക്കി. പരിധിലംഘിക്കാത്ത കലയും, സാഹിത്യവും പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ ദീനിന്‍റെ ഇഖാമത്തിന് വേണ്ടിയുളള എല്ലാ മാര്‍ഗ്ഗങ്ങളിലും മുന്നണിപ്പോരാളിയായി.
ഇത്  തന്നെയാണ് ഈ ഉമ്മത്തിലെ പൂര്‍വകാല പണ്ഡിതന്‍മാരുടെ മാതൃകയും  അവരുടെ മാര്‍ഗ്ഗവും. കാരണം ഖുര്‍ആന്‍ പ്രവാചക (സ്വല്ലല്ലാഹു അലൈഹിവസല്ലം) ന്‍റെ മുഅ്ജിസത്തായതു പോലെ ഉലമാഉം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മുഅ്ജിസത്താണ്. ഇസ്ലാമിന്‍റെ നിലനില്‍പ്പിനുളള രണ്ട് അടിസ്ഥാന ഘടകങ്ങളാണ് വഹ് യിന്‍റെ ഇല്‍മും അതിന്‍റെ വാഹകരും. പതിനാല് നൂറ്റാണ്ടുകളുടെ ഇസ് ലാമിക ചരിത്രത്താളുകള്‍ മറിച്ചാല്‍ ഓരോ പ്രദേശത്തും ഓരോ നൂറ്റാണ്ടിലും വളരെ വ്യക്തമായി ഇത് ദര്‍ശിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇന്നും ഉലമാഇന്‍റെ മാര്‍ഗ്ഗം ഇത് തന്നെയാകണം. പകരം, പണ്ഡിതന്മാരെ മൗനികളാക്കുന്നതും ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതും ഉലമാഇനെ ശണ്ഡീകരിക്കലാണ്. അതാണ് ഇസ് ലാമിന്‍റെ ശത്രുക്കള്‍ ആഗ്രഹിക്കുന്നതും. അതു തിരിച്ചറിയാന്‍ സമുദായത്തിനും ഉലമാഇനും കഴിയേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് ഇസ് ലാമിന്‍റെ നിലനില്‍പ്പിനാധാരം.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

തസ്വവ്വുഫുമായി ബന്ധപ്പെടുക.! വ്യാജന്മാരെ സൂക്ഷിക്കുക.! -മര്‍ഹൂം ഇബ്റാഹീം മൗലാനാ ബാഖവി ചന്തിരൂര്‍


തസ്വവ്വുഫുമായി ബന്ധപ്പെടുക.! 
വ്യാജന്മാരെ സൂക്ഷിക്കുക.! 
-മര്‍ഹൂം ഇബ്റാഹീം മൗലാനാ ബാഖവി ചന്തിരൂര്‍ 
http://swahabainfo.blogspot.com/2018/01/blog-post_50.html?spref=tw

മനുഷ്യ വംശത്തിന്‍റെ ഇഹപര വിജയങ്ങള്‍ക്കായി അല്ലാഹു കനിഞ്ഞരുളിയ മഹത്തായ മാര്‍ഗ്ഗദര്‍ശനമാണ്
പരിശുദ്ധ ഇസ് ലാം. വിശുദ്ധരായ നബിവര്യന്മാരിലൂടെ അദ്ധ്യാപനം ചെയ്ത ഇസ് ലാമിനെ അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലൂടെ അല്ലാഹു പൂര്‍ത്തീകരിച്ചു. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പുണ്യ പാതയിലൂടെ സഞ്ചരിക്കുക മാത്രമാണ് ലോകാവസാനം വരെയുള്ള എല്ലാവരുടെയും  ഏക രക്ഷാമാര്‍ഗ്ഗം. അതുകൊണ്ട് ലോകത്തുള്ള മനുഷ്യരെല്ലാം ഈ വഴിയിലൂടെ നീങ്ങണമെന്ന് തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അതിയായി ആഗ്രഹിച്ചിരുന്നു.
എന്നാല്‍ മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവായ പിശാചിന്‍റെ ആഗ്രഹം ആരും ഇസ് ലാമില്‍ കടക്കരുത്, കടന്നവര്‍ തന്നെ പുറത്തേക്ക് വരണം എന്നാണ്. ഇതിന് അവന്‍ ധാരാളം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതില്‍ ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ആയുധമാണ് വ്യാജന്മാരായ ശൈഘ്-സിദ്ധന്മാര്‍.
പരിശുദ്ധമായ തസ്വവ്വുഫിന്‍റെ (ഹൃദയശുദ്ധി) മേല്‍വിലാസത്തിലാണ് ഇവര്‍ സാധുക്കള്‍ക്കിടയിലേക്ക് നുഴഞ്ഞ് കയറുന്നത്. എന്നാല്‍ തസ്വവ്വുഫുമായി ഇക്കൂട്ടര്‍ക്ക് യാതൊരു ബന്ധവുമില്ല. മഹത്തായ തസ്വവ്വുഫും മഹാന്മാരായ സൂഫികളും ഇവര്‍ കാട്ടിക്കൂട്ടുന്ന ശിര്‍ക്ക്-ബിദ്അത്തുകളില്‍ നിന്നും തീര്‍ത്തും നിരപരാധികളാണ്.
സയ്യിദുത്വാഇഫ ശൈഘ് ജുനൈദുല്‍ ബഗ്ദാദി (റഹ്) വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു: അല്ലാഹുവിന്‍റെ കിതാബിലെ വലത് കൈയ്യിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സുന്നത്തിനെ ഇടത് കൈയ്യിലും മുറുകെ പിടിക്കുകയും ആ രണ്ട് വിളക്കുകളുടെയും വെളിച്ചത്തില്‍ മുന്നോട്ട് നീങ്ങുന്നവനും മാത്രമേ തസ്വവ്വുഫിന്‍റെ മഹത്ഗുണങ്ങള്‍ നേടിയെടുക്കാനും ബിദ്അത്തിന്‍റെ ഇരുളില്‍ വീഴാതിരിക്കാനും സാധിക്കുകയുള്ളൂ. 
ശൈഘുല്‍ മശാഇഘ് സഹ്ല്‍ തസ്തരി (റഹ്) പ്രസ്താവിക്കുന്നു:
ഞങ്ങള്‍ (സൂഫികള്‍) ക്ക് ഏഴ് തത്വങ്ങളാണുള്ളത്. 
1. ഖുര്‍ആന്‍ അനുസരിക്കുക. 
2. സുന്നത്ത് അനുകരിക്കുക. 
3. അനുവദനീയമായത് ഭക്ഷിക്കുക. 
4. സ്വന്തം കാര്യത്തിന് ആരെയും ഉപദ്രവിക്കാതിരിക്കുക. 
5. പാപങ്ങള്‍ വര്‍ജ്ജിക്കുക. 
6. തൗബ നിരന്തരമാക്കുക. 
7. ഓരോരുത്തരോടുമുള്ള കടമകള്‍ നിര്‍വ്വഹിക്കുക. (അത്താജുല്‍ മുകല്ലല്‍)
സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റഹ്) പ്രസ്താവിക്കുന്നു: ജനങ്ങളെ, നിങ്ങളിലാരെങ്കിലും  റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ചര്യയെ അനുകരിച്ചില്ലെങ്കില്‍, അവന്  റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശുപാര്‍ശ ലഭിക്കുന്നതല്ല. (താരീഖ് അജ്മീര്‍)
മഹാനായ സയ്യിദ് അഷ്റഫി സിംനാനി (റഹ്) പറയുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ വാക്കിലും കര്‍മ്മത്തിലും വിശ്വാസത്തിലും പിന്‍പറ്റുക എന്നത് വലിയ്യിന്‍റെ പ്രധാന നിബന്ധനയാണ്. (ലത്വാഇഫ് അഷ്റഫി)
തസ്വവ്വുഫിന്‍റെ ആധികാരിക വക്താവായ അല്ലാമാ സഅ്ദി ശീറാസി (റഹ്) പ്രഖ്യാപിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അനുകരിക്കാതെ സത്യസരണിയിലൂടെ സഞ്ചരിക്കാമെന്ന കാര്യം അസാധ്യമാണ്. (കുല്ലിയ്യാത്ത് സഅ്ദി)
ചുരുക്കത്തില്‍, ഖുര്‍ആനും സുന്നത്തും ഫിഖ്ഹും പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്തവരൊന്നും സൂഫികളല്ല. നിര്‍ബന്ധമായ ഫര്‍ളുകളും സ്ഥിരപ്പെട്ട സുന്നത്തുകളും പാലിക്കാതെ സ്വയനിര്‍മ്മിതികളായ കാര്യങ്ങളുമായി പൈശാചിക കേന്ദ്രവും തുറന്നിരിക്കുന്നവര്‍ക്ക് തസ്വവ്വുഫുമായി യാതൊരു ബന്ധവുമില്ല. സത്യത്തില്‍ ഉറച്ച് നിന്ന് മരിക്കണമെന്നാഗ്രഹിക്കുന്നവര്‍, ഇത്തരക്കാരില്‍ നിന്നും അകന്ന് കഴിയേണ്ടതാണ്.
ഇസ്ലാമിന്‍റെ പ്രധാനപ്പെട്ട ഒരു ശാഖയായ തസ്വവ്വുഫുമായി ബന്ധപ്പെടരുത് എന്നല്ല, ഇപ്പറഞ്ഞ കാര്യങ്ങളുടെ വിവക്ഷ. മനസ്സില്‍ നിന്നും ദുര്‍ഗുണങ്ങള്‍ പിഴുത് മാറ്റാനും സല്‍ഗുണങ്ങള്‍ നട്ടുപിടിപ്പിച്ച് വളര്‍ത്താനും പര്യാപ്തമായ ഇസ്ലാമിക തസ്വവ്വുഫിനെ ആര്‍ക്കെതിര്‍ക്കാന്‍ കഴിയും.? വിശിഷ്യാ, മനോഛകളും പൈശാചിക പ്രേരണകളും പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തസ്വവ്വുഫുമായി ബന്ധപ്പെടല്‍ വളരെ ആവശ്യമാണ്. അല്ലാഹുവിന്‍റെ ഔലിയാഇനെയും പിശാചിന്‍റെ ഔലിയാക്കളെയും തിരിച്ചറിഞ്ഞ് രണ്ടാമത്തെ കൂട്ടരെ തള്ളുകയും ഒന്നാമത്തെ കൂട്ടരെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യണമെന്ന് ഉണര്‍ത്തലാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശം. ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. മാനസിക സംസ്കരണത്തിന് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയില്‍ എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് മഹാന്മാരായ സൂഫിവര്യന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാമാ അഷ്റഫ് അലി ത്ഥാനവി (റഹ്) ഇപ്രകാരം വിവരിക്കുന്നു:
1. ആവശ്യാനുസൃതം ശറഇയ്യായ അറിവുണ്ടായിരിക്കുക. 
2. വിശ്വാസവും സ്വഭാവ കര്‍മ്മങ്ങളും ശരീഅത്തിന് അനുസൃതമായിരിക്കുക. 
3. ഭൗതിക വിരക്തിയും പരലോക ചിന്തയും പുലര്‍ത്തുക.  രഹസ്യമായതും പരസ്യമായതുമായ ഇബാദത്തുകള്‍ അനുഷ്ഠിക്കുക. 
4. താന്‍ സര്‍വ്വ സമ്പൂര്‍ണ്ണനാണെന്ന് വാദിക്കാതിരിക്കുക. 
5. മഹാന്മാരുമായി ബന്ധപ്പെടുകയും അവരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരിക്കുക. 
6. ശിഷ്യരുടെ അവസ്ഥകള്‍ ശ്രദ്ധിക്കുക. അവരുടെ നന്മകളെ പ്രോത്സാഹിപ്പിക്കുകയും തിന്മകളെ തടയുകയും ചെയ്യുക. 
7. അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ അധികവും ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നവരായിരിക്കുക. 
8. അക്കാലത്തുള്ള നിഷ്പക്ഷരായ ഉലമാ-മശാഇഖുകള്‍ അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുക. 
9. സാധാരണക്കാരെക്കാള്‍ കൂടുതലായി വിവരവും ദീനീ ജീവിതവുമുള്ളവര്‍ അദ്ദേഹവുമായി ബന്ധപ്പെടുക. 
10. അദ്ദേഹത്തിനരികില്‍ ഏതാനും പ്രാവശ്യം ഇരുന്നാല്‍ ഭൗതിക സ്നേഹത്തില്‍ കുറവും ഇലാഹീ സ്നേഹത്തില്‍ വര്‍ദ്ധനവും അനുഭവപ്പെടുക. 
11. സ്വയം ദിക്ര്‍-ഔറാദുകള്‍ പതിവാക്കിയിരിക്കുക. 
12. രോഗങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയും ചികിത്സ ഫലവത്താകുകയും ചെയ്യുക. 
ആര്‍ക്കെങ്കിലും ഈ അടയാളങ്ങള്‍ കാണപ്പെട്ടാല്‍ അവരുമായി ബന്ധം സ്ഥാപിക്കുക. അദ്ദേഹത്തില്‍ നിന്നും കശ്ഫ്-തസര്‍റുഫാത്തുകള്‍ ഉണ്ടാകുന്നുണ്ടോ, അദ്ദേഹം ദുആ ചെയ്യുന്നതെല്ലാം സ്വീകരിക്കപ്പെടുന്നുണ്ടോ എന്ന് നോക്കേണ്ടതില്ല. കാരണം, ഇതൊന്നും മുറബ്ബിയായ ശൈഘിന്‍റെ നിബന്ധനയല്ല. അദ്ദേഹത്തിന്‍റെ സദസ്സിലിരിക്കുന്നവര്‍, അറുത്ത കോഴി പിടക്കുന്നത് പോലെ പിടക്കുന്നുണ്ടോ എന്നും നോക്കേണ്ടതില്ല. ഇതൊരു മാനസിക വിദ്യയാണ്. തഖ്വയില്ലാത്തവര്‍ക്കെന്നല്ല, അമുസ്ലിംകള്‍ക്ക് പോലും ചെറിയ പരിശീലനത്തിലൂടെ ഇത് നേടിയെടുക്കാന്‍ കഴിയും. (തഅ്ലീമുദ്ദീന്‍)
ചുരുക്കത്തില്‍, മാനസിക ശുദ്ധീകരണത്തിന് തസ്വവ്വുഫ് എന്ന ചികിത്സ ആവശ്യമാണ്. എന്നാല്‍, ചികിത്സയ്ക്ക് യഥാര്‍ത്ഥ വൈദ്യനെ കണ്ടെത്താതെ വ്യാജ ഡോക്ടറെയും മുറി വൈദ്യനെയും സമീപിക്കുന്നത് മഹാ അപകടമാണ്. അവസാനമായി, സൂഫി ലോകത്തെ ഉന്നതനായ നായകന്‍, ആരിഫ് ജലാലുദ്ദീന്‍ റൂമിയുടെ ഏതാനും കവിതാ ശകലങ്ങള്‍ കൂടി സമര്‍പ്പിക്കുന്നു. ജനങ്ങളെ, പൈശാചിക ഗുണങ്ങളുള്ള ധാരാളം സൂഫി വേഷധാരികളുണ്ട്. അവരെ ശൈഘായി തെരഞ്ഞെടുക്കരുത്. ചിലപ്പോള്‍ കള്ളന്മാരും മഹാന്മാരുടെ വാചകക്കഷ്ണങ്ങള്‍ കട്ടെടുക്കാറുണ്ട്. സാധുക്കളെ വഞ്ചിച്ച് സ്വന്തം വയര്‍ വീര്‍പ്പിക്കലാണ് അവരുടെ ലക്ഷ്യം. (മആരിഫ്: 433)
സത്യത്തെ തിരിച്ചറിഞ്ഞ് അതിനെ മുറുകെ പിടിക്കാനും അസത്യത്തെ മനസ്സിലാക്കി അത് വര്‍ജ്ജിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.! കഴിവിന്‍റെ പരമാവധി തിന്മ തിരുത്തല്‍ മാത്രമാണ് ഇതിന്‍റെ ഉദ്ദേശം.! തൗഫീഖ് അരുളുന്നവന്‍ അല്ലാഹു തന്നെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

ഗ്രഹണ നമസ്കാരം.! -മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഗ്രഹണ നമസ്കാരം.! 
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/01/blog-post_71.html?spref=tw

അല്ലാഹുവിന്‍റെ അജയ്യമായ കഴിവിന്‍റെയും മഹത്വത്തിന്‍റെയും അടയാളമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസങ്ങളാണ് സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്‍റെ മുന്നില്‍ വിനയം കാണിച്ചും അവനെ സ്മരിച്ചും അവന്‍റെ കാരുണ്യം ചോദിച്ചും കഴിയേണ്ടത് അടിമയുടെ ബാധ്യതയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിത കാലത്ത് ഒന്നര വയസ്സുള്ള മകന്‍ ഇബ്റാഹീം മരണപ്പെട്ട ദിവസം സൂര്യഗ്രഹണം സംഭവിച്ചു. ഉന്നത വ്യക്തിത്വങ്ങള്‍ മരണപ്പെടുമ്പോള്‍ സൂര്യന് ഗ്രഹണം ബാധിക്കുമെന്നും ദുഃഖ സൂചകമായി അത് കറുത്ത ആവരണം ധരിച്ചുനില്‍ക്കുകയാണെന്നും ജാഹിലിയ്യ കാലത്തെ അറബികള്‍ ധരിച്ചിരുന്നു. നബി കുടുംബത്തോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ഇത്തരം തെറ്റായ വിശ്വാസങ്ങള്‍ ശക്തമായി രംഗത്തെത്താന്‍ സാധ്യത ഉണ്ടായിരുന്നു. ചില രിവായത്തുകളില്‍ അങ്ങനെ ചിലര്‍ പറഞ്ഞതായും വരുന്നുണ്ട്. എന്നാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വളരെ ഭയ-ഭക്തിയോടെ രണ്ടു റക്അത്ത് നമസ്കാരം ജമാഅത്തായി നമസ്കരിച്ചു. നമസ്കാരത്തിന്‍റെ രൂപം സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്ഥമായിരുന്നു. ദീര്‍ഘ നേരം ഖുര്‍ആന്‍ പാരായണം ചെയ്തു. ഇടയ്ക്ക് റുകൂഅ് നിര്‍വ്വഹിച്ച് വീണ്ടും എഴുന്നേറ്റ് ഖുര്‍ആന്‍ പാരായണം ചെയ്തു. റുകൂഉം സുജൂദും വളരെ നീണ്ടതായിരുന്നു. നമസ്കാരത്തിനിടയില്‍ പ്രാധാന്യത്തോടെ ദുആയും ചെയ്തു. നമസ്കാര ശേഷം നടത്തിയ ഖുത്വുബയില്‍ തെറ്റായ വിശ്വാസങ്ങളെ തിരുത്തിക്കൊണ്ട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഒരാളുടെയും മരണത്തിന്‍റെ പേരില്‍ സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. അടിസ്ഥാനമില്ലാത്ത ജാഹിലിയ്യ വിശ്വാസമാണത്. അല്ലാഹുവിന്‍റെ കഴിവിന്‍റെയും മഹത്വത്തിന്‍റെയും ദൃഷ്ടാന്തമായിട്ടാണ് സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ വിനയത്തോടെ അല്ലാഹുവിനെ ഇബാദത്ത് ചെയ്യുകയും ദുആ ഇരക്കുകയും ചെയ്യുക.
ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. തിരുദൂതര്‍ ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു. പ്രസ്തുത നമസ്കാരത്തിലെ നിറുത്തത്തെ തങ്ങള്‍ വളരെ ദീര്‍ഘിപ്പിച്ചു. ശേഷം റുകൂഅ് ചെയ്തു. റുകൂഅ് ദീര്‍ഘിപ്പിച്ചു. വീണ്ടും എഴുന്നേറ്റു. അപ്പോഴും നിറുത്തത്തെ ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഈ നിറുത്തം ആദ്യത്തെതിനെ അപേക്ഷിച്ച് അല്‍പ്പം ചുരുങ്ങിയതായിരുന്നു. ശേഷം റുകൂഅ് ചെയ്തു. റുകൂഉം ദീര്‍ഘിപ്പിച്ചു. ആദ്യത്തെ റുകൂഇനെ അപേക്ഷിച്ച് ഇത് അല്‍പം ചുരുങ്ങിയതായിരുന്നു. ശേഷം സുജൂദ് ചെയ്തു. സുജൂദും ദീര്‍ഘിപ്പിച്ചു. തുടര്‍ന്ന് ആദ്യത്തെ റക്അത്തിനെ പോലെ തന്നെ രണ്ടാമത്തെ റക്അത്തും നിര്‍വ്വഹിച്ചു. അപ്രകാരം നമസ്കാരം പൂര്‍ത്തീകരിച്ചു. അപ്പോള്‍ ഗ്രഹണം അവസാനിച്ച്, സൂര്യന്‍ സാധാരണ രീതിയില്‍ ആയിത്തീര്‍ന്നിരുന്നു. ശേഷം ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഖുത്വുബ നടത്തി. അല്ലാഹുവിനെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്ത ശേഷം അരുളി: നിശ്ചയം സൂര്യ-ചന്ദ്രാദികള്‍ അല്ലാഹുവിന്‍റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരുടെയും ജനന-മരണങ്ങളുടെ പേരില്‍ അവകള്‍ക്ക് ഗ്രഹണം ബാധിക്കുന്നതല്ല. ഇപ്രകാരം നിങ്ങള്‍ കണ്ടാല്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും നമസ്കാരം, ദുആ, ദാനധര്‍മ്മം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്യുക. ശേഷം അരുളി: ഓ മുഹമ്മദീ സമുദായമേ, ഒരു ആണോ പെണ്ണോ പാപം പ്രവര്‍ത്തിക്കുമ്പോള്‍ അല്ലാഹുവിനേക്കാള്‍ രോഷാകുലനാകുന്നതായിട്ട് മറ്റാരുമില്ല. ഓ മുഹമ്മദീ സമുദായമേ, അല്ലാഹുവില്‍ സത്യം.! ഞാനറിയുന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ച് മാത്രം ചിരിക്കുകയും അധികമായി കരയുകയും ചെയ്യുമായിരുന്നു. ശേഷം അരുളി: അറിയുക.! ഞാന്‍ നിങ്ങള്‍ക്ക് (എത്തിച്ച് തരേണ്ട മുഴുവന്‍ കാര്യങ്ങളും) എത്തിച്ച് തന്നില്ലേ.? (ഞാന്‍ എന്‍റെ നിര്‍ബന്ധ ബാധ്യത പൂര്‍ത്തീകരിച്ചു.) (ബുഖാരി-മുസ്ലിം)
ഇരുപതിലധികം സ്വഹാബാക്കളില്‍ നിന്നും ഗ്രഹണ നമസ്കാരവുമായി ബന്ധപ്പെട്ട ഹദീസുകള്‍ വ്യത്യസ്ത രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിചാരിതമായ സംഭവമായതിനാലാണ് രിവായത്തുകള്‍ വ്യത്യസ്തമായത്. പ്രസ്തുത സംഭവത്തിന് മുമ്പ് സ്വഹാബത്ത് ഗ്രഹണ നമസ്കാരം നിര്‍വ്വഹിച്ചിരുന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഗ്രഹണ നമസ്കാരം നിര്‍വ്വഹിച്ചത്. അതായത് തിരുദൂതരുടെ വഫാത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രിയമകന്‍ ഇബ്റാഹീം മരണപ്പെട്ട ദിവസം.! 
ചന്ദ്രന് ഗ്രഹണം ബാധിച്ചാലും നമസ്കരിക്കണമെന്ന് മേല്‍ വിവരിച്ച ഹദീസില്‍ നിന്നും മനസ്സിലാകുന്നുണ്ട്. സംഘടിത നമസ്കാരം ചുരുക്കി നമസ്കരിക്കേണ്ടതാണെങ്കില്‍ പോലും ഗ്രഹണ നമസ്കാരം ദീര്‍ഘിപ്പിക്കേണ്ടതാണ് എന്നുള്ളതാണ് ഗ്രഹണ നമസ്കാരത്തിന്‍റെ ഒരു പ്രത്യേകത.!
ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആദ്യ റക്അത്തില്‍ സൂറത്തുല്‍ ബഖറയും രണ്ടാമത്തെ റക്അത്തില്‍ സൂറത്ത് ആലു ഇംറാനും (ഏകദേശം നാല് ജുസ്അ്) ഓതിയതായാണ് എന്‍റെ അനുമാനം. അല്ലാഹുവിനെ അധികമായി വാഴ്ത്തുകയും പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്ത് കൈ ഉയര്‍ത്തി ദുആ ഇരന്നു എന്നുള്ളതും ഒരു റക്അത്തില്‍ തന്നെ രണ്ടു പ്രാവശ്യം വീതം നിറുത്തവും റുകൂഉം നിര്‍വ്വഹിച്ചു എന്നുള്ളതുമാണ് ഗ്രഹണ നമസ്കാരത്തിന്‍റെ മറ്റൊരു പ്രത്യേകത.!
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നമസ്കാരത്തിനിടയ്ക്ക് ആഗ്രഹ-ആവേശത്തോടെ കൈ നീട്ടി മുന്നോട്ട് ഗമിക്കുകയും ചില വേള ഭയപ്പെട്ട് കൊണ്ട് പിന്നോട്ട് നീങ്ങുകയും ചെയ്തു. അതിനെ സംബന്ധിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സ്വര്‍ഗ്ഗ-നരകങ്ങള്‍ എനിക്ക് കാണിക്കപ്പെട്ടു. സ്വര്‍ഗ്ഗീയ അവസ്ഥകള്‍ കണ്ട് അതിലേക്ക് ആകൃഷ്ടനായി മുന്നോട്ട് നീങ്ങിയതാണ്. നരകത്തെ കാണിക്കപ്പെട്ടപ്പോള്‍ അതിലെ ഭീകരാവസ്ഥകള്‍ കണ്ട് ഭയന്ന് പിന്നോട്ട് മാറിയതാണ്.
ഖബീസ്വത്തുല്‍ ഹിലാലി (റ) പറയുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലഘട്ടത്തില്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുദൂതര്‍ വളരെ പരിഭ്രാന്തരായി പുറത്തേക്ക് വന്നു. (പരിഭ്രാന്തത നിമിത്തം മേല്‍വസ്ത്രം ശരിക്ക് പുതയ്ക്കാന്‍ കഴിയാതെ) വസ്ത്രം നിലത്ത് ഇഴയുന്നുണ്ടായിരുന്നു. ഞാന്‍ അന്നേ ദിവസം മദീനയില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം ഉണ്ടായിരുന്നു. തിരുദൂതര്‍ ദീര്‍ഘ നേരം ഖിയാമില്‍ കഴിഞ്ഞുകൂടിക്കൊണ്ട് രണ്ട് റക്അത്ത് നമസ്കരിച്ചു. അത് അവസാനിക്കുമ്പോള്‍ സൂര്യന്‍ (ഗ്രഹണം മാറി) തെളിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ (ജനങ്ങളെ സംബോധന ചെയ്തുകൊണ്ട്) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിശ്ചയമായും ഇവ ചില ദൃഷ്ടാന്തങ്ങള്‍ മാത്രമാണ്. ജനങ്ങളുടെ മനസ്സില്‍ അല്ലാഹുവിനെ സംബന്ധിച്ചുള്ള ഭയം ഉണ്ടാക്കിയെടുക്കുക (അങ്ങനെ ജനങ്ങള്‍ പാപങ്ങള്‍ ഉപേക്ഷിക്കുക) എന്നതാണതിന്‍റെ ലക്ഷ്യം. അതിനെ നിങ്ങള്‍ കണ്ടാല്‍ തൊട്ട് മുമ്പ് നിര്‍വ്വഹിച്ച ഫര്‍ള് നമസ്കാരത്തെ പോലെ നിങ്ങള്‍ നമസ്കരിക്കുക. (അതായത്, സുബ്ഹ് നമസ്കാരം പോലെ രണ്ട് റക്അത്ത് ഗ്രഹണ സമയത്തും നിര്‍വ്വഹിക്കുക. (അബൂദാവൂദ്, നസാഈ)
🔚🔚🔚🔚🔚🔚🔚🔚
ചന്ദ്രഗ്രഹണം, 2018 ജനുവരി 31 ബുധനാഴ്ച വൈകിട്ട് 06-11 ന് ആരംഭിക്കുന്നതാണ്. 7-37 വരെ അത് നീണ്ടുനില്‍ക്കും. 
 ഗ്രഹണ സമയങ്ങളില്‍ നമസ്കാരം, ദുആ, ഇസ്തിഗ്ഫാര്‍, ദാന-ധര്‍മ്മങ്ങളിലായി കഴിയുക. പ്രത്യേകിച്ച് സര്‍വ്വ വിധ പാപങ്ങളില്‍ നിന്നും അകന്ന് കഴിയുക. സ്ത്രീകളും വീടുകളില്‍ ഇപ്രകാരം കഴിഞ്ഞുകൂടുക. 

സൂര്യ-ചന്ദ്ര ഗ്രഹണ നമസ്കാരങ്ങള്‍ : മദ്ഹബുകളുടെ വീക്ഷണങ്ങള്‍.! 

ശാഫിഈ മദ്ഹബിന്‍റെ വീക്ഷണം: 
സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ രണ്ട് റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. ഗ്രഹണ നമസ്കാരത്തിന്‍റെ ഓരോ റക്അത്തിലും രണ്ട് നിര്‍ത്തവും രണ്ട് റുകൂഉം ഉണ്ട്. ചന്ദ്ര ഗ്രഹണ നമസ്കാരത്തില്‍ ഉറക്കെയും സൂര്യ ഗ്രഹണ നമസ്കാരത്തില്‍ പതുക്കെയുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. ഈ രണ്ട് നമസ്കാരങ്ങളിലും ദീര്‍ഘനേരം നിന്ന് കൊണ്ട് ഖുര്‍ആന്‍ ഓതലും റുകൂഅ് സുജൂദുകളില്‍ ദീര്‍ഘനേരം തസ്ബീഹുകള്‍ പറയലും സുന്നത്താണ്. പെരുന്നാള്‍ നമസ്കാരങ്ങളിലുള്ളത് പോലെ തന്നെ ഇമാം ഗ്രഹണ നമസ്കാരത്തിന് ശേഷം ഖുത്വുബ നിര്‍വ്വഹിക്കേണ്ടതാണ്.

ഹനഫി മദ്ഹബിന്‍റെ വീക്ഷണം: 
ചന്ദ്രഗ്രഹണ നമസ്കാരത്തില്‍ ജമാഅത്തായുള്ള നമസ്കാരം സുന്നത്തില്ല. ചന്ദ്രഗ്രഹണമുണ്ടാകുമ്പോള്‍ ജമാഅത്തില്ലാതെ ജനങ്ങള്‍ ഒറ്റയ്ക്കാണ് നമസ്കരിക്കേണ്ടത്.
സൂര്യ ഗ്രഹണം സംഭവിച്ചാല്‍ ജമാഅത്തായി രണ്ടോ നാലോ റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...